കപടവിശ്വാസികളുടെ ഭീരുത്വം

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 മാർച്ച് 5, 1442 ശഅബാൻ 2

(മുഹമ്മദ് നബി ﷺ : 62)

തന്റെ മുമ്പില്‍ നില്‍ക്കുന്നവന്റെ മനസ്സിലുള്ള കാര്യങ്ങള്‍ അറിയാന്‍ നബി ﷺ ക്ക് സാധിക്കുമായിരുന്നില്ല. അതിനാല്‍തന്നെ തബൂക് യുദ്ധത്തിന്റെ സാഹചര്യത്തില്‍ നബി ﷺ യുടെ മുമ്പില്‍ ഒഴികഴിവ് ആവശ്യപ്പെട്ടവരുടെ സംസാരത്തിന്റെ യാഥാര്‍ഥ്യം നബി ﷺ ക്ക് അറിയുമായിരുന്നില്ല. അതുകൊണ്ട് പലര്‍ക്കും നബി ﷺ ഇളവ് നല്‍കി. എന്നാല്‍ ഈ നടപടിയെ എതിര്‍ത്തുകൊണ്ട് അല്ലാഹു ഇപ്രകാരം പറയുന്നു:

‘‘(നബിയേ,) നിനക്ക് അല്ലാഹു മാപ്പ് നല്‍കിയിരിക്കുന്നു. സത്യം പറഞ്ഞവര്‍ ആരെന്ന് നിനക്ക് വ്യക്തമായി ബോദ്ധ്യപ്പെടുകയും കള്ളം പറയുന്നവരെ നീ തിരിച്ചറിയുകയും ചെയ്യുന്നതുവരെ നീ എന്തിനാണ് അവര്‍ക്ക് അനുവാദം നല്‍കിയത്?’’(9:43).

എന്തുകൊണ്ടാണ് കപടവിശ്വാസികളും വിശ്വാസം ഉറക്കാത്തവരും നബി ﷺ യുടെ കൂടെ യുദ്ധത്തിന് പുറപ്പെടാതെ പിന്മാറിയത്? വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

‘‘അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നെങ്കില്‍ അവര്‍ നിന്നെ പിന്തുടരുമായിരുന്നു. പക്ഷേ, വിഷമകരമായ യാത്രാലക്ഷ്യം അവര്‍ക്ക് വിദൂരമായിത്തോന്നിയിരിക്കുന്നു. ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു എന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു പറഞ്ഞേക്കും. അവര്‍ അവര്‍ക്കുതന്നെ നാശമുണ്ടാക്കുകയാകുന്നു. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവിനറിയാം’’ (9:43).

യുദ്ധം വിജയിക്കുമെന്ന് ഉറപ്പുള്ള ഘട്ടത്തില്‍ കപടന്മാര്‍ നബി ﷺ യുടെ കൂടെ പുറപ്പെട്ട സന്ദര്‍ഭങ്ങള്‍ നാം പലപ്പോഴും കണ്ടതാണല്ലോ. എന്നാല്‍ ക്ലേശകരമായ വഴികള്‍ തരണം ചെയ്യേണ്ടതാണെങ്കില്‍ അവര്‍ പുറകോട്ടടിക്കുകയും ചെയ്യും. തബൂക്കിലേക്ക് വളരെ ദൂരം താണ്ടണമെന്നും യുദ്ധാര്‍ജിത സ്വത്ത് ലഭിക്കണമെങ്കില്‍ ശക്തമായ പോരാട്ടം നടത്തി ശത്രുക്കളെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നും കപടന്മാര്‍ക്ക് നന്നായി അറിയാം. അതിനാല്‍ മറ്റു പല കാരണങ്ങളും പറഞ്ഞ് ഉള്‍വലിയുകയായിരുന്നു അക്കൂട്ടര്‍. എന്നിട്ട് അവര്‍ നബി ﷺ യോട് ആണയിട്ട് പറഞ്ഞു: ‘നബിയേ, ഞങ്ങള്‍ക്ക് കഴിയാത്തതിനാലാണ് ഞങ്ങള്‍ താങ്കളുടെ കൂടെ വരാത്തത്. ഞങ്ങള്‍ക്ക് കഴിയുമായിരുന്നെങ്കില്‍ താങ്കളുടെ കൂടെ ഞങ്ങള്‍ പുറപ്പെടുക തന്നെ ചെയ്യുമായിരുന്നു.’

അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ഇങ്ങനെ മാറിനില്‍ക്കുന്നവര്‍ ആരാണെന്നും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്:

‘‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവര്‍ തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും സമരം ചെയ്യുന്നതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ നിന്നോട് അനുവാദം ചോദിക്കുകയില്ല. സൂക്ഷ്മത പാലിക്കുന്നവരെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും മനസ്സുകളില്‍ സംശയം കുടികൊള്ളുകയും ചെയ്യുന്നവര്‍ മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്. കാരണം അവര്‍ അവരുടെ സംശയത്തില്‍ ആടിക്കളിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനുവേണ്ടി ഒരുക്കേണ്ടതെല്ലാം അവര്‍ ഒരുക്കുമായിരുന്നു. പക്ഷേ, അവരുടെ പുറപ്പാട് അല്ലാഹു ഇഷ്ടപ്പെടാതിരുന്നതുകൊണ്ട് അവരെ പിന്തിപ്പിച്ച് നിര്‍ത്തിയിരിക്കയാണ്. മുടങ്ങിയിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പുറപ്പെട്ടിരുന്നെങ്കില്‍ നാശമല്ലാതെ മറ്റൊന്നും അവര്‍ നിങ്ങള്‍ക്കു കൂടുതല്‍ നേടിത്തരുമായിരുന്നില്ല. നിങ്ങള്‍ക്ക് കുഴപ്പം വരുത്താനാഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ ഇടയിലൂടെ അവര്‍ പരക്കം പായുകയും ചെയ്യുമായിരുന്നു. നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പറയുന്നത് ചെവികൊടുത്തു കേള്‍ക്കുന്ന ചിലരുണ്ട് താനും. അല്ലാഹു അക്രമികളെപറ്റി നന്നായി അറിയുന്നവനാണ്. മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാന്‍ ആഗ്രഹിക്കുകയും നിനക്കെതിരില്‍ അവര്‍ കാര്യങ്ങള്‍ കുഴച്ചുമറിക്കുകയും ചെയ്തിട്ടുണ്ട്. അവസാനം അവര്‍ക്കിഷ്ടമില്ലാതിരുന്നിട്ടും സത്യം വന്നെത്തുകയും അല്ലാഹുവിന്റെ കാര്യം വിജയിക്കുകയും ചെയ്തു’’ (44:48).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്തൊരു കാര്യത്തിനായി വിളിക്കപ്പെട്ടാലും അതിലേക്ക് അടുക്കാനാണോ അതില്‍നിന്ന് ഒഴിഞ്ഞുമാറാനാണോ നാം കാരണങ്ങള്‍ ഉണ്ടാക്കാറുള്ളത് എന്നത് ഓരോരുത്തരും വിലയിരുത്തേണ്ട കാര്യമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് വിളിക്കപ്പെട്ടാല്‍ അതിന് ഉത്തരം നല്‍കുന്നവരാരെന്നും അതില്‍നിന്ന് തടിയൂരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ ആരെന്നുമാണ് മുകളിലെ സൂക്തങ്ങളില്‍നിന്നും നാം മനസ്സിലാക്കേണ്ടത്.

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുവാന്‍ കല്‍പിക്കപ്പെട്ടാല്‍ അതില്‍നിന്നും മാറിനില്‍ക്കാനായി അനുവാദം ചോദിക്കുകയില്ല. അവര്‍ സൂക്ഷ്മതയുള്ളവരാകയാല്‍ തന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം കൊണ്ടോ ശരീരം കൊണ്ടോ സമരം ചെയ്യുന്നതടക്കമുള്ള ഏത് നല്ല കാര്യങ്ങള്‍ക്കും മുന്നിലുണ്ടാകും. അവര്‍ അതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയില്ല. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമില്ലാത്തവരായിരിക്കും ഇത്തരം മാര്‍ഗത്തില്‍നിന്നും പിന്തിരിയാന്‍ ശ്രമിക്കുക. ഇനി അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുണ്ടെങ്കില്‍ പോലും ഹൃദയങ്ങളില്‍ സംശയം ഉള്ളവരാണെങ്കില്‍ അവരും നന്മയുടെ വഴിയില്‍നിന്നും വിട്ടകലാന്‍ വഴി തേടും. അതിനാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ അല്‍പം പോലും സംശയമില്ലാതെ ഉറച്ചു വിശ്വസിച്ചെങ്കില്‍ മാത്രമെ അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകള്‍ അനുസരിക്കുവാനും വിരോധങ്ങളില്‍നിന്ന് അകന്ന് കഴിയാനും സാധിക്കുകയുള്ളൂ.

ഹൃദയത്തില്‍ വിശ്വാസം ഉറക്കാത്തവരും കപടന്മാരും കൂടെക്കൂടിയാല്‍ അവരെക്കൊണ്ട് പൊറുതിമുട്ടുകയാണ് സംഭവിക്കുക. അവരുടെ സാന്നിധ്യം സംഘത്തില്‍ ഛിദ്രതയും ഭിന്നിപ്പും കുഴപ്പങ്ങളും ഉണ്ടാക്കും. അവര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് കാത്‌കൊടുത്ത് വിശ്വാസികളില്‍ ചിലര്‍ വഞ്ചിക്കപ്പെടാനും സാധ്യതയുണ്ട്.

അല്ലാഹു ഈ കപടവിശ്വാസികളുടെയും വിശ്വാസത്തില്‍ സംശയവുമായി നടക്കുന്നവരുടെയും സ്വഭാവദൂഷ്യങ്ങള്‍ വെളിപ്പെടുത്താന്‍ കാരണമുണ്ട്. അതായത്, അവര്‍ മുമ്പേ തന്നെ കുഴപ്പമുണ്ടാക്കാന്‍ ആഗ്രഹിച്ചും അതിനുള്ള വഴികള്‍തേടിയും നടക്കുന്നവരാണ്. വല്ല അവസരവും വീണു കിട്ടിയാല്‍ തല്‍സമയം അത് അവര്‍ ഉപയോഗപ്പെടുത്തും. അവരെ വിശ്വാസത്തിലെടുത്ത് കൂടെക്കൂട്ടാന്‍ ഒക്കുകയില്ല എന്നതിനാല്‍ അവരുടെ ഉള്ളിലിരിപ്പ് വിശ്വാസികള്‍ക്ക് വെളിപ്പെടുത്തുകയാണ് മുകളിലെ സൂക്തങ്ങളില്‍ അല്ലാഹു ചെയ്തിട്ടുള്ളത്.

മുനാഫിക്വുകളുടെ കാരണം പറയല്‍ കേട്ട് വിശ്വാസികളില്‍ ചിലര്‍ക്കും ഇളക്കം തട്ടി. പുറപ്പെടണോ വേണ്ടയോ എന്ന് അവര്‍ ചിന്തിക്കാന്‍ തുടങ്ങി. അല്ലാഹു അതിനെ സംബന്ധിച്ച് പറയുന്നത് കാണുക:

‘‘സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തുപറ്റി? ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (ധര്‍മ സമരത്തിന്) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടുകൊള്ളുക’ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക് തൂങ്ങിക്കളയുന്നു! പരലോകത്തിനു പകരം ഇഹലോക ജീവിതംകൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു. നിങ്ങള്‍ (യുദ്ധത്തിന്) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ല ജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും. അവന്ന് ഒരു ഉപകാരവും ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ, അവര്‍ രണ്ടുപേരും (നബിയും അബൂബകറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ‘ദുഖിക്കേണ്ട തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്’ എന്ന് പറഞ്ഞ സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്‌ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. നിങ്ങള്‍ സൗകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും (ധര്‍മസമരത്തിന്) ഇറങ്ങി പുറപ്പെട്ടുകൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ് നിങ്ങള്‍ക്കുത്തമം; നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍’’ (38:41).

അല്ലാഹുവിന്റെ റസൂല്‍ ﷺ ഒരു കാര്യം പ്രഖ്യാപിച്ചാല്‍ അത് അനുസരിക്കാറാണല്ലോ സ്വഹാബിമാരുടെ പതിവ്. എന്നാല്‍ ഇവിടെ മുനാഫിക്വുകളുടെ സംസാരത്തില്‍ ചിലര്‍ക്ക് ആട്ടം സംഭവിച്ചു. ഈ ആട്ടം തട്ടിയവരോടാണ് അല്ലാഹുവിന്റെ ചോദ്യം. നിങ്ങള്‍ പരലോകത്തെ ഒഴിവാക്കി ദുന്‍യാവിന്റെ കാര്യത്തില്‍ തൃപ്തിപ്പെടുകയാണോ? എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ഭൗതിക സുഖങ്ങള്‍ എത്രയോ വിരളവും കുറവുമാണ്!

അല്ലാഹുവിന്റെയും റസൂലിന്റെയും ആഹ്വാനത്തിന് അനുസരണം നല്‍കുന്നില്ലെങ്കില്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വേദനയേറിയ ശിക്ഷക്ക് കാരണമായിത്തീരുമെന്നും നിങ്ങളെ മാറ്റി പകരം മറ്റൊരു സമൂഹത്തെ ഇതിനായി അല്ലാഹു കൊണ്ടുവരുമെന്നും അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാം ഇറങ്ങിയില്ലെങ്കില്‍ അല്ലാഹുവിന് വല്ലതും സംഭവിക്കാന്‍ പോകുന്നുണ്ടോ? ഒരിക്കലുമില്ല! അവന്റെ അധികാരത്തിനോ സ്ഥാനത്തിനോ ശക്തിക്കോ ഒന്നും യാതൊരു കോട്ടവും സംഭവിക്കാനും പോകുന്നില്ല. നാം ചെയ്താല്‍ അതിനുള്ള പ്രതിഫലം അല്ലാഹു നമുക്ക് തരും. മറ്റുള്ളവര്‍ ചെയ്താല്‍ അവരാകും അതിന്റെ അവകാശികള്‍ എന്നുമാത്രം.

തബൂക്ക് യുദ്ധത്തില്‍ നബി ﷺ യുടെ കൂടെ പുറപ്പെടാന്‍ തയ്യാറാകാതെ മാറിനിന്നവര്‍ക്ക് അല്ലാഹു ശക്തമായ രൂപത്തില്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ കൂടെ, ആരും ഇല്ലാത്ത ഘട്ടത്തില്‍ ശത്രുക്കള്‍ ഒറ്റക്കെട്ടായി നബി ﷺ യെ വധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോഴും അല്ലാഹു അവിടുത്തെ സഹായിച്ചിട്ടുണ്ടെന്നും, ആയിരത്തോളം വരുന്ന ആയുധ സജ്ജരായ ശത്രുസൈന്യം അതിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രമുള്ള നിരായുധരായ മുസ്‌ലിം സൈന്യത്തെ നേരിട്ടപ്പോഴും അല്ലാഹു സഹായം ഇറക്കിയിട്ടുണ്ടെന്ന കാര്യം നിങ്ങള്‍ മറന്നുപോകരുതെന്നും അല്ലാഹു ഓര്‍മിപ്പിച്ചു. അതിനാല്‍ വിഷമഘട്ടമാണെങ്കിലും സൗഖ്യഘട്ടമാണെങ്കിലും നബി ﷺ യുടെ വിളിക്ക് നിങ്ങള്‍ ഉത്തരം നല്‍കുക എന്നാണ് അല്ലാഹു ഇവിടെ അറിയിക്കുന്നത്.

തക്കതായ കാരണത്താല്‍ യുദ്ധത്തിന് പുറപ്പെടാന്‍ കഴിയാത്ത സ്വഹാബിമാരും യുദ്ധത്തില്‍നിന്ന് വിട്ടു നില്‍ക്കാന്‍ മാത്രം കാരണമൊന്നുമില്ലാതെ തന്നെ അതില്‍നിന്ന് മാറിനിന്ന മൂന്ന് സ്വഹാബിമാരും ഉണ്ടായിരുന്നു. ബാക്കിയുള്ളവരെല്ലാം സര്‍വത്യാഗവും സഹിച്ച് നബി ﷺ യോടൊപ്പം പുറപ്പെട്ടു. സത്യവിശ്വാസികളായ നല്ലൊരു പക്ഷം ആളുകളും അതിന് തയ്യാറായവരും ഉത്സാഹം കാണിക്കുന്നവരുമായിരുന്നു. പലരും നബി ﷺ യോട് വരേണ്ടതില്ലെന്ന് പോലും പറഞ്ഞു. 

(തുടരും)