ഇമാം ശൻക്വീത്വി: വിജഞാന വിഹായസ്സിലെ കെടാവിളക്ക്

സ്വലാഹുദ്ദീൻ അയ്യൂബി

2022 ആഗസ്റ്റ് 27, 1442 മുഹർറം 28

ചരിത്രം ഒരു വഴികാട്ടിയാണ്. പുതുതലമുറക്ക് ദിശ കാണിക്കുന്നതിൽ ചരിത്ര പഠനത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനാൽതന്നെ മുൻഗാമികളുടെ ജീവചരിത്രം വായിക്കുന്നതിനും പഠിക്കുന്നതിനും മുൻഗാമികൾ പ്രാമുഖ്യം നൽകിയിരുന്നതായി കാണാം. കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ മഹാന്മാരുടെ ജീവചരിത്രം മനസ്സിലാക്കുന്നത് പല നിലയ്ക്കും നമുക്ക് ഉപകാരപ്പെടും. ഇമാം ശൻക്വീത്വിയുടെ ചരിത്രം ഹ്രസ്വമായി മനസ്സിലാക്കാം:

ഹിജ്‌റ 1325ൽ ആഫ്രിക്കയിലെ മൊറീതാനിയയിലെ ശൻക്വീത്വിലാണ് ഇമാം മുഹമ്മദ് അമീൻ അശ്ശൻക്വീത്വി ജനിക്കുന്നത്. പിതാവ് മുഹമ്മദ് മുഖ്താർ, അമീനിന്റെ ചെറുപ്പകാലത്തുതന്നെ മരണപ്പെട്ടു. അതിനാൽ അമ്മാവന്മാരുടെ വീടുകളിലാണ് ശൈഖ് വളർന്നത്. പിതാവിന്റെ മരണത്തെ തുടർന്ന് ധാരാളം സമ്പത്ത് അനന്തരമായി ശൈഖിന് ലഭിച്ചു.

ശൈഖിന്റെ അമ്മാവന്മാർ പണ്ഡിതന്മാ രായിരുന്നു. അതിനാൽതന്നെ ചെറുപ്രായ ത്തിലേ ശൈഖ് വിജ്ഞാന സമ്പാദനത്തിന് തുടക്കം കുറിച്ചു. പത്തുവയസ്സ് പൂർത്തിയാകുമ്പോഴേക്കും ക്വുർആൻ പൂർണമായും മനഃപാഠമാക്കി. അതിനുശേഷം അമ്മാവന്റെ മകനായിരുന്ന മുഹമ്മദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് മുഖ്താറിന്റെ കീഴിൽ റസ്മുൽ ഉസ്മാനി അഭ്യസിക്കുകയും തജ്‌വീദ് പഠിക്കുകയും ചെയ്തു. ഈ കാലയളവിൽ അദ്ദേഹം മാലികീ മദ്ഹബിലെ ചില ഗ്രന്ഥങ്ങളും വ്യാകരണ ഗ്രന്ഥങ്ങളും പഠന വിധേയമാക്കി. അതോടൊപ്പം തന്നെ അറബികളുടെ അൻസാബുകളെ (വംശപരമ്പര) കുറിച്ച് ചർച്ച ചെയ്യുന്ന ‘ഉമൂദുന്നസബ്’ എന്ന കവിത പഠിക്കുകയും ചെയ്തു. പിന്നീട് തഫ്‌സീർ, നഹ്‌വ്, സർഫ്, ബലാഗ തുടങ്ങിയവയും ശൈഖ് വ്യത്യസ്ത ഗുരുനാഥന്മാരിൽ നിന്ന് പഠിച്ചെടുത്തു.

വിജ്ഞാനത്തോടുള്ള താൽപര്യം

അറിവ് സമ്പാദിക്കുന്ന വിഷയത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു ഇമാം. എത്ര സമയമെടുത്താലും ശരി, ഒരു കർമശാസ്ത്ര വിഷയത്തിലെ പ്രശ്‌നം പൂർണമായി ഗ്രഹിക്കാതെ അടുത്തതിലേക്ക് പോകാൻ അദ്ദേഹം തയ്യാറാകുമായിരുന്നില്ല. അദ്ദേഹം ഒരിക്കൽ പറഞ്ഞു: “ഞാൻ എന്റെ ഗുരുനാഥന്റെ അടുത്ത് വായിക്കുന്നതിനിടെ അദ്ദേഹം എനിക്ക് കാര്യങ്ങൾ വിശദീകരിച്ചുതന്നു. പക്ഷേ, എനിക്കത് സംതൃപ്തി നൽകില്ല. അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ അടുത്തുനിന്ന് എഴൂന്നേൽക്കുകയും എനിക്ക് നേരിട്ട ആശയക്കുഴപ്പങ്ങൾ നീക്കാൻ ശ്രമിക്കുകയും ചെയ്തു. ഞാൻ ഗ്രന്ഥങ്ങൾ എടുത്ത് പരിശോധിച്ചുകൊണ്ടിരുന്നു. അപ്പോൾ ദുഹ്ർ നമസ്‌കാര സമയമായിരുന്നു. ഞാൻ എന്റെ പരിശോധന അവസാനിപ്പിച്ചത് അടുത്ത ദിവസം പ്രഭാതത്തിലാണ്. ഈ സമയത്തിനിടയിൽ നമസ്‌കരിക്കാനും ഭക്ഷണം കഴിക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും മാത്രമാണ് ഞാൻ എഴുന്നേറ്റത്.’’ പഠനത്തിനിടെ വല്ല സംശയവും നേരിട്ടാൽ ശൈഖിന്റെ പതിവ് ഇപ്രകാരമായിരുന്നു.

ശൈഖ് നല്ല ബുദ്ധികൂർമതയും മനഃപാഠ പാടവവും ഉള്ള വ്യക്തിയായിരുന്നു. തന്റെ ഈ കഴിവുകൾ വിജ്ഞാന സമ്പാദനത്തിനായി അദ്ദേഹം ഉപയോഗപ്പെടുത്തി. തഫ്‌സീർ, ഉസ്വൂൽ, അക്വീദ, ഹദീസ് തുടങ്ങിയ വൈജ്ഞാനിക മേഖലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര ചാർത്തിയിട്ടുണ്ട്. ഏത് വിജ്ഞാന മേഖലയെക്കുറിച്ച് അദ്ദേഹം സംസാരിച്ചാലും ആ രംഗത്ത് അഗ്രഗണ്യനാണെന്നു കേൾവിക്കാർ മനസ്സിലാക്കിയിരുന്നു.

അദ്ദേഹം ഒരിക്കൽ പറഞ്ഞു: ‘ക്വുർആനിലെ ഓരോ വചനത്തെക്കുറിച്ചും മുൻഗാമികളുടെ വാക്കുകൾ എന്റെ പക്കലുണ്ട്.’ കവിതകൾ മനഃപാഠമാക്കുന്നതിൽ ശൈഖ് ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഹിജ്‌റ 1367ൽ ഹജ്ജിനായി ശൈഖ് യാത്ര പുറപ്പെട്ടു. ഈ യാത്രയിലെ സംഭവ വികാസങ്ങൾ കോർത്തിണക്കി അദ്ദേഹം രചിച്ച ഗ്രന്ഥമാണ് ‘അൽ രിഹ്‌ലതു ഇലാ ബൈതില്ലാഹിൽ ഹറാം.’

ഹജ്ജിന് ശേഷം മദീന സന്ദർശിച്ച അദ്ദേഹം അവിടെ തുടരാൻ തീരുമാനിച്ചു. റസൂലിന്റെ പള്ളിയിൽ ക്വുർആൻ വിശദീകരിക്കുന്നതിനെക്കാൾ ഉത്തമമായ ഒരു പ്രവർത്തനവുമില്ലായെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. മദീനയിൽ തന്നെ തുടർന്നത് ശൈഖിന്റെ വൈജ്ഞാനിക മണ്ഡലം വിശാലമാകുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ശൻക്വീത്വിൽ മാലികി ഫിക്വ്ഹ് മാത്രമായിരുന്നു അവലംബിച്ചിരുന്നത്. എന്നാൽ മദീനയിൽ എത്തിയതോടുകൂടി മറ്റു മദ്ഹബുകളും അദ്ദേഹം പഠിച്ചു.

മസ്ജിദുന്നബവിയിൽ ശൈഖ് ക്വുർആൻ വ്യാഖ്യാനം പഠിപ്പിക്കാൻ ആരംഭിച്ചു. ഈ ക്ലാസ്സുകളിൽ വ്യത്യസ്ത മദ്ഹബുകൾ പിൻപറ്റുന്ന സാധാരണക്കാരും വിദ്യാർഥികളും പങ്കെടുക്കുമായിരുന്നു. അതി നാൽ തന്നെ മാലികി മദ്ഹബിനപ്പുറം എല്ലാ മദ്ഹബുകളും അദ്ദേഹത്തിന്റെ ക്ലാസ്സുകളിൽ ചർച്ച ചെയ്യു കയും തെളിവുകൾക്കനുസൃതമായതിനെ സ്വീകരിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ

മദീനയിലേക്ക് താമസം മാറിയശേഷം ഒരുപാട് ദീനീ പ്രവർത്തനങ്ങളിൽ ശൈഖ് പങ്കാളിയായി. മസ്ജിദുന്നബവിയിലെ തഫ്‌സീർ ക്ലാസ്സ്, മദീനയിലെ ദാറുൽ ഉലൂമിലെ അധ്യാപനം, മസ്ജിദു മുഹമ്മദ് ബിൻ ഇബ്‌റാഹീമിലെ ഉസ്വൂൽ ക്ലാസ്സ് തുടങ്ങിയവ അത്തരം പ്രവർത്തനങ്ങളിൽ ചിലതാണ്. ഹിജ്‌റ 1381ൽ മദീന യൂണിവേഴ്‌സിറ്റി ആരംഭിച്ചതുമുതൽ അവിടെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ലോക പണ്ഡിതസഭയായ റാബിത്വയുടെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു ഇമാം.

ഗ്രന്ഥങ്ങൾ. ഒരുപാട് ഗ്രന്ഥങ്ങൾ ശൈഖ് രചിച്ചിട്ടുണ്ട്. അവയിൽ ചിലതിന്റെ പേരുകൾ താഴെ നൽകുന്നു:

1. അദ്‌വാഉൽ ബയാൻ.

2. ആദാബുൽ ബഹ്‌സി വൽമുനാദറ.

3. റിഹ്‌ലതുൽ ഹജ്ജ് ഇലാ ബൈതില്ലാഹിൽ ഹറാം.

4. അൽഫിയതുൻ ഫിൽമൻത്വിക്.

5. നദ്വ്മുൻ ഫിൽഫറാഇദ്.

മരണം ഹിജ്‌റ 1393 ദുൽഹിജ്ജ 17ന് മക്ക യിലെ വസതിയിൽ ശൈഖ് നിര്യാതനായി. ശൈഖ് ഇബ്‌നു ബാസ്(റഹ്) മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകി.