നബി ﷺ യുടെ വിവാഹങ്ങൾ

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ഏപ്രിൽ 30, 1442 റമദാൻ 28

(മുഹമ്മദ് നബി  ﷺ  70)

നബി ﷺ യുടെ ഭാര്യമാർ മറ്റു സ്ത്രീകളെക്കാൾ സ്ഥാനവും മഹത്ത്വവും ഉള്ളവരാണ്. അവർ വിശ്വാസികളുടെ മാതാക്കളായി അറിയപ്പെടുന്നവരാണ്. അവരെ ബഹുമാനിക്കലും ആദരിക്കലും അവർക്കുവേണ്ടി പ്രാർഥിക്കലും അവരുടെ സ്വഭാവ മഹിമകൾ മാതൃകയാക്കലും അവരെ സംബന്ധിച്ച് പഠിക്കലും നമ്മുടെ കടമയാണ്.

നബി ﷺ ക്ക് പ്രവാചകത്വം ലഭിച്ച കാലംമുതൽ ശത്രുക്കൾ ഉണ്ടായിട്ടുണ്ട്. നബി ﷺ യെ നേരിൽ കാണാനും അദ്ദേഹത്തിന്റെ ആദർശവും വ്യക്തിത്വവും കുടുംബ-സാമൂഹിക ജീവിതവും ശരിയായ വിധത്തിൽ കണ്ടറിയാനും സാധിച്ചവരായിരുന്നു അന്നത്തെ ശത്രുക്കൾ. ഏതു കാലത്തും നബി ﷺ ക്ക് എതിരിൽ വിമർശനങ്ങളും ശത്രുക്കളും ഉണ്ടായിട്ടുണ്ട്. എന്നാൽ വിമർശനങ്ങളെ വിമർശനങ്ങളായി കാണാൻ ചില അടിസ്ഥാന തത്ത്വങ്ങൾ അവലംബിക്കേണ്ടതുണ്ട്. നബി ﷺ ക്കെതിരിൽ ഉന്നയിക്കുന്ന വിമർശനങ്ങളെ താഴെ പറയുന്ന കാര്യങ്ങളുടെ മാനദണ്ഡ പ്രകാരം വിലയിരുത്തിയാൽ എല്ലാ വിമർശനങ്ങളും അടിസ്ഥാനരഹിതമാണെന്ന് നമുക്ക് നിഷ്പ്രയാസം മനസ്സിലാക്കാം.

വിമർശിക്കപ്പെടുന്ന കാര്യത്തിലെ സമൂഹികാന്തരീക്ഷം

പതിനാല് നൂറ്റാണ്ടുകൾക്ക് അപ്പുറത്താണ് നബി ﷺ യുടെ ജീവിതം. അക്കാലത്തെ ജീവിത ചുറ്റുപാടുകൾ ഇക്കാലത്തെ ജീവിത ചുറ്റുപാടുകളിൽനിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമല്ലോ. വീട്, ഭക്ഷണം, വിവാഹം, കച്ചവടം, യാത്ര, പഠനം, ഭരണ പ്രക്രിയകൾ മുതലായവയിലെല്ലാം കാലത്തിനനുസരിച്ച് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ആധുനിക കാലത്ത് പോലും ഈ പറയപ്പെട്ടവയെല്ലാം എല്ലാ നാട്ടിലും ഒരുപോലെയല്ല ഉള്ളത്. അതാത് പ്രദേശത്തെ സാഹചര്യങ്ങൾക്ക് അനുസൃതമായി ഈ കാര്യങ്ങളിലെല്ലാം വ്യത്യാസം നാം കാണുന്നുണ്ട്. എന്നാൽ ആ വ്യത്യാസങ്ങൾ അല്ലാഹുവിന്റെ കൽപനക്ക് എതിരാകാത്ത വിധത്തിലാണെങ്കിൽ അതിലൊന്നും വിരോധമില്ലെന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്.

നബി ﷺ  ലൈംഗിക അരാജകത്വങ്ങളിൽനിന്നും അകന്ന് സംശുദ്ധിയുടെയും സംസ്‌കാരത്തിന്റെയും മഹനീയോദാഹരണമായിട്ടാണ് മക്കക്കാർക്കിടയിൽ ജീവിച്ചത് എന്നതിനാൽ തന്നെ നബി ﷺ യുടെ ബദ്ധവൈരികളാരും അദ്ദേഹത്തിന്റെ വിവാഹത്തെ എടുത്ത് വിമർശിച്ചതായി എവിടെയും നമുക്ക് കാണാൻ സാധ്യമല്ല എന്നതുതന്നെ നബി ﷺ യുടെ വിവാഹ ബന്ധങ്ങളുടെ പവിത്രതയാണ് നമുക്ക് മനസ്സിലാക്കിത്തരുന്നത്. കൂടാതെ നബി ﷺ യോട് പ്രത്യക്ഷത്തിലും പരോക്ഷത്തിലും ശത്രുത കാണിച്ചിരുന്ന ജൂത-ക്രൈസ്തവരും അക്കാലത്ത് ഉണ്ടായിരുന്നു. അവരും നബി ﷺ യെ ഈ വിഷയത്തിൽ വിമർശിച്ചത് കാണുക സാധ്യമല്ലതന്നെ.

നബി ﷺ യുടെ വിവാഹജീവിതത്തെ വിമർശിക്കുന്നവർ അക്കാലത്തെ വൈവാഹിക രീതി എന്തായിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ വിമർശിക്കാൻ തെല്ലും കാരണം കാണുകയില്ല. ഇക്കാലത്തെ ഭൂമികയിൽനിന്ന് ചിന്തിക്കുമ്പോൾ ഒരുപക്ഷേ, നമുക്ക് ഉൾകൊള്ളാൻ വിഷമം ഉണ്ടായേക്കാം. അതല്ല ഒരു കാര്യത്തെ വിമർശിക്കുവാൻ മാനദണ്ഡമാക്കേണ്ടത്.

വിമർശനങ്ങൾ സത്യസന്ധമായിരിക്കണം

നബി ﷺ യെ ലൈംഗിക-വികാരജീവിയായി ചിത്രീകരിക്കുവാൻ ചരിത്രത്തെ വളച്ചൊടിച്ചും തെളിവുകളെ വെട്ടിമാറ്റിയും ദുർവ്യാഖ്യാനിച്ചും അവതരിപ്പിക്കുന്ന വിമർശകരെ ഇക്കാലത്ത് എമ്പാടും നമുക്ക് കാണാം. സത്യസന്ധമായ വിമർശനമാണ് ജനങ്ങളിൽ മാറ്റവും ചിന്തയും ഉണർത്തുക. സത്യത്തിന് എതിരായ രൂപത്തിൽ വിമർശനങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ നിരപരാധിയുടെ കൂടെ നിൽക്കുക എന്നതാണ് പൊതുവെ മനുഷ്യപ്രകൃതി ആഗ്രഹിക്കുക. അതിനാൽതന്നെ ഇത്തരം വിമർശനങ്ങൾ ജനങ്ങൾക്ക് വിഷയം പഠിക്കുവാനും അതുവഴി നിരവധി ആളുകൾക്ക് ഈ സത്യമാർഗത്തിലേക്ക് പ്രവേശിക്കുവാനും കാരണമായിട്ടുണ്ട്.

വിമർശനങ്ങൾ സ്വാർഥ താൽപര്യ സംരക്ഷണത്തിനാകരുത്

അസൂയ, വിദ്വേഷം തുടങ്ങിയ കാരണത്താൽ വിമർശനം ഉയരാറുണ്ട്. തന്റെ ഇച്ഛക്കും താൽപര്യത്തിനും അനുസൃതമായ ഒരു വിഭാഗം തനിക്ക് ഒപ്പമുണ്ടാകണം എന്നാഗ്രഹിക്കുന്നവർ അതിന് എതിരായി വരുന്ന ആശയങ്ങളെയും വ്യക്തികളെയും സമൂഹത്തിൽ താറടിക്കാൻ ശ്രമിക്കാറുണ്ട്. നബി ﷺ  പകർന്നു നൽകിയ ആദർശം മനുഷ്യപ്രകൃതിയുടെ ആദർശമാണ്. വ്യക്തി, കുടുംബം, സമൂഹം തുടങ്ങിയ എല്ലാ തലങ്ങളിലും കൃത്യവും വ്യക്തവുമായ, ധാർമികവും നീതിയുക്തവുമായ ആദർശമാണ് മുഹമ്മദ് നബി ﷺ യിലൂടെ പൂർത്തീകരിക്കപ്പെട്ട ഇസ്‌ലാം ലോകരുടെ മുന്നിൽ വെക്കുന്നത്. എന്നാൽ ഈ ആദർശം പലരുടെയും താൽപര്യങ്ങളെ ബാധിക്കുന്നതാണ്. അതിനാൽതന്നെ സ്വതാൽപര്യത്തിനായി കളവുകൾ കെട്ടിച്ചമച്ച് വിമർശിക്കുവാൻ അവർ തയ്യറാകുന്നു. പ്രബുദ്ധ സമൂഹത്തിന്റെ മുന്നിൽ ഇത് നിലനിൽപില്ലാത്തതാണ്.

മറുവഴി വ്യക്തമാക്കണം

ആർക്കും വിമർശിക്കാം. ആർക്കും അഭിപ്രായം പറയാം. എന്നാൽ എവിടെ, ഏത് കാലത്തു ജീവിക്കുന്നവരാണെങ്കിലും സ്വീകരിക്കാൻ പറ്റുന്നതും, പരിപൂർണമായ നീതിയുടെ അടിസ്ഥാനത്തിലുള്ളതുമായ ഒരു മാർഗനിർദേശം മുന്നോട്ടു വെക്കുക എന്നത് അസാധ്യമാണ്. അത്തരം ഒരു നേർവഴി മനുഷ്യന് നൽകാൻ ലോകത്തെ മുഴുവൻ മനുഷ്യരെയും പടച്ച അല്ലാഹുവിനേ സാധിക്കൂ. കാരണം, അവനാണ് എല്ലാവരുടെയും കാര്യങ്ങൾ അറിയുന്നവൻ. ആ മാർഗമാണ് മുഹമ്മദ് നബി ﷺ യിലൂടെ അല്ലാഹു നമുക്ക് എത്തിച്ചു നൽകിയത്. നബി  ﷺ യുടെ ജീവിതത്തിലെ ഏതൊരു കാര്യത്തെ വിമർശിക്കുന്നവർക്കും അതിനെക്കാൾ നല്ല ഒന്ന് പകരം മുന്നാട്ടു വെക്കാൻ സാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ അത്തരം വിമർശനങ്ങൾക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുകയുമില്ല.

വിമർശിക്കപ്പെടുന്ന കാര്യത്തിലെ താരതമ്യം

നബി ﷺ യുടെ വിവാഹത്തെ വിമർശിക്കുന്ന പലരും സ്വന്തം മതഗ്രന്ഥത്തിലെയോ നിയമസംഹിതയിലെയോ ആ വിഷയത്തിലുള്ള നിലപാടും അധ്യാപനവും കാണാത്തവരോ അറിയാത്തവരോ കണ്ടില്ലെന്ന് നടിക്കുന്നവരോ ആണ്. മതവിശ്വാസത്തിന്റെ ഭൂമികയിൽനിന്ന് നബി ﷺ യെ വിമർശിക്കുന്നവർക്ക് അത്തരം വിമർശനങ്ങളിൽ യാതൊരു പ്രസക്തിയും ഇല്ലെന്ന് ബോധ്യപ്പെടുന്നതാണ്.

ബാലിശമായ വിമർശനങ്ങൾ

ആത്മാർഥമായി മതവിശ്വാസം സ്വീകരിച്ച് ജീവിക്കുന്ന ഒരാൾക്ക് നബി ﷺ യുടെ ജീവിതത്തിലെ ഏത് കാര്യത്തെ വിമർശിക്കുന്നതു കേട്ടാലും അത് വിശ്വസിക്കാൻ കഴിയില്ല. അവർ നബി ﷺ യെ തെറ്റിദ്ധരിക്കില്ല. നബി ﷺ ക്ക് എതിരായ വിമർശനങ്ങളെല്ലാം അനുയായികളെ വർധിപ്പിക്കുവാനേ ഇടവരുത്തിയിട്ടുള്ളൂ എന്നതാണ് വസ്തുത.

യുക്തിവാദ, നിരീശ്വര, നിർമത പ്രസ്ഥാനക്കാർ ഇക്കാലത്ത് പ്രചരിപ്പിക്കുന്ന ഉദാരലൈംഗികതയുടെ സന്ദേശം മനുഷ്യത്വമുള്ളവരെ ആശ്ചര്യപ്പെടുത്തുന്നതും അപമാനിക്കുന്നതുമാണ്. വിവാഹത്തിലൂടെയുള്ള ഇണയെ മരണംവരെ ഒരാൾക്ക് ലഭിക്കുന്നു. തന്റെ ഇണയുടെ സുഖദുഃഖങ്ങളിൽ പങ്കാളിയാകുകയും, അവരുടെ താമസം, വസ്ത്രം, ഭക്ഷണം, ആരോഗ്യം, ചികിത്സ, പഠനം തുടങ്ങിയ എല്ലാ കാര്യങ്ങളും ഭർത്താവ് നിർവഹിച്ചുകൊടുക്കുകയും ചെയ്യുന്നു.

എന്നാൽ വിവാഹം കഴിക്കാതെ ഇഷ്ടമുള്ളവരോടൊത്തുള്ള ലൈംഗികതയിൽ ഈവക ഉത്തരവാദിത്തങ്ങളൊന്നും ഏൽപിക്കപ്പെടുന്നില്ല. അതിനാൽതന്നെ ഇത്തരം ചെലവുകളിൽനിന്ന് ചുളുവിൽ രക്ഷപ്പെടാനായി വിവാഹ ജീവിതത്തെ ഇക്കൂട്ടർക്ക് എതിർക്കേണ്ടതായി വരുന്നു. അതിന് മതങ്ങളെയും മതാധ്യാപനങ്ങൾ എത്തിച്ച ദൈവദൂതന്മാരുടെ ജീവിതത്തെയും പരിഹസിച്ചും കളിയാക്കിയും നടക്കുന്നു. അതാണ് നബി ﷺ യുടെ വിവാഹങ്ങളെ വിമർശിക്കാൻ ഇക്കൂട്ടർ വല്ലാതെ തുനിയുന്നത്. ഇവരുടെ ജൽപനങ്ങളുടെ പിന്നിലുള്ള ലക്ഷ്യത്തെ അറിയാതെ പലരും അതേറ്റുപിടിക്കുകയും ചെയ്യുന്നത് കാണാം.

മുകളിൽ നൽകിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നബി  ﷺ ക്ക് എതിരിലുള്ള വിമർശനത്തെ പഠന വിധേയമാക്കിയാൽ ശത്രുക്കളുടെ വിമർശനങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും നബി ﷺ യുടെ വ്യക്തിത്വം ലോകത്തിന് ഉത്തമ മാതൃകയാണെന്നും നമ്മെ ബോധ്യപ്പെടുന്നതാണ്. നബി ﷺ ക്ക് എതിരിൽ ആധുനികരിൽനിന്നും വന്ന പല വിമർശനങ്ങളിൽ ഒന്നാണ് നബി ﷺ യുടെ വിവാഹങ്ങളുമായി ബന്ധപ്പെട്ടവ. നബി ﷺ യുടെ വിവാഹങ്ങളുമായി ബന്ധപ്പെട്ട ഒരു വിമർശനവും നബി ﷺ യുടെ കാലത്തെ ശത്രുക്കളിൽനിന്നും ഉണ്ടായിട്ടില്ല എന്നത് ചിന്തനീയമാണ്. അഥവാ, നബി ﷺ യുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇക്കാലത്ത് ഉയർത്തുന്ന വിമർശനങ്ങൾ ഒന്നും നബി ﷺ  ജീവിച്ച സാമൂഹികാന്തരീക്ഷമോ മറ്റു മാനദണ്ഡങ്ങളോ പരിഗണിച്ചാൽ അതിൽ യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമാകുന്നതാണ്. ഇനി നമുക്ക് ഇക്കാലത്ത് നബി ﷺ യെ ഏറെ വിമർശിക്കുന്ന വിഷയമായ നബി ﷺ യുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് പ്രവേശിക്കാം.

ഇസ്‌ലാമിന്റെയും പ്രവാചകന്റെയും ശത്രുക്കൾ ആധുനികകാലത്ത് വലിയ ആക്ഷേപമായി കാണുന്ന ഒരു കാര്യമാണ് നബി ﷺ യുടെ വിവാഹങ്ങൾ. നബി ﷺ  മരണപ്പെടുന്ന സന്ദർഭത്തിൽ അവിടുത്തേക്ക് ഒമ്പത് ഭാര്യമാർ ഉണ്ടായിരുന്നു എന്നതാണ് നബി  ﷺ യെ ആക്ഷേപിക്കുവാനും പരിഹസിക്കാനുമായി ഉയർത്തിക്കാണിക്കുന്ന ഒരു കാര്യം. നബി ﷺ ക്ക് മഹത്ത്വങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കേവലം ഒരു പെൺമോഹിയും കാമാസക്തനുമായിരുന്നെന്നുമൊക്കെയാണ് ശത്രുക്കർ പറയാറുള്ളത്. യാതൊരു തത്ത്വധീക്ഷയുമില്ലാത്ത, സത്യത്തോട് യാതൊരു കൂറും കാണിക്കാത്ത കഠിനമായ അപവാദങ്ങളാണ് ഇവർ പറഞ്ഞുപരത്തുന്നത്.

ബഹുഭാര്യത്വത്തെ വലിയ അപരാധമായി ഇവർ കണക്കാക്കുന്നു. ഇവരുടെ ധാർമികതയും ലൈംഗികവിശുദ്ധിയും അത്ര പരിശുദ്ധമാണെന്നാണ് ഇവരുടെ ആരോപണങ്ങൾ കേട്ടാൽ തോന്നുക. സ്വന്തം മാതാവിനെയും മകളെയും പെങ്ങളെയും സമ്മതമുണ്ടെങ്കിൽ ഭോഗിക്കാം എന്ന രതിവൈകൃത ലൈംഗിക പ്രത്യയശാസ്ത്രമാണ് ഈ വർഗം മുന്നോട്ടുവെക്കുന്നത്. തീർന്നില്ല; ശവത്തെ പോലും ഉപയോഗപ്പെടുത്താമെന്നും പറയുന്നു. മൃഗത്തെ ഉപയോഗപ്പെടുത്തുന്നതും കുറ്റകരമോ തിന്മയോ അല്ലെന്നും ഇവർ കണ്ടെത്തിയിരിക്കുന്നു. ഇവരാണ് ഇസ്‌ലാമിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്യാൻ മുന്നോട്ടുവരുന്നത് എന്ന കാര്യം ആദ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന് മുമ്പ് നബി ﷺ യെ വിമർശിച്ച ഒരാൾ പോലും അവിടുത്തെ വിവാഹ ജീവിതത്തെ വിമർശിക്കാൻ തുനിഞ്ഞത് നമുക്ക് കാണാൻ സാധ്യമേയല്ല.

നബിയുടെ ബഹുഭാര്യത്വത്തെ വിമർശനത്തിനുള്ള വലിയ വിഷയമാക്കി എതിരാളികൾ ആഘോഷിക്കുന്നതിനാൽ നബി ﷺ യുടെ ഓരോ വിവാഹവും നാം പഠനവിധേയമാക്കേണ്ടതുണ്ട്. അപ്പോൾ മനസ്സിലാകും ഇവരുടെ വിമർശനങ്ങളിൽ കഴമ്പില്ല എന്നും നബി ﷺ യുടെ ഓരോ വിവാഹത്തിന് പിന്നിലും വ്യത്യസ്തമായ യുക്തിയും ഗുണപാഠങ്ങളും ഉണ്ടെന്നും.

(തുടരും)