പ്രവാചകന്റെ വിവാഹങ്ങള്‍ - 06

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ജൂൺ 11, 1442 ദുൽഖഅദ 10

(മുഹമ്മദ് നബി ﷺ 76)

സയ്ദി(റ)ന് നബി ﷺ സയ്‌നബ് ബിൻത് ജഹ്ഷി(റ)നെ വിവാഹം ചെയ്തുകൊടുത്തു. അതിന്റെ പിന്നിൽ നബി ﷺക്ക് വലിയ ലക്ഷ്യമുണ്ടായിരുന്നു. ജാഹിലിയ്യാകാലത്ത് കുടുംബത്തിന്റെയും തറവാടിന്റെയും പേരിൽ വലിയ താൻപോരിമയും ഗോത്രമഹിമ പറയലും ഉണ്ടായിരുന്നു. ഒരു ഗോത്രക്കാർ താമസിക്കുന്നിടത്ത് മറ്റൊരു ഗോത്രക്കാർ താമസിക്കില്ല, ഒരു സദസ്സിൽ പങ്കെടുക്കില്ല, അന്യഗോത്രത്തിൽനിന്ന് വിവാഹബന്ധം നടത്തില്ല...ഇതെല്ലാമായിരുന്നു അക്കാലത്തെ അറബികളുടെ പ്രകൃതം! ഈ പ്രവണത പിഴുതെറിയലായിരുന്നു പ്രധാനലക്ഷ്യം. ക്വുറയ്ശ് ഗോത്രത്തിൽപെട്ട കുലീനയായ സയ്‌നബിനെ തന്റെ വളർത്തുപുത്രനായ ഒരു അടിമക്കാണ് നബി ﷺ വിവാഹം ചെയ്തുകൊടുക്കുന്നത്.

വിവാഹത്തിനായി നബി ﷺ സയ്‌നബി(റ)നോട് അന്വേഷിച്ചു. അവർക്കും സഹോദരൻ അബ്ദുല്ലക്കും അത് ആദ്യഘട്ടത്തിൽ ഇഷ്ടമായില്ല. അവർ ഈ വിവാഹത്തോട് എതിർപ്പ് പ്രകടിപ്പിച്ചു. സമൂഹത്തിലെ ഈ ഉച്ചനീചത്വം ഇല്ലാതാക്കാൻ ഈ വിവാഹം നബി ﷺ തീരുമാനിച്ചതായിരുന്നു. നബി ﷺയുടെ തീരുമാനത്തോട് അനുസരണക്കേട് കാണിക്കാൻ പാടില്ലെന്ന വചനമിറങ്ങിയപ്പോൾ അവർ അതിന് സമ്മതം നൽകി.

“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചുപോയിരിക്കുന്നു’’ (ക്വുർആൻ 33:36).

ഈ ബന്ധം മുന്നോട്ടുപോകുന്നതിൽ വിഷമമുണ്ടെന്ന് അന്നേ നബി ﷺയോട് സയ്ദ്(റ) പറഞ്ഞിരുന്നു. കാരണം, സയ്‌നബ്(റ) ഉന്നതകുലജാതയാണ്. സയ്ദ്(റ) ഒരു വളർത്തുപുത്രനും. സയ്‌നബി(റ)നും ആ വിവാഹത്തോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. നബി ﷺ അവരോട് നിർദേശിച്ചപ്പോൾ അവർ ഇരുവരും അതിന് സമ്മതിക്കുകയായിരുന്നു. നബി ﷺയുടെ താൽപര്യത്തോടും ഇഷ്ടത്തോടും എതിരുനിൽക്കാവതല്ലല്ലോ. ആ വിവാഹബന്ധം മുന്നോട്ടു കൊണ്ടുപോകാൻ ഇരുവർക്കും സാധിച്ചില്ല. ഇരുവർക്കുമിടയിൽ സ്വരച്ചേർച്ചയില്ലാതായി. അസ്വാരസ്യങ്ങൾ ഉടലെടുത്തുതുടങ്ങി. സയ്ദ്(റ) നബി ﷺയെ സമീപിച്ചു പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, സയ്‌നബുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമുണ്ട്. അതിനാൽ ഞാൻ അവരെ ത്വലാക്വ് (വിവാഹ മോചനം) നടത്തിയാലോ?’ നബി ﷺ സമ്മതിച്ചില്ല. സയ്‌നബിനെ കൂടെ പിടിച്ചുനിർത്താൻ നബി ﷺ കൽപിച്ചു.

നബി ﷺയുടെ ആഗ്രഹം സയ്ദും സയ്‌നബും ഒരുമിച്ചു ജീവിക്കണമെന്നായിരുന്നു. എന്നാൽ അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. സയ്ദ്(റ) സയ്‌നബി(റ)നെ വിവാഹമോചനം ചെയ്തു. അതിലൂടെ ജാഹിലിയ്യാകാലം മുതൽ അറബികളിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായത്തെ ഇല്ലാതെയാക്കി. അഥവാ, ജാഹിലിയ്യാകാലത്ത് അറബികൾ വളർത്തുപുത്രനെ സ്വന്തം മകനെപ്പോലെയാണ് എല്ലാ കാര്യങ്ങൡലും കണ്ടിരുന്നത്. വളർത്തുപുത്രനെ വളർത്തുന്ന പിതാവിലേക്കുവരെ പേരു ചേർത്തി വിളിക്കുമായിരുന്നു അവർ. അതുപ്രകാരം അവർ സയ്ദ് ഇബ്‌നു മുഹമ്മദ് എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ക്വുർആൻ ഒരു നിയമം ഇറക്കി ഈ സമ്പ്രദായത്തെ നിരോധിച്ചു. അല്ലാഹു ക്വുർആനിലൂടെ പ്രഖ്യാപിച്ചു:

“മുഹമ്മദ് നിങ്ങളിൽ ഒരാളുടെയും പിതാവല്ല.’’ ഈ പ്രഖ്യാപനം വന്നതോടെ നബി ﷺയിലേക്ക് ചേർത്ത് സയ്ദി(റ)നെ വിളിക്കുന്നത് വിരോധിച്ചു. ദത്തുപുത്രനെ സ്വന്തം പുത്രനായി കണക്കാക്കാൻ പാടില്ല എന്നത് ഇതിലൂടെ അറിയിച്ചു. അവർക്ക് അനന്തരാവകാശമോ മറ്റു നിയമങ്ങളോ ഒന്നുംതന്നെ പാടില്ല. ദത്തുപുത്രൻ അന്യൻതന്നെയാണ്. സ്വന്തം മക്കളുടെ പദവിയോ സ്ഥാനമോ അവർക്കില്ല. അവരെ അവരുടെ പിതാക്കളിലേക്ക് ചേർത്തിയേ വിളിക്കാവൂ എന്നും കൽപനയുണ്ടായി.

“നിങ്ങൾ അവരെ (ദത്തുപുത്രൻമാരെ) അവരുടെ പിതാക്കളിലേക്ക് ചേർത്തുവിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും നീതിപൂർവകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങൾ അറിയില്ലെങ്കിൽ അവർ മതത്തിൽ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാൽ നിങ്ങൾ ചെയ്തു പോയതിൽ നിങ്ങൾക്ക് കുറ്റമില്ല. പക്ഷേ, നിങ്ങളുടെ ഹൃദയങ്ങൾ അറിഞ്ഞുകൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു). അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (ക്വുർആൻ 33:5).

സയ്ദി(റ)നെ നബി ﷺയുടെ സ്വന്തം പുത്രനായും അദ്ദേഹത്തിന്റെ ഭാര്യയായ സയ്‌നബി(റ)നെ മകളുടെ സ്ഥാനത്തായും കണ്ടിരുന്ന രീതിയെ ഇസ്‌ലാം വിരോധിക്കുകയായിരുന്നു. ദത്തുപുത്രൻ ഒരു സ്ത്രീയെ വിവാഹം ചെയ്താൽ ആ സ്ത്രീ ദത്തുപുത്രനെ വളർത്തുന്നയാൾക്ക് അന്യസ്ത്രീ തന്നെയായിരിക്കും. അതിനാൽ ദത്തുപുത്രൻ തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താൽ ദത്തുപുത്രനെ വളർത്തുന്നയാൾക്ക് ആ സ്ത്രീയെ വിവാഹം കഴിക്കുന്നതിന് ഇസ്‌ലാം അനുവാദം നൽകുന്നു. അതിനെ ഒരിക്കലും സ്വന്തം പുത്രിയെ വിവാഹം കഴിക്കുന്ന ഗണത്തിൽ ഉൾപ്പെടുത്താവതല്ല.

സയ്‌നബി(റ)നെ സയ്ദ്(റ) ത്വലാക്വ് ചെയ്തപ്പോൾ അല്ലാഹു നബി ﷺക്ക് സയ്‌നബി(റ)നെ വിവാഹം ചെയ്തുകൊടുത്തു. ഈ വിവാഹത്തിൽ വലിയ്യൊന്നുമില്ല. അല്ലാഹു നേരിട്ട് നടത്തിയ വിവാഹമായിരുന്നു അത്. അതിനാൽതന്നെ സയ്‌നബ്(റ) മറ്റു ഭാര്യമാരുടെ കൂട്ടത്തിൽവെച്ച് ഇങ്ങനെ അഭിമാനം പറയാറുണ്ടായിരുന്നു: ‘നിങ്ങളുടെയെല്ലാവരുടെയും വിവാഹം ഭൂമിയിൽവെച്ചാണ് നടന്നതെങ്കിൽ എന്റെ വിവാഹം അല്ലാഹു നേരിട്ട് ആകാശത്തുവെച്ചാണ് നടത്തിയിട്ടുള്ളത്.’ ദത്തുപുത്രൻ തന്റെ ഭാര്യയെ വിവാഹമോചനം നടത്തിയാൽ അവന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിൽ യാതൊരു കുറ്റവുമില്ലെന്ന് ഇതിലൂടെ ലോകരെ പഠിപ്പിച്ചു. ഹിജ്‌റ അഞ്ചാം വർഷത്തിലാണ് ഈ വിവാഹം നടക്കുന്നത്.

നബി ﷺയുടെ മറ്റു ഭാര്യമാരിൽനിന്നും സയ്‌നബി(റ)നു മാത്രം അവകാശപ്പെടാവുന്ന മറ്റു ചില കാര്യങ്ങളുമുണ്ടായിരുന്നു. ഇരുവരുടെയും പിതാമഹൻ ഒന്നാണ്. ഈ വിവാഹത്തിന് ദൂതനായി അല്ലാഹു നിശ്ചയിച്ചത് ജിബ്‌രീലിനെയായിരുന്നു.

ഈ വിവാഹവുമായി ബന്ധപ്പെട്ടാണ് ഹിജാബിന്റെ ആയത്തും ഇറങ്ങിയത്. സാധാരണ നമ്മുടെ നാടുകളിലെ മുസ്‌ലിയാക്കൾ സ്ത്രീകൾക്ക് പള്ളിയിലേക്ക് പോകൽ ഹറാമാണെന്നും ഹിജാബിന്റെ ആയത്ത് ഇറങ്ങിയതിനുശേഷം സ്വഹാബാവനിതകൾ പള്ളിയിലേക്ക് പോയിട്ടില്ലെന്നുമെല്ലാം പറയുന്നത് കേട്ട് ‘ഹിജാബിന്റെ ആയത്ത്’ എന്ന പ്രയോഗം നമുക്കിടയിൽ സുപരിചിതമാണ്. എന്നാൽ ഇക്കൂട്ടർ പറയുന്നതുപോലെ ഹിജാബിന്റെ ആയത്തും സ്ത്രീകൾ പള്ളിയിലേക്ക് പോകലും തമ്മിൽ യാതൊരു ബന്ധവുമില്ല. ‘ഹിജാബ്’ എന്നു പറഞ്ഞാൽ ‘മറ’ എന്നാണ് അർഥം. പർദ എന്നത് ഉർദു പദമാണ്. അഥവാ സ്ത്രീകളുടെ ഔറത്ത് (നഗ്നത) മറക്കുന്നതുമായി ബന്ധപ്പെട്ട വിധിയാണ് ഇതിലൂടെ നിയമമാക്കപ്പെട്ടത്.

നബി ﷺയും സയ്‌നബും(റ) തമ്മിൽ വിവാഹം നടന്ന്, വീടുകൂടിയതിന്റെ പ്രഭാതത്തിലാണ് ഈ വചനങ്ങൾ ഇറങ്ങിയത്.

നബി ﷺയുടെ ഭാര്യമാരുടെ സമീപത്ത് പലപ്പോഴും നല്ല മനസ്സുള്ളവരും അല്ലാത്തവരും ചെല്ലും. ഇത് ഉമറി(റ)ന്റെ മനസ്സിൽ വല്ലാത്ത പ്രയാസം സൃഷ്ടിച്ചു. അപ്പോൾ ഉമർ(റ) ഈ കാര്യം പറഞ്ഞ് ഭാര്യമാരോട് പർദ അണിയാൻ കൽപിക്കാനായി നിർദേശിക്കും. അല്ലാഹുവിന്റെ അടുക്കൽനിന്നുള്ള കൽപനവരാത്തതിനാൽ നബി ﷺ അത് ഗൗനിച്ചിരുന്നില്ല.

ഈ വിവാഹം നടന്നശേഷം അതിന്റെ വലീമ (വിവാഹ സദ്യ) നടത്തി. നബി ﷺയുടെ വീട്ടിലെ വേലക്കാരനായ അനസി(റ)ന്റെ മാതാവ് ഉമ്മു സുലൈം ഗോതമ്പുകൊണ്ട് പായസവും അലീസയുമെല്ലാം ഉണ്ടാക്കി മകൻ അനസി(റ)ന്റെ പക്കൽ നബി ﷺയുടെ വീട്ടിലേക്ക് കൊടുത്തയച്ചു. അവർ മകനോട് പറഞ്ഞു: ‘മോനേ, നബിയോട് എന്റെ സലാം പറയണം. ഭക്ഷണം അൽപമേയുള്ളൂ എന്നും പറഞ്ഞേക്കണം.’ അങ്ങനെ അനസ്(റ) ഇതുമായി നബി ﷺയെ സമീപിച്ചു. അനസി(റ)നെ സദ്യയിലേക്ക് ആളുകളെ ക്ഷണിക്കാൻ ഏൽപിച്ചു. ആളുകൾ വന്നു. അൽപം ആഹാരം മാത്രമെ ഉണ്ടായിരുന്നുള്ളൂവെങ്കിലും എല്ലാവരും സുഭിക്ഷമായി അത് കഴിച്ചു. അത് നബിയുടെ ഒരു മുഅ്ജിസതായിരുന്നു. ജനങ്ങൾ കഴിക്കുന്നതിന് മുമ്പ് നബി ﷺ അല്ലാഹു ഉദ്ദേശിച്ചതെല്ലാം പ്രാർഥിച്ചിരുന്നു. അങ്ങനെ ആ ഭക്ഷണം അധികരിക്കുകയാണ് ഉണ്ടായത്. മുന്നൂറിൽപരം ആളുകൾ ആ വിവാഹ സൽക്കാരത്തിൽ പങ്കാളികളായി എന്ന് അനസ്(റ) പറയുന്നത് നമുക്ക് കാണാം.

ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടും ആളുകൾ പിരിയുന്നില്ല. അവർ നബി ﷺയുടെ വീട്ടിൽ ഇരുന്ന് സംസാരത്തിൽ മുഴുകി. ആളുകൾ ഒഴിവാകാൻ വേണ്ടി നബി ﷺ എഴുന്നേറ്റു. അപ്പോൾ കുറച്ചാളുകൾ കാര്യം മനസ്സിലാക്കി എഴുന്നേറ്റുപോയി. ഏതാനും ചിലർ അവിടെത്തന്നെ ഇരിപ്പുറപ്പിച്ചു. നബി ﷺ സയ്‌നബി(റ)ന്റെ അടുത്ത് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ ആളുകൾ അവിടെയിരുന്ന് സംസാരത്തിൽ തന്നെയാണ്. വീണ്ടും നബി ﷺ അവിടെനിന്നും പോയപ്പോൾ അവർ ഒഴിവായി. അനസ്(റ) നബി ﷺയെ ആളുകൾ ഒഴിവായ വിവരം അറിയിച്ചു. അങ്ങനെ നബി ﷺ സയ്‌നബി(റ)ന്റെ അടുത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങിയപ്പോൾ വേലക്കാരനായ അനസ്(റ) നബി ﷺയുടെ കൂടെ കയറി. അപ്പോൾ നബി ﷺക്കും അദ്ദേഹത്തിനും ഇടയിൽ ഒരു മറയിടപ്പെട്ടു. ഹിജാബിന്റെ നിയമം ഇറങ്ങി.

മതനിഷ്ഠയുള്ള, സ്വന്തം അധ്വാനത്തിലൂടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്ന, ലഭിക്കുന്ന സമ്പാദ്യം ധർമം ചെയ്തിരുന്ന മഹതിയായിരുന്നു സയ്‌നബ്(റ). ആഇശ(റ) സയ്‌നബി(റ)ന്റെ സ്വഭാവ മഹിമകൾ എടുത്തുപറയാറുണ്ടായിരുന്നതായി നമുക്ക് കാണാം.

നബി ﷺയുടെ വഫാതിനുശേഷം ആദ്യമായി മരണപ്പെട്ട അവിടുത്തെ പത്‌നി സയ്‌നബായിരുന്നു. അവരുടെ മരണത്തെ സംബന്ധിച്ച് നബി ﷺ സൂചന നൽകിയതായി നമുക്ക് കാണാൻ സാധിക്കും. ഹിജ്‌റ 9ൽ ആയിരുന്നു മഹതിയുടെ വിയോഗം. അന്ന് അവരുടെ പ്രായം 53 വയസ്സായിരുന്നു. അവരുടെ ജനാസ നസ്‌കാരത്തിന് ഖലീഫ ഉമർ(റ) ആയിരുന്നു നേതൃത്വം നൽകിയിരുന്നത്. ബക്വീഇലാണ് അവരെ ക്വബ്‌റടക്കിയത്.

ജുവയ്‌രിയത് ബിൻത് ഹാരിഥ് (റ)

നബി ﷺയുടെ ജീവിതത്തിലേക്ക് പിന്നീട് കടന്നുവന്ന മഹതിയായിരുന്നു ജുവയ്‌രിയ(റ). ഹിജ്‌റ അഞ്ചാം വർഷത്തിലായിരുന്നു ഈ വിവാഹം നടന്നത്. ബനൂമുസ്ത്വലക്വ് ഗോത്ര നേതാവും പ്രമാണിയുമായ ഹാരിഥിന്റെ കീഴിലായിരുന്നു അവര് ജീവിച്ചിരുന്നത്. മദീനയോട് ചേർന്ന് ജീവിച്ചിരുന്ന ഗോത്രക്കാരായിരുന്നു ബനൂമുസ്ത്വലക്വ്. ഇസ്‌ലാമിന്റെ ബദ്ധവൈരികളായിരുന്നു ഈ കുടുംബം. ഇസ്‌ലാമിനെ നശിപ്പിക്കാൻ ആവുന്നതെല്ലാം പരീക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്തായിരുന്നു അവർ അവിടെ താമസിച്ചിരുന്നത്. നബി ﷺയോട് ശത്രുതയുള്ള സർവഗോത്രക്കാരെയും വിഭാഗക്കാരെയും സംഘടിപ്പിക്കാൻ അവർ തീരുമാനിച്ചു. ഈ ഗോത്രത്തിലാണ് ജുവയ്‌രിയ(റ) താമസിച്ചിരുന്നത്. ബനൂമുസ്ത്വലക്വ് യുദ്ധം വിവരിച്ചപ്പോൾ ഈ വിവാഹത്തെ സംബന്ധിച്ച് പറഞ്ഞിട്ടുള്ളതിനാൽ ഇവിടെ അധികം വിശദീകരിക്കുന്നില്ല. ഹിജ്‌റ അഞ്ചാം വർഷത്തിൽ അവരെ നേരിടാനായി നബി ﷺ സ്വഹാബിമാരെയും കൂട്ടി അവിടേക്ക് പുറപ്പെട്ടു.

ബനൂമുസ്ത്വലക്വ് യുദ്ധത്തിൽ ശത്രുക്കൾക്ക് പരാജയം സംഭവിച്ചത് വായനക്കാർ ഓർക്കുന്നുണ്ടാകും. യുദ്ധത്തിൽ പരാജയമുണ്ടായപ്പോൾ ജുവയ്‌രിയ(റ) ബന്ധിയായി പിടിക്കപ്പെട്ടു. ബന്ധികളെ വീതിക്കപ്പെട്ടപ്പോൾ ഥാബിത്വി(റ)വിന്റെ അടുത്താണ് അവർ ചെന്നെത്തിയത്.

യുദ്ധത്തിൽ ബന്ധിയായി പിടിക്കപ്പെടുന്നവർ അടിമകളായി നിലനിൽക്കും. ആ അടിമക്ക് പിന്നീട് മോചനം ലഭിക്കണമെങ്കിൽ മോചനമൂല്യം നൽകാൻ സാധിക്കേണ്ടതുണ്ട്. ജുവയ്‌രിയയെ മോചിപ്പിക്കാൻ ഥാബിത്(റ) വലിയ മൂല്യം ആവശ്യപ്പെട്ടു. അല്ലാഹു അവരുടെ മനസ്സിൽ തോന്നിപ്പിച്ചതാകാം. അവർ മോചനമൂല്യത്തിന് സഹായത്തിനായി നബി ﷺയെ സമീപിച്ചു. അടിമത്വത്തിൽനിന്നും തനിക്ക് മോചനം വേണമെന്ന് അവർ വളരെ വിനയത്തോടെ ആവശ്യപ്പെട്ടു: “വലിയ തുകയാണ് അതിന് എന്നോട് ആവശ്യപ്പെടുന്നത്. അത് നൽകാൻ എന്റെ പക്കൽ ഇല്ല. എന്നെ സഹായിച്ചാലും. പിന്നീട് ഞാൻ അങ്ങേക്ക് അത് നൽകി വീട്ടിക്കൊള്ളാം.’’ അവരുടെ കഷ്ടത കണ്ട നബി ﷺയുടെ മനസ്സലിഞ്ഞു. അങ്ങനെ അവരെ നബി ﷺ സ്വതന്ത്രയാക്കി. പിന്നീട് അവരെ വിവാഹം കഴിക്കുകയും ചെയ്തു.

നബി ﷺ വിവാഹം ചെയ്യുന്നതിന് മുമ്പ് അവരുടെ പേര് ബർറ എന്നായിരുന്നു. നബി ﷺ അത് മാറ്റി ജുവയ്‌രിയ എന്നാക്കി. സയ്‌നബി(റ)നും ഇതേ പേര് ഉണ്ടായതായി നാം മനസ്സിലാക്കിയല്ലോ.

ഈ വിവാഹത്തിലൂടെ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും വമ്പിച്ച നേട്ടമാണ് ഉണ്ടായത്. ബനൂമുസ്വ‌് ത്വലക്വ് ഗോത്രക്കാർ നബി ﷺയുടെ ബന്ധുക്കളായി മാറി. നബി ﷺനോട് ശത്രുതയിലും കുടിപ്പകയിലും കഴിഞ്ഞിരുന്ന അവരിലെ ഒരു പെണ്ണ് നബി ﷺയുടെ ഭാര്യയായി മാറിയതിൽ അവർക്കിടയിൽ വലിയ ചർച്ചയായി.

നബി ﷺ വിവാഹം ചെയ്ത ഒരാളുടെ കുടുംബത്തെ ഇവിടെ ബന്ധികളാക്കി നിർത്തുന്നത് നബി ﷺനോട് ചെയ്യുന്ന അനാദരവാണെന്ന് സ്വഹാബിമാരും മനസ്സിലാക്കി. അങ്ങനെ മുഴുവൻ ബന്ധികളെയും സ്വഹാബിമാർ സൗജന്യമായി മോചിപ്പിക്കുകയും ചെയ്തു. അതിന്റെ കൂറും നന്ദിയും ആഹ്‌ളാദവും പ്രകടിപ്പിച്ചുകൊണ്ട് ബനൂമുസ്ത്വലക്വ് ഗോത്രം ഒന്നടങ്കം ഇസ്‌ലാമിലേക്ക് പ്രവേശിക്കുകയുണ്ടായി. അവരുടെ ഇസ്‌ലാം സ്വീകരണം ലക്ഷ്യം വെച്ചാകാം നബി ﷺ ജുവയ്‌രിയ(റ)യെ വിവാഹം ചെയ്തത്.

ഒരു സ്ത്രീ കാരണത്താൽ അവളുടെ കുടുംബത്തിന് ഇത്ര വലിയ ബറകത്ത് ലഭിച്ച മറ്റൊരു പെണ്ണിനെ പറ്റി എനിക്ക് അറിയില്ല എന്ന് ആഇശ(റ) അവരുടെ മഹിമയായി പറയാറുണ്ടായിരുന്നു.

നബി ﷺയിലേക്ക് വന്നശേഷം വളരെ പക്വമായ ജീവിതമാണ് മഹതി നയിച്ചത്. ദിക്‌റുകളും ദുആകളുമായി കഴിഞ്ഞുകൂടലായിരുന്നു മഹതിക്ക് ഏറ്റവും കൂടുതൽ പ്രിയം.

ഹിജ്‌റഃ 50ലാണോ 56ലാണോ അവരുടെ മരണം നടന്നത് എന്നതിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ബക്വീഇലാണ് അവരെ മറവുചെയ്തിട്ടുള്ളത്. അന്ന് ഭരിച്ചിരുന്ന മർവാൻ ഇബ്‌നു അബ്ദിൽമലികാണ് നമസ്‌കാരത്തിന് നേതൃത്വം നൽകിയത്.

ഉമ്മു ഹബീബ റംല ബിൻത് അബീസുഫ്‌യാൻ(റ)

അബൂസുഫ്‌യാനി(റ)ന്റെ മകളാണ് റംല(റ). അവർക്ക് ഹബീബ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ആ കുട്ടിയിലേക്ക് ചേർത്താണ് അവർ ഉമ്മു ഹബീബ എന്ന് വിളിക്കപ്പെട്ടത്.

അബൂസുഫ്‌യാൻ ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് നബി ﷺയോട് കടുത്ത ശത്രുതയിലായിരുന്നല്ലോ. എന്നാൽ നബി ﷺ മക്കയിൽ ഇസ്‌ലാം പ്രബോധനം ചെയ്യുന്നത് മഹതി റംല കേൾക്കുകയുണ്ടായി. നബി ﷺ പറയുന്നത് സത്യമാണെന്ന് മഹതിക്ക് ബോധ്യമായി. അങ്ങനെ അവർ നബി ﷺയിൽ വിശ്വസിച്ചു. അവരുടെ ഇസ്‌ലാം സ്വീകരണം മക്കയിൽ ശത്രുക്കളുടെ ക്രൂരത അഴിഞ്ഞാടിയിരുന്ന ആദ്യ കാലത്തായിരുന്നു. ശത്രുക്കളുടെ നേതാവായ പിതാവ് തന്റെ ഇസ്‌ലാം സ്വീകരണം അറിഞ്ഞാൽ സ്വീകരിക്കുന്ന നടപടികൾ എന്തായിരിക്കുമെന്ന് മഹതിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. എന്നിട്ടും ധീരയായ ആ വനിത സത്യം സ്വീകരിക്കുന്നതിൽ ഒട്ടും അമാന്തം കാണിച്ചില്ല.

റംല(റ)യുടെ ഭർത്താവ് ഉബയ്ദുല്ലാഹ് ഇബ്‌നു ജഹ്ഷ് ആയിരുന്നു. അദ്ദേഹവും നബി ﷺയുടെ പ്രബോധനത്തിൽ ആകൃഷ്ടനാകുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. പിതാവ് ഇരുവരെയും ആവുംവിധം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും റംല(റ) ധീരമായ നിലപാടിൽ ഉറച്ചുനിന്നു. അബൂസുഫ്‌യാനെ പോലെയുള്ള മുശ്‌രിക്കിന് ശത്രുവായ മുഹമ്മദിന്റെ കൂടെ സ്വന്തം മകളും മരുമകനും ചേർന്നു എന്നത് അങ്ങേയറ്റം ദേഷ്യമുണ്ടാക്കുന്ന കാര്യം തന്നെയാണല്ലോ. അപ്പോൾ അദ്ദേഹം മകളെയും മരുമകനെയും കൈവെടിഞ്ഞ് തന്റെ അഭിമാനം സംരക്ഷിക്കാൻ ശ്രമിച്ചു. അപ്പോഴും മകളുടെ ഹൃദയം കുലുങ്ങിയില്ല. അവർ ഉറച്ചുനിന്നു.

പിതാവ് ഒഴിവാക്കിയവർ എന്ന നിലക്ക് ശത്രുക്കൾ അവസരം മുതലെടുത്തു. കടുത്ത പീഡനങ്ങൾക്ക് ഇരയാക്കി. അങ്ങനെ മക്കയിൽ മർദനം കടുത്തപ്പോൾ മഹതി ഭർത്താവിന്റെ കൂടെ എത്യോപ്യയിലേക്ക് ഹിജ്‌റ പോയി. മുസ്‌ലിംകളെ അവിടെയും സ്വസ്ഥമായി നിൽക്കാൻ മക്കക്കാർ സമ്മതിച്ചില്ല. അങ്ങനെ അവിടത്തെ രാജാവുമായി അവർ ബന്ധപ്പെട്ടു. അന്ന് അവിടെ ഭരണം നടത്തിയിരുന്നത് നജ്ജാശി (നേഗസ്) എന്ന ക്രിസ്ത്യൻ രാജാവായിരുന്നു. അയാളെ മക്കയിലെ പ്രമാണിമാർ കാണാൻ തീരുമാനിച്ചു. ‘മുഹമ്മദിന്റെ ആളുകൾ നാട്ടിൽ കുഴപ്പമുണ്ടാക്കുന്നവരാണ്, ബാപ്പകാരണവന്മാർ കാണിച്ചുതന്ന മാർഗത്തെ ചോദ്യം ചെയ്ത് പുത്തൻ ആശയവുമായി കടന്നുവരുന്നവരാണ്, ആയതിനാൽ അവർക്ക് നിങ്ങൾ സംരക്ഷണം നൽകരുത്, അവരെ നിങ്ങൾ അഭയാർഥികളായി സ്വീകരിക്കരുത്, അവരെ നിങ്ങൾ നാട്ടിൽനിന്നും പുറത്താക്കണം’ എന്നെല്ലാം അവർ പറഞ്ഞു. പക്ഷേ, നജ്ജാശിയുടെ മനസ്സ് ഈമാൻ നിറഞ്ഞതായിരുന്നു. അദ്ദേഹം പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം മക്കയിലെ പ്രമാണിമാരുടെ വാക്കിന് അനുകൂലമായി നിന്നില്ല. (തുടരും)