ഹുദയ്ബിയ സന്ധിയുടെ നേട്ടങ്ങള്‍

ഹുസൈന്‍ സലഫി

2022 ജനുവരി 01, 1442 ജുമാദല്‍ അവ്വല്‍ 27

(മുഹമ്മദ് നബി ﷺ : 53)

മുസ്‌ലിംകളുടെ അസ്തിത്വം ക്വുറയ്ശികള്‍ അംഗീകരിച്ച ആദ്യത്തെ കരാറായിരുന്നു ഇത്. മുസ്‌ലിംകളെ ഇതുവരെ അവര്‍ പരിഗണിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഈ കരാര്‍മുഖേന മുസ്‌ലിംകളുടെ അസ്തിത്വം അംഗീരിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. ഈ കരാറിന് ശേഷം പത്തു കൊല്ലത്തോളം സമാധാനാന്തരീക്ഷം നിലനിന്നു.

എവിടെയും മുസ്‌ലിംകള്‍ക്ക് സഞ്ചരിക്കാം. ഇസ്‌ലാമിക പ്രബോധനം നടത്താം. ആരും എതിര്‍ക്കാനോ തടയാനോ പാടില്ല. ആര്‍ക്കും ആരുമായും സഖ്യത്തിലാകാം. എല്ലാറ്റിനും സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ മുസ്‌ലിംകള്‍ക്ക് ശാന്തമായി ഇസ്‌ലാമിക പ്രബോധനം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം ലഭിച്ചു. ഈ കരാര്‍ എഴുതി രണ്ട് വര്‍ഷം ആയപ്പോഴേക്കും മക്ക മുസ്‌ലിംകള്‍ക്ക് കീഴ്‌പെടുകയുണ്ടായി. ഈ രണ്ട് വര്‍ഷം ഇസ്‌ലാമിക പ്രബോധനത്താല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇസ്‌ലാമിലേക്ക് വരാന്‍ കാരണമായി. ഇക്കാലയളവില്‍ ഉണ്ടായ വളര്‍ച്ച അതിനു മുമ്പ് നബി ﷺ ക്ക് ലഭിച്ചിട്ടില്ല എന്നാണ് ചരിത്രം പറയുന്നത്. അനുവദിക്കപ്പെട്ട സ്വാതന്ത്ര്യം ഉപയോഗിച്ച് നബി ﷺ അയല്‍നാടുകളിലേക്ക് കത്തുകള്‍ അയച്ചു. കത്തുകള്‍ കൊണ്ടുപോയി കൊടുക്കുവാനുള്ള ദൂതന്മാരെ നബി ﷺ നിയോഗിച്ചു. രാജാക്കന്മാരെ അവിടുന്ന് ഇസ്‌ലാമിനെക്കുറിച്ച് അറിയിച്ചു. കിസ്‌റാ, ക്വയ്‌സര്‍, മുക്വൗക്വിസ് ചക്രവര്‍ത്തിമാര്‍, ബഹ്റൈന്‍ ഗവര്‍ണര്‍, അബിസീനിയായിലെ രാജാവ് തുടങ്ങിയവര്‍ക്കെല്ലാം കത്തയച്ചു. അവിടുത്തെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെയായിരുന്നു കത്ത്. ബിസ്മി കൊണ്ട് തുടങ്ങി. അല്ലാഹുവിന്റെ റസൂലായ മുഹമ്മദില്‍ നിന്നുള്ളതാണ് ഇത് എന്ന് അറിയിച്ചു. മുസ്‌ലിമായാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ രക്ഷയുണ്ട്, അതല്ലെങ്കില്‍ നിങ്ങള്‍ നിമിത്തം വഴിപിഴച്ചുപോകുന്നവരുടെ കൂടി പാപഭാരം നിങ്ങള്‍ വഹിക്കേണ്ടി വരും എന്നതായിരുന്നു കത്തിലെ പ്രധാന സന്ദേശം. അക്കാലത്ത് രാജാക്കന്മാര്‍ക്ക് കത്തുകള്‍ അയക്കുമ്പോള്‍ എഴുതുന്ന ആളുടെ മുദ്ര വേണ്ടിയിരുന്നു. അതിനാല്‍ നബി ﷺ വെള്ളി കൊണ്ട് ഒരു മോതിരം ഉണ്ടാക്കി. ആ മോതിരത്തില്‍ ‘മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

അയല്‍നാടുകളിലേക്ക് അടുക്കാന്‍ പോലും ഹുദയ്ബിയ സന്ധിക്ക് മുമ്പ് സാധിച്ചിരുന്നില്ല. സിറിയയിലേക്കും റോമിലേക്കും പോകുമ്പോള്‍ ശത്രുക്കള്‍ തടയുമായിരുന്നു. ഏത് രാജ്യത്തിലേക്കും പോകുവാന്‍ മുസ്‌ലിംകള്‍ക്ക് യാതൊരു വഴിയും ഇല്ലായിരുന്നു. ഈ കരാര്‍ മുഖേന ആ തടസ്സങ്ങള്‍ മുഴുവനും നീങ്ങി.

നബി ﷺ അയച്ച കത്തുകള്‍ ദൂതന്മാരില്‍നിന്നും രാജാക്കന്മാര്‍ കൈപ്പറ്റി. വളരെ ബഹുമാനത്തോടെയും ആദരവോടെയും അവര്‍ കത്തുകള്‍ വായിച്ചു. അനുകൂലമായ പ്രതികരണങ്ങള്‍ പല രാജാക്കന്മാരില്‍നിന്നും ലഭിച്ചു. പലരും ദൂതന്മാരുടെ കൈകളില്‍ നബി ﷺ ക്കുള്ള സമ്മാനങ്ങള്‍ കൊടുത്തയച്ചു. എന്നാല്‍ കത്ത് പരിഗണിക്കാതെ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞ രാജാക്കന്മാരും ഉണ്ടായിരുന്നു. കിസ്‌റാ ചക്രവര്‍ത്തി നബി ﷺ യുടെ പേര് കണ്ടപാടെ ആ കത്ത് പിച്ചിച്ചീന്തി കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞു. നബി ﷺ ഈ വിവരം അറിഞ്ഞു. നബി ﷺ പറഞ്ഞു: ‘അവനും പിച്ചിച്ചീന്തപ്പെടുന്നതാണ്.’ നബി ﷺ വ്യക്തിപരമായ ദേഷ്യം തീര്‍ക്കുകയായിരുന്നില്ല ചെയ്തത്. അവിടുന്ന് വ്യക്തിപരമായ യാതൊന്നും രാജാവിനോട് ആവശ്യപ്പെട്ടിട്ടില്ലല്ലോ. അധികാരം ചോദിച്ചായിരുന്നില്ല നബി ﷺ കത്തയച്ചിരുന്നത്. ഏതെങ്കിലും രൂപത്തിലുള്ള സാമ്പത്തിക സഹായം നല്‍കണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള കത്തുമല്ല നബി ﷺ അയച്ചത്. മറിച്ച്, മുസ്‌ലിമാകുന്നതിന്റെ പ്രാധാന്യം അറിയിക്കുന്ന ആദര്‍ശാധിഷ്ഠിതമായ കത്തായിരുന്നു അത്. ആ കത്ത് കീറിക്കളഞ്ഞ് അവഗണിച്ചത് അല്ലാഹുവിന്റെ റസൂലി ﷺ നോടുള്ള വെല്ലുവിളിയായിരുന്നു. അതിനാലാണ് പ്രവാചകന്‍ ﷺ അയാള്‍ക്കെതിരില്‍ പ്രാര്‍ഥിച്ചത്. ആ പ്രാര്‍ഥനക്ക് ശേഷം അധികകാലം അധികാരത്തിന്റെ ഭ്രാന്ത് തലക്ക് പിടിച്ച അഹങ്കാരിയായ ആ ചക്രവര്‍ത്തി ജീവിച്ചില്ല. സ്വന്തം മകന്റെ കൈകളാല്‍ അയാള്‍ കൊല്ലപ്പെടുകയുണ്ടായി. മകന്‍ വയറ്റില്‍ കത്തി കുത്തിയിറക്കിക്കൊന്ന് പിതാവില്‍നിന്നും അധികാരം കൈയടക്കുകയാണുണ്ടായത്.

ഇസ്‌ലാമക പ്രബോധനം നാള്‍ക്കുനാള്‍ മക്കയിലും മദീനയിലും പരിസര പ്രദേശങ്ങളിലും വ്യാപിക്കാന്‍ തുടങ്ങി. ശത്രുക്കള്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ ഇസ്‌ലാമിനെപ്പറ്റി പഠിക്കുവാനുള്ള സാഹചര്യം തരപ്പെട്ടു. ഈ കാലയളവിലാണ് ഇസ്‌ലാമിന് എതിരില്‍ ശക്തിയായി നിലകൊണ്ടിരുന്ന ഖാലിദ് ഇബ്‌നുല്‍ വലീദ്(റ), അംറ് ഇബ്‌നുല്‍ ആസ്വ്(റ), ഉഥ്മാന്‍ ഇബ്‌നു ത്വല്‍ഹ(റ) മുതലായവര്‍ ഇസ്‌ലാം സ്വീകരിച്ചത്. മാത്രവുമല്ല, ഹുദയ്ബിയ സന്ധിയില്‍ ശത്രുപക്ഷത്തുനിന്ന് കരാര്‍ എഴുതിയ സുഹയ് ല്‍ പോലും ഇസ്‌ലാം സ്വീകരിച്ചു.

ഹുദയ്ബിയ സന്ധിയുടെ കാലത്ത് നബി ﷺ യുടെ കൂടെ ആയിരത്തി നാനൂറ് പേരാണ് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടതെങ്കില്‍ രണ്ട് വര്‍ഷം കഴിഞ്ഞ് മക്കാവിജയ സമയത്ത് നബി ﷺ യുടെ കൂടെ ഉംറ നിര്‍വഹിക്കാന്‍ പുറപ്പെടുമ്പോള്‍ അവരുടെ എണ്ണം പതിനായിരമായി. അഥവാ, രണ്ട് കൊല്ലം കൊണ്ട് അത്രയും വലിയ മാറ്റം ഇസ്‌ലാം കൈവരിച്ചു.

ഇതോടെ മക്കയിലെ മുശ്‌രിക്കുകളുടെ ശല്യം ഒഴിവായി. കരാറില്‍ ഏര്‍പ്പെട്ടതിനാല്‍ അവര്‍ ഇനി ഉപദ്രവിക്കുവാന്‍ വരില്ലല്ലോ. ജൂതന്മാരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുവാന്‍ ഈ അവസരം മുസ്‌ലിംകള്‍ നന്നായി ഉപയോഗിച്ചു. അവരില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പുകളെ പ്രതിരോധിക്കുവാനും അവരിലേക്ക് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുവാനും ഈ കാലയളവ് മുസ്‌ലിംകള്‍ക്ക് ഒരു തുറന്ന അവസരമായി.

മുസ്‌ലിംകളായി മക്കയില്‍നിന്ന് ആരെങ്കിലും മദീനയിലേക്ക് വന്നാല്‍ അവരെ തിരിച്ചയക്കണം എന്നതായിരുന്നല്ലോ ഹുദയ്ബിയ സന്ധിയിലെ ഒരു കരാര്‍. അതും അവര്‍ക്ക് വിനയാകുകയാണ് ഉണ്ടായത്. ഇപ്രകാരം മക്കയില്‍നിന്ന് മദീനയില്‍ എത്തിയവരെ കരാര്‍ പ്രകാരം നബി ﷺ തിരിച്ചയച്ചു. എന്നാല്‍ അവര്‍ മക്കയിലേക്ക് പോകാതെ മറ്റൊരിടത്ത് താവളമടിച്ചു. അവരുടെ എണ്ണവും കൂടി. മക്കക്കാര്‍ കച്ചവടത്തിനായി പോകുന്ന വഴികളിലായിരുന്നു അവര്‍ താവളമടിച്ചിരുന്നത്. അതിനാല്‍ മക്കക്കാര്‍ അതുവഴി കച്ചവടത്തിന് പോകുമ്പോള്‍ കച്ചവടക്കാര്‍ തടയപ്പെട്ടു. അങ്ങനെ അത് അവര്‍ക്ക് വലിയ പ്രയാസം ഉണ്ടായി. അവസാനം ഈ കരാര്‍ മാറ്റാന്‍ വേണ്ടി നബി ﷺ യോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

ഒരിക്കല്‍ നബി ﷺ മദീനയില്‍ ആയിരിക്കെ അബൂ ബസ്വീര്‍(റ) മദീനയില്‍ മുസ്‌ലിമായി എത്തി. അദ്ദേഹം മദീനയിലേക്ക് പോകുമ്പോള്‍ പിന്നില്‍ രണ്ടുപേരെ ക്വുറയ്ശികള്‍ വിട്ടിരുന്നു. അബൂ ബസ്വീറി(റ)നെ മക്കയിലേക്ക് തിരിച്ചുകൊണ്ടുവരാനായിരുന്നു ഇവരെ ക്വുറയ്ശികള്‍ അയച്ചത്. നബി ﷺ അദ്ദേഹത്തോട് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചു. കാരണം, ക്വുറയ്ശികളും മുസ്‌ലിംകളും പരസ്പരം കരാറിലാണല്ലോ ഉള്ളത്. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, മുസ്‌ലിമായി ഞാന്‍ നിങ്ങളുടെ അടുത്ത് അഭയംതേടി വന്നിട്ടും അവരിലേക്കുതന്നെ എന്നെ തിരിച്ചയക്കുകയാണോ?’ നബി ﷺ അദ്ദേഹത്തെ സമാധാനിപ്പിച്ചു. തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹത്തെ തിരിച്ചു കൊണ്ടുപോകാന്‍ ക്വുറയ്ശികള്‍ അയച്ച രണ്ടാളുകളുടെ കൂടെ നബി ﷺ തിരിച്ചയച്ചു. അങ്ങനെ മൂന്നു പേരും മക്കയിലേക്ക് മടങ്ങി. വഴി മധ്യേ അബൂ ബസ്വീര്‍ കൂടെയുള്ള മുശ്‌രിക്കുകളില്‍ ഒരാളെ വാളിനിരയാക്കി.  സ്വന്തം ജീവന് വേണ്ടിയുള്ള പ്രതിരോധാവശ്യാര്‍ഥമായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്. പന്നീട് ഒരാള്‍ മാത്രമായി. അയാള്‍ മദീനയിലേക്ക് ഓടി. മദീനയില്‍ എത്തിയാല്‍ അഭയം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു അയാള്‍ക്ക്. അങ്ങനെ അദ്ദേഹം നബി ﷺ യുടെ അടുക്കല്‍ എത്തി. എന്നിട്ട് അയാള്‍ പറഞ്ഞു: ‘എന്റെ കൂട്ടുകാരന്‍ വധിക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും ഞാനും വധിക്കപ്പെടുന്നതാണ് (രക്ഷിക്കണം).’ തൊട്ടു പിന്നില്‍ അബൂ ബസ്വീര്‍(റ) എത്തി. അദ്ദേഹം അല്ലാഹുവിന്റെ റസൂലി ﷺ നെ വിളിച്ചു പറഞ്ഞു:

 “അല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹുവാണെ സത്യം. അല്ലാഹു അങ്ങയുടെ ഉത്തരവാദിത്തം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നെ അവരിലേക്ക് അയക്കുകയും അവരില്‍നിന്ന് അല്ലാഹു എന്നെ മോചിപ്പിക്കുകയും ചെയ്തിരിക്കുന്നു.’’ നബി ﷺ പറഞ്ഞു: “യുദ്ധം പൊട്ടിപ്പുറപ്പെടുവിക്കുന്നവന്റെ ഉമ്മാക്ക് നാശം. അത് ഇനി ഒരാളായാല്‍ പോലും  (ശരി).’’ അത് കേട്ടപ്പോള്‍ അദ്ദേഹത്തിന് നബി ﷺ തന്നെ അവരിലേക്കുതന്നെ മടക്കിയയച്ചേക്കുമെന്ന് മനസ്സിലായി. അങ്ങനെ അദ്ദേഹം (മദീനയില്‍ നിന്നും) പറപ്പെട്ടു. (ഒരു) കടല്‍ക്കരയില്‍ എത്തി. അദ്ദേഹം പറയുന്നു: ‘അവരില്‍ നിന്ന് രക്ഷപ്പെട്ടിരുന്ന അബൂ ജന്ദല്‍ (അവിടെയുണ്ട്). അങ്ങനെ അദ്ദേഹം അബൂബസ്വീറിന്റെ കൂടെ ചേര്‍ന്നു. ക്വുറയ്ശികളില്‍നിന്നും മുസ്‌ലിമായവര്‍ അബൂ ബസ്വീറിന്റെ കൂടെ ചേരുകയല്ലാതെ (അവിടേക്ക്) മടങ്ങാതായി. അങ്ങനെ അവരില്‍നിന്ന് ഒരു ചെറുസംഘം സംഘടിച്ചു. അല്ലാഹുവാെണ സത്യം, ക്വുറയ്ശികളില്‍നിന്ന് ശാമിലേക്ക് പുറപ്പെട്ട കച്ചവട സംഘങ്ങളെ കുറിച്ച് അവര്‍ കേട്ടിരുന്നില്ല; അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടല്ലാതെ. അങ്ങനെ അവരെ അവര്‍ വധിക്കുകയും അവരുടെ സമ്പത്ത് അവര്‍ എടുക്കുകയും ചെയ്യും. അപ്പോള്‍ ക്വുറയ്ശികള്‍ നബി ﷺ യിലേക്ക് ദൂതനെ അയച്ചു. അയാള്‍ അല്ലാഹുവിനെ കൊണ്ടും കുടുംബബന്ധത്തെകൊണ്ടും സംസാരിച്ചു. അങ്ങനെ ആരെങ്കിലും താങ്കളുടെ (നബിയുടെ) അടുത്ത് എത്തിയാല്‍ അവന്‍ നിര്‍ഭയനാണ്. അങ്ങനെ നബി ﷺ അവരിലേക്ക് ഒരു ദൂതനെ അയച്ചു. അപ്പോള്‍ അല്ലാഹു (ഈ സൂക്തംങ്ങള്‍) ഇറക്കി:

“അവര്‍ക്ക് (ശത്രുക്കള്‍ക്ക്) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിന് ശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍നിന്നും തടഞ്ഞുനിര്‍ത്തിയത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു. സത്യത്തെ നിഷേധിക്കുകയും, പവിത്രമായ ദേവാലയത്തില്‍ നിന്ന് നിങ്ങളെ തടയുകയും, ബലിമൃഗങ്ങളെ അവയുടെ നിശ്ചിത സ്ഥാനത്തെത്താന്‍ അനുവദിക്കാത്ത നിലയില്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തവരാകുന്നു അവര്‍. നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത സത്യവിശ്വാസികളായ ചില പുരുഷന്‍മാരെയും സത്യവിശ്വാസിനികളായ ചില സ്ത്രീകളെയും നിങ്ങള്‍ ചവിട്ടിത്തേക്കുകയും, എന്നിട്ട് (നിങ്ങള്‍) അറിയാതെ തന്നെ അവര്‍ നിമിത്തം നിങ്ങള്‍ക്ക് പാപം വന്നുഭവിക്കാന്‍ ഇടയാവുകയും ചെയ്യില്ലായിരുന്നെങ്കില്‍ (അല്ലാഹു നിങ്ങളെ ഇരുവിഭാഗത്തെയും യുദ്ധത്തില്‍നിന്ന് തടയുമായിരുന്നില്ല). അല്ലാഹു തന്റെ കാരുണ്യത്തില്‍ താന്‍ ഉദ്ദേശിക്കുന്നവരെ ഉള്‍പെടുത്തേണ്ടതിനായിട്ടാകുന്നു അത്. അവര്‍ (മക്കയിലെ വിശ്വാസികളും സത്യനിഷേധികളും) വേറിട്ടായിരുന്നു താമസിച്ചിരുന്നതെങ്കില്‍ അവരിലെ സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷ നാം നല്‍കുകതന്നെ ചെയ്യുമായിരുന്നു. സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം- ആ അജ്ഞാനയുഗത്തിന്റെ ദുരഭിമാനം-വെച്ചുപുലര്‍ത്തിയ സന്ദര്‍ഭം! അപ്പോള്‍ അല്ലാഹു അവന്റെ റസൂലിന്റെ മേലും സത്യവിശ്വാസികളുടെ മേലും അവന്റെ പക്കല്‍നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുത്തു. സൂക്ഷ്മത പാലിക്കാനുള്ള കല്‍പന സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. (അത് സ്വീകരിക്കാന്‍) കൂടുതല്‍ അര്‍ഹതയുള്ളവരും അതിന് അവകാശപ്പെട്ടവരുമായിരുന്നു അവര്‍. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയുംഅറിവുള്ളവനായിരിക്കുന്നു’’ (ദുല്‍ഫതഹ്‌ 24-26).

 നബി ﷺ ഹുദയ്ബിയയില്‍ വെച്ച് എഴുതിയ കരാറുകള്‍ തെറ്റിക്കാതെ നടപ്പില്‍ വരുത്തി. നബി ﷺ മദീനയിലേക്ക് വരുന്നവരെയെല്ലാം മക്കയിലേക്കുതന്നെ തിരിച്ചുപോകാന്‍ കല്‍പിക്കുകയായിരുന്നല്ലോ ചെയ്തിരുന്നത്. അങ്ങനെ തിരിച്ചയക്കുന്ന വിശ്വാസികള്‍ മക്കക്കാരുടെ പീഡനത്തെ പേടിച്ച് അവിടേക്ക് പോയില്ല. അവര്‍ ഓരോരുത്തരായി ഒരു സ്ഥലത്ത് താവളമടിച്ചു. അവര്‍ ഒരു ചെറു സംഘമായി രൂപപ്പെട്ടു. ഇവര്‍ മക്കയില്‍നിന്ന് ശാമിലേക്ക് കച്ചവടത്തിന് വേണ്ടി പോകുന്ന ക്വുറയ്ശികള്‍ക്ക് വലിയ ഭീഷണിയായിപമാറി. മക്കയില്‍നിന്ന് മദീനത്തെത്തുന്ന മുസ്‌ലിംകളെ മക്കയിലേക്കുതന്നെ തിരിച്ചയക്കണമെന്ന് കരാര്‍ റദാക്കിയേ തീരൂ എന്ന് മക്കക്കാര്‍ക്ക് തോന്നി. ഇതിനെക്കുറിച്ച് നബി ﷺ യോട് ചര്‍ച്ച ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ഹുദയ്ബിയയില്‍ വെച്ച് ഉണ്ടാക്കിയ ആ കരാര്‍ നീക്കം ചെയ്യപ്പെടുകയുണ്ടായി.

താല്‍ക്കാലികമായ ഒരു പരാജയം ഒരിക്കലും നിരാശക്ക് കാരണമാകരുത് എന്ന വലിയ ഒരു സന്ദേശം ഇതിലൂടെ ലഭിക്കുന്നുണ്ട്. അല്ലാഹു വിജയം തരാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ആരെല്ലാം എന്തെല്ലാം നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയാലും അല്ലാഹുവിനോടുള്ള ബാധ്യത നാം നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അത് നമുക്ക് ലഭിക്കുകതന്നെ ചെയ്യുന്നതാണ്; കാത്തിരിക്കേണ്ടിവന്നാലും.

ഹുദയ്ബിയഃ സന്ധി മുഖേന വലിയ വിജയം അല്ലാഹു നബി ﷺ ക്ക് സമ്മാനിച്ചു. ആ വിജയം നല്‍കിയതിന് പറഞ്ഞ ഒരു കാരണം നബി ﷺ യുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കാന്‍ വേണ്ടിയാണ് എന്നാണല്ലോ ഉള്ളത്. ഈ സംഭവത്തിന് മുമ്പോ ശേഷമോ അവിടുന്ന് ഏതെങ്കിലും രൂപത്തിലുള്ള ശിക്ഷക്ക് കാരണമാകുന്ന പാപങ്ങള്‍ ചെയ്തിട്ടുണ്ട് എന്നതല്ല ഈ പറഞ്ഞതിന്റെ വിവക്ഷ. അങ്ങനെ തെറ്റുധരിക്കുവാന്‍ പാടില്ല. കാരണം, മുഹമ്മദ് നബി ﷺ അടക്കമുള്ള എല്ലാ നബിമാരും ആ വിധത്തിലുള്ള പാപങ്ങളില്‍നിന്ന് വിശുദ്ധരാകുന്നു. പ്രവാചകന്മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് അത്യുന്നത പദവിയിലാണല്ലോ ഉള്ളത്. ആ സ്ഥാനം കണക്കിലെടുത്ത് നോക്കുമ്പോള്‍ അവരുടെ ആ പദവിക്ക് യോജിക്കാത്ത നിലക്കുള്ള ചെറിയ രൂപത്തിലുള്ള നിസ്സാരമായ അബദ്ധങ്ങള്‍ അവരില്‍നിന്നും സംഭവിക്കുമ്പോഴേക്ക് തന്നെ അല്ലാഹു ഉടനെത്തന്നെ തിരുത്തിക്കൊടുക്കും. അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ് സൂറഃ അബസയുടെ തുടക്കത്തില്‍ കാണുന്നത്.

ഉപരിസൂചിത വചനങ്ങള്‍ നബി ﷺ ക്ക് അല്ലാഹു നല്‍കിയ സന്തോഷവാര്‍ത്തയായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ പേരില്‍ അവിടുന്ന് മതിമറന്ന് ആനന്ദിച്ചില്ല, അഹങ്കരിച്ചില്ല. കൂടുതല്‍ കൂടുതല്‍ അല്ലാഹുവിന് കീഴ്‌പെടുകയാണ് ചെയ്തത്.

ഈ വിജയം നബി ﷺ ക്ക് ഇഹത്തിലും പരത്തിലും അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹങ്ങള്‍ പരിപൂര്‍ണമായി നല്‍കപ്പെടുന്നതിന് വേണ്ടിയായിരുന്നു. അല്ലാഹുവിന്റെ കല്‍പനക്ക് എതിരായി യാതൊന്നും ചെയ്യാതെ, അവന്റെ കല്‍പനകള്‍ക്കനുസൃതമായി നീങ്ങിയപ്പോള്‍ അല്ലാഹു വലിയ സഹായവും അവിടുത്തേക്ക് നല്‍കുകയായിരുന്നു.

നാം ആര്‍ക്കെങ്കിലും താഴ്ന്ന് കൊടുത്തു എന്ന കാരണത്താല്‍ നമുക്ക് യാതൊന്നും നഷ്ടപ്പെടാനില്ല. അത് മുഖേന അല്ലാഹു അന്തസ്സ് വര്‍ധിപ്പിക്കുകയേ ഉള്ളൂ. അതും ഈ സംഭവത്തില്‍നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പ്രവാചക ചരിത്രത്തില്‍ ഇതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് കാണാനും സാധിക്കും. അതുപോലെ നാം വിനയം കാണിച്ചാല്‍ അതു മുഖേന അല്ലാഹു നമ്മെ ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അതാണ് നബി ﷺ യുടെ ജീവിതം നമുക്ക് അറിയിച്ചു തരുന്നത്.

അല്ലാഹു ഈ വചനങ്ങള്‍ ഇറക്കിയപ്പോള്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടായിരുന്ന വിഷമങ്ങള്‍ എല്ലാം നീങ്ങി. അവര്‍ക്ക് സമാധാനം കൈവന്നു. ക്വുര്‍ആന്‍ വചനം കേട്ടപ്പോഴേക്ക് അവരുടെ മനസ്സ് മാറുകയാണ്. വിഷമം മാറുന്നു...സന്തോഷം കൈവരുന്നു. അവര്‍ക്ക് ലഭിച്ച ആ സമാധാനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നത് കാണുക:

“അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കിക്കൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമായിരിക്കുന്നു. സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവരില്‍നിന്ന് അവരുടെ തിന്മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്റെ അടുക്കല്‍ അത് ഒരു മഹാഭാഗ്യമാകുന്നു’’ (അല്‍ഫത്ഹ് 4-5).