തബൂകിന് ശേഷം

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ഏപ്രിൽ 09, 1442 റമദാൻ 07

(മുഹമ്മദ് നബി ﷺ 67)

നബി ﷺ യുടെ ജീവിതത്തിലെ അവസാനത്തെ പടപ്പുറപ്പാടായിരുന്നു തബൂക് യുദ്ധം. അതിനുശേഷം ഹിജ്‌റ 9ന് പല സുപ്രധാനമായ സംഭവങ്ങളും ഉണ്ടാകുകയുണ്ടായി. നബി ﷺ യുടെ മഹത്ത്വവും ഹൃദയവിശാലതയുമെല്ലാം കൂടുതല്‍ അറിയാന്‍ സഹായകമാകുന്ന സംഭവങ്ങളായിരുന്നു അവ.

അബ്‌ദുല്ലാഹ് ഇബ്‌നു ഉബയ്യുബ്‌നുസലൂലിന്റെ അന്ത്യം

മദീനയിലെ കപടവിശ്വാസികളുടെ നേതാവായിരുന്നല്ലോ അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂല്‍. അയാളുടെ മരണത്തെ സംബന്ധിച്ച് പ്രസിദ്ധമായ ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരു കാര്യത്തില്‍ നബി ﷺ ക്ക് അല്ലാഹുവില്‍നിന്നുള്ള വിലക്ക് വരുന്നതുവരെ അതിനെ നബി ﷺ വിശാലമായ മനസ്സോടുകൂടിയാണ് സമീപിക്കാറുള്ളത്. അത്തരം കാര്യങ്ങളോട് അങ്ങേയറ്റത്തെ സഹിഷ്ണുതയും വിട്ടുവീഴ്ചയും കാണിച്ചിരുന്ന ഉന്നത സ്വഭാവത്തിന്റെ ഉടമയായിരുന്നു നബി ﷺ . അതു മനസ്സിലാക്കാന്‍ സഹായകമാകുന്ന ഒരു സംഭവമാണ് അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂലിന്റെ മരണം. ഉമര്‍(റ) അതിനെ സംബന്ധിച്ച് പറയുന്നത് കാണുക:

അദ്ദേഹം പറഞ്ഞു: ‘‘അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂല്‍ മരണപ്പെട്ടപ്പോള്‍ അയാള്‍ക്ക് വേണ്ടി, അയാളുടെമേല്‍ (ജനാസ) നമസ്‌കരിക്കുന്നതിനായി അല്ലാഹുവിന്റെ റസൂല്‍ ﷺ ക്ഷണിക്കപ്പെടുകയുണ്ടായി. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ നമസ്‌കാരത്തിന് നിന്നപ്പോള്‍ ഞാന്‍ നബിയിലേക്ക് ചാടി എഴുന്നേറ്റു നിന്നു. എന്നിട്ട് ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങ് ഇബ്‌നു ഉബയ്യിന്റെ മേല്‍ നമസ്‌കരിക്കുകയാണോ? അയാള്‍ (ഇന്ന) ദിവസം ഇങ്ങനെയും ഇങ്ങനെയുമെല്ലാം പറഞ്ഞിരുന്നില്ലേ?’ ഞാന്‍ അവിടുത്തോട് അയാളുടെ വാക്കുകള്‍ എണ്ണിപ്പറഞ്ഞുകൊടുത്തു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പുഞ്ചിരിക്കുകയും (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഉമറേ, എന്നില്‍നിന്നും താങ്കള്‍ വിട്ടു നില്‍ക്കൂ.’ അപ്പോള്‍ ഞാന്‍ അവിടുത്തോട് ധാരാളം (അതിനെ സംബന്ധിച്ചു) പറഞ്ഞുകൊടുത്തു. നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും തെരഞ്ഞടുക്കാനുള്ള അനുവാദം നല്‍കപ്പെട്ടപ്പോള്‍ ഞാന്‍ (അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കാന്‍) തെരഞ്ഞടുത്തു. എഴുപതിന് മുകളില്‍ ഞാന്‍ അധികരിപ്പിച്ചാല്‍ അദ്ദേഹത്തോട് പൊറുക്കപ്പെടുമെന്ന് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതിനെക്കാള്‍ അധികരിപ്പിക്കുമായിരുന്നു.’ അദ്ദേഹം (ഉമര്‍) പറഞ്ഞു: ‘അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കുകയും അതില്‍നിന്ന് പിരിയുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞപ്പോഴേക്കും സൂറതുല്‍ ബറാഅയില്‍നിന്നുള്ള രണ്ട് സൂക്തങ്ങള്‍ ഇറങ്ങി: ‘‘അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ക്വബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു’’ (തൗബ 84). (ഉമര്‍(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലി ﷺ നോട് അന്നേദിവസം (സംസാരിച്ചതില്‍) എന്റെ ധൈര്യത്തെ സംബന്ധിച്ച് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.’’ (ബുഖാരി).

നബി ﷺ താഴെയുള്ള വചനത്തിന്റെ അടിസ്ഥാനത്തിലാണ് നമസ്‌കരിക്കാന്‍ തയ്യാറായത്: ‘‘(നബിയേ,) നീ അവര്‍ക്കുവേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്കുവേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചത് കൊണ്ടത്രെ അത്. ധിക്കാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല’’ (9:80).

എഴുപത് തവണ ആ കപടന്മാര്‍ക്കുവേണ്ടി അല്ലാഹുവിനോട് നബി ﷺ പാപമോചനം തേടിയാല്‍ പോലും അല്ലാഹു അവരോടു പൊറുക്കുകയില്ല എന്നാണ് അല്ലാഹു ഈ വചനത്തിലൂടെ അറിയിക്കുന്നത്. ഈ വചനത്തില്‍ നബി ﷺ പാപമോചനം തേടിയാലും ഇല്ലെങ്കിലും എന്നാണല്ലോ അല്ലാഹു പറഞ്ഞത്. അതിന്റെ വെളിച്ചത്തിലാണ് അവിടുന്ന് അയാള്‍ക്കുവേണ്ടി നമസ്‌കരിച്ചത്. നമസ്‌കാരം കഴിഞ്ഞ് അധികം താമസിയാതെ അവരുടെമേല്‍ നമസ്‌കരിക്കരുത്, അത്തരക്കാരുടെ ക്വബ്‌റിന്റെ സമീപത്ത് നില്‍ക്കുകയും ചെയ്യരുത് തുടങ്ങിയ കല്‍പനകള്‍ അല്ലാഹു ഇറക്കുകയും ചെയ്തു. കാരണം അവര്‍ അല്ലാഹുവിലും റസൂലിലും അവിശ്വസിച്ചവരാകുന്നു.

നബി ﷺ യുടെ ലോലഹൃദയത്തിന്റെ ഉദാഹരണമാണ് നാം ഇവിടെ കാണുന്നത്. പുറമേക്ക് മുസ്‌ലിമായി നടക്കുകയും പലവിധ കുഴപ്പങ്ങളും ഉണ്ടാക്കുകയും ചെയ്തിട്ടുപോലും അല്ലാഹു പൊറുത്തുകൊടുത്താലോ എന്ന കാരുണ്യത്തിന്റെയും വാത്സല്യത്തിന്റെയും മനസ്സായിരുന്നു അവിടുത്തേക്ക്.

നബി ﷺ മദീനയില്‍ എത്തിയ സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ സംബന്ധിച്ച് ദുരാരോപണം പ്രചരിപ്പിച്ച, തന്റെ ഭാര്യയെ സംബന്ധിച്ച് അപവാദ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച, സന്ദിഗ്ധഘട്ടങ്ങളില്‍ മുസ്‌ലിം സംഘത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ ശ്രമം നടത്തിയ, വഞ്ചനയുടെയും ചതിയുടെയും പ്രതീകമായ ഈ കപടവിശ്വാസി മരണപ്പെട്ടപ്പോള്‍ അയാള്‍ക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനം തേടാന്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ കാണിച്ച വിശാലമനസ്‌കത ചരിത്രത്തില്‍ സ്ഥാനം പിടിച്ച സംഭവമാണ്.

ഈ കപടവിശ്വാസിക്ക് ഒരു മകനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരും അബ്ദുല്ലാഹ് എന്നുതന്നെയായിരുന്നു. ആ മകന്‍ പിതാവ് മരണപ്പെട്ട സന്ദര്‍ഭത്തില്‍ നബി ﷺ യെ സമീപിക്കുന്ന രംഗം ഇബ്‌നു ഉമര്‍(റ) വിവരിക്കുന്നത് കാണുക:

അദ്ദേഹം പറഞ്ഞു: ‘‘അബ്ദുല്ലാഹിബ്‌നു ഉബയ്യ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്ലാഹ് അല്ലാഹുവിന്റെ റസൂലി ﷺ നെ സമീപിച്ചു. എന്നിട്ട് തന്റെ പിതാവിനെ കഫന്‍ ചെയ്യുന്നതിനായി നബി ﷺ യുടെ കുപ്പായം നല്‍കാനായി ചോദിച്ചു. അപ്പോള്‍ നബി ﷺ അത് നല്‍കി. പിന്നീട് അദ്ദേഹത്തിനായി നമസ്‌കരിക്കാന്‍ നബി ﷺ യോട് അവന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ക്കുവേണ്ടി നമസ്‌കരിക്കാന്‍ നബി ﷺ എഴുന്നേറ്റു. അപ്പോള്‍ ഉമര്‍(റ) എഴുന്നേല്‍ക്കുകയും അല്ലാഹുവിന്റെ റസൂലി ﷺ ന്റെ വസ്ത്രത്തില്‍ പിടിക്കുകയും എന്നിട്ട് (ഇപ്രകാരം) ചോദിക്കുകയും ചെയ്തു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ രക്ഷിതാവ് അയാള്‍ക്കുവേണ്ടി നമസ്‌കരിക്കുന്നത് അങ്ങയെ വിലക്കിയിട്ടില്ലയോ?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു എനിക്ക് തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടല്ലോ.’ എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘നീ അവര്‍ക്കുവേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്കുവേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും...’ (എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ?). ഞാന്‍ എഴൂപതില്‍ അധികരിപ്പിക്കുന്നതാണ്.’ അങ്ങനെ നബി ﷺ നമസ്‌കരിച്ചു. അപ്പോള്‍ അല്ലാഹു ‘അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ക്വബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്...’(9:84) എന്ന സൂക്തം ഇറക്കുകയും ചെയ്തു’’ (ബുഖാരി).

പണ്ടൊരിക്കല്‍ നബി ﷺ യുടെ പിതൃവ്യന്‍ അബ്ബാസി(റ)ന് വസ്ത്രം ഇല്ലാത്ത സന്ദര്‍ഭത്തില്‍ ഈ ഉബയ്യായിരുന്നു സഹായിച്ചിരുന്നത്. ആ കാര്യം നബി ﷺ ക്ക് ഓര്‍മയുണ്ടായിരുന്നു. അതിനാലാകാം നബി ﷺ യോട് അദ്ദേഹത്തിന്റെ മകന്‍ പിതാവിനെ കഫന്‍ ചെയ്യുന്നതിനായി കുപ്പായം ചോദിച്ചപ്പോള്‍ അവിടുന്ന് അത് നല്‍കിയത് എന്ന് വിവരിക്കപ്പെടുന്നത് നമുക്ക് കാണാന്‍ സാധിക്കും. പിതാവ് നബി ﷺ ക്കെതിരെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചപ്പോള്‍ പിതാവിനെ വധിക്കാന്‍ നബി ﷺ യോട് അനുവാദം ചോദിച്ചവനായിരുന്നു മകന്‍ അബ്ദുല്ലാഹ്. ഈ മകനാണല്ലോ പിതാവിനെ കഫന്‍ ചെയ്യാന്‍ നബി ﷺ യുടെ കുപ്പായം ചോദിക്കുന്നതും പിതാവിന് വേണ്ടി നമസ്‌കാരത്തിന് ആവശ്യപ്പെടുന്നതും. അന്നേരം നമ സ്‌കാരത്തെ വിലക്കിക്കൊണ്ടുള്ള ആയത്തും ഇറങ്ങിയിട്ടില്ല. അതിനാല്‍ നബി ﷺ തന്റെ കുപ്പായം നല്‍കുകയും നമസ്‌കാരത്തിന് തയ്യാറാകുകയും ചെയ്തു. മകന്റെ ഇഷ്ടം പരിഗണിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ മനസ്സിന് ആശ്വാസം ലഭിക്കുമല്ലോ. അദ്ദേഹത്തിന്റെ കുടുംബത്തിന് എക്കാലത്തേക്കുമായി ഒരു അപമാനം ഇല്ലാതിരിക്കാനും അത് കാരണമാകും. നബി ﷺ യെ പലനിലയ്ക്കും ദ്രോഹിച്ചിട്ടും അവിടുന്ന് അയാളുടെ അന്ത്യസമയത്ത് മാന്യമായിട്ടാണ് പെരുമാറിയതെന്നത് അവര്‍ ഇസ്‌ലാമിലേക്ക് വരാനും കാരണമാകും. വ്യാഖ്യാതാക്കള്‍ ഇങ്ങനെയെല്ലാം നബി ﷺ യുടെ ഈ പ്രവൃത്തിയെ വിവരിക്കുന്നത് കാണാം.

അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ച ആ മുനാഫിക്വിന് നബി ﷺ യുടെ കുപ്പായമോ, നബി ﷺ യുടെ നമസ്‌കാരമോ, പാപമോചന തേട്ടമോ ഒന്നും തന്നെ ഉപകാരപ്പെടുന്നതല്ല. അസ്‌ക്വലാനി(റഹി) വിവരിക്കുന്നത് കാണുക:

‘‘ഈ കഥ ക്വതാദയില്‍നിന്നും സഈദിന്റെ വഴിയിലൂടെ ത്വബ്‌രി ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: അപ്പോള്‍ അല്ലാഹു ‘അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ക്വബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്’ (എന്ന വചനം) ഇറക്കി. അദ്ദേഹം പറഞ്ഞു: നബി ﷺ ഞങ്ങളോട് പറഞ്ഞു: ‘അദ്ദേഹത്തിന് എന്റെ കുപ്പായം അല്ലാഹുവില്‍നിന്നും യാതൊരു ഉപകാരവും ചെയ്യുന്നതല്ല. തീര്‍ച്ചയായും അദ്ദേഹത്തിന്റെ വിഭാഗത്തില്‍നിന്നും ഒരായിരം ആളുകള്‍ മുസ്‌ലിമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’’

അല്ലാഹു വിലക്കേര്‍പ്പെടുത്തിയതിന് ശേഷം ഒരിക്കലും കപടവിശ്വാസികള്‍ക്ക് വേണ്ടി അവിടുന്ന് നമസ്‌കരിക്കുകയോ അവരുടെ ക്വബ്‌റിന്റെ സമീപത്ത് നില്‍ക്കുയോ ചെയ്തിട്ടില്ല. അതാണ് ഇസ്‌ലാമിന്റെ നിയമവും. എന്നാല്‍ ഇന്ന് ആരെല്ലാമാണ് കപടന്മാര്‍, ആരെല്ലാമാണ് നിഷ്‌കളങ്കര്‍ എന്ന് നമുക്ക് തീര്‍പ്പാക്കാന്‍ ഒരു വഴിയും ഇല്ല. ബാഹ്യമായ കാര്യങ്ങള്‍ പരിഗണിക്കാനേ നമുക്ക് സാധിക്കൂ. നബി ﷺ യുടെ രഹസ്യസൂക്ഷിപ്പുകാരന്‍ എന്ന് അറിയപ്പെടുന്ന സ്വഹാബിയായിരുന്നു ഹുദയ്ഫ(റ). അദ്ദേഹത്തിന് അല്ലാഹുവിന്റെ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ മദീനയില്‍ അന്ന് ഉണ്ടായിരുന്ന ചില മുനാഫിക്വുകളുടെ പേര് നബി ﷺ അറിയിച്ചുകൊടുത്തിരുന്നു. അത് ആരെല്ലാമെന്ന് ഹുദയ്ഫ(റ)ക്ക് പുറമെ മറ്റൊരു സ്വഹാബിക്കും അറിയുമായിരുന്നില്ല. സ്വഹാബിമാര്‍ക്ക് പോലും മുനാഫിക്വ് (കപട വിശ്വാസി) ആരെന്നോ മുഖ്‌ലിസ്വ് (നിഷ്‌കളങ്കന്‍) ആരെന്നോ പറയാന്‍ സാധ്യമായിരുന്നില്ല എന്ന് വ്യക്തം.

ഭാര്യമാരോട് ചില കല്‍പനകള്‍

തബൂക് യുദ്ധം കഴിഞ്ഞ അതേ വര്‍ഷത്തില്‍തന്നെ ഉണ്ടായ മറ്റൊരു പ്രധാന സംഭവമാണ് ഇനി നാം വിവരിക്കുന്നത്:

‘‘നബിയേ, നിന്റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം. അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവച്ചിട്ടുണ്ട്’’ (33:28,29).

ഈ സൂക്തങ്ങള്‍ ഇറങ്ങാനുണ്ടായ പശ്ചാത്തലമാണ് നാം ഇവിടെ മനസ്സിലാക്കേണ്ടത്. ഈ സൂക്തം ഇറക്കപ്പെടുന്ന വേളയില്‍ നബി ﷺ യുടെ കൂടെ ഒമ്പത് ഭാര്യമാര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. ആഇശ(റ), ഹഫ്‌സ(റ), ഉമ്മു ഹബീബ(റ), സൗദ(റ), ഉമ്മു സലമ(റ), സയ്‌നബ്(റ), മയ്മൂന(റ), സ്വഫിയ്യ(റ), ജുവയ് രിയ(റ) തുടങ്ങിയവരായിരുന്നു അവര്‍. ഇവര്‍ നബി ﷺ യുടെ കൂടെ സാമ്പത്തികമായ ഞെരുക്കാവസ്ഥയിലാണ് ജീവിച്ചിരുന്നത്. നബി ﷺ യുടെ കൂടെ പല സന്ദര്‍ഭങ്ങിലും പട്ടിണി കിടക്കേണ്ടി വന്നവരായിരുന്നു ഈ മഹതികള്‍. ഭക്ഷണം പാചകം ചെയ്യാത്ത പല രാവുകളും അവരില്‍ കടന്നുപോയത് ചരിത്രത്തില്‍ ഏറെ അറിയപ്പെട്ടതാണ്. പച്ചവെള്ളവും കാരക്കയും കഴിച്ച് ജീവിച്ചിരുന്ന ദിനങ്ങള്‍ അവര്‍ക്ക് ധാരാളമുണ്ടായിരുന്നു. എണ്ണയില്ലാത്തതിനാല്‍ വിളക്ക് കത്തിക്കാന്‍ പോലും സാധിക്കാതെ ഇരുട്ടത്ത് കഴിയേണ്ടിവന്ന രാത്രികളും അവര്‍ക്ക് ഉണ്ടായിരന്നു.

മക്കാവജിയവും തബൂകുമെല്ലാം കഴിഞ്ഞപ്പോള്‍ മദീനയുടെ പൊതുഖജനാവിലേക്ക് സ്വദക്വയുടെ വിഹിതങ്ങള്‍ വരുന്നതിന്റെ അളവ് കൂടാന്‍ തുടങ്ങി. അഥവാ, അല്‍പമെല്ലാം ഐശ്വര്യം ഉണ്ടാകാന്‍ തുടങ്ങി. ഈ ഘട്ടത്തില്‍ തങ്ങളുടെ പ്രയാസത്തിന് പ്രതിവിധി കാണുന്നതിനായി പൊതുഖജനാവില്‍നിന്ന് എടുത്ത് തങ്ങളുടെ ജീവിത നിലവാരം ഒന്ന് മെച്ചപ്പെടുത്തണമെന്ന് ഒരു പരാതിയെന്ന രൂപത്തില്‍ അവര്‍ നബി ﷺ യോട് അവതരിപ്പിച്ചു. ആ സന്ദര്‍ഭത്തിലാണ് മുകളിലെ വചനങ്ങള്‍ ഇറങ്ങുന്നത്!

‘ഐഹിക സൗകര്യമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കുള്ള മതാഅ് ഞാന്‍ നല്‍കാം. (വിവാഹമോചന സമയത്ത് വധുവിനെ സന്തോഷിപ്പിക്കാന്‍ വരന്‍ നല്‍കുന്ന സമ്മാനത്തെയാണ് മതാഅ് എന്ന് പറയുന്നത്). ഐഹിക സൗകര്യങ്ങളെയാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത് എങ്കില്‍ നിങ്ങള്‍ക്ക് എന്നെ സമീപിക്കാം. നിങ്ങള്‍ക്ക് അത് നല്‍കുകയും ചെയ്യാം. അങ്ങനെ നിങ്ങളെ വിവാഹമോചനം നടത്തുകയും ചെയ്യുന്നതാണ്. അതല്ല, അല്ലാഹുവിനെയും അവന്റെ റസൂലിനെയും പരലോകത്തെയുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് ഇതിലേറെ അത്യുത്തമമായത് ഒരുക്കിവച്ചിരിക്കുന്നു. ഏതാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് തീരുമാനിക്കാം’ എന്ന് പറയാനാണ് നബി ﷺ യോട് അല്ലാഹു ആവശ്യപ്പെട്ടത്.

ആഇശ(റ) ഈ സംഭവത്തെ സംബന്ധിച്ച് പറയുന്നത് കാണുക: ‘‘തന്റെ ഭാര്യമാരെ തെരഞ്ഞെടുക്കാനായി അല്ലാഹു അവിടുത്തോട് കല്‍പിച്ച വേളയില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്റെ (ആഇശ(റ)യുടെ) അടുക്കല്‍ വന്നു. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്നില്‍നിന്ന് ആരംഭിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘ഞാന്‍ നിന്നോട് ഒരു കാര്യം പറയുകയാണ്. അതിനാല്‍ നീ നിന്റെ മാതാപിതാക്കളോട് കൂടിയാലോചിക്കുന്നതുവരെ ധൃതികാണിക്കരുത്.’ തീര്‍ച്ചയായും എന്റെ മാതാപിതാക്കള്‍ എന്നെ പിരിയാന്‍ കല്‍പിക്കുന്നവരായിരിക്കില്ല എന്ന് (അവിടുത്തേക്ക്) അറിയാം. ആഇശ(റ) പറഞ്ഞു: ‘പിന്നീട് അവിടുന്ന് പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു പറയുന്നു: ‘നബിയേ, നിന്റെ ഭാര്യമാരോട് നീ പറയുക...’ അപ്പോള്‍ ഞാന്‍ അവിടുത്തോട് ചോദിച്ചു: ഇതില്‍ ഏതാണ് എന്റെ മാതാപിതാക്കളോട് ഞാന്‍ കൂടിയാലോചിക്കേണ്ടത്? തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും പരലോകത്തെയുമാണ് ഉദ്ദേശിക്കുന്നത്’’ (ബുഖാരി).

ഈ വചനം ഇറങ്ങിയതിന് ശേഷം നബി ﷺ തന്റെ ഭാര്യമാരില്‍ ഓരോരുത്തരോടും അവരുടെ അഭിപ്രായം ചോദിച്ചു. ആഇശ(റ)യില്‍നിന്നാണ് ആരംഭിച്ചത്. അല്ലാഹുവിന്റെ വചനം ഇറങ്ങിയപ്പോള്‍ മഹതികള്‍ കൂടിയാലോചനക്ക് മുതിര്‍ന്നതേയില്ല. അവര്‍ എല്ലാവരും അവരുടെ കരളായ പ്രചാകന്റെ കൂടെയുള്ള ജീവിതമാണ് തെരഞ്ഞടുത്തത്. നബി ﷺ യെ വേര്‍പിരിയുക എന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. മാത്രവുമല്ല, സത്യവിശ്വാസികളുടെ മാതാവ് എന്ന സ്ഥാനം, നബി ﷺ യുടെ ഭാര്യ എന്ന പദവി, സ്വര്‍ഗത്തിലെ സ്ഥാനം ഇത് ഒഴിവാക്കുക എന്നത് ഏറ്റവും വലിയ നഷ്ടമാണല്ലോ.

ഒരു ഭാര്യയോടും ഇതിന്റെ പേരില്‍ നബി ﷺ കയര്‍ക്കുകയോ വെറുക്കുകയോ ദേഷ്യപ്പെടുകയോ ഉണ്ടായിട്ടില്ല. കാരണം, നബി ﷺ യോടൊപ്പം ജീവിച്ച ആ മഹതികള്‍ക്ക് എന്നും ഞെരുക്കമേ ഉണ്ടായിട്ടുള്ളൂവെന്നും അവര്‍ ചോദിച്ചത് ന്യായമാണെന്നും അവിടുത്തേക്ക് അറിയാമായിരുന്നു. പട്ടിണിയുടെ രാവുകള്‍ ഏറെയായിരുന്നു. സൗകര്യങ്ങളും നന്നേ കുറവ്. പൊതുഖജനാവില്‍ അല്‍പം സമ്പത്തുണ്ട് എന്ന് മനസ്സിലാക്കിയപ്പോള്‍ മാത്രമാണല്ലോ അവര്‍ നബി ﷺ യോട് ആവശ്യം ഉന്നയിച്ചത്. (തുടരും)