നബി ﷺ യുടെ വഫാത്തിനു ശേഷം

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ആഗസ്റ്റ് 13, 1442 മുഹർറം 14

(മുഹമ്മദ് നബി ﷺ 85 )

ഖലീഫയെ തെരഞ്ഞടുക്കൽ

അല്ലാഹവിന്റെ റസൂലി ﷺ ന്റെ വഫാത്ത് കഴിഞ്ഞയുടനെ, ആരായിരിക്കണം അവിടുത്തെ ഖലീഫ (പിൻഗാമി) എന്ന് തീരുമാനിക്കാനായി സ്വഹാബിമാർ കൂടിയാലോചന നടത്തി. ഒരു രാജ്യം ഒരിക്കലും ഭരണാധികാരിയല്ലാതെ അനാഥയായിക്കൂടാ. മുസ്‌ലിം സമൂഹം ഒരിക്കലും നേതൃത്വമില്ലാതെ ഛിന്നഭിന്നമാകാൻ പാടില്ല. അതിനാൽ ഭൗതികശരീരം അടക്കം ചെയ്യുന്നതിന് മുമ്പുതന്നെ സ്വഹാബിമാർ അതിനായി ശ്രദ്ധിച്ചു.

ബനൂ സാഇദ പന്തലിൽ ചൂടുപിടിച്ച ചർച്ച നടക്കാൻ തുടങ്ങി. പലവിധത്തിലുള്ള അഭിപ്രായങ്ങളും ഭിന്നതകളും ഒരു ചർച്ചയിൽ ഉണ്ടായിരിക്കുക എന്നത് സ്വഭാവികമാണല്ലോ. അത് അവിടെയും സംഭവിച്ചിരുന്നു. എങ്കിലും അവർ ഐക്യകണ്‌ഠേന അബൂബക്‌റി(റ)നെ ഖലീഫയായി തെരഞ്ഞടുത്തു. എല്ലാവരും അദ്ദേഹത്തിന് ബയ്അത്ത് (അനുസരണ പ്രതിജ്ഞ) ചെയ്തു തുടങ്ങി. അങ്ങനെ ഖലീഫയായി തെരഞ്ഞടുക്കപ്പെട്ടയുടനെ അബൂബക്ർ(റ) അവരോട് ഗംഭീരമായ ഒരു പ്രസംഗം നടത്തി:

“ജനങ്ങളേ, ഞാൻ നിങ്ങളുടെമേൽ അധികാരപ്പെടുത്തപ്പെട്ടിരിക്കുന്നു. ഞാൻ നിങ്ങളെക്കാൾ ഉത്തമനല്ല. അതിനാൽ ഞാൻ നല്ലത് ചെയ്താൽ നിങ്ങൾ എന്നെ സഹായിക്കുകയും ഞാൻ അബദ്ധം ചെയ്താൽ നിങ്ങൾ എന്നെ തിരുത്തുകയും ചെയ്യണം. സത്യസന്ധത എന്നത് ഒരു അമാനത്തും കളവ് വഞ്ചനയുമാകുന്നു. നിങ്ങളിലെ ദുർബലൻ അവന്റെ ദൗർബല്യം വ്യക്തമാക്കുന്നതുവരെ എന്റെയടുക്കൽ ശക്തവാനായിരിക്കും, ഇൻശാ അല്ലാഹ്. നിങ്ങളിലെ ശക്തവാൻ അവന്റെ അടുക്കൽനിന്നുള്ള അവകാശം ലഭിക്കുന്നതുവരെ അവൻ (എന്റെയടുക്കൽ) ദുർബലനുമായിരിക്കും, ഇൻശാ അല്ലാഹ്. അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമസമരത്തെ ഒരു സമൂഹം ഒഴിവാക്കുകയില്ല; അവരെ അല്ലാഹു നിന്ദ്യതകൊണ്ട് (തിരിച്ച്) അടിക്കാതെ. ഒരു ജനതയിലും നീചവൃത്തികൾ വ്യാപിക്കുകയില്ല; അല്ലാഹു അവരെ പരീക്ഷണങ്ങൾകൊണ്ട് വ്യാപിപ്പിക്കാതെ. ഞാൻ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുമ്പോൾ നിങ്ങൾ എന്നെയും അനുസരിക്കുവിൻ. ഞാൻ അല്ലാഹുവിനോടും അവന്റെ റസൂലിനോടും അനുസരണക്കേട് കാണിച്ചാൽ നിങ്ങൾ എന്നെ അനുസരിക്കേണ്ടതില്ല. നിങ്ങൾ നമസ്‌കാരത്തിന് എഴുന്നേൽക്കുവിൻ. അല്ലാഹു നിങ്ങളോട് കാരുണ്യം ചെയ്യുന്നതാണ്’’ (സീറതുന്നബവിയ്യ).

നബി ﷺ  നേരത്തേതന്നെ അബൂബക്ർ(റ) ആയിരിക്കണം ഖലീഫ എന്നതിലേക്ക് സൂചന നൽകിയിരുന്നല്ലോ. അതടിസ്ഥാനത്തിൽ തന്നെയാണ് അവർ അദ്ദേഹത്തെ അവസാനം തെരഞ്ഞടുത്തതും. തെരഞ്ഞടുക്കപ്പെട്ടതിന് ശേഷം നടത്തിയ ഈ പ്രസംഗം ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. നബി ﷺ യുടെ സ്വഹാബിമാർക്കേ ഈവിധത്തിൽ സംസാരിക്കൻ സാധിക്കുകയുള്ളൂ.

ജനാസ സംസ്‌കരണം

ഖലീഫയെ തെരഞ്ഞടുത്തതിന് ശേഷം നബി ﷺ യുടെ ജനാസ സംസ്‌കരണത്തിലേക്ക് അവർ തിരിഞ്ഞു. അതിനായി നബി ﷺ യുടെ ഭൗതികശരീരം കുളിപ്പിക്കുന്നതിന് അവർ ഒരുങ്ങി. ആ സന്ദർഭത്തിൽ അവർക്കിടയിൽ ചില അഭിപ്രായങ്ങൾ ഉണ്ടായി. ആഇശ(റ) പറയുന്നത് കാണുക:

“നബി ﷺ യെ കുളിപ്പിക്കാനായി ഉദ്ദേശിച്ചപ്പോൾ അവർ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, നമ്മളിൽ നിന്നും മരിക്കുന്നവരുടെ (വസ്ത്രം) നാം അഴിച്ചു മാറ്റുന്നതുപോലെ അല്ലാഹുവിന്റെ റസൂലി  ﷺ ന്റെ (വസ്ത്രം) നാം മാറ്റേണ്ടതുണ്ടോ എന്നും, അതല്ല അദ്ദേഹത്തിന്റെ വസ്ത്രത്തിൽതന്നെ നാം അദ്ദേഹത്തെ കുളിപ്പിക്കണോ എന്നും നമുക്ക് അറിയില്ലല്ലോ.’ അവർ അഭിപ്രായ വ്യത്യാസത്തിലായപ്പോൾ അല്ലാഹു അവരിൽ ഉറക്കത്തെ ഇട്ടു. (അങ്ങനെ) അവരുടെ താടിയെല്ലുകൾ നെഞ്ചിലേക്ക് മുട്ടാത്തവരായി അവരിൽ ആരും ഉണ്ടായിരുന്നില്ല. പിന്നീട് വീടിന്റെ ഭാഗത്തുനിന്ന് ഒരാൾ അവരോട് സംസാരിച്ചു . അത് ആരാണെന്ന് അവർക്ക് അറിയുമായിരുന്നില്ല: ‘നിങ്ങൾ നബി ﷺ യെ അദ്ദേഹത്തിന്റെ വസ്ത്രത്തോടുകൂടിത്തന്നെ കുളിപ്പിക്കുവിൻ.’ അപ്പോൾ അവരെല്ലാവരും അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുത്തേക്ക് എഴുന്നേറ്റു പോയി. എന്നിട്ട് അവർ അദ്ദേഹത്തിന്റെ വസ്ത്രം (നീളക്കുപ്പായം) നിലനിർത്തി കുളിപ്പിച്ചു. വസ്ത്രത്തിന് മുകളിലൂടെ അവർ വെള്ളം ഒഴിച്ചു. അവരുടെ കൈകൾ സ്പർശിക്കാതെ വസ്ത്രത്തിൽ അദ്ദേഹത്തെ അവർ കുളിപ്പിച്ചു. ആഇശ(റ) (പിൽക്കാലത്ത്) പറയാറുണ്ടായിരുന്നു: ‘എന്റെ കാര്യം പിന്നീട് ഞാൻ മനസ്സിലാക്കിയത് നേരത്തെ ഞാൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യമാരല്ലാതെ അദ്ദേഹത്തെ കുളിപ്പിക്കുമായിരുന്നില്ല’’ (അബുദാവൂദ്).

നബി ﷺ യുടെ ശരീരഭാഗം കാണും എന്നത് കാരണത്താലാണല്ലോ സ്വഹാബിമാർ അദ്ദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് വസ്ത്രം നീക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ സംശയത്തിലായത്. ആ കാര്യം നേരത്തെ അറിയാൻ സാധിച്ചിരുന്നെങ്കിൽ അവരെക്കൊണ്ട് കുളിപ്പിക്കാൻ നബി ﷺ യുടെ ഭാര്യമാർ സമ്മതിക്കില്ലായിരുന്നു എന്നാണ് ആഇശ(റ) പറഞ്ഞതിന്റെ പൊരുൾ.

അലിയ്യ് ഇബ്‌നു അബീത്വാലിബ്(റ), അബ്ബാസ് ഇബ്‌നു അബ്ദുൽ മുത്ത്വലിബ്(റ), അബ്ബാസി(റ)ന്റെ രണ്ട് മക്കളായ ഫദ്വ‌്ൽ(റ), ക്വുഥമ് (റ), ഉസാമതുബ്‌നു സയ്ദ്, ശുക്വ്‌റാൻ (നബി ﷺ യുടെ അടിമയായിരുന്നു അദ്ദേഹം), ഔസ് ഇബ്‌നു ഖൗലിയ്യ്(റ) മുതലായവരായിരുന്നു നബി ﷺ യെ കുളിപ്പിച്ചിരുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കും. ഉസാമയും ശക്വ്‌റാനും വെള്ളം ഒഴിച്ചു കൊടുത്തു. അബ്ബാസ്(റ)വും മക്കളും തിരിച്ചും മറിച്ചും കിടത്താൻ സഹായിച്ചു. അലിയ്യ്(റ) വസ്ത്രത്തിന് മുകളിലൂടെ തേച്ച് കുളിപ്പിക്കുകയും ചെയ്തു. ഔസ്(റ) അവിടുത്തെ ചാരിയിരുത്തേണ്ട സമയത്ത് അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ചാരിയിരുത്തി. ഇങ്ങനെ വ്യത്യസ്ത കാര്യങ്ങൾ നിർവഹിച്ചാണ് അവർ നബി ﷺ യെ കുളിപ്പിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. നബി ﷺ യെ കുളിപ്പിച്ച അലിയ്യ്(റ) പറയുന്നത് കാണുക:

‘ഞാൻ അല്ലാഹുവിന്റെ റസൂലി ﷺ നെ കുളിപ്പിച്ചു. അങ്ങനെ മയ്യിത്തിൽനിന്ന് (അവശിഷ്ടം) വല്ലതും ഉണ്ടായിരുന്നോ എന്ന് ഞാൻ നോക്കി. പക്ഷേ, ഞാൻ ഒന്നും കണ്ടില്ല. അവിടുന്ന്  ﷺ  ജീവിച്ചിരുന്നപ്പോഴും മരണപ്പെട്ടപ്പോഴും പശിശുദ്ധമായിരുന്നു’ (സീറതുന്നബവിയ്യ).

സാധാരണ ഒരു മയ്യിത്തിനെ കുളിപ്പിക്കുന്ന വേളയിൽ വയറിൽ അമർത്തുമ്പോൾ മലമോ മൂത്രമോ മറ്റോ പുറത്ത് വന്നേക്കാം. അതൊന്നും പുറത്ത് പറയാൻ പാടില്ല. എന്നാൽ നബി ﷺ യെ കുളിപ്പിച്ചപ്പോൾ അപ്രകാരം യാതൊന്നും പുറത്തു വന്നിരുന്നില്ല.

കഫൻ ചെയ്യൽ

കുളിപ്പിക്കൽ കഴിഞ്ഞതിനുശേഷം സ്വഹാബിമാർ കഫൻ ചെയ്തു. യമനിൽ ഉണ്ടാക്കപ്പെട്ട മൂന്ന് വെള്ളത്തുണികളാൽ ആയിരുന്നു കഫൻ ചെയ്തിരുന്നത്. അവിടുന്ന് സാധാരണ ധരിക്കാറുണ്ടായിരുന്ന നീളക്കുപ്പായമോ തലപ്പാവോ ഒന്നും അണിയിപ്പിക്കാതെയായിരുന്നു കഫൻ ചെയ്തിരുന്നത്.

ആഇശ(റ)യിൽനിന്ന് നിവേദനം, അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ  കുർസുഫിൽ -യമനിലെ ഒരു പ്രദേശം- നിന്നുള്ള മൂന്ന് വെള്ളത്തുണികളാൽ കഫൻ ചെയ്യപ്പെട്ടു. അതിൽ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നുമില്ല’’ (മുസ്‌ലിം).

ജനാസ നമസ്‌കാരം

കഫൻ ചെയ്തതിനു ശേഷം നടക്കേണ്ടത് ജനാസ നമസ്‌കാരമാണ്. ഇബ്‌നു അബ്ബാസ്(റ) അതു സംബന്ധമായി പറയുന്നത് കാണുക:

“അല്ലാഹുവിന്റെ റസൂൽ  ﷺ  മരണപ്പെട്ടപ്പോൾ പുരുഷന്മാർ (ആദ്യം) പ്രവേശിപ്പിക്കപ്പെട്ടു. എന്നിട്ട് ഇമാം ഇല്ലാതെ അവർ അവിടുത്തേക്ക് വേണ്ടി നിസ്‌കരിച്ചു. കണ്ണിമുറിയാതെ (അത് തുടർന്നു). അവർ കഴിയുന്നതുവരെ (പുരുഷന്മാരുടെ നമസ്‌കാരം തുടർന്നു). പിന്നീട് സ്ത്രീകൾ പ്രവേശിപ്പിക്കപ്പെട്ടു. എന്നിട്ട് അവർ അദ്ദേഹത്തിനു വേണ്ടി നമസ്‌കരിച്ചു. പിന്നീട് കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. അങ്ങനെ അവർ അവിടുത്തേക്ക് വേണ്ടി നമസ്‌കരിച്ചു. പിന്നീട് അടിമകൾ പ്രവേശിപ്പിക്കപ്പെട്ടു. അങ്ങനെ അവർ അവിടുത്തേക്ക് വേണ്ടി നമസ്‌കരിച്ചു. കണ്ണിമുറിയാതെ (അത് തുടർന്നു). ഒരാളും അല്ലാഹുവിന്റെ റസൂലി  ﷺ ന്റെ (മയ്യിത്ത് നമസ്‌കാരത്തിന്) ഇമാമായി നിന്നിരുന്നില്ല’ (ദലാഇലുന്നുബുവ്വഃ).

ഓരോരുത്തരും വന്ന് നമസ്‌കരിച്ചു. ജമാഅത്തായുള്ള നമസ്‌കാരം അവിടുത്തേക്കായി നിർവഹിക്കപ്പെട്ടിരുന്നില്ല. ഇബ്‌നു കഥീർ(റ) നബി ﷺ യുടെ മേലുള്ള ജനാസ നമസ്‌കാരത്തെ സംബന്ധിച്ച് വിശദീകരിച്ചതിന് ശേഷം ഇപ്രകാരം പറഞ്ഞു:

“ഈ പ്രവർത്തനം, (അതായത്) അവിടുത്തെ മേൽ അവരിൽ ഒരാളും ഇമാമായി നിൽക്കാതെ ഒറ്റക്കൊറ്റക്കാണ് നിസ്‌കരിച്ചത് എന്നത് ഇജ്മാഉള്ള കാര്യമാണ്. അതിൽ അഭിപ്രായ വ്യത്യാസമില്ല. എന്നാൽ അതിന്റെ കാരണത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുമുണ്ട്’’ (അൽബിദായ വന്നിഹായ).

നബി ﷺ ക്ക് വേണ്ടിയുള്ള ജനാസ നമസ്‌കാരത്തിൽ സ്ത്രീകളും പങ്കെടുത്തിരുന്നു എന്നത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിൽ ചില സ്ത്രീകൾ അവരുടെ ബന്ധപ്പെട്ടവർ മരിക്കുമ്പോൾ നമസ്‌കരിക്കാതെ മാറിനിൽക്കുന്നതും, നമസ്‌കരിക്കുന്നവരെ ചിലർ അതിൽനിന്ന് തടയുന്നതും കാണാം. ഇതിന് സ്വഹാബിമാരിൽ മാതൃകയില്ല. സ്വന്തം ഉമ്മയോ ഉപ്പയോ മകനോ മകളോ സഹോദരനോ സഹോദരിയോ ഭാര്യയോ ഭർത്താവോ സുഹൃത്തോ മരണപ്പെട്ടാൽ അവരുടെമേൽ അവസാനമായി നിർവഹിക്കപ്പെടുന്ന ജനാസ നമസ്‌കാരത്തിൽനിന്ന് സ്ത്രീകളെ തടയുന്നത് അക്രമമല്ലേ? നബി ﷺ യുടെ മേലുള്ള ജനാസ നമസ്‌കാരത്തിൽ സ്ത്രീകൾ പങ്കെടുത്തു എന്ന് നാം കണ്ടു. ആഇശ(റ) മറ്റു പല ജനാസ നമസ്‌കാരത്തിലും പങ്കെടുത്തതായും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

ക്വബ്‌റടക്കം

നമസ്‌കാരത്തിന് ശേഷം നബി ﷺ യെ എവിടെ മറമാടണം എന്ന കാര്യത്തിലും സ്വഹാബിമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായി.

ആഇശ(റ)യിൽനിന്ന് നിവേദനം, അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലി ﷺ ന്റെ ആത്മാവ് പിടിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ മറമാടുന്നതിൽ അവർ അഭിപ്രായവ്യത്യാസത്തിലായി. അപ്പോൾ അബൂബക്ർ(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലി ﷺ ൽനിന്ന് ഞാൻ ഒരു കാര്യം കേട്ടിട്ടുണ്ട്. അത് ഞാൻ മറന്നിട്ടില്ല. അദ്ദേഹം പറഞ്ഞു: അല്ലാഹു ഒരു നബിയെയും (ആ നബി) മറവ് ചെയ്യപ്പെടാൻ ഇഷ്ടപ്പെടുന്ന സ്ഥലത്തുവെച്ചല്ലാതെ മരിപ്പിക്കുകയില്ല.’ (അതിനാൽ) അവിടുത്തെ വിരിപ്പുള്ള സ്ഥലത്തുതന്നെ നിങ്ങൾ അദ്ദേഹത്തെ മറവുചെയ്യുവിൻ’’ (തിർമുദി).

നബി ﷺ യുടെ ക്വബ്ർ എവിടെയായിരിക്കണം എന്നതിൽ അവർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായി. നബി ﷺ  മക്കയിലാണല്ലോ ജനിച്ചത് അതിനാൽ അവിടെയാകട്ടെ നബി ﷺ യുടെ ക്വബ്ർ എന്ന് ചിലർ അഭിപ്രായപ്പെട്ടു. മദീനയിലെ പൊതു മക്വ]്ബറയായ ബക്വീഉൽ ഗർക്വദിൽ ആക്കാം എന്ന് വേറെ ചിലരും അഭിപ്രായപ്പെട്ടു. അങ്ങനെ പലരും പല സ്ഥലങ്ങളും അഭിപ്രായപ്പെട്ടെങ്കിലും നബി ﷺ  പഠിപ്പിച്ച ഒരു കാര്യം അബൂബക്ർ(റ) അവരെ അറിയിക്കുകയാണ്. അഥവാ, അല്ലാഹു ഒരു നബിയുടെ ക്വബ്ർ എവിടെയാകുന്നതാണോ ഇഷ്ടപ്പെടുന്നത് അവിടെ വെച്ചായിരിക്കും അവരുടെ ആത്മാവ് പിടിക്കപ്പെടുക.

ആഇശ(റ)യുടെ വീട്ടിലാണല്ലോ നബി ﷺ  മരണപ്പെട്ടു കിടക്കുന്നത്. അതിനാൽ അവിടെത്തന്നെ അദ്ദേഹത്തെ മറവുചെയ്യാൻ വേണ്ടി അബൂബക്ർ(റ) കൽപിക്കുകയും സ്വഹാബിമാർ അത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെ നബി ﷺ  കിടന്നിരുന്ന വിരിപ്പുനീക്കി അവർ ക്വബ്ർ കുഴിക്കാൻ തീരുമാനിച്ചു.

ക്വബ്ർ ഒരുക്കുന്ന നേരത്തും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ആഇശ(റ) പറയുന്നത് കാണുക: “അല്ലാഹുവിന്റെ റസൂൽ ﷺ  മരണപ്പെട്ടപ്പോൾ (അവിടുത്തെ ക്വബ്ർ) ‘ലഹ്ദ്’ ആകണോ ‘ശക്ക്വ്’ ആകണോ എന്ന കാര്യത്തിലും അവർ അഭിപ്രായ വ്യത്യാസത്തിലായി. അവർ ആ കാര്യത്തിൽ (കൂടുതൽ) സംസാരിക്കുന്നതുവരെ (അവർ പരസ്പരം സംസാരിച്ചു). അവരുടെ ശബ്ദം ഉയർന്നു. അപ്പോൾ ഉമർ(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലി  ﷺ ന്റെ അരികിൽവെച്ച് അവിടുന്ന് ജീവിച്ചിരിക്കുകയാണെങ്കിലും മരണപ്പെട്ടവനാണെങ്കിലും നിങ്ങൾ ബഹളം വെക്കരുത്. അങ്ങനെ അവർ ശക്ക്വ് രൂപത്തിൽ ക്വബ്ർ കുഴിക്കുന്നവരിലേക്കും ലഹ്ദ് വിധത്തിൽ ക്വബ്ർ കുഴിക്കുന്നവരിലേക്കും ആളെ അയച്ചു. അങ്ങനെ ലഹ്ദ് രൂപത്തിൽ കുഴിക്കുന്നയാൾ വന്നു. എന്നിട്ട് അദ്ദേഹം അല്ലാഹുവിന്റെ റസൂലി ﷺ ന് വേണ്ടി ലഹ്ദ് കുഴിക്കുകയും പിന്നീട് അവിടുന്ന് മറമാടപ്പെടുകയും ചെയ്തു.

ക്വബ്ർ രണ്ടുവിധത്തിലാണ് കുഴിക്കപ്പെടാറുള്ളത്. നമ്മുടെ നാടുപോലെയുള്ള ഉറച്ച മണ്ണുള്ള പ്രദേശത്ത് നേരെ താഴ്ത്തി കുഴിച്ച് മയ്യിത്തിനെ നേരെ താഴെ കിടത്താവുന്ന രൂപത്തിൽ കുഴിക്കുന്ന ക്വബ്‌റുകളാണ് ‘ലഹ്ദ്’ എന്ന് അറിയപ്പെടുന്നത്. എന്നാൽ മരുഭൂമി പോലെയുള്ള പ്രദേശത്ത് നേരെ താഴ്ത്തി കുഴിയെടുക്കൽ സാധ്യാമാകാറില്ല. അതിനാൽ നേരെ താഴ്ത്തി പിന്നീട് ഒരു ഭാഗത്തേക്ക് തുരന്ന് അവിടെ മയ്യിത്തിനെ കിടത്തും. ഈ രൂപത്തിലുള്ള ക്വബ്‌റുകളാണ് ശക്ക്വ് എന്ന പേരിൽ അറിയപ്പെടുന്നത്. നബി ﷺ ക്ക് വേണ്ടി ലഹ്ദ് രൂപത്തിലാണ് ക്വബ്ർ കുഴിച്ചത് എന്നത് മുകളിലെ ഹദീസിൽനിന്ന് വ്യക്തമാണ്.

ക്വബ്‌റിലേക്ക് ഇറക്കിയവർ

ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ‘അബ്ബാസ്, അലി, ഫദ്വ്ൽ എന്നിവർ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ ക്വബ്‌റിൽ ഇറങ്ങി. അൻസ്വാറുകളിൽ പെട്ട ഒരാൾ അവിടുത്തെ ലഹ്ദ് ശരിപ്പെടുത്തി. ബദ്ർ ദിവസത്തിൽ ശുഹദാഇന്റെ ക്വബ്‌റുകളാകുന്ന ലഹ്ദുകൾ ശരിയാക്കിയ ആളായിരുന്നു അദ്ദേഹം’ (ദലാഇലുന്നുബുവ്വഃ).

സ്വാലിഹ് എന്ന് പേരുള്ള ഒരു സ്വഹാബിയും കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാർ ഉണ്ട്. അതുപോലെ ശുക്വ്‌റാനി(റ)ന്റെ കാര്യത്തിലും അഭിപ്രായമുണ്ട്.

ക്വബ്‌റിന്റെ അടിഭാഗം

ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലി ﷺ ന്റെ ക്വബ്‌റിൽ ഒരു ചുവന്ന വിരിപ്പ് വെക്കപ്പെടുകയുണ്ടായി’ (മുസ്‌ലിം).

നബി ﷺ യുടെ ക്വബ്‌റിൽ ആ വിരിപ്പ് ആരാണ് ഇട്ടതെന്നും, എന്ത് കാരണത്താലാണ് അതിൽ അത് ഇടപ്പെട്ടതെന്നും ഇമാം നവവി(റഹി) ഈ ഹദീസിന്റെ വിശദീകരണത്തിൽ പറയുന്നത് കാണുക:

“നബി ﷺ യുടെ അടിമയായിരുന്ന ശുക്വ്‌റാൻ(റ) ആയിരുന്നു ഈ വിരിപ്പ് അതിൽ ഇട്ടത്. ശുക്വ്‌റാൻ(റ) നബി ﷺ യുടെ ക്വബ്‌റിൽ അത് ഇടാനുണ്ടായ കാരണമായി അവിടുത്തെ വഫാത്തിന് ശേഷം അത് വേറൊരാൾ അണിയുന്നത് ഞാൻ വെറുക്കുന്നു എന്ന് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. ശാഫിഈയും നമ്മുടെ അനുയായികളായ എല്ലാ പണ്ഡിതന്മാരും അവരല്ലാത്തവരും വിരിയോ വടിയോ അതുപോലുള്ള മറ്റുവല്ലതുമോ ക്വബ്‌റിൽ മയ്യിത്തിന് താഴെ വെക്കൽ കറാഹത്താണ് എന്നത് ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. എന്നാൽ നമ്മുടെ അനുചരന്മാരിൽപ്പെട്ട ബഗവി അദ്ദേഹത്തിന്റെ ‘അത്തഹ്ദീബി’ൽ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ അത് കുഴപ്പമില്ലെന്ന് ഒറ്റപ്പെട്ട അഭിപ്രായമായി പറഞ്ഞിട്ടുണ്ട്. (എന്നാൽ) ഭൂരിപക്ഷം പണ്ഡിതരും അത് കറാഹത്താണ് എന്ന് പറഞ്ഞതാണ് ശരിയായ (നിലപാട്). ഈ ഹദീസിന് അവർ മറുപടി പറയുകയും ചെയ്തു: അത് ശുക്വ്‌റാനി(റ)ന്റെ ഒറ്റപ്പെട്ട പ്രവൃത്തിയാകുന്നു. അദ്ദേഹമല്ലാത്ത ഒരു സ്വഹാബിയും അദ്ദേഹത്തോട് യോജിക്കുകയോ അവർ അത് ചെയ്യുകയോ ചെയ്തിട്ടില്ല’’ (ശർഹു മുസ്‌ലിം).

ശുക്വ്‌റാനി(റ)ന്റെ ഈ പ്രവൃത്തി കാരണത്താലാണ് നബി ﷺ യുടെ ക്വബ്‌റിലേക്ക് അദ്ദേഹവും ഇറങ്ങിയിരുന്നു എന്ന് ചില പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഈ സംഭവത്തെ ഒരാളുടെയും ക്വബ്‌റിൽ വിരിപ്പോ മറ്റോ വെക്കാൻ തെളിവാക്കാവതല്ല. അതുപോലെ ക്വബ്‌റിന്റെ മുകളിൽ പട്ടും മറ്റും വിരിക്കുന്ന നമ്മുടെ നാട്ടിലെ ചിലരുടെ ചെയ്തികൾക്കും ഇത് രേഖയാക്കാവതല്ല. ചിലയാളുകൾ ജാറം മൂടാൻ ഈ ഹദീസ് തെളിവാക്കാറുണ്ട്. അത് തികച്ചും ദുർവ്യാഖ്യാനമാണെന്നത് ആർക്കും മനസ്സിലാകും. അതുപോലെ ഇത് നബി ﷺ ക്ക് മാത്രം പ്രത്യേകമായിട്ടുള്ളതാകുന്നു.

മറമാടൽ പൂർത്തിയാകുന്നു

ആഇശ(റ)യിൽനിന്ന് നിവേദനം, അവർ പറഞ്ഞു: “അല്ലാഹുവാണെ സത്യം, ബുധനാഴ്ച അർധരാത്രിയിൽ മൺവെട്ടിയുടെ ശബ്ദം ഞങ്ങൾ കേൾക്കുന്നതുവരെ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ മറമാടൽ (കഴിഞ്ഞത്) ഞങ്ങൾ മനസ്സിലാക്കിയിരുന്നില്ല’’ (സുനനുൽ കുബ്‌റാ).

തിങ്കളാഴ്ച ദിവസം മരണപ്പെട്ട നബി ﷺ യെ മറമാടുന്നത് ബുധനാഴ്ചയായിരുന്നു. അത് അവസാനിക്കുന്നത് അന്ന് രാത്രിയിലുമായിരുന്നു. അങ്ങനെ ക്വബ്‌റടക്കം കഴിഞ്ഞ് ആളുകൾ തിരിച്ചുവന്നു. നബി ﷺ യുടെ മകൾ ഫാത്വിമ(റ) സങ്കടത്താൽ അനസി(റ)നോട് ചോദിച്ചു: ‘അനസേ, അല്ലാഹുവിന്റെ റസൂലി ﷺ ന്റെ മേൽ മണ്ണ് വാരിടാൻ നിങ്ങൾക്ക് എങ്ങനെ മനസ്സ് വന്നു?’

അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

സ്വഹാബിമാർക്കിടയിൽ അവിടുന്ന് മരണപ്പെട്ടതിന് ശേഷം മറമാടുന്നതുവരെ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായത് നാം കണ്ടു. ഈ സന്ദർഭത്തിലൊന്നും തന്നെ സ്വഹാബിമാർ മരണപ്പെട്ട് കിടക്കുന്ന നബി ﷺ യോട് പരിഹാരം തേടിയത് നമുക്ക് കാണാൻ സാധ്യമല്ല. നബി ﷺ യുടെ മുഅ്ജിസത്തിൽ വിശ്വാസമില്ലാത്തതിനാലാണോ സ്വഹാബിമാർ അവിടുത്തോട് സഹായം തേടാതിരുന്നത്?

ഇന്ന് ചിലർ നബി ﷺ യെക്കുറിച്ച് വിശ്വസിക്കുന്നത്; നബി ﷺ  ക്വബ്‌റിൽ കിടന്ന് നെമ്മ കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്നു എന്നാണ്. അദ്ദേഹത്തെ വിളിച്ചാൽ നമ്മെ സഹായിക്കുമെന്ന് ഇക്കൂട്ടർ വാദിക്കുന്നു. എന്നാൽ സ്വഹാബിമാർ വിശ്വസിച്ചതുപോലെയാണ് എല്ലാ കാര്യങ്ങളും നാം വിശ്വസിക്കേണ്ടത്. സ്വഹാബിമാർ നബി ﷺ യെ സംബന്ധിച്ച് എപ്രകാരമാണോ വിശ്വസിച്ചത് അതേ രൂപത്തിൽ തന്നെയാണ് നാം വിശ്വസിക്കേണ്ടത്. എന്നാൽ സ്വഹാബിമാർ വിശ്വസിച്ചത് പോലെയാണ് വിശ്വസിക്കേണ്ടത് എന്ന് പറയുമ്പോൾ അവർ അതിനെ അവഹേളിക്കുകയും തങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങൾ പിന്തുടരുകയും ചെയ്യുന്നു. കപടവിശ്വാസികളോട് സ്വഹാബിമാർ വിശ്വസിച്ചതുപോലെ വിശ്വസിക്കൂ എന്ന് പറഞ്ഞാൽ ആ പറഞ്ഞവരെ വിഡ്ഢികളായിട്ടാണ് അവർ കണ്ടിരുന്നത്. ചുരുക്കത്തിൽ ചരിത്രത്തിലെ ആവർത്തനം എന്നേ ഇക്കൂട്ടരുടെ പ്രവർത്തനത്തെക്കുറിച്ച് നമുക്ക് പറയാനുള്ളൂ.

നബി ﷺ  വഫാത്തായി എത്രയോ നൂറ്റാണ്ട് കഴിഞ്ഞ് ജനിച്ച രിഫാഈ ശൈഖ് എന്ന് പറയുന്ന ഒരു വ്യക്തി നബി ﷺ യുടെ ക്വബ്‌റിന്റെ അടുത്തുചെന്ന് അദ്ദേഹത്തെ വിളിച്ചപ്പോൾ നബി ﷺ  ക്വബ്‌റിൽ നിന്ന് കൈ പുറത്തേക്കിടുകയും രിഫാഈ ശൈഖ് അവിടുത്തെ കൈമുത്തിയെന്നുമെല്ലാം പ്രചരിപ്പിക്കുന്നവരുണ്ട്. രിഫാഈ ശൈഖ് നബി ﷺ യുടെ ക്വബ്‌റിന്റെ അടുത്ത് ചെന്ന് ഇങ്ങനെ പാടിയത്രെ:

“ദൂരത്ത് നിൽക്കുന്ന അവസ്ഥയിൽ ഞാൻ എന്റെ ആത്മാവിനെയാണ് അയക്കാറ്. ഇപ്പോഴിതാ ഞാൻ റൂഹോടുകൂടി ഹാജറായിരിക്കുന്നു. അതിനാൽ അങ്ങയുടെ കരങ്ങൾ എന്റെ ചുണ്ടുകൾകൊണ്ട് ചുംബിക്കാനായി ഒന്നു നീട്ടിത്തരൂ...’’

രിഫാഈ ശൈഖ് ഇപ്രകാരം പാടിയപ്പോഴേക്ക് നബി ﷺ  ക്വബ്‌റിൽനിന്ന് കൈകൾ പുറത്തേക്കിട്ടു എന്നും, അതല്ല നബി ﷺ  ക്വബ്‌റിൽനിന്നും പുറത്തേക്ക് ഇറങ്ങിവന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് തിരിച്ചു പോയി എന്നുമൊക്കെ ഇവർ പ്രചരിപ്പിക്കുന്നു. ചിന്തിക്കുക! സ്വഹാബിമാർ നബി ﷺ യെ കുറിച്ച് ഈ വിധത്തിൽ വിശ്വസിച്ചിരുന്നോ? ഇങ്ങനെ ചെയ്തിരുന്നോ? നബി ﷺ  ഏറെ സ്‌നേഹിച്ച ആളുകളായിരുന്നല്ലോ സ്വഹാബിമാർ. അവരിൽ അബൂബക്ർ(റ), ഉമർ(റ) തുടങ്ങിയ മഹാന്മാരുണ്ട്. അവിടുത്തെ ഭാര്യമാരുണ്ട്; മകളുണ്ട്. ഇവരിലേക്കൊന്നും തന്നെ നബി ﷺ  ക്വബ്‌റിൽനിന്നും പുറത്ത് വന്നിട്ടില്ല. അവരാരും രിഫാഈ ശൈഖിനെ പോലെ പാടുകയോ ചോദിക്കുകയോ ചെയ്തിട്ടുമില്ല.

എഴുപതിലേറെ തവണ നബി ﷺ യെ ഉണർച്ചയിൽ നേരിട്ട് കാണാനും സംസാരിക്കാനും സുയൂത്വി എന്ന പണ്ഡിതന് സാധിച്ചിട്ടുണ്ട് പോലും! അൽഇർഫാദ് മാസികയിൽ എഴുതുന്നത് കാണുക: “ലോകത്ത് എവിടെനിന്ന് പ്രവാചകനെ വിളിച്ചാലും ഉത്തരം ലഭിക്കും. നബിതങ്ങൾക്ക് വരാനും കാണാനും ഉത്തരം നൽകാനും കഴിയില്ലെന്ന വാദം റബ്ബിന്റെ കഴിവിനെ ചോദ്യം ചെയ്യലാകുന്നു.’’ ഈ വരികളിൽനിന്ന് ഈ മാസികക്കാർക്ക് അല്ലാഹു ആരാണെന്നോ റസൂൽ ആരാണെന്നോ അറിയില്ല എന്നാണ് മനസ്സിലാകുന്നത്. അല്ലെങ്കിൽ അവർ പ്രവാചകന്റെ പേരിൽ പച്ചക്കള്ളം പറയുകയാണ്.

ഇസ്‌ലാമിക വിശ്വാസം എന്ത്?

നബി ﷺ  മരണപ്പെട്ടു. ഇനി ക്വബ്‌റിൽനിന്ന് അന്ത്യനാളിൽ മഹ്ശറിലേക്ക് മാത്രമെ എഴുന്നേറ്റു വരികയുള്ളൂ. അതാണ് നബി  ﷺ  നമ്മെ പഠിപ്പിക്കുന്നത്:

“അന്ത്യനാളിൽ ആദം സന്തതികളുടെ നേതാവും, ആദ്യമായി ക്വബ്ർ പിളർന്ന് വരുന്നവനും, ആദ്യമായി ശുപാർശ ചെയ്യുന്നവനും, ആദ്യമായി ശുപാർശ സ്വീകരിക്കപ്പെടുന്നവനും ഞാനായിരിക്കും’’ (മുസ്‌ലിം).

നബി ﷺ യുടെ ക്വബ്ർ

നബി ﷺ യുടെ ക്വബ്ർ കുഴിച്ചതും അതിന്റെ രൂപവുമെല്ലാം നാം മനസ്സിലാക്കി. അവിടുത്തെ ക്വബ്ർ ഭൂമിയിൽനിന്നും ഒരു ചാൺ മാത്രമെ ഉയർത്തിയിട്ടുള്ളൂ. എന്നിട്ട് അതിനുമുകളിൽ ചുവന്ന ചരൽകല്ലുകൾ പാകുകയും ചെയ്തു.

നബി ﷺ യുടെ ക്വബ്‌റിന് മുകളിൽ കാണുന്ന ക്വുബ്ബ കാണിച്ച് ക്വബ്‌റിന് മുകളിൽ എടുപ്പുണ്ടാക്കാം എന്ന് ഒരുകൂട്ടർ വാദിക്കുന്നു. നബിമാർ എവിടെയാണോ മരിക്കുന്നത് അവിടെയാണ് അവരുടെ ക്വബ്ർ വരേണ്ടത് എന്നത് നാം മനസ്സിലാക്കിയല്ലോ. നബി ﷺ  ആഇശ (റ)യുടെ വീട്ടിൽ വെച്ചാണല്ലോ മരണപ്പെട്ടത്. അതിനാൽ അവിടുത്തെ ക്വബ്ർ അവിടെ ആകുകയും ചെയ്തു. ആഇശ(റ)യുടെ വീട് മദീനാ പള്ളിയോട് ചേർന്നായിരുന്നു എന്നതും നാം മനസ്സിലാക്കി. പിൽക്കാലത്ത് പള്ളി വികസിപ്പിക്കേണ്ടി വന്നു. അപ്പോൾ ആഇശ(റ)യുടെ വീടും പള്ളിക്ക് അകത്തായി. അങ്ങനെ ക്വബ്ർ ഉൾകൊള്ളുന്ന വീട് പള്ളിക്ക് അകത്തായി. നബി ﷺ യുടെ കാലത്ത് പള്ളിയും വീടും വേറെത്തന്നെയായിരുന്നു. നബി ﷺ യുടെ മകൾ ഫാത്വിമ(റ)യോ ഉറ്റ സുഹൃത്ത് അബൂബക്‌റോ(റ) മദീനാ പള്ളിയുടെ ഉള്ളിലായി ആഇശ(റ)യുടെ വീട് കണ്ടിട്ടില്ല; ഒരു സ്വഹാബിയും അപ്രകാരം കണ്ടിട്ടില്ല.

‘അല്ലാഹുവേ, എന്റെ ക്വബ്ർ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ’ എന്ന് നബി ﷺ  മരണപ്പെടുന്നതിന് മുമ്പേ പ്രാർഥിച്ചിരുന്നു. ഈ പ്രാർഥനയുടെ ഫലമായിട്ടുകൂടിയാണ് നബി ﷺ യുടെ ക്വബ്ർ ആഇശ(റ)യുടെ വീടിന് അകത്തായത്.

ആഇശ(റ)യിൽനിന്ന് നിവേദനം: “അവിടുന്ന് പറഞ്ഞു: ‘അല്ലാഹു ജൂത-നസ്വാറാക്കളെ ശപിച്ചിരിക്കുന്നു. അവർ അവരുടെ നബിമാരുടെ ക്വബ്‌റുകളെ സുജൂദിന്റെ സ്ഥലങ്ങളാക്കി.’ അവർ (ആഇശ) പറഞ്ഞു: ‘അത് ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ക്വബ്ർ വെളിവാക്കുമായിരുന്നു. തന്റെ ക്വബ്ർ അപ്രകാരം സ്വീകരിക്കപ്പെടുന്നത് അവിടുന്ന് ഭയപ്പെട്ടതാണ് (ഇപ്രകാരം പറയാൻ കാരണം).’ ഇബ്‌നു അബീ ശയ്ബയുടെ റിപ്പോർട്ടിൽ ‘അവിടുന്ന് അത് പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ (അത് വെളിവാക്കുമായിരുന്നു എന്നാണുള്ളത്)’’ (മുസ്‌ലിം).

സ്വഹാബിമാരുടെ കാലശേഷം ഹിജ്‌റ 88ൽ വലീദ് ഇബ്‌നു അബ്ദിൽ മലിക് എന്ന രാജാവിന്റെ കാലത്താണ് മസ്ജിദുന്നബവിയുടെ വികസനത്തിന്റെ പേരിൽ ആ ഭാഗം പള്ളിയിലേക്ക് ചേർക്കപ്പെട്ടത്. അപ്പോഴും നബി ﷺ യുടെ ക്വബ്‌റിന് മുകളിൽ ഒരു ക്വുബ്ബയോ മറ്റോ എടുത്തിരുന്നില്ല. എന്നാൽ അതിലേക്ക് തിരിഞ്ഞ് പ്രാർഥിക്കാതിരിക്കുവാനും കാണാതിരിക്കുവാനും രണ്ടോ മൂന്നോ ചുറ്റുമതിലുകളാൽ അതിനെ മറച്ചു. അന്നു മുതൽ നബി ﷺ യുടെ ക്വബ്ർ കാണാൻ പറ്റാത്തവിധം ആക്കിയിട്ടുണ്ട്. വലീദ് അപ്രകാരം ചെയ്തപ്പോഴും അക്കാലത്തുണ്ടായിരുന്ന ഫുക്വഹാക്കളും മറ്റും എതിർക്കുകയും ചെയ്തിരുന്നു. പക്ഷേ, അധികാര സ്വാധീനത്താൽ വലീദ് അത് നടപ്പിൽ വരുത്തി. സഈദ് ഇബ്‌നുൽ മുസ്വയ്യിബ്(റഹി) അന്ന് കരഞ്ഞിരുന്നു എന്ന് ഈ ചരിത്രത്തെ സംബന്ധിച്ചുള്ള വിവരണത്തിൽ നമുക്ക് കാണാവുന്നതാണ്.

ഹിജ്‌റ 654ൽ ഒരു തീപിടുത്തം ഉണ്ടായി. അന്ന് വലിയ നാശനഷ്ടങ്ങൾ മദീനയിൽ ഉണ്ടായി. പള്ളിയിലെ മിമ്പറും വാതിലുകളുമെല്ലാം കത്തിക്കരിഞ്ഞു. നബി ﷺ യുടെ ക്വബ്‌റുള്ള ഹുജ്‌റയുടെ ചുമരുകൾക്ക് വരെ കേടുപാടുകൾ സംഭവിച്ചു. 678 വരെ ക്വുബ്ബ ഉണ്ടായിരുന്നില്ല. അന്ന് ഉണ്ടായിരുന്ന മൻസൂർ ഖലാവൂൻ ക്വുബ്ബ പണിയുകയും അതിന് നീലനിറം നൽകുകയും ചെയ്തു. പിന്നീട് ഹിജ്‌റ 1233ൽ സുൽത്വാൻ മഹ്‌മൂദ് ഇബ്‌നു സുൽത്വാൻ അബ്ദുൽമജീദ് ക്വുബ്ബക്ക് പച്ചനിറം നൽകി. പിൽക്കാലത്ത് അതിൽ പല പദ്യങ്ങളും രേഖപ്പടുത്തപ്പെട്ടു. ഇസ്‌ലാം ഇതിനൊന്നും ഉത്തരവാദിയല്ല. ഇതാണ് നബി  ﷺ യുടെ ക്വബ്‌റുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ടത്. ചിലർ അവിടുത്തെ ക്വബ്ർ കെട്ടിപ്പൊക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ചില വ്യാജഫോട്ടോകൾ കൊണ്ടുനടക്കാറുണ്ട്. എന്നാൽ ഒരു കാലത്തും നബി ﷺ യുടെ ക്വബ്ർ കെട്ടിപ്പൊക്കുകയോ അതിന് സിമന്റിടുകയോ ഒന്നും ചെയ്തിട്ടില്ല. നബി ﷺ യുടെ ക്വബ്ർ കണ്ട സ്വഹാബിമാർ പോലും സാക്ഷ്യം വഹിച്ചത് അവിടുത്തെ ക്വബ്ർ ഒരു ചാൺ മാത്രമെ ഭൂമിയിൽനിന്നും ഉയർത്തിയിട്ടുള്ളൂ എന്നാണ്.

(അവസാനിച്ചു)