പ്രവാചകന്റെ വിവാഹങ്ങള്‍ - 08

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ജൂൺ 25, 1442 ദുൽഖഅദ 24

മയ്‌മൂന ബിൻത് അൽഹാരിഥ്(റ)

നബി ﷺ യുടെ അവസാനത്തെ വിവാഹമായിരുന്നു ഇത്. ഹിജ്‌റ ഏഴാം വർഷത്തിലാണ് ഇത് നടന്നത്. അന്ന് അവർക്ക് അമ്പത് വയസ്സ് പ്രായമുണ്ടായിരുന്നു. അബ്ബാസി(റ)ന്റെ ഭാര്യയായിരുന്ന ഉമ്മുൽ ഫദ്‌ലി(റ)ന്റെ സഹോദരിയാണ് മയ്‌മൂന(റ). അക്കാലത്ത് വലിയ സ്ഥാനവും തറവാടിത്തവും എല്ലാമുള്ള ഒരു കുടുംബത്തിലായിരുന്നു അവരുടെ വളർച്ച. ഇസ്‌ലാമിലേക്ക് വരുന്നതിന് മുമ്പ് മസ്ഊദ് എന്നൊരാൾ അവരെ വിവാഹം ചെയ്തിരുന്നതായി ചരിത്രം പറയുന്നു.

സഹോദരിയുടെ വീട് മതപഠനം നടക്കുന്ന സ്ഥലമാണ്. അവിടെവച്ച് മയ്‌മൂന(റ) നബി ﷺ യെ സംബന്ധിച്ചും അവിടുത്തേക്ക് ലഭിച്ച നേട്ടങ്ങളെ പറ്റിയുമെല്ലാം കേട്ടു. പല സംഭവങ്ങളും കേട്ടപ്പോൾ ഇസ്‌ലാമിലേക്ക് അടുപ്പം ലഭിക്കാൻ തുടങ്ങി. അങ്ങനെ ഭർത്താവ് അറിയാതെ മാനസികമായി മഹതി മുസ്‌ലിമായിട്ടുണ്ടായിരുന്നു. ഖയ്ബറിൽ മുസ്‌ലിംകൾ ജയിച്ചതിന്റെ സന്തോഷത്തിൽ ഭർത്താവിന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം ദുഃഖിതനായി ഇരിക്കുന്നതാണ് കാണുന്നത്. മുസ്‌ലിംകൾക്ക് വിജയം ലഭിച്ചതിലാണ് അയാളുടെ ദുഃഖം. ഖയ്ബറിലെ മുസ്‌ലിംകളുടെ വിജയത്തെ പറ്റി ഭർത്താവിനോട് പറഞ്ഞപ്പോൾ അയാൾക്കത് പിടിച്ചില്ല. അങ്ങോട്ടും ഇങ്ങോട്ടും സംസാരമായി. അങ്ങനെ ആ ബന്ധം മുറിഞ്ഞു.

തുണയില്ലാതെ, വിശ്വാസം പുറത്തറിയിക്കാതെ കുറെ നാൾ ഇരുന്നു. ഹിജ്‌റ ഏഴിന് മുസ്‌ലിംകൾ മക്കയിലേക്ക് ഉംറ നിർവഹിക്കാൻ വരുന്നുണ്ടെന്ന വിവരം മഹതിക്ക് കിട്ടി. അങ്ങനെ മുസ്‌ലിംകളുടെ കൂടെ ഉംറ ചെയ്യാൻ അവർ തീരുമാനിച്ചു. ആ സന്ദർഭത്തിലാണ് നബി ﷺ യുമായുള്ള വിവാഹാലോചന മയ്‌മൂന(റ)ക്ക് വരുന്നത്. നബി ﷺ യെ ഭർത്താവായി ലഭിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചവരായിരുന്നു അവർ. ആശിച്ചത് തന്നെ ലഭിച്ചു. ഉംറ നിർവഹിച്ച് മടങ്ങുമ്പോഴാണ് ഈ വിവാഹം നടക്കുന്നത്.

ഈ വിവാഹത്തിലൂടെ മയ്‌മൂന(റ)യുടെ കുടുംബത്തിന് വലിയ പ്രയോജനമുണ്ടായി എന്ന് ചരിത്രത്തിൽ കാണാം. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു മയ്‌മൂന(റ)യുടെത്. പട്ടിണികൊണ്ട് പൊറുതിമുട്ടിയ അവരുടെ കുടുംബത്തിന് വലിയ പ്രതീക്ഷക്ക് നബി ﷺ യുമായുള്ള വിവാഹം കാരണമായി എന്ന് കാണാം. അതുപോലെ അവരുടെ ഗോത്രത്തിന് ഇസ്‌ലാമിനെ കുറിച്ചുള്ള ഭയം നീങ്ങിപ്പോകാനും ഈ വിവാഹം കാരണായി.

നബി ﷺ യുടെ കാലശേഷവും അരനൂറ്റാണ്ടോളം മഹതി ജീവിച്ചിരുന്നു. ഞാൻ മരിച്ചാൽ ഞാനും നബി ﷺ യും ആദ്യമായി വീടുകൂടൽ നടന്ന സ്ഥലത്തായിരിക്കണം മറവുചെയ്യേണ്ടത് എന്ന് അവർ വസ്വിയ്യത്ത് ചെയ്തതായി കാണാം. നബി ﷺ യുമൊത്തുള്ള ജീവിതത്തിന്റെ സംതൃപ്തിയും ആനന്ദവുമാണ് അത് അറിയിക്കുന്നത്. മരണപ്പെട്ടപ്പോൾ അങ്ങനെ തന്നെ ക്വബ്‌റടക്കുകയും ചെയ്തു.

നബി ﷺ യുടെ ഈ വിവാഹങ്ങൾ ഒന്നുംതന്നെ ഒരു ദാമ്പത്യസുഖം മുന്നിൽ കണ്ട് നടത്തിയവയായിരുന്നില്ല എന്നത് പകൽ വെളിച്ചം പോലെ ആർക്കും ബോധ്യമാകുന്നതാണ്. മാത്രമല്ല, ക്വുർആനിന്റെ ഏതെങ്കിലും കൽപനക്കോ നിയമനിർദേശങ്ങൾക്കോ അവിടുന്ന് എതിര് നിൽക്കുകയും ചെയ്തിട്ടില്ല എന്നതും വ്യക്തമാണ്. തനിക്ക് പ്രത്യേക അനുമതി ലഭിച്ചത് മാത്രമെ അവിടുന്ന് ചെയ്തിട്ടുള്ളൂ.

നബി ﷺ  തന്റെ ഈ ഭാര്യമാരുടെ കൂടെ ഏറ്റവും നല്ല രൂപത്തിൽ ജീവിച്ചു. ഭർത്താവിന് ഭാര്യമാരെ പറ്റിയോ ഭാര്യമാർക്ക് ഭർത്താവിനെ പറ്റിയോ ലവലേശം മറുത്ത് പറയാനില്ലായിരുന്നു. പറഞ്ഞിട്ടുമില്ല. മാത്രമല്ല അവിടുന്ന് ജനങ്ങളോട് പറഞ്ഞു: “നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ കുടുംബത്തോട് നല്ല രൂപത്തിൽ വർത്തിക്കുന്നവരാകുന്നു. എന്റെ കുടുംബത്തോട് നിങ്ങളെക്കാൾ നന്നായി വർത്തിക്കുന്നവനാകുന്നു ഞാൻ.’’

നബി ﷺ യുടെ വിവാഹത്തെ സംബന്ധിച്ച് പറയുന്ന കൂട്ടത്തിൽ അതോടനുബന്ധമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ കൂടി നാം ഗ്രഹിക്കേണ്ടതുണ്ട്. നബി ﷺ യുടെ ഭാര്യമാരിൽ പെട്ട ഒരാൾ തന്നെയായിരുന്നു മാരിയത്തുൽ ക്വിബ്ത്വിയ്യ(റ).

നബി ﷺ  ഇസ്‌ലാമിക പ്രബോധനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ രാജാക്കന്മാർക്ക് കത്തുകൾ അയക്കാറുണ്ടായിരുന്നു. അക്കൂട്ടത്തിൽ അന്ന് ഈജിപ്ത് ഭരിച്ചിരുന്ന മുക്വൗക്വിസ് രാജാവിനും ഒരു കത്തെഴുതി. കത്തുമായി ഹാത്വിബ് ഇബ്‌നു അബീബൽതഅ(റ) അവിടേക്ക് പോയി. കത്ത് കൈപ്പറ്റിയ രാജാവ് ഇസ്‌ലാം സ്വീകരിച്ചില്ലെങ്കിലും എതിർപ്പ് കൂടാതെ അനുകൂലമായ ഒരു മറുപടിക്കത്ത് നബി ﷺ ക്ക് തിരിച്ചയച്ചു. അതോടൊപ്പം അദ്ദേഹം തന്റെ ദൂതന്മാർ മുഖേന വിവിധ സമ്മാനങ്ങളും പാരിതോഷികങ്ങളും കൊടുത്തയച്ചു. കൂട്ടത്തിൽ നബി ﷺ ക്ക് വേണ്ടി രാജാവ് നൽകിയ സമ്മാനമായിരുന്ന മഹതിയായ മാരിയ(റ). ഖദീജ(റ)ക്ക് ശേഷം നബി ﷺ ക്ക് സന്താനമുണ്ടായ ഏക ഭാര്യ ഇവരായിരുന്നു. നബി ﷺ യുടെ ഇബ്‌റാഹീം എന്ന മകൻ പിറക്കുന്നത് ഇവരിലൂടെയായിരുന്നു. കുഞ്ഞുനാളിൽ തന്നെ ആ കുഞ്ഞും മരണപ്പെടുകയുണ്ടായി. അന്ന് ഇബ്‌റാഹീമിന് ഒന്നര വയസ്സായിരുന്നു പ്രായം. ഈ കുഞ്ഞിന്റെ മരണ ദിവസത്തിൽ മദീനയിൽ ഗ്രഹണമുണ്ടാകുകയും ആളുകൾ നബി ﷺ യുടെ കുട്ടിയുടെ വിയോഗത്തിൽ സൂര്യന് ഗ്രഹണം വരെ സംഭവിച്ചു എന്ന് പറയുകയും ചെയ്തു. എന്നാൽ നബി ﷺ  സ്വഹാബിമാരെ അത് തിരുത്തുകയും, സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ മാത്രമാണെന്നും, ഒരാളുടെ ജനനം കാരണത്താലോ മരണം കാരണത്താലോ അവയ്ക്ക് ഗ്രഹണം സംഭവിക്കുകയില്ലെന്ന് പഠിപ്പിക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്.

നബി ﷺ യുടെ കൂടെ അധിക കാലം കഴിയാൻ പറ്റാതെ മാസങ്ങൾക്കകം മരണപ്പെട്ടവരാണ് ഉമ്മുൽ മസാകീൻ (അഗതികളുടെ മാതാവ്) എന്ന പേരിൽ അറിയപ്പെടുന്ന സയ്‌നബ് ബിൻത് ഖുസയ്മ(റ)യും ഖൗല ബിൻത് ഹകീമും(റ).

(അടുത്ത ലക്കത്തിൽ: ഹജ്ജതുൽ വദാഅ്)