പ്രവാചകന്റെ വിവാഹങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 മെയ് 07, 1442 ശവ്വാൽ 06

(മുഹമ്മദ് നബി ﷺ 71)

നബി ﷺ യുടെ വിവാഹങ്ങള്‍ക്കുള്ള പൊതുവായ കാരണങ്ങള്‍

ഒന്ന്: ഇസ്‌ലാം മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും പ്രതിപാദിക്കുന്ന മതമാണ്. വിപുലമായ ഒരു നിയമസംഹിതയാണ് ഇസ്‌ലാം. അതിന്റെ പ്രായോഗികമായ മാതൃക ലോകര്‍ക്ക് കാണിച്ചുതരേണ്ടത് മുഹമ്മദ് നബി ﷺ തന്നെയാണ്. അതിനാല്‍ സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങളും ഇസ്‌ലാമില്‍ ഉണ്ടാകുക എന്നത് സ്വാഭാവികം. സ്വകാര്യജീവിതത്തില്‍ പാലിക്കേണ്ട പല കാര്യങ്ങളും ഉണ്ടാകുമല്ലോ. ഒരു സ്ത്രീ ഋതുമതിയാകുമ്പോള്‍ ഭര്‍ത്താവുമായുള്ള അടുപ്പം ഏതുവരെയാകാം, ഋതുമതിയായ ഒരു പെണ്ണ് അതില്‍നിന്നും എങ്ങനെയാണ് ശുദ്ധിയാകേണ്ടത് തുടങ്ങിയ അനേകം സ്വകാര്യമായ കാര്യങ്ങള്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് ഉണ്ടല്ലോ. ഇത്തരം കാര്യങ്ങളും ലോകത്തെ സ്ത്രീകള്‍ക്ക് എത്തിക്കുക എന്നതും നബി ﷺ യുടെ കര്‍ത്തവ്യത്തില്‍ പെട്ടതാണ്. ഇൗ കാര്യങ്ങള്‍ സ്ത്രീകള്‍വഴി മാത്രമെ എത്തിക്കാന്‍ സാധിക്കൂ. ഇതെല്ലാം നബി ﷺ യുടെ ഭാര്യമാരിലൂടെയാണ് നാം മനസ്സിലാക്കുന്നത്. അതുപോലെ ഇസ്‌ലാമിലെ ശാഖാപരമായ പല കാര്യങ്ങളും നമുക്ക് ലഭിച്ചതും നബി ﷺ യുടെ ഭാര്യമാരിലൂടെ തന്നെയാണ്.

രണ്ട്: ഇസ്‌ലാമിക പ്രബോധനത്തിന് പുരുഷന്മാര്‍ അന്ന് ധാരാളം ഉണ്ടായിരുന്നു. നബി ﷺ യില്‍നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ അത്യുത്സാഹം കാണിച്ചവരായിരുന്നു അവര്‍. അതുപോലെ സ്ത്രീകള്‍ക്കായി മതവിഷയങ്ങള്‍ പഠിപ്പിക്കുന്നതിനുവേണ്ടി സ്വകാര്യഭവനങ്ങള്‍ പോലും ഉണ്ടായിരുന്നു. നബി ﷺ യുടെ ഭാര്യമാര്‍ അദ്ദേഹത്തിന്റെ കൂടെ ജീവിക്കുന്ന മഹതികളായിരുന്നല്ലോ. അതിനാല്‍ നബി ﷺ യെ കൂടുതല്‍സമയം കാണാനും കേള്‍ക്കാനും അറിയാനും അവര്‍ക്ക് ധാരാളം അവസരമുണ്ടായിരുന്നു. അവരുടെ ഭവനങ്ങളില്‍വച്ചും യാത്രകളില്‍വച്ചും മറ്റു സന്ദര്‍ഭങ്ങളിലുമെല്ലാം അവര്‍ക്ക് അതിനുള്ള സാഹചര്യങ്ങള്‍ ലഭിച്ചു. അങ്ങനെ അവിടുത്തെ ഭാര്യമാരില്‍ പലരും പ്രഗത്ഭരായ പണ്ഡിതകളായി മാറി. സ്വഹാബിമാരായ പുരുഷന്മാര്‍പോലും പല കാര്യങ്ങളിലും സംശയം ചോദിക്കാന്‍ നബി ﷺ യുടെ ഭാര്യമാരെ സമീപിച്ചിരുന്നതായി നമുക്ക് ചരിത്രത്തില്‍ കാണാന്‍ സാധിക്കും. ഈ മഹതികള്‍ക്ക് മറ്റു സ്ത്രീകളിലേക്ക് ഇസ്‌ലാമിക സന്ദേശം എത്തിക്കുവാനും സാധിച്ചു. ഇങ്ങനെ സ്ത്രീകള്‍ക്ക് മതവിജ്ഞാനം എത്തിക്കുന്നതിനും ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായത് നബി ﷺ ക്ക് കൂടുതല്‍ സഹായകരമായി.

മൂന്ന്: ഇസ്‌ലാമിനുനേരെയും പ്രവാചകനുനേരെയും അറബികളുടെയും യഹൂദികളുടെയും ശത്രുത അതിശക്തമായിരുന്നു. അവരുടെ ശത്രുതയും അക്രമവും ഇല്ലാതാക്കാന്‍ നബി ﷺ അവരുടെ ഗോത്രങ്ങളില്‍നിന്ന് വിവാഹം ചെയ്തു. ഇങ്ങനെ വിവാഹം ചെയ്യുന്നതുവഴി ആ ഗോത്രക്കാര്‍ മുഴുവനും ശത്രുത ഒഴിവാക്കി സ്‌നേഹം പങ്കിടാന്‍ നിമിത്തമാകുമായിരുന്നു. ഇന്നത്തെ പോലെയായിരുന്നില്ല അക്കാലത്തെ അവസ്ഥ. വൈവാഹിക ബന്ധസ്ഥാപനത്തിലൂടെ ആയിരക്കണക്കിനാളുകള്‍ സ്‌നേഹബന്ധത്തിലാകുമായിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയും പല അറബി ഗോത്രങ്ങളുമായും നബി ﷺ വിവാഹ ബന്ധത്തിലേര്‍പ്പെട്ടു. അതുകാരണത്താല്‍ ശത്രുത കുറയുകയും ചെയ്തു. അങ്ങനെ ഇസ്‌ലാമിക പ്രബോധനം അവരില്‍ സുഗമമാകുകയും ചെയ്തു.

നാല്: വിവാഹബന്ധത്തിന് വലിയ സ്ഥാനം അക്കാലത്ത് നിലവിലുണ്ടായിരുന്നു. മുസ്‌ലിം കുടുംബങ്ങളെത്തന്നെ കൂടുതല്‍ അടുപ്പിക്കുന്നതിന് വേണ്ടിയും, നബി ﷺ യോടുള്ള ബന്ധം നിലനില്‍ക്കുന്നതിനാല്‍ നബി ﷺ ക്ക് വേണ്ടിയും മുസ്‌ലിംകള്‍ക്ക് വേണ്ടിയും കൂടുതല്‍ ത്യാഗസന്നദ്ധരാകുന്നതിന് വേണ്ടിയും നബി ﷺ വിവാഹം ചെയ്തു.

അഞ്ച്: നബി ﷺ യുടെ ഭാര്യാപദം മോഹിച്ച് പലരും നബി ﷺ യോട് വിവാഹാലോചന നടത്തിയിരുന്നു. അവരില്‍ കിഴവികളായവര്‍ പോലും ഉണ്ടായിരുന്നു. നബി ﷺ യുടെ കൂടെ സുഖം പങ്കിടാന്‍ മോഹിച്ചായിരുന്നില്ല അവരുടെ വിവാഹാലോചനകള്‍. വൃദ്ധകളായ അവര്‍ അവരുടെ ദിവസങ്ങള്‍ മറ്റു ഭാര്യമാര്‍ക്ക് നല്‍കാന്‍ പോലും സന്നദ്ധത പ്രകടിപ്പിച്ചാണ് അതിനു തയ്യാറായത്. ഇത്തരം സന്ദര്‍ഭത്തിലും നബി ﷺ വിവാഹം ചെയ്തു.

മുകളില്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ നബി ﷺ വിവാഹം ചെയ്തു എന്ന് പറയുമ്പോള്‍ എണ്ണിക്കണക്കാക്കാന്‍ പറ്റാത്തത്ര വിവാഹങ്ങള്‍ നബി ﷺ ചെയ്തിരുന്നു എന്ന് ആരും വിചാരിക്കരുത്. അല്ലാഹു നബി ﷺ ക്ക് വ്യക്തമായി അനുവദിച്ച പരിധിയിലൊതുങ്ങിക്കൊണ്ടല്ലാത്ത ഒരു വിവാഹവും നബി ﷺ നടത്തിയിട്ടുമില്ല. ഒരു പുരുഷന് നാല് വിവാഹംവരെ ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നബി ﷺ യുടെ പത്‌നിമാരുടെ എണ്ണം നാലില്‍ കൂടുതലായതിനെപ്പറ്റി ഒരു മുസ്‌ലിമും സംശയിച്ചുകൂടാ. അല്ലാഹു നബി ﷺ ക്ക് നല്‍കിയ പ്രത്യേകമായ അനുവാദമാണ് ഇതെന്ന് നാം ഉറച്ച് വിശ്വസിക്കേണ്ടതുണ്ട്. മറ്റുള്ളവരെ അളക്കുന്ന മാനദണ്ഡം കൊണ്ടാകരുത് നബി ﷺ യെ നാം അളക്കേണ്ടത്. നബി ﷺ ക്ക് അല്ലാഹു പല കാര്യങ്ങളിലും പ്രത്യേകത നല്‍കിയിട്ടുണ്ട്. അങ്ങനെ നല്‍കിയ പ്രത്യേകതകളില്‍ പെട്ടതാണ് നബി ﷺ യുടെ വിവാഹങ്ങളും.

നബി ﷺ യുടെ ഭാര്യമാര്‍ ആരൊക്കെയാണ് എന്ന് ചുരുക്കി വിവരിക്കാം:

ഖദീജ(റ)

നബി ﷺ യുടെ ജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്ന ജീവിതസഖിയാണ് ഖദീജ ബിന്‍ത് ഖുവയ്‌ലിദ്(റ). അവര്‍ എ.ഡി 566ല്‍ ജനിക്കുകയും എ.ഡി 629ല്‍ മരണപ്പെടുകയും ചെയ്തു.

ത്വാഹിറ, സയ്യിദതു ക്വുറയ്ശ്, ഉമ്മുക്വാസിം എന്നീ പേരുകളില്‍ മഹതി അറിയപ്പെട്ടിരുന്നു. ഖദീജ(റ)യുടെ കുടുംബം മക്കയില്‍ പേരും പ്രശസ്തിയുമുള്ള കുടുംബമായിരുന്നു. അവരുടെ പിതാവിന്റെയും മാതാവിന്റെയും പിതൃപരമ്പര നബി ﷺ യുടെ പിതൃപരമ്പരയില്‍ സന്ധിക്കുന്നതായി കാണാന്‍ സാധിക്കും. മാതാവ് ഫാത്വിമ സുന്ദരിയായ ഒരു മഹതിയായിരുന്നു. അവരുടെ സൗന്ദര്യം ഖദീജ(റ)ക്കും ലഭിച്ചിരുന്നു. പിതാവ് ബുദ്ധികൂര്‍മതയുള്ള, മാനസികമായ ധൈര്യമുള്ളയാളായിരുന്നു. പിതാവിന്റെ ഈ ഗുണങ്ങളും അവരില്‍ ഉണ്ടായിരുന്നു. പിതൃസഹോദരനായിരുന്നു വറക്വതുബ്‌നു നൗഫല്‍. അദ്ദേഹം നല്ല പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ അറിവും വിവേകവും ഖദീജ(റ)ക്ക് ലഭിച്ചിരുന്നു. അഥവാ സൗന്ദര്യം, ബുദ്ധി, മാനസികധൈര്യം, അറിവ് തുടങ്ങിയവയുള്ള സദ്ഗുണ സമ്പന്നയായിരുന്നു മഹതി ഖദീജ(റ). അതിനാല്‍ത്തന്നെ ഖദീജയെ ഇണയായി ലഭിച്ചാല്‍ നന്നായിരുന്നു എന്ന് ആഗ്രഹിച്ചിരുന്ന പലരും അവിടെയുണ്ടായിരുന്നു. പലരും വിവാഹാന്വേഷണവുമായി സമീപിക്കുകയും ചെയ്തിരുന്നു.

നബി ﷺ വിവാഹം ചെയ്യുന്നതിനു മുമ്പ് രണ്ടുതവണ മഹതി വിവാഹിതയായിട്ടുണ്ടായിരുന്നു. അവരില്‍ അവര്‍ക്ക് മക്കളും ഉണ്ടായിരുന്നു. ആദ്യത്തെ ഭര്‍ത്താവ് തമീമ് ഗോത്രക്കാരനായ അബൂഹാലയായിരുന്നു. ഹാല, ഹിന്ദ് എന്നീ രണ്ട് ആണ്‍കുട്ടികള്‍ ആ ഭര്‍ത്താവില്‍ അവര്‍ക്ക് ജനിച്ചിരുന്നു. ഈ രണ്ടുപേരുകളും ആണിനും പെണ്ണിനും ഉപയോഗിക്കുന്ന പേരുകളാണ്. ഈ ഹിന്ദ് ഉഹ്ദ് യുദ്ധത്തില്‍ നബി ﷺ യുടെ കൂടെ പങ്കെടുത്തിരുന്നു എന്നും നമുക്ക് കാണാവുന്നതാണ്. അബൂഹാല മരണപ്പെട്ടതിന് ശേഷം അടുത്ത വിവാഹവും നടന്നു. അതീക്വ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ബനൂമഖ്‌സൂം ഗോത്രക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹം ഖദീജ(റ)യെ വിവാഹമോചനം നടത്തിയെന്നാണ് പറയപ്പെടുന്നത്.

പിന്നീട് ധാരാളം വിവാഹാലോചനകള്‍ വന്നെങ്കിലും എല്ലാം മഹതി നിരസിക്കുകയാണ് ചെയ്തത്. മക്കളെ നോക്കി കഴിച്ചുകൂട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും മറ്റൊരു വിവാഹത്തിന് ഇപ്പോള്‍ ആലോചനയില്ലെന്നും തന്റെ സമ്പത്ത് നോക്കി, കച്ചവടം നടത്തി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ അവര്‍ക്കെല്ലാം ഉത്തരം നല്‍കി.

ഖദീജ(റ) സമ്പന്നയായ ഒരു സ്ത്രീയായിരുന്നു. അക്കാലത്ത് മക്കക്കാരുടെ ഏക വരുമാനമാര്‍ഗം കച്ചവടമായിരുന്നല്ലോ. ഖദീജ(റ)യും കച്ചവടക്കാരിയായിരുന്നു. ഭൃത്യന്‍ മയ്‌സറത്തിനെയായിരുന്നു മഹതി തന്റെ കച്ചവടം ഏല്‍പിച്ചിരുന്നത്. പിന്നീട് മക്കയിലെ മുഹമ്മദിനെ ﷺ പറ്റി വിവരം ലഭിക്കുകയും മയ്‌സറത്തിന്റെ കൂടെ പ്രവാചകനെയും കച്ചവടത്തിന് അയക്കുകയും ചെയ്തു. ആ കച്ചവടത്തിലെ അത്ഭുതങ്ങളും നബിയുടെ സ്വഭാവ ഗുണങ്ങളും ഭൃത്യന്‍ മയ്‌സറത് ഖദീജയുമായി പങ്കുവെച്ചു. അത് ഖദീജ(റ)യില്‍ നബി ﷺ യെക്കുറിച്ച് മതിപ്പും ആഗ്രഹവും ജനിക്കുവാന്‍ ഇടയാക്കി. പക്ഷേ, എങ്ങനെ തന്റെ ആഗ്രഹം പ്രകടമാക്കും? പലരും വിവാഹാലോചനയുമായി തന്നെ സമീപിച്ചപ്പോള്‍ നിരസിക്കുകയാണല്ലോ ചെയ്തത്! അങ്ങനെ തന്റെ ആഗ്രഹം മനസ്സില്‍ കൊണ്ടുനടക്കുന്ന സമയത്താണ് കൂട്ടുകാരി നഫീസ ഖദീജ(റ)യുടെ അരികില്‍ വരുന്നത്. മഹതിയുടെ മുഖത്തെ മ്ലാനതയും വിഷമവും കൂട്ടുകാരി ചോദിച്ചറിഞ്ഞു. നഫീസ മഹതിയെ ആശ്വസിപ്പിച്ചു: ‘‘ഖദീജാ, നീ കുലീനതയും പാതിവൃത്യവും സൗന്ദര്യവും സമ്പത്തുമുള്ള, ഉന്നത കുടുംബക്കാരിയായ, മക്കയില്‍ പേരും പ്രശസ്തിയുമുള്ളവളാണല്ലോ. രണ്ട് വിവാഹം കഴിഞ്ഞവളാണെങ്കിലും മക്കളുള്ളവളാണെങ്കിലും മുഹമ്മദ് ഈ വിവാഹം നിരസിക്കുകയില്ല. ഞാന്‍ അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിക്കാം.’’അങ്ങനെ നഫീസ നബി ﷺ യുടെ വീട്ടിലേക്ക് പോയി. നബി ﷺ യോട് അവര്‍ ചോദിച്ചു: ‘വിവാഹപ്രായം എത്തിയല്ലോ. വിവാഹത്തിന് താങ്കള്‍ക്ക് എന്താണ് തടസ്സം?’ നബി ﷺ പറഞ്ഞു: ‘എന്റെ കൈവശം ഒന്നുമില്ല. വിവാഹത്തിന് മഹ്‌ർ നല്‍കണമല്ലോ, ഇണയെ പോറ്റിവളര്‍ത്തുകയും വേണം. അതിനുള്ള സാമ്പത്തികമായ യാതൊന്നും എനിക്കില്ല.’ നഫീസ ചോദിച്ചു: ‘ശരി, കുലീനയായ, സമ്പന്നയായ, സൗന്ദര്യമുള്ള, ചേര്‍ച്ചയുള്ള ഒരു പെണ്ണ് താങ്കളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചാല്‍ താങ്കള്‍ അത് സമ്മതിക്കുമോ?’ നബി ﷺ ചോദിച്ചു: ‘അത് ആരാണ്?’ നഫീസ പറഞ്ഞു: ‘ഖദീജ ബിന്‍ത് ഖുവയ്‌ലിദ്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അവര്‍ അതിന് യോജിക്കുന്നുവെങ്കില്‍ ഞാന്‍ ആ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ തയ്യാറാണ്.’

നഫീസ നബി ﷺ യുമായി നടത്തിയ സംസാരം ഖദീജ(റ)യെ അറിയിക്കാനായി സന്തോഷത്താല്‍ പോകുന്നു. തുടര്‍ന്ന് നബി ﷺ യുടെ കുടുംബത്തില്‍നിന്ന് അബ്ബാസ്(റ), ഹംസ(റ) തുടങ്ങിയവര്‍ ഖദീജ(റ)യുടെ വീട്ടുകാരുമായി സംസാരിച്ചു. ഖദീജ(റ)യുടെ പിതൃസഹോദരന്‍ അംറിനോടായിരുന്നു അവര്‍ അന്വേഷണം നടത്തിയിരുന്നത്. അങ്ങനെ വിവാഹം നടന്നു. അബൂത്വാലിബ് ആ വിവാഹച്ചടങ്ങില്‍ ഒരു പ്രസംഗം നടത്തുകയും ചെയ്തു എന്നും ചരിത്രത്തില്‍ കാണാം.

ഖദീജ(റ)യുടെ പിതാവിന് ആ വിവാഹം ഇഷ്ടമില്ലായിരുന്നെന്നും മറ്റും പറയുന്ന ചില റിപ്പോര്‍ട്ടുകള്‍ കാണാം. അത് സ്വീകാര്യമല്ല. ഈ വിവാഹത്തിന് മുമ്പുതന്നെ ഖദീജ(റ)യുടെ പിതാവ് മരണപ്പെട്ടിരുന്നെന്നും പിതൃസഹോദരനാണ് വിവാഹം ചെയ്തുകൊടുത്തതെന്നതുമാണ് വാസ്തവം.

നബി ﷺ ക്ക് നുബുവ്വത്ത് (പ്രവാചകത്വം) ലഭിക്കുന്നത് നാല്‍പതാമത്തെ വയസ്സിലായിരുന്നു. നുബുവ്വത്ത് ലഭിക്കുന്നതിന് മുമ്പ് നബി ﷺ ക്ക് ഉണ്ടായ ഏക വിവാഹമായിരുന്നു ഖദീജ(റ)യുമായുള്ള വിവാഹം. നുബുവ്വത്ത് ലഭിക്കുന്നതിന്റെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു നബി ﷺ യുടെ ഈ പ്രഥമ വിവാഹം നടന്നത്. വധുവായ ഖദീജ(റ)ക്ക് അന്ന് നാല്‍പത് വയസ്സായിരുന്നു എന്നാണ് ചരിത്രത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇതിനോട് ആധുനികരും പൂര്‍വികരുമായ പല പണ്ഡിതന്മാരും വിയോജിപ്പ് പ്രകടിപ്പിച്ചതായും നമുക്ക് കാണാന്‍ സാധിക്കും. ഖദീജ(റ)ക്ക് അന്ന് ഇരുപത്തി എട്ട് വയസ്സായിരുന്നു എന്നാണ് ഈ പണ്ഡിതന്മാരുടെ അഭിപ്രായം. ഈ അഭിപ്രായങ്ങളെ കൂടുതല്‍ വിശകലനം ചെയ്യാന്‍ ഇവടെ ഉദ്ദേശിക്കുന്നില്ല. രണ്ട് അഭിപ്രായങ്ങളും നാം മനസ്സിലാക്കണം എന്ന് അറിയാന്‍ വേണ്ടിയാണ് ഇവിടെ ഇത് സൂചിപ്പിച്ചത്. പല കാരണങ്ങളാലും പ്രബലമായ അഭിപ്രായമായി നമുക്ക് ഇതിനെയും കാണാം. രണ്ടായിരുന്നാലും നബി ﷺ യെക്കാള്‍ പ്രായമുള്ള ഒരു സ്ത്രീയെയാണ് ചെറുപ്പക്കാരനായിരുന്ന പ്രവാചകന്‍ ആദ്യമായി വിവാഹം ചെയ്തത് എന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇരുപത്തിയഞ്ച് കൊല്ലം ഈ ബന്ധം നിലനിന്നു. സന്തോഷവും ആനന്ദവും നിറഞ്ഞ ആ ജീവിതം നബി ﷺ യുടെ അമ്പതാമത്തെ വയസ്സിലാണ് അവസാനിക്കുന്നത്. അഥവാ, നബി ﷺ ക്ക് പ്രായം അമ്പത് ആയപ്പോഴായിരുന്നു ഖദീജ(റ) മരണപ്പെടുന്നത്. ഖദീജ(റ)യുടെ മരണംവരെ നബി ﷺ മറ്റൊരു വിവാഹത്തെ സംബന്ധിച്ച് ആലോചിച്ചിട്ടുപോലുമില്ലായിരുന്നു.

നബി ﷺ ക്ക് ഏഴ് മക്കളായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് ആണ്‍മക്കളും നാല് പെണ്‍മക്കളും. ഇതില്‍ ഇബ്‌റാഹീം എന്ന ആണ്‍കുട്ടി ഒഴികെ ക്വാസിം, അബ്ദുല്ലാഹ്, സയ്‌നബ്, റുക്വിയ്യ, ഉമ്മു കുല്‍സൂം, ഫാത്വിമ(റ) തുടങ്ങിയവരെല്ലാം ഖദീജ(റ)യിലാണ് നബി ﷺ ക്ക് പിറന്നത്. നാല്‍പതാമത്തെ വയസ്സിലാണ് ഖദീജ(റ)യെ നബി ﷺ വിവാഹം ചെയ്തതെങ്കില്‍ ഇത്രയും മക്കളെ ഒരു നാല്‍പതു വയസ്സിനുശേഷം പ്രസവിക്കുന്നതില്‍ അസാംഗത്യമുണ്ടെന്നതാണ് ഖദീജ(റ)യെ നബി ﷺ വിവാഹം ചെയ്യുന്ന സമയത്ത് നാല്‍പത് വയസ്സായിരുന്നു എന്ന അഭിപ്രായത്തോട് ആധുനികരും പൂര്‍വികരുമായ ഒട്ടേറെ പണ്ഡിതന്മാര്‍ വിയോജിക്കാന്‍ കാരണം.

ഖദീജ(റ)യുടെ കൂടെയുള്ള ജീവിതം നബി ﷺ ക്ക് വലിയ സന്തോഷകരമായിരുന്നു. ഇരുവരും തങ്ങളുടെ കടമകളും കടപ്പാടുകളും നിറവേറ്റി മുന്നോട്ടുപോയി. മക്കയില്‍ നടമാടിയിരുന്ന എല്ലാ നീചവൃത്തികളോടും നബി ﷺ വെറുപ്പ് കാണിച്ചിരുന്നു. നബി ﷺ നാല്‍പത് വയസ്സാകുന്നതിന് മുമ്പ് ഹിറാഗുഹയില്‍ ഏകാന്തനായി പ്രാര്‍ഥനയിലും മറ്റും കഴിച്ചുകൂട്ടുന്നത് ഇഷ്ടപ്പെട്ടു. ആ ഗുഹയില്‍ പല രാത്രികളും കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു. ഭക്ഷണ സൗകര്യങ്ങള്‍ തയ്യാറാക്കിക്കൊടുത്ത് മഹതി അദ്ദേഹത്തെ അവിടേക്ക് സന്തോഷത്തോടെ യാത്രയാക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് നബി ﷺ ക്ക് ആദ്യമായി നുബുവ്വത്ത് ലഭിക്കുന്നത്. ആദ്യമായി നുബുവ്വത്ത് ലഭിച്ചതിനെ സംബന്ധിച്ചുള്ള വിവരണം നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ.

നബി ﷺ ക്ക് നുബുവ്വത്ത് ലഭിച്ചയുടനെ ഖദീജ(റ) നബി ﷺ യില്‍ വിശ്വസിച്ചു. തന്റെ ഭര്‍ത്താവിന്റെ ദൗത്യം വിജയിപ്പിക്കുന്നതിനാവശ്യമായ എല്ലാവിധത്തിലുള്ള സഹായ സഹകരണങ്ങളും നല്‍കി പാറപോലെ ഭര്‍ത്താവിന്റെ കൂടെ മഹതി ഉറച്ചുനിന്നു. നബി ﷺ മല പോലെ വലിയ വിഷമങ്ങള്‍ പറയുമ്പോള്‍ ആശ്വസിപ്പിച്ച് മഞ്ഞുപോലെ അതെല്ലാം ഉരുക്കിക്കളഞ്ഞ് ഭര്‍ത്താവിന് ആശ്വാസം പകര്‍ന്നിരുന്ന മഹതിയായിരുന്നു ഖദീജ(റ). അങ്ങനെ ധൈര്യവും ആശ്വാസവും നല്‍കുന്ന വാക്കുകള്‍ നല്‍കി നബി ﷺ ക്ക് താങ്ങും തണലുമായി ഖദീജ(റ) കഴിച്ചുകൂട്ടി.

നബി ﷺ യുടെ സന്തോഷ, സന്താപ വേളകളില്‍ ഖദീജ(റ) ഏറെ തുണയായിട്ടുണ്ട്. നബി ﷺ യുടെ കൂടെ ഉറച്ചുനിന്നതിനാല്‍ പലവിധത്തിലുള്ള പരീക്ഷണങ്ങള്‍ക്കും വിധേയമായി. തങ്ങള്‍ക്ക് ആദ്യമായി പിറന്ന രണ്ട് ആണ്‍കുട്ടികള്‍ മരണപ്പെട്ടു. റുക്വിയ്യ(റ), ഉമ്മുകുല്‍സൂം(റ) എന്നീ രണ്ടു പെണ്‍മക്കളെ വിവാഹം ചെയ്തിരുന്നത് കടുത്ത ശത്രുക്കളായ അബൂലഹബിന്റെ മക്കളായ ഉത്ബയും ഉതയ്ബയും ആയിരുന്നു. മുഹമ്മദ് ﷺ നബിയാകുകയും ‘ലാ ഇലാഹ ഇല്ലല്ലാഹു’ പ്രബോധനം നടത്തുകയും ചെയ്തപ്പോള്‍ അബൂലഹബിനും ഭാര്യ ഉമ്മുജമീലിനും നബി ﷺ യുടെ മക്കളെ തങ്ങളുടെ വീട്ടില്‍ നിര്‍ത്തുന്നത് ഇഷ്ടമായില്ല. മുഹമ്മദിന്റെ രണ്ട് മക്കളെയും അവരുടെ വീട്ടിലേക്ക് അയക്കാന്‍ അവര്‍ ഉത്ബയോടും ഉതയ്ബയോടും കല്‍പിച്ചു. അവരെ ത്വലാക്വ് ചെയ്യാന്‍ കല്‍പിച്ചു. അങ്ങനെ നബി ﷺ യുടെ രണ്ട് പെണ്‍മക്കളുടെയും വിവാഹമോചനം നടന്നു. മാതാപിതാക്കള്‍ ഇരുവരെയും സ്വീകരിച്ചു. ‘നിങ്ങള്‍ക്ക് അവരെക്കാളും ഉത്തമരായ ഇണകളെ അല്ലാഹു നല്‍കുന്നതാണ്, ക്ഷമിക്കുക’ എന്നെല്ലാം പറഞ്ഞ് ഇരുവരും മക്കളെ ആശ്വസിപ്പിച്ചു. ഇതായിരുന്നു മറ്റൊരു പരീക്ഷണം. ഇരുവരെയും പിന്നീട് ഉസ്മാന്‍(റ) വിവാഹം ചെയ്യുകയും ചെയ്തു. ആദ്യം റുക്വിയ്യ(റ)യെ വിവാഹം ചെയ്തു. അവര്‍ മരണപ്പെട്ടപ്പോള്‍ ഉമ്മുകുല്‍സൂമിനെയും വിവാഹം ചെയ്തു. ഖദീജ(റ)ക്ക് നബി ﷺ യില്‍ വിശ്വസിച്ചതിന്റെ പേരില്‍ ഇതുപോലുള്ള മറ്റു പല പരീക്ഷണങ്ങള്‍ക്കും വിധേയയാകേണ്ടി വന്നിരുന്നു. ശഅ്ബു അബൂത്വാലിബ് മലയില്‍ ശത്രുക്കളാല്‍ ഉപരോധിക്കപ്പെട്ട നേരത്തും ഖദീജ(റ) നബി ﷺ യുടെ കൂടെയുണ്ടായിരുന്നു. ഇങ്ങനെ ഏതു രംഗത്തും നബി ﷺ യുടെ കൂടെ അവര്‍ നിലകൊണ്ടു. അതിനാല്‍തന്നെ അവരുടെ മരണം നബി ﷺ യെ ഏറെ വേദനിപ്പിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്തു. ഖദീജ(റ)യുടെ കൂടെയുള്ള തന്റെ ജീവിതം നബി ﷺ പല സന്ദര്‍ഭങ്ങളിലും സ്മരിക്കാറുണ്ടായിരുന്നു. നബി ﷺ മൂന്നാമത് വിവാഹം ചെയ്ത ആഇശ(റ) അക്കാര്യം പറയുന്നത് കാണുക:

ആഇശ(റ)യില്‍നിന്ന് നിവേദനം; അവര്‍ പറഞ്ഞു: “ഖദീജയോട് ഞാന്‍ ഈര്‍ഷ്യത കാണിച്ചതുപോലെ നബി ﷺ യുടെ ഒരു ഭാര്യയോടും എനിക്ക് ഈര്‍ഷ്യത ഉണ്ടായിട്ടില്ല-എന്നെ അവിടുന്ന് വിവാഹം ചെയ്യുന്നതിന് മുമ്പ് (തന്നെ) അവര്‍ മരണപ്പെട്ടിരുന്നു-അവിടുന്ന് അവരെ സ്മരിക്കുന്നത് ഞാന്‍ കേള്‍ക്കാറുള്ളത് കാരണമായിരുന്നു അത്. അല്ലാഹു അദ്ദേഹത്തോട് അവരെക്കുറിച്ച് സന്തോഷിക്കാന്‍ കല്‍പിച്ചതിനാലും (ഖദീജയോട് എനിക്ക് ഈര്‍ഷ്യതയുണ്ടായി). അവിടുന്ന് ഒരു ആടിനെ അറുത്താല്‍ അവരുടെ കൂട്ടുകാരികള്‍ക്ക് (അത്) സമ്മാനമായി നല്‍കുന്നതിനാലും (ഖദീജയോട് എനിക്ക് ഈര്‍ഷ്യതയുണ്ടായി)’’ (ബുഖാരി).

ഖദീജ(റ)യെ നബി ﷺ ഇടക്കിടെ പ്രശംസിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ആഇശ(റ) പറയും: ‘...ഖദീജയല്ലാത്ത മറ്റൊരു പെണ്ണും നിങ്ങള്‍ക്ക് ദുന്‍യാവില്‍ ഇല്ലാത്തതുപോലെയുണ്ടല്ലോ...’ അപ്പോള്‍ അവിടുന്ന് പറയും: ‘അവര്‍ അങ്ങനെയായിരുന്നു...ഇങ്ങനെയായിരുന്നു, അവരില്‍നിന്നാണ് എനിക്ക് സന്താനം ഉണ്ടായതും’ (ബുഖാരി).

ഖദീജ(റ)യെ ഇത്രയധികം നബി ﷺ സ്മരിക്കാനുള്ള കാരണം അവിടുന്ന് ആഇശ(റ)യോട് പറയുന്നത് മറ്റോരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: “അല്ലാഹു അവരെക്കാള്‍ ഉത്തമയായ ഒരാളെ എനിക്ക് പകരം നല്‍കിയിട്ടില്ല. ആളുകള്‍ എന്നില്‍ അവിശ്വസിച്ചപ്പോള്‍ അവര്‍ എന്നില്‍ വിശ്വസിച്ചു. ആളുകള്‍ എന്നെ കളവാക്കിയപ്പോള്‍ അവര്‍ എന്നെ സത്യപ്പെടുത്തി. ആളുകള്‍ എന്നെ ബഹിഷ്‌കരിച്ചപ്പോള്‍ ധനംകൊണ്ട് അവര്‍ എന്നെ സഹായിച്ചു. മറ്റു സ്ത്രീകളില്‍ എനിക്ക് മക്കളില്ലാത്ത സന്ദര്‍ഭത്തില്‍ അല്ലാഹു അവരിലൂടെയാണ് എനിക്ക് മക്കളെ നല്‍കിയത്’ (അഹ്‌മദ്).

അല്ലാഹു സലാം പറഞ്ഞിട്ടുള്ള മഹതി, ജിബ്‌രീല്‍(അ) സലാം പറഞ്ഞവര്‍, സര്‍ഗത്തില്‍ മണിമാളിക പണിയപ്പെട്ടവര്‍, സ്വര്‍ഗസ്ത്രീകളുടെ നേതാവ്... ഇെതാക്കെ ഖദീജ (റ)യുടെ പ്രത്യേകതകളാണ്.

ഖദീജ(റ)യെ നബി ﷺ വിവാഹം ചെയ്തതും, നബി ﷺ ക്ക് അമ്പത് വയസ്സാകുന്നതുവരെ മറ്റൊരു വിവാഹം കഴിക്കാതെ ജീവിച്ചതും, അമ്പത് വയസ്സിനുശേഷം മാത്രം മറ്റു വിവാഹങ്ങള്‍ നടത്തിയതുമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നപക്ഷം ലൈംഗിക സുഖം അനുഭവിക്കുക എന്നതായിരുന്നില്ല നബി ﷺ യുടെ വിവാഹങ്ങളുടെ ലക്ഷ്യം എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും.

(തുടരും)