ആ മോഹം സഫലമായി!

ഹുസൈന്‍ സലഫി

2021 ജനുവരി 08, 1442 ജുമാദൽ ആഖിർ 05

(മുഹമ്മദ് നബി ﷺ : 54)

സത്യവിശ്വാസികളുടെ മനസ്സുകളില്‍ അല്ലാഹു സമാധാനവും ശാന്തിയും ഇട്ടുകൊടുത്തു. അതുമുഖേന അവരുടെ വിശ്വാസം വര്‍ധിക്കുകയും ചെയ്തു. എല്ലാറ്റിനും പുറമെ, അല്ലാഹു അവരെ സ്വര്‍ഗ പ്രവേശനത്തിന് അര്‍ഹരാക്കുകയും അവരുടെ പാപങ്ങള്‍ മാപ്പാക്കുകയും ചെയ്തു. ഹുദയ്ബിയ സന്ധി മുഖേന നബി ﷺ ക്ക് അല്ലാഹു നല്‍കിയ നാല് അനുഗ്രഹങ്ങളെ പറ്റി സൂറതുല്‍ ഫത്ഹിലെ രണ്ട്, മൂന്ന് സൂക്തങ്ങളിലും വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കിയ നാല് അനുഗ്രഹങ്ങളെ സംബന്ധിച്ച് നാല്, അഞ്ച് സൂക്തങ്ങളിലും വിവരിക്കുകയുണ്ടായി. ശേഷം ആറാം വചനത്തില്‍ വേറൊരു വിഭാഗത്തിന് അല്ലാഹു നല്‍കിയ നാല് കാര്യങ്ങളും വിവരിക്കുന്നുണ്ട്. അത് കാണുക:

‘‘ അല്ലാഹുവെപ്പറ്റി തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്. അവരുടെ മേല്‍ തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും അവര്‍ക്കു വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം'' (ക്വുര്‍ആന്‍ 48:6).

നബി ﷺ യും അനുചരന്മാരും ഉംറ നിര്‍വഹിക്കുവാന്‍ മക്കയിലേക്ക് പോകാന്‍ തയ്യാറായപ്പോള്‍ ചിലയാളുകള്‍ അതില്‍നിന്നും മാറിനിന്നു. വിശ്വാസികളുടെ നീക്കത്തെ പരിഹസിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്ത് പിന്മാറിയ ഇക്കൂട്ടര്‍ കപടവിശ്വാസികളായിരുന്നു. മക്കയിലേക്ക് മുഹമ്മദിനെയും കൂട്ടരെയും പ്രവേശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചില്ലെന്നും അവരെ നിന്ദ്യരാക്കി മദീനയിലേക്കുതന്നെ തിരിച്ചയച്ചു എന്നും പ്രചരിപ്പിച്ചിരുന്ന മുശ്‌രിക്കുകളും ഉണ്ടായിരുന്നു. ഇപ്രകാരം ദുഷ്‌പ്രരണങ്ങള്‍ നടത്തിയ കപടന്മാര്‍ക്കും മുശ്‌രിക്കുകള്‍ക്കും അല്ലാഹു ശിക്ഷയൊരുക്കി. ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും അടിവേരറുത്തതായിരുന്നു ഹുദയ്ബിയ സന്ധി. അവര്‍ക്ക് അല്ലാഹുവിങ്കല്‍നിന്നുള്ള കോപവും ശാപവും ലഭിച്ചു; കൂടാതെ കത്തിയാളുന്ന നരകവും.

ഈ കാലയളവില്‍ മക്കയില്‍നിന്ന് വിശ്വാസികളായി മദീനയിലേക്ക് എത്തിയവരില്‍ പുരുഷന്മാര്‍ മാത്രമല്ല ഉണ്ടായിരുന്നത്; സ്ത്രീകളും ഉണ്ടായിരുന്നു. മുശ്‌രിക്കുകളായ ഭര്‍ത്താക്കന്മാരുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മദീനയിലേക്ക് അഭയാര്‍ഥികളായി വന്ന പല വിശ്വാസിനികളും ഉണ്ടായിരുന്നു. അപ്രകാരം മദീനയില്‍ എത്തിയ സ്ത്രീകളെ മക്കയിലേക്ക് തിരിച്ചയക്കാന്‍ നബി ﷺ കൂട്ടാക്കിയില്ല.

ആദ്യം വന്നത് ഉമ്മുകുത്സൂം(റ) ആയിരുന്നു. ക്വുറയ്ശികള്‍ അവരെ മക്കയിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു. നബി ﷺ കരാര്‍ വായിക്കാന്‍ അവരോട് കല്‍പിച്ചു. കരാറില്‍ ‘പുരുഷന്‍' എന്നാണ് എഴുതിയിരുന്നത്. അതിനാല്‍ കരാര്‍ സ്ത്രീകള്‍ക്ക് ബാധകമല്ല എന്നതായിരുന്നു നബി ﷺ യുടെ പക്ഷം. അങ്ങനെ നബി ﷺ വിശ്വാസിനികളായ അവരെ മക്കയിലേക്ക് തിരിച്ചയച്ചില്ല. അതിനെതിരില്‍ ശത്രുക്കള്‍ക്ക് ഒന്നും പറയാനും കഴിഞ്ഞില്ല.

സ്ത്രീകള്‍ പലരും മദീനയിലേക്ക് അഭയം തേടി വരാന്‍ തുടങ്ങി. ആ സന്ദര്‍ഭത്തില്‍ അല്ലാഹു വിശ്വാസികളോട് ഇപ്രകാരം കല്‍പിച്ചു:

‘‘സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ അഭയാര്‍ഥികളായിക്കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ച് നോക്കണം. അവരുടെ വിശ്വാസത്തെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട് അവര്‍ വിശ്വാസിനികളാണെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് അവര്‍ ചെലവഴിച്ചത് നിങ്ങള്‍ നല്‍കുകയും വേണം. ആ സ്ത്രീകള്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ നിങ്ങള്‍ കൊടുത്താല്‍ അവരെ നിങ്ങള്‍ വിവാഹം കഴിക്കുന്നതിന് നിങ്ങള്‍ക്ക് വിരോധമില്ല. അവിശ്വാസിനികളുമായുള്ള ബന്ധം നിങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യരുത്. നിങ്ങള്‍ ചെലവഴിച്ചതെന്തോ, അത് നിങ്ങള്‍ ചോദിച്ചുകൊള്ളുക. അവര്‍ ചെലവഴിച്ചതെന്തോ അത് അവരും ചോദിച്ചുകൊള്ളട്ടെ. അതാണ് അല്ലാഹുവിന്റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു'' (ക്വുര്‍ആന്‍ 48:10).

ഇസ്‌ലാമിലെ നീതി ഇവിടെ ദര്‍ശിക്കാന്‍ സാധിക്കും. മക്കയില്‍നിന്നും വരുന്ന എല്ലാവരെയും സ്വീകരിക്കുവാന്‍ നബി ﷺ യോ സ്വഹാബിമാരോ തയ്യാറല്ലായിരുന്നു. അവരെ പരീക്ഷിക്കുകയും അവര്‍ ഈമാന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ മാത്രം അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുക; ഇതായിരുന്നു നയം. അല്ലാഹുവിന് എല്ലാവരുടെയും ഈമാന്‍ നന്നായി അറിയാം. എങ്കിലും ബാഹ്യമായ രൂപത്തില്‍ വിശ്വാസികള്‍ക്കും ഈ വരുന്ന സ്ത്രീകളുടെ ഈമാന്‍ അറിയണമല്ലോ. അങ്ങനെ പരീക്ഷിച്ചതിന് ശേഷം അവര്‍ വിശ്വാസിനികള്‍ തന്നെയാണ് എന്ന് അറിഞ്ഞാല്‍ പിന്നീട് അവരെ മക്കയിലേക്ക് അയക്കാന്‍ പാടില്ല.

മക്കയില്‍നിന്നും മദീനയിലേക്ക് വരുന്ന സ്ത്രീകളില്‍ പലരും ഒരുപക്ഷേ, ഭര്‍ത്താവിനോടുള്ള അനിഷ്ടമോ ദേഷ്യമോ കൊണ്ടാകാം വരുന്നത്. സ്വന്തം നാടു വിട്ട് മറ്റൊരു നാട്ടില്‍ താമസിക്കാനുള്ള ആഗ്രഹം കൊണ്ടുമാകാം. ഇപ്രകാരമൊന്നുമല്ല ഈ സ്ത്രീകള്‍ മദീനയിലേക്ക് വന്നതെന്നും, ഐഹികനേട്ടം ആഗ്രഹിച്ചല്ലെന്നും, അല്ലാഹുവിനോടും അവന്റെ റസൂലി ﷺ നോടുമുള്ള സ്‌നേഹം മാത്രമാണ് ഇതിനുപിന്നിലെന്നും വ്യക്തമായ ശേഷം മാത്രമെ അവരെ നബി ﷺ സ്വീകരിച്ചുള്ളൂ.

അവിശ്വാസിനികള്‍ക്ക് വിശ്വാസിയായ ഭര്‍ത്താവും വിശ്വാസിക്ക് അവിശ്വാസിനിയായ ഭാര്യയും ഉണ്ടാകാവതല്ല. വിവാഹ സമയത്ത് പരസ്പരം നല്‍കിയ വിവാഹ മൂല്യങ്ങള്‍ വാങ്ങുകയും തിരിച്ചു നല്‍കുകയും ചെയ്യാവുന്നതാണെന്നും, വിശ്വാസം സ്വീകരിച്ച് അഭയാര്‍ഥിനികളായി വരുന്നവരെ വിശ്വാസികള്‍ക്ക് മഹ്ര്‍ നല്‍കി വിവാഹം ചെയ്യാവുന്നതാണെന്നും അല്ലാഹു അറിയിച്ചു.

കരാര്‍ പ്രകാരം പിറ്റേവര്‍ഷം (ഹിജ്‌റ ഏഴില്‍) ദുല്‍ക്വഅ്ദ മാസത്തില്‍ രണ്ടായിരം അനുചരന്മാരെയും കൂട്ടി നബി ﷺ മക്കയിലേക്ക് പുറപ്പെട്ടു. ആരെയും പേടിക്കാനില്ലാത്തതിനാല്‍ സ്ത്രീകളും കുട്ടികളുമെല്ലാം ആ സംഘത്തില്‍ ഉണ്ടായിരുന്നു. കരാറില്‍ ഉള്ളത് മക്കയില്‍ പ്രവേശിക്കുന്ന സമയത്ത് യുദ്ധത്തിനുള്ള ആയുധങ്ങള്‍ കൈവശം വെക്കാന്‍ പാടില്ല എന്നായിരുന്നു. എന്നാല്‍ ശത്രുക്കള്‍ കരാര്‍ ലംഘിച്ചേക്കുമോ എന്ന പേടി വിശ്വാസികള്‍ക്കുള്ളതിനാല്‍ ചെറിയ രൂപത്തില്‍ അവര്‍ ജാഗ്രത കാണിച്ചിരുന്നു. ചുരുക്കത്തില്‍ അന്ന് എഴുതിയ കരാര്‍ മുഴുവനും പ്രവാചകന്‍ ﷺ പാലിച്ചു. അതിനാല്‍ തന്നെ വ്യക്തമായ വിജയം വിശ്വാസികള്‍ക്ക് കൈവരിക്കുവാനും സാധിച്ചു.

കരാര്‍ പ്രകാരം നബി ﷺ അനുചരന്മാരെയും കൂട്ടി മക്കയിലേക്ക് പ്രവേശിച്ചു. ശത്രുക്കള്‍ക്ക് അവരെ തടയാന്‍ യാതൊരു മാര്‍ഗവുമില്ലല്ലോ. വിശ്വാസികളുടെ വരവ് കാണുന്നതിലുള്ള മനഃപ്രയാസം കാരണത്താല്‍ ക്വുറയ്ശി നേതാക്കള്‍ പരിസരത്തുള്ള മലമുകളില്‍ കയറുകയാണ് ചെയ്തത് എന്ന് ചരിത്രത്തില്‍ കാണാം. എന്നാല്‍ അതേസമയത്ത് മറ്റുള്ളവര്‍ വളരെ കൗതുകത്തോടെ നബി ﷺ യുടെയും അനുചരന്മാരുടെയും വരവിനെ നോക്കിക്കാണുകയായിരുന്നു.

വിശ്വാസികള്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ തുടങ്ങി. ത്വവാഫിന്റെ സമയത്ത് ആദ്യ മൂന്ന് ചുറ്റല്‍ കുറച്ച് ശക്തിയില്‍ നടക്കാന്‍ നബി ﷺ സ്വഹാബിമാരോട് നിര്‍ദേശിച്ചു. പുരുഷന്മാരോട് വലതുകൈ പുറത്ത് കാണും വിധത്തില്‍ ഇഹ്‌റാം വസ്ത്രം ധരിക്കാനായിരുന്നു അവിടുന്ന് പറഞ്ഞിരുന്നത്. വിശ്വാസികളുടെ ശക്തിയും ആരോഗ്യവും വീര്യവും ക്ഷയിച്ചിട്ടില്ലെന്ന് മക്കക്കാര്‍ അറിയാനായിരുന്നു അത്. മദീനയില്‍ എത്തിയ അവരില്‍ പലരും പനിയും ജലദോഷവും ബാധിച്ച് അവശരായിട്ടുണ്ട് എന്ന് മക്കയില്‍ വിശ്വാസികളെ കുറിച്ച് പ്രചരിപ്പിച്ചതെല്ലാം ഇതോടെ തകരുകയും ചെയ്തു. കരാര്‍ പ്രകാരം ഉംറ നിര്‍വഹിച്ചതിന് ശേഷം മൂന്ന് ദിവസം മക്കയില്‍ താമസിച്ചു.

മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും നേതാക്കള്‍ മലമുകളില്‍ നിന്നും ഇറങ്ങി. എന്നിട്ട് അലി(റ)യെ കണ്ട് പറഞ്ഞു: ‘‘താങ്കളുടെ കൂട്ടുകാരനോട് പറയുക; പുറപ്പെട്ടേക്കുക. അവധി കഴിഞ്ഞിരിക്കുന്നു.'' അങ്ങനെ നബി ﷺ അവിടെനിന്നും മടങ്ങി. നബി ﷺ കരാര്‍ പാലിച്ചു. നിര്‍ഭയരായും സന്തോഷവാന്മാരായും ഉംറ നിര്‍വഹിച്ച് എല്ലാവരും മടങ്ങി. ക്വുര്‍ആന്‍ പറയുന്നത് കാണുക:

‘‘അല്ലാഹു അവന്റെ ദൂതന് സ്വപ്‌നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായിക്കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയിക്കൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്‌നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു. സന്മാര്‍ഗവും സത്യമതവുമായി തന്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു; അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി'' (48:28).

(തുടരും)