നബി ﷺ യുടെ വഫാത്ത് - 04

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ജൂലായ് 30, 1442 ദുൽഹിജ്ജ 30

(മുഹമ്മദ് നബി ﷺ 83 )

അവസാനത്തെ ഇമാമത്ത്

ഉറക്കെ ഓതുന്ന നമസ്‌കാരത്തിന് നബി ﷺ  അവസാനമായി ഇമാമായി നിൽക്കുന്നത് ഒരു മഗ്‌രിബിനായിരുന്നു. നാലുദിവസങ്ങൾക്ക് മുമ്പായിരുന്നു അത്. അത് ഒരു വ്യാഴാഴ്ചയായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ആ നമസ്‌കാരത്തെ സംബന്ധിച്ചുള്ള റിപ്പോർട്ട് കാണുക:

ഉമ്മുൽഫദ്വ‌്ൽ ബിൻത് അൽഹാരിസി(റ)ൽനിന്ന് നിവേദനം, അവർ പറഞ്ഞു: “നബി ﷺ  (ആ) മഗ്‌രിബ് നമസ്‌കാരത്തിൽ ‘വൽമുർസലാതി ഗുർഫാ’ ഓതുന്നത് ഞാൻ കേട്ടു. പിന്നീട് അല്ലാഹു അവിടുത്തെ (റൂഹിനെ) പിടിക്കുന്നതുവരെ അതിനുശേഷം ഞങ്ങളെയുംകൊണ്ട് അവിടുന്ന് നമസ്‌കരിച്ചിട്ടില്ല’’ (ബുഖാരി).

രോഗം കഠിനമായ സമയത്ത്, അവസാനത്തെ നമസ്‌കാരത്തിൽ, അതും മഗ്‌രിബിന് നബി ﷺ  ഓതിയത് ഒന്നര പേജ് വലിപ്പമുള്ള സൂറഃ അൽമുർസലാത് ആയിരുന്നു എന്നത് നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. മഗ്‌രിബ് നമസ്‌കാരത്തിൽ ചെറിയ സൂറത്തേ ഓതാവൂ എന്ന ഒരു ധാരണ നമുക്കിടയിലുണ്ട്. ആ ധാരണ നാം തിരുത്താൻ ശ്രദ്ധിക്കണം.

ഈ സൂറത്തിൽ സ്വർഗ-നരക വിവരണങ്ങളും സത്യനിഷേധികൾക്കുള്ള മുന്നറിയിപ്പും സത്യവിശ്വാസികൾക്കുള്ള സുവിശേഷവുമെല്ലാം അടങ്ങിയിട്ടുള്ളതായി നമുക്ക് കാണാൻ സാധിക്കുന്നതാണ്.

നബി ﷺ  വഫാത്തിന്റെ രണ്ടുദിവസങ്ങൾക്ക് മുമ്പുവരെ ജമാഅത്ത് നസ്‌കാരത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തിയതായി നാം കാണുന്നു. അബൂബക്ർ(റ) ജനങ്ങളെയുംകൊണ്ട് നമസ്‌കാര ത്തിന് ഇമാമായി നിൽക്കുകയാണ്. നബി ﷺ  അൽപം ആശ്വാസം ലഭിച്ചു എന്ന് തോന്നിയ ആ സന്ദർഭത്തിൽ നമസ്‌കാരത്തിന് ശ്രമിക്കുകയായിരുന്നു.

“അങ്ങനെ അവിടുന്ന് രണ്ടാളുകൾക്കിടയിൽ പിടിച്ച് എഴുന്നേൽക്കുന്നു. അവിടുത്തെ ഇരുകാലുകളും മണ്ണിൽ വരക്കുന്നുണ്ടായിരുന്നു. അവർ (ആഇശ(റ)) പറഞ്ഞു: ‘അങ്ങനെ അവിടുന്ന് പള്ളിയിൽ പ്രവേശിച്ചപ്പോൾ അബൂബക്ർ(റ) അവിടുത്തെ കാലനക്കം കേട്ടു. (അപ്പോൾ) അദ്ദേഹം പുറകിലേക്ക് പോയി. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ  അദ്ദേഹത്തോടുതന്നെ (നിൽക്കാനായി) ആംഗ്യം കാണിച്ചു. (എന്നിട്ട് പറഞ്ഞു): ‘താങ്കൾ താങ്കളുടെ സ്ഥാനത്ത് നിൽക്കൂ.’ എന്നിട്ട് അല്ലാഹുവിന്റെ റസൂൽ ﷺ  വന്ന് അബൂബക്‌റി(റ)ന്റെ ഇടതുഭാഗത്ത് ഇരുന്നു. ആഇശ(റ) പറഞ്ഞു: ‘അങ്ങനെ അല്ലാഹുവിന്റെ റസൂൽ ﷺ  ജനങ്ങളെയും കൊണ്ട് ഇരുന്നും അബൂബക്ർ(റ) നിന്നും നമസ്‌കരിക്കുന്നു. അബൂബക്ർ(റ) നബി ﷺ യുടെ നമസ്‌കാരത്തെ പിന്തുടരുന്നു. ജനങ്ങൾ അബൂബക്‌റി(റ)ന്റെ നമസ്‌കാരത്തെയും പിന്തുടരുന്നു’’ (മുസ്‌ലിം).

അബൂബക്‌റി(റ)ന്റെ ഇടതുഭാഗത്ത് നബി ﷺ  ഇരിക്കുന്നു. അവിടുത്തെ നമസ്‌കാരത്തിൽ പതുക്കെ പറയുന്നത് അബൂബക്ർ(റ) ശ്രദ്ധിച്ച് കേൾക്കുകയും അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ഉറക്കെ പറയുകയും ചെയ്താണ് ആ നിസ്‌കാരം നിസ്‌കരിച്ചത്. ഫലത്തിൽ അന്നത്തെ ഇമാം നബി ﷺ തന്നെ ആയിരുന്നു. അതായിരുന്നു നബി ﷺ യുടെ മദീന പള്ളിയിലെ അവസാന നമസ്‌കാരം. അത് ഒരു ദ്വുഹ്ർ നമസ്‌കാരമായിരുന്നു എന്നാണ് നമുക്ക് കാണാൻ കഴിയുന്നത്.

അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത മഹാനായിരുന്നല്ലോ മുഹമ്മദ് നബി ﷺ . അദ്ദേഹത്തിന് തന്റെ അവസാനസമയത്ത് പോലും നമസ്‌കാരത്തിന്റെ കാര്യത്തിൽ എത്രത്തോളം ശ്രദ്ധയുണ്ടായിരുന്നു എന്നത് നാം കണ്ടു. എന്നാൽ ഇന്ന് നമ്മുടെ നാട്ടിലെ ചിലരുടെ വിശ്വാസം വളരെ വിചിത്രമാണ്. മഹാന്മാർ അല്ലാഹുവിലേക്ക് അടുത്ത് കഴിഞ്ഞാൽ പിന്നീട് അവരെ നമസ്‌കരിക്കാൻ പള്ളിയിൽ കണ്ടെന്നുവരില്ലെന്നും, അവർ ചിലപ്പോൾ ജുമുഅക്ക് പോലും പങ്കെടുക്കില്ലെന്നും അവർ വിശ്വസിക്കുന്നു. ഒരാൾ അല്ലാഹുവിനെ സ്‌നേഹിച്ച് ശക്തിയാർജിച്ചാൽ അവർക്കൊരു ഭ്രാന്ത് വരുമത്രെ; അത് സാധാരണ ഭ്രാന്തല്ല. അവർ ‘ബുദ്ധിയുള്ള ഭ്രാന്തന്മാർ’ എന്നാണ് അറിയപ്പെടുക. ഈ അവസ്ഥയിലെത്തിയ ഒരാൾ നമസ്‌കരി ക്കാതിരുന്നാലും അവരെ ആക്ഷേപിച്ചുകൂടാ. ഈ മർതബയിൽ എത്തിയ ആളായിരുന്നു സി.എം മടവൂർ. ഇയാൾ നമസ്‌കാരിക്കാതെയിരിക്കുന്നത് കണ്ടപ്പോൾ ജനങ്ങൾ അയാളോട് കാരണം ചോദിച്ചു. ഉടനെ അയാൾ തന്റെ കൈപ്പത്തി കാണിച്ചു. അപ്പോൾ കൈപ്പത്തിയിൽ കഅ്ബ തെളിയുകയായി. ഹറമിൽ ടിയാൻ ഇമാമായി നിൽക്കുന്നതാണ് പോലും അവർ കണ്ടത്! ആരാണ് സി.എമ്മിനോട് ചോദിച്ചതെന്നോ, അയാൾ കൈപ്പത്തി കാണിച്ചപ്പോൾ അതിൽ കഅ്ബ കണ്ടവർ ആരെന്നോ ചോദിക്കരുത്. കഥയിൽ ചോദ്യമില്ലല്ലോ. മറ്റൊരിക്കൽ വാതിൽപ്പൊളിയിലാണത്രെ കഅ്ബ കാണിച്ചുകൊടുത്തത്. ഈ കഥകളെല്ലാം അപ്പടി വിശ്വസിക്കുന്നവരുണ്ടെന്നതാണ് അത്ഭുതകരമായ കാര്യം. ഇവരെയെല്ലാം ശരിയായ വഴിയിലേക്ക് എത്തിക്കേണ്ടത് നമ്മുടെ കടമയാണ്.

മമ്പുറം തങ്ങൾ എല്ലാ സ്വുബ്ഹിക്കും ഹറമിലായിരുന്നു പോലും. മഹാന്മാർക്ക് നാൽപത് തടിയാണെന്ന് ഇവർ വിശ്വസിക്കുന്നു. ഒരു തടി ഇവിടെ നമസ്‌കരിക്കാതിരിക്കുമ്പോൾ മറ്റൊരുതടി ഹറമിലാകുമത്രെ! എന്നാൽ നമ്മുടെ നബി ﷺ യുടെ സ്ഥിതി ഈ കഥകളുമായി താരതമ്യപഠനത്തിന് വിധേയമാക്കുമ്പോൾ സലഫികൾ പറയുന്ന കാര്യം ശരിയാണെന്ന് ബോധ്യമാകാൻ പ്രയാസമുണ്ടാകില്ല. അലസത കാരണത്താൽ ജമാഅത്ത് നമസ്‌കാരത്തിൽ വീഴ്ച വരുത്തുന്ന സഹോദരങ്ങൾ നമ്മുടെ നേതാവിന്റെ അന്ത്യനിമിഷത്തെ പറ്റി പഠിക്കുകയും ഗുണപാഠം ഉൾകൊള്ളുകയും ചെയ്യേണ്ടതുണ്ട്.

വഫാത്തിന്റെ ഒരുദിവസം മുമ്പ്

നമസ്‌കാരത്തെ സംബന്ധിച്ച് ഓർമിപ്പിക്കുന്നതിന്റെ കൂടെ അടിമകളുടെ കാര്യവും നബി ﷺ  ജനങ്ങളെ ഓർമിപ്പിച്ചു. അവരോട് നീതി കാണിക്കണമെന്നു പറയുകയും അവരുടെ അവകാശങ്ങൾക്ക് വേണ്ടിശബ്ദിക്കുകയും ചെയ്ത നേതാവായിരുന്നു നബി ﷺ . നബി ﷺ  തന്റെ അടിമകളെയെല്ലാം മോചിപ്പിച്ചു.

പരമ്പരാഗതമായി തുടരുന്ന അടിമത്തമുണ്ടായിരുന്നു. യുദ്ധം പോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോളും അടിമത്തം ഉടലെടുക്കാറുണ്ട്. അതിനെ പ്രോത്സാഹിപ്പിക്കുകയല്ല ഇസ്‌ലാം ചെയ്തത്. അടിമകളെ മോചിപ്പിക്കുക എന്നത് മഹത്തായ കർമമായിട്ടാണ് ക്വുർആനും ഹദീസുകളും നമ്മെ പഠിപ്പിക്കുന്നത്. ഇസ്‌ലാം പല കാര്യങ്ങൾക്കും പ്രായശ്ചിത്തമായി ആദ്യം പറയുന്നത് അടിമമോചനമാണ്.

ലോകത്തോട് വിടപറയുന്നതിന് മുമ്പേ എല്ലാ ബാധ്യതകളും അവിടുന്ന് നിറവേറ്റി. തന്റെ കീഴിലുള്ള എല്ലാ അടിമകളെയും മോചിപ്പിച്ചു. കൈവശമുണ്ടായിരുന്ന ഏഴ് ദീനാർ സ്വർണനാണയം ധർമം ചെയ്തു. ഉപയോഗിച്ചിരുന്ന ആയുധങ്ങളെല്ലാം അനുചരന്മാർക്ക് കൈമാറി.

നബി ﷺ  വഫാത്താകുന്ന അന്ന് രാത്രിപോലും വിളക്ക് കത്തിക്കുവാനുള്ള എണ്ണ അയൽക്കാരിൽ നിന്ന് ആഇശ(റ) കടം വാങ്ങുകയായിരുന്നു. മുമ്പ്് ഒരു യഹൂദിയുടെ പക്കൽനിന്നും തന്റെ പടയങ്കി പണയം വെച്ച് മുപ്പത് സ്വാഅ് ഗോതമ്പ് നബി ﷺ  വാങ്ങിയിട്ടുണ്ടായിരുന്നു. ആ പടയങ്കി വഫാത്തിന്റെ സമയത്തും പണയത്തിൽ തന്നെയായിരുന്നു.

അവസാന ദിവസം

സ്വഹാബിമാർ എല്ലാവരും മദീനാ പള്ളിയിൽ അബൂബക്‌റി(റ)ന്റെ പിന്നിൽ ഫജ്ർ നമസ്‌കാരത്തിനായി അണിയായി നിൽക്കുകയാണ്. അനസ്(റ) ആ രംഗം വിവരിക്കുന്നത് ഇപ്രകാരമാണ്:

“മുസ്‌ലിംകൾ ഒരു തിങ്കളാഴ്ച ഫജ്ർ നമസ്‌കാരത്തിലാണ്; അബൂബക്ർ(റ) ആണ് അവരെയും കൊ ണ്ട് (നേതൃത്വം നൽകി) നമസ്‌കരിക്കുന്നത്. അപ്പോൾ നബി ﷺ  പെട്ടെന്ന് എഴുന്നേറ്റ് ആഇശ(റ)യുടെ അറയുടെ വിരി നീക്കി. എന്നിട്ട് അവിടുന്ന് അവരെ നോക്കുകയാണ്. ആ സമയത്ത് അവർ അണികളായി നിൽക്കുകയാണ്. അപ്പോൾ അവിടുന്ന് പുഞ്ചിരിച്ചു. അപ്പോൾ അബൂബക്ർ(റ) തന്റെ പിന്നിലേക്ക് പതുക്കെ നീങ്ങി. അല്ലാഹുവിന്റെ റസൂൽ ﷺ  നമസ്‌കാരത്തിലേക്ക് പുറപ്പെടാൻ ഉദ്ദേശിക്കുന്നു എന്നാണ് അദ്ദേഹം വിചാരിച്ചത്. മുസ്‌ലിംകൾ നബിയെ കണ്ട സന്ദർഭത്തിൽ സന്തോഷത്താൽ അവരുടെ നമസ്‌കാരത്തിൽ പിഴവ് സംഭവിക്കുമോ എന്ന് അദ്ദേഹം വിചാരിച്ചു. അപ്പോൾ നബി ﷺ  തന്റെ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് (പറഞ്ഞു): ‘നിങ്ങൾ പൂർത്തിയാക്കുക.’ പിന്നീട് അവിടുന്ന് അറയിലേക്ക് തന്നെ പ്രവേശിച്ചു. വിരി താഴ്ത്തുകയും ചെയ്തു’’ (ബുഖാരി).

നബി ﷺ  വിരിനീക്കി നോക്കുമ്പോൾ; താൻ ഏറെ സ്‌നേഹിക്കുന്ന, തന്നെ ഏറെ സ്‌നേഹിക്കുന്ന തന്റെ അനുചരന്മാർ താൻ പഠിപ്പിച്ച പ്രകാരം, താൻ നിശ്ചയിച്ച ഇമാമിന്റെ കീഴിൽ തോളോടുതോൾ ചേർന്ന്, കാലുകൾ ചേർത്തുവെച്ച് നമസ്‌കരിക്കുകയാണ്. അതുകണ്ട് ലോകത്തിന്റെ നേതാവ് സന്തോഷത്താൽ പുഞ്ചിരിക്കുന്നു. നബി ﷺ യുടെ അനുചരന്മാരിലേക്കുള്ള അവസാനത്തെ നോട്ടവും, സന്തോഷത്താലുള്ള ഇഹലോകത്തെ അവസാന പുഞ്ചിരിയുമായിരുന്നു അത്.

നബി ﷺ  വിരിമാറ്റിയപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവ് തങ്ങളിലേക്ക് വരികയാണെന്ന് വിചാരിച്ചു സ്വഹാബിമാർ. അബൂബക്ർ(റ) തന്റെ കാൽ പതുക്കെ പിന്നിലേക്ക് നീക്കുന്നു. അദ്ദേഹം സ്വഫ്ഫിലേക്ക് മാറുകയാണ്. നബി ﷺ  നമസ്‌കാരത്തിന് വന്നെങ്കിലോ എന്ന് കൊതിച്ചായിരുന്നു അദ്ദേഹം അപ്രകാരം ചെയ്തത്. നമസ്‌കാരത്തിൽ ആകെ ഇളക്കം. തങ്ങളുടെ നമസ്‌കാരത്തിൽ കുഴപ്പം സംഭവിച്ചേക്കുമോ എന്ന് പോലും സ്വഹാബിമാർ വിചാരിച്ചു. കാരണം, അവരുടെ പ്രിയപ്പെട്ട നബി ﷺ  അവരിലേക്ക് വരികയാണല്ലോ എന്ന സന്തോഷം അവർക്ക് അടക്കാൻ കഴിയുന്നില്ല. പക്ഷേ, പ്രവാചകൻ ﷺ  നമസ്‌കാരത്തിന് വരാൻ സാധിക്കാത്ത വിധം ക്ഷീണത്തിലാണ്. അവസാനമായി നബി ﷺ  അനുചരന്മാരോട് ആംഗ്യത്തിലൂടെ നമസ്‌കാരം പൂർത്തിയാക്കുവാൻ കൽപിക്കുകയും ചെയ്തു. ശേഷം നബി ﷺ  ആഇശ(റ)യുടെ അറയിലേക്ക് പ്രവേശിക്കുകയും വിരി താഴ്ത്തുകയും ചെയ്തു. നബി ﷺ യുടെ, സ്വഹാബിമാർ അവസാനമായി നമസ്‌കരിക്കുവാൻ നിൽക്കുന്ന കാഴ്ചയായിരുന്നു അത്. അടുത്ത ഒരു നമസ്‌കാര സമയത്തേക്ക് അദ്ദേഹത്തിന് ആയുസ്സുണ്ടായില്ല. ഏകദേശം ദുഹാ സമയം ആയപ്പോൾ ലോകത്തിന്റെ നേതാവ് വഫാത്തായി.

വഫാത്തിന്റെ നേരം

നബി ﷺ  വഫാത്തിനോട് അടുത്ത സമയത്ത് മകൾ ഫാത്വിമഃ(റ) ഉപ്പയുടെ അടുത്തേക്ക് വരികയുണ്ടായി. ആ സമയത്ത് നബി ﷺ  മകളോട് കാതിൽ ചില രഹസ്യങ്ങൾ പറഞ്ഞതായി നമുക്ക് കാണാൻ സാധിക്കും.

ആഇശ(റ) അദ്ദേഹത്തോട് (ഉർവയോട്) പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ  തന്റെ മകൾ ഫാത്വിമയെ വിളിച്ചു. എന്നിട്ട് അവരോട് (എന്തോ) സ്വകാര്യം പറഞ്ഞു. അപ്പോൾ അവർ കരഞ്ഞു. പിന്നീട് (വേറെ ചില) സ്വകാര്യം അവളോട് അവിടുന്ന് പറഞ്ഞു. അപ്പോൾ അവർ ചിരിക്കുകയും ചെയ്തു. ആഇശ(റ) പറഞ്ഞു: ‘അപ്പോൾ ഞാൻ ഫാത്വിമയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂൽ ﷺ  നിന്നോട് എന്ത് സ്വകാര്യമാണ് പറഞ്ഞത്? എന്നിട്ട് കരയുകയും ചെയ്തല്ലോ! പിന്നീട് നിന്നോട് അവിടുന്ന് (മറ്റൊരു) സ്വകാര്യം പറഞ്ഞു. അപ്പോൾ നീ ചിരിക്കുകയും ചെയ്തു.’ (ആ സ്വകാര്യങ്ങൾ എന്താണ്?). അവർ പറഞ്ഞു: ‘എന്നോട് അവിടുന്ന് അവിടുത്തെ മരണത്തെ പറ്റിയുള്ള വിവരം സ്വകാര്യമായി പറഞ്ഞു. അപ്പോൾ ഞാൻ കരഞ്ഞു. പിന്നീട് എന്നോട് സ്വകാര്യം പറഞ്ഞു: തന്റെ കുടുംബത്തിൽനിന്ന് തന്നെ ആദ്യം അനുഗമിക്കുക ഞാൻ ആയിരിക്കുമെന്ന് എന്നെ അറിയിച്ചു. അപ്പോൾ ഞാൻ ചിരിക്കുകയും ചെയ്തു’’(മുസ്‌ലിം).

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയും കാണാം: “നീ (സ്വർഗത്തിൽ) വിശ്വാസികളായ സ്ത്രീകളുടെ നേതാവാകുന്നതിൽ നീ തൃപ്തിയാകില്ലേ, അല്ലെങ്കിൽ ഈ സമുദായത്തിലെ സ്ത്രീകളുടെ നേതാവാകുന്നതിൽ നീ തൃപ്തിയാകില്ലേ?’’ (മുസ്‌ലിം).

നബി ﷺ ക്ക് തന്റെ മരണം അടുത്തിരിക്കുന്നു എന്നത് സംബന്ധിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടായിരുന്നു എന്നതാണ് ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന മറ്റൊരു കാര്യം. ഫാത്വിമ(റ)യെ സംബന്ധിച്ചു പറഞ്ഞ കാര്യങ്ങളും അപ്രകാരം തന്നെ. നബി ﷺ  പറഞ്ഞതുപ്രകാരം തന്നെ അവിടുത്തെ വഫാത്തിന് ശേഷം ആറുമാസം ആയപ്പോഴേക്ക് മകളും ഈ ലോകത്തോട് വിടപറയുകയുണ്ടായി.

നബി ﷺ  അവിടുത്തെ വഫാത്തിലേക്ക് അടുക്കുകയാണ്. വേദന കഠിനമായി. മകൾ ഉപ്പയെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: ‘എന്റെ ഉപ്പാക്ക് എന്തൊരു വിഷമമാണ്!’ അപ്പോൾ അവിടുന്ന് അവരോട് പറഞ്ഞു: ‘ഇന്നത്തേതിനുശേഷം നിന്റെ ഉപ്പാക്ക് ഒരു വിഷമവുമില്ല’(ബുഖാരി).

നബി ﷺ  പേരമക്കളായ ഹസൻ (റ), ഹുസയ്ൻ(റ) എന്നിവരെ അടുത്തേക്ക് ചേർത്തുപിടിച്ചു. ഇരുവരെയും അവിടുന്ന് ഉമ്മവച്ചു. ഇരുവരുടെയും കാര്യത്തിൽ നല്ല രൂപത്തിൽ പെരുമാറണമെന്ന് വസ്വിയ്യത്ത് നൽകുകയും ചെയ്തു. തന്റെ ഭാര്യമാരെയും അടുത്തേക്ക് വിളിച്ചു. അവരോടും ഉപദേശങ്ങളും ഉദ്‌ബോധനങ്ങളും നൽകി.

വേദന വീണ്ടും കൂടിവന്നു. പണ്ട് ഖയ്ബറിൽവച്ച് ഒരു ജൂതസ്ത്രീ നൽകിയ വിഷത്തിന്റെ വിഷമവും അന്നേരം അവിടുത്തേക്ക് ഉണ്ടായിരുന്നു. നബി ﷺ  ഇപ്രകാരം പറയുകയും ചെയ്തു:

“ആഇശാ, ഖയ്ബറിൽ ഞാൻ ഭക്ഷിച്ച ആ ഭക്ഷണത്തിന്റെ വേദന ഞാൻ അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ്. ആ വിഷത്താൽ എന്റെ ജീവനാഡി മുറിഞ്ഞു പോകുന്നത് ഞാൻ ഇപ്പോൾ അനുഭവിക്കുകയാണ്’ (ബുഖാരി).

നബി ﷺ ക്ക് രോഗം ബാധിച്ചുള്ള സാധാരണ മരണമാണ് സംഭവിച്ചതെങ്കിലും അന്ന് ഖയ്ബറിൽ ശത്രുവായ ജൂതപ്പെണ്ണ് നൽകിയ വിഷത്തിന്റെ പ്രയാസവും മരണനേരത്ത് ഉണ്ടായതിനാൽ അവിടുന്ന് ശഹീദ് കൂടിയാണെന്ന് ഈ ഹദീസിന്റെ വെളിച്ചത്തിൽ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്.

വിഷത്തിന്റെയും മരണത്തിന്റെയും വേദന കൂടിവരാൻ തുടങ്ങി. അപ്പോഴും അവിടുന്ന് ഈ സമുദായത്തോട് നൽകുന്ന ഉപദേശം ഇതായിരുന്നു:

അനസി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലി ﷺ ന് മരണം ആസന്നമായ നേരത്ത് (നൽകിയ) പൊതുവായ വസ്വിയ്യത്ത് ഇതായിരുന്നു: ‘നമസ്‌കാരവും നിങ്ങളുടെ വലതു കൈ ഉടമപ്പെടുത്തിതും (അഥവാ അടിമകളും)... നമസ്‌കാരവും നിങ്ങളുടെ വലതുകൈ ഉടമപ്പെടുത്തിതും’’ (ബുഖാരി).

നമസ്‌കാരത്തിന്റെയും അടിമകളുടെയും കാര്യം ശ്രദ്ധിക്കുവാനാണ് നബി ﷺ യുടെ അവസാന ഉപദേശം എന്നത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവസാന സമയത്തും അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി ശബ്ദിച്ച, കഷ്ടപ്പെടുന്നവർക്ക് വേണ്ടി ശബ്ദിച്ച ലോകത്തിന്റെ നേതാവായിരുന്നു നബി ﷺ . ഇത്രയും കാരുണ്യവും സഹിഷ്ണുതയുമുള്ള നേതാവിനെയാണ് ലോകം ഇന്ന് ഭീകരവാദിയും അക്രമിയുമായി ചിത്രീകരിക്കുന്നത്. അതെ, സത്യസന്ധമായ നബിചരിത്രം വായിച്ചാൽ ആരും അദ്ദേഹത്തിലേക്ക് ആകർഷിക്കപ്പെടുമെന്ന തിരിച്ചറിവാണ് ഇത്തരം കള്ളപ്രചാരണത്തിന്റെ പിന്നിലെ പ്രധാനകാരണം.

(അവസാനിച്ചില്ല).