ഹുനയ്‌നിലെ ആദ്യഘട്ട പരാജയ കാരണങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ഫെബ്രുവരി 19, 1442 റജബ്  18

(മുഹമ്മദ് നബി ﷺ : 60)

ഹുനയ്‌ൻ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് പരാജയം സംഭവിച്ചതിനു പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടായിരുന്നു. അവയെന്താണെന്ന് നമുക്ക് പരിശോധിക്കാം:

സൈന്യത്തില്‍ ധാരാളം പേരുണ്ടെന്നും അതിനാല്‍ നിഷ്‌പ്രയാസം വിജയിക്കാന്‍ സാധിക്കുമെന്നുമുള്ള ചിന്ത ചിലരില്‍ ഉണ്ടായി. അപ്രകാരം ചിന്തിക്കുവാന്‍ പാടില്ലായിരുന്നു. എണ്ണപ്പെരുപ്പമോ ആയുധ ബലമോ അല്ല ജയപരാജയങ്ങളുടെ മാനദണ്ഡം. അല്ലാഹുവിന്റെ സഹായമാണ് പ്രധാനം. ചിലരില്‍ ഇപ്രകാരം ഒരു ചിന്ത ഉണ്ടായതിനാല്‍ അല്ലാഹു അവരെ ഒന്നു പരീക്ഷിച്ചു എന്നതാണ് ഒരു കാരണമായി പണ്ഡിതന്മാര്‍ സൂചിപ്പിച്ചിട്ടുള്ളത്. എണ്ണത്തിന്റെയോ വണ്ണത്തിന്റെയോ സൗകര്യത്തിന്റെയോ പേരില്‍ നാം ഒരിക്കലും അഹങ്കരിക്കുവാന്‍ പാടില്ല.

മുസ്‌ലിം സൈന്യത്തില്‍ പുതുമുസ്‌ലിംകളായ കുറെയാളുകള്‍ ഉണ്ടായിരുന്നു എന്ന് നാം മനസ്സിലാക്കി. അവര്‍ക്കാകട്ടെ ഏകദൈവവിശ്വാസം (തൗഹീദ്) ശരിയായ വിധത്തില്‍ ഉറച്ചിട്ടുമുണ്ടായിരുന്നില്ല. ഇതും പരാജയത്തിന് ഒരു കാരണമായിരുന്നു. അല്ലാഹുവിനെയല്ലാതെ ആരാധിക്കുന്നവര്‍ ഉണ്ടായിക്കൂടാ. ഏത് കാര്യത്തിലും ഭരമേല്‍പിക്കുവാനായി അല്ലാഹു മതി എന്ന ഉറച്ച വിശ്വാസം ഏത് ഘട്ടത്തിലും മുസ്‌ലിമിന് ഉണ്ടാകണം. 

ശിര്‍ക്കായതിനെ ശിര്‍ക്കല്ലെന്നോ, ശിര്‍ക്കല്ലാത്തതിനെ ശിര്‍ക്കാണെന്നോ പറയാന്‍ പാടില്ല. അതിന് പഠനം അനിവാര്യമാണ്. തൗഹീദില്‍നിന്ന് വ്യതിചലനം ഉണ്ടായാല്‍ അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള പരീക്ഷണത്തിന് നാം വിധേയരാകും എന്നത് ഹുനയ്ന്‍ യുദ്ധത്തിന്റെ തുടക്കത്തിലുണ്ടായ പരാജയം നമുക്ക് നല്‍കുന്ന പാഠമാണ്.

യുദ്ധത്തിന് ആവശ്യമായ പടക്കുപ്പായവും മറ്റു ആയുധങ്ങളുമില്ലാത്തവരും ഹുനയ്‌നിലേക്ക് പുറപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇങ്ങനെ യുദ്ധത്തിന് പുറപ്പെടുന്നത് അപകടമാണല്ലോ വരുത്തുക. ഇതൊന്നും ഇല്ലാതെ തന്നെ യുദ്ധം നിഷ്‌പ്രയാസം വിജയിക്കുമെന്ന് ഒരിക്കലും വിചാരിക്കാന്‍ പാടില്ല. ഈ രൂപത്തില്‍ യുദ്ധത്തെ അഭിമുഖീകരിച്ചതും ഹുനയ്‌ൻ യുദ്ധത്തിന്റെ തുടക്കത്തില്‍ ഒരു പരാജയം ഏല്‍ക്കാന്‍ കാരണമായി. ശത്രു എത്ര നിസ്സാരനായാലും നല്ല തയ്യാറെടുപ്പും മുന്‍കരുതലും ഉണ്ടായിരിക്കണം.

യുദ്ധത്തിന് പുറപ്പെടുന്ന സമയത്ത് ഭൗതികമായ സ്വത്തില്‍ കണ്ണുവെച്ച് പുറപ്പെട്ട ചിലരും ഉണ്ടായിരുന്നു. നിഷ്‌പ്രയാസം ജയിക്കുകയും യുദ്ധാര്‍ജിത സ്വത്ത് ധാരാളം ലഭിക്കുകയും ചെയ്യുമെന്ന് വിചാരിച്ചവരായിരുന്നു അവര്‍. ഈ ലക്ഷ്യത്തില്‍ പുറപ്പെട്ടവരും ആ കൂട്ടത്തില്‍ ഉണ്ടായതിനാല്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ പരാജയത്തിന്റെ കൈപ്പുനീര്‍ മുസ്‌ലിംകള്‍ക്ക് കുടിക്കേണ്ടി വന്നു.

അബൂഇസ്ഹാക്വി(റ)ല്‍നിന്ന് നിവേദനം; ഒരാള്‍ ബറാഅ് ഇബ്‌നു ആസിബി(റ)നോട് ചോദിച്ചു: ‘ഹുനയ്‌ൻ ദിവസം അല്ലാഹുവിന്റെ ദൂതരില്‍നിന്നും നിങ്ങള്‍ ഓടിയിരുന്നല്ലോ?' അദ്ദേഹം പറഞ്ഞു: ‘പക്ഷേ, അല്ലാഹുവിന്റെ റസൂല്‍ ﷺ ഓടിയിരുന്നില്ല. തീര്‍ച്ചയായും ഹവാസിനുകാര്‍ അമ്പെയ്‌ത്തുകാരായിരുന്നു. ഞങ്ങള്‍ അവരെ കണ്ടുമുട്ടിയപ്പോള്‍ അവരുടെ മേല്‍ ഞങ്ങള്‍ ആയുധമെടുത്ത് (ശക്തമായി പോരാടി). അപ്പോള്‍ അവര്‍ പിന്തിരിഞ്ഞ് ഓടുകയുണ്ടായി. അപ്പോള്‍ മുസ്‌ലിംകള്‍ ഗനീമത്ത് സ്വത്തിലേക്ക് മുന്നിട്ടു. അപ്പോള്‍ അവര്‍ അമ്പുകൾ കൊണ്ട് ഞങ്ങളെ നേരിട്ടു. (അപ്പോള്‍ ഞങ്ങള്‍ ഓടി). എന്നാല്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ ഓടിയില്ല. അവിടുന്ന് തന്റെ കോവര്‍കഴുതയായ ബയ്ദ്വാഇന്റെ മുകളില്‍ (ഇരിക്കുന്നത്) ഞാന്‍ കണ്ടിരിന്നു. അബൂസുഫ്‌യാന്‍ അതിന്റെ കടിഞ്ഞാണ്‍ പിടിച്ചിട്ടുണ്ട്. നബി ﷺ (ഇപ്രകാരം) പറയുന്നുമുണ്ട്: ‘ഞാന്‍ നബിയാണ്, അത് കളവല്ല. ഞാന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മകനുമാണ്' (ബുഖാരി).

ഉഹ്ദ് യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് വിജയമാണല്ലോ ഉണ്ടായത്. എന്നാല്‍ യുദ്ധാര്‍ജിത സ്വത്ത് ശേഖരിക്കുന്നതിനിടയില്‍ ശത്രുക്കളുടെ പെെട്ടന്നുള്ള കടന്നാക്രമണത്തില്‍ മുസ്‌ലിംകള്‍ ഛിന്നഭിന്നമാവുകയായിരുന്നു. ഇതുപോലെ, ഹുനയ്‌ൻ യുദ്ധത്തിന്റെ തുടക്കത്തിലും മുസ്‌ലിംകള്‍ക്ക് വിജയം ലഭിച്ചു. എന്നാല്‍ ഗനീമത്ത് സ്വത്ത് ശേഖരിക്കുന്ന തിരക്കിനിടയില്‍ ശത്രുക്കള്‍ മുസ്‌ലിംകളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു. മുസ്‌ലിംകള്‍ പരിഭ്രാന്തരായി നാലുപാടും ഓടി. എന്നാല്‍ പിന്നീട് അല്ലാഹുവിന്റെ സഹായം ലഭിക്കുകയും ശത്രുക്കള്‍ പരാജയപ്പെടുകയും ചെയ്തു.

മക്കാവിജയ ദിവസം നബി ﷺ യാതൊരു പ്രതികാര നടപടിയും സ്വീകരിക്കാതെ വെറുതെ വിട്ട ആളുകളുണ്ടായിരുന്നു. അവരാണ് ‘ത്വുലക്വാഅ്' എന്ന പേരില്‍ അറിയപ്പെടുന്നത്. അവരില്‍ കുറെ പേര്‍ ഇസ്‌ലാം സ്വീകരിച്ചു. ഹുനയ്‌ൻ യുദ്ധത്തില്‍ അവര്‍ മുസ്‌ലിംകള്‍ക്ക് ഒപ്പമുണ്ട്. അവര്‍ പുറകിലാണ്. യുദ്ധത്തിന്റെ ഗതി മനസ്സിലാക്കി ഇടപെടാനായിരുന്നു അവരുടെ തീരുമാനം. ജയിക്കുകയാണെങ്കില്‍ കൂടെ നില്‍ക്കാം, പരാജയപ്പെടുകയാണെങ്കില്‍ ഓടി രക്ഷപ്പെടാം. അവരുടെ വിശ്വാസം (ഈമാന്‍) ശരിയായ വിധത്തില്‍ ഉറച്ചിട്ടില്ലായിരുന്നു. അത് മനസ്സിലാക്കിത്തരുന്ന ഒരു സംഭവം ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ട്: 

അനസി(റ)ല്‍നിന്ന് നിവേദനം: ‘‘ഹുനയ്‌ൻ ദിവസം ഉമ്മു സുലൈം(റ) തന്റെ പക്കലുണ്ടായിരുന്ന ഒരു കഠാരയെടുത്തു. അപ്പോള്‍ അത് അബൂത്വല്‍ഹ(റ) കണ്ടു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ഇത് ഉമ്മു സുലൈമാകുന്നു. അവരുടെ കൂടെ ഒരു കഠാരയുമുണ്ട്.' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ ചോദിച്ചു: ‘ഈ കഠാര എന്തിനാണ്?' അവര്‍ പറഞ്ഞു: ‘മുശ്‌രിക്കുകളില്‍നിന്ന് ഒരാള്‍ എന്നോട് അടുത്താല്‍ ഞാന്‍ അത് എടുക്കും. (എന്നിട്ട്) ഞാന്‍ ഇതുകൊണ്ട് അവന്റെ വയറ് കീറും.' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ ചിരിച്ചു. അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, നമ്മുടെ ശേഷക്കാരായ ത്വുലക്വാഉകാര്‍ അങ്ങയില്‍നിന്നും ഓടിക്കളയാന്‍ (വിചാരിക്കുന്നു. അവരെ ഇതുകൊണ്ട്) അങ്ങ് വധിച്ചേക്കൂ.' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘‘ഓ, ഉമ്മുസുലൈം! തീര്‍ച്ചയായും അല്ലാഹു തന്നെ വേണ്ടുന്നത് ചെയ്യുകയും നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്'' (മുസ്‌ലിം).

ഹുനയ്‌ൻ യുദ്ധ ദിവസത്തില്‍ പിന്തിരിഞ്ഞോടാന്‍ തയ്യാറായി നിന്നവരായിരുന്നു ത്വുലക്വാഅ് എന്ന് പറയുന്ന ഇക്കൂട്ടര്‍ എന്നത് ഈ റിപ്പോര്‍ട്ടില്‍നിന്നും നമുക്ക് മനസ്സിലാക്കാം.

ഹുനയ്‌ൻ യുദ്ധത്തില്‍ പങ്കെടുത്ത ഒരു ധീര വനിതയായിരുന്നു ഉമ്മു സുലൈം(റ). യുദ്ധത്തില്‍ പരിക്ക് പറ്റുന്ന പുരുഷന്മാരെ ശുശ്രൂഷിക്കുന്നതിനും അവര്‍ക്ക് വെള്ളം പോലുള്ളവ എത്തിക്കുന്നതിനും സ്വഹാബ വനിതകളും യുദ്ധസ്ഥലത്തേക്ക് പുറപ്പെടാറുണ്ടായിരുന്നു. അതില്‍ പെട്ട ആളായിരുന്നു ഈ മഹതി.

യുദ്ധരംഗത്താണ് ഈ സംഭവം. യുദ്ധത്തില്‍ ആയുധം കരുതലും സ്വയം രക്ഷക്ക് ആവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കലും സ്വാഭാവികമാണ്. ഈ സംഭവം എടുത്തു കാണിച്ച് സ്ത്രീകളെ പോലും ആയുധം കൈയിലെടുപ്പിച്ച നേതാവാണ് മുഹമ്മദ് എന്നു പറഞ്ഞ് നബി ﷺ യെ ഇകഴ്‌ത്തുവാന്‍ ശ്രമിക്കുന്നവരുണ്ട്. തികച്ചും ബാലിശമായ ആരോപണമാണിതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.

യുദ്ധഭൂമിയില്‍നിന്നും ഓടിപ്പോയ ശത്രുക്കള്‍ പിന്നീട് പോയത് ത്വാഇഫിലേക്കായിരുന്നു. ത്വാഇഫാകട്ടെ ഇസ്‌ലാമിന്റെ ശത്രുക്കളുടെ കേന്ദ്രമായിരുന്നു. അവിടേക്ക് പോയ ശത്രുക്കളെ മുസ്‌ലിം സൈന്യം പിന്തുടര്‍ന്നു. ത്വാഇഫില്‍ നബി ﷺ യും അനുചരന്മാരും എത്തിയപ്പോള്‍ അവിടെയുള്ളവര്‍ ഭീതിയിലായി. ഇവരോട് നേരിടുക സാധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കി. അതിനാല്‍ അവര്‍ എതിരിടാന്‍ ഒരുക്കം കൂട്ടിയില്ല. അങ്ങനെ ത്വാഇഫും ഇസ്‌ലാമിന് അധീനമായി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുനബി ﷺ ത്വാഇഫിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിനായി പോയപ്പോള്‍ അദ്ദേഹത്തെ എറിഞ്ഞോടിച്ചവരാണ് അവിടെയുള്ളത്. അവരില്‍നിന്നും പ്രവാചകന്‍ ﷺ അന്ന് ഓടി രക്ഷപ്പെടുകയുണ്ടായി. അങ്ങനെ നബി ﷺ ഓടി തളര്‍ന്ന് വിശ്രമിക്കുന്ന വേളയില്‍ പര്‍വതങ്ങളുടെ മലക്ക് വന്ന് അവരെ നശിപ്പിക്കുന്നതിന് വേണ്ടി അനുവാദം ചോദിച്ചു. നബി ﷺ അതിന് വിസമ്മതിച്ചു. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പില്‍ക്കാലത്ത് അവരില്‍നിന്നും ഒരു ജനത ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെട്ടേക്കാം എന്ന് പ്രത്യാശിക്കുകയും ചെയ്തിരുന്നല്ലോ. ആ ആഗ്രഹം ഇവിടെ പൂവണിയുകയാണ്. ത്വാഇഫുകാര്‍ മുഴുവനും നബി ﷺ യില്‍ വിശ്വസിച്ചവരായി. അങ്ങനെ ത്വാഇഫ് ഇസ്‌ലാമിന് അധീനമാകുകയും ചെയ്തു. നബിയുടെ കാലത്ത് മുസ്‌ലിംകളും മുശ്‌രിക്കുകളും തമ്മിലുണ്ടായ അവസാന യുദ്ധമായിരുന്നു  ഹുനയ്‌ൻ യുദ്ധവും അതിനോട് അനുബന്ധിച്ചുണ്ടായ ത്വാഇഫ് യുദ്ധവും.

കഴിഞ്ഞുപോയ യുദ്ധങ്ങളിലൊന്നും ലഭിച്ചിട്ടില്ലാത്തത്ര യുദ്ധാര്‍ജിത സമ്പത്ത് ഇതില്‍ ലഭിക്കുകയുണ്ടായി; ആട്, മാട്, ഒട്ടകങ്ങള്‍, കുതിരകള്‍ എന്നിവയടങ്ങിയ. കുറെ പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ ബന്ധികളായി. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന ബന്ധികളോട് എപ്രകാരമാണ് വര്‍ത്തിക്കേണ്ടതെന്നും മുസ്‌ലിംകള്‍ എപ്രകാരമാണ് അവരോട് പെരുമാറിയിരുന്നത് എന്നതും നാം മുമ്പ് വിവരിച്ചിട്ടുണ്ട്.

ഇസ്‌ലാമിനെ ചീത്തപറയുവാനും അവഹേളിക്കുവാനും ചരിത്രത്തെ വക്രീകരിക്കുന്നവര്‍ക്ക് ഇസ്‌ലാമിനെ പോലെ മാര്‍ഗദര്‍ശനം കാണിക്കുന്ന ഒരു ദര്‍ശനത്തെയും കാണുക സാധ്യമല്ല. കാരണം, ഇത് ലോകരക്ഷിതാവിങ്കല്‍നിന്നുള്ള മതമാണ്.

യുദ്ധാര്‍ജിത സ്വത്ത് വീതം വെക്കാന്‍ തുടങ്ങി. മക്കാവിജയത്തിന് ശേഷം ഇസ്‌ലാമിലേക്ക് വന്ന പുതിയ വിശ്വാസികള്‍ക്കാണ് നബി ﷺ സ്വത്തിന്റെ വലിയ ഒരു വിഹിതം മാറ്റിവെച്ചത്. അവരുടെ ഈമാനും ദീനിനോടുള്ള പ്രതിബദ്ധതയും ഉറക്കുവാന്‍ ഇത് കാരണമായി.

ഇബ്‌നു ശിഹാബി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘മക്കാവിജയമാകുന്ന വിജയത്തിന് അല്ലാഹുവിന്റെ റസൂല്‍ ﷺ പട നയിച്ചു. അതിനുശേഷം അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ കൂടെയുള്ള മുസ്‌ലിംകളുമായി പുറപ്പെടുകയും അങ്ങനെ അവര്‍ ഹുനയ്‌നില്‍ വെച്ച് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തു. അപ്പോള്‍ അല്ലാഹു അവന്റെ മതത്തെയും മുസ്‌ലിംകളെയും സഹായിക്കുകയുണ്ടായി. അല്ലാഹുവിന്റെ റസൂല്‍ ﷺ സ്വഫ്‌വാന്‍ ഇബ്‌നു ഉമയ്യക്ക് നൂറ് ഒട്ടകങ്ങളെയും, പിന്നെ നൂറും പിന്നെ നൂറും (ആയി) നല്‍കുകയും ചെയ്തു.' ഇബ്‌നു ശിഹാബി പറഞ്ഞു: ‘എന്നോട് സഈദ് ഇബ്‌നു മുസ്വയ്യിബ് പറഞ്ഞിട്ടുണ്ട്; തീര്‍ച്ചയായും സ്വഫ്‌വാന്‍(റ) പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ റസൂല്‍ ﷺ എനിക്ക് നല്‍കിയതെല്ലാം നല്‍കി. തീര്‍ച്ചയായും അദ്ദേഹമായിരുന്നു ജനങ്ങളില്‍ എനിക്ക് ഏറ്റവും വെറുപ്പുണ്ടായിരുന്നത്. എന്നാല്‍ ജനങ്ങളില്‍ അദ്ദേഹം എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാകുന്നതുവരെ അവിടുന്ന് എനിക്ക് നല്‍കിക്കൊണ്ടേയിരുന്നു'' (മുസ്‌ലിം).

വിശ്വാസം ഉറക്കുന്നതിന് വേണ്ടിയും മുഹമ്മദ് നബി ﷺ യോട് അങ്ങേയറ്റത്തെ സ്‌നേഹവും ആദരവും ഉണ്ടാകുന്നതിന് വേണ്ടിയും ആയിരുന്നു നബി ﷺ ഇപ്രകാരം ചെയ്തത്. ഇസ്‌ലാമിലേക്ക് പ്രവേശിച്ചിട്ടില്ലെങ്കിലും ഇസ്‌ലാമിനോട് ചായ്‌വ് കാണിക്കുന്ന, ഇസ്‌ലാമിനോടോ മുസ്‌ലിംകളോടോ എതിര്‍പ്പോ ശത്രുതയോ ഇല്ലാത്ത ആളുകള്‍ക്ക് ശാരീരികമായോ സാമ്പത്തികമായോ സഹായം ചെയ്യുന്നതും നന്മ ചെയ്യുന്നതും ഇസ്‌ലാം വിലക്കിയിട്ടുമില്ല. ഇസ്‌ലാമിനോട് മാനസികമായി ചായ്‌വ് വെച്ചുപുലര്‍ത്തുന്നവര്‍ സകാത്തിന്റെ അവകാശികളായ എട്ടു വിഭാഗത്തില്‍ ഒരു വിഭാഗമാണെന്ന വസ്തുതകൂടി നാം മനസ്സിലാക്കണം. 

ഇസ്‌ലാമിലേക്ക് പ്രവേശിച്ച പുതിയ ആളുകള്‍ക്ക് യുദ്ധാര്‍ജിത സ്വത്തില്‍നിന്നും ധാരാളം നല്‍കി. അങ്ങനെ അവരുടെ ഈമാന്‍ ഉറച്ചു. പിന്നീട് അവര്‍ക്ക് ധനത്തോടോ ഭൗതിക സൗകര്യങ്ങളോട് മോഹം ഇല്ലാതാകുകയും പരലോക മോചനം മാത്രം മുന്നില്‍ കണ്ട് ജീവിക്കുവാന്‍ അവര്‍ പ്രാപ്തരാവുകയും ചെയ്തു.

ഇത്രയും കാലം നബി ﷺ യോടൊപ്പം പ്രയാസങ്ങളും ദുരിതങ്ങളും സഹിച്ച് ജീവിച്ച ധാരാളം സ്വഹാബിമാര്‍ ഈ സന്ദര്‍ഭത്തില്‍ നബി ﷺ യുടെ സമീപത്തുണ്ടായിരുന്നു. അവരെക്കാള്‍ നബി ﷺ ഈ സ്വത്തിന് മുന്‍ഗണന നല്‍കിയത് പുതുതായി ഇസ്‌ലാമിലേക്ക് വന്നവര്‍ക്കാണ് എന്നത് സ്വഹാബിമാരില്‍ ചിലര്‍ക്ക് വിഷമം ഉണ്ടാക്കി. അത് സ്വാഭാവികമാണല്ലോ. ഈ സന്ദര്‍ഭത്തില്‍ നബി ﷺ അവരെ വിളിച്ചു ഒരുമിച്ചു കൂട്ടി. എന്നിട്ട് അവരോട് പറഞ്ഞു:

‘‘അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും ഞാന്‍ ചിലര്‍ക്ക് നല്‍കുകയും ചിലരെ ഒഴിവാക്കുകയും ചെയ്യുന്നതാണ്. ഞാന്‍ ഒഴിവാക്കിയവനാണ് ഞാന്‍ നല്‍കിയവനെക്കാള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍. പക്ഷേ, ഞാന്‍ ചിലര്‍ക്ക് നല്‍കിയത് അവരുടെ ഹൃദയങ്ങളില്‍ ഉത്കണ്ഠയും അസ്വസ്ഥതയും ഞാന്‍ കണ്ടതിനാലാണ്. മറ്റുള്ള ആളുകളെ, അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു ഐശ്വര്യവും നന്മയും ആക്കിയിട്ടുള്ളതിലേക്ക് ഏല്‍പിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്'' (ബുഖാരി).

‘‘അവിശ്വാസം കൊണ്ട് അടുത്ത കാലമായി (നടന്നവരായ) ഈ ആളുകള്‍ക്ക് അവരുടെ (ഹൃദയം) ഇണങ്ങുന്നതിനായി ഞാന്‍ നല്‍കുന്നു. ഈ ജനങ്ങള്‍ സ്വത്തുക്കളുമായി പോകാനും (ആ സ്ഥാനത്ത്) നിങ്ങള്‍ പ്രവാചകന്‍ ﷺ നെയും കൊണ്ട് നിങ്ങളുടെ താവളത്തിലേക്ക് പോകുവാനും നിങ്ങള്‍ തൃപ്തരാകുമോ? അല്ലാഹുവാണെ സത്യം, അവര്‍ ഏതൊന്നുംകൊണ്ട് മടങ്ങുന്നുവോ അതിനെക്കാള്‍ ഉത്തമമായതുംകൊണ്ടാണ് നിങ്ങള്‍ മടങ്ങുന്നത്.'' അവര്‍ പറഞ്ഞു: ‘‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ തൃപ്തരാകുന്നു''(ബുഖാരി).

‘‘തീര്‍ച്ചയായും ഞാന്‍ ഒരാള്‍ക്ക് നല്‍കും. അല്ലാഹു അവനെ നരകത്തില്‍ വീഴ്ത്തുന്നതിനെ ഭയപ്പെടുന്നതിനാലാണത്. അവനല്ലാത്തവനാണ് അവനെക്കാള്‍ എനിക്ക് പ്രിയപ്പെട്ടവന്‍'' (മുസ്‌ലിം).

ഈ ആശ്വാസ വാക്കുകളില്‍ സ്വഹാബിമാര്‍ തൃപ്തരായി. അവര്‍ക്ക് അത് ഏറെ ആനന്ദം പകര്‍ന്നു. നബി ﷺ ഇപ്രകാരം സ്വഹാബിമാരെ ഉണര്‍ത്താന്‍ പ്രത്യേക കാരണമുണ്ടായിരുന്നു. നാം നേരത്തെ സൂചിപ്പിച്ചതാണ്. അതായത് സ്വഹാബിമാരില്‍ ചിലര്‍ നബി ﷺ കേള്‍ക്കാത്ത വിധത്തില്‍ സ്വകാര്യങ്ങള്‍ പറയാന്‍ തുടങ്ങി.

‘വിഷമകരമായ സാഹചര്യം ആയാല്‍ നമ്മള്‍ വിളിക്കപ്പെടുന്നു. (എന്നാല്‍) ഗനീമത്ത് സ്വത്ത് നമ്മള്‍ അല്ലാത്തവര്‍ക്കും നല്‍കപ്പെടുന്നു.' അങ്ങനെ അത് നബി ﷺ ക്ക് എത്തി. അപ്പോള്‍ നബി ﷺ അവരെ എല്ലാവരെയും ഒരു കൂടാരത്തിലേക്ക് ഒരുമിച്ചു കൂട്ടി. എന്നിട്ട് പറഞ്ഞു: ‘ഓ, അന്‍സ്വാര്‍ സമൂഹമേ,  നിങ്ങളില്‍നിന്നും എനിക്ക് എത്തിയ വര്‍ത്തമാനം എന്താണ്?' അപ്പോള്‍ അവര്‍ മൗനം പാലിച്ചു. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ഈ ജനങ്ങള്‍ ദുന്‍യാവും കൊണ്ട് പോകുമ്പോള്‍ നിങ്ങള്‍ മുഹമ്മദിനെയും കൂട്ടി നിങ്ങളുടെ ഭവനങ്ങളിലേക്ക് പോകുന്നതില്‍ നിങ്ങള്‍ തൃപ്തരാകുന്നില്ലേ?' അവര്‍ പറഞ്ഞു: ‘അതെ, അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ തൃപ്തരാണ്.' (നിവേദകന്‍) പറയുന്നു: അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ജനങ്ങള്‍ ഒരു താഴ്‌വരയില്‍ പ്രവേശിച്ചു. ആ സമയത്ത് അന്‍സ്വാറുകള്‍ ഒരു പര്‍വത പ്രദേശങ്ങളിലൂടെയുള്ള വഴിയിലുമാണ് പ്രവേശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അന്‍സ്വാറുകളുടെ പര്‍വത പ്രദേശങ്ങളിലൂടെയുള്ള വഴിയായിരിക്കും സ്വീകരിക്കുക' (മുസ്‌ലിം).

മനുഷ്യസഹജമായ ഒരു വികാരമാണ് സ്വഹാബിമാര്‍ ഇതിലൂടെ പ്രകടമാക്കിയത്. അന്‍സ്വാറുകളില്‍ ചിലര്‍ നടത്തിയ ഈ സംസാരം പിന്നീട് നബി ﷺ യും അറിഞ്ഞു. നബി ﷺ ക്ക് അത് വലിയ വിഷമം ഉണ്ടാക്കി. താന്‍ ഏറെ സ്‌നേഹിക്കുന്ന തന്റെ അനുചരന്മാര്‍ തന്നെ പറ്റി ഇപ്രകാരം ചിന്തിച്ചുവോ. മക്കയില്‍ നിന്നും മദീനയിലേക്ക് എത്തിയപ്പോള്‍ എല്ലാം നല്‍കി സഹായിക്കുകയും സ്വീകരിക്കുകയും ചെയ്ത അന്‍സ്വാറുകള്‍ തന്നെ പറ്റി ഇങ്ങനെയെല്ലാം പറയുന്നുവോ? നബി ﷺ അവരെ എല്ലാവരെയും ഒരു കൂടാരത്തില്‍ വിളിച്ചു ചേര്‍ത്തു. അവരോട് സംസാരിച്ചു. ഭൗതിക സമ്പത്ത് ലഭിച്ചവര്‍ അതുമായി മടങ്ങിയെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളിലേക്ക് പോകുന്നത് എന്നെയും കൊണ്ടാണ് എന്ന പ്രവാചകന്റെ വാക്ക് അവരെ ചിന്തിപ്പിച്ചു. അവര്‍ അതില്‍ സംതൃപ്തരായി.

എല്ലാം വീതിച്ചുകഴിഞ്ഞ സന്ദര്‍ഭത്തില്‍ ഹവാസിനില്‍ നിന്നും ഒരു സംഘം അവിടേക്ക് വന്നു. ഹുനയ്ന്‍ യുദ്ധത്തിന് ശത്രുസേനക്ക് നേതൃത്വം നല്‍കിയ സംഘമാണത്. എല്ലാവരും നബി ﷺ യുടെ മുമ്പില്‍ എത്തി. എന്നിട്ട് എല്ലാവരും സാക്ഷ്യവചനം പ്രഖ്യാപിച്ചു. എന്നിട്ട് അവര്‍ പറഞ്ഞു: ‘‘ഞങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഞങ്ങളുടെ സ്വത്തുക്കളും ബന്ധികളെയും ഞങ്ങള്‍ക്കുതന്നെ തിരിച്ചേല്‍പിക്കണം.'' അപ്പോള്‍ നബി ﷺ പറഞ്ഞു: ‘‘രണ്ടും നല്‍കാന്‍ കഴിയില്ല. ഒന്നുകില്‍ സ്വത്ത് തരാം. അല്ലെങ്കില്‍ പിടിക്കപ്പെട്ട ബന്ധികളെ നല്‍കാം.'' അപ്പോള്‍ അവര്‍ പറഞ്ഞു: ‘‘ഞങ്ങള്‍ക്ക് ഞങ്ങളില്‍നിന്നും ബന്ധികളാക്കപ്പെട്ടവരെ കിട്ടിയാല്‍ മതി.''

ഇതെല്ലാം നേരത്തെ മുസ്‌ലിംകള്‍ക്കിടയില്‍ വീതിച്ചതാണ്. അതെല്ലാം തിരികെ നല്‍കണം എന്ന് പറഞ്ഞാല്‍ അവര്‍ തിരിച്ചു നല്‍കും. ആരും നബി ﷺ യുടെ കല്‍പനയോട് അനുസരക്കേട് കാണിക്കുകയില്ല. എന്നാല്‍ ലോകത്തിന് ഒരു പാഠം പകര്‍ന്നു നല്‍കുകയാണ് നബി ﷺ ചെയ്തത്. ആരെയും നിര്‍ബന്ധിക്കാതെ സ്വഹാബിമാരോട് അഭിപ്രായം ആരാഞ്ഞു.

തീര്‍ച്ചയായും നിങ്ങളുടെ ഈ സഹോദരങ്ങള്‍ പശ്ചാത്തപിക്കുന്നവരായി നമ്മുടെ അടുക്കല്‍ വന്നിരിക്കുന്നു. അവരുടെ കുട്ടികളെ അവരിലേക്ക് മടക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങളില്‍ നിന്ന് ആരെങ്കിലും അത് ഇഷ്ടപ്പെടുന്നുവെങ്കില്‍ അവന്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ. ഇനി ആരെങ്കിലും തന്റെ വിഹിതത്തില്‍ അല്ലാഹു നമുക്ക് ആദ്യമായി കൈവശപ്പെടുത്തി തന്നതില്‍നിന്ന് അത് മാത്രം നല്‍കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‍ അപ്രകാരവും ചെയ്തുകൊള്ളട്ടെ. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ അവര്‍ക്ക് നല്ലത് നല്‍കാം.'

സ്വത്ത് വീതിച്ചതോടെ അത് സ്വഹാബിമാരുടെതായല്ലോ. അവരോട് നിര്‍ബന്ധിപ്പിച്ച് കൊടുപ്പിക്കുന്നത് ശരിയല്ല താനും. അതിനാല്‍ നബി ﷺ തന്റെ ഇഷ്ടം എന്താണ് എന്ന് ആദ്യം പറഞ്ഞു. ‘അവരുടെ ബന്ധികളെ അവര്‍ക്ക് വിട്ടുനല്‍കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും അത് നല്ലതായി തോന്നുന്നുവെങ്കില്‍ അവന്‍ അപ്രകാരം പ്രവര്‍ത്തിക്കട്ടെ.' നബി ﷺ അവരെ നിര്‍ബന്ധിച്ചില്ല. അധികാര സ്വരമോ സ്വേച്ഛാധിപത്യമോ കാണിച്ചില്ല. നബി ﷺ യോട് അവര്‍ എല്ലാവരും നല്ല രൂപത്തില്‍ പ്രതികരിച്ചു. ഞങ്ങള്‍ ഒരുക്കമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു. അങ്ങനെ അവര്‍ എല്ലാവരും അവര്‍ക്ക് എല്ലാം തിരിച്ചുനല്‍കി. ഹുനയ്‌നില്‍ ശത്രുക്കളുടെ നേതാവായിരുന്ന മാലിക് ഇബ്‌നു ഔഫും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി എന്ന് ചരിത്രം പറയുന്നു.

(അടുത്ത ലക്കത്തില്‍: തബൂക് യുദ്ധം).