അവസാന നിമിഷത്തിലേക്ക്

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ആഗസ്റ്റ് 06, 1442 മുഹർറം 07

(മുഹമ്മദ് നബി ﷺ 84 )

നബി ﷺ തന്റെ അന്ത്യനിമിഷത്തിലേക്ക് അടുക്കുകയാണ്. ആഇശ (റ) പ്രിയഭർത്താവിനെ തന്നിലേക്ക് ചേർത്തുപിടിച്ചു. ആഇശ(റ) തന്നെ ആ സന്ദർഭം വിവരിക്കുന്നത് കാണുക:

“എന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ പെട്ടതാണ്; അല്ലാഹുവിന്റെ റസൂൽ ﷺ എന്റെ വീട്ടിൽ, എന്റെ ദിവസത്തിൽ, എന്റെ കഴുത്തിന്റെയും മാറിന്റെയും ഇടയിൽവെച്ചാണ് വഫാത്താകുന്നത്. (അതുപോലെ) അവിടുത്തെ മരണസമയത്ത് അവിടുത്തെ ഉമിനീരും എന്റെ ഉമിനീരും അല്ലാഹു ഒരുമിപ്പിച്ചതും (എന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ പെട്ടതാണ്). (അത് സംഭവിച്ചത്) തന്റെ കൈവശം ഒരു സിവാക് ഉള്ളവനായ നിലയിൽ അബ്ദുറഹ്‌മാൻ എന്റെ അടുത്ത് പ്രവേശിച്ചു. അന്നേരം ഞാൻ അല്ലാഹുവിന്റെ റസൂലി ﷺനെ ചാരിയിരുത്തുന്നവളായിരുന്നു. നബി ﷺ അതിലേക്ക് നോക്കുന്നതായി ഞാൻ കണ്ടു. നബി ﷺ സിവാക് ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അപ്പോൾ ഞാൻ ചോദിച്ചു: ‘അത് അങ്ങേക്ക് വേണോ?’ അപ്പോൾ തലകൊണ്ട് അതെ എന്ന് അവിടുന്ന് ആംഗ്യം കാണിച്ചു. അപ്പോൾ ഞാൻ അത് വാങ്ങി. അത് അവിടുത്തേക്ക് കടുപ്പമുണ്ടായിരുന്നു. ഞാൻ ചോദിച്ചു: ‘അങ്ങേക്ക് ഞാനത് മാർദ്ദവത്തിലാക്കട്ടെയോ?’ അപ്പോൾ തല കൊണ്ട് അതെ എന്ന് അവിടുന്ന് ആംഗ്യം കാണിച്ചു. അപ്പോൾ ഞാൻ അത് മൃദുലമാക്കി. എന്നിട്ട് അവിടുന്ന് അത് (വായിലൂടെ) ചലിപ്പിച്ചു. അവിടുത്തെ മുന്നിൽ ഒരു ചെറിയ പാത്രം അല്ലെങ്കിൽ ഒരു ഡപ്പി ഉണ്ടായിരുന്നു. (റിപ്പോർട്ടറായ ഉമറി(റ)ന് സംശയം). അതിൽ വെള്ളവുമുണ്ടായിരുന്നു. അവിടുത്തെ ഇരുകരങ്ങളും ആ വെള്ളത്തിൽ പ്രവേശിപ്പിച്ചു. എന്നിട്ട് അവകൊണ്ട് അവിടുത്തെ മുഖം തടവുകയും ചെയ്തു. അവിടുന്ന് പറയുകയും ചെയ്തു: ലാ ഇലാഹ ഇല്ലല്ലാഹു, തീർച്ചയായും മരണത്തിന് വളരെ അസഹനീയമായ വേദനയുണ്ട്. പിന്നീട് അവിടുത്തെ കൈ ഉയർത്തി (ഇപ്രകാരം) പറയുകയും ചെയ്തു: അർറഫീക്വുൽ അഅ്‌ലാ. (അവിടുത്തെ ആത്മാവ്) പിടിക്കപ്പെടുന്നതുവരെ (ഇത് പറഞ്ഞുകൊണ്ടിരുന്നു). അവിടുത്തെ കൈ ചായുകയും ചെയ്തു’’ (ശർഹുസ്സുന്ന, ബഗവി).

ശുദ്ധിയുടെ നാനാവശങ്ങളും ലോകത്തെ പഠിപ്പിച്ച നേതാവാണ് നബി ﷺ. വൃത്തി ഈമാനിന്റെ പകുതിയാണെന്ന് പഠിപ്പിച്ച നബി ﷺ ജീവിതത്തിൽ ഉടനീളം അത് പാലിച്ചു. വീട്ടിൽനിന്നും പുറത്ത് പോയി മടങ്ങിവന്നാൽ ഭാര്യമാരെ സമീപിക്കുന്നതിന് മുമ്പായി ആദ്യം ദന്തശുദ്ധി വരുത്തുമായിരുന്നു നബി ﷺ. നമസ്‌കാരത്തിന് മുമ്പ് വിശിഷ്യാ വുദൂഇന് മുമ്പ് ദന്തശുദ്ധി വരുത്തലിന്റെ പ്രാധാന്യം നബി ﷺ പഠിപ്പിച്ചു. അല്ലാഹുവിലേക്കുള്ള യാത്രക്ക് മുമ്പും അവിടുന്ന് അക്കാര്യത്തിൽ താൽപര്യം കാണിച്ചു.

‘മരണത്തിന് വല്ലാത്ത വേദനയുണ്ട്’ എന്ന് നബി ﷺ പറഞ്ഞു. ചില റിപ്പോർട്ടുകളിൽ, അവിടുന്ന് മരണ വേദന കുറച്ചുകിട്ടാൻ വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചിരുന്നു എന്നും കാണാവുന്നതാണ്. മരണവേദനയിൽനിന്ന് ഒരാളും ഒഴിവാകുകയില്ല. എങ്കിലും അത് ലഘൂകരിച്ച് കിട്ടാൻ നാം പ്രാർഥിക്കേണ്ടതുണ്ട്. നബി ﷺയുടെ രോഗാവസ്ഥയെ അറിയിക്കുന്ന മറ്റു ചില റിപ്പോർട്ടുകളും കാണുക:

ആഇശ(റ)യിൽനിന്ന് നിവേദനം, അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: ‘ഇഹലോകത്തിന്റെയും പരലോകത്തിന്റെയും ഇടയിൽ തെരെഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം നൽകപ്പെടാതെ ഒരു നബിക്കും രോഗം പിടിപെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ആത്മാവ് (റൂഹ്) പിടിക്കപ്പെട്ട രോഗാവസ്ഥയിൽ കഠിനമായ ഒരു ശബ്ദം അദ്ദേഹത്തിന് പിടിപെട്ടു. അപ്പോൾ അവിടുന്ന് പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി: ‘അല്ലാഹു അനുഗ്രഹം ചൊരിഞ്ഞ നബിമാരുടെയും സ്വിദ്ദീക്വുകളുടെയും ശുഹദാഇന്റെയും സ്വാലിഹുകളുടെയും കൂടെ...’ (നിസാഅ് 69). അവിടുത്തേക്ക് തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി’’ (ബുഖാരി).

ആഇശ(റ) പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ രോഗിയായി. അങ്ങനെ അവിടുത്തെ നെഞ്ചിൽ എന്റെ കൈവെച്ചു. അപ്പോൾ ഞാൻ പറഞ്ഞു: ‘മനുഷ്യരുടെ റബ്ബേ, ഈ രോഗത്തെ നീ നീക്കേണമേ. നീ (എല്ലാം) നന്നാക്കുന്നവനാണ്. നീ രോഗം സുഖപ്പെടുത്തുന്നവനുമാണല്ലോ.’ അന്നേരം അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നുണ്ടായിരുന്നു: ‘(അല്ലാഹുവേ,) എന്നെ ഉന്നതരായ കൂട്ടുകാരിൽ ചേർക്കേണമേ. എന്നെ ഉന്നതരായ കൂട്ടുകാരിൽ ചേർക്കേണമേ’’ (അഹ്‌മദ്).

“അല്ലാഹുവേ, എനിക്ക് പൊറുത്തുതരികയും എന്നെ ഉന്നതരായ കൂട്ടുകാരിൽ ആക്കുകയും ചെയ്യേണമേ’’ (അഹ്‌മദ്).

ലോകത്തിന് വെളിച്ചം പകർന്ന കാരുണ്യത്തിന്റെ തിരുദൂതർ ﷺ ഈ ലോകത്തോട് വിടപറയുകയാണ്. ഹിജ്‌റ 11, റബീഉൽ അവ്വൽ 12, തിങ്കളാഴ്ച ഏകദേശം ഒരു ദുഹാ സമയത്തായിരുന്നു അവിടുത്തെ വഫാത്ത് സംഭവിക്കുന്നത്. ഉച്ചയോട് അടുത്ത നേരത്തായിരുന്നു എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് അവിടുത്തേക്ക് 63 വയസ്സും 4 ദിവസവുമായിരുന്നു പ്രായം. നബി ﷺ ജനിച്ച മാസമോ തീയതിയോ ചരിത്രത്തിൽ എവിടെയും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ചിലയാളുകൾ റബീഉൽ അവ്വൽ പന്ത്രണ്ടിന് നബി ﷺ ജനിച്ചു എന്ന് പറഞ്ഞ് അവിടുത്തെ ജന്മദിനം ആഘോഷിക്കുന്നത് നാം കാണാറുണ്ടല്ലോ. യഥാർഥത്തിൽ റബീഉൽ അവ്വൽ പന്ത്രണ്ടിന് അവിടുത്തെ വിയോഗമാണ് സംഭവിച്ചത്. അവിടുത്തെ വിയോഗദിനത്തിൽ മുസ്‌ലിംകളെക്കൊണ്ട് സന്തോഷത്താൽ തുള്ളിച്ചാടിപ്പിക്കുന്നതിന്റെ പിന്നിൽപ്രവാചകന്റെ ശത്രുക്കളുടെ കരങ്ങളുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. ചിന്തിച്ച് കാര്യങ്ങൾ മനസ്സിലാക്കി ഇത്തരം ദുഷ്‌ചെയ്തികളിൽനിന്ന് മാറിനിൽക്കാൻ മുസ്‌ലിംകൾ ശ്രദ്ധിക്കേണ്ടതുണ്ട്.

അല്ലാഹുവിന്റെ റസൂലി ﷺന്റെ വഫാത്തോടെ മദീന ദുഃഖഭാരത്താൽ കരയുകയാണ്. അന്നത്തെ അവസ്ഥ അനസ്(റ) പറയുന്നത് നോക്കൂ:

“അല്ലാഹുവിന്റെ റസൂൽ ﷺ മദീനയിൽ പ്രവേശിച്ച ദിവസത്തിൽ എല്ലാം (സന്തോഷത്താൽ) പ്രകാശിതമായിരുന്നു. എന്നാൽ അവിടുന്ന് മരണപ്പെട്ട ദിവസത്തിൽ അവയ്‌ക്കെല്ലാം (ദുഖത്താൽ) ഇരുൾ ബാധിക്കുകയും ചെയ്തു...’’(തുർമുദി).

ലോകത്തിന് സംഭവിച്ച ഏറ്റവും വലിയ ദുരന്തമായ, ഏറ്റവും വലിയ ആപത്തായ, ഏറ്റവും വലിയ നഷ്ടമായ; അല്ലാഹുവിന്റെ റസൂലി ﷺന്റെ വഫാത്തിന്റെ വിവരം എല്ലായിടത്തും എത്താൻ തുടങ്ങി. എല്ലാവരിലേക്കും വിവരം എത്തി.

ആഇശ(റ) നബി ﷺയെ താങ്ങി വിരിപ്പിലേക്ക് കിടത്താൻ തുടങ്ങി. വലിയ ഒരു വിരിപ്പിനാൽ അവിടുത്തെ ദേഹം മുഴുവനും പുതക്കുകയും ചെയ്തു. ആ സമയത്ത് അവിടേക്ക് ഉമർ(റ), മുഗീറ (റ) എന്നിവർ പ്രവേശിച്ചു. ഒറ്റ നോട്ടം നോക്കിയതിന് ശേഷം ഉമർ(റ) മുഗീറ(റ)യുടെ കൂടെ പുറത്തേക്കിറങ്ങി. വാതിൽക്കൽ എത്തിയ നേരത്ത് ഉമർ(റ) മുഗീറ(റ)യോട് പറഞ്ഞു:

“വല്ലാത്തൊരു അബോധാവസ്ഥ! അല്ലാഹുവിന്റെ റസൂലി ﷺന്റെ അബോധാവസ്ഥ എന്ത് കഠിനമാണ്!’’ (അഹ്‌മദ്).

ഉമർ(റ) നബി ﷺയെ കണ്ടപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നതായാണ് മനസ്സിലാക്കിയത്. അപ്പോൾ മുഗീറ(റ) പറഞ്ഞു:

“ഉമറേ, അല്ലാഹുവിന്റെ റസൂൽ ﷺ മരണപ്പെട്ടിരിക്കുന്നു.’’ (അപ്പോൾ) അദ്ദേഹം പറഞ്ഞു: “നീ പറഞ്ഞത് കളവാണ്’’ (അഹ്‌മദ്).

ഉമറി(റ)ന് നബി ﷺയുടെ വഫാത്ത് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. മുഗീറ(റ)യോട് അൽപം കടുപ്പത്തിൽതന്നെ പ്രതികരിച്ചു. വികാരാധീതനായി ഉമർ(റ) പരിസരത്ത് നടക്കുന്നു. അദ്ദേഹത്തിന്റെ അന്നത്തെ അവസ്ഥ എന്തായിരുന്നു എന്ന് താഴെയുള്ള റിപ്പോർട്ടിൽ നിന്നും നമുക്ക് മനസ്സിലാക്കാം.

അനസ്(റ) പറയുന്നു: “അല്ലാഹുവിന്റെ റസൂൽ ﷺ വഫാത്തായപ്പോൾ ഉമർ(റ) ജനങ്ങളിൽ പ്രസംഗിക്കുന്നവനായി എഴുന്നേറ്റു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘മുഹമ്മദ് ﷺ മരണപ്പെട്ടു എന്ന് പറയുന്ന ഒരാളെയും ഞാൻ കേൾക്കില്ല തന്നെ. തീർച്ചയായും മുഹമ്മദ് ﷺ മരണപ്പെടുകയില്ല. പക്ഷേ, തന്റെ രക്ഷിതാവ് തന്നിലേക്ക് മൂസായെ അയച്ചതുപോലെ അവിടുത്തെയും അയക്കുന്നതാകുന്നു. (മൂസാ(അ)) തന്റെ സമുദായത്തിൽനിന്ന് നാൽപത് ദിവസം മാറിത്താമസിച്ചു (അതുപോലെ തൽക്കാലത്തേക്ക് നബി ﷺ പോയതാണ്’’ (ഇബ്‌നുഹിബ്ബാൻ).

ഇതായിരുന്നു ഉമറി(റ)ന്റെ കാഴ്ചപ്പാട്. തീർന്നില്ല; കാർക്കശ്യത്തോടെ ഇങ്ങനെയും പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ മരണപ്പെട്ടു എന്ന് വാദിക്കുന്നവരുടെ കൈകാലുകൾ ഛേദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’’ (ഇബ്‌നുഹിബ്ബാൻ).

അദ്ദേഹത്തിന് നബി ﷺയുടെ വഫാത്ത് അംഗീകരിക്കാനേ സാധിക്കുന്നില്ല. നബി ﷺയുടെ മരണ വാർത്ത കേട്ട ജനങ്ങളിൽനിന്ന് വ്യത്യസ്ത പ്രതികരണങ്ങളുണ്ടായി. പ്രവാചക ഭവനത്തിലേക്ക് ആളുകളുടെ ഒഴുക്കായി. എല്ലാവർക്കും കാര്യം മനസ്സിലായെങ്കിലും അത് താങ്ങാൻ സാധിക്കുന്നതായിരുന്നില്ല. കണ്ണുനീർ അണപൊട്ടിെയാഴുകാൻ തുടങ്ങി. ആർക്കും ഒന്നും പറയാൻ സാധിക്കുന്നില്ല. ഉമറി(റ)ന്റെ പ്രക്ഷുബ്ധമായ സംസാരത്തിൽ എല്ലാവരും പേടിയിലും ബേജാറിലുമായി... ആ സമയത്ത് അബൂബക്ർ(റ) അവിടെ ഉണ്ടായിരുന്നില്ല. ശേഷം അദ്ദേഹവും അവിടെയെത്തി.

“അബൂബക്ർ(റ) സുൻഹിലെ തന്റെ താമസസ്ഥലത്തുനിന്ന് കുതിരപ്പുറത്ത് അവിടേക്ക് വന്നു. അവിടെ ഇറങ്ങുകയും എന്നിട്ട് പള്ളിയിൽ പ്രവേശിക്കുകയും ചെയ്തു. ആളുകളോട് അദ്ദേഹം ഒന്നും സംസാരിക്കാതെ ആഇശ(റ)യുടെ അടുക്കൽ പ്രവേശിച്ചു. കള്ളിവസ്ത്രത്താൽ മൂടപ്പെട്ട, അല്ലാഹുവിന്റെ റസൂലി ﷺനെ ഉദ്ദേശിച്ച് (അവിടേക്ക് പ്രവേശിച്ചു). എന്നിട്ട് അവിടുത്തെ മുഖത്തുനിന്ന് അത് നീക്കുകയും പിന്നീട് അവിടുത്തെ മേൽ മുഖം കുത്തി ചുംബിക്കുകയും കരയുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞു: “എന്റെ ഉമ്മയെയും ഉപ്പയെയും അങ്ങേക്ക് (പകരം നൽകാം). അല്ലാഹുവാണെ സത്യം, അല്ലാഹു അങ്ങയുടെ മേൽ രണ്ട് മരണം ഒരുമിപ്പിച്ചിട്ടില്ല. എന്നാൽ അങ്ങയുടെ മേൽ വിധിക്കപ്പെട്ട മരണമാകുന്നു (ഇത്). അത് അങ്ങ് മരിക്കുകയും ചെയ്തു’’ (ബുഖാരി).’’

നബി ﷺയുടെ കൂടെ എല്ലാ സമയത്തും ഉണ്ടായിരുന്ന, നബി ﷺക്ക് വാക്കുകളാലും പ്രവൃത്തിയാലും മറ്റുള്ളവരെക്കാൾ സ്ഥാനം നൽകിയ അബൂബക്ർ(റ) നബി ﷺയുടെ മരണ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. ഒരാൾ മരണപ്പെടുന്ന നേരത്ത് താൻ സ്‌നേഹിക്കുന്നയാൾ ആ സമയത്ത് അവിടെ ഇല്ലെങ്കിൽ അതിന്റെ പേരിൽ ബന്ധത്തിന്റെ ശക്തി അളന്ന് കുത്തിപ്പറയുന്ന ചിലരെ കാണാം. അവർ നബി ﷺയുടെ വഫാത്തിന്റെ സന്ദർഭം മനസ്സിലാക്കുന്നത് നന്നാകും.

മദീനയുടെ അടുത്ത പ്രദേശമായ സുൻഹിൽ അബൂബക്‌റി(റ)ന് ഒരു കൃഷിയിടവും അവിടെ ഒരു താമസസ്ഥലവും ഉണ്ടായിരുന്നു. അവിടെയായിരുന്നു അബൂബക്ർ(റ). അദ്ദേഹത്തിന് അറിയില്ലല്ലോ നബി ﷺ ഈ സമയത്ത് മരിക്കുമെന്ന്. അവിടെവെച്ച് നബി ﷺയുടെ മരണവാർത്ത അറിഞ്ഞു. തന്റെ കുതിരപ്പുറത്ത് അതിവേഗത്തിൽ അവിടേക്ക് കുതിക്കുന്നു. വേഗം മദീനാ പള്ളിയിൽ പ്രവേശിച്ചു. ആരോടും ഒന്നും സംസാരിക്കാതെ തന്റെ മകളായ ആഇശ(റ)യുടെ അടുക്കൽ പ്രവേശിക്കുന്നു. അവരുടെ അടുത്താണല്ലോ നബി ﷺ കിടക്കുന്നത്. വരകളുള്ള തുണികളാൽ മൂടപ്പെട്ടിട്ടുണ്ടായിരുന്നു പ്രവാചകൻ ﷺ. അവിടുത്തെ മുഖത്തുനിന്ന് തുണി നീക്കി. എന്നിട്ട് നബി ﷺയുടെ ഇരുകണ്ണുകൾക്കിടയിലായി ചുംബിച്ചു. സങ്കടം സഹിക്കാനാകാതെ അദ്ദേഹം കരഞ്ഞു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങേക്ക് പകരമായി എന്റെ മാതാപിതാക്കളെ നൽകാൻ ഞാൻ തയ്യാറാണ്.’ സ്വന്തം മാതാപിതാക്കളെക്കാളും നാം നബി ﷺയെ സ്‌നേഹിക്കണമല്ലോ. സ്വഹാബിമാർ നബി ﷺയെ സ്‌നേഹിച്ചത് അപ്രകാരം തന്നെയായിരുന്നു.

നബി ﷺ വഫാത്തായി കിടക്കുകയാണല്ലോ. ഉമർ(റ) അത് അംഗീകരിക്കാതെ ജനങ്ങൾക്കിടയിൽ ദേഷ്യത്തോടെ വാളുമായി നടക്കുകയാണ്; നബി ﷺ മരണപ്പെട്ടു എന്ന് പറയുന്നവരെ വെട്ടാൻ! നബി ﷺ മരണപ്പെട്ടു എന്ന് പറയാൻ പോലും അതുകാരണം ആരും ധൈര്യപ്പെടുന്നില്ലായിരുന്നു. ആ സന്ദർഭത്തിലാണ് അബൂബക്ർ(റ) വരുന്നതും നബി ﷺ ചുംബനം നൽകി നബി ﷺയോട് സംസാരിക്കുന്നതും. ഈ സംസാരത്തെ പോലും നബി ﷺയോട് പ്രാർഥിക്കാൻ ചില കക്ഷികൾ തെളിവാക്കാറുണ്ട്. എന്നാൽ ഈ വിളി നബി ﷺയോടുള്ള പ്രാർഥനയാണോ? അല്ല! നബി ﷺ കേൾക്കാൻ വേണ്ടിയാണോ? അതുമല്ല! നബി ﷺ മരണപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് നടക്കുന്ന ഉമറി(റ)നെ കാര്യം പഠിപ്പിക്കാനായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. അതല്ലാതെ നബി ﷺയോട് നേരിൽ പറയുകയല്ല. ഇതാണ് ഈ കാര്യത്തിൽ നാം മനസ്സിലാക്കേണ്ടത്. നബി ﷺ കേൾക്കുവാനോ, നബി ﷺയെ ഒരു കാര്യം പഠിപ്പിക്കുവാനോ ഉദ്ദേശിച്ചുള്ള സംസാരമായിരുന്നില്ല അബൂബക്ർ(റ) നടത്തിയത്. ദുർവ്യാഖ്യാനക്കാരുടെ വാദ പ്രകാരം നബി ﷺക്ക് തന്റെ മരണത്തെ സംബന്ധിച്ച് അറിയില്ലെന്നും ആ മരണം നിങ്ങൾക്ക് സംഭവിച്ചിരിക്കുന്നു എന്ന് അബൂബക്ർ(റ) പഠിപ്പിക്കുകയാണ് എന്നാണ് തോന്നിപ്പോകുക! ചുറ്റും നിൽക്കുന്നവരെ പഠിപ്പിക്കാനായി മറ്റൊരാളോട് സംസാരിക്കുന്ന ശൈലി പൊതുവെ എല്ലാവരിലും ഉള്ളതാണല്ലോ. അതാണ് ഇവിടെയും നടന്നിട്ടുള്ളത്. മദീനാ പള്ളിയുടെ പരിസരത്തായി ഉമറും മറ്റു ചിലരും നബി ﷺ മരിക്കില്ലെന്നും, അഥവാ ഇപ്പോൾ മരിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് താൽക്കാലിക മരണം മാത്രമാണ്. മൂസാ(അ) നാൽപത് ദിവസത്തേക്ക് അല്ലാഹുവിലേക്ക് പോയി തിരിച്ചുവന്നത് പോലെ നബി ﷺയും വരുമെന്നാണ് അവർ പറയുന്നത്. അത് ശരിയല്ല. അത് തിരുത്തലാണ് അബൂബക്‌റി(റ)ന്റെ ഉദ്ദേശ്യം.

ഒരാളോട് സംസാരിക്കുകയും മറ്റുള്ളവരെ കാര്യം ധരിപ്പിക്കുകയും ചെയ്യുന്ന രൂപത്തിൽ നടന്ന സംസാരങ്ങൾ നമുക്ക് പല സന്ദർഭങ്ങളിലായി കാണാൻ സാധിക്കും.

നബി ﷺ തന്റെ പൊന്നോമന പുത്രൻ ഇബ്‌റാഹീം മരണപ്പെടുന്ന വേളയിൽ കുട്ടിയെ തന്റെ മടിത്തട്ടിൽ കിടത്തി. കുഞ്ഞിന്റെ മരണവെപ്രാളം കണ്ട നബി ﷺയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇത് കണ്ട സ്വഹാബിമാർ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, അങ്ങും കരയുകയാണോ? ഇപ്രകാരം കരയരുതെന്ന് വിലക്കിയ നിങ്ങളും കരയുകയാണോ?’ ആ സന്ദർഭത്തിൽ നബി ﷺ പറഞ്ഞു: (ഓ, ഇബ്‌നുഔഫ്, ഇത് കാരുണ്യമാണ്.’ ശേഷം തുടർന്നു:

“തീർച്ചയായും കണ്ണുകൾ കരയുകയും ഹൃദയം വ്യസനിക്കുകയും ചെയ്യുന്നതാണ്. നമ്മുടെ റബ്ബിന് തൃപ്തിയില്ലാത്തതൊന്നും നാം പറയുകയില്ല. ഓ, ഇബ്‌റാഹീം! നിന്റെ വേർപാടിൽ ഞങ്ങൾ ദുഃഖിതർ തന്നെയാകുന്നു’’ (ബുഖാരി).

ഈ വാചകം നോക്കൂ! മരണത്തോട് മല്ലടിക്കുന്ന കുഞ്ഞുമകനായ ഇബ്‌റാഹീമിനെ വിളിച്ച് പറയുന്നതിന്റെ ലക്ഷ്യം ഇബ്‌റാഹീമിനെ തന്റെയും മറ്റുള്ളവരുടെയും വേദന അറിയിക്കലായിരുന്നില്ല. മറിച്ച് നബി ﷺക്ക് തന്റെ കുട്ടിയുടെ മരണത്തിൽ ദുഃഖമുണ്ടെന്നും വ്യസനമുണ്ടെന്നും അപ്രകാരം അനുവദനീയമാണ് എന്നുമുള്ള കാര്യം കൂടെയുള്ളവരെ പഠിപ്പിക്കാനാണ് നബി ﷺ അങ്ങനെ പറഞ്ഞത്. ഫത്ഹുൽ ബാരിയിൽ ഇമാം അസ്‌ക്വലാനി(റഹി) പറഞ്ഞു:

“വേറൊരാളെ ഉദ്ദേശിച്ച് അയാളല്ലാത്തൊരാളോട് സംസാരിക്കൽ സംഭവ്യമാണ്. ആ അവസ്ഥയിൽ അവിടുത്തെ കൂടെയുള്ളവരെ (ഉദ്ദേശിച്ച്) നബി ﷺ അവിടുത്തെ കുട്ടിയോട് സംസാരിച്ചതാണ് ഇവയിലുള്ളതെല്ലാം. കുട്ടി ചെറുപ്പമാണെന്ന ഒന്നാമത്തെ കാരണത്താലും കുട്ടിയുടെ വേർപാടാണെന്ന രണ്ടാമത്തെ കാരണത്താലും സംസാരിക്കപ്പെടുന്നവൻ അത് മനസ്സിലാക്കാൻ കഴിയുന്നവനായിരുന്നില്ല. അവിടുന്ന് അവിടെ ഹാജറുള്ള മറ്റുള്ളവരെ ഉദ്ദേശിച്ചു അത് മുമ്പ് വിരോധിച്ചിട്ടുള്ള (കരച്ചിലിൽ) ഉൾപ്പെടുകയില്ലെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള സംസാരം മാത്രമാണിത്.

അതുപോലെ ഉമർ(റ) കഅ്ബയെ ത്വവാഫ് ചെയ്യുന്ന വേളയിൽ ഹജറുൽ അസ്‌വദിന് നേരെ തിരിഞ്ഞ് ഇപ്രകാരം പറഞ്ഞു: “...തീർച്ചയായും നീ (യാതൊരു) ഉപകാരവും ഉപദ്രവവും ചെയ്യാത്ത ഒരു കല്ലാണെന്ന് എനിക്കറിയാം...’’ ഈ സംസാരം കല്ലിനോടാണ്. കല്ല് സംസാരം കേൾക്കുമോ? ഇതു വിഗ്രഹാരാധനക്ക് തെളിവാക്കാൻ പറ്റുമോ? ഇല്ല! ഇതും തന്റെ കൂടെയുള്ള ആളുകളെ പഠിപ്പിക്കൽ ഉദ്ദേശിച്ചുള്ള സംസാരമാണ്. ഇപ്രകാരം മാത്രമുള്ള ഒരു വിളിയും സംസാരവുമാണ് അബൂബക്ർ(റ) നബി ﷺ മരണപ്പെട്ട നേരത്ത് പറഞ്ഞതും. ഇതൊന്നും അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കാനുള്ള തെളിവല്ല. മാത്രവുമല്ല, അബൂബക്ർ(റ) ശേഷം പറയുന്നതും ഇവർക്കുള്ള ഖണ്ഡനമാണ്:

“ഉമർ(റ) ജനങ്ങളോട് (പ്രക്ഷുബ്ധമായി) സംസാരിച്ചുകൊണ്ടിരിക്കെ അബൂബക്ർ(റ) (അവിടേക്ക്) പുറപ്പെട്ടു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘ഉമറേ ഇരിക്കൂ.’ അപ്പോൾ ഉമർ(റ) ഇരിക്കാൻ വിസമ്മതിച്ചു. അപ്പോൾ ജനങ്ങൾ അദ്ദേഹത്തിലേക്ക് (അബൂബക്‌റി(റ)ലേക്ക് ശ്രദ്ധ) തിരിച്ചു. അവർ ഉമറി(റ)നെ ഒഴിവാക്കി. അപ്പോൾ അബൂബക്ർ(റ) പറഞ്ഞു: ‘നിങ്ങളിൽ ആരെങ്കിലും മുഹമ്മദി ﷺനെയാണ് ആരാധിക്കുന്നതെങ്കിൽ തീർച്ചയായും മുഹമ്മദ് ﷺ മരണപ്പെട്ടിരിക്കുന്നു. (അതല്ല) നിങ്ങളിൽ ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കിൽ തീർച്ചയായും അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനും മരിക്കാത്തവനുമാകുന്നു. അല്ലാഹു പറഞ്ഞു: മുഹമ്മദ് ഒരു ദൂതൻ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്മാർ കഴിഞ്ഞുപോയിട്ടുണ്ട്...(ക്വുർആൻ 3:144). അദ്ദേഹം (റിപ്പോർട്ടർ) പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, അബൂബക്ർ(റ) ഈ ആയത്ത് ഓതുന്നതുവരെ അല്ലാഹു ഇത് ഇറക്കിയത് ജനങ്ങൾ അറിയാത്തവരെപ്പോലെയായിരുന്നു. അങ്ങനെ അദ്ദേഹത്തിൽനിന്ന് ജനങ്ങൾ അത് സ്വീകരിച്ചു. (പിന്നീട്) ജനങ്ങളിൽ ഒരാെളയും അത് പാരായണം ചെയ്യാത്തവരായി ഞാൻ കേട്ടിരുന്നില്ല. സഈദ് ഇബ്‌നുൽ മുസ്വയ്യിബ്(റഹി) എന്നോട് പറഞ്ഞു: ‘ഉമർ(റ) അപ്പോൾ പറഞ്ഞു: അബൂബക്ർ(റ)! അത് ഓതുമ്പോൾ എനിക്ക് (കാൽ) ഉറപ്പിച്ചുനിറുത്താൻ സാധിച്ചില്ല. അങ്ങനെ ഞാൻ കുഴഞ്ഞുപോയി. അദ്ദേഹം ഓതുന്നത് ഞാൻ കേട്ട സന്ദർഭത്തിൽ ഭൂമിയിലേക്ക് ഞാൻ വീഴുന്നു. (അങ്ങനെ) നബി ﷺ മരണപ്പെട്ടു എന്ന് ഞാൻ മനസ്സിലാക്കുകയും ചെയ്തു’’ (ബുഖാരി).

മരണപ്പെട്ടവർ ആരാധിക്കപ്പെടാൻ പാടില്ലെന്നും ഒരിക്കലും മരിക്കാത്ത, എന്നെന്നും ജിവിച്ചിരിക്കുന്ന അല്ലാഹു മാത്രമെ ആരാധനക്ക് അർഹനായുള്ളൂ എന്ന തൗഹീദിന്റെ ശബ്ദത്തിലൂടെ നബി ﷺയുടെ മരണത്തെ സംബന്ധിച്ച് അബൂബക്ർ(റ) പരസ്യമാക്കുന്നു. മുമ്പ് കഴിഞ്ഞ പ്രവാചകന്മാരെപോലെത്തന്നെ നബി ﷺ ഒരു പ്രവാചകൻ മാത്രമാണെന്നും അവിടത്തേക്കും മരണം സംഭവിക്കുമെന്നും ആയത്തോതി അദ്ദേഹം ജനങ്ങളോട് സംസാരിച്ചു. അതോടെ എല്ലാവർക്കും കാര്യം മനസ്സിലായി. ഉമറി(റ)നും കാര്യം മനസ്സിലായി.

നബി ﷺയെ സ്വഹാബിമാർ എത്ര ശക്തമായി സ്‌നേഹിച്ചു എന്നത് ഈ ചരിത്രം നമുക്ക് പറഞ്ഞു തരുന്നുണ്ട്. അതുപോലെ എത്ര മഹാനായാലും അല്ലാഹുവിനോടേ പ്രാർഥിക്കാൻ പാടുള്ളൂ എന്നതും നബി ﷺ പോലും പ്രാർഥനക്ക് അർഹനല്ലെന്ന് മനസ്സിലാക്കിയ സ്വഹാബിമാരുടെ വഴിത്താരയിലൂടെയാണ് നാം സഞ്ചരിക്കേണ്ടത്.

(അവസാനിച്ചില്ല)