വധശ്രമവും മുഅ്ത യുദ്ധവും

ഹുസൈന്‍ സലഫി

2021 ജനുവരി 22, 1442 ജുമാദൽ ആഖിർ 19

(മുഹമ്മദ് നബി ﷺ : 55)

ഖയ്ബര്‍ യുദ്ധം കഴിഞ്ഞ് നബി ﷺ യും അനുചരന്മാരും മടങ്ങി. മടങ്ങുന്ന സമയത്ത് യഹൂദി ഗോത്രത്തിലെ നേതാവിന്റെ ഭാര്യ സൈനബ് ഒരു സദ്യ തയ്യാറാക്കി അതിലേക്ക് നബി ﷺ യെ ക്ഷണിച്ചു. മാംസത്തില്‍ വിഷം പുരട്ടി നബിയെ വധിക്കലായിരുന്നു അവളുടെ ലക്ഷ്യം. അവള്‍ നബി ﷺ യുടെ അടുത്തേക്ക് ആളെ അയച്ചു; നബി ﷺ ക്ക് മാംസത്തില്‍ ഏത് ഭാഗമാണ് കൂടുതല്‍ പ്രിയങ്കരം എന്ന് അറിയാന്‍ വേണ്ടി. അതില്‍ കൂടുതല്‍ വിഷം പുരട്ടാനായിരുന്നു അവള്‍ അത് ചോദിച്ചറിഞ്ഞത്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘ഖയ്ബര്‍ ജയിച്ചടക്കപ്പെട്ടപ്പോള്‍ നബി ﷺ ക്ക് വിഷം ചേര്‍ത്ത ഒരു ആട് (പാചകം ചെയ്തത്) ഹദ്‌യയായി നല്‍കപ്പെടുകയുണ്ടായി. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘യഹൂദികളില്‍നിന്ന് ഇവിടെയുള്ളവര്‍ എന്റെ അടുക്കല്‍ ഒരുമിക്കുവിന്‍.' അങ്ങനെ അവര്‍ അവിടുത്തേക്ക് വേണ്ടി ഒരുമിച്ചുകൂടപ്പെട്ടു. എന്നിട്ട് അവിടുന്ന് ചോദിച്ചു: ‘ഞാന്‍ നിങ്ങളോട് ഒരു കാര്യത്തെക്കുറിച്ച് ചോദിക്കുകയാണ്. അതിനെപ്പറ്റി നിങ്ങള്‍ എന്നെ സത്യപ്പെടുത്തുമോ?' അപ്പോള്‍ അവര്‍ പറഞ്ഞു: ‘അതെ.' നബി ﷺ അവരോട് ചോദിച്ചു: ‘നിങ്ങളുടെ പിതാവ് ആരാണ്?' അവര്‍ പറഞ്ഞു: ‘ഇന്നയാള്‍.' അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നിങ്ങള്‍ കളവ് പറഞ്ഞിരിക്കുന്നു. നിങ്ങളുടെ പിതാവ് ഇന്നയാളാണ്.' അവര്‍ പറഞ്ഞു: ‘താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു.' അവിടുന്ന് ചോദിച്ചു: ‘ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ നിങ്ങളോട് ചോദിച്ചാല്‍ അതിനെപ്പറ്റി നിങ്ങള്‍ എന്നെ സത്യപ്പെടുത്തുമോ?' അപ്പോള്‍ അവര്‍ പറഞ്ഞു: ‘അതെ, അബുല്‍ക്വാസിം. ഞങ്ങള്‍ കളവ് പറഞ്ഞാല്‍ ഞങ്ങളുടെ പിതാവിന്റെ കാര്യത്തില്‍ നീ അത് മനസ്സിലാക്കിയത് പോലെ നീ ഞങ്ങളുടെ കളവ് മനസ്സിലാക്കുമല്ലോ.' അപ്പോള്‍ അവിടുന്ന് അവരോട് ചോദിച്ചു: ‘ആരാകുന്നു നരകക്കാര്‍?' അവര്‍ പറഞ്ഞു: ‘അതില്‍ ഞങ്ങള്‍ കുറച്ചു കാലം മാത്രമായിരിക്കും. പിന്നീട് അതില്‍ ഞങ്ങള്‍ക്കു പകരക്കാരായി നിങ്ങളെയാക്കും.' അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ അതില്‍ നിന്ദ്യരാകട്ടെ. അല്ലാഹുവാണെ, ഞങ്ങളതില്‍ നിങ്ങള്‍ക്കു പകരാക്കാരാവില്ല.' പിന്നീട് അവിടുന്ന് ചോദിച്ചു: ‘ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ നിങ്ങളോട് ഞാന്‍ ചോദിച്ചാല്‍ അതിനെത്തൊട്ട് നിങ്ങള്‍ എന്നെ സത്യപ്പെടുത്തുമോ?' അപ്പോള്‍ അവര്‍ പറഞ്ഞു: ‘അതെ, അബുല്‍ക്വാസിം.' അവിടുന്ന് ചോദിച്ചു: ‘നിങ്ങള്‍ ഈ ആടില്‍ വിഷം ചേര്‍ത്തിട്ടുണ്ടോ?' അപ്പോള്‍ അവര്‍ പറഞ്ഞു: ‘അതെ.' അവിടുന്ന് ചോദിച്ചു: ‘നിങ്ങളെ അതിന് പ്രേരിപ്പിച്ചത് എന്താകുന്നു?' അവര്‍ പറഞ്ഞു: ‘താങ്കള്‍ കളവ് പറയുന്നവനാണെങ്കില്‍ ഞങ്ങള്‍ക്ക് ആശ്വസിക്കാമല്ലോ. (അതല്ല) താങ്കള്‍ പ്രവാചകനാണെങ്കില്‍ താങ്കള്‍ക്ക് യാതൊരു പ്രയാസവും ഉണ്ടാവുകയുമില്ല' (ബുഖാരി).

നബി ﷺ യുടെ കൂടെ ആ സന്ദര്‍ഭത്തില്‍ ഉണ്ടായിരുന്ന സ്വഹാബിയായിരുന്നു ബിഷ്‌ർ (റ). അദ്ദേഹം അത് ഭക്ഷിച്ച് മരണപ്പെടുകയുണ്ടായി.

നബി ﷺ ക്ക് വിഷം നല്‍കിയ സ്ത്രീ നബി ﷺ ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗത്ത് കൂടുതല്‍ വിഷം ചേര്‍ത്തു. മറ്റുള്ള ഭാഗങ്ങളിലും വിഷം പുരട്ടിയിരുന്നു. വിഷം പുരട്ടി പാചകം ചെയ്തിട്ടുള്ള ആടിനെ നബി ﷺ യുടെ മുന്നില്‍ അവള്‍ വെച്ചു. നബി ﷺ അതില്‍നിന്നും ഒരു കഷ്ണം എടുത്തു. അവിടുന്ന് കഴിച്ചു തുടങ്ങിയിരുന്നില്ല. കൂടെ ഉണ്ടായിരുന്ന ബിഷ്‌ർ (റ) കഴിക്കുകയും ചെയ്തു. നബി ﷺ അത് വായിലേക്ക് വെച്ച സമയത്ത് പറഞ്ഞു: ‘ഇത് വിഷം ചേര്‍ത്തതാണെന്ന് ഈ എല്ല് എന്നോട് പറഞ്ഞിരിക്കുന്നു.' നബി ﷺ ഇറച്ചിക്കഷ്ണം വായിലേക്ക് വെച്ച് അല്‍പം ഉമിനീര്‍ ഇറക്കിയിരുന്നു. എന്നാല്‍ ബിഷ്‌ർ (റ) നന്നായി അത് ഇറക്കുകയും ചെയ്തു. അതിനാല്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഈ വിഷം നല്‍കിയ സ്ത്രീയെ അവിടേക്ക് വിളിച്ചു വരുത്തി. അവളോട് ഈ ചെയ്തിയെപ്പറ്റി ചോദിച്ചു: ‘എന്തിനാണ് ഇപ്രകാരം ചെയ്തത്.' അവള്‍ പറഞ്ഞു: ‘താങ്കള്‍ കളവ് പറയുന്നവനാണെങ്കില്‍ താങ്കളില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമല്ലോ. അതല്ല, താങ്കള്‍ പറയുന്നത് പോലെ ഒരു നബിയാണ് താങ്കള്‍ എങ്കില്‍ താങ്കള്‍ക്ക് വിവരം ലഭിക്കപ്പെടുകയും ചെയ്യുമല്ലോ.'

അങ്ങനെ ഈ വധശ്രമത്തില്‍നിന്നും നബി ﷺ യെ അല്ലാഹു രക്ഷപ്പെടുത്തി. നബി ﷺ മരണത്തില്‍നിന്നും രക്ഷപ്പെട്ടെങ്കിലും അതിനാല്‍ ചില വിഷമങ്ങള്‍ അവിടുത്തേക്ക് ബാധിച്ചിട്ടുണ്ട് എന്നാണ് ചരിത്രം നമുക്ക് പഠിപ്പിച്ചുതരുന്നത്.

മഹാനായ പ്രവാചകന്‍ ﷺ ഈ ലോകത്തോട് വിടപറയുന്നത് പ്രിയ പത്‌നി ആഇശ(റ)യുടെ മടിത്തട്ടില്‍ തല ചായ്‌ച്ചു കിടന്നുകൊണ്ടായിരുന്നു. ആഇശ(റ) പറയുന്നു:

‘‘നബി ﷺ മരണപ്പെട്ടതായ രോഗത്തില്‍ അവിടുന്ന് പറയുമായിരുന്നു: ‘ആഇശാ, ഖയ്ബറില്‍ ഞാന്‍ കഴിച്ച ഭക്ഷണത്തിന്റെ വേദന ഞാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ വിഷത്തിനാല്‍ എന്റെ ജീവനാഡി മുറിഞ്ഞുപോകുമെന്ന് എനിക്ക് തോന്നുന്നു''(ബുഖാരി).

നബി ﷺ അന്ന് കഴിച്ച ആ വിഷത്തിന്റെ അടയാളമായി അവിടു ത്തെ അണ്ണാക്കില്‍ ഒരു കറുത്ത അടയാളം കാണാമായിരുന്നു എന്ന് സ്വഹാബിമാര്‍ പറയുന്നത് റിപ്പോര്‍ട്ട് ചെയ്തതായും കാണാം. നമ്മുടെ നാട്ടില്‍ ചില ‘ഔലിയാക്കള്‍' അദൃശ്യകാര്യങ്ങളുടെ ഹോള്‍സെയില്‍ വ്യാപാരികളാണ്. എന്നാല്‍ തന്റെ മുന്നിലിരിക്കുന്ന ഭക്ഷണത്തില്‍ വിഷമുണ്ടെന്ന കാര്യം അല്ലാഹു അറിയിച്ച നിമിഷത്തിലല്ലാതെ നബി ﷺ ക്ക് അറിയാന്‍ കഴിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കില്‍ അത് വായില്‍ വെക്കുമായിരുന്നില്ല. തന്റെ ഒരു അനുചരനെ വിഷം അകത്തുചെന്നുള്ള മരണത്തില്‍നിന്ന് തടുക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു.

ഖയ്ബര്‍ യുദ്ധത്തില്‍ ധാരാളം യഹൂദികളെ ബന്ധികളാക്കിയത് നാം മനസ്സിലാക്കി. ആ ബന്ധികളുടെ കൂട്ടത്തില്‍പെട്ട ആളായിരുന്നു സ്വഫിയ്യ(റ). സ്വഫിയ്യ ബിന്‍ത് ഹുയയ്യ് എന്നായിരുന്നു അവരുടെ മുഴുവന്‍ പേര്. ബന്ധിയാക്കപ്പെട്ട സ്വഫിയ്യ(റ) ഇസ്‌ലാം സ്വീകരിച്ചു. നബി ﷺ അവരെ മോചനമൂല്യം നല്‍കി മോചിപ്പിക്കുകയും ചെയ്തു. മോചനമൂല്യം മഹ്റ് കൂടി ആയിരുന്നു. അങ്ങനെ അവരെ നബി ﷺ വിവാഹം ചെയ്യുകയും ചെയ്തു.

ഖയ്ബര്‍ മുസ്‌ലിംകള്‍ കീഴടക്കി എന്ന വാര്‍ത്ത ഖയ്ബറിന്റെ പരിസര പ്രദേശങ്ങളില്‍ എത്തി. ഖയ്ബറിന്റെ അടുത്ത പ്രദേശങ്ങളായ ഫദക്, തയ്‌മാഅ്, വാദിഅല്‍ക്വുറാ എന്നീ ജൂതപ്രദേശങ്ങളും നബി ﷺ ക്ക് കീഴടങ്ങി.

ഹുദയ്ബിയ സന്ധി കഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പേ തന്നെ ഇസ്‌ലാമിലേക്ക് പല ഭാഗങ്ങളില്‍ നിന്നായി ധാരാളം പേര്‍ വരാന്‍ തുടങ്ങി. നബി ﷺ യുടെ കാലത്തുതന്നെ ഈ വലിയ വളര്‍ച്ചക്ക് ഹുദയ്ബിയ സന്ധി വലിയ പങ്കാണ് വഹിച്ചിട്ടുള്ളത് എന്ന് നമുക്ക് ഇതിലൂടെയെല്ലാം മനസ്സിലാക്കാന്‍ സാധിക്കും. ഈ യുദ്ധത്തിൽ നിന്ന് നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്.

അബൂഹുറയ്‌റ(റ) പറഞ്ഞു: ‘‘ഞങ്ങള്‍ ഖയ്ബറില്‍ പങ്കെടുത്തു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ കൂടെ ഉണ്ടായിരുന്നവരില്‍പെട്ട, ഇസ്‌ലാം സ്വീകരിച്ചതായി വാദിച്ചിരുന്ന ഒരാളോട് പറഞ്ഞു: ‘ഇവന്‍ നരകക്കാരില്‍ പെട്ടവനാണ്.' അങ്ങനെ യുദ്ധം നടക്കവെ അയാള്‍ ധാരാളം മുറിവുകള്‍ ഏല്‍ക്കുന്നതുവരെ ശക്തമായി പോരാടി. (അന്നേരം ഇയാളെപ്പറ്റി നബി ﷺ നരകക്കാരനാണെന്ന് പറഞ്ഞതില്‍) ചിലര്‍ക്കെല്ലാം സംശയം ഉണ്ടാകാറായി. കഠിനമായ വേദനയനുഭവപ്പെട്ടപ്പോള്‍ അയാള്‍ തന്റെ അമ്പുറയില്‍നിന്നും അമ്പെടുക്കുകയും എന്നിട്ട് അയാള്‍ തന്റെ ശരീരം അതു മുഖേന അറുത്തുകളയുകയും ചെയ്തു. (ആത്മഹത്യ ചെയ്തു). അപ്പോള്‍ മുസ്‌ലിംകള്‍ (നബി ﷺ യുടെ അടുത്തേക്ക്) ഓടി. എന്നിട്ട് അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ സംസാരത്തെ അല്ലാഹു സത്യപ്പെടുത്തിയിരിക്കുന്നു. അയാള്‍ സ്വയം അറുത്ത് മരണം വരിച്ചിരിക്കുന്നു.' അപ്പോള്‍ അവിടുന്ന് (ഒരാളോട്) പറഞ്ഞു: ‘‘ഏയ്, എഴുന്നേല്‍ക്കൂ. എന്നിട്ട് വിളിച്ചു പറയൂ: തീര്‍ച്ചയായും വിശ്വാസിയല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹു മതത്തിന് അധര്‍മകാരിയായ ആളെക്കൊണ്ട് ശക്തി നല്‍കുകയും ചെയ്യുന്നതാണ്'' (സീറതുന്നബവിയ്യ, ഇബ്‌നുകഥീര്‍).

അല്ലാഹുവിനെ അറിയുകയും അവന്റെ ദീന്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന നാം എപ്പോഴും അല്ലാഹുവിനോട് ദീനില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം. ശരിയായ രൂപത്തില്‍ ജീവിക്കുന്ന ഒരാള്‍ അവസാനംവരെ അപ്രകാരം ആയിക്കൊള്ളണം എന്നില്ല. അതിന് ഒരു ഉദാഹരണമാണ് ഈ സംഭവം.

മുഅ്ത യുദ്ധം

അറേബ്യന്‍ ഉപദ്വീപിനെ ഇസ്‌ലാമിന്റെ ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോമന്‍ സൈന്യവുമായി സഖ്യത്തിലുള്ളവരുമായി ശാമിലെ മുഅ്ത എന്ന സ്ഥലത്ത് വെച്ച് നടന്ന പോരാട്ടമാണ് മുഅ്ത യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്.

മൂവായിരത്തോളം വരുന്ന ഭടന്മാരെയാണ് നബി ﷺ അതിനായി തയ്യാറാക്കിയത്. ഈ യുദ്ധത്തില്‍ നബി ﷺ പങ്കെടുത്തിട്ടില്ല. ഹിജ്‌റ എട്ടാം വര്‍ഷം ജമാദുല്‍ അവ്വലില്‍ ആയിരുന്നു ഈ പുറപ്പാട്. സേനാനായകനായി നബി ﷺ സയ്ദ് ഇബ്‌നു ഹാരിഥി(റ)നെ ആയിരുന്നു തിരഞ്ഞടുത്തിരുന്നത്.

മറ്റു യുദ്ധങ്ങളില്‍നിന്നും വിഭിന്നമായ ചില കാര്യങ്ങള്‍ മുഅ്ത യുദ്ധത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. അതായത്, യുദ്ധനായകനായി ഒരാളെയല്ല നബി ﷺ ഏല്‍പിച്ചത്. ഇന്നയാള്‍ക്ക് ശേഷം ഇന്നയാള്‍, അയാള്‍ക്ക് ശേഷം ഇന്നയാള്‍ എന്ന രൂപത്തില്‍ ചില ആളുകളെ സേനാനായകത്വം ഏല്‍പിച്ചു. ഇത് ഈ യുദ്ധത്തിന്റെ മാത്രം പ്രത്യേകതയാണ്. പ്രഥമമായ സ്ഥാനം സയ്ദി(റ)നെ നബി ﷺ ഏല്‍പിച്ചു.

ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘മുഅ്ത യുദ്ധത്തില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ സയ്ദ് ഇബ്‌നു ഹാരിഥി(റ)നെ അമീറായി നിശ്ചയിച്ചു. എന്നിട്ട് അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: സയ്ദ് കൊല്ലപ്പെടുകയാണെങ്കില്‍ ജഅ്ഫറും ജഅ്ഫര്‍ കൊല്ലപ്പെടുകയാണെങ്കില്‍ അബ്ദുല്ലാഹ് ഇബ്‌നു റവാഹയും (ആണ് അമീര്‍)'' (ബുഖാരി).’’

ഈ യുദ്ധത്തിലൂടെ മുസ്‌ലിംകള്‍ക്ക് ചില അപകടങ്ങള്‍ വരാനിരിക്കുന്നു എന്ന് അറിയിക്കുന്ന നടപടിയായിരുന്നു ഇത്. അല്ലാഹുവില്‍നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നബി ﷺ ഈ തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

സൈന്യം മുഅ്തയില്‍ എത്തി. മുസ്‌ലിം സേനക്ക് പ്രതീക്ഷിക്കാത്തത്ര വലിയ സംഘത്തെയാണ് മറുഭാഗത്ത് കാണേണ്ടിവന്നത്. ഒരു ലക്ഷത്തോളം വരുന്ന സൈന്യമായിരുന്നു അവര്‍. ശത്രുസേനയെ കണ്ടപാടെ മുസ്‌ലിംകളുടെ മനസ്സില്‍ അങ്കലാപ്പും വെപ്രാളവുമായി. ഇനി എന്തു ചെയ്യണം? ആശങ്കയിലായി അവര്‍. അവര്‍ കൂടിയാലോചന നടത്തി. മദീനയില്‍നിന്നും കൂടുതല്‍പേരെ അയക്കുന്നതിന് വേണ്ടി നബി ﷺ ക്ക് ഒരു കത്ത് എഴുതിയാലോ, അതല്ല, നമ്മള്‍ ഉള്ളവര്‍തന്നെ അവരുമായി പോരാടണമോ എന്നെല്ലാം അവര്‍ ചിന്തിച്ചു.

ഈ സമയത്ത് മുസ്‌ലിംകള്‍ക്ക് ആവേശവും ധൈര്യവും സമ്മാനിക്കുന്ന വിധത്തില്‍ അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ) എഴുന്നേറ്റു നിന്ന് സംസാരിച്ചു:

‘‘അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ) ജനങ്ങള്‍ക്ക് ധൈര്യം നല്‍കി (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഓ, സമൂഹമേ, അല്ലാഹുവാണെ സത്യം! നിങ്ങള്‍ (മരണത്തെ) അനിഷ്ടകരമായി കാണുന്നു. നിങ്ങള്‍ രക്തസാക്ഷിത്വം തേടിയാണ് പുറപ്പെട്ടിരിക്കുന്നത്. നാം ജനങ്ങളോട് എണ്ണം കൊണ്ടോ ശക്തികൊണ്ടോ ധാരാളം (ആയുധോപകരണങ്ങള്‍) കൊണ്ടോ അല്ല പോരാടുന്നത്. നാം അവരോട് പോരാടുന്നത് അല്ലാഹു നമ്മെ ആദരിച്ചിട്ടുള്ള ഈ ദീന്‍കൊണ്ടാണ്. അതിനാല്‍ നിങ്ങള്‍ പോകുവിന്‍. നിശ്ചയമായും രണ്ടാല്‍ ഒരു നന്മ ഉണ്ടായിരിക്കും. ഒന്നുകില്‍ വിജയം, ഒന്നുകില്‍ രക്തസാക്ഷിത്വം'' (സീറതു ഇബ്‌നു ഹിശാം).

അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ)യുടെ ഈ സംസാരം സ്വഹാബിമാര്‍ക്ക് ആവേശവും ധൈര്യവും പകര്‍ന്നു. എല്ലാവരും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. പോരാട്ടത്തിന് സജ്ജരായി. യുദ്ധം ആരംഭിച്ചു. ശക്തമായ പോരാട്ടം നടന്നു. നബി ﷺ നേരത്തെ അറിയിച്ചത് പ്രകാരം തന്നെ ഓരോരുത്തരായി രക്തസാക്ഷികളായി. പ്രഥമ നായകനായ സയ്ദ്(റ) ശക്തമായി ശത്രുക്കളോട് പോരാടി. വലിയ പരിക്കുകള്‍ പറ്റി. മുന്നണിപ്പോരാളിയായ അദ്ദേഹം രക്തസാക്ഷിയായി.

ഈ യുദ്ധം നടക്കുന്ന സമയത്ത് അല്ലാഹു വഹ്‌യിലൂടെ അറിയിക്കുന്നതുപ്രകാരം നബി ﷺ മദീനയിലുള്ള സ്വഹാബിമാര്‍ക്ക് യുദ്ധരംഗത്തെ സംഭവങ്ങള്‍ വിവരിച്ചുകൊടുക്കുന്നുണ്ടായിരുന്നു.

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘നബി ﷺ പ്രസംഗത്തിലായി (ഇപ്രകാരം) പറഞ്ഞു: ‘സയ്ദ് പതാകയെടുക്കുകയും അദ്ദേഹത്തിന് ആപത്ത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. പിന്നീട് ജഅ്ഫര്‍ അത് എടുക്കുകയും അദ്ദേഹത്തിന് ആപത്ത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. പിന്നീട് അബ്ദുല്ലാഹ് ഇബ്‌നു റവാഹ അത് എടുക്കുകയും അദ്ദേഹത്തിനും ആപത്ത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. പിന്നീട് ഖാലിദ് ഇബ്‌നുല്‍വലീദ് അത് എടുത്തു. നേതൃത്വം ഇല്ലാതെ തന്നെ അദ്ദേഹം വിജയിക്കുകയും ചെയ്തിരിക്കുന്നു.' (ശേഷം) അവിടുന്ന് പറഞ്ഞു: ‘അവര്‍ നമ്മുടെ അടുക്കല്‍ ഉണ്ടാകുന്നത് നമ്മെ സന്തോഷിപ്പിക്കുന്നില്ല.' (റിപ്പോര്‍ട്ടറായ) അയ്യൂബ്(റ) പറഞ്ഞു: അല്ലെങ്കില്‍ അവിടുന്ന് പറഞ്ഞു: ‘അവര്‍ നമ്മുടെ അടുക്കല്‍ ഉണ്ടാകുന്നത് അവരെ സന്തോഷിപ്പിക്കുന്നില്ല.' ആ സമയത്ത് അവിടുത്തെ ഇരുകണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു'' (ബുഖാരി).

സയ്ദ്(റ) ശക്തമായ പോരാട്ടം നടത്തിയെങ്കിലും വധിക്കപ്പെട്ടു. പിന്നീട് പതാക ചുമക്കേണ്ടത് ജഅ്ഫര്‍(റ) ആയിരുന്നു. ധീരനായി അദ്ദേഹം അത് ഏറ്റടുത്തു. വലത് കൈകൊണ്ട് പതാക പിടിക്കുന്നു. ഇടതുകൈകൊണ്ട് പോരാടുന്നു. ശത്രുക്കള്‍ അദ്ദേഹത്തിന്റെ വലതുകൈ വെട്ടി. പതാക ഇടതുകൈയില്‍ എടുത്തു. അതും അവര്‍ വെട്ടി. എന്നിട്ടും പതാക വിട്ടില്ല. തന്റെ കക്ഷം കൊണ്ട് അത് ഇറുക്കിപ്പിടിച്ചു. അങ്ങനെ അവസാന ശ്വാസംവരെ അദ്ദേഹം പോരാടി രക്തസാക്ഷിയാകുകയും ചെയ്തു. അദ്ദേഹത്തിന്റെ ശരീരത്തില്‍ ധാരാളം മുറിവുകള്‍ ഏറ്റിരുന്നു. ഇബ്‌നു ഉമര്‍(റ) അദ്ദേഹത്തിന്റെ ശരീരം കാണുന്ന രംഗം നമുക്ക് ഇപ്രകാരം വിവരിച്ചുതരുന്നു:

‘‘ആ യുദ്ധത്തില്‍ അവരില്‍ ഞാനും ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ജഅ്ഫര്‍ ഇബ്‌നു അബീത്വാലിബിനെ പരതി നോക്കി. അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ വധിക്കപ്പെട്ടവരില്‍ കാണുകയുണ്ടായി. ആ സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഞങ്ങള്‍ തൊണ്ണൂറില്‍പരം വെട്ടുകളും കുത്തുകളും കാണുകയുണ്ടായി'' (ബുഖാരി).

ജഅ്ഫറി(റ)ന്റെ വിയോഗത്തില്‍ കുടുംബം ഏറെ ദുഃഖിതരായി. കരയുന്ന അവരെ നബി ﷺ ഉപദേശിച്ചു, ആശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാള്‍ നബി ﷺ യോട് ആ കുടുംബത്തിന്റെ അവസ്ഥ അറിയിച്ചപ്പോള്‍ അവരോട് ക്ഷമിക്കുവാന്‍ ഉപദേശിച്ചു. അതോടൊപ്പം ആ കുടുംബത്തിന് ഭക്ഷണം എത്തിക്കുവാനും അവിടുന്ന് കല്‍പിച്ചു. ജഅ്ഫര്‍(റ) അടക്കമുള്ള സ്വഹാബിമാരുടെ വിയോഗത്തില്‍ നബി ﷺ ക്കും വലിയ വിഷമം ഉണ്ടായിരുന്നു. അത് മാനുഷികമാണ്. വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരും മരണപ്പെടുമ്പോള്‍ കരയുക സ്വാഭാവികമാണ്. എന്നാല്‍ അത് അട്ടഹാസമോ നിലവിളിയോ ആയിക്കൂടാ. അതുകൊണ്ട് തന്നെ ജഅ്ഫറിന്റെ കുടുംബം അമിതമായി കരയുന്നതില്‍ നബി ﷺ അവരെ ശാസിച്ചതായി കാണാം. അവര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ പ്രതിഫലം ലഭിക്കും. അതുകൊണ്ടാണ് ‘അവര്‍ നമ്മുടെ അടുക്കല്‍ ഉണ്ടാകുന്നത് അവരെ സന്തോഷിപ്പിക്കുന്നില്ല' എന്ന് നബി ﷺ പറഞ്ഞത്. യുദ്ധത്തില്‍ ഇരു കരങ്ങളും വെട്ടിമാറ്റപ്പെട്ട ജഅ്ഫറി(റ)നെ നബി ﷺ വിശേഷിപ്പിച്ചത് ‘രണ്ട് ചിറകുള്ളയാള്‍' എന്നാണ്.

 യുദ്ധത്തിന്റെ അമീറുമാരായി നബി ﷺ നിശ്ചയിച്ച മൂന്നുപേരും വധിക്കപ്പെട്ട ഘട്ടത്തില്‍ ഖാലിദ് ഇബ്‌നുല്‍ വലീദ്(റ) പതാക ഏറ്റെടുത്തു.     പ്രതിസന്ധിഘട്ടമാണ്, കൂടിയാലോചിച്ച് നേതാവിനെ തിരഞ്ഞെടുക്കപ്പെടാന്‍ നേരമില്ല. അദ്ദേഹം അവസരത്തിനൊത്ത് ഉയരുകയായിരുന്നു.

‘അല്ലാഹുവിന്റെ വാളുകളില്‍പ്പെട്ട ഒരു വാള്‍' എന്ന് നബി ﷺ വിശേഷിപ്പിച്ചിട്ടുള്ള ഖാലിദ്(റ) ഏറ്റവും നല്ല യുദ്ധതന്ത്രജ്ഞനായിരുന്നു. അദ്ദേഹം ശക്തമായ പോരാട്ടം നടത്തി. ആ യുദ്ധത്തില്‍ ഒമ്പത് വാളുകള്‍ ഖാലിദി(റ)ന്റെ കൈയില്‍നിന്ന് മുറിഞ്ഞുപോയിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

ശക്തമായ പോരാട്ടം നടന്നിട്ടും ശത്രുക്കളുടെ വന്‍സൈന്യത്തെ തുരത്തിയോടിക്കുക പ്രയാസകരമായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു തന്ത്രം ഇട്ടുകൊടുത്തു. റോമക്കാരുമായുള്ള മുസ്‌ലിംകളുടെ ആദ്യ പോരാട്ടമാണ്. അവരുടെ ശക്തിയും കഴിവും മുസ്‌ലിംകള്‍ക്ക് മുന്‍പരിചയമില്ലായിരുന്നു. ഖാലിദ്(റ) മുന്‍നിരയില്‍ എത്തിയപ്പോള്‍ റോമന്‍ സേനയുടെ ശക്തിയും തന്ത്രങ്ങളും മനസ്സിലാക്കി. യുദ്ധത്തില്‍നിന്ന് പിന്തിരിയലാണ് ബുദ്ധി എന്ന് മനസ്സിലാക്കിയ ഖാലിദ്(റ) ഒരു തന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു. മുസ്‌ലിം സേനക്ക് ഒരു പുനഃക്രമീകരണം ഏര്‍പ്പെടുത്തി. അതോടെ മുന്‍നിരയില്‍ പുതുമുഖങ്ങളായി. അപ്പോള്‍ മദീനയില്‍നിന്ന് പുതിയ സൈന്യം വരുന്നുണ്ടെന്ന് റോമക്കാര്‍ വിചാരിച്ചു. പിന്നില്‍ നില്‍ക്കുന്ന സൈനികരോട് പൊടിപടലങ്ങള്‍ ഇളക്കിവിടാനായി ഖാലിദ്(റ) കല്‍പിച്ചു. സൈന്യത്തിന്റെ പിന്നില്‍നിന്ന് പൊടിപടലങ്ങള്‍ ഉയരാന്‍ തുടങ്ങി. മദീനയില്‍നിന്ന് മുസ്‌ലിംകള്‍ക്ക് സഹായ സൈന്യം ഒഴുകിവരികയാണെന്ന് റോമക്കാര്‍ ഊഹിച്ചു. ഈ പൊടിപടലങ്ങള്‍ക്കിടയിലൂടെ മുസ്‌ലിം സൈന്യം സമര്‍ഥമായി പിന്‍വാങ്ങി. ശത്രുക്കളെ ഭയം പിടികൂടുകയും ചെയ്തു. പിന്തുടര്‍ന്ന് അക്രമിക്കാതെ അവരും പിന്തിരിഞ്ഞു. മൂന്ന് സേനാനായകന്മാരടക്കം പന്ത്രണ്ട് പേര്‍ ഈ യുദ്ധത്തില്‍ രക്തസാക്ഷികളായി.

(അടുത്ത ലക്കത്തില്‍: മക്കാവിജയം).