നബി ﷺ യുടെ വഫാത്ത് - 03

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ജൂലായ് 23, 1442 ദുൽഹിജ്ജ 23

(മുഹമ്മദ് നബി ﷺ 82 )

നമസ്‌കാരത്തിന് ഇമാമിനെ നിശ്ചയിക്കുന്നു

നബി ﷺ യുടെ രോഗം പിന്നെയും കഠിനമായി. നമസ്‌കാരത്തിന് തീരെ വരാൻ സാധിക്കാതെയായി. കഴിയുന്നത്ര അവിടുന്ന് പള്ളിയിൽതന്നെ വന്നു നമസ്‌കരിച്ചിരുന്നു. നബി ﷺ യുടെ ആ ദിനങ്ങളിലെ രോഗാവസ്ഥയും നമസ്‌കാരത്തിന്റെ കാര്യത്തിലെ ശ്രദ്ധയും പ്രിയപത്‌നി ആഇശ(റ)തന്നെ നമുക്ക് വിവരിച്ചുതരുന്നത് കാണുക:

ഉബയ്ദുല്ലാഹ് ഇബ്‌നു അബ്ദുല്ലാഹ് ഇബ്‌നു ഉത്ബ(റ)യിൽനിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഞാൻ ആഇശ(റ)യുടെ അരികിൽ പ്രവേശിക്കുകയുണ്ടായി. അപ്പോൾ ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലി ﷺ ന്റെ രോഗത്തെ സംബന്ധിച്ച് എനിക്ക് നിങ്ങൾ പറഞ്ഞുതരുമോ?’’ അവർ പറഞ്ഞു: ‘അതെ, നബി ﷺ  (രോഗത്താൽ) വിഷമിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് ചോദിച്ചു: ‘ജനങ്ങൾ നമസ്‌കരിച്ചുവോ?’ ഞങ്ങൾ പറഞ്ഞു: ‘ഇല്ല, അവർ അങ്ങയെ കാത്തിരിക്കുകയാണ്.’ അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ എനിക്ക് ഒരു തോൽപാത്രത്തിൽ വെള്ളം വെക്കൂ.’ അവർ പറഞ്ഞു: ‘അപ്പോൾ ഞങ്ങൾ (അങ്ങനെ) ചെയ്തു.’ എന്നിട്ട് അവിടുന്ന് കുളിച്ചു. എന്നിട്ട് എഴുന്നേൽക്കാൻ നോക്കി. അപ്പോൾ അവിടുന്ന് ബോധരഹിതനായി. പിന്നീട് (ബോധം) തെളിഞ്ഞു. അപ്പോൾ അവിടുന്ന് ചോദിച്ചു: ‘ജനങ്ങൾ നമസ്‌കരിച്ചുവോ?’ ഞങ്ങൾ പറഞ്ഞു: ‘ഇല്ല, അല്ലാഹുവിന്റെ റസൂലേ, അവർ അങ്ങയെ കാത്തിരിക്കുകയാണ്.’ അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ എനിക്ക് ഒരു തോൽപാത്രത്തിൽ വെള്ളം വെക്കൂ.’ അവർ പറഞ്ഞു: ‘അപ്പോൾ അവിടുന്ന് ഇരിക്കുകയും എന്നിട്ട് കുളിക്കുകയും ചെയ്തു. പിന്നീട് അവിടുന്ന് എഴുന്നേൽക്കാൻ നോക്കി. അപ്പോൾ അവിടുന്ന് ബോധരഹിതനായി. പിന്നീട് (ബോധം) തെളിഞ്ഞു. അപ്പോൾ അവിടുന്ന് ചോദിച്ചു: ‘ജനങ്ങൾ നമസ്‌കരിച്ചുവോ?’ ഞങ്ങൾ പറഞ്ഞു: ‘ഇല്ല, അല്ലാഹുവിന്റെ റസൂലേ, അവർ അങ്ങയെ കാത്തിരിക്കുകയാണ്.’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ എനിക്ക് ഒരു തോൽപാത്രത്തിൽ വെള്ളം വെക്കൂ.’ അപ്പോൾ അവിടുന്ന് ഇരിക്കുകയും എന്നിട്ട് കുളിക്കുകയും ചെയ്തു. പിന്നീട് അവിടുന്ന് എഴുന്നേൽക്കാൻ നോക്കി. അപ്പോൾ അവിടുന്ന് ബോധരഹിതനായി. പിന്നീട് (ബോധം) തെളിഞ്ഞു. അപ്പോൾ അവിടുന്ന് ചോദിച്ചു: ‘ജനങ്ങൾ നമസ്‌കരിച്ചുവോ?’ ഞങ്ങൾ പറഞ്ഞു: ‘ഇല്ല, അല്ലാഹുവിന്റെ റസൂലേ, അവർ അങ്ങയെ കാത്തിരിക്കുകയാണ്.’ ജനങ്ങൾ പള്ളിയിൽ ഇരിക്കുകയാണ്. അവർ അവസാനത്തെ ഇശാഅ് നമസ്‌കാരത്തിനായി നബി ﷺ യെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അപ്പോൾ നബി ﷺ  അബൂബക്‌റി(റ)ന്റെ അടുത്തേക്ക് (ആളെ) അയച്ചു; ജനങ്ങളെയും കൊണ്ട് അദ്ദേഹം നമസ്‌കരിക്കട്ടെ. അങ്ങനെ അദ്ദേഹത്തിന്റെ അടുത്തേക്ക് ആ ദൂതൻ വന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘ജനങ്ങളെയും കൂട്ടി താങ്കൾ നമസ്‌കരിക്കാനായി അല്ലാഹുവിന്റെ റസൂൽ ﷺ  താങ്കളോട് കൽപിച്ചിരിക്കുന്നു.’ അപ്പോൾ അബൂബക്ർ(റ)-അദ്ദേഹം ലോലഹൃദയമുള്ളയാളായിരുന്നു-പറഞ്ഞു: ‘ഉമറേ, താങ്കൾ ജനങ്ങളെയും കൊണ്ട് നമസ്‌കരിക്കൂ.’ അപ്പോൾ ഉമർ(റ) പറഞ്ഞു: ‘താങ്കളാകുന്നു അതിന് ഏറ്റവും അർഹൻ.’ അങ്ങനെ അബൂബക്ർ(റ) ആ ദിവസങ്ങളിൽ (ഇമാമായി) നമസ്‌കരിച്ചു’’ (ബുഖാരി).

ബോധം തെളിയുമ്പോൾ അവിടുന്ന് ചോദിക്കുന്ന ഏക ചോദ്യം ‘ജനങ്ങൾ നമസ്‌കരിച്ചോ’ എന്നതായിരുന്നു. ജമാഅത്ത് നമസ്‌കാരത്തിന്റെ പ്രാധാന്യമാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്. നബി ﷺ  പല തവണ പള്ളിയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നത് കണ്ട സ്വഹാബിമാർ നബി ﷺ  ഇല്ലാതെ നമസ്‌കരിക്കാൻ കൂട്ടാക്കുന്നില്ല. അവർ പള്ളിയിൽ ഇശാഅ് നിസ്‌കാരത്തിനായി നബി ﷺ യെയും പ്രതീക്ഷിച്ചിരുന്നു. നമസ്‌കാരത്തിന് പോകാൻ സാധിക്കില്ലെന്ന് മനസ്സിലായ നബി ﷺ  അബൂബക്‌റി(റ)നെ ഇമാമായി നിശ്ചയിച്ചു. അബൂബക്ർ(റ) ലോലഹൃദയമുള്ള ആളായിരുന്നു. അദ്ദേഹം അതിന് കൂട്ടാക്കിയില്ല. നബി  ﷺ  നിന്ന സ്ഥാനത്ത് ഞാൻ നിൽക്കുകയോ എന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്. അവസാനം അബൂബക്ർ(റ) നബി ﷺ യുടെ കാലത്തുതന്നെ ജനങ്ങൾക്ക് ഇമാമായി മദീന പള്ളിയിൽ നമസ്‌കരിക്കുന്നു.

പ്രവാചകന്മാർക്കും രോഗം ബാധിക്കും. അവർ മനുഷ്യരാണല്ലോ. മനുഷ്യരെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും (ദാഹം, വിശപ്പ്, സന്തോഷം, വിഷമം, ദുഃഖം, വേദന, രോഗം, മരണം...) അവർക്കും ഉണ്ടാകുന്നതാണ്. നബി ﷺ ക്ക് ബാധിച്ച ഏതെങ്കിലും വിധത്തിലുള്ള രോഗമോ മറ്റു പ്രയാസങ്ങളോ ഒന്നും തന്നെ അല്ലാഹു ഏൽപിച്ചിട്ടുള്ള ഉത്തരവാദിത്തത്തിൽ ഒരു വീഴ്ചയും സംഭവിക്കാൻ നിമിത്തമായിട്ടില്ല. നബി  ﷺ ക്ക് ബാധിച്ച ചില രോഗങ്ങളെ ഈ ന്യായം പറഞ്ഞ് നിഷേധിക്കുന്ന ചില കക്ഷികളുണ്ട്. അവരുടെ വാദം ഇസ്‌ലാമിക പ്രമാണങ്ങളുടെ പിൻബലമില്ലാത്തതാകുന്നു.

അബൂബക്ർ(റ) ആഇശ(റ)യുടെ പിതാവാണല്ലോ. പിതാവിന്റെ എല്ലാ പ്രത്യേകതകളും മകൾക്ക് നന്നായി അറിയാമായിരുന്നു. അതിനാൽതന്നെ നബി ﷺ  അബൂബക്‌റി(റ)നോട് ഇമാമായി നിൽക്കാൻ പറഞ്ഞ ഘട്ടത്തിൽ ആഇശ((റ) നബി ﷺ നോട് പറയുന്നത് മറ്റൊരു റിപ്പോർട്ടിൽ നമുക്ക് ഇങ്ങനെ കാണാം:

“(നബി ﷺ  പറഞ്ഞു:) ‘നിങ്ങൾ അബൂബക്‌റിനോട് ജനങ്ങളെയുംകൊണ്ട് നമസ്‌കരിക്കാൻ കൽപിക്കൂ.’ ആഇശ(റ) പറഞ്ഞു: ‘(നബിയേ,) തീർച്ചയായും അദ്ദേഹം ലോലഹൃദയമുള്ള ആളാകുന്നു. അങ്ങയുടെ സ്ഥാനത്ത് അദ്ദേഹം നിന്നാൽ ജനങ്ങളെയുംകൊണ്ട് നമസ്‌കരിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല.’ നബി ﷺ  പറഞ്ഞു: ‘നിങ്ങൾ അബൂബക്‌റിനോട് ജനങ്ങളെയുംകൊണ്ട് നമസ്‌കരിക്കാൻ കൽപിക്കൂ.’ അപ്പോൾ അവർ വീണ്ടും അത് ആവർത്തിച്ചു. അപ്പോൾ നബി ﷺ  പറഞ്ഞു: ‘നീ അബൂബക്‌റിനോട് ജനങ്ങളെയും കൊണ്ട് നമസ്‌കരിക്കാൻ കൽപിക്കൂ. തീർച്ചയായും നിങ്ങൾ യൂസുഫി(അ)ന്റെ ആളുകളാകുന്നു’’ (ബുഖാരി).

തന്റെ കാലശേഷമുള്ള നേതൃത്വത്തിലേക്കുള്ള സൂചനയും ഇതിലുണ്ട്. നമസ്‌കാരിക്കാൻ കിട്ടിയ ചാൻസിൽ ‘ഞാൻ തന്നെ അർഹൻ’ എന്ന മട്ടിൽ പെെട്ടന്ന് അബൂബക്ർ(റ) അത് ഏറ്റെടുക്കുന്നില്ല. അദ്ദേഹം തനിക്ക് അതിന് സാധിക്കില്ലെന്നു പറഞ്ഞ് പിന്മാറുകയാണ് ചെയ്തത്. മകൾ ആഇശ(റ) അത് ഏറ്റുപറയുന്നു. നബി ﷺ യുടെ ആവർത്തിച്ചുള്ള പ്രേരണക്കുശേഷമാണ് നമസ്‌കാരത്തിനുള്ള ഇമാമത്തിന്റെ കാര്യം പോലും അദ്ദേഹം ഏറ്റെടുക്കുന്നത്. എന്നിട്ടും അബൂബക്ർ(റ) അധികാര മോഹിയാണെന്നും അധികാരം തട്ടിയെടുത്തയാളാണെന്നും ആക്ഷേപിക്കുന്ന പിഴച്ച കക്ഷികളെ നാം അറിയാതിരുന്നുകൂടാ. വേറെയും ചില സംസാരങ്ങളിലൂടെ നബി ﷺ  അബൂബക്‌റി(റ)ന്റെ ഖിലാഫത്തിലേക്കുള്ള സൂചന നൽകിയതായി കാണാം. അതുതന്നെയാണ് നബി ﷺ  ആഗ്രഹിച്ചതെന്നും നബി ﷺ  ഇഷ്ടപ്പെട്ടതെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇതുസംബന്ധമായി മറ്റൊരു റിപ്പോർട്ടുകൂടി കാണുക:

“ഒരു സ്ത്രീ നബി ﷺ യുടെ അടുത്ത് വന്നു. അപ്പോൾ അവരോട് (അവരുടെ ആവശ്യത്തിലേക്ക്) മടങ്ങാൻ കൽപിച്ചു. അവർ ചോദിച്ചു: ‘(ഞാൻ മടങ്ങി വരുന്ന നേരത്ത്) അങ്ങയെ ഞാൻ കണ്ടില്ലെങ്കിലോ?’ അവർ മരണത്തെ (ഉദ്ദേശിച്ച്) പറഞ്ഞതുപോലെയുണ്ടായിരുന്നു. നബി ﷺ  പറഞ്ഞു: ‘നീ എന്നെ കണ്ടില്ലെങ്കിൽ അബൂബക്‌റിന്റെ അടുക്കൽ ചെല്ലുക’’ (ബുഖാരി).

ഈ സന്ദർഭത്തിൽ നബി ﷺ  പറഞ്ഞത് നിങ്ങൾ അബൂബക്‌റിനെ സമീപിക്കുക എന്നായിരുന്നു. അതായത്, എന്റെ സ്ഥാനത്ത് അബൂബക്ർ ഉണ്ടാകും എന്നതായിരുന്നു നബി ﷺ  ഉദ്ദേശിച്ചത്. ഇവിടെ നബി ﷺ  ആ മഹതിയോട് ഞാൻ മരണപ്പെട്ടാലും ഇല്ലെങ്കിലും എന്റെ കാഴ്ചയും കേൾവിയും കഴിവും അറിവുമെല്ലാം സമമാണ്. അതിനാൽ എന്റെ ക്വബ്‌റിന്റെ സമീപത്തു വന്ന് എന്നോട് ചോദിച്ചോളൂ എന്ന് നബി ﷺ  പറഞ്ഞില്ല. എന്നാൽ പലരും പല വചനങ്ങളും ദുർവ്യാഖ്യാനിച്ച് നബി ﷺ  നമ്മുടെ എല്ലാ കാര്യങ്ങളും അറിയുകയും കേൾക്കുകയും ചെയ്യുന്നു എന്നെല്ലാം പറയുന്നത് ഇസ്‌ലാം പഠിപ്പിച്ചിട്ടില്ലാത്ത ആദർശമാകുന്നു. ഇത്തരം വാദങ്ങൾ നരകത്തിലേക്കുള്ള വഴിയാകുന്നു.

നബി ﷺ  വഫാത്താകുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അനുചരന്മാരോടും സമൂഹത്തോടും വിലപ്പെട്ട പല സാരോപദേശങ്ങളും നൽകി. മദീനയിൽ എന്നും കുഴപ്പം ഉണ്ടാക്കി നടന്നവരായിരുന്നല്ലോ യഹൂദികൾ. അവരെ പൂർണമായും പുറത്താക്കാനായി നബി ﷺ  കൽപന നൽകി. അവർ നബി ﷺ യോടും മുസ്‌ലിംകളോടും ചെയ്തിട്ടുള്ള ചതിയും അക്രമവും നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ. അതുപോലെ ബഹുദൈവ വിശ്വാസികളെയും ആ നാട്ടിൽ നിന്ന് ഒഴിവാക്കാൻ കൽപിച്ചു. മാത്രമല്ല, അവിടുന്ന് ഇപ്രകാരം പറയുകയും ചെയ്തു:

“ജൂത-ക്രൈസ്തവരുടെമേൽ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ. (കാരണം) അവർ നബിമാരുടെ ക്വബ്‌റുകളെ സുജൂദിന്റെ സ്ഥലങ്ങളാക്കിയിരിക്കുന്നു’’ (ബുഖാരി).

“ജൂത-ക്രൈസ്തവരെ അല്ലാഹു നശിപ്പിക്കട്ടെ. (കാരണം) അവർ നബിമാരുടെ ക്വബ്‌റുകളെ സുജൂദിന്റെ സ്ഥലങ്ങളാക്കിയിരിക്കുന്നു’’ (അഹ്‌മദ്).

ക്വബ്‌റാരാധനയുടെ ഗൗരവത്തെ സംബന്ധിച്ചാണ് ഈ വചനങ്ങളിലൂടെ, നബി ﷺ  വഫാത്താകുന്നതിന്റെ അഞ്ചു ദിവസങ്ങൾക്ക് മുമ്പ് സമൂഹത്തെ പഠിപ്പിച്ചത്. മാത്രവുമല്ല നബി ﷺ  ഇപ്രകാരം ദുആ ചെയ്യുകയും ചെയ്തു

“അല്ലാഹുവേ, എന്റെ ക്വബ്‌റിനെ നീ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ. തങ്ങളുടെ നബിമാരുടെ ക്വബ്‌റുകളെ സുജൂദുകളുടെ സ്ഥലമാക്കിയതിനാൽ ഒരു സമൂഹത്തിന്റെ മേൽ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു’’ (മുവത്വ).

ക്വബ്‌റിലുള്ളവരെ ആരാധിക്കുന്നത് വിഗ്രഹത്തെ ആരാധിക്കുന്നതിന് സമമാണ്. ക്വബ്‌റിൽ കിടക്കുന്നയാൾ മരണപ്പെട്ടയാളാണല്ലോ. ഭൗതികമായ സർവ കഴിവുകളും നഷ്ടപ്പെടുന്നതാണ് മരണം. അഥവാ, മരണപ്പെട്ടയാൾ കേൾക്കുകയോ കാണുകയോ അറിയുകയോ ഒന്നും തന്നെ ചെയ്യുകയില്ല. വിഗ്രഹത്തിന്റെ അവസ്ഥയും തഥൈവ. അവയും കേൾക്കില്ല, കാണില്ല, അറിയില്ല. ഒരു ഉപകാരവും ഉപദ്രവവും ചെയ്യുകയുമില്ല. നബി ﷺ യുടെ പ്രാർഥനയിൽനിന്ന് ക്വബ്‌റിനെ ആരാധിക്കുന്നത് വിഗ്രഹാരാധനക്ക് തുല്യമാണെന്ന് നമുക്ക് നിഷ്പ്രയാസം മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

പ്രാർഥന സ്രഷ്ടാവായ റബ്ബിനോടേ ആകാവൂ. അല്ലാഹു അല്ലാത്തവരിലേക്ക് പ്രാർഥന അർപ്പിക്കപ്പെടുമ്പോൾ പ്രാർഥിക്കപ്പെടുന്ന വ്യക്തി അല്ലെങ്കിൽ വസ്തു അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയാണ്. അത് ഒരിക്കലും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. അപ്രകാരം പ്രാർഥന അല്ലാഹു അല്ലാത്തവരോടാകുന്നത് കടുത്ത അക്രമവും അല്ലാഹുവിന്റെ കോപത്തിന് ഹേതുവാകുന്നതുമായ മഹാപാപമാകുന്നു.

ക്വബ്‌റാരാധനയാണ് ജൂത- ക്രൈസ്തവർക്ക് അല്ലാഹുവിന്റെ ശാപം ഏൽക്കാനുണ്ടായ പ്രധാന കാരണമെന്ന് നബി ﷺ യുടെ വചനത്തിൽനിന്ന് നാം മനസ്സിലാക്കിയല്ലോ. അതിനാൽതന്നെ ഈ സമുദായത്തെ നബി ﷺ  വളരെ ശക്തമായി മുന്നറിയിപ്പും നൽകി. മുകളിലെ വചനങ്ങളെല്ലാം അവ ഉൾകൊള്ളുന്നവയാണ്. നബി  ﷺ  മരണപ്പെടുന്നതിന് അഞ്ചു ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞ കൂട്ടത്തിൽ ഇതുകൂടി പറഞ്ഞു:

“അറിയുക; നിങ്ങൾ ക്വബ്‌റുകളെ ആരാധനയുടെ സ്ഥലങ്ങളാക്കരുത്. തീർച്ചയായും അത് ഞാൻ നിങ്ങളോട് വിലക്കിയിരിക്കുന്നു’’ (മുസ്‌ലിം).

ക്വബ്‌റാരാധനയെ സംബന്ധിച്ചുള്ള താക്കീത് മരണപ്പെടന്നതിന്റെ തൊട്ടു മുമ്പുവരെ അവിടുന്ന് നൽകിയതായി നമുക്ക് ഹദീസുകളിൽനിന്നും മനസ്സിലാക്കാവുന്നതാണ്. അവസാനസമയത്ത് നബി ﷺ  എന്തോ ഒരു വിഷമം കാണിക്കുന്നതുപോലെ അവിടുത്തെ വസ്ത്രം മുഖത്തേക്ക് ഇടുന്നത് ആഇശ(റ)യും ഇബ്‌നു അബ്ബാസും(റ) കാണുകയുണ്ടായി. ആ സമയത്ത് നബി ﷺ  എന്താണ് പറയുന്നത് എന്നത് ശ്രദ്ധയോടെ കേട്ടപ്പോൾ അവിടുന്ന് ജൂത-നസ്വാറാക്കളുടെ ചെയ്തികളെ താക്കീത് നൽകിക്കൊണ്ട് ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കുകയാണ്:

“യഹൂദികളുടെയും നസ്വാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ. അവർ അവരുടെ നബിമാരുടെ ക്വബ്‌റുകളെ ആരാധനാലയമാക്കി(യതിനാലാണത്)’’ (ബുഖാരി).

ജൂത-ക്രൈസ്തവർ നബിമാരുടെ ക്വബ്‌റുകളെയാണ് കെട്ടിയുയർത്തിയതും സുജൂദ് ചെയ്യുന്ന സ്ഥലങ്ങളാക്കി മാറ്റിയതും. അക്കാരണത്താലാണ് അവരെ അല്ലാഹു ശപിച്ചതെങ്കിൽ മഹാന്മാരാണോ അല്ലയോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കാത്തവരുടെ ക്വബ്‌റുകൾ പോലും കെട്ടിയുയർത്തുകയും സിമന്റിടുകയും കുമ്മായമടിക്കുകയും അവിടങ്ങളിൽ നിലവിളക്ക് കൊളുത്തുകയും പൂക്കൾ എറിയുകയുമൊക്കെ ചെയ്യുന്നതാണ് നാം കാണുന്നത്. അതെല്ലാം നബി ﷺ  വിലക്കിയിട്ടുമുണ്ട്. ക്വബ്‌റുകളെ നിലത്തുനിന്ന് ഒരു ചാൺ മാത്രം ഉയർത്താനാണ് ഇസ്‌ലാം അനുവാദം നൽകുന്നത്. അതിലപ്പുറം ഉയർത്താൻ പാടില്ല. എന്നാൽ മഹാന്മാരുടെയും ഔലിയാക്കളുടെയും ക്വബ്‌റുകളെ കെട്ടിയുയർത്തുന്നതിന് വിരോധമില്ലെന്നും സാധാരണക്കാരുടെ ക്വബ്‌റുകൾ ഉയർത്തിക്കെട്ടുന്നതിനെയാണ് നബി ﷺ  വിലക്കിയത് എന്നും പറയുന്ന കക്ഷികളുടെ വാദം എത്ര നിരർഥകമാണെന്നത് നബി ﷺ യുടെ വചനങ്ങളിൽനിന്നും സ്പഷ്ടമാണല്ലോ. (തുടരും)