പ്രവാചകൻറെ വിവാഹങ്ങൾ

ഹുസൈന്‍ സലഫി

2022 ജൂൺ 04, 1442 ദുൽഖഅദ 03

(മുഹമ്മദ് നബി ﷺ 75)

വിശ്വാസിയല്ലാത്ത ഉസ്മാൻ ഇബ്‌നു ത്വൽഹ ഉമ്മുസലമ(റ)ക്ക് സംരക്ഷണം നൽകാൻ തീരുമാനിച്ചു. യാതൊരുവിധത്തിലുള്ള ശത്രുതയും അദ്ദേഹം മഹതിയോട് കാണിച്ചില്ല. അല്ലാഹുവിന്റെ സഹായം നാം ഇച്ഛിക്കാത്തവിധത്തിലായിരിക്കും പലപ്പോഴും വന്നെത്തുക. ശത്രുവിന്റെ മനസ്സലിവിലൂടെയാണ് മഹതിക്ക് അല്ലാഹു രക്ഷനൽകിയത്.

ഉസ്മാൻ ഇബ്‌നു ത്വൽഹ(റ) പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ഉമ്മുസലമ(റ)യെയും കുഞ്ഞിനെയും ഒട്ടകപ്പുറത്ത് കയറ്റി അതിന്റെ മൂക്കുകയർ പിടിച്ച് ഉസ്മാൻ(റ) മുന്നോട്ടു നടന്നു. അദ്ദേഹത്തിന്റെ നല്ല പെരുമാറ്റവും സൂക്ഷ്മതയും കാരണം ഉമ്മുസലമ(റ) അദ്ദേഹത്തെ പുകഴ്ത്തുന്നത് നമുക്ക് ചരിത്രത്തിൽ കാണാം. യാത്രയിൽ മഹതിക്ക് വിശ്രമം ആവശ്യമായാൽ ഒട്ടകത്തെ മുട്ടുകുത്തിക്കും. മഹതി ഒട്ടകപ്പുറത്തുനിന്നും ഇറങ്ങി വിശ്രമിക്കുമ്പോൾ ഒട്ടകത്തെ കെട്ടിയിട്ട് അടുത്തുള്ള മറ്റുവല്ലയിടത്തും അദ്ദേഹം വിശ്രമിക്കും. വിശ്രമം തീർന്നാൽ മഹതി അദ്ദേഹത്തെ വിളിക്കും. അദ്ദേഹം ഒട്ടകത്തിന്റെ അടുത്ത് വരും. പിന്നീട് അതിന്റെ മൂക്കുകയർ പിടിച്ച് യാത്ര തുടരും.

മദീനക്ക് സമീപം ക്വുബാഇൽ അവർ എത്തി. അവിടെ വെച്ച് ഉസ്മാൻ(റ) മഹതിക്ക് അബൂസലമ(റ) അടക്കം ഹിജ്‌റ പോന്നിട്ടുള്ളവർ കഴിച്ചുകൂട്ടുന്ന പ്രദേശം കാണിച്ചുകൊടുത്തു. അവിടേക്ക് മഹതിയോട് പോകാൻ പറയുകയും ചെയ്തു. പിന്നീട് ഉസ്മാൻ(റ) മക്കയിലേക്ക് യാത്ര തിരിച്ചു. അങ്ങനെ ഉമ്മുസലമ(റ) ഭർത്താവുമായി മദീനയിൽ സംഗമിച്ചു. അവിടെ ഇരുവരും മാതൃകാജീവിതം നയിച്ചു.

ബദ്‌റിലും ഉഹ്ദിലും അബൂസലമ(റ) പങ്കെടുത്തിരുന്നു. ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹത്തിന് പരുക്കേറ്റു. അതു കാരണത്താൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു. അബൂസലമ(റ) മരണപ്പെടുന്ന സമയത്ത് നാല് മക്കൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഈ മക്കൾ അനാഥരായി. കുടുംബങ്ങളെല്ലാം അവരെ കയ്യൊഴിച്ചിരുന്നു. മദീനയിലെത്തി, നാല് അനാഥ മക്കളെയും കൊണ്ട് ആരും കൂട്ടിനില്ലാതെ വിഷമിച്ചുനിന്ന ഉമ്മു സലമ(റ)യെ സംരക്ഷിക്കാൻ നബി ﷺ  തീരുമാനിച്ചു. അങ്ങനെ അവരെ അവിടുന്ന് വിവാഹം ചെയ്യുകയും ചെയ്തു.

അല്ലാഹുവിന്റെ ഉദ്ദേശങ്ങളാണല്ലോ അടിമകളിൽ നടപ്പിലാവുക. ഒരു അടിമക്ക് വല്ല ആപത്തും പിണഞ്ഞാൽ പറയേണ്ട പ്രാർഥനകളും ദിക്‌റുകളും അല്ലാഹു തന്നെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഉമ്മു സലമ(റ) പറയുന്നത് കാണുക: “ അല്ലാഹുവിന്റെ റസൂൽ ﷺ  പറയുന്നതായി ഞാൻ കേട്ടു: ‘ഒരു അടിമക്ക് വല്ല ആപത്തും പിണയുകയും, അങ്ങനെ അവൻ ‘തീർച്ചയായും ഞങ്ങൾ അല്ലാഹുവിനുള്ളവരാണെന്നും ഞങ്ങൾ അവനിലേക്ക് തന്നെ മടക്കപ്പെടുന്നവരാണെന്നും അല്ലാഹുവേ, ഈ ആപത്തിൽനിന്ന് എനിക്ക് രക്ഷ നൽകുകയും ഇതിനെക്കാൾ ഉത്തമമായത് പകരം നൽകുകയും ചെയ്യണേ’ എന്ന് പറയുകയും ചെയ്താൽ അല്ലാഹു ആ ആപത്തിൽനിന്ന് അവനെ രക്ഷിക്കാതിരിക്കുകയും അതിനെക്കാൾ ഉത്തമമായത് പകരം നൽകാതിരിക്കുകയും ചെയ്യുന്നതല്ല’’ (അഹ്‌മദ്).

ഉമ്മുസലമ(റ) പറഞ്ഞു: “അങ്ങനെ ഞാൻ അത് അദ്ദേഹത്തിൽനിന്നും മനഃപാഠമാക്കി. അബൂസലമ വഫാതായപ്പോൾ ഞാൻ ഇസ്തിർജാഅ് (ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ എന്ന് പറയൽ) നടത്തി. തുടർന്ന് ഞാൻ പറഞ്ഞു: ‘അല്ലാഹുവേ, ഈ ആപത്തിൽനിന്ന് എനിക്ക് രക്ഷ നൽകുകയും ഇതിനെക്കാൾ ഉത്തമമായത് പകരം നൽകുകയും ചെയ്യണേ.’ പിന്നീട് ഞാൻ എന്റെ മനസ്സിനോട് പറഞ്ഞു: ‘അബൂസലമയെക്കാൾ ഉത്തമനെ എനിക്ക് എവിടെനിന്ന് ലഭിക്കും?’ അങ്ങനെ എന്റെ ദീക്ഷാകാലം കഴിഞ്ഞപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ  എന്നോട് (വീട്ടിലേക്ക്) അനുവാദം ചോദിച്ചു. ആ സമയത്ത് ഞാൻ കരഞ്ഞിരിക്കുകയാണ്. അപ്പോൾ ഞാൻ എന്റെ കൈ കഴുകി, അവിടുത്തേക്ക് അനുവാദം നൽകി. അങ്ങനെ ഒരു തലയണ അവിടുത്തേക്ക് വെച്ചുകൊടുത്തു. നബി ﷺ  അതിൽ ഇരുന്നു. എന്നിട്ട് എന്നോട് വിവാഹാന്വേഷണം നടത്തി. സംസാരത്തിൽനിന്നും അവിടുന്ന് ഒഴിവായപ്പോൾ ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എനിക്ക് അങ്ങയിൽ ആഗ്രഹിക്കാൻ ഒന്നുമില്ലല്ലോ. ഞാൻ കടുത്ത ദേഷ്യക്കാരിയാണ്. അതിനാൽ അതു കാരണത്താൽ അല്ലാഹു എന്നെ ശിക്ഷിക്കാൻ കാരണമാകുന്ന വല്ലതും എന്നിൽ അവിടുന്ന് കാണുന്നത് എനിക്ക് പേടിയാണ്. ഞാൻ വാർധക്യത്തിൽ പ്രവേശിച്ച ഒരുവളുമാകുന്നു. ഞാൻ മക്കളുള്ളവളുമാണ്.’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ പറഞ്ഞ (നിങ്ങളുടെ) ദേഷ്യം അല്ലാഹു നിങ്ങളിൽനിന്നും പോക്കുന്നതാണ്. നിങ്ങൾ പറഞ്ഞ വാർധക്യത്തിന്റെ കാര്യം, അത് നിങ്ങളെ ബാധിച്ചതുപോലെ എനിക്കും ബാധിക്കുന്നതാണ്. നിങ്ങൾ പറഞ്ഞ മക്കളുടെ കാര്യം, നിങ്ങളുടെ മക്കൾ എന്റെയും മക്കളാകുന്നു.’ അവർ പറഞ്ഞു: ‘അപ്പോൾ ഞാൻ അല്ലാഹുവിന്റെ റസൂലി ﷺ ന് കീഴൊതുങ്ങി.’ അങ്ങനെ അല്ലാഹുവിന്റെ റസൂൽ ﷺ  അവരെ വിവാഹം ചെയ്തു. ഉമ്മുസലമ(റ) പറഞ്ഞു: ‘അങ്ങനെ അബൂസലമയെക്കാൾ ഉത്തമനായ അല്ലാഹുവിന്റെ റസൂലി ﷺ നെ അല്ലാഹു എനിക്ക് പകരം നൽകി’’ (അഹ്‌മദ്).

ഉമ്മുസലമ(റ)യെ നബി ﷺ  വിവാഹം ചെയ്യാനുണ്ടായ സാഹചര്യവും കാരണവും ഇതിൽനിന്നുതന്നെ വ്യക്തമാണല്ലോ. നാല് കുട്ടികളുടെയും ആരാരും സംരക്ഷിക്കാനില്ലാത്ത ഒരു സ്ത്രീയുടെയും സംരക്ഷണം മുന്നിൽ കണ്ടുകൊണ്ടാണ് നബി ﷺ  ഉമ്മുസലമ(റ)യെ വിവാഹം ചെയ്യുന്നത്.

ബുദ്ധിമതിയായ മഹതിയായിരുന്നു ഉമ്മുസലമ(റ). ഹുദയ്ബിയ സന്ധി നടന്ന സന്ദർഭത്തിൽ ഒരു പ്രശ്‌നം മുസ്‌ലിംകൾക്കിടയിൽ ഉണ്ടായി. മദീനയിൽനിന്നും നബി ﷺ യും അനുചരന്മാരും ഉംറ നിർവഹിക്കാൻ മക്കയിലേക്ക് പുറപ്പെട്ടു. മക്കയുടെ അതിർത്തിയിൽ എത്തിയപ്പോൾ മുശ്‌രിക്കുകൾ നബി ﷺ യുടെ വരവിനെക്കുറിച്ചുള്ള വിവരമറിഞ്ഞു. അങ്ങനെ നബി ﷺ യെയും അനുചരന്മാരെയും തടയാൻ ക്വുറയ്ശികൾ തീരുമാനിച്ചു. ഹുദയ്ബിയ എന്ന സ്ഥലത്തുവെച്ച് അവർ നബി ﷺ യെയും സ്വഹാബിമാരെയും തടഞ്ഞു. നബി ﷺ  അവരോട് തങ്ങളുടെ യാത്രയുടെ ലക്ഷ്യം ഉംറയാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അത് ഉൾകൊള്ളാൻ തയ്യാറായില്ല. അവസാനം അവരുമായി ഒരു കരാർ എഴുതി തിരിച്ചുപോരേണ്ടി വന്നു. കരാർ എഴുതി മുസ്‌ലിംകൾ മദീനയിലേക്ക് മടങ്ങാൻ ഒരുങ്ങിയപ്പോൾ പലർക്കും അത് വിഷമമുണ്ടാക്കി. നബി ﷺ  ഓരോരുത്തരോടും ഇഹ്‌റാമിൽനിന്നും ഒഴിവാകുന്നതിന് വേണ്ടി ബലിയറുക്കാനും മുടികളയാനും നിർദേശിച്ചു. ലക്ഷ്യം പൂർത്തിയാക്കാതെ മടങ്ങുന്നതിൽ അവർക്ക് വല്ലാത്ത വിഷമം. അതിനാൽതന്നെ നബി ﷺ  പറഞ്ഞതിനോട് അവർക്ക് വിയോജിപ്പുണ്ടായി. താൻ പറഞ്ഞത് കേൾക്കാത്തതിൽ അവിടുത്തേക്കും വലിയ വിഷമമുണ്ടായി. അങ്ങനെ നബി ﷺ  തന്റെ കൂടാരത്തിലേക്ക് കയറി. അതിൽ മഹതി ഉമ്മുസലമ(റ) ഉണ്ടായിരുന്നു. മഹതിയോട് നബി ﷺ  ഈ കാര്യങ്ങൾ വിവരിച്ചു. മഹതി നബി ﷺ ക്ക് ഒരു പരിഹാരമാർഗം പറഞ്ഞുകൊടുത്തു: ‘നബിയേ, നിങ്ങൾ ഇനി അവരോട് യാതൊന്നും സംസാരിക്കരുത്. നിങ്ങൾ ആദ്യമായി പരസ്യമായി ബലിയറുക്കുക. തുടർന്ന് അങ്ങയുടെ മുടി കളയുകയും ചെയ്യുക. അപ്പോൾ അവർ അങ്ങയെ അനുഗമിക്കുന്നതായിരിക്കും.’ നബി ﷺ  അപ്രകാരം ചെയ്തു. ഇതു കണ്ട അനുചരന്മാർ നബിയെ പിന്തുടരുകയും ചെയ്തു.

നബി ﷺ യുടെ വഫാത്തിന് ശേഷം കൊല്ലങ്ങളോളം വിധവയായി മഹതി ജീവിച്ചു. പല പ്രശ്‌നങ്ങളിലും ധീരമായി ഇടപെടുകയും തന്റെതായ കർത്തവ്യം നിറവേറ്റുകയും ചെയ്തു. ഹിജ്‌റ 59, ദുൽക്വഅ്ദ മാസത്തിൽ മഹതി ലോകത്തോട് യാത്രയായി. അന്ന് മഹതിക്ക് 84 വയസ്സായിരുന്നു.

സയ്‌നബ് ബിൻത് ജഹ്ഷ്(റ)

സയ്‌നബി(റ)ന്റെ പിതാവിന്റെ പേര് ജഹ്ഷ്, മാതാവ് ഉമയ്മ. നബി ﷺ യുടെ പിതൃസഹോദരി(അമ്മായി)യാണ് ഉമയ്മ. സയ്‌നബിനെ ആ പേരു വിളിച്ചത് നബി ﷺ യായിരുന്നു. ആദ്യകാലത്ത് അവരുടെ പേര് ബർറ എന്നായിരുന്നു. പുണ്യവതി എന്നതാണ് അതിന്റെ അർഥം. അതൊരു സ്വയം പുകഴ്ത്തൽ ആയതിനാൽ നബി ﷺ  അത് മാറ്റുകയായിരുന്നു. കാരണം ആരാണ് പുണ്യവതിയെന്ന് അറിയുന്നവൻ അല്ലാഹുവാണല്ലോ. ഈ കാര്യം ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ നമുക്ക് കാണാൻ സാധിക്കും.

ആദ്യനാളുകളിൽ ധാരാളം പ്രയാസങ്ങൾ സഹിക്കേണ്ടിവന്ന മഹതിയാണ് സയ്‌നബ്(റ). തന്റെ വീട്ടുകാരിൽനിന്നും കുടുംബത്തിൽനിന്നും പീഡനങ്ങളും പ്രയാസങ്ങളും നേരിട്ടപ്പോൾ മദീനയിലേക്ക് മഹതി പലായനം ചെയ്തു. 30 വയസ്സുവരെ മഹതി അവിവാഹിതയായിരുന്നു. നബി ﷺ  സയ്‌നബി(റ)നെ വിവാഹാലോചന നടത്തി. അത് നബി ﷺ ക്ക് വേണ്ടിയായിരുന്നില്ല; തന്റെ ദത്തുപുത്രനായ സയ്ദി(റ)ന് വേണ്ടിയായിരുന്നു. സയ്ദ് ഇബ്‌നുഹാരിസ(റ) എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ നാമം. നബി ﷺ യുടെ ഇഷ്ടതോഴൻ എന്ന് ചരിത്രം വാഴ്ത്തിയ മഹാനായിരുന്നു സയ്ദ്(റ). ക്വുർആനിൽ പേരു പരാമർശിച്ച ഏക സ്വഹാബി!

സയ്ദ്(റ) കൽബ് ഗോത്രത്തിലെ ഒരു സ്വതന്ത്രനായിരുന്നു. ചെറുപ്രായത്തിൽ മാതാവിന്റെ മടിത്തട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഒരു കൊള്ളസംഘം കുട്ടിയെ തട്ടിയെടുത്തു. കുറേ കൊല്ലങ്ങൾക്കുശേഷം ഈ സംഘം ഉക്കാള്വ് എന്ന ചന്തയിൽവെച്ച് വിറ്റു. 400 വെള്ളിക്കാണ് അവർ അദ്ദേഹത്തെ വിൽപന ചെയ്തത്. ഖദീജ(റ)യുടെ സഹോദരപുത്രനായ ഹകീം ഇബ്‌നുഹുസാമാണ് അദ്ദേഹത്തെ വാങ്ങിയത്. ഹകീം നബി ﷺ യുടെ കൂട്ടുകാരനും അടുത്തയാളുമായിരുന്നു. ഖദീജ(റ)ക്ക് വേണ്ടിയായിരുന്നു സയ്ദി(റ)നെ അദ്ദേഹം വാങ്ങിയത്. ഹകീം ഈ കുട്ടിയെ ഖദീജ(റ)ക്ക് ദാനംചെയ്തു. പിന്നീട് ഖദീജ(റ) നബി  ﷺ ക്ക് ഭൃത്യവേല ചെയ്യാനായി കുട്ടിയെ സമ്മാനമായി നൽകി. അങ്ങനെയാണ് സയ്ദ്(റ) നബി ﷺ യുടെ അടുത്ത് എത്തുന്നത്. ഈ കുട്ടിയെ നബി ﷺ  നന്നായി ഇഷ്ടപ്പെട്ടിരുന്നു. സയ്ദ്(റ) ആദ്യവിവാഹം ചെയ്തതിൽ ഉസാമ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ചരിത്രത്തിൽ ഉസാമ ഇബ്‌നു സയ്ദ്(റ) എന്ന് അറിയപ്പെട്ട മഹാനായ സ്വഹാബി. പിതാവിനെയും മകനെയും നബി ﷺ  അതിരറ്റ് സ്‌നേഹിച്ചു. ഇരുവരും നബി ﷺ യുടെ പ്രിയങ്കരരായി.

സയ്ദി(റ)നെ നബി ﷺ യുടെ കൈയിൽ കിട്ടിയപ്പോൾ സ്വതന്ത്രനാക്കി. ഈ കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് മകനെക്കുറിച്ചുള്ള വിവരം ലഭിച്ചു. അങ്ങനെ പിതാവും പിതൃവ്യനും നബി ﷺ യെ സമീപിച്ചു. കുട്ടിയെ വിട്ടുതരണമെന്ന് അവർ ആവശ്യപ്പെട്ടു. നബി ﷺ  സയ്ദി(റ)ന്റെ ഇഷ്ടത്തിന് വിട്ടു. പിതാവ് സയ്ദി(റ)നോട് അഭിപ്രായം ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ കൂടെ സ്വതന്ത്രനായി കഴിയുന്നതിനെക്കാൾ എനിക്കിഷ്ടം മുഹമ്മദ് നബി ﷺ യുടെ അടുത്ത് അടിമയായി കഴിയുന്നതാണ്.’

നബി ﷺ യുടെ അടുത്ത് അനുസരണയോടെ വളർന്ന കുട്ടിയെ ആളുകൾ സയ്ദ് ഇബ്‌നു മുഹമ്മദ് എന്നായിരുന്നു വിളിച്ചിരുന്നത്. നിങ്ങളുടെ വളർത്തു പുത്രന്മാർ നിങ്ങളുടെ മക്കളല്ല എന്ന് ക്വുർആൻ വ്യക്തമാക്കിയതോടെ ആ വിളി വിരോധിക്കപ്പെട്ടു. ആദ്യകാലത്ത് ദത്തുപുത്രന്മാരെ സ്വന്തം മക്കളെപോലെയാണ് കണ്ടിരുന്നത്. അനന്തരസ്വത്തിന് പോലും അവകാശികളായിട്ടായിരുന്നു അറബികൾ അവരെ കണക്കാക്കിയിരുന്നത്.

“...നിങ്ങളിലേക്ക് ചേർത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രൻമാരെ അവൻ നിങ്ങളുടെ പുത്രൻമാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്‌കൊണ്ടു നിങ്ങൾ പറയുന്ന വാക്ക് മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവൻ നേർവഴി കാണിച്ചുതരികയും ചെയ്യുന്നു’’ (ക്വുർആൻ 33:4).