തബൂക് യുദ്ധം

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ഫെബ്രുവരി 26, 1442 റജബ്  25

(മുഹമ്മദ് നബി ﷺ : 61)

ഹുനയ്‌‌ൻ യുദ്ധത്തിന് ശേഷം അറേബ്യന്‍ ഉപദ്വീപില്‍ ഇസ്‌ലാമിന്റെ വളര്‍ച്ച ശക്തമായി. അറേബ്യന്‍ ഉപദ്വീപിനോട് ഏതാണ്ട് അടുത്ത് സ്ഥിതിചെയ്യുന്ന റോമിനും അറേബ്യന്‍ ഉപദ്വീപില്‍ തന്നെയുള്ള ക്രൈസ്തവര്‍ക്കും ഇതില്‍ വല്ലാത്ത വിഷമവും ആകുലതയും ഉണ്ടായി.

നേരിട്ട പോരാട്ടത്തിലെല്ലാം വിജയം കൈവരിച്ച മുഹമ്മദ് നബി ﷺ ക്കെതിരില്‍ റോമക്കാരും അറേബ്യന്‍ ക്രിസ്ത്യാനികളും സംഘടിക്കുവാന്‍ തീരുമാനിച്ചു. മുഹമ്മദിനെയും കൂട്ടരെയും നാം എതിരിടാതെ പോയാല്‍ അവര്‍ നമുക്ക് എതിരിലും ആധിപത്യം സ്ഥാപിക്കുന്നതാണെന്ന് അവര്‍ കണക്കുകൂട്ടി. അങ്ങനെ റോമക്കാരും അറേബ്യന്‍ ക്രൈസ്തവരും നബി ﷺ ക്ക് എതിരില്‍ പോരാടാനായി തബൂക്കിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചു. നബി ﷺ ഈ വിവരം അറിഞ്ഞു. ത്വാഇഫില്‍നിന്നും മടങ്ങിയ നബി ﷺ ഏകദേശം ആറു മാസത്തിന് ശേഷം ഹിജ്‌റ ഒമ്പതിന് റജബ് മാസത്തില്‍ തബൂക്കിലേക്ക് അനുചരന്മാരെയും കൂട്ടി പുറപ്പെടാന്‍ തീരുമാനിച്ചു.

മദീനയുടെയും ദമസ്‌കസിന്റെയും (സിറിയ) മധ്യത്തിലാണ് തബൂക്ക് സ്ഥിതിചെയ്യുന്നത്. മദീനയില്‍ നിന്ന് 778 കിലോമീറ്റര്‍ ദൂരമുണ്ട് അവിടേക്ക്. സിറിയയുടെ അധീനതയിലായിരുന്നു തബൂക്ക് ഉണ്ടായിരുന്നത്. ശാം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സിറിയയും അതിന്റെ ചുറ്റുഭാഗവും റോമാ സാമ്രാജത്തിന്റെ അധീനതയിലാണ് ഉണ്ടായിരുന്നത്. തബൂക്കും അതില്‍പെട്ട ഭാഗമായിരുന്നു. ഈ പ്രദേശത്തേക്കായിരുന്നു നബി ﷺ ശക്തമായ സൈന്യത്തെയും ആയി പുറപ്പെട്ടിരുന്നത്. തബൂക്ക് യുദ്ധത്തിന് ചരിത്രത്തില്‍ ‘ഞെരുക്കത്തിന്റെ യുദ്ധം’ എന്നും പേരുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ തബൂക്ക് യുദ്ധം പ്രയാസങ്ങളും വിഷമങ്ങളും ഞെരുക്കങ്ങളും സഹിക്കേണ്ടിവന്ന യുദ്ധമാണ്. ഈ യുദ്ധത്തെ കുറിച്ച് ഇമാം ബുഖാരി(റ) സ്വഹീഹുല്‍ ബുഖാരിയില്‍ ‘തബൂക്ക് യുദ്ധത്തെ കുറിച്ച് പറയുന്ന അധ്യായം, അതാകുന്നു ഞെരുക്കത്തിന്റെ യുദ്ധം’ എന്ന് പറയുന്നത് കാണുവാന്‍ സാധിക്കും.

നബി ﷺ സ്വഹാബിമാരോട് ഈ യുദ്ധത്തിനുള്ള പുറപ്പാടിന് ആഹ്വാനം ചെയ്തിരുന്നത് പ്രയാസകരമായ ഒരു കാലത്തായിരുന്നു. കഠിനമായ ചൂടിനാല്‍ ജനങ്ങള്‍ വല്ലാതെ പൊറുതിമുട്ടിയ കാലമായിരുന്നു അത്. തല്‍ഫലമായി വമ്പിച്ച ജലക്ഷാമവും അവര്‍ക്ക് ഉണ്ടായിരുന്നു. നബി ﷺ ക്കും സ്വഹാബിമാര്‍ക്കും അത്രയും ദൂരത്തേക്ക് യാത്ര ചെയ്യാന്‍ മാത്രമുള്ള വാഹനം ഇല്ലായിരുന്നു. സാമ്പത്തികമായും മുസ്‌ലിംകള്‍ പ്രയാസം അനുഭവിച്ച കാലം. കൃഷിയിടത്തില്‍നിന്നും വിളവ് എടുക്കുന്ന കാലമായതിനാല്‍ ആളുകള്‍ മദീനയില്‍നിന്ന് പുറത്ത് പോകാന്‍ വല്ലാതെ ഇഷ്ടം കാണിക്കാതിരുന്ന കാലം. ഇങ്ങനെ വ്യത്യസ്തങ്ങളായ വിഷമങ്ങള്‍ മുസ്‌ലിംകളെ അലട്ടിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് യുദ്ധത്തിന് പുറപ്പെടാനുള്ള ആഹ്വാനം ഉണ്ടാകുന്നത്. എല്ലാംകൊണ്ടും പ്രതികൂലമായ ഒരു സാഹചര്യം. വിശുദ്ധ ക്വുര്‍ആന്‍ ആ യുദ്ധത്തെ സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു:

‘‘തീര്‍ച്ചയായും പ്രവാചകന്റെയും ഞെരുക്കത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരായ മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും നേരെ അല്ലാഹു (പശ്ചാത്താപം സ്വീകരിച്ചു കൊണ്ട്) കനിഞ്ഞു മടങ്ങിയിരിക്കുന്നു’’ (ക്വുര്‍ആന്‍ 9:117).

ആ കാലത്ത് മുസ്‌ലിംകള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നതായ ക്ഷാമത്തിന്റെയും പട്ടിണിയിടെയും കാഠിന്യം ഇമാം ത്വബ്‌രി(റ)യുടെ വിവരണത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാം. ‘‘രണ്ടാളുകള്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും ഇടയില്‍ ഒരു ഈത്തപ്പഴം രണ്ട് കഷ്ണമാക്കും. ഒരു സംഘം ഒരു ഈത്തപ്പഴം അവര്‍ക്കിടയില്‍ കഴിക്കുമായിരുന്നു. അതിനെ (ഒരാള്‍) ഈമ്പും. പിന്നീട് അതിന്റെ മുകളില്‍ കുറച്ച് വെള്ളം കുടിക്കുകയും ചെയ്യും. പിന്നീട് (വേറെ) ഒരാള്‍ ഇത് ഈമ്പും. പിന്നീട് അതിന്റെ മുകളില്‍ (അല്‍പം വെള്ളം) കുടിക്കുകയും ചെയ്യും!’’

ഇത്രയും വിഷമം സഹിച്ച് എഴുനൂറ് കി.മീറ്റര്‍ അപ്പുറം എത്തിപ്പെടുകയും വേണം. അക്കാലത്ത് അവര്‍ക്ക് ഇത്രയും ദൂരം യാത്ര ചെയ്യാനുള്ള വാഹനം ഒട്ടകങ്ങളും കുതിരകളും കഴുതകളും മാത്രമാണ്. അതുതന്നെയും വിരളവും. ചുരുക്കത്തില്‍ ക്വുര്‍ആന്‍ സൂചിപ്പിച്ചത് പോലെ തന്നെ അത്യധികം വിഷമത്തിന്റെ സന്ദര്‍ഭമായിരുന്നു അത്.

 മുപ്പതിനായിരത്തോളം വരുന്ന സൈന്യവുമായിട്ടായിരുന്നു പുറപ്പാട്. ഈ സന്ദര്‍ഭത്തില്‍ യുദ്ധത്തിന് പുറപ്പെടുന്നവര്‍ക്കായി സഹായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി നബി ﷺ എല്ലാവരോടും നിര്‍ദേശിക്കുന്നു. എല്ലാവരോടും യുദ്ധത്തിന് വേണ്ട സൗകര്യങ്ങള്‍ സംഭാവന ചെയ്യാനായി അവിടുന്ന് സ്വഹാബിമാരോട് കല്‍പിച്ചു. യുദ്ധത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍നിന്നുള്ള വമ്പിച്ച പ്രതിഫലം ഉണ്ടായിരിക്കുന്നതാണ് എന്ന് നബി ﷺ അവരെ ഇടക്കിടെ ഓര്‍മിപ്പിക്കുന്നുമുണ്ടായിരുന്നു. നബി ﷺ യുടെ വാക്ക് കേള്‍ക്കേണ്ട താമസം എല്ലാവരും (പാവങ്ങളും പണക്കാരും) സഹായം നല്‍കാന്‍ തുടങ്ങി. അന്ന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ചത് ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ) ആയിരുന്നു. അദ്ദേഹത്തെ അതിന് പ്രചോദിപ്പിച്ചത് നബി ﷺ യുടെ ഈ വചനമായിരുന്നു.

‘’ക്ലേശത്തിന്റെ (യുദ്ധത്തിനുള്ള) സൈന്യത്തിന് ആര് സൗകര്യങ്ങള്‍ ഒരുക്കുന്നുവോ അവന്‍ക്ക് സ്വര്‍ഗമുണ്ട്’’ (ബുഖാരി).

 അപ്പോള്‍ ഉസ്മാന്‍(റ) അതിന് സൗകര്യങ്ങള്‍ ചെയ്തു. പതിനായിരം ദീനാറും (പതിനായിരം സ്വര്‍ണ നാണയങ്ങള്‍) മുന്നൂറ് ഒട്ടകങ്ങളും അമ്പത് കുതിരകളും ആയിരുന്നു അദ്ദേഹം സംഭാവന ചെയ്തത്. അതുപോലെ അബൂബക്കർ (റ) തന്റെ കൈയിലുള്ളതെല്ലാം ചെലവഴിച്ചു.

സ്വഹാബിമാര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുവാനും സ്വര്‍ഗത്തില്‍ പ്രവേശിക്കുവാനും അത്യധ്വാനം ചെയ്യുന്നവരായിരുന്നല്ലോ. അവര്‍ക്കിടയില്‍ നന്മകള്‍ ചെയ്യാന്‍ മത്സരം നടക്കാറുണ്ടായിരുന്നു. ഏത് നല്ല കാര്യത്തിലും  അബൂബക്കർ (റ) മുമ്പിലുണ്ടാകും. അദ്ദേഹത്തെ ഈ അവസരത്തില്‍ പരാജയപ്പെടുത്തി എനിക്ക് ധാരാളം ചെലവഴിക്കണം എന്ന് ഉമര്‍(റ) വിചാരിച്ചു. അങ്ങനെ തന്റെ സമ്പത്തിന്റെ പകുതിയും നബി ﷺ യെ ഏല്‍പിച്ചു. എന്നാല്‍ അബൂബക്കർ (റ) ആകട്ടെ തന്റെ സ്വത്ത് മുഴുവനും അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് നല്‍കുകയായിരുന്നു. ഇത് കണ്ട നബി ﷺ ഉമര്‍(റ)വിനോട് ചോദിച്ചു: ‘എന്താണ് കുടുംബത്തിന് ബാക്കിയാക്കിയിട്ടുള്ളത്?’ അദ്ദേഹം പറഞ്ഞു: ‘സമ്പത്തിന്റെ പകുതി ഞാന്‍ മാറ്റിവച്ചിട്ടുണ്ട്.’ ഈ സന്ദര്‍ഭത്തില്‍ അബൂബക്ര്‍(റ) അവിടേക്ക് പ്രവേശിച്ചു. വലിയ ഒരു വിഹിതവുമായിട്ടാണ് അദ്ദേഹം വരുന്നത്. നാലായിരത്തോളം വെള്ളിനാണയങ്ങളായിരുന്നു നബി ﷺ യെ ഏല്‍പിക്കാന്‍ കൊണ്ടുവന്നത്. അദ്ദേഹത്തോട് നബി ﷺ ചോദിച്ചു: ‘താങ്കള്‍ എന്താണ് ബാക്കിയാക്കിയത്?’ അദ്ദേഹം പറഞ്ഞു: ‘പ്രവാചകരേ, അല്ലാഹുവിനെയും അവന്റെ റസൂലിനെയും ആണ് ഞാന്‍ ബാക്കിയാക്കിയത്.’ (അഥവാ, സമ്പത്തായി ഇനി ഒന്നും ബാക്കിയില്ല). ഇത് കണ്ട് ഉമര്‍(റ) ആശ്ചര്യപ്പെട്ടു. എന്നിട്ട് ഉമര്‍(റ) പറഞ്ഞു: ‘ഇല്ല, അബൂബക്‌റിനെ പിന്നിലാക്കാന്‍ ഒരിക്കലും എനിക്ക് സാധിക്കുകയില്ല.’

ഇപ്രകാരം എല്ലാ സ്വഹാബിമാരും തങ്ങള്‍ക്ക് ചെയ്യാവുന്നതിലും അപ്പുറം യുദ്ധത്തിന് വേണ്ടിയുള്ള സഹായം നല്‍കിക്കൊണ്ടിരുന്നു. സ്വഹാബ സ്ത്രീകളും തങ്ങളുടെ കൈവശമുള്ളത് നബി ﷺ യെ ഏല്‍പിച്ചു.

കപടവിശ്വാസികളായ ആളുകള്‍ ഈ സന്ദര്‍ഭത്തില്‍ ഒന്നും നല്‍കാതെ വിട്ടുനില്‍ക്കുകയായിരുന്നു.  മാത്രവുമല്ല, ചെലവഴിക്കുന്നവരെ അവര്‍ കളിയാക്കിക്കൊണ്ടിരിക്കുകയും ചെയ്തു. അവരെ ആക്ഷേപിച്ചു കൊണ്ട് ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

‘‘സത്യവിശ്വാസികളില്‍നിന്ന് ദാനധര്‍മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും സ്വന്തം അധ്വാനമല്ലാതെ മറ്റൊന്നും (ദാനം ചെയ്യാന്‍) കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹസിച്ചിരിക്കയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്’’ (ക്വുര്‍ആന്‍ 9:79).

ഈ വചനം ഇറങ്ങാനുള്ള കാരണം നമുക്ക് ഇപ്രകാരം കാണാം:

അബൂ മസ്ഊദി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘ഞങ്ങള്‍ സ്വദക്വ കൊണ്ട് കല്‍പിക്കപ്പെടുകയുണ്ടായി... ഞങ്ങള്‍ (അത്) വഹിക്കുന്നവരായിരുന്നു... അബൂ അക്വീല്‍ അര സ്വാഅ് ദാനം ചെയ്തു... (അപ്പോള്‍) ഒരു മനുഷ്യന്‍ അദ്ദേഹത്തെക്കാള്‍ ധാരാളം സാധനവുമായി വന്നു. അപ്പോള്‍ കപടവിശ്വാസികള്‍ പറഞ്ഞു: ‘ഈ സ്വദക്വയെ തൊട്ട് തീര്‍ച്ചയായും അല്ലാഹു ധന്യന്‍തന്നെയാകുന്നു, ഈ മറ്റെയാള്‍ ചെയ്തത് (ആളുകളെ) കാണിക്കാന്‍ വേണ്ടിയാണ്.’ അപ്പോള്‍ (ഈ) വചനം ഇറങ്ങി: (സത്യവിശ്വാസികളില്‍നിന്ന് ദാനധര്‍മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും സ്വന്തം അധ്വാനമല്ലാതെ മറ്റൊന്നും (ദാനം ചെയ്യാന്‍) കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവര്‍)’’ ( മുസ്‌ലിം ).

അല്ലാഹുവിന് നമ്മുടെ സ്വത്തോ സമ്പാദ്യമോ ആവശ്യമില്ലെന്നത് ശരിതന്നെയാണ്. അല്ലാഹുവിന്റെ കല്‍പന അടിമ അനുസരിക്കുമോ എന്ന് അവനെ പരീക്ഷിക്കുന്നതിന് വേണ്ടി അല്ലാഹു ചില കാര്യങ്ങള്‍കൊണ്ട് കല്‍പിക്കുന്നു. അത് പാലിക്കലാണ് വിനീതനായ ദാസന്റെ അടയാളം.

കപടന്മാര്‍ അര സ്വാഅ് ചെലവഴിച്ചയാളെ പറ്റി ജനങ്ങളെ കാണിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ചെലവഴിക്കുന്നത് എന്ന് ആക്ഷേപ സ്വരം ഉയര്‍ത്താന്‍ തുടങ്ങി. അദ്ദേഹമാകട്ടെ, തന്നാല്‍ കഴിയുന്നത് സ്വരൂപിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ചെലവഴിക്കുകയായിരുന്നു. അര സ്വാഉം ഒരു സ്വാഉമൊക്കെ അല്ലാഹുവിന് ആവശ്യമില്ലല്ലോ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇത്ര കുറച്ച് ചെലവഴിക്കുന്നത് എന്തിനാണ്? എന്നാല്‍ ധാരാളം ചെലവഴിച്ചവരെ പറ്റി അവര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇത്രയധികം ചെലവഴിക്കുന്നത് ജനങ്ങളുടെ പ്രശസ്തി ലഭിക്കുവാനും ജനങ്ങളെ കാണിക്കാനും വേണ്ടിയല്ലേ... ഇങ്ങനെയെല്ലാമായിരുന്നു അവരുടെ (കപടന്മാരുടെ) സംസാരം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവരെ ഈ രൂപത്തില്‍ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും കപടന്മാരുടെ സ്വഭാവമായിട്ടാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധാരാളം ചെലവഴിക്കുന്നവരും വളരെ കുറച്ച് ചെലവഴിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. ഓരോരുത്തരും അവരവരുടെ കഴിവന് അനുസരിച്ചാണല്ലോ ചെയ്യുക. ഓരോരുത്തരുടെയും നിയ്യത്ത് അല്ലാഹു അറിയുന്നവനാണ്. ഒരാളുടെയും നിയ്യത്തിനെ ചോദ്യം ചെയ്യാന്‍ ഒരാള്‍ക്കും അര്‍ഹതയില്ല. സത്യവിശ്വാസികളില്‍ നിന്ന് വളരെ ആത്മാര്‍ഥമായും സ്വമേധയാലും ചെലവഴിച്ചപ്പോള്‍ അവരെ അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മുനാഫിക്വുകളെ അല്ലാഹു ആക്ഷേപിക്കുകയും അവര്‍ക്ക് വരാനിരിക്കുന്ന കടുത്ത ശിക്ഷയെ പറ്റി താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് അല്ലാഹു വചനം ഇറക്കുകയും ചെയ്തു. ആ വചനത്തിന് ശേഷമുള്ള വചനങ്ങളിലും അല്ലാഹു അവരെ ആക്ഷേപിക്കുകയും അവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്നത് നമുക്ക് കാണാന്‍ സാധിക്കും.

‘‘(നബിയേ,) നീ അവര്‍ക്ക് വേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്ക് വേണ്ടി എഴുപത് തവണ പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചത് കൊണ്ടത്രെ അത്. ധിക്കാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല’’ (ക്വുര്‍ആന്‍ 9:80).

 അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വാസമില്ലാത്ത, വിശ്വാസികളുടെ കൂടെ നടന്ന് വിശ്വാസികളെ നാവുകൊണ്ട് വേദനിപ്പിക്കുന്ന ഈ കപടന്മാര്‍ക്ക് നബി ﷺ പാപമോചനം തേടിയാലും ഇല്ലെങ്കിലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. കാരണം, അവരുടെ വിശ്വാസം ശരിയല്ലതന്നെ. വിശ്വാസം ശരിയല്ലാത്തതിനാലാണല്ലോ ഇത്തരക്കാര്‍ ഈ രൂപത്തിലുള്ള ഉപദ്രവം അഴിച്ചുവിടുന്നത്. അതായത്, ഉള്ളില്‍ സത്യനിഷേധം ഒളിപ്പിച്ചുവെക്കുകയും പുറമെ വിശ്വാസം നടിക്കുകയും ചെയ്യുകയാണ് ഇക്കൂട്ടര്‍.

യുദ്ധരംഗത്തേക്ക് ചെലവഴിക്കാന്‍ റസൂല്‍ ﷺ ആഹ്വാനം നടത്തിയപ്പോള്‍ കപടന്മാരുടെ സ്വഭാവം എന്തായിരുന്നു എന്ന് നാം മനസ്സിലാക്കി. ഇനി, നബി ﷺ യുദ്ധത്തിന് പുറപ്പെടാനായി കല്‍പിച്ച വേളയില്‍ അവരുടെ (കപടന്മാരുടെ) സ്വഭാവം എന്തായിരുന്നു എന്നതാണ് നാം മനസ്സിലാക്കേണ്ടത്.

‘‘(യുദ്ധത്തിന് പോകാതെ) പിന്‍മാറി ഇരുന്നവര്‍ അല്ലാഹുവിന്റെ ദൂതന്റെ കല്‍പനക്കെതിരായുള്ള അവരുടെ ആ ഇരുത്തത്തില്‍ സന്തോഷംപൂണ്ടു. തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു: “ഈ ഉഷ്ണത്തില്‍ നിങ്ങള്‍ ഇറങ്ങിപ്പുറപ്പെടേണ്ട.’പറയുക: നരകാഗ്നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍!’’ (ക്വുര്‍ആന്‍ 9:81).

യുദ്ധത്തിന് പുറപ്പെടാന്‍ വേണ്ടി നബി ﷺ കല്‍പന പുറപ്പെടുവിച്ചപ്പോള്‍ ഈ കപടവിശ്വാസികള്‍ പോകാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല; പോകാന്‍ മനസ്സ് വെച്ചവരെ പലതും പറഞ്ഞ് പിന്തിരിപ്പുക്കുവാനും തുടങ്ങി. മദീനയില്‍ കൃഷിയുടെ വിളവെടുക്കുന്ന സമയം അടുത്തിട്ടുണ്ട്. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ നിങ്ങള്‍ പുറപ്പെട്ടാല്‍ തിരിച്ചുവരുന്നതിന് മുമ്പായി എല്ലാം നശിച്ചിരിക്കും. ഇത്രയും കാലം അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം വൃതാവിലാകും, ശക്തമായ ചൂടും ക്ഷാമവും നേരിടുന്ന ഈ സമയത്ത് ദീര്‍ഘയാത്ര നടത്തുക പ്രയാസകരമാണ് എന്നെല്ലാം പറഞ്ഞ് പല തരത്തിലുള്ള കുതന്ത്രങ്ങളും കുത്തിതിരിപ്പും മദീനയില്‍ നടത്താന്‍ തുടങ്ങി.

അല്ലാഹുവിന്റെ റസൂലിന്റെ കല്‍പനക്ക് എതിരായിക്കൊണ്ട് വീടുകളില്‍ ചടഞ്ഞിരിക്കാന്‍ ന്യായം കണ്ടെത്തുന്ന ഈ കപടന്മാര്‍ താല്‍ക്കാലികമായ ചില സന്തോഷത്തില്‍ മാത്രമാണ് ഉള്ളത്. മദീനയില്‍ വിളവെടുക്കാന്‍ സമയമടുത്ത നേരത്ത് ശക്തമായ ചൂടും ദൂരവും പേറി കുറെ വിഡ്ഢികള്‍ യുദ്ധത്തിന് പുറപ്പെട്ടിരിക്കുന്നു, എന്നാല്‍ ബുദ്ധിയും വിവേകവും ഉള്ള ഞങ്ങള്‍ അവരുടെ കൂടെ പുറപ്പെടാതെ ഇവിടെ തന്നെ നില്‍ക്കുകയും ചെയ്തു എന്നും പറഞ്ഞ് കപടന്മാര്‍ സ്വയം ആനന്ദംകൊണ്ടു. എന്നാല്‍ ചൂടും ദൂരവും വിളവെടുപ്പും എല്ലാം അവര്‍ പുറത്തേക്ക് പറയുന്ന ചില ന്യായങ്ങള്‍ മാത്രമാണ്. വാസ്തവത്തില്‍ അവര്‍ക്ക് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനംകൊണ്ടും ശരീരംകൊണ്ടും സമരം ചെയ്യുന്നത് വെറുപ്പായതിനാലാണ് അവര്‍ വിസമ്മതം കാണിച്ചത്.

ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് പരലോകത്ത് അല്ലാഹു തയ്യാറാക്കിവെച്ചിട്ടുള്ളത് നരകമാണെന്നും അത് എത്ര കഠിനമായതാണെന്നും അവരെ താക്കീതിന്റെ സ്വരത്തില്‍ അറിയിച്ചു. ഇഹലോകത്തെ ചൂടിന്റെ അറുപത്തി ഒമ്പത് ഇരട്ടി ചൂട് കൂടിയതാണല്ലോ നരകം. അത് എങ്ങനെ സഹിക്കും? അതിനാല്‍ കാര്യം ഗ്രഹിച്ച് അല്ലാഹുവിന്റെ റസൂലിന്റെ കല്‍പന സ്വീകരിക്കാന്‍ അവരോട് അല്ലാഹു കല്‍പിക്കുന്നു. ‘‘അതിനാല്‍ അവര്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ; അവര്‍ ചെയ്തു വെച്ചതിന്റെ ഫലമായിട്ട്’’ (ക്വുര്‍ആന്‍ 9:82).

അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യുബ്‌നു സലൂല്‍ എന്ന കപടവിശ്വാസിയുടെ നേതൃത്വത്തില്‍ യുദ്ധത്തിന് പുറപ്പെടാതെ ധാരാളം കപടവിശ്വാസികള്‍ മദീനയില്‍ തങ്ങിനിന്നു. ഈ കപടന്മാരുടെ സംസാരത്തില്‍ വീണ പലരും നബി ﷺ യുടെ മുന്നില്‍ വ്യാജമായ പല കാരണങ്ങളും പറഞ്ഞ് യുദ്ധത്തില്‍ നിന്നും രക്ഷപ്പെടാനും ശ്രമം തുടങ്ങി. ഒരു അര്‍ഥവും ഇല്ലാത്ത, ഒരു പ്രതിബന്ധവും ഇല്ലാത്ത പല കാരണങ്ങളും പറഞ്ഞ് യുദ്ധത്തില്‍നിന്നും ഒഴികഴിവ് കിട്ടുന്നതിന് അവര്‍ നബി ﷺ യോട് സംസാരിച്ചു. ജദ്ദ് ഇബ്‌നു ക്വയ്‌സ് എന്ന് പറയുന്ന ഒരാള്‍ (പില്‍ക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു) നബി ﷺ യോട് വന്നു പറഞ്ഞു:

‘‘അല്ലാഹുവിന്റെ ദൂതരെ, എനിക്ക് താങ്കള്‍ (യുദ്ധത്തിന് പോരാതിരിക്കാനുള്ള) അനുവാദം നല്‍കിയാലും. എന്നെ താങ്കല്‍ കുഴപ്പത്തിലാക്കരുത്. അല്ലാഹുവാണെ സത്യം, എന്നെക്കാള്‍ സ്ത്രീകളെകൊണ്ട് ആശ്ചര്യമുള്ള ഒരു പുരുഷനും ഇല്ല എന്ന് എന്റെ ജനതക്ക് അറിയാം. ബനുല്‍ അസ്വ്ഫറിന്റെ സ്ത്രീകളെ ഞാന്‍ കണ്ടാല്‍ അവരുടെ കാര്യത്തില്‍ എനിക്ക് ക്ഷമിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു.’ അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ അയാളില്‍നിന്നും തിരിയുകയും (ഇപ്രകാരം) പറയുകയും ചെയ്തു: ‘താങ്കള്‍ക്ക് ഞാന്‍ അനുവാദം നല്‍കിയിരിക്കുന്നു.’ അങ്ങനെ ജദ്ദ് ഇബ്‌നു ക്വയ്‌സിന്റെ കാര്യത്തില്‍ ഈ വചനം ഇറങ്ങുകയും ചെയ്തു: ‘എനിക്ക് (യുദ്ധത്തിന് പോകാതിരിക്കാന്‍) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ’’ എന്ന് പറയുന്ന ചില ആളുകളും അവരുടെ കൂട്ടത്തിലുണ്ട്’’ (ഇബ്‌നു കസീര്‍).

യുദ്ധത്തിന് പോകാതെ പല രൂപത്തിലുള്ള കാരണങ്ങളും നബി ﷺ യുടെ മുമ്പില്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് അല്ലാഹുതന്നെ മറുപടി നല്‍കി: ‘’അറിയുക; അവര്‍ കുഴപ്പത്തില്‍ തന്നെയാണ് വീണിരിക്കുന്നത്. തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാകുന്നു’’ (ക്വുര്‍ആന്‍ 9:49). യുദ്ധത്തിന് പുറപ്പെടാതിരിക്കാനായി അവര്‍ പറഞ്ഞ കുഴപ്പത്തെക്കാളും വലിയ കുഴപ്പത്തിലാണ് അവര്‍ ഇപ്പോള്‍ ഉള്ളതെന്നും അതില്‍നിന്ന് രക്ഷപ്പെടാന്‍ നബി ﷺ യെ അവര്‍ അനുസരിച്ചുകൊള്ളട്ടെ എന്നും അല്ലാഹു ഇതിലൂടെ അറിയിച്ചു.

(തുടരും)