തബൂക് യാത്രക്കിടയിലെ അസാധാരണ സംഭവങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 മാർച്ച് 19, 1442 ശഅബാൻ 16

അബ്ദുല്ലാഹ് ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ‘‘ഞങ്ങള്‍ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ കൂടെ ഹിജ്‌റിന്റെ സമീപത്തുകൂടെ നടക്കുകയുണ്ടായി. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ  ഞങ്ങളോട് പറഞ്ഞു: ‘സ്വന്തത്തോട് അക്രമം ചെയ്തവരുടെ താമസസ്ഥലങ്ങളില്‍ (അല്ലാഹുവില്‍നിന്നുള്ള ശിക്ഷയെ) ഭയപ്പെട്ട് കരയുന്നവരായിട്ടല്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്. അവര്‍ക്ക് ബാധിച്ചതുപോലെ നിങ്ങളെയും ബാധിക്കാന്‍ (കാരണമാകുന്നതിനെ തൊട്ട്) ഭയപ്പാടോടെ (അല്ലാതെ നിങ്ങള്‍ അവിടെ പ്രവേശിക്കരുത്).’ പിന്നീട് അവിടുന്ന് (വാഹനത്തെ) വേഗത്തില്‍ (ഹിജ്‌റിനെ) പുറകിലാക്കുന്നതുവരെ തെളിക്കുകയും ചെയ്തു’’ (മുസ്‌ലിം).

അല്ലാഹുവിന്റെ ശിക്ഷയിറങ്ങിയ സ്ഥലത്തെ ആനന്ദത്തിനോ ഉല്ലാസത്തിനോ വിശ്രമത്തിനോ ഉപയോഗിക്കാവതല്ല. അത്തരം സ്ഥലത്തുനിന്ന് വേഗത്തില്‍ മാറിപ്പോകണം. അല്ലാഹുവിന്റെ കോപം നമ്മിലും ഇറങ്ങുമോ എന്ന് നാം ഭയപ്പെടണം. നബി ﷺ  ഈ യാത്രയില്‍ സ്വഹാബിമാര്‍ക്ക് ആ നിലയ്ക്കുള്ള ഉപദേശം നല്‍കുകയും തന്റെ ഒട്ടകത്തെ അവിടെനിന്നും അതിവേഗത്തില്‍ തെളിച്ചുകൊണ്ടുപോകുകയും ചെയ്യുകയാണുണ്ടായത്. ഈ ഹദീസ് പണ്ഡിതന്മാര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായി നമുക്ക് കാണാം. ശൈഖ് സ്വാലിഹ് അല്‍ഉസൈമിന്‍(റഹി) പറയുന്നത് കാണുക:

‘‘തബൂകിലേക്ക് നബി ﷺ  തന്റെ വഴിയില്‍ അവരെയുംകൊണ്ട് നടന്നു. അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘ഇക്കൂട്ടരുടെ അടുക്കല്‍ നിങ്ങള്‍ കരയുന്നവരായിട്ടല്ലാതെ പ്രവേശിക്കരുത്. ഇനി നിങ്ങള്‍ കരയുന്നില്ലെങ്കില്‍ അവര്‍ക്ക് ബാധിച്ചത് നിങ്ങള്‍ക്ക് ബാധിക്കാതിരിക്കാന്‍ നിങ്ങള്‍ അവരില്‍ പ്രവേശിക്കരുത്. ഇതിനാലാണ് ഥമൂദുകാരുടെ ഭവനങ്ങളിലേക്ക് ആശ്വാസം കൊള്ളുന്നതിനോ അവരുടെ താമസസ്ഥലങ്ങള്‍ നോക്കി നില്‍ക്കുന്നതിനോ പോകുന്നത് അനുവദനീയമല്ല എന്ന് നാം പറയുന്നത്. കാരണം അത് റസൂലി ﷺ നോടുള്ള അനുസരക്കേടില്‍ പതിക്കലാകുന്നു. (എന്നാല്‍) ഒരാള്‍ ഗുണപാഠം ഉദ്ദേശിച്ച് പോകുന്നത് (എതിരല്ല). അപ്പോഴും ആ സ്ഥലങ്ങളിലൂടെ അയാള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ കരഞ്ഞുകൊണ്ടായിരിക്കണം (അതിലൂടെ നടക്കേണ്ടത്). അയാള്‍ കരയുന്നില്ലയോ തീര്‍ച്ചയായും അവരില്‍ പ്രവേശിക്കല്‍ അയാള്‍ക്ക് അനുവദനീയമാവുകയില്ല. കാരണം, ചിലപ്പോള്‍ അവര്‍ക്ക് ബാധിച്ചത് അയാള്‍ക്കും ബാധിക്കാന്‍ ഇടയാകും. (അതിനാലാണ്) നബി ﷺ  അവരുടെ താഴ്‌വരയില്‍ നടന്നപ്പോള്‍ അവിടുത്തെ തല കുനിച്ചതും ആ താഴ്‌വര വിട്ടുമാറുന്നതുവരെ അതിവേഗത്തില്‍ സഞ്ചരിച്ചതും. ഥമൂദ് ഗോത്രക്കാരുടെ ഭവനങ്ങളിലേക്ക് പോകുന്ന, അവിടെയുള്ള പുരാവസ്തുക്കള്‍ കണ്ട് ദിവസങ്ങള്‍ കഴിച്ചുകൂട്ടി ആനന്ദിക്കുകയും ആശ്വാസം കൊള്ളുകയും ചെയ്യുന്ന ഈ അവിവേകികളുടെ തെറ്റുകളെ നാം ഇതില്‍നിന്നും മനസ്സിലാക്കേണ്ടതുണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന്റെ റസൂലി ﷺ നോടുള്ള അനുസരണക്കേടും അവിടുത്തെ മാര്‍ഗത്തോടും ചര്യയോടുമുള്ള വിയോജിപ്പുമാകുന്നു. കാരണം, സ്വന്തത്തോട് അക്രമം ചെയ്ത, ഈ ഭൂമിയില്‍വെച്ച് അല്ലാഹു നശിപ്പിച്ചവരുടെ താമസസ്ഥലങ്ങളില്‍ ജനങ്ങള്‍ താമസിക്കുന്നതിനെ തൊട്ട് താക്കീത് നല്‍കുകയും ആ താഴ്‌വര വിട്ടു പോകുന്നതുവരെ ഈ വീടുകളുടെ സമീപത്തുകൂടെ നബി ﷺ  നടക്കുമ്പോള്‍ അവിടുന്ന് തന്റെ തല താഴ്‌ത്തി പെെട്ടന്ന് പോകുകയായിരുന്നു ചെയ്തിരുന്നത്. ആ മനുഷ്യരെ ബാധിച്ച അല്ലാഹുവിന്റെ ശിക്ഷ തന്നെയും ബാധിക്കുമെന്ന ഭയത്താലായിരുന്നു (അവിടുന്ന് അപ്രകാരം ചെയ്തത്). (അപ്രകാരം കരയാതെ ആ പ്രദേശത്തേക്ക് പോകുന്നവര്‍ക്ക്) ഒന്നുകില്‍ അല്ലാഹുവില്‍ നിഷേധം ഉണ്ടാകുകയും അങ്ങനെ അവന്‍ ശിക്ഷക്ക് അര്‍ഹനായി മാറുകയും ചെയ്യും. അതുമല്ലെങ്കില്‍ അവന്‍ നിഷേധിയൊന്നും ആയിട്ടില്ലെങ്കിലും അവന്റെ ശിക്ഷക്ക് അവന്‍ അര്‍ഹനാകും. അങ്ങനെ ക്വിയാമത്ത് നാളില്‍ അല്ലാഹുവിനെ കണ്ടുമുട്ടിയാല്‍ (അവിടെ വെച്ചും ശിക്ഷിക്കപ്പെടും). അല്ലാഹു തന്റെ അടിമകളെ പറ്റി നന്നായി കാണുന്നവനാണല്ലോ.’’

അല്ലാഹുവിന്റെ ശിക്ഷയിറങ്ങിയിട്ടുള്ള പ്രദേശത്തേക്ക് വിനോദയാത്രക്കോ മറ്റു ഭൗതിക നേട്ടം ഉദ്ദേശിച്ചോ പോകല്‍ അനുവദനിയമല്ലെന്നത് ഈ വിശദീകരണം നമ്മോട് പറയുന്നുണ്ട്. എന്നാല്‍ ഗുണപാഠം സ്വീകരിക്കുവാന്‍ വേണ്ടിയാണെങ്കില്‍ കരയുന്നവരായിട്ട് അവിടെ പോകുന്നത് വിലക്കപ്പെട്ടതുമല്ല.

‘വാദീ മുഹസ്സിര്‍' എന്ന് ഇന്ന് അറിയപ്പെടുന്ന പ്രദേശത്ത് പില്‍ക്കാലത്ത് അല്ലാഹുവിന്റെ അദാബ് (ശിക്ഷ) ഇറങ്ങിയിട്ടുണ്ട്. പരിശുദ്ധ കഅ്ബയെ തകര്‍ക്കാനായി അബ്‌റഹത്ത് ആനപ്പടയെയും കൊണ്ട് വന്ന ചരിത്രം നാം മനസ്സിലാക്കിയതാണ്. അവരെ ഈ പ്രദേശത്തുവച്ച് തന്നെയാണ് അല്ലാഹു നശിപ്പിച്ചത് എന്നതും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഹജ്ജിന്റെ വേളയില്‍ ഈ പ്രദേശത്തുകൂടെ നടക്കുമ്പോള്‍ ഹാജിമാര്‍ ധൃതിയില്‍ അവിടം വിട്ടകലണം.

തബൂകിലേക്കുള്ള വഴിമധ്യെ ഉണ്ടായ ഒരു സംഭവമാണ് നാം മനസ്സിലാക്കിയത്. മറ്റൊരു സംഭവം കൂടി ആ യാത്രയില്‍ ഉണ്ടായി. തബൂകില്‍ എത്തുന്നതിന്റെ തലേദിവസം നബി ﷺ  അനുചരന്മാരോട് പറഞ്ഞത് മുആദ്(റ) ഇപ്രകാരം നമുക്ക് പറഞ്ഞുതരുന്നു:

തബൂക് യുദ്ധ വര്‍ഷത്തില്‍ ഞങ്ങള്‍ റസൂലി ﷺ ന്റെ കൂടെ പുറപ്പെടുകയുണ്ടായി. അപ്പോള്‍ അവിടുന്ന് നമസ്‌കാരം ‘ജംഅ്’ ചെയ്യുമായിരുന്നു. അങ്ങനെ അവിടുന്ന് ദുഹ്‌റും അസ്വ്‌റും ഒരുമിച്ചും മഗ്‌രിബും ഇശാഉം ഒരുമിച്ചും നമസ്‌കരിച്ചു. അങ്ങനെ അടുത്ത പകല്‍ നമസ്‌കാരം പിന്തിച്ചു, പിന്നീട് അവിടുന്ന് പുറപ്പെടുകയും ദുഹ്‌റും അസ്വ്‌റും ഒരുമിച്ച് നമസ്‌കരിക്കുകയും ചെയ്തു. അതിന് ശേഷം അവിടുന്ന് പുറപ്പെട്ടു. എന്നിട്ട് മഗ്‌രിബും ഇശാഉം ഒരുമിച്ച് നിസ്‌കരിച്ചു. പിന്നീട് അവിടുന്ന് പറഞ്ഞു: ‘അല്ലാഹു ഉദ്ദേശിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ നാളെ തബൂകിലെ ഒരു അരുവിയുടെ സമീപത്ത് എത്തുന്നതാണ്. പകലിന്റെ പൂര്‍വാഹ്ന സമയം ആകുന്നതുവരെ നിങ്ങള്‍ അതില്‍ എത്തുന്നതല്ല. അങ്ങനെ നിങ്ങളില്‍ ആരെങ്കിലും അവിടെ വന്നാല്‍ ഞാന്‍ എത്തുന്നതുവരെ അതിലെ വെള്ളത്തില്‍ സ്പര്‍ശിക്കുക പോലും ചെയ്യരുത്.’ അങ്ങനെ ഞങ്ങള്‍ അവിടെ വന്നു. രണ്ടാളുകള്‍ അപ്പോഴേക്കും അവിടേക്ക് ഞങ്ങളെ മുന്‍കടന്നെത്തിയിരുന്നു. ആ അരുവി ചെരുപ്പിന്റെ വാറിനെപോലെ വെള്ളത്താല്‍ വെളുത്തിരുന്നു. മുആദ്(റ) പറഞ്ഞു: അവര്‍ ഇരുവരോടും അല്ലാഹുവിന്റെ റസൂല്‍ ﷺ  ചോദിച്ചു: ‘അതിലെ വെള്ളത്തില്‍ നിങ്ങള്‍ സ്പര്‍ശിച്ചിട്ടുണ്ടോ?’ ഇരുവരും പറഞ്ഞു: ‘അതെ.’ അപ്പോള്‍ ഇരുവരെയും നബി ﷺ  ശകാരിക്കുകയും അല്ലാഹു ഉദ്ദേശിച്ചതെല്ലാം നബി ﷺ  അവരോട് പറയുകയും ചെയ്തു. പിന്നീട് അവര്‍ (സ്വഹാബിമാര്‍) അവരുടെ കൈകളാല്‍ അരുവിയില്‍നിന്നും അല്‍പാല്‍പമായി കോരിയെടുക്കുകയും അവ ശേഖരിക്കുകയും ചെയ്തു. മുആദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ ﷺ  ഇരുകൈകള്‍ കൊണ്ട് വായയും മുഖവും കഴുകി. പിന്നീട് അതു വീണ്ടും തുടര്‍ത്തുകയും ചെയ്തു. പിന്നീട് അവിടുന്ന് (ബാക്കിയുള്ള വെള്ളം) അതിലേക്കുതന്നെ ഒഴിച്ചു. അപ്പോള്‍ ആ അരുവി കുത്തിയൊഴുകിത്തുടങ്ങി. അങ്ങനെ ജനങ്ങള്‍ എല്ലാവരും കുടിച്ചു. പിന്നീട് അവിടുന്ന് പറഞ്ഞു: മുആദ്, നിന്നില്‍ ജീവിതം നീളുകയാണെങ്കില്‍ ഇവിടെ (ഈ പ്രദേശത്തെ) തോട്ടങ്ങള്‍ നിറഞ്ഞ സ്ഥലമായി നീ കാണുന്നതാണ്’’ (മുസ്‌ലിം).

ആ അരുവി ചെരുപ്പിന്റെ വാറുപോലെ വളരെ ചെറിയ രൂപത്തിലാണ് ഒഴുകിക്കൊണ്ടിരുന്നത്. സ്വഹാബിമാര്‍ തങ്ങളുടെ കൈകള്‍കൊണ്ട് ആ അരുവിയില്‍ നിന്നും വെള്ളം അല്‍പാല്‍പമായി കോരിയെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുകയും അത് ഉപയോഗിച്ച് നബി ﷺ  തന്റെ വായയും മുഖവും കഴുകുകയും ചെയ്തു. ശേഷം ബാക്കിയായ വെള്ളം ആ അരുവിയിലേക്ക് തന്നെ ഒഴുക്കി. അവിടെ അന്നേരം ഒരു അത്ഭുതം സംഭവിച്ചു. ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടാനുസരണം വെള്ളം കുടിക്കാന്‍ ലഭിക്കുംവിധം ആ അരുവി കുത്തിയൊഴുകി. തുടര്‍ന്ന് നബി ﷺ  ഒരു പ്രവചനവും നടത്തി; വെള്ളമില്ലാത്ത, വിശാലമായ ഈ മരുപ്രദേശത്തെ സമൃദ്ധമായ തോട്ടങ്ങളുള്ള ഒന്നായി ഭാവിയില്‍ കാണാം.

മുആദ്(റ) നബി ﷺ യുടെ വഫാതിന് ശേഷം എത്രയോ കൊല്ലം കഴിഞ്ഞിട്ടാണ് വഫാതാകുന്നത്. അദ്ദേഹം മരണപ്പെടുന്നതിന് മുമ്പ് നബി ﷺ യുടെ പ്രവചനം പുലര്‍ന്നതിന് ദൃക്‌സാക്ഷിയായി എന്നതാണ് ചരിത്രം. സുഊദി അറേബ്യയില്‍ ഇന്നും തബൂക് ഫലഭൂയിഷ്ടമായ, കൃഷിചെയ്യപ്പെടുന്ന മണ്ണായി കിടക്കുകയാണ്. നബി ﷺ  അല്ലാഹുവിന്റെ വഹ്‌യിന്റെ അടിസ്ഥാനത്തിലാണല്ലോ ഇത്തരം കാര്യങ്ങള്‍ പറയുക. അതിനാല്‍തന്നെ അതില്‍ യാതൊരു തെറ്റും സംഭവിക്കുകയില്ല.

തബൂക് യുദ്ധ വേളയില്‍ നബി ﷺ യില്‍ ഉണ്ടായ മറ്റൊരു അത്ഭുതം കൂടി കാണുക:

അബൂ ഹുമയ്ദി(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘ഞങ്ങള്‍ അല്ലാഹുവിന്റെ റസൂലി ﷺ ന്റെകൂടെ തബൂക് യുദ്ധത്തിനായി ഒരു പെണ്ണിന്റെ തോട്ടത്തിനരികിലൂടെ പുറപ്പെടുകയുണ്ടായി. അങ്ങനെ ഞങ്ങള്‍ ഒരു ഗ്രാമത്തിന്റെ താഴ്‌വരയില്‍ എത്തി. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ‘നിങ്ങള്‍ അതിന് (തോട്ടത്തിന് വില) കണക്കാക്കുക.’ അങ്ങനെ ഞങ്ങളും അല്ലാഹുവിന്റെ റസൂലും അതിന് പത്ത് വസ്‌ക്വ് കണക്കാക്കി. അവിടുന്ന് പറയുകയും ചെയ്തു: ‘അല്ലാഹു ഉദ്ദേശിച്ചാല്‍ ഞങ്ങള്‍ നിന്നിലേക്ക് മടങ്ങുന്നതുവരെ നീ അത് എണ്ണിത്തിട്ടപ്പെടുത്തുക.’ (ശേഷം) ഞങ്ങള്‍ പോയി. ഞങ്ങള്‍ തബൂകില്‍ എത്തി. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ‘ഈ രാത്രി നിങ്ങളില്‍ ശക്തമായ ഒരു കാറ്റടിക്കുന്നതാകുന്നു. അപ്പോള്‍ നിങ്ങളില്‍ ഒരാളും അതില്‍ (ഇരുട്ടില്‍) എഴുന്നേല്‍ക്കരുത്. അതുകൊണ്ട് ആര്‍ക്കെങ്കിലും വാഹനം (ഒട്ടകം) ഉണ്ടെങ്കില്‍ അതിന്റെ കയര്‍ മുറുക്കിക്കെട്ടിക്കൊള്ളട്ടെ.’ അങ്ങനെ ശക്തമായ കാറ്റടിച്ചു. അപ്പോള്‍ ഒരാള്‍ എഴുന്നേല്‍ക്കുകയും അങ്ങനെ അത് അയാളെ രണ്ട് പര്‍വതങ്ങള്‍ക്കിടയിലുള്ള ഉള്‍ഭാഗത്ത് ഇടുന്നതുവരെ വഹിച്ചുകൊണ്ടുപോകുകയുണ്ടായി’’ (മുസ്‌ലിം).

മറ്റൊരു യുദ്ധത്തിലും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് തബൂകില്‍ സംഭവിക്കുന്നത്. വീരവാദം മുഴക്കിയ റോമക്കാര്‍ മുസ്‌ലിം സൈന്യം തബൂകില്‍ എത്തിയപ്പോള്‍ പിന്മാറി! വലിയ ദൂരം താണ്ടി, കാലാവസ്ഥയുടെ പ്രതികൂല സാഹചര്യത്തില്‍ ഇത്രയും വലിയ സൈന്യത്തെയുമായി പ്രവാചകന്‍ ﷺ  റോമക്കാരെ നേരിടുമെന്ന് അവര്‍ വിചാരിച്ചതേയില്ലായിരുന്നു. അതിനാല്‍ തന്നെ അവര്‍ ഭയന്ന് പിന്മാറുകയും ചെയ്തു.

നബി ﷺ യും അനുചരന്മാരും തബൂകില്‍ എത്തി. ആരെയും കാണുന്നില്ല. ഇരുപത് ദിവസത്തോളം അവിടെ താവളമടിച്ചെങ്കിലും റോമക്കാര്‍ യുദ്ധത്തിന് കൂട്ടാക്കിയില്ല. അങ്ങനെ അതിര്‍ത്തി പ്രദേശമായ അയ്‌ലതിലെയും ദൗമതുജന്‍ദലിലെയും ജനങ്ങളുമായി നബി  ﷺ  സമാധാന സന്ധിയുണ്ടാക്കുകയും അവിടങ്ങളില്‍ ഇസ്‌ലാമിക പ്രബോധനം നടത്തുകയും ചെയ്തു. അതിന്റെ ഫലമായി പില്‍ക്കാലത്ത് ഈ പ്രദേശങ്ങള്‍ ഇസ്‌ലാമിന് കൂടുതല്‍ ശക്തി പകരാനും സഹായകമായി.

യുദ്ധം നടന്നില്ല. ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം നബി ﷺ യും സ്വഹാബിമാരും സന്തോഷത്തോടെ അവിടെ നിന്നും മടങ്ങി.

യഥാര്‍ഥത്തില്‍ തബൂക് യുദ്ധം നബി ﷺ യുടെ കൂടെയുള്ളവരില്‍ നല്ലവരെയും അല്ലാത്തവരെയും തിരിച്ചറിയാനായി അല്ലാഹു സ്വീകരിച്ച ഒരു നടപടിയായിരുന്നു എന്നും നമുക്ക് മനസ്സിലാക്കാം. ഇപ്രകാരം എല്ലാ കാലത്തും നല്ലവരെയും അല്ലാത്തവരെയും വേര്‍തിരിക്കുന്ന ചില നടപടി ക്രമങ്ങള്‍ അല്ലാഹു നമുക്കിടയില്‍ സ്വീകരിക്കും. ഏത് സന്ദിഗ്ധ ഘട്ടത്തിലും അല്ലാഹുവിനെയും അവന്റെ ദീനിനെയും മുറുകെ പിടിച്ച് സ്വാര്‍ഥത ഒഴിവാക്കിയാല്‍ അവരെയാണ് അല്ലാഹു പരിഗണിക്കുക.

നബി ﷺ യും അനുചരന്മാരും തബൂക്കില്‍നിന്നും മദീനയിലേക്ക് മടങ്ങാന്‍ ഒരുങ്ങി. ആ മടക്കയാത്രയിലും ചില സംഭവങ്ങള്‍ ഉണ്ടായി. ആ യാത്രക്കിടയില്‍ ഇറക്കപ്പെട്ട ക്വുര്‍ആന്‍ വചനങ്ങളുടെ അര്‍ഥമാണ് താഴെ കൊടുക്കുന്നത്:

‘‘ദ്രോഹബുദ്ധിയാലും സത്യനിഷേധത്താലും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്‍മാരുടെ കൂട്ടത്തിലുണ്ട്). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. (നബിയേ,) നീ ഒരിക്കലും അതില്‍ നമസ്‌കാരത്തിനു നില്‍ക്കരുത്. ആദ്യ ദിവസംതന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്‌കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു’’ (9:108,109).

ഈ സൂക്തങ്ങള്‍ ഇറക്കപ്പെടുന്നത് നബി ﷺ യും സ്വഹാബിമാരും മദീനയോട് അടുക്കാറാകുന്ന വേളയിലാണ്. ‘മസ്ജിദുദ്വിറാര്‍‘ എന്ന പേരില്‍ ഒരു പള്ളിയുണ്ടായിരുന്നു. ‘ദ്വിറാര്‍‘ എന്ന പദത്തിന്റെ അര്‍ഥം ഉപദ്രവം, പ്രയാസം എന്നൊക്കെയാണ്. അഥവാ നബി ﷺ ക്കും വിശ്വാസികള്‍ക്കും പ്രയാസങ്ങളും വിഷമങ്ങളും ഉണ്ടാക്കാന്‍ വേണ്ടി കപടവിശ്വാസികള്‍ എടുത്ത ഒരു പള്ളിയായിരുന്നു അത്.

മദീനയിലെ കപടവിശ്വാസികളുടെ നേതാവായിരുന്നു അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂല്‍. അബൂ ആമിറും അവരുടെ നേതാവായിരുന്നു. പണ്ടു മുതലേ മദീനയില്‍ ഉണ്ടായിരുന്ന ഒരു പുരോഹിതനായിരുന്ന അബൂ ആമിര്‍ മുശ്‌രിക്കുകളുടെ കൂട്ടത്തിലായിരുന്നു ആദ്യം. പിന്നീട് അയാള്‍ ക്രിസ്തുമതം സ്വീകരിച്ചു. അങ്ങനെ ക്രൈസ്തവര്‍ക്കിടയില്‍ അബൂആമിറിന് വലിയ സ്ഥാനവും പദവിയും ലഭിച്ചു.

നബി ﷺ  മക്കയില്‍നിന്നും മദീനയിലേക്ക് ഹിജ്‌റ വന്ന വേളയില്‍ മദീനക്കാര്‍ക്കിടയില്‍ നേതൃ പട്ടം കൊതിച്ച് അബ്ദുല്ലയുടെ കൂടെ നടന്നിരുന്നവനായിരുന്നു അബൂ ആമിറും. ഇസ്‌ലാമിന്റെ വളര്‍ച്ചയും നബി ﷺ ക്ക് മദീനക്കാര്‍ക്കിടയില്‍ കിട്ടിയ സ്ഥാനവും സ്വീകര്യതയും അബൂആമിറിനെയും വല്ലാതെ ചൊടിപ്പിച്ചു. അവനും പ്രകോപിതനായി.

അബൂ ആമിർ മദീനയില്‍നിന്നും മക്കയിലേക്ക് ഇടയ്ക്കിടെ പോകാന്‍ തുടങ്ങി. മക്കയില്‍നിന്നും നബി ﷺ ക്ക് എതിരെ സൈന്യത്തെ തയ്യാറാക്കലായിരുന്നു അയാളുടെ ലക്ഷ്യം. മക്കയില്‍നിന്നും മദീനയിലേക്ക് മുശ്‌രിക്കുകള്‍ ഉഹ്ദിലേക്ക് പുറപ്പെടുന്ന വേളയില്‍ അവരുടെ കൂടെ അബൂ ആമിറും ഉണ്ടായിരുന്നു. ഉഹ്ദിന്റെ പോര്‍ക്കളത്തില്‍ നബി ﷺ യെയും വിശ്വാസികളെയും വീഴ്ത്താന്‍ വേണ്ടി ധാരാളം ചതിക്കുഴികള്‍ ഉണ്ടാക്കിയതും അബൂ ആമിര്‍ തന്നെയായിരുന്നു. അവന്‍ ഉണ്ടാക്കിയ ഒരു ചതിക്കുഴിയിലായിരുന്നു മഹാനായ നബി ﷺ  വീണത്. അബ്ദുല്ലയെ പോലെ തന്നെ സ്വഹാബിമാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ അയാള്‍ ശ്രമിച്ചു. അന്‍സ്വാറുകള്‍ക്കിടയില്‍ അവന്‍ ചില കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കാന്‍ നോക്കിയെങ്കിലും അവന്റെ ഉള്ളുകള്ളികള്‍ അവര്‍ വളരെ പെെട്ടന്നുതന്നെ തിരിച്ചറിഞ്ഞു. തന്റെ വേലകളൊന്നും വിലപ്പോകില്ലെന്ന് മനസ്സിലായ അബൂ ആമിര്‍ റോമിലെ ഹിര്‍ക്വല്‍ രാജാവിനെ സമീപിച്ചു. പ്രവാചകനെയും ഇസ്‌ലാമിനെയും തകര്‍ക്കുവാന്‍ ഹിര്‍ക്വലിനോട് അബൂ ആമിര്‍ സഹായം ആവശ്യപ്പെട്ടു. ഹിര്‍ക്വല്‍ എല്ലാ വിധത്തിലുള്ള സഹായ വാഗ്ദാനങ്ങളും അബൂ ആമിറിന് നല്‍കി.

ഹിര്‍ക്വലിന്റെ സഹായ വാഗ്ദാനത്തില്‍ അയാള്‍ സന്തുഷ്ടനായി. ഉടനെ മദീനയിലെ കപടവിശ്വാസികള്‍ക്ക് ഒരു കത്തെഴുതി. മദീനയിലേക്ക് ഒരു വലിയ സൈന്യവുമായി ഞാന്‍ വരുന്നുണ്ടെന്നും അതിന്റെ മുന്നോടിയായി തന്റെ കത്തുകളുമായി വരുന്നവര്‍ക്കും ശേഷം തനിക്കും തങ്ങാന്‍ ഒരു കെട്ടിടം പണിയണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കത്ത് ലഭിച്ചു. ഉടനെത്തന്നെ പന്ത്രണ്ട് കപടവിശ്വാസികളുടെ നേതൃത്വത്തില്‍ പണി തുടങ്ങി. ക്വുബാഇലെ പള്ളിയുടെ സമീപത്ത് വളരെ കെട്ടുറപ്പുള്ള ഒരു പള്ളിയാണ് അവര്‍ പണിതത്. പള്ളിയുടെ നിര്‍മാണം അവസാനിച്ചു. നബി ﷺ ക്കും അനുചരന്മാര്‍ക്കും എതിരില്‍ കുതന്ത്രം മെനയലാണ് ആ കേന്ദ്രത്തിന്റെ പ്രധാന അജണ്ട. പള്ളി അവിടെ നിലനില്‍ക്കണമെങ്കില്‍ മുസ്‌ലിംകളുടെ സഹകരണം ആവശ്യമാണല്ലോ. അതിന് ആ പള്ളിയിലേക്ക് നബി ﷺ യെ അടുപ്പിക്കാന്‍ ശ്രമിക്കലായിരുന്നു ആദ്യത്തെ അവരുടെ ശ്രമം. അബൂ ആമിറിന്റെ ഹിര്‍ക്വലിനെ കാണലും മദീനയിലേക്കുള്ള അവന്റെ കത്തുകൈമാറ്റവും ഈ പള്ളി നിര്‍മാണവുമെല്ലാം നടക്കുന്നത് നബി ﷺ യുടെ തബൂകിലേക്കുള്ള പുറപ്പാടിന്റെ സമയത്തായിരുന്നു. അവര്‍ നബി ﷺ യെ സമീപിച്ചു. എന്നിട്ട് അവിടുത്തോട് ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ദൂരദിക്കുകളില്‍നിന്നും മദീനയില്‍ എത്തുന്നവര്‍ക്ക് തണുപ്പും മറ്റു പ്രയാസങ്ങളും ഇല്ലാതിരിക്കാനും അവര്‍ക്ക് തങ്ങാനുമെല്ലാമായി കുറച്ചപ്പുറത്ത് ഒരു പള്ളി ഞങ്ങള്‍ എടുത്തിട്ടുണ്ട്. ആ പള്ളിയില്‍ അങ്ങ് വന്ന് നമസ്‌കരിച്ച് തുടക്കം കുറിച്ചാലും.’ നബി ﷺ യുടെ അംഗീകാരം ലഭിച്ചാല്‍ പിന്നെ കപടവിശ്വാസികള്‍ക്ക് കുഴപ്പം സൃഷ്ടിക്കാന്‍ കാര്യം എളുപ്പമാകുമല്ലോ. ഇവരുടെ ഈ കുതന്ത്രം നബി ﷺ ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. നബി ﷺ  അല്ലാഹുവിന്റെ പ്രത്യേകമായ തീരുമാന പ്രകാരം ഇപ്രകാരം പറഞ്ഞു: ‘ഇന്‍ശാ അല്ലാഹ്, നമുക്ക് നോക്കാം. ഇപ്പോള്‍ ഞാന്‍ തബൂകിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലാണ്. മടങ്ങിയെത്തിയതിന് ശേഷമാകാം.’

മദീനയിലേക്ക് തിരിച്ചുവരുന്ന സമയത്ത് മദീനയുടെ അടുത്ത പ്രദേശമായ ദീ അവാന്‍ എന്ന സ്ഥലത്ത് എത്തിയപ്പോഴേക്ക് ആ പള്ളിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വഹ്‌യ് മുഖേന അല്ലാഹു നബി ﷺ ക്ക് അറിയിച്ചുകൊടുത്തു. നേരത്തെ ഉദ്ധരിച്ച 9:108, 109 വചനങ്ങള്‍ കാണുക.

സമൂഹത്തില്‍ പ്രയാസം ഉണ്ടാക്കുവാനും കുഴപ്പം സൃഷ്ടിക്കുവാനും തങ്ങളുടെ അവിശ്വാസം പ്രചരിപ്പിക്കുവാനും വിശ്വാസികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കുവാനും ശത്രുക്കള്‍ക്ക് ഒരു താവള സൗകര്യമായും എടുത്തിട്ടുള്ളതാണ് ആ പള്ളി. അവരുടെ ലക്ഷ്യം എന്താണെന്ന് നബി ﷺ ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുകൊണ്ട് ‘ഈ ഭവനനിര്‍മാണം കൊണ്ട് ഞങ്ങള്‍ നല്ലതേ ഉദ്ദേശിക്കുന്നുള്ളൂ’ എന്ന അവരുടെ വാക്ക് അദ്ദേഹം വിശ്വസിച്ചു. എന്നാല്‍ അവരെ വിശ്വാസത്തിലെടുക്കരുതെന്നും അവര്‍ പെരുംനുണയന്മാരാണെന്നതിന് അല്ലാഹു സാക്ഷിയാണെന്നും അല്ലാഹു നബി ﷺ യെ അറിയിച്ചു. തബൂക്കില്‍നിന്നും തിരിച്ചെത്തിയാല്‍ അവിടെ നമസ്‌കരിച്ച് ആ പള്ളിയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാം എന്ന് നബി ﷺ  അവരോട് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. എന്നാല്‍ മ ദീനയില്‍ എത്തിയാല്‍ ആ ഭവനത്തില്‍ നമസ്‌കരിച്ചു പോകരുതെന്ന് അല്ലാഹു നബി ﷺ യോട് പറഞ്ഞു. കാരണം, ആ പള്ളിയുടെ ഉദ്ദേശ്യം ഭിന്നിപ്പിക്കലും കുഴപ്പം ഉണ്ടാക്കലും അവിശ്വാസത്തിന് സൗകര്യം നല്‍കലും ശത്രുക്കള്‍ക്ക് താവളമാക്കലുമാണ്.

അല്ലാഹുവിന്റെ കല്‍പനകള്‍ കാത്തുസൂക്ഷിക്കുന്ന, അല്ലാഹു വിലക്കിയ കാര്യങ്ങളെ ഒഴിവാക്കുന്ന, സൂക്ഷ്മതയുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട പള്ളിയിലാണ് നമസ്‌കരിക്കേണ്ടതെന്നും അല്ലാഹു നബി ﷺ യെ ഉണര്‍ത്തി. അതാകട്ടെ, നബി ﷺ  തന്നെ ആദ്യം പടുത്തിയര്‍ത്തിയിട്ടുമുണ്ട്. ആ പള്ളിയോട് അടുപ്പമുള്ളവര്‍ പരിശുദ്ധി ആഗ്രഹിക്കുന്നവരാണ്. മനസ്സും ശരീരവും നരകത്തിലേക്ക് പ്രവേശിക്കുന്ന മാലിന്യങ്ങളില്‍നിന്ന് ശുദ്ധിയാകണം എന്ന് ആഗ്രഹിക്കുന്ന നല്ല ആളുകള്‍ നിസ്‌കരിക്കുന്ന ആ പള്ളിയിലായിരിക്കണം നബി ﷺ യും മറ്റു വിശ്വാസികളും നമസ്‌കരിക്കേണ്ടത്.

പള്ളി നിര്‍മാണത്തിന്റെ ലക്ഷ്യം എന്തായിരിക്കണമെന്നും എന്തായിരിക്കരുതെന്നും, പള്ളിയില്‍ നടക്കേണ്ട കാര്യങ്ങള്‍ എന്തായിരിക്കണമെന്നും എന്തായിക്കൂടായെന്നും, വിശ്വാസികള്‍ ഏത് പള്ളികളിലാണ് നമസ്‌കരിക്കേണ്ടതെന്നും ഏത് പള്ളികളില്‍ നമസ്‌കരിക്കാന്‍ പാടില്ല എന്നും അല്ലാഹു ഈ സൂക്തങ്ങളിലൂടെ നമുക്ക് പഠിപ്പിച്ചു തരുന്നതും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

അല്ലാഹുവില്‍ നിന്നുള്ള വിവരം ലഭിച്ചപ്പോള്‍ നബി ﷺ  അനുചരന്മാരോട് ആ പള്ളിയുടെ ഭാഗത്തേക്ക് വേഗത്തില്‍ ചെല്ലാനും അത് പൂര്‍ണമായും നീക്കം ചെയ്യാനും കല്‍പിച്ചു. സ്വഹാബിമാര്‍ അതുപ്രകാരം ആ പള്ളി അവിടെനിന്നും പൊളിച്ചുനീക്കി. അങ്ങനെ കപടന്മാരുടെ ആ തന്ത്രവും പൊളിഞ്ഞു. ഈ പള്ളിയാണ് ചരിത്രത്തില്‍ ‘മസ്ജിദു ദ്വിറാര്‍‘ എന്ന പേരില്‍ അറിയപ്പെടുന്നത്.