സത്യസന്ധതക്ക് അംഗീകാരം

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ഏപ്രിൽ 02, 1442 റമദാൻ 01

(മുഹമ്മദ് നബി ﷺ 66)

കഅ്ബ്(റ) പറഞ്ഞു; അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘എന്നാല്‍ ഇദ്ദേഹം സത്യമാണ് പറഞ്ഞത്. അതിനാല്‍ താങ്കള്‍ എഴുന്നേറ്റുപോകുക. അല്ലാഹു താങ്കളുടെ കാര്യത്തില്‍ തീരുമാനമെടുക്കട്ടെ.’ ബനൂസലമയില്‍നിന്നുള്ള കുറച്ചാളുകളും എന്നെ തുടര്‍ന്നു യാത്രയായി. അവര്‍ എന്നോട് പറയുകയും ചെയ്തു: ‘ഇതിനുമുമ്പ് താങ്കള്‍ ഒരു തെറ്റുചെയ്തത് ഞങ്ങള്‍ക്ക് അറിയില്ല. യുദ്ധത്തില്‍ പിന്തിനിന്നവര്‍ അല്ലാഹുവിന്റെ റസൂലി ﷺ നോട് കാരണം ബോധിപ്പിച്ചതുകൊണ്ട് താങ്കള്‍ കാരണം ബോധിപ്പിക്കാത്തതില്‍ അശക്തനായിരിക്കുന്നു. താങ്കള്‍ ചെയ്ത തെറ്റിന് അല്ലാഹുവിന്റെ റസൂലി ﷺ ന്റെ പാപമോചന തേട്ടം താങ്കള്‍ക്ക് മതിയാകുമായിരുന്നു.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, അവര്‍ എന്നെ ആക്ഷേപിച്ചുകൊണ്ടേയിരുന്നു. അല്ലാഹുവിന്റെ റസൂലി ﷺ ങ്കലേക്ക് മടങ്ങിച്ചെന്ന് ഞാന്‍ എന്നോടുതന്നെ കളവ് പറഞ്ഞാലോ എന്ന് ഞാന്‍ വിചാരിച്ചു.’ പിന്നീട് ഞാന്‍ അവരോട് ചോദിച്ചു: ‘എന്റെ കൂടെ ഇതുപോലെയുള്ള ആരെങ്കിലും അദ്ദേഹത്തെ കണ്ടിട്ടുണ്ടോ?’ അവര്‍ പറഞ്ഞു: ‘അതെ, താങ്കള്‍ പറഞ്ഞതുപോലെ പറഞ്ഞ രണ്ടാളുകള്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. താങ്കളോട് പറയപ്പെട്ടതുപോലെ തന്നെയാണ് അവരോട് പറയപ്പെടുകയും ചെയ്തത്.’ ഞാന്‍ ചോദിച്ചു: ‘അവര്‍ ആരെല്ലാമാണ്?’ അവര്‍ പറഞ്ഞു: ‘മുറാറ ഇബ്‌നുര്‍റബീഅ് അല്‍അംരിയും ഹിലാല്‍ ഇബ്‌നു ഉമയ്യ അല്‍വാക്വിഫിയ്യും.’ അദ്ദേഹം പറഞ്ഞു: ‘ബദ്‌റില്‍ പങ്കെടുത്ത സ്വാലിഹുകളായ, മാതൃകായോഗ്യരായ രണ്ടാളുകളെ അവര്‍ എന്നോട് പറഞ്ഞു. അവര്‍ അവരെക്കുറിച്ച് എന്നോട് പറഞ്ഞ സന്ദര്‍ഭത്തില്‍ ഞാന്‍ (വീട്ടിലേക്ക്) പോയി.’

തന്നില്‍നിന്നും പിന്തിയ ഈ മൂന്നാളുകളായ ഞങ്ങളോട് സംസാരിക്കുന്നത് അല്ലാഹുവിന്റെ റസൂല്‍ ﷺ വിലക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ‘ജനങ്ങള്‍ ഞങ്ങളെ വെടിഞ്ഞു. അല്ലെങ്കില്‍ ഞങ്ങളോടുള്ള (പെരുമാറ്റത്തില്‍) മറ്റം വരുത്തി. ഈ ഭൂമി എനിക്ക് അപരിചിതമായി (തോന്നുന്നത്) വരെ (ഇത് തുടര്‍ന്നു). അതെ, ഈ ഭൂമി ഞാന്‍ മനസ്സിലാക്കിയതുപോലെയല്ലാതായി.’

അങ്ങനെ ഞങ്ങള്‍ അമ്പത് ദിവസം കഴിച്ചു കൂട്ടി. എന്നാല്‍ എന്റെ രണ്ട് കൂട്ടുകാര്‍ അവരുടെ വീടുകളില്‍ കരഞ്ഞുകൊണ്ടിരുന്ന് താമസമാക്കി. എന്നാല്‍ ആ കൂട്ടത്തില്‍ ഏറ്റവും ചെറുപ്പക്കാരനും ആരോഗ്യവാനും ഞാനായിരുന്നു. അതിനാല്‍ ഞാന്‍ (വീട്ടില്‍നിന്ന്) പുറത്തിറങ്ങുകയും മുസ്‌ലിംകള്‍ക്കൊപ്പം നമസ്‌കാരത്തിന് പങ്കെടുക്കുകയും ചെയ്തു. ഞാന്‍ അങ്ങാടികളിലൂടെ ചുറ്റിനടക്കും. ഒരാളും എന്നോട് സംസാരിക്കില്ല. നബി ﷺ നമസ്‌കാരശേഷം തന്റെ ഇരിപ്പിടത്തില്‍ ആകുമ്പോള്‍ ഞാന്‍ അല്ലാഹുവിന്റെ റസൂലിന്റെ ﷺ സമീപത്ത് ചെല്ലുകയും സലാം പറയുകയും ചെയ്യും. അപ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ പറയും; അവിടുന്ന് സലാം മടക്കിക്കൊണ്ട് ചുണ്ടുകള്‍ അനക്കിയോ ഇല്ലയോ? പിന്നീട് ഞാന്‍ അവിടുത്തെ അടുത്ത് (വെച്ച്) നമസ്‌കരിക്കും. (നമസ്‌കാരത്തില്‍) ഞാന്‍ അദ്ദേഹത്തെ കട്ടുനോക്കുമായിരുന്നു. ഞാന്‍ എന്റെ നമസ്‌കാരത്തിലായാല്‍ അവിടുന്ന് എന്നെയും നോക്കും. ഞാന്‍ അവിടുത്തേക്ക് തിരിഞ്ഞാല്‍ അവിടുന്ന് എന്നില്‍നിന്ന് (മുഖം) തിരിക്കുകയും ചെയ്യും. മുസ്‌ലിംകള്‍ക്കിടയില്‍നിന്ന് എന്റെമേല്‍ ആ (അവസ്ഥ) ദീര്‍ഘിച്ചപ്പോള്‍ ഞാന്‍ എന്റെ പിതൃവ്യ പുത്രനായ അബൂക്വതാദയുടെ മതില്‍ ചാടി (അദ്ദേഹത്തിന്റെ അടുത്തേക്ക്) നടന്നു. അദ്ദേഹം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവനായിരുന്നു. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് സലാം പറഞ്ഞു. അല്ലാഹുവാണെ സത്യം, അദ്ദേഹം എന്നോട് സലാം മടക്കിയില്ല! അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘ഓ, അബൂക്വതാദാ...! ഞാന്‍ അല്ലാഹുവിനെക്കൊണ്ട് അങ്ങയോട് ചോദിക്ക‌െട്ടയോ? ഞാന്‍ അല്ലാഹുവിനെയും അവന്റെ റസൂലി ﷺ നെയും ഇഷ്ടപ്പെടുന്നത് അങ്ങേക്ക് അറിയില്ലയോ?’ അദ്ദേഹം മൗനിയായി. അപ്പോള്‍ ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചു. അദ്ദേഹം മൗനം പാലിച്ചു. വീണ്ടും ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാെണ സത്യം, അല്ലാഹുവിനും അവന്റെ റസൂലിനും അറിയാം.’ അപ്പോള്‍ എന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി. ഞാന്‍ അദ്ദേഹത്തില്‍നിന്ന് പിന്തിരിയുകയും ചുമര് ചാടിക്കടക്കുകയും ചെയ്തു.

അങ്ങനെ ഞാന്‍ മദീനയിലെ അങ്ങാടിയിലായിരിക്കെ, മദീനയില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കാനായി വന്നിട്ടുള്ള ശാമുകാരില്‍പെട്ട ഒരു കര്‍ഷകനെ കാണുകയുണ്ടായി. അയാള്‍ ചോദിക്കുന്നുണ്ടായിരുന്നു: ‘ആരാണ് കഅ്ബ് ഇബ്‌നു മാലികിനെ പറ്റിയുള്ള വിവരം (എനിക്ക്) അറിയിച്ചു തരിക?’ അപ്പോള്‍ ജനങ്ങള്‍ എന്നെ ചൂണ്ടിയപ്പോള്‍ അദ്ദേഹം എന്നെ സമീപിക്കുകയും ഗസ്സാന്‍ രാജാവില്‍നിന്നുള്ള ഒരു കത്ത് എനിക്ക് കൈമാറുകയും ചെയ്തു. ഞാന്‍ എഴുത്ത് അറിയുന്നവനായിരുന്നു. അങ്ങനെ ഞാന്‍ അത് വായിച്ചപ്പോള്‍ അതിലുള്ളത് (ഇതായിരുന്നു:) ‘തീര്‍ച്ചയായും താങ്കളുടെ കൂട്ടുകാരന്‍ താങ്കളോട് നിസ്സഹകരണം നടത്തിയ വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അല്ലാഹു താങ്കളെ നിന്ദ്യരുടെയും അവഗണിക്കുന്നവരുടെയും നാട്ടില്‍ ആക്കുകയില്ല. അതിനാല്‍ ഞങ്ങളിലേക്ക് താങ്കള്‍ ചേരുവിന്‍. ഞങ്ങള്‍ താങ്കളോട് സഹകരിക്കാം.’ ഞാന്‍ അത് വായിച്ചവേളയില്‍ പറഞ്ഞു: ‘ഇതും ഒരു പരീക്ഷണം തന്നെയാണ്.’ അതിനാല്‍ അത് പിച്ചിച്ചീന്തി അടുപ്പിലിട്ട് കത്തിക്കാന്‍ ഞാന്‍ വിചാരിച്ചു. അങ്ങനെ അമ്പതിലെ നാല്‍പത് (ദിവസങ്ങള്‍ കഴിഞ്ഞു) പോയി. വഹ്‌യ് ഇറങ്ങുന്നതും താമസിച്ചു. അങ്ങനെയിരിക്കെ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ ഒരു ദൂതന്‍ എന്നെ സമീപിച്ചു. എന്നിട്ട് പറഞ്ഞു: ‘താങ്കളോട് താങ്കളുടെ ഭാര്യയില്‍നിന്ന് അകലാന്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ കല്‍പിച്ചിരിക്കുന്നു.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘ഞാന്‍ അവളെ വിവാഹമോചനം ചെയ്യാനാണോ അതല്ല (വേറെ) എന്തെങ്കിലും ചെയ്യാനാണോ (അവിടുന്ന് കല്‍പിച്ചത്)?’ അദ്ദേഹം പറഞ്ഞു: ‘അല്ല. താങ്കള്‍ അവളെ മാറ്റിനിര്‍ത്തുക. അവളെ സമീപിക്കരുത്.’ എന്റെ കൂട്ടുകാരിലേക്കും അതുപോലെ അവിടുന്ന് അയച്ചിരുന്നു. അങ്ങനെ ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു: ‘ഈ കാര്യത്തില്‍ അല്ലാഹു ഒരു തീരുമാനം എടുക്കുന്നതുവരെ നീ നിന്റെ കുടുംബക്കാരിലേക്ക് പോയിക്കൊള്ളുക.’

അങ്ങനെ ഹിലാല്‍ ഇബ്‌നു ഉമയ്യയുടെ ഭാര്യ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുക്കല്‍ ചെന്നു. എന്നിട്ട് അവിടുത്തോട് അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഹിലാല്‍ ഇബ്‌നു ഉമയ്യ വൃദ്ധനും അവശനുമാണ്. അദ്ദേഹത്തിന് മറ്റു സഹായിയുമില്ല. അതിനാല്‍ ഞാന്‍ അദ്ദേഹത്തിന് സേവനം ചെയ്യുന്നത് അങ്ങേക്ക് വെറുപ്പാകുമോ?’ അവിടുന്ന് പറഞ്ഞു: ‘ഇല്ല. പക്ഷേ, നീ അദ്ദേഹത്തെ (ശാരീരികമായി) സമീപിച്ചേക്കരുത്.’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും അദ്ദേഹം അതിനൊന്നും താല്‍പര്യമുള്ളവനല്ല. അല്ലാഹുവാണെ സത്യം, അദ്ദേഹത്തിന് ഈ കാര്യമുണ്ടായത് മുതല്‍ ഇന്നുവരെ അദ്ദേഹം കരഞ്ഞിരിക്കുകയാണ്.’

എന്നോട് എന്റെ ചില കുടുംബക്കാര്‍ പറഞ്ഞു: ‘നിന്റെ ഭാര്യയുടെ കാര്യത്തിലും നീ അല്ലാഹുവിന്റെ റസൂലി ﷺ നോട് അനുവാദം ചോദിക്കൂ.’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലി ﷺ നോട് അവളുടെ കാര്യത്തില്‍ ഞാന്‍ സമ്മതം ചോദിക്കുകയില്ല. ഞാന്‍ അവളുടെ കാര്യത്തില്‍ അവിടുത്തോട് സമ്മതം ചോദിച്ചാല്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്നോട് എന്ത് പറയുമെന്ന് എനിക്കറിയാം. ഞാന്‍ ഒരു ചെറുപ്പക്കാരനാണല്ലോ!’ അങ്ങനെ ഞാന്‍ പത്ത് ദിവസം കഴിച്ചുകൂട്ടി. ഞങ്ങളോട് സംസാരിക്കുന്നതിനെതൊട്ട് വിലക്കിയ ആ അമ്പത് ദിവസം പൂര്‍ത്തിയായി. പിന്നീട് അമ്പതിന്റെ പ്രഭാതത്തില്‍ ഞാന്‍ ഞങ്ങളുടെ ഒരു വീട്ടിന്റെ മുകളില്‍വെച്ച് ഫജ്ര്‍ നമസ്‌കരിച്ചു. അല്ലാഹു പറഞ്ഞതുപോലെ ഭൂമി വിശാലമായിരുന്നിട്ടും എനിക്കതു ഇടുങ്ങിയതായിക്കൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴതാ, സല്‍അ് മലയുടെ മുകളില്‍നിന്ന് ഒരാള്‍ അത്യുച്ചത്തില്‍ വിളിച്ചു പറയുന്നു: ‘കഅ്ബ് ഇബ്‌നു മാലികേ, സന്തോഷിച്ചുകൊള്ളുക.’ അപ്പോള്‍ ഞാന്‍ സുജൂദിലായി നിലത്തുവീണു. ഒരു തുറവി വന്നു കഴിഞ്ഞിട്ടുണ്ടെന്നു ഞാന്‍ മനസ്സിലാക്കുകയും ചെയ്തു. ഫജ്റ് നമസ്‌കാരാനന്തരം അല്ലാഹുവില്‍ നിന്നു (ഞങ്ങളുടെ) പശ്ചാത്താപം സ്വീകരിച്ച വിവരം നബി ﷺ ജനങ്ങളില്‍ പ്രഖ്യാപനം ചെയ്തിരുന്നു. എന്റെ രണ്ടു കൂട്ടുകാരിലേക്കും ആളുകള്‍ പോയിരുന്നു. എന്റെ അടുക്കലേക്ക് ഒരാള്‍ കുതിരപ്പുറത്ത് കയറിയും വേറൊരാള്‍ ഓടിക്കൊണ്ടും കുതിച്ചുവന്നു. പക്ഷേ, (ആ മലയില്‍നിന്നും ഞാന്‍ കേട്ട) ആ ശബ്ദമായിരുന്നു ആദ്യം എനിക്ക് എത്തിയത്. ഞാന്‍ കേട്ട ശബ്ദം എന്റെ അടുക്കല്‍ വന്ന് എന്നെ സന്തോഷിപ്പിച്ചപ്പോള്‍ എന്റെ വസ്ത്രം അദ്ദേഹത്തിന് വേണ്ടി ഞാന്‍ അഴിക്കുകയും അദ്ദേഹത്തെ അവ അണിയിപ്പിക്കുകയും ചെയ്തു. അല്ലാഹുവാണെ സത്യം, അന്നേദിവസം അവ രണ്ടുമല്ലാത്തവ എനിക്ക് ഉണ്ടായിരുന്നില്ല. (ശേഷം) രണ്ട് വസ്ത്രങ്ങള്‍ വായ്പ വാങ്ങുകയും അവ ധരിക്കുകയും ചെയ്തുകൊണ്ട് ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുത്തേക്ക് പോയി. ജനങ്ങള്‍ എന്നെ കൂട്ടം കൂട്ടമായി വന്നു കാണുകയും എന്നെ അനുമോദിക്കുകയും ചെയ്തുകൊണ്ട് എന്നോട് പറഞ്ഞു: ‘അല്ലാഹു താങ്കളുടെ പശ്ചാത്താപം സ്വീകരിച്ചതിനാല്‍ താങ്കള്‍ക്ക് മംഗളം.’

ഞാന്‍ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പള്ളിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവിടുത്തെ ചുറ്റും ജനങ്ങളുമുണ്ട്. ത്വല്‍ഹ(റ) ഓടിവരികയും എന്റെ കൈപിടിക്കുകയും എന്നെ അനുമോദിക്കുകയും ചെയ്തു. അല്ലാഹുവാണെ സത്യം, മുഹാജിറുകളില്‍ അദ്ദേഹമല്ലാത്ത വേറൊരാളും എഴുന്നേറ്റു വന്നിരുന്നില്ല. -(ത്വല്‍ഹ(റ)യെ അതുകാരണത്താല്‍ കഅ്ബ്(റ) മറക്കുമായിരുന്നില്ല).

കഅ്ബ്(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലി ﷺ നോട് ഞാന്‍ സലാം പറഞ്ഞപ്പോള്‍ അവിടുത്തെ മുഖം സന്തോഷത്താല്‍ പ്രകാശിക്കുന്നുണ്ടായിരുന്നു. (അങ്ങനെ) അവിടുന്ന് പറഞ്ഞു: ‘താങ്കളുടെ മാതാവ് താങ്കളെ പ്രസവിച്ചത് മുതല്‍ ഏറ്റവും നല്ല ഒരു ദിവസത്തെ കുറിച്ച് സന്തോഷിച്ചുകൊള്ളുക.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഇത് അല്ലാഹുവിന്റെ റസൂലില്‍നിന്നുള്ളതാണോ അതോ അല്ലാഹുവില്‍നിന്നുള്ളതാണോ?’ അവിടുന്ന് പറഞ്ഞു: ‘അല്ല, ഇത് അല്ലാഹുവില്‍നിന്നുള്ളത് തന്നെ. -അല്ലാഹുവിന്റെ റസൂല്‍ സന്തുഷ്ടനായാല്‍ ചന്ദ്രന്റെ കഷ്ണം പോലെ അവിടുത്തെ മുഖം പ്രകാശിക്കുമായിരുന്നു. അത് അവിടുത്തെ (മുഖത്ത്) നിന്ന് ഞങ്ങള്‍ മനസ്സിലാക്കാറുണ്ടായിരുന്നു- അങ്ങനെ ഞാന്‍ ഇരുന്നു. ഞാന്‍ (ഇപ്രകാരം) പറയുകയും ചെയ്തു: ‘എന്റെ തൗബയുടെ പൂര്‍ത്തീകരണമായി ഞാന്‍ എന്റെ ധനം മുഴുവന്‍ ധര്‍മമായി അല്ലാഹുവിനും റസൂലിനും ഒഴിഞ്ഞുതരുവാന്‍ ഉദ്ദേശിക്കുന്നു.’അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘കുറച്ചു ധനം താങ്കള്‍ സൂക്ഷിച്ചുകൊള്ളുക. അതു തനിക്ക് നല്ലതാണ്.’ ഞാന്‍ പറഞ്ഞു: ‘ഖയ്ബറിലുള്ള എന്റെ ഓഹരി ഞാന്‍ സൂക്ഷിച്ചുകൊള്ളാം’ (ബാക്കിയുള്ളതെല്ലാം ധര്‍മം ചെയ്യുന്നു). എന്നിട്ട് ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, തീര്‍ച്ചയായും അല്ലാഹു എന്നെ രക്ഷിച്ചത് (എന്റെ) സത്യസന്ധതകൊണ്ട് മാത്രമാകുന്നു. (അതിനാല്‍) ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ആരോടും കളവു പറയുകയില്ലെന്നുള്ളതും എന്റെ തൗബയില്‍ പെട്ടതാകുന്നു.’

അല്ലാഹുവാെണ സത്യം, അല്ലാഹുവിന്റെ റസൂല്‍ ﷺ നോട് അത് ഞാന്‍ പറഞ്ഞത് മുതല്‍ എന്നെ അല്ലാഹു പരീക്ഷിച്ചതിലേറെ സത്യസന്ധതയുടെ കാര്യത്തില്‍ മുസ്‌ലിംകളില്‍ ഒരാളെയും അല്ലാഹു പരീക്ഷിച്ചത് ഞാന്‍ അറിഞ്ഞിട്ടില്ല. അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ റസൂലി ﷺ നോട് അത് ഞാന്‍ പറഞ്ഞത് മുതല്‍ അറിഞ്ഞുകൊണ്ട് ഒരാളോടും ഈ ദിവസംവരെ കളവ് പറയുകയും ചെയ്തിട്ടില്ല. അവശേഷിക്കുന്ന ദിവസങ്ങളിലും അല്ലാഹു എന്നെ കാത്തുകൊള്ളാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹു (ഈ ക്വുര്‍ആന്‍ സൂക്തം) ഇറക്കി: ‘തീര്‍ച്ചയായും നബിയുടെയും (ആ)ഞെരുക്കത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു പോയവരായ മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും പേരില്‍ അല്ലാഹു (കനിഞ്ഞു) മടങ്ങിയിട്ടുണ്ട്. (അവര്‍ക്കു പൊറുത്തുകൊടുത്തിട്ടുണ്ട്). അവരില്‍ നിന്നുള്ള ഒരു കൂട്ടരുടെ ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിന് ശേഷം:- (അതെ) പിന്നെ, അവരുടെ മേല്‍ അവന്‍ (കനിഞ്ഞു) മടങ്ങി. നിശ്ചയമായും അവന്‍ അവരില്‍ വളരെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു. പിന്നേക്കു വെക്കപ്പെട്ടവരായ മൂന്നാളുകളുടെ പേരിലും (അല്ലാഹു കനിഞ്ഞു മടങ്ങിയിരിക്കുന്നു). ഭൂമി വിശാലമായതോടെ(ത്തന്നെ അതവര്‍ക്ക് ഇടുങ്ങി(യതായിത്തോന്നി)പ്പോകുന്നതുവരെയും, തങ്ങളുടെ മനസ്സുകള്‍ തങ്ങള്‍ക്കു ഞെരുങ്ങിപ്പോകുകയും, അല്ലാഹുവില്‍നിന്നു (രക്ഷക്കു) അവങ്കലേക്കല്ലാതെ (വേറെ) ആശ്രയ സ്ഥാനമില്ലെന്നു അവര്‍ കരുതുകയും ചെയ്യുന്നതു വരെയും അവര്‍ ക്ലേശമനുഭവിച്ചു). (അതെ, എന്നിട്ടു) പിന്നെ അവര്‍ (പശ്ചാത്തപിച്ചു) മടങ്ങുവാന്‍ വേണ്ടി അവന്‍ അവരുടെ മേല്‍ (കനിഞ്ഞു) മടങ്ങി. നിശ്ചയമായും അല്ലാഹുതന്നെയാണ് വളരെ (കനിഞ്ഞു) മടങ്ങുന്നവനും കരുണാനിധിയുമായുള്ളവന്‍. ഹേ, സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യം പറയുന്നവരുടെ കൂടെയായിരിക്കുകയും ചെയ്യുവിന്‍’’ (9:117-119).

കഅ്ബി(റ)ന് അല്ലാഹുവിന്റെ റസൂലി ﷺ ന്റെ കൂടെ തബൂകിലേക്ക് പുറപ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ യാത്രക്കുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, നല്ല വാഹനവുമുണ്ട്. പോകാം.. പോകാം.. എന്നും വിചാരിച്ച് ഇരുന്നു. എന്നാല്‍ അവസാനം അദ്ദേഹത്തിന് അതിന് സാധിക്കാതെ പോയി. ഒരു നല്ല കാര്യം ചെയ്യാനുള്ള അവസരം നമുക്ക് മുമ്പില്‍ വന്നാല്‍ അത് പിന്നീടാകാം എന്ന് വിചാരിച്ച് നീട്ടിവെക്കുന്നത് നമുക്ക് തന്നെ വിനയായി മാറുമെന്നത് ഇതില്‍നിന്ന് നാം സ്വീകരിക്കേണ്ട ഗുണപാഠമാണ്. ഒരാള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ പോകാനുള്ള സാമ്പത്തികവും ശാരീരികവുമായ സൗകര്യം ഒത്തുവന്നു. എന്നാലും അടുത്ത തവണയാകാം എന്നു വിചാരിച്ച് നീട്ടിവെച്ചാല്‍ അത് നടന്നുകൊള്ളണമെന്നില്ല. പിന്നീട് അതിന്റെ പേരില്‍ ദുഃഖിക്കേണ്ടിവരും. അതിനാല്‍ സല്‍കര്‍മം ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് ഉടനെത്തന്നെ നിര്‍വഹിക്കലാണ് നല്ലത്. അല്ലെങ്കില്‍ മനസ്സില്‍ പല തോന്നലുകളും വന്ന് അതില്‍നിന്നും പിന്മാറലാകും ഉണ്ടാകുക. ഈ മുന്ന് സ്വഹാബിമാര്‍ക്കും സംഭവിച്ചത് അതായിരുന്നു.

നബി ﷺ യും സ്വഹാബിമാരും തബൂകില്‍ എത്തിയപ്പോള്‍ പലരെക്കുറിച്ചും ചോദിച്ചിരുന്നു. മുസ്‌ലിം സൈന്യത്തില്‍ ആയിരക്കണക്കിനു പേര്‍ ഉണ്ടായിരുന്നതിനാല്‍ പലരും അതിന്റെ മറവില്‍ രക്ഷപ്പെടാന്‍ വഴി കണ്ടു; എന്നാല്‍ കഅ്ബ്(റ) അടക്കമുള്ള ഈ മൂന്ന് സ്വഹാബിമാര്‍ പോകാന്‍ താല്‍പര്യം കാണിച്ചവരായിരുന്നു.

നബി ﷺ മദീനയിലെ പള്ളിയില്‍ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ എണ്‍പതോളം ആളുകള്‍ കഅ്ബി(റ)ന്റെ മുന്നില്‍ വെച്ച് നബി ﷺ യോട് കാരണം ബോധിപ്പിച്ചിരുന്നു. അങ്ങനെ കഅ്ബി(റ)ന്റെ ഊഴമായി. കഅ്ബ്(റ) നബി ﷺ യെ സമീപിച്ചു. നബി ﷺ യോട് സലാം പറഞ്ഞു. അപ്പോള്‍ നബി ﷺ അദ്ദേഹത്തോട് കുപിതനായി ഒന്നു ചിരിച്ചു. കഅ്ബ്(റ) തന്റെ കൂടെ വരാത്തതില്‍ വലിയ വിഷമമുണ്ടായിരുന്നു. എന്നിട്ട് നബി ﷺ കഅ്ബി(റ)നെ തന്റെ അടുത്തേക്ക് വിളിച്ചു. അദ്ദേഹം നബി ﷺ യുടെ മുമ്പില്‍ ഭവ്യതയോടെ ഇരുന്നു. യുദ്ധത്തിന് വരാതെ പിന്തിനില്‍ക്കാനുള്ള കാരണം നബി ﷺ ചോദിച്ചു. അദ്ദേഹം സത്യസന്ധമായി കാര്യം തുറന്നുപറഞ്ഞു. നബി ﷺ കഅ്ബ് പറഞ്ഞത് സത്യമാണെന്ന് പറഞ്ഞു. ‘നിന്റെ കാര്യത്തില്‍ അല്ലാഹു തീരുമാനം എടുക്കട്ടെ’ എന്ന് ആശ്വസിപ്പിച്ചു.

എന്തെങ്കിലും ഒരു കാരണം നബി ﷺ യോട് പറഞ്ഞാല്‍ അവിടുന്ന് താങ്കള്‍ക്കും മാപ്പ് നല്‍കില്ലേ എന്ന് പലരും ചോദിച്ചു. എന്നാല്‍ അദ്ദേഹം ഇല്ലാത്ത കാരണം പറഞ്ഞ് രക്ഷപ്പെടാന്‍ തയ്യാറായില്ല. അങ്ങനെ അദ്ദേഹം തനിക്ക് സംഭവിച്ചതുപോലെ സംഭവിച്ച ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. ഹിലാല്‍ ഇബ്‌നു ഉമയ്യയും മുറാറ ഇബ്‌നുര്‍റബീഉം ഉണ്ടെന്ന് മനസ്സിലാക്കി.

ഈ രണ്ടു സ്വഹാബിമാരും ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത മഹാന്മാരാണ്. ഇവര്‍ തനിക്ക് കൂട്ടിനുണ്ടല്ലോ എന്നോര്‍ത്ത് കഅ്ബ്(റ) സന്തോഷിച്ചു. ഈ മൂന്ന് പേരും നബി ﷺ യുടെ മുന്നില്‍ സത്യസന്ധമായി അവരുടെ കാരണം ബോധിപ്പിച്ചവരാണ്.

അല്ലാഹു തീരുമാനം ഇറക്കി. നബി ﷺ യോട് ഈ മൂന്നു പേരെയും ബഹിഷ്‌കരിക്കാന്‍ വേണ്ടി അല്ലാഹു കല്‍പിച്ചു. അങ്ങനെ ഇവര്‍ക്ക് എതിരിലുള്ള ഉപരോധം തുടങ്ങി. അത് അമ്പത് ദിവസം നീണ്ടു. അവര്‍ക്കുള്ള ശിക്ഷയായിരുന്നു അത്. ഈ മൂന്ന് സ്വഹാബിമാര്‍ മദീനയില്‍ ഒറ്റപ്പെടുകയാണ്. അത് അവര്‍ക്ക് വല്ലാത്ത പ്രയാസമായി. അവരുടെ ആ പ്രയാസത്തെ സംബന്ധിച്ച് ക്വുര്‍ആന്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട്.

ഭൂമി വിശാലമായിട്ടും, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ എവിടെവെച്ചും സംസാരിക്കാത്ത, യാതൊരു ബന്ധവുമില്ലാത്ത അവസ്ഥ കാരണത്താല്‍ ഭൂമി അവര്‍ക്ക് ഇടുങ്ങിയതുപോലെ ആയിത്തീര്‍ന്നു. ഇതില്‍ നിന്നും മോചനം ലഭിക്കാന്‍ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങലല്ലാതെ മറ്റൊരു വഴിയില്ലെന്ന് ഈ മഹാന്മാര്‍ക്ക് ബോധ്യമായി. മൂവരും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങി. അങ്ങനെ അവരുടെ തൗബ അല്ലാഹു സ്വീകരിച്ചു. അവര്‍ക്ക് മാപ്പുകൊടുത്തതായുള്ള സന്തോഷവാര്‍ത്ത ക്വുര്‍ആന്‍ സൂക്തത്തിലൂടെ അല്ലാഹു അറിയിച്ചു.

ആ മൂന്ന് മഹാന്മാര്‍ക്കും അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്ത്വവും അംഗീകാരവും ലഭിക്കാനുള്ള കാരണം അവരുടെ സത്യസന്ധതയായിരുന്നു. അതിനാല്‍ ആ സല്‍ഗുണത്തിന്റെ വക്താക്കളാകാന്‍ മുഴുവന്‍ വിശ്വാസികളും പരിശ്രമിക്കേണ്ടതുണ്ട്. അവിടെയാണ് അല്ലാഹുവിന്റെ സഹായം ഉണ്ടാകുക. ആ മൂന്നു പേരുടെയും കാര്യം ഉണര്‍ത്തി അല്ലാഹു പറയുന്ന ആ വചനത്തിന് ശേഷം മുഴുവന്‍ വിശ്വാസികളോടും ഒരു കാര്യം ഉണര്‍ത്തി: ‘ഹേ, സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യം പറയുന്നവരുടെ കൂടെയായിരിക്കുകയും ചെയ്യുവിന്‍.’ (തുടരും)