ഇബ്‌നുൽ ജൗസി

സഹൽ മങ്കട, ജാമിഅ അൽഹിന്ദ്

2022 ആഗസ്റ്റ് 20, 1442 മുഹർറം 21

അബ്ബാസിയ ഭരണകൂടത്തെ താർത്താരികൾ സ്ഥാന ഭ്രഷ്ടരാക്കുന്നതിന് ഏകദേശം ഒന്നര നൂറ്റാണ്ട് മുമ്പാണ് വിശ്രുത പണ്ഡിതൻ ഇബ്‌നുൽ ജൗസിയുടെ ജനനം.

‘ഇബ്‌നുൽ ജൗസി’ എന്ന് ലോകത്ത് അറിയപ്പെടുന്ന മഹാപണ്ഡിതന്റെ യഥാർഥ നാമം ജമാലുദ്ദീൻ അബുൽ ഫറജ് അബ്ദുറഹ്‌മാൻ ബിൻ അലി എന്നാണ്. ക്വുറൈശി ഗോത്രക്കാരനായ ഇദ്ദേഹത്തിന്റെ വംശപരമ്പര അവസാനിക്കുന്നത് ഇസ്‌ലാമിക ലോകത്തെ പ്രഥമ ഖലീഫ അബൂബക്‌റി(റ)ലേക്കാണ്. ബാഗ്ദാദിൽ ജനിച്ച ഇദ്ദേഹത്തെ പടിഞ്ഞാറൻ ബാഗ്ദാദിലെ ‘ഫുർദ്വത്തുൽ ജൗസ്’ എന്ന സ്ഥലത്തേക്ക് ചേർത്തു വിളിക്കുന്നതിനാലാണ് ‘ഇബ്‌നുൽ ജൗസി’ എന്ന നാമം വിഖ്യാതമായത്. മൂന്നാം വയസ്സിൽ പിതാവിന്റെ വിയോഗത്തോടെ അനാഥനായ ഇദ്ദേഹം പിന്നീട് വളർന്നത് പിതൃസഹോദരിയുടെ സംരക്ഷണയിലാണ്. പിതാവിന്റെ വിയോഗാനന്തരം ഇബ്‌നുൽ ജൗസിയുടെ മാതാവ് വീണ്ടും വിവാഹിതയായതിനാൽ പിതൃസഹോദരി അദ്ദേഹത്തെ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. സ്വന്തം മാതാവിൽനിന്ന് ലഭിക്കേണ്ടുന്ന ശ്രദ്ധയും പരിചരണവും ലാളനകളും നൽകുന്നതിൽ പിതൃസഹോദരി ഒട്ടും പിശുക്ക് കാണിച്ചില്ല. പ്രാഥമിക വിദ്യാഭ്യാസത്തിനായി അദ്ദേഹത്തെ ‘മസ്ജിദ് അബിൽ ഫദ്വൽ ഇബ്‌നുനാസ്വിറി’ലേക്ക് അയച്ചതും പിതൃസഹോദരിയാണ്. അവിടെവച്ച് അദ്ദേഹത്തിന് ഗുരുനാഥന്റെ ശിക്ഷണവും പരിലാളനയും അങ്ങേയറ്റത്തെ പിന്തുണയും ലഭിക്കുന്നതോടൊപ്പം, അറിവിന്റെ ആദ്യപാഠങ്ങൾ നുകരാനും വിശുദ്ധ ക്വുർആൻ ഹൃദിസ്ഥമാക്കാനും സൗഭാഗ്യമുണ്ടായി.

പിതാവിന്റെ അനന്തരസ്വത്തിന്റെ ആധിക്യം ഇബ്‌നുൽ ജൗസിയുടെ അറിവന്വേഷണത്തിന് കരുത്ത് പകർന്നു. മറ്റാരെയും ആശ്രയിക്കാതെ അറിവിൻ പാതകൾ അനായാസം താണ്ടിക്കടക്കാൻ അദ്ദേഹത്തിന് സാധിച്ചു. സമ്പത്തിന്റെ ആധിക്യം അദ്ദേഹത്തെ അശ്രദ്ധനാക്കിയില്ല. ഉണക്കറൊട്ടിയും പച്ചവെള്ളവുമായിരുന്നു പഠന കാലത്തെ പ്രധാന ഭക്ഷണം. ചെറുപ്പം മുതൽക്കേ ഭയഭക്തിയും അറിവ് നേടാനുള്ള ത്വരയും കൈമുതലാക്കിയതിനാൽ കളിതമാശകളിൽ വിഹരിക്കാൻ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നില്ല. ചെറുപ്രായത്തിൽതന്നെ പണ്ഡിത കേസരികളായ ഗുരുനാഥരിൽനിന്നും ബൃഹത്തായ ഗ്രന്ഥങ്ങൾ പഠിക്കാനുള്ള അവസരം ലഭിച്ചത് അദ്ദേഹത്തിന്റെ യശസ്സുയർത്തി.

‘സ്വയ്ദുൽ ഖാത്വിർ’ എന്ന വിഖ്യാത ഗ്രന്ഥം രചിക്കുന്നതിനോടകം തന്നെ ഇരുപതിനായിരം വാള്യങ്ങൾ താൻ വായിച്ചിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധേയമാണ്.

കർമശാസ്ത്രം, ഹദീസ്, തർക്കശാസ്ത്രം, തഫ്‌സീർ, ചരിത്രം, സാഹിത്യം തുടങ്ങി ഒട്ടനവധി വിജ്ഞാനീയങ്ങളിൽ നൈപുണ്യം നേടിയ അദ്ദേഹത്തിന്റെ വിജ്ഞാന സദസ്സുകൾ ജനനിബിഢമായിരുന്നു. അദ്ദേഹത്തിന്റെ വിജ്ഞാന സാഗരത്തിൽനിന്ന് മധുനുകരാൻ സാധാരണക്കാർക്കും പണ്ഡിതന്മാർക്കും പുറമെ ഖലീഫമാരും മന്ത്രിമാരും നേതാക്കളുമൊക്കെ വന്നെത്തുമായിരുന്നു.

പ്രധാന ഗുരുവര്യന്മാർ

അബ്ബാസിയ്യാക്കളുടെ തലസ്ഥാന നഗരിയായ ബാഗ്ദാദ് വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷ്യം വഹിച്ച മണ്ണുകൂടിയാണ്. വിദ്യാഭ്യാസ വിചക്ഷണരും ഗ്രന്ഥാലയങ്ങളും തിളങ്ങിനിൽക്കുന്ന, വളക്കൂറുള്ള മണ്ണിൽ വളർന്നതിനാൽ പഠനാവശ്യാർഥം ധാരാളം യാത്രകൾ നടത്തേണ്ടി വന്നിരുന്നില്ല. കഴിവും മികവുമുള്ള എൺപതിലധികം ഗുരുക്കന്മാരിൽനിന്നും അദ്ദേഹം വിജ്ഞാനം സ്വായത്തമാക്കുകയും അവരെ പരാമർശിച്ച് പ്രത്യേകം ഗ്രന്ഥം രചിക്കുകയും ചെയ്തു. പ്രധാനപ്പെട്ട ഗുരുനാഥന്മാരുടെ പേരുകൾ താഴെ കൊടുക്കുന്നു:

1. അബൂബക്ർ മുഹമ്മദ് ഇബ്‌നു അബ്ദുൽ ബാഖി.

2. അൽമസ്‌റഈ എന്ന നാമത്തിൽ പ്രസിദ്ധനായ അബൂബക്ർ മുഹമ്മദ് ഇബ്‌നു ഹസൻ.

3. അബുൽ ഹസൻ അലിയ്യ് ഇബ്‌നു അബ്ദുൽ വാഹിദ്.

4. അബുൽ ഫതഹ് അബ്ദുൽ മലിക് ഇബ്‌നു അബുൽ ക്വാസിം അൽ ഖറൂഈ.

5. അബൂ സഅദ് അഹ്‌മദ് ഇബ്‌നു മുഹമ്മദ്.

പ്രധാനപ്പെട്ട ശിഷ്യന്മാർ

പണ്ഡിതന്മാരുടെ സൂക്ഷിപ്പ് സ്വത്തുക്കൾ അവരുടെ ശിഷ്യഗണങ്ങളാണ്. ഗുരുനാഥൻമാരോട് വർഷങ്ങളോളം സഹവസിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ശിഷ്യന്മാർ തന്നെയാണ് ഗുരുനാഥന്മാരുടെ വിജ്ഞാനീയങ്ങളും ഗ്രന്ഥങ്ങളും സമൂഹത്തിന് സംഭാവന ചെയ്യാറുള്ളത്. ലോകത്തിന്റെ ഗുരുനാഥനായ മുഹമ്മദ് നബി ﷺ യുടെ ജീവിതം ലോകത്തിന് വരച്ചു കാണിച്ചത്. തങ്ങളുടെ വിജ്ഞാനം നുകരുന്ന അനേകായിരം ശിഷ്യന്മാരിൽനിന്നും സ്മരിക്കപ്പെടുന്നതും അറിയപ്പെടുന്നതും അൽപം ചിലയാളുകൾ മാത്രമാണെന്നുള്ളത് സ്വാഭാവികം. ഇപ്രകാരം ഇബ്‌നുൽ ജൗസിയിൽനിന്നും ശിഷ്യത്വം നേടാൻ ഭാഗ്യം സിദ്ധിച്ച ചിലർ:

1. അൽഹാഫിദ്വ് അബ്ദുൽ ഗനിയ്യ് ഇബ്‌നു അബ്ദുൽ വാഹിദ്.

2. യൂസുഫ് ഇബ്‌നു ഖസ്അലി.

3. അഹ്‌മദ് ഇബ്‌നു അബ്ദുദ്ദാഇം.

സുപ്രധാന ഗ്രന്ഥങ്ങൾ

മഹാരഥന്മാരായ പണ്ഡിതന്മാരുടെ അമൂല്യനിധിയും പിൻതലമുറക്കാർക്ക് അറിവുനേടാനുള്ള പാഥേയവുമാണ് അവർ ബാക്കിയാക്കിയ ഗ്രന്ഥങ്ങൾ.

ഇബ്‌നുൽ ജൗസി(റഹി)യും വിലപ്പെട്ട ഗ്രന്ഥങ്ങൾ ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. ക്വുർആൻ നിദാനശാസ്ത്രം, ഹദീസ്, ചരിത്രം, കർമശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ ഒട്ടനവധി വിഷയങ്ങളിലായി മുന്നൂറോളം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ കരങ്ങളാൽ വിരചിതമായിട്ടുണ്ട്.

‘സ്വയ്ദുൽ ഖാത്വിർ,’ ‘തൽബിസു ഇബ്‌ലീസ്,’ ‘അൽ മൗദൂആത്ത്,’ ‘സ്വിഫതു സ്വഫ്‌വ’ തുടങ്ങിയവ അവയിൽ ഏറെ പ്രസിദ്ധിയാർജിച്ചവയാണ്.

കർമശാസ്ത്ര മേഖലയിൽ അദ്ദേഹം ഹമ്പലി മദ്ഹബ് സ്വീകരിച്ചുവെങ്കിലും, അക്വീദയുടെ അകക്കാമ്പായ അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളുടെ വിഷയത്തിൽ അഹ്‌ലുസ്സുന്നയുടെ ആദർശം പരിപൂർണമായി സ്വീകരിക്കുന്നതിൽ അദ്ദേഹത്തിന് നാമമാത്രമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്.

വിയോഗം

ചരിത്രമുറങ്ങുന്ന ബാഗ്ദാദിന്റെ മണ്ണിനോട് അദ്ദേഹം യാത്ര ചോദിച്ചത് ഹിജ്‌റാബ്ദം 597ലെ റമദാൻ മാസത്തിലായിരുന്നു.