പ്രവാചകന്റെ വിവാഹങ്ങള്‍ - 07

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ജൂൺ 18, 1442 ദുൽഖഅദ 17

ഒരു ദിവസം അർധരാത്രി റംല ബിൻത് അബീസുഫ്‌യാൻ(റ) പേടിപ്പെടുത്തുന്ന ഒരു ദുഃസ്വപ്‌നം കണ്ട് ഞെട്ടിയുണർന്നു. താൻ കണ്ട കാഴ്ച മഹതിതന്നെ പറയുന്നത് ഇപ്രകാരമാണ്: “എന്റെ ഭർത്താവിനെ ഏറ്റവും മോശമായ രൂപത്തിൽ ഞാൻ സ്വപ്‌നം കണ്ടു. ഇന്നുവരെ ഞാൻ കണ്ടിട്ടില്ലാത്ത രൂപത്തിൽ മ്ലേച്ചവും ഭീകരവുമായ രൂപം. ഞാൻ പേടിച്ച് ഞെട്ടിയുണർന്നു. അല്ലാഹുവിനോട് ഞാൻ അതിൽനിന്നും രക്ഷ ചോദിച്ചു. പ്രഭാതമായപ്പോൾ ആ സ്വപ്‌നം പുലർന്നതായി മനസ്സിലായി.’’

എന്താണ് സംഭവിച്ചത്? ഭർത്താവ് അവരെ വഞ്ചിച്ചു. അയാൾ അവിടെവച്ച് (അബിസീനിയയിൽ) ക്രിസ്തുമതം സ്വീകരിച്ചു. റംല(റ)യെയും ക്രിസ്തുമതം സ്വീകരിക്കാൻ അയാൾ നിർബന്ധിച്ചു. ഇല്ലെങ്കിൽ വിവാഹമോചനം ചെയ്യുമെന്നും മറ്റും ഭീഷണിപ്പെടുത്തി. എന്നാൽ ഇസ്‌ലാം കയ്യൊഴിക്കാൻ അവർ തയ്യാറായതേയില്ല. അവരും കൈക്കുഞ്ഞായ ഹബീബയും മാത്രമായി. അബിസീനിയയിലാണല്ലോ ആ സന്ദർഭത്തിൽ അവരുള്ളത്. കുടുംബമോ കൂട്ടുകാരോ തറവാട്ടുകാരോ ഗോത്രക്കാരോ ആരും കൂടെയില്ല. അവിടെയുള്ളവരെല്ലാം ക്രൈസ്തവരും. ഭർത്താവ് അവരുടെ പക്ഷത്ത് ചേരുകയും ചെയ്തു. അല്ലാഹുവിൽ ഭരമേൽപിച്ച്, അവനെ സൂക്ഷിച്ച് ജീവിച്ചാൽ അവൻ കൈവെടിയുകയില്ല എന്ന് ഉറച്ചുവിശ്വസിച്ച അവർക്ക് അല്ലാഹു സഹായം നൽകി. ആരും നോക്കാനില്ലാതെ നിരാലംബയായ അവർ അവിടെ വിഷമിച്ചു നിൽക്കുന്ന വിവരം നബി ﷺ  അറിഞ്ഞു. ഉടൻ നബി ﷺ  രാജാവിന് ഒരു കത്ത് അയച്ചു. അദ്ദേഹത്തോട് ഇസ്‌ലാം സ്വീകരിക്കാൻ കത്തിൽ ആവശ്യപ്പെട്ടു. അയാൾ മുസ്‌ലിമായി.

വിവാഹത്തിന് ഭർത്താവിന് പങ്കെടുക്കാൻ സാധിക്കാത്ത ഘട്ടത്തിൽ മറ്റൊരാളെ വക്കാലത്ത് ഏൽപിച്ച് നിർവഹിക്കൽ ഇസ്‌ലാം അനുവദിച്ചിട്ടുള്ളതാണ്. അതുപ്രകാരം നബി ﷺ യുടെ വക്കാലത്ത് പ്രകാരം നജ്ജാശി മുഖേന അക്കാര്യം നടന്നു. നബി ﷺ  ആവശ്യപ്പെട്ടതു പ്രകാരം നാനൂറ് ദിർഹമാണ് നജ്ജാശി മഹ്‌റായി നൽകിയത്. അങ്ങനെ എത്യോപ്യയിൽ വെച്ചാണ് വേറൊരാൾ മുഖേന റംല(റ)യെ നബി ﷺ  വിവാഹം ചെയ്യുന്നത്.

നജ്ജാശി രാജാവിന്റെ ഭൃത്യ അവരെ സമീപിക്കുകയും അവർക്ക് ലഭിച്ച സുവിശേഷം അറിയിക്കുകയും ചെയ്തു. നബി ﷺ യുടെ കത്തും വിവരങ്ങളും അവരെ അറിയച്ചു. മഹതിക്ക് അങ്ങേയറ്റം സന്തോഷമായി.

നജ്ജാശിയുടെ കൊട്ടാരത്തിൽ നടന്ന ആ വിവാഹച്ചടങ്ങിൽ അന്ന് അവിടെയുണ്ടായിരുന്ന അഭയാർഥികളായ എല്ലാവരും പങ്കെടുക്കുകയും ചെയ്തിരുന്നു. അതോടെ വിശ്വാസികളുടെ മാതാവ് എന്ന മഹനീയ സ്ഥാനത്തേക്ക് മഹതി ഉയർന്നു.

ഈ സംഭവം നടക്കുമ്പോഴേക്ക് മക്കയിൽനിന്നും മുസ്‌ലിംകൾ മദീനയിൽ എത്തി കൊല്ലങ്ങൾ പിന്നിട്ടിരുന്നു. ഹിജ്‌റ ഏഴിൽ ഖയ്ബർ ജയിച്ച കാലത്താണ് ഈ സംഭവം നടക്കുന്നത്. അങ്ങനെ അബിസീനിയയിലെ മുസ്‌ലിംകൾ മദീനയിലേക്ക് വരാൻ തീരുമാനിച്ചു. അങ്ങനെ എല്ലാവരും മദീനയിലെത്തി.

രണ്ട് സന്തോഷങ്ങളാണ് നബി ﷺ ക്ക് അന്ന് ഉണ്ടായിരുന്നത്. ഒന്ന് ഖയ്ബർ ജയിച്ചടക്കിയത്, മറ്റൊന്ന് തന്നിൽ വിശ്വസിച്ചതിന്റെ പേരിൽ എന്നോ കൂട്ടംതെറ്റിപ്പോയ സഹോദരങ്ങൾ തിരിച്ചുവന്നത്.

മദീനയിലെത്തിയ റംല(റ) നബി ﷺ യുടെ കൂടെ വീട് കൂടുമ്പോൾ നാൽപത് വയസ്സായിരുന്നു പ്രായം. നബി ﷺ ക്ക് അന്ന് അറുപതും. മൂന്നു കൊല്ലമാണ് മഹതിക്ക് നബി ﷺ യുടെ കുടെ കഴിയാനുള്ള അവസരം ലഭിച്ചത്.

നബി ﷺ യുടെ മറ്റു ഭാര്യമാർ റംല(റ)യെ വലിയ ആദരവോടെയും സ്‌നേഹത്തോടെയുമായിരുന്നു എപ്പോഴും സമീപിച്ചിരുന്നത്. തന്റെ പിതാവ് മുസ്‌ലിമാകാത്തതിൽ അവർക്ക് വലിയ വിഷമമുണ്ടായിരുന്നു. എങ്കിലും ആദർശത്തിൽ അണുഅളവ് വിട്ടുകൊടുക്കാൻ മഹതി ഒരുക്കമല്ലായിരുന്നു.

പത്തു കൊല്ലങ്ങൾക്ക് ശേഷം മകളെ കാണാനായി അബൂസുഫ്‌യാൻ(റ) മദീനയിലേക്ക് വന്നു. മകൾ റംല(റ) നബി ﷺ യുടെ ഭാര്യയായതിനാൽ ഹുദയ്ബിയ സന്ധിയിലെ നിബന്ധനകളിൽ അൽപം ഇളവ് ചെയ്യാൻ മുഹമ്മദിനോട് പറയണം എന്നു പറഞ്ഞ് മക്കക്കാർ അദ്ദേഹത്തെ അയച്ചതായിരുന്നു. മകളുടെ ഭർത്താവായതിനാൽ ആവശ്യം വേഗം നബി ﷺ  സ്വീകരിക്കുമെന്നാണ് അവർ കണക്കുകൂട്ടിയിരുന്നത്. മകളെ കാണാം, മക്കക്കാരുടെ ആവശ്യവും പറയാം എന്ന നിലയ്ക്ക് അദ്ദേഹം മദീനയിൽ എത്തി. ആദ്യമായി മകളുടെ അടുത്തേക്കാണ് ചെന്നത്. നബി ﷺ  ഇരിക്കുന്ന ഒരു വിരിപ്പുണ്ടായിരുന്നു വീട്ടിൽ. പിതാവ് വീട്ടിൽ കയറി ആ വിരിപ്പിൽ ഇരിക്കാൻ തുനിയുമ്പോൾ മകൾ നബി ﷺ യുടെ വിരിപ്പ് അവിടെ നിന്നും ചുരുട്ടി മടക്കി മാറ്റി. അബൂസുഫ്‌യാൻ മകളോട് അതിനെപ്പറ്റി ചോദിച്ചു: ‘വിരിപ്പ് മോശമായതിനാലാണോ, അതല്ല ഞാൻ മോശമായതിനാലോ?’ ‘ഇത് അല്ലാഹുവിന്റെ റസൂലി  ﷺ ന്റെ വിരിപ്പാണ്. താങ്കൾ ഒരു ബഹുദൈവവിശ്വാസിയുമാണ്. ആയതിനാൽ പ്രവാചകരുടെ വിരിപ്പിൽ താങ്കൾ ഇരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല’ എന്ന് മകൾ മറുപടി നൽകി. ‘എന്റെ അടുത്തുനിന്നും പോയതിന് ശേഷം നീ ഇത്ര മോശമായി പെരുമാറാൻ തുടങ്ങിയോ’ എന്ന് പിതാവ് ചോദിക്കുന്നു. ‘നിങ്ങൾ ക്വുറയ്ശികളുടെ നേതാവാണ്. കാണുകയും കേൾക്കുകയും ചെയ്യാത്ത കല്ലുകളെയും മരങ്ങളെയുമെല്ലാം ആരാധിക്കുന്നയാളാണല്ലോ താങ്കൾ. എനിക്ക് അല്ലാഹു ഇസ്‌ലാമിലേക്ക് മാർഗദർശനം നൽകിയിരിക്കുന്നു. ഞാൻ ഈ മാർഗമാണ് തെരഞ്ഞടുത്തിരിക്കുന്നത്’ എന്നെല്ലാം മകൾ മറുപടിയും നൽകി. അവസാനം പിതാവ് അവിടെനിന്നും ഇറങ്ങിപ്പോകുകയാണ് ഉണ്ടായത്. വിശ്വാസത്തിന്റെ കാഠിന്യം ഏത് പ്രതികൂല സാഹചര്യത്തെയും പ്രതികൂലിയെയും തകർക്കുന്നതാണെന്ന സത്യം നമുക്ക് ഇതിൽനിന്നും മനസ്സിലാക്കാം.

റംല(റ)യുടെ ജീവിതത്തിന്റെ ഓരോ ഘട്ടവും ത്യാഗത്തിന്റെയും പരീക്ഷണങ്ങളുടെതുമായിരുന്നു. മക്കാവിജയത്തോടെ റംല(റ)ക്ക് സന്തോഷമായി. കാരണം, പിതാവ് മുസ്‌ലിമായി. കുടുംബവും ഇസ്‌ലാം സ്വീകരിച്ചു.

നബി ﷺ യുടെ മരണശേഷം മഹതി അവരുടെ വീട്ടിൽതന്നെ കഴിച്ചുകൂട്ടി. നമസ്‌കാരത്തിന് വേണ്ടിയല്ലാതെ വീട്ടിൽനിന്ന് പുറത്തിറങ്ങാറേയില്ലായിരുന്നു. ഹജ്ജിന് വേണ്ടിയല്ലാതെ മദീനയുടെ പുറത്തേക്കും മഹതി പോകാറുണ്ടായിരുന്നില്ല. മരണംവരെ അവർ ഇബാദത്തിൽ മുഴുകി. ഹിജ്‌റ 44 ൽ മഹതി മരണപ്പെട്ടു. മരണസമയത്ത് ആഇശ(റ)യുടെയും ഹഫ്‌സ(റ)യുടെയും കൈപിടിച്ച് ഇപ്രകാരം പറഞ്ഞു: ‘നമ്മൾ ഒരു ഭർത്താവിന്റെ ഭാര്യമാരായിരുന്നു. വല്ല പ്രയാസവും റംലയിൽനിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ എനിക്ക് മാപ്പുതരണം.’ അപ്പോൾ ഇരുവരും റംല(റ)ക്ക് വേണ്ടി പ്രാർഥിച്ചുവെന്നും നമുക്ക് ചരിത്രത്തിൽ കാണാം. മരിക്കുന്ന അന്ന് മഹതിക്ക് 73 വയസ്സ് പ്രായമുണ്ടായിരുന്നു. ബക്വീഇൽതന്നെയാണ് അവരെയും മറവുചെയ്തത്.

സ്വഫിയ്യ ബിൻത് ഹുയയ്യ്(റ)

സ്വഫിയ്യ(റ) ഒരു ജൂതകുടുംബത്തിലാണ് ജനിച്ചത്. പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. ബനൂ നദീർ ഗോത്രക്കാരിയായിരുന്നു മഹതി. നബി ﷺ  മദീനയിൽ വന്നപ്പോൾ അവിടെ പ്രസിദ്ധമായ കുറെ ഗോത്രങ്ങൾ ഉണ്ടായിരുന്നു. ബനൂക്വയ്‌നുക്വാഅ്, ബനൂനദീർ തുടങ്ങിയ വ്യത്യസ്തങ്ങളായ ഗോത്രങ്ങൾ. ഹാറൂൻ നബി(അ)യുടെ വംശപരമ്പരയിൽ പെട്ടവരായിരുന്നു സ്വഫിയ്യ(റ).

നബി ﷺ  മദീനയിൽ എത്തിയപ്പോൾ ജൂതഗോത്രക്കാരുമായി സംഘട്ടനത്തിന് ഉദ്ദേശിച്ചിരുന്നില്ല. മറിച്ച്, അവരുമായി സന്ധിയിൽ ഏർപെട്ട് സമാധാനപരമായി കഴിയാനാണ് അവിടുന്ന് ശ്രമം നടത്തിയത്. വിശ്വസിച്ചാൽ ചതിക്കുന്ന വഞ്ചകന്മാരാണല്ലോ ജൂതന്മാർ. ആ വഞ്ചന അവർ നബി ﷺ യോടും ചെയ്തു. അവർ നബി ﷺ യോട് രഹസ്യമായി യുദ്ധത്തിനൊരുങ്ങി. അതിനെപ്പറ്റിയുള്ള വിവരം കിട്ടിയ നബി ﷺ  അവരെ കീഴ്‌പെടുത്തി. കൂടാതെ, കൈവശം വെച്ച് പോകാൻ കഴിയുന്ന അത്ര സമ്പാദ്യം എടുത്ത് മദീനയിൽനിന്നും പുറത്തുപോകാനും നബി ﷺ  അവരോട് കൽപിച്ചു. ഖയ്ബറിലേക്കായിരുന്നു നബി ﷺ  അവരെ നാടുകടത്തിയിരുന്നത്. അത് ജൂതന്മാരുടെ ഭൂരിപക്ഷ പ്രദേശവുമായിരുന്നു. പാത്തും പതുങ്ങിയും പാർക്കാൻ പറ്റുന്ന വിധത്തിലുള്ള കോട്ടകളും കൊട്ടാരങ്ങളും അവർക്ക് ഖയ്ബറിൽ ഉണ്ടായിരുന്നു. മദീനയിൽനിന്നും നാട് കടത്തപ്പെട്ട ജൂതന്മാർ ഖയ്ബറിൽ എത്തിയപ്പോൾ ഖയ്ബറിലെ ജൂതന്മാർക്ക് വലിയ സന്തോഷമായി. അവർക്ക് വേണ്ട എല്ലാ സംരക്ഷണങ്ങളും അവർ ഒരുക്കി.

ഹിജ്‌റ ഏഴാം വർഷത്തിലാണ് നബി ﷺ യുടെ സ്വഫിയ്യ(റ)യുമായുള്ള വിവാഹം നടക്കുന്നത്. യഹൂദി നേതാവും നദീർ ഗോത്രത്തിന്റെ തലവനുമായിരുന്നു ഹുയയ്യ്. മുസ്‌ലിംകളുടെ കരങ്ങളാൽ അയാൾ വധിക്കപ്പെട്ടിരുന്നു. ഇസ്‌ലാമിനോട് ശക്തമായ കുടിപ്പകയും ശത്രുതയും വച്ചുപുലർത്തിയിരുന്ന വ്യക്തിയായിരുന്നു അയാൾ. അയാളുടെ മകളാണ് സ്വഫിയ്യ(റ). അയാളുടെ ഗോത്രക്കാരും ഖയ്ബറുകാരും മറ്റു ജൂതന്മാരും ഇസ്‌ലാമിനെതിരിൽ ഒളിഞ്ഞും തെളിഞ്ഞും അജണ്ടകൾ ഉണ്ടാക്കിത്തുടങ്ങി.

മദീനക്കെതിരിൽ ജൂതന്മാർ ഒരുങ്ങുന്നുണ്ടെന്ന വിവരം അറിഞ്ഞ നബി ﷺ  ഖയ്ബറിലേക്ക് സൈന്യവുമായി പുറപ്പെട്ടു. പിന്നീട് അവിടെവച്ച് യുദ്ധം നടന്നു. ഇസ്‌ലാമിന് വലിയ വിജയം നേടാൻ സാധിച്ചു.

ഖയ്ബർ യുദ്ധത്തിൽ സ്വഫിയ്യ(റ)യുടെ ഭർത്താവ് കിനാന കൊല്ലപ്പെടുകയുണ്ടായി. സ്വഫിയ്യ(റ) ബന്ധികളുടെ കൂട്ടത്തിൽ പിടിക്കപ്പെടുകയും ചെയ്തു. ഒരു വലിയ നേതാവിന്റെ മകൾക്ക് അടിമത്തം എന്നത് എത്ര പ്രയാസകരമാകും! ആ സന്ദർഭത്തിൽ ആ ഗോത്രത്തെ തന്നിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തിൽ മോചനമൂല്യം വിവാഹത്തിന്റെ മഹ്‌റായി നിശ്ചയിച്ച് നബി ﷺ  അവരെ വിവാഹം ചെയ്തു. അങ്ങനെ നദീർ ഗോത്രം ഒന്നടങ്കം ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു.

നബി ﷺ  അവരെ വിവാഹം ചെയ്യുന്നതിനുമുമ്പ് രണ്ടുപ്രാവശ്യം അവരുടെ വിവാഹം നടന്നിരുന്നു. രണ്ടാമത്തെ ഭർത്താവാണ് കിനാന. നബി ﷺ യാണ് മൂന്നാമത് മഹതിയെ വിവാഹം ചെയ്യുന്നത്.

ഖയ്ബറിൽനിന്നും മദീനയിലേക്ക് പുതിയ മണവാട്ടിയെയുമായി നബി ﷺ  എത്തി. മറ്റു ഭാര്യമാർക്ക് വിഷമമാകുമെന്ന് വിചാരിച്ച് മറ്റൊരു സ്വഹാബിയുടെ വീട്ടിലേക്കാണ് നബി ﷺ  എത്തിച്ചത്. ഹാരിസ ഇബ്‌നു നുഅ്മാൻ(റ) ആയിരുന്നു ആ സ്വഹാബി. പക്ഷേ, മദീനയിൽ എത്തുന്നതിന് മുമ്പേതന്നെ വിവരം ആളുകൾ അറിഞ്ഞിരുന്നു. നബി ﷺ യുടെ പുതിയ ഭാര്യയെ കാണാൻ മദീനയിലെ സ്ത്രീകൾ തിരക്കുകൂട്ടി. കൂട്ടത്തിൽ ആഇശ(റ)യും ഉണ്ടായിരുന്നു. ആഇശ(റ)യോട് നബി ﷺ  മഹതിയെപ്പറ്റി അഭിപ്രായം ചോദിച്ചു. സ്വാഭാവികമായ ഒരു രോഷം ആഇശ(റ)യുടെ മറുപടിയിൽ ഉണ്ടായി എന്നാണ് ചരിത്രം പറയുന്നത്. നബി ﷺ  ആഇശ(റ)യെ പറഞ്ഞ് ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകുയും ചെയ്തു.

ജൂതപാരമ്പര്യമാണ് സ്വഫിയ്യ(റ)ക്ക് ഉള്ളതെന്നു പറഞ്ഞ് പലപ്പോഴും അവർ പ്രയാസപ്പെടുത്തപ്പെടാറുണ്ടായിരുന്നു. എന്നാൽ ജൂതന്മാരുടെ വഞ്ചനാത്മക സ്വഭാവത്തിന് പകരം താൻ ഒരു മുസ്‌ലിമായ സ്ത്രീയാണെന്ന് തെളിയിക്കാൻ മഹതി നബി ﷺ യെ ഏറെ സ്‌നേഹിച്ചു. അവിടുത്തേക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു.

നബി ﷺ യുടെ മക്കളോട് സ്വഫിയ്യ(റ) അളവറ്റ വാത്സല്യം കാണിച്ചിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം മകൾ ഫാത്വിമ(റ) സ്വഫിയ്യ(റ)യെ കാണാൻ ചെന്നപ്പോൾ തന്റെ കഴുത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങൾ ഫാത്വിമക്ക് സമ്മാനമായി നൽകിയത് നമുക്ക് ചരിത്രത്തിൽ കാണാൻ സാധിക്കും.

നബി ﷺ യുടെ കാലശേഷവും മഹതി ഒട്ടേറെ കാലം ജീവിച്ചിരുന്നു. ഉസ്മാൻ(റ)വിന് എതിരിൽ ശത്രുക്കൾ ഒരുമിക്കുകയും, വീടുവളഞ്ഞ് ഉപരോധിക്കുകയും ചെയ്തപ്പോൾ ഹസൻ(റ)വിനെ കൂട്ടുപിടിച്ച് സ്വഫിയ്യഃ(റ) അവരെ ചെറുത്തിരുന്നു. ഭക്ഷണം പോലും ഇല്ലാതെ വീട്ടിൽ തടങ്കലാക്കപ്പെട്ടപ്പോൾ ഖലീഫക്ക് ഭക്ഷണം എത്തിക്കാൻ മഹതി വലിയ ത്യാഗം സഹിച്ചതായും കാണാം.

ഹിജ്‌റഃ 50ൽ മുആവിയ(റ) ഭരിച്ചിരുന്ന കാലത്താണ് മഹതി മരണപ്പെടുന്നത്. ബക്വീഇൽ തന്നെയാണ് അവരെയും ക്വബ്‌റടക്കിയത്.

മാരിയതുൽക്വിബ്ത്വിയ(റ)

നബി ﷺ ക്ക് ഉണ്ടായിരുന്ന ഒരു അടിമ സ്ത്രീയായിരുന്നു മാരിയ(റ). നബി ﷺ ക്ക് ഖദീജ(റ)യിലായിരുന്നു എല്ലാ മക്കളും ഉണ്ടായിരുന്നത്; ഒരു ആൺകുട്ടി ഒഴികെ. ആ കുട്ടി നബി ﷺ ക്ക് ജനിക്കുന്നത് ഇവരിലൂടെയായിരുന്നു.

മക്കയിലും മദീനയിലും ഇസ്‌ലാം വ്യാപിച്ചപ്പോൾ മറ്റു നാടുകളിലേക്കും ഇസ്‌ലാം എത്തിക്കുന്നതിനായി നബി ﷺ  തീരുമാനിച്ചു. അങ്ങനെ റോമിലേക്കും പേർഷ്യയിലേക്കും ഈജിപ്തിലേക്കും യമനിലേക്കുമെല്ലാം ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുകളുമായി നബി ﷺ  ദൂതന്മാരെ അയച്ചു. ക്വിബ്ത്വികളുടെ രാജാവിനും കത്ത് കിട്ടി. റോം, പേർഷ്യൻ രാജാക്കന്മാരെപോലെ ധിക്കാര മനോഭാവമുള്ള ആളല്ലായിരുന്നു അദ്ദേഹം. അൽപം അയവുള്ള പ്രകൃതക്കാരനായിരുന്നു. അദ്ദേഹം മുസ്‌ലിമായില്ലെങ്കിലും എതിർത്തില്ല. മാത്രവുമല്ല, ദൂതന്റെ പക്കൽ നബി ﷺ ക്കായി ധാരാളം സമ്മാനങ്ങൾ നൽകി. സമ്മാനങ്ങളുടെ കൂട്ടത്തിൽ കിട്ടിയതാണ് മാരിയ(റ)യെ.

നബി ﷺ  അവരെ ഇണയായി സ്വീകരിച്ചു. അവരിൽ ഒരു കുഞ്ഞും ജനിച്ചു. നബി ﷺ ക്ക് അത്യധികം സന്തോഷമായി. കാരണം, ഖദീജ(റ)യുടെ ശേഷം പിന്നീട് അവിടുത്തേക്ക് മക്കളുണ്ടായിട്ടില്ലല്ലോ. ഇപ്പോൾ പിറന്നത് ആൺകുട്ടിയും. കുട്ടിക്ക് നബി ﷺ  ഇബ്‌റാഹീം എന്ന് പേരിട്ടു.

കുട്ടിയെ എടുത്ത് നബി ﷺ  ലാളിക്കുകയും മടിയിൽ വെക്കുകയും ചുംബിക്കുകയും ചെയ്യുമായിരുന്നു. ആ കുട്ടിയും അധിക കാലം ജീവിച്ചില്ല. ഒന്നര വയസ്സ് ആകുന്നതിനുമുമ്പ് ആ കുട്ടിയും മരണപ്പെട്ടു. നബി ﷺ യെ അങ്ങേയറ്റം ദുഃഖിപ്പിച്ച മരണമായിരുന്നു അത്. കാരുണ്യത്തിന്റെ കണ്ണുനീർ ഒഴുകി. എങ്കിലും അക്ഷമ കാണിച്ചില്ല. കുട്ടിയുടെ മരണശേഷം നബി ﷺ യും അധികകാലം ജീവിച്ചിരുന്നില്ല. മാരിയ(റ)ക്ക് അടുത്തടുത്തായി രണ്ട് പ്രയാസങ്ങൾ! ആദ്യം ജീവിതത്തിലുണ്ടായ ആദ്യത്തെ കുട്ടിയുടെ മരണം. രണ്ടാമത്തെത് തന്റെ പ്രിയഭർത്താവിന്റെ മരണവും.

മതനിഷ്ഠയും ദാനധർമശീലവുമുള്ള ഉൽകൃഷ്ട സ്വഭാവക്കാരിയായിരുന്നു മഹതി മാരിയ(റ). സ്വഹാബിമാർ അവരോട് വലിയ ആദരവോടെയായിരുന്നു പെരുമാറിയിരുന്നത്. ഉമറി(റ)ന്റെ കാലത്താണ് മഹതി വഫാത്താകുന്നത്. അവരുടെ ജനാസ നമസ്‌കാരത്തിന് നേതൃത്വം നൽകിയത് ഉമർ(റ) ആയിരുന്നു. മകൻ ഇബ്‌റാഹീമിന്റെ ക്വബ്‌റിന്റെ സമീപത്തായി മഹതിയെയും മറമാടി.

(അവസാനിച്ചില്ല)