അംറ് ഇബ്‌നു ജമൂഹി(റ)ന്റെ തിരിച്ചറിവ്

മുഹമ്മദ് ശമീൽ

2022 ജൂൺ 18, 1442 ദുൽഖഅദ 17

പ്രത്യക്ഷത്തിൽ അംറ് ഇബ്‌നു ജമൂഹി(റ)ന് രണ്ട് ദുർബലതകളുണ്ട്. ഒന്ന് വാർധക്യം, രണ്ട് മുടന്ത്. എന്നാൽ ഈ രണ്ടിനെയും അതിജയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആത്മധൈര്യം.

ഉഹ്ദ് യുദ്ധം അനിവാര്യമായ ഘട്ടത്തിൽ പ്രവാചകന്റെ കൽപനയിൽ സ്വഹാബികൾ യുദ്ധത്തിന് തയ്യാറായിക്കൊണ്ടിരുന്നു. അംറ് ഇബ്‌നു ജമൂഹി(റ)ന്റെ മൂന്ന് മക്കളും അതിലേക്കുള്ള ഒരുക്കത്തിലായി രുന്നു. അംറും യുദ്ധത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മക്കൾ അത് തടഞ്ഞു.

അദ്ദേഹം പ്രവാചകന്റെ അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു:

“അല്ലാഹുവിന്റെ ദൂതരേ, എന്റെ മക്കൾ എന്നെ ഈ നന്മയുടെ ഉറവിടത്തിൽനിന്ന് അകറ്റിനിർത്തുന്നു. ഞാൻ വൃദ്ധനാണെന്നും അവശനാണെന്നും അവർ വാദിക്കുന്നു. അല്ലാഹുവാണെ, ഞാൻ വൃദ്ധനും അശക്തനുമാണെങ്കിലും ഈ രീതിയിൽ സ്വർഗം നേടാൻ ഞാൻ ആഗ്രഹിക്കുന്നു.’’

“അദ്ദേഹത്തെ അനുവദിക്കൂ. ഒരുപക്ഷേ, ശക്തനും മഹാനുമായ റബ്ബ് അദ്ദേഹത്തിന് രക്തസാക്ഷിത്വം നൽകിയേക്കാം’’ പ്രവാചകൻ  ﷺ  മക്കളോട് പറഞ്ഞു.

യുദ്ധഭൂമിയിലേക്കുള്ള യാത്രക്കു മുമ്പ് അംറ് തന്റെ ഭാര്യയോട് യാത്ര പറഞ്ഞു. ക്വിബ്‌ലക്കു നേരെ തിരിഞ്ഞ് പ്രാർഥിച്ചു: “അല്ലാഹുവേ, എനിക്ക് രക്തസാക്ഷിത്വം നൽകണേ, എന്റെ പ്രതീക്ഷകൾ തകർത്തു കൊണ്ട് എന്നെ എന്റെ കുടുംബത്തിലേക്ക് തിരിച്ചയക്കരുതേ.’’

തന്റെ മൂന്ന് ആൺമക്കളോടും തന്റെ ഗോത്രമായ ബനൂസലമയിലെ ഒരു വലിയ സംഘത്തോടും കൂടി അദ്ദേഹം പുറപ്പെട്ടു.

യുദ്ധം രൂക്ഷമായപ്പോൾ, അംറ് മുൻനിരയിൽ ചലിക്കുന്നതും മുടന്തില്ലാത്ത കാലിൽ ചാടുന്നതും ‘എനിക്ക് സ്വർഗം വേണം’ എന്ന് ഉറക്കെ പറയുന്നതും കാണാമായിരുന്നു.

അദ്ദേഹത്തിന്റെ മകൻ ഖാലിദ് (റ) അദ്ദേഹത്തിനു പിന്നിൽ അടുത്തുനിന്നു. അവർ രണ്ടുപേരും പ്രവാചകന്റെ സംരക്ഷണത്തിനായി ധീരമായി പോരാടി. ആ ധീരനായ സ്വഹാബി യുദ്ധക്കളത്തിൽ രക്തസാക്ഷിയായി. മകനും നിമിഷങ്ങൾക്കകം മരിച്ചു.

ബനൂസലമ ഗോത്രത്തിലെ നേതാവും പ്രധാനിയുമായിരുന്നു അംറ് ഇബ്‌നു ജമൂഹ്. വീട്ടിൽ സ്വന്തമായി അദ്ദേഹത്തിന് ഒരു വിഗ്രഹം ഉണ്ടായിരുന്നു. ഉയർന്ന നിലവാരമുള്ള തടിയിൽ നിർമിച്ച ആ വിഗ്രഹത്തിൽ അദ്ദേഹം ദിവസവും സുഗന്ധം പുരട്ടും. ‘മനാത്ത’ എന്ന് പേരിട്ട ആ വിഗ്രഹത്തിന് വേണ്ടി അദ്ദേഹം ബലിയറുക്കുകയും അതിന്റെ മുന്നിൽ ഭജനമിരിക്കുകയും ചെയ്യുമായിരുന്നു.

മിസ്വ്അബ്(റ) പ്രബോധന ദൗത്യവുമായി യഥ്‌രിബിൽ വന്ന സമയം. ഓരോ ഗോത്രവും ഇസ്‌ലാമിന്റെ പ്രകാശത്തിലേക്ക് കടന്നുവരുന്നതറിഞ്ഞ അംറ് ഇബ്‌നു ജമൂഹ്(റ) തന്റെ ഭാര്യയെ വിളിച്ച് ഉപദേശിച്ചു: “നമ്മുടെ മൂന്ന് മക്കൾ ആ പുത്തൻവാദിയുടെ അടുത്ത് ചെല്ലുന്നത് സൂക്ഷിക്കണം.’’

എന്നാൽ ആ മൂന്ന് മക്കളും അദ്ദേഹത്തിന്റെ ഭാര്യയും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നു. പ്രായം അറുപത് കടന്ന തന്റെ ഭർത്താവിന് എങ്ങനെ ഇസ്‌ലാം എത്തിക്കും എന്ന ചിന്തയിലായിരുന്നു അദ്ദേഹത്തി ന്റെ ഭാര്യ.

ഭാര്യ അദ്ദേഹത്തോടു പറഞ്ഞു: “നമ്മുടെ മകൻ മുആദ് ആ ചെറുപ്പക്കാരനെക്കുറിച്ച് അന്വേഷിച്ചറിഞ്ഞിട്ടുണ്ട്. അവൻ എന്താണ് പറയുന്നതെന്ന് മകനോട് ചോദിച്ചുകൂടേ?’’

മുആദി(റ)ന്റെ ഈ പ്രവൃത്തി അംറിനെ ദേഷ്യം പിടിപ്പിച്ചു. എങ്കിലും ക്ഷമിച്ചുകൊണ്ട് മകനെ വിളിച്ച് ചോദിച്ചു: “നാട്ടിൽ വന്ന ആ ചെറുപ്പക്കാരൻ എന്താണ് പറയുന്നത്?’’

മുആദ്(റ) അദ്ദേഹത്തിന് സൂറതുൽ ഫാതിഹ പാരായണം ചെയ്തു കേൾപിച്ചു:

“പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ. സർവസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിന്നാകുന്നു. പരമകാരുണികനും കരുണാനിധിയുമായുള്ളവൻ. പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ. നിന്നെമാത്രം ഞങ്ങൾ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. ചൊവ്വായപാതയിൽ നീ ഞങ്ങളെ നയിക്കേണമേ. (അതായത്) യാതൊരുകൂട്ടരുടെ മേൽ നീ അനുഗ്രഹം ചെയ്തിരിക്കുന്നുവോ അവരുടെ പാതയിൽ, (അതെ,) കോപവിധേയരല്ലാത്തവരും വഴിപിഴച്ചവരല്ലാത്തവരുമായവരുടെ പാതയിൽ.’’

“എത്ര ശക്തമായ വാക്കുകൾ! എത്ര മനോഹരമാണ് ഇവ. അവൻ പറയുന്നതെല്ലാം ഇങ്ങനെയാണോ?’’

“അതെ, തീർച്ചയായും! പിതാവേ, അദ്ദേഹത്തോട് കൂറുപുലർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ എല്ലാ ആളുകളും ഇതിനകം അങ്ങനെ ചെയ്തിട്ടുണ്ട്.’’

അംറ്(റ) അൽപനേരം നിശ്ശബ്ദനായി, എന്നിട്ട് പറഞ്ഞു: “ഞാൻ മനാത്തയോട് കൂടിയാലോചിച്ച് മാത്രമെ ഒരു തീരുമാനമെടുക്കൂ.’’

“പിതാവേ, മനാത്ത എന്ത് പറയും? അതൊരു മരക്കഷണം മാത്രമാണ്. അതിന് ചിന്തിക്കാനും സംസാരിക്കാനും കഴിയില്ലല്ലോ!’’

അംറ് രൂക്ഷമായി മറുപടി പറഞ്ഞു: “ഞാൻ മനാത്തയോട്് കൂടിയാലോചിക്കാതെ ഒന്നും ചെയ്യില്ല.’’

അംറ്(റ) വിഗ്രഹത്തിനു മുന്നിൽ ഭയഭക്തിയോടെ നിന്നുകൊണ്ട് അതിനെ അഭിസംബോധന ചെയ്തു:

“ഓ, മനാേത്ത! ഞങ്ങൾ നിങ്ങളെ ആരാധിക്കുന്നത് തടയാൻ ഇവിടെ ചിലർ വന്നിരിക്കുന്നു. മനോഹരമായ വാക്കുകളാണ് അവർ പറയുന്നത്, നിങ്ങളുടെ ഉപദേശം സ്വീകരിക്കാനാണ് ഞാൻ വന്നത്, അതിനാൽ എന്നെ ഉപദേശിക്കൂ.’’

രാത്രി അംറിന്റെ മക്കൾ വിഗ്രഹത്തെ ഒരു കുഴിയിലെറിഞ്ഞു. രാവിലെ ഉണർന്നപ്പോൾ അംറ് പതിവുപോലെ തന്റെ പ്രതിമയുടെ അടുത്തേക്ക് ഭയഭക്തിയോടെ ചെന്നപ്പോൾ അത് കാണാനില്ലായിരുന്നു.

“ഇന്നലെ രാത്രി നമ്മുടെ ദൈവത്തെ ആരാണ് ആക്രമിച്ചത്?’’

ആരിൽനിന്നും മറുപടിയുണ്ടായില്ല. അംറ് വിഗ്രഹം തിരയാൻ തുടങ്ങി. ഒടുവിൽ വിഗ്രഹം ഒരു കുഴിയിൽ തലകീഴായി കിടക്കുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം അത് കഴുകി സുഗന്ധം പൂശി അത് സ്ഥാപിച്ചിരുന്ന സ്ഥലത്തുതന്നെ വച്ചു.

“നിന്നോട് ആരാണ് ഇതു ചെയ്തതെന്ന് ഞാൻ കണ്ടെത്തിയാൽ, ഞാൻ അവനെ അപമാനിക്കും’’ അംറ് വിഗ്രഹത്തോട് പറഞ്ഞു.

പിന്നീടുള്ള രാത്രികളിലും ഇപ്രകാരം സംഭവിച്ചു. ഒടുവിൽ സഹികെട്ട് അംറ് വിഗ്രഹത്തിന്റെ കഴുത്തിൽ ഒരു വാൾ ഇട്ടുകൊടുത്ത് അതിനോട് പറഞ്ഞു: “മനാത്തേ, ആരാണ് നിന്നോട് ഇതു ചെയ്യുന്നതെന്ന് എനിക്കറിയില്ല, നിന്നിൽ എന്തെങ്കിലും നന്മയുടെ ശക്തിയുണ്ടെങ്കിൽ ഇതിനെതിരെ സ്വയം പ്രതിരോധി ക്കുക. ഇതാ നിനക്ക് ഒരു വാൾ.’’

തൊട്ടടുത്ത പകലും വിഗ്രഹം കുഴിയിൽ മുഖം താഴ്ത്തി കിടക്കുന്ന കാഴ്ച കണ്ട അംറിന് വിഗ്രഹത്തിന് യാതൊരു ശക്തിയുമില്ലെന്നും ആരാധിക്കപ്പെടാൻ അതിന് അർഹതയില്ലെന്നും ബോധ്യപ്പെട്ടു. അങ്ങനെ ഇസ്‌ലാമിന്റെ വഴി തിരഞ്ഞെടുത്തു.

ഏകദൈവത്തിലുള്ള വിശ്വാസത്തിന്റെ മാധുര്യം അംറ്(റ) ആസ്വദിച്ചു. അതേസമയം താൻ ശിർക്കിൽ ചെലവഴിച്ച ഓരോ നിമിഷത്തെയും ഓർത്ത് വലിയ വേദനയും അനുഭവിച്ചു. അംറ്(റ) തന്നെയും തന്റെ മക്കളെയും സമ്പത്തും അല്ലാഹുവിന്റെ മാർഗത്തിലെ സേവനത്തിനായി അർപ്പിച്ചു.