മക്കാവിജയം

ഹുസൈന്‍ സലഫി, ഷാര്‍ജ  

2022 ഫെബ്രുവരി 05, 1442 റജബ്  03

(മുഹമ്മദ് നബി ﷺ : 58)

നബി ﷺ മക്കയിലേക്ക് പ്രവേശിക്കുമ്പോള്‍ ആരെയും നോവിക്കരുതെന്നും ഇങ്ങോട്ട് അക്രമിക്കുന്നവരെയല്ലാതെ കായികമായി നേരിടില്ല എന്നുമൊക്കെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന ചിലരെ എവിടെവെച്ച് കണ്ടാലും വധിച്ചുകളയാനും കല്‍പന നല്‍കി. അവര്‍ നാലു പുരുഷന്മാരും രണ്ടു സ്ത്രീകളുമായിരുന്നു. മറ്റുള്ള എല്ലാവരെക്കാളും നബി ﷺ യെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്ന ആളുകളായിരുന്ന അവര്‍. എന്നാല്‍ അവരില്‍ അബ്ദുല്ലാഹ് ഇബ്‌നു ഖത്വല്‍, മിക്വ്‌യസ് ഇബ്‌നു സ്വബാബ എന്നിവര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ബാക്കിയുള്ള നാലുപേരെയും നബി ﷺ മാപ്പ് നല്‍കി വിട്ടയച്ചു എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

നബി ﷺ യുടെ പിതൃവ്യനായ ഹംസ(റ)യോട് ഉഹ്ദിന്റെ രണഭൂമിയില്‍ ചെയ്ത കൊടുംക്രൂരത നബി ﷺ ക്ക് ഏറെ വേദയുണ്ടാക്കിയ സംഭവമായിരുന്നു. അതിന് നേതൃത്വം നല്‍കിയ ഹിന്ദിന് നബി ﷺ മാപ്പ് നല്‍കി. ഹംസ(റ)യെ ചാട്ടുളി എറിഞ്ഞ് വീഴ്‌ത്തിയ വഹ്ശിക്കും നബി ﷺ മാപ്പ് നല്‍കി.

കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് ﷺ തന്റെ ശത്രുക്കള്‍ക്ക് നല്‍കിയ മാപ്പും വിട്ടുവീഴ്ചയും ചരിത്രത്തില്‍ തുല്യതയില്ലാത്തതായിരുന്നു. ജനിച്ചുവളര്‍ന്ന മണ്ണില്‍നിന്നും, കൂട്ടുകുടുംബങ്ങളില്‍നിന്നും ആട്ടിപ്പുറത്താക്കുകയും, തന്നെയും അനുചരന്മാരെയും പലവിധത്തില്‍ പീഡിപ്പിക്കുകയും ചെയ്ത ആ ജനത തന്റെ മുന്നില്‍ പേടിച്ച് നില്‍ക്കുന്ന സമയത്ത് അവര്‍ക്കെല്ലാവര്‍ക്കും മാപ്പ് നല്‍കാന്‍ മാത്രം വിശാല മനസ്സ് കാണിച്ച മഹാനായിരുന്നു മുഹമ്മദ് നബി ﷺ . ആരോടും അദ്ദേഹം അന്യായമോ അനീതിയോ ചെയ്തില്ല. കാരുണ്യത്തോടെയും സ്‌നേഹത്തോടെയും അവിടുന്ന് പെരുമാറി.

അങ്ങനെ നബി ﷺ തനിക്ക് വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്തിട്ടുള്ള ഒരു ക്വുബ്ബയില്‍ അല്‍പം വിശ്രമിച്ചു. പിന്നീട് വാഹനപ്പുറത്ത് കയറി കഅ്ബയെ ലക്ഷ്യമാക്കി മുന്നോട്ടുനീങ്ങി. തുടര്‍ന്ന് കഅ്ബയെ ഏഴുതവണ ത്വവാഫ് ചെയ്തു. തിക്കും തിരക്കും കൂട്ടാതെ, തന്റെ സമുദായത്തെ പഠിപ്പിക്കാന്‍ എന്ന നിലയില്‍കൂടി അവിടുന്ന് ത്വവാഫ് നിര്‍വഹിച്ചു. ത്വവാഫിന്റെ വേളയില്‍ ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനായി തിക്കും തിരക്കും കാണിച്ച് മറ്റുള്ളവരെ ഇടിക്കുകയും വീഴ്ത്തുകയുമെല്ലാം ചെയ്യുന്നവര്‍ക്ക് അതിന് നബി ﷺ യില്‍ യാതൊരു മാതൃകയുമില്ല.

വിജയശ്രീലാളിതനായി നബി ﷺ മക്കയില്‍ പ്രവേശിക്കുന്ന വേളയില്‍ കഅ്ബയുടെ ചുറ്റും ധാരാളം പ്രതിഷ്ഠകളും മറ്റും ഉണ്ടായിരുന്നു. അവയെല്ലാം അവിടെനിന്നും നീക്കി കഅ്ബയെ ശുദ്ധിയാക്കി.

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘നബി ﷺ മക്കയില്‍ പ്രവേശിച്ചു. അപ്പോള്‍ കഅ്ബയുടെ ചുറ്റിനും മുന്നൂറ്റി അറുപത് പ്രതിഷ്ഠകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന ഒരു കൊള്ളികൊണ്ട് അവയെ കുത്തിയിടുകയും ചെയ്തു. (ആ സമയത്ത് ഇപ്രകാരം) അവിടുന്ന് പറയുകയും ചെയ്യുന്നുണ്ടായിരുന്നു: ‘സത്യം വരികയും അസത്യം തകരുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അസത്യം തകരുന്നത് തന്നെയാകുന്നു' (അല്‍ഇസ്‌റാഅ് 81). ‘സത്യം വന്നിരിക്കുന്നു. അസത്യം (യാതൊന്നിനും) തുടക്കം കുറിക്കുകയില്ല. (യാതൊന്നും) പുനഃസ്ഥാപിക്കുകയുമില്ല' (സബഅ്:49)'' (ബുഖാരി).

ത്വവാഫിന്റെ വേളയില്‍ കഅ്ബയുടെ പുറത്ത് നാട്ടിയിട്ടുള്ള വിഗ്രഹങ്ങളെയെല്ലാം ഒഴിവാക്കി പരിശുദ്ധ ഭവനത്തെ ശുദ്ധിയാക്കി. തുടര്‍ന്ന് അവിടുന്ന് കഅ്ബയുടെ അകത്തേക്ക് പ്രവേശിക്കുകയാണ്.

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘അല്ലാഹുവിന്റെ റസൂല ﷺ (മക്കയില്‍) വന്നപ്പോള്‍ കഅ്ബയില്‍ പ്രവേശിക്കാന്‍ വിസമ്മതം കാണിച്ചു. അന്നേരം അതില്‍ (കുറെ) ആരാധ്യവസ്തുക്കള്‍ ഉണ്ടായിരുന്നു. അങ്ങനെ അവ (എടുത്തു കളയാന്‍) അവിടുന്ന് കല്‍പിച്ചു. അപ്പോള്‍ അവ പുറത്താക്കപ്പെടുകയും ചെയ്തു. അങ്ങനെ അവര്‍ ഇബ്‌റാഹീമി(അ)ന്റെയും ഇസ്മാഈലി(അ)ന്റെയും രൂപത്തെ പുറത്തെടുത്തു. അവരുടെ കൈകളില്‍ പ്രശ്‌നംവെച്ചു നോക്കുന്ന അമ്പുകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല ﷺ പറഞ്ഞു: ‘‘അല്ലാഹു അവരെ നശിപ്പിക്കുമാറാകട്ടെ, അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും അവര്‍ക്ക് അറിയാം, ഇവര്‍ രണ്ടു പേരും ഒരിക്കലും ഭാഗ്യപരീക്ഷണം നോക്കാത്തവരാണെന്ന്'' (ബുഖാരി).

കഅ്ബയുടെ അകത്തുണ്ടായിരുന്ന ഇബ്‌റാഹിം നബി(അ)യുടെയും ഇസ്മാഈല്‍ നബി(അ)യുടെയും രൂപങ്ങളുടെ കൈകളില്‍ ചില അമ്പുകള്‍ അന്ന് കാണപ്പെടുകയുണ്ടായി. മക്കയിലെ മുശ്‌രിക്കുകള്‍ ഭാഗ്യ-നിര്‍ഭാഗ്യങ്ങളും മറ്റും പരീക്ഷിച്ചറിയാനായി ഉപയോഗിച്ചിരുന്ന അമ്പുകളായിരുന്നു അത്. അവരുടെ കൈകളില്‍ നിന്നും എടുക്കുന്ന അമ്പുകളുടെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു അവരുടെ തീരുമാനങ്ങള്‍ അവര്‍ നടപ്പിലാക്കിയിരുന്നത്. അഥവാ, കച്ചവടത്തിനോ വിവാഹത്തിനോ മറ്റു വല്ലതിനോ അവര്‍ ഉദ്ദേശിച്ചാല്‍ കഅ്ബയില്‍ പ്രവേശിക്കും. മൂന്ന് അമ്പുകളില്‍നിന്നും ഒന്ന് കണ്ണുചിമ്മി അവര്‍ എടുക്കും. ഒന്നില്‍ ‘ചെയ്ത് കൊള്ളുക' എന്നും, മറ്റേതില്‍ ‘ചെയ്യരുത്' എന്നും മറ്റൊന്നില്‍ ‘പൂജ്യ'വും ആണ് എഴുതിയിരുന്നത്. ‘ചെയ്തുകൊള്ളുക' എന്നെഴുതിയത് കിട്ടിയാല്‍ അവരുടെ ഉദ്ദേശ്യം നടപ്പിലാക്കും. ചെയ്യരുതെന്നാണെങ്കിലോ ചെയ്യുകയുമില്ല. ‘പൂജ്യ'മാണെങ്കില്‍ വീണ്ടും അമ്പെടുത്ത് പരീക്ഷിക്കും.

ഇബ്‌റാഹീം നബി(അ)യോടും ഇസ്മാഈല്‍ നബി(അ)യോടുമുള്ള സ്‌നേഹവും ആദരവും കാരണം മാത്രമാണ് മുശ്‌രിക്കുകള്‍ അവരുടെ രൂപം ഉണ്ടാക്കിയതും അവരോട് പ്രാര്‍ഥിച്ചതും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയുമൊക്കെ ചെയ്തിരുന്നത്. ആ രൂപങ്ങള്‍ കഅ്ബയുടെ അകത്തുനിന്നും എടുത്തു കളയാന്‍ നബി ﷺ സ്വഹാബിമാരോട് കല്‍പിച്ചതിന്റെ കാരണവും ഇബ്‌റാഹീം നബി(അ)യോടും ഇസ്മാഈല്‍ നബി(അ)യോടുമുള്ള സ്‌നേഹം തന്നെയായിരുന്നു. രണ്ടു കൂട്ടര്‍ക്കും സ്‌നേഹം. പക്ഷേ, സ്‌നേഹപ്രകടനത്തില്‍ രണ്ടും പരസ്പര വിരുദ്ധം. ഇതില്‍ ഏത് സ്‌നേഹ പ്രകടനമാണ് ആ മഹാപ്രവാചകരുടെ ജീവിതത്തോട് സമരസപ്പെടുക? ഏത് കൂട്ടരാണ് ആ മഹാന്മാരെ ശരിയായ വിധത്തില്‍ സ്‌നേഹിച്ചത്? സംശയമില്ല, നബി ﷺ യുടെ സ്‌നേഹം തന്നെ. കാരണം, ഇബ്‌റാഹീം(അ) പഠിപ്പിച്ച മാര്‍ഗം തനതായ ശൈലിയില്‍ ജീവിതത്തില്‍ പകര്‍ത്തുന്നതും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും നബി ﷺ തന്നെയായിരുന്നു. അവരുടെ മാര്‍ഗം പിന്‍പറ്റുമ്പോഴാണ് നാം അവരെ സ്‌നേഹിക്കുന്നവരാവുക.

മുഹമ്മദ് നബി ﷺ യെ സ്‌നേഹിക്കുന്ന രണ്ടുകൂട്ടരെ നമ്മുടെ നാട്ടില്‍ കാണാം. ഒരു വിഭാഗം നബി ﷺ യെ വിളിച്ചു തേടുന്നവരാണ്. എന്നാല്‍ അതല്ല നബി ﷺ യുടെ മാര്‍ഗമെന്നും പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമെ ആകാവൂ എന്നും, അതാണ് നബി ﷺ നമുക്ക് കാണിച്ചുതന്നത് എന്നും, നബി ﷺ യോട് സ്‌നേഹമുള്ളവര്‍ നബി ﷺ യുടെ മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്നും മറു വിഭാഗം പറയുന്നു. ഇതില്‍ ആരാണ് നബി ﷺ യെ ശരിയായ അര്‍ഥത്തില്‍ സ്‌നേഹിക്കുന്നത്? ഇബ്‌റാഹീം നബി(അ)യെയും ഇസ്മാഈല്‍ നബി(അ)യെയും മക്കയിലെ മുശ്‌രിക്കുകള്‍ സ്‌നേഹിച്ച രൂപവും നബി ﷺ സ്‌നേഹിച്ച രൂപവും താരതമ്യം ചെയ്ത് മനസ്സിലാക്കാവുന്നതേയുള്ളൂ. മര്‍യം ബീവി(അ)യുടെ രൂപവും കഅ്ബക്കുള്ളില്‍ ഉണ്ടായിരുന്നു എന്ന് ബുഖാരി ഉദ്ധരിക്കുന്നതായി കാണാം.

കഅ്ബക്കകത്തെ സര്‍വ വിഗ്രഹങ്ങളെയും പുറത്തേക്ക് കളഞ്ഞതിനുശേഷം നബി ﷺ അതിന്റെ അകത്തേക്ക് പ്രവേശിച്ചു. ശേഷം അതില്‍വെച്ച് രണ്ടു റക്അത് നമസ്‌കരിച്ചു. ശേഷം പുറത്തേക്ക് വന്നു. അന്ന് കഅ്ബയുടെ താക്കോല്‍ മുസ്‌ലിംകളുടെ കൈവശമായിരുന്നില്ല ഉണ്ടായിരുന്നത്; ഉസ്മാന്‍ ഇബ്‌നു ത്വല്‍ഹഃയുടെ അടുത്തായിരുന്നു. കഅ്ബയുടെ അകത്ത് പ്രവേശിക്കുന്നതിനായി അദ്ദേഹത്തില്‍നിന്നും അത് നബി ﷺ വാങ്ങിയിരുന്നു. കഅ്ബയില്‍നിന്നും പുറത്തിറങ്ങിയതിന് ശേഷം താക്കോല്‍ ഉസ്മാന്‍ ഇബ്‌നു ത്വല്‍ഹയെ തന്നെ നബി ﷺ തിരിച്ചേല്‍പിക്കുകയും ചെയ്തു. വേണമെങ്കില്‍ അത് നബി ﷺ യുടെ അധീനത്തില്‍തന്നെ വെക്കാമായിരുന്നു. കാരണം, മക്ക നബി ﷺ ക്ക് അധീനപ്പെട്ടിരിക്കുകയാണ്. എന്നാല്‍ നബി ﷺ തന്റെ വിശ്വസ്തതയും സത്യസന്ധതയും അവിടെയും കാത്തുസൂക്ഷിക്കുകയാണ് ഉണ്ടായത്. കഅ്ബയുടെ താക്കോല്‍ പരമ്പരാഗതമായി ഒരു കുടുംബമായിരുന്നു സൂക്ഷിച്ചു പോന്നിരുന്നത്. അത് ഇന്നും അങ്ങനെത്തന്നെയാണ്. ഉസ്മാന്‍ ഇബ്‌നു ത്വല്‍ഹയുടെ കുടുംബ പരമ്പരയില്‍ പെട്ടവര്‍ തന്നെയാണ് ഇതുവരെയും അതു സൂക്ഷിച്ചുപോന്നിട്ടുള്ളത്.

കഅ്ബയില്‍നിന്നും പുറത്തിറങ്ങിയ നബി ﷺ ബിലാലി(റ)നെ വിളിച്ചുവരുത്തി. കഅ്ബയുടെ മുകളില്‍ കയറി ഉച്ചത്തില്‍ ബാങ്ക് വിളിക്കുവാനായി അദ്ദേഹത്തോട് കല്‍പിച്ചു. ബിലാല്‍(റ) ബാങ്ക് വിളി ആരംഭിച്ചു. മക്കയില്‍ ഉമയ്യതിന്റെ അടിമയായിരുന്ന, കറുത്ത വര്‍ഗക്കാരനായ ബിലാലി(റ)ന് ലഭിച്ച ഒരു വലിയ അംഗീകാരം തന്നെയായിരുന്നു അത്. മഹാനായ ആ സ്വഹാബിയുടെ മാധുര്യമുള്ള ബാങ്കൊലി മക്കയുടെ പരിസരങ്ങളില്‍ പ്രകമ്പനംകൊണ്ടു.

പതിനഞ്ച് ദിവസം നബി ﷺ യും സ്വഹാബിമാരും മക്കയില്‍തന്നെ താമസിച്ചു. ഈ കാലയളവില്‍ ധാരാളം സ്ത്രീകളും പുരുഷന്മാരും കുട്ടികളും നബി ﷺ യെ സമീപിക്കുകയും നബി ﷺ യില്‍ വിശ്വസിക്കുകയും ചെയ്തു. ഞങ്ങള്‍ അല്ലാഹുവിനെ മാത്രമെ ആരാധിക്കുകയുള്ളൂ എന്നും അവനില്‍ ഒരാളെയും പങ്കുചേര്‍ക്കുകയില്ലെന്നും ഞങ്ങള്‍ ഇനി വ്യഭിചരിക്കില്ലെന്നും മോഷണം നടത്തുകയില്ലെന്നും ആരെക്കുറിച്ചും ദുരാരോപണങ്ങള്‍ പറയുകയില്ലെന്നുമൊക്കെ അവര്‍ നബി ﷺ യുടെ മുമ്പാകെ പ്രതിജ്ഞയെടുത്തു. എല്ലാവരും നബി ﷺ ക്ക് അനുസരണപ്രതിജ്ഞ (ബയ്അത്) ചെയ്തു.

ഈ സന്ദഭത്തില്‍ വേറെ ചില ശുദ്ധീകരണങ്ങള്‍ക്ക് കൂടി കല്‍പന പുറപ്പെടുവിച്ചു. കഅ്ബയുടെ അകത്തും ചുറ്റുമുള്ള വിഗ്രഹങ്ങള്‍ മാറ്റി പരിശുദ്ധ ഭവനത്തെ ശുദ്ധിയാക്കിയല്ലോ. മക്കയുടെ പരിസരത്ത് നിലനില്‍ക്കുന്നവയെയും എടുത്തുകളഞ്ഞ് നാടിനെത്തന്നെ ശിര്‍ക്കില്‍നിന്നും ശുദ്ധിയാക്കാനും കല്‍പയായി. അങ്ങനെ മക്കയുടെ അടുത്തുള്ള ബത്വ്‌നു നഖ്‌ല എന്ന സ്ഥലത്ത് ക്വുറയ്ശികള്‍ സ്ഥാപിച്ചിട്ടുള്ള ഉസ്സ, മക്കയില്‍നിന്നും മൂന്ന് മൈല്‍ അകലെയുള്ള ഗോത്രമായിരുന്ന ഹുദയ്ല്‍ ആരാധിച്ചിരുന്നത് സുവാഅ്, കല്‍ബ്-ഖുസാഅ ഗോത്രക്കാര്‍ ആരാധിച്ചിരുന്ന മനാത എന്നീ വിഗ്രഹങ്ങളെയും ഇല്ലാതാക്കുവാന്‍ നബി ﷺ കല്‍പിച്ചു. ഇവയെല്ലാം മരിച്ചുപോയ മഹാന്മാരുടെ പേരിലുള്ള വിഗ്രഹങ്ങളായിരുന്നു.

ഈ വിഗ്രഹങ്ങളെ പറ്റിയാണ് ക്വുര്‍ആന്‍ ഇപ്രകാരം പ്രസ്താവിച്ചത്:

‘‘ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും'' (53: 19,20).

അങ്ങനെ മക്കയെയും പരിസര പ്രദേശങ്ങളെയും എല്ലാ ബഹുദൈവാരാധനാ സമ്പ്രദായങ്ങളില്‍നിന്നും മുക്തമാക്കി.

ഇസ്‌ലാമിന് അധികാരവും ആധിപത്യവും ഉള്ളിടത്ത് ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. പൊക്കിയുയര്‍ത്തപ്പെട്ട എല്ലാ ക്വബ്‌റുകളും നിരപ്പാക്കുവാനും നബി ﷺ കല്‍പന നല്‍കിയിരുന്നു. ക്വബ്റിലുള്ളവരോട് പ്രാര്‍ഥിക്കലും മഹാപാപമായ ശിര്‍ക്കുതന്നെയാണ്.

ആളുകള്‍ ഇസ്‌ലാമിലേക്ക് കൂട്ടം കൂട്ടമായി ഒഴുകാന്‍ തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ നബി ﷺ ക്ക് ക്വുര്‍ആനിലെ സൂറതുന്നസ്‌ർ അവതീര്‍ണമായി:

‘‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍. ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍. നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു'' (110:1-3).

വിനയാന്വിതനയ പ്രവാചകന്‍ പിന്നീട് അല്ലാഹുവിനോട് ധാരാളമായി പാപമോചനം തേടുവാനും പശ്ചാത്തപിച്ചു മടങ്ങുവാനും തുടങ്ങി. ജനങ്ങള്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് വരുന്നത് കാണുമ്പോഴും തന്റെ ഉത്തരവാദിത്തം അവസാനിച്ചു എന്ന് തോന്നിക്കൂടാ. ഈ സ്ഥിതി നബി ﷺ ക്ക് കൈവന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്. അതിനാല്‍ അല്ലാഹുവിനെ ധാരാളം സ്തുതിക്കുവാനും പ്രകീര്‍ത്തിച്ച് നന്ദി കാണിക്കുവാനും അല്ലാഹു നബി ﷺ യോട് കല്‍പിക്കുകയാണ്. ആ കല്‍പന നബി ﷺ പ്രയോഗവത്കരിക്കുകയും ചെയ്തു.

ഈ സൂറത്ത് ഇറങ്ങിയതിനുശേഷം അവിടുന്ന് നമസ്‌കാരത്തില്‍ സുജൂദിലും റുകൂഇലും അല്ലാഹുവിനെ സ്തുതിക്കുകയും പരിശുദ്ധപ്പെടുത്തുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയും ചെയ്യുമായിരുന്നു. സുജൂദിലും റുകൂഇലും അവിടുന്ന് പിന്നീട് ചൊല്ലിയിരുന്നത് ഇപ്രകാരമായിരുന്നു: ‘‘ഞങ്ങളുടെ രക്ഷിതാവേ, നീ എത്ര പരിശുദ്ധന്‍. നിന്നെ സ്തുതിക്കുന്നതോടൊപ്പം (ഞാന്‍ നിന്നെ വാഴ്‌ത്തുന്നു), അല്ലാഹുവേ, നീ എനിക്ക് പൊറുത്തുതരേണമേ'' (ബുഖാരി).

ചരിത്രത്തില്‍ ഇസ്‌ലാമിന് ലഭിച്ച ഏറ്റവും വലിയ ഒരു വിജയമായിരുന്നു മക്കാവിജയം. ഈ വിജയത്തിന്റെ പ്രധാന കാരണം മുമ്പ് ഹുദയ്ബിയയില്‍ വെച്ചുണ്ടാക്കിയ സന്ധിയായിരുന്നു എന്നത് നാം മറന്നുപോകരുത്.