ഖയ്ബര്‍ യുദ്ധം

ഹുസൈന്‍ സലഫി

2021 ജനുവരി 15, 1442 ജുമാദൽ ആഖിർ 12

(മുഹമ്മദ് നബി ﷺ : 55)

നബി ﷺ യുടെ മഹത്ത്വവും പ്രത്യേകതകളും നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു സന്ദര്‍ഭമായിരുന്നു ഖയ്ബര്‍ യുദ്ധം. ധാരാളം കോട്ടകളും കൃഷിസ്ഥലങ്ങളും ഉൾക്കൊള്ളുന്ന ഫലഭൂയിഷ്ടമായ ഒരു പ്രദേശമായിരുന്നു ഖയ്ബര്‍. ജൂതന്മാരുടെ ആവാസകേന്ദ്രം കൂടിയായിരുന്നു അത്.

ഹുദയ്ബിയ സന്ധിക്ക് ശേഷം ക്വുറയ്ശികളില്‍നിന്ന് ഉണ്ടായിരുന്ന ഉപദ്രവങ്ങള്‍ ഇല്ലാതായത് നാം മനസ്സിലാക്കി. എന്നാല്‍ മുസ്‌ലിംകള്‍ക്ക് ഭീഷണിയായി പിന്നീട് ഉണ്ടായിരുന്നത് ഖയ്ബറില്‍ ഉണ്ടായിരുന്ന ജൂതന്മാരായിരുന്നു. മുസ്‌ലിംകളോട് കടുത്ത വഞ്ചനയും കുതന്ത്രങ്ങളും നടത്തിയിരുന്ന ഇക്കൂട്ടര്‍ മുസ്‌ലിംകള്‍ക്കെതിരില്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിടല്‍ പതിവായിരുന്നു. അങ്ങനെ ഒരിക്കല്‍ മുസ്‌ലിംകള്‍െക്കതിരില്‍ അവര്‍ യുദ്ധത്തിന് സംഘടിക്കുന്നത് നബി ﷺ അറിഞ്ഞു. മദീനയിലേക്ക് അവര്‍ പ്രവേശിക്കുന്നതിന് മുമ്പ് അവര്‍ വസിക്കുന്ന ഖയ്ബറിലേക്ക് പോയി അവരുടെ കുതന്ത്രങ്ങളുടെ മുനയൊടിക്കാനായി നബി ﷺ തീരുമാനിച്ചു.

സ്വഹാബിമാരെയും കൂട്ടി ഖയ്ബറിലേക്ക് പോകുന്നതിന് വേണ്ടി നബി ﷺ മദീനയില്‍ ആഹ്വാനം നടത്തി. ഹുദയ്ബിയ സന്ധി കഴിഞ്ഞ് ഏതാണ്ട് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഖയ്ബറിലേക്കുള്ള ഈ പടപ്പുറപ്പാട്.

നബി ﷺ യും അനുചരന്മാരും മക്കയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ വേണ്ടി പോയതാണല്ലോ ഹുദയ്ബിയയില്‍ വെച്ച് മുശ്‌രിക്കുകളുമായി സന്ധിയില്‍ കലാശിച്ചത്. എന്നാല്‍ നബി ﷺ അന്ന് ഉംറക്കായി പുറപ്പെടാന്‍ മദീനയില്‍ വിളംബരം നടത്തിയപ്പോള്‍ പല ആളുകളും പല കാരണങ്ങളും ചൂണ്ടിക്കാണിച്ച് അതിനോട് വിസമ്മതം കാണിച്ചു. മക്കയിലേക്കാണല്ലോ ഉംറക്കായി പോകേണ്ടത്. അവിടെയാണെങ്കില്‍ കേമന്മാരും അക്രമികളുമായ ആളുകളാണ് ഉള്ളത്. അവരുമായി പോരാടേണ്ടി വരുമോ, അങ്ങനെ വന്നാല്‍ ജീവന്‍ അപകടത്തിലാകുമോ എന്ന പേടിയായിരുന്നു അവരുടെ മനസ്സില്‍ ഉണ്ടായിരുന്നതെങ്കിലും മറ്റു പല കാരണങ്ങളായിരുന്നു അവര്‍ പറഞ്ഞിരുന്നത്. മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ വസിക്കുന്ന ഗ്രാമീണ അറബികളായിരുന്നു അവര്‍. അവരുടെ ഹൃദയത്തിലേക്ക് വേണ്ട വിധത്തില്‍ വിശ്വാസം പ്രവേശിച്ചിട്ടില്ലായിരുന്നു.

ഹുദയ്ബിയയിൽ നിന്നും മദീനയിലേക്ക് മടങ്ങി വരുന്ന നബി ﷺ ക്ക് ഉംറ നിര്‍വഹിക്കാതെ മദീനയില്‍ത്തന്നെ ഇരുന്നിരുന്ന ഈ ആളുകളെ സംബന്ധിച്ച് അല്ലാഹു വിവരം നല്‍കിയിരുന്നു.

‘‘ഗ്രാമീണ അറബികളില്‍നിന്ന് പിന്നോക്കം മാറിനിന്നവര്‍ നിന്നോട് പറഞ്ഞേക്കും: ഞങ്ങളുടെ സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യം ഞങ്ങളെ (നിങ്ങളോടൊപ്പം വരാന്‍ പറ്റാത്തവിധം) വ്യാപൃതരാക്കിക്കളഞ്ഞു. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്കു പാപമോചനത്തിനായി പ്രാര്‍ഥിക്കണം. അവരുടെ നാവുകള്‍ കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്. നീ പറയുക: അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്റെ പക്കല്‍നിന്ന് നിങ്ങള്‍ക്കു വല്ലതും അധീനപ്പെടുത്തിത്തരാന്‍ ആരുണ്ട്? അല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നുകയും ചെയ്തു. ദുര്‍വിചാരമാണ് നിങ്ങള്‍ വിചാരിച്ചത്. നിങ്ങള്‍ തുലഞ്ഞ ഒരു ജനവിഭാഗമാകുന്നു'' (ക്വുര്‍ആന്‍  48:11,12).

അവര്‍ ഉംറ നിര്‍വഹിക്കുന്നതിനായി പുറപ്പെടാന്‍ തയ്യാറാകാതിരുന്നതിന്റെ യഥാര്‍ഥ കാരണം നബി ﷺ യെ അല്ലാഹു ഈ സൂക്തങ്ങളിലൂടെ അറിയിച്ചതോടുകൂടി അവരുടെ എല്ലാ ഉള്ളുകള്ളികളും പുറത്തായി.

അന്ന് ഉംറക്ക് പുറപ്പെടാതെ മാറിനിന്ന പലരും ഖയ്ബറിലേക്കുള്ള   യാത്രക്ക് താല്‍പര്യം കാണിച്ചു. മക്കയിലെ ക്വുറയ്ശികള്‍ അടങ്ങിയല്ലോ. അവരില്‍നിന്നുള്ള യുദ്ധമോ മറ്റു പ്രയാസങ്ങളോ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഇപ്പോള്‍ പോകുന്നത് യഹൂദികളിലേക്കാണ്. മുസ്‌ലിംകള്‍ക്കാണെങ്കില്‍ നല്ല ശക്തി കൈവന്ന സമയവുമാണ്. അതിനാല്‍ ഈ യുദ്ധം വിജയിക്കുകതന്നെ ചെയ്യും എന്ന് അവര്‍ കണക്കുകൂട്ടി. ഖയ്ബര്‍ ഫലഭൂയിഷ്ടമായ മണ്ണുള്ള സ്ഥലമാണ്. സമ്പത്ത് കുമിഞ്ഞുകൂടിക്കിടക്കുന്ന ധാരാളം കൊട്ടാരങ്ങളും കോട്ടകളുമുണ്ട് അവിടെ. യുദ്ധത്തില്‍ വിജയിച്ചാല്‍ ധാരാളം യുദ്ധാര്‍ജിത സ്വത്ത് ലഭിക്കുവാന്‍ സാധ്യതയുണ്ട്. അത് മനസ്സിലാക്കി ഇക്കൂട്ടര്‍ നബി ﷺ യോട് ഖയ്ബറിലേക്കുള്ള പുറപ്പാടിന് താല്‍പര്യം കാണിക്കുകയും തിടുക്കം കൂട്ടുകയും ചെയ്തുകൊണ്ടിരുന്നു. അവരെ സംബന്ധിച്ച് അല്ലാഹു പറയുന്നത് നോക്കൂ:

‘‘സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ (യുദ്ധത്തിന്) പോകുകയാണെങ്കില്‍ ആ പിന്നോക്കം മാറിനിന്നവര്‍ പറയും: ഞങ്ങളെ നിങ്ങള്‍ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്റെ വാക്കിന് മാറ്റം വരുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്. നീ പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ അവര്‍ പറഞ്ഞേക്കും; അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്. അങ്ങനെയല്ല. അവര്‍ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു; അല്‍പം മാത്രമല്ലാതെ'' (ക്വുര്‍ആന്‍ 48:15).

മുമ്പ് ഉംറക്ക് പോകാന്‍ മനസ്സ് കാണിക്കാത്ത ഈ ആളുകള്‍ ഖയ്ബറിലേക്ക് പോകാന്‍ അത്യുത്സാഹം കാണിക്കുകയാണ്. എന്നാല്‍ ഹുദയ്ബിയ കരാറില്‍ പങ്കെടുത്തവര്‍ മാത്രമേ ഖയ്ബറിലേക്ക് പുറപ്പെടേണ്ടതുള്ളൂ എന്ന് അല്ലാഹു നബി ﷺ യെ അറിയിച്ചു. ഇത് അല്ലാഹുവിന്റെ തീരുമാനമാണ്. ആ തീരുമാനം മാറ്റി നബി ﷺ യുടെ കൂടെ പുറപ്പെടാനാണ് ഇക്കൂട്ടര്‍ മോഹിക്കുന്നത്. അല്ലാഹുവിന്റെ കല്‍പന പ്രകാരം നബി ﷺ അവരോട് പറഞ്ഞു; നിങ്ങള്‍ ഞങ്ങളെ പിന്തുടരേണ്ടതില്ല. അല്ലാഹു അപ്രകാരം തീരുമാനിച്ചിരിക്കുന്നു.

ഇനി യുദ്ധത്തില്‍ പങ്കെടുത്തതിന്റെ പ്രതിഫലം മോഹിച്ചാണ് അവര്‍ യുദ്ധത്തിന് വരുന്നതെങ്കിലോ, അവരോട് ഇപ്രകാരം പറഞ്ഞു:  ‘‘ഗ്രാമീണ അറബികളില്‍നിന്നും പിന്നോക്കം മാറിനിന്നവരോട് നീ പറയുക: കനത്ത ആക്രമണശേഷിയുള്ള ഒരു ജനവിഭാഗത്തെ നേരിടാനായി നിങ്ങള്‍ വഴിയെ വിളിക്കപ്പെടും. അവര്‍ കീഴടങ്ങുന്നതുവരെ നിങ്ങള്‍ അവരുമായി യുദ്ധം ചെയ്യേണ്ടിവരും. അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്നപക്ഷം അല്ലാഹു നിങ്ങള്‍ക്ക് ഉത്തമമായ പ്രതിഫലം നല്‍കുന്നതാണ്. മുമ്പ് നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞതുപോലെ (ഇനിയും) പിന്തിരിഞ്ഞുകളയുന്നപക്ഷം വേദനയേറിയ ശിക്ഷ അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതുമാണ്'' (ക്വുര്‍ആന്‍ 48:16).

അല്ലാഹുവിന്റെ റസൂലിന്റെ കൂടെ അനുസരണയോടെ നിന്നവരായിരുന്നല്ലോ ഹുദയ്ബിയ സന്ധിയില്‍ പങ്കെടുത്തിരുന്ന സ്വഹാബിമാര്‍. അതിനാല്‍ അവര്‍ മാത്രമെ ഖയ്ബറിലേക്കുള്ള ഈ പുറപ്പാടില്‍ ഉണ്ടാകാവൂ എന്നതാണ് അല്ലാഹുവിന്റെ നിശ്ചയം. അതോടൊപ്പം ഇത്രകൂടി അറിയിച്ചു; ഖയ്ബറിലേക്ക് പുറപ്പെടാം. പക്ഷേ, സമരാര്‍ജിത സമ്പത്ത് ഹുദയ്ബിയയില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ്.

മദീനയില്‍നിന്നും നബി ﷺ യുടെ നേതൃത്വത്തില്‍ മുസ്‌ലിം സൈന്യം ഖയ്ബറിലേക്ക് പുറപ്പെടാന്‍ തയ്യാറായി. ഈ വിവരം ഖയ്ബറിലെ ജൂതന്മാര്‍ക്ക് മദീനയിലെ ഒരു കൂട്ടര്‍ തന്ത്രപരമായി എത്തിച്ചു. ആരായിരിക്കും അവര്‍? അബ്ദുല്ലാഹിബ്‌നു സബഇന്റെ ആളുകള്‍ അഥവാ കപടവിശ്വാസികള്‍ !  ജൂതന്മാരുടെ സഖ്യകക്ഷിയായിരുന്നു അറബി ഗോത്രക്കാരായ ഗ്വത്ഫാന്‍ ഗോത്രം. അവരോട് യഹൂദികള്‍ സഹായം അഭ്യര്‍ഥിച്ചു. അത് ഗ്വത്ഫാന്‍ ഗോത്രം സ്വീകരിച്ചു.

നബി ﷺ യുടെ നേതൃത്വത്തില്‍ വന്‍സൈന്യം ഖയ്ബറിലേക്ക് എത്തി. മുസ്‌ലിം സൈന്യത്തെ കണ്ട ഗ്വത്ഫാന്‍ ഗോത്രം പേടിച്ച് അന്ധാളിച്ച് പിന്മാറുകയായിരുന്നു. ഗ്വത്ഫാന്‍ ഗോത്രം യഹൂദികള്‍ക്ക് സഹായം നല്‍കുവാനോ നബി ﷺ ക്ക് എതിരെ പോരാടുവാനോ കൂട്ടാക്കിയതേയില്ല. ഹുദയ്ബിയയില്‍ വെച്ച് ഉണ്ടായിട്ടുള്ള കരാറിനെപ്പറ്റി ശരിക്കും മനസ്സിലാക്കിയവരായിരുന്നല്ലോ ഗ്വത്ഫാന്‍ ഗോത്രം. അതിനാല്‍ അവര്‍ക്ക് മുസ്‌ലിംകളുടെ ശക്തിയും സ്വാധീനവും നന്നായി അറിയാമായിരുന്നു.

നബി ﷺ യും സ്വഹാബിമാരും ഖയ്ബറിനെ ലക്ഷ്യമാക്കി നീങ്ങി. നബി ﷺ ഒരു പ്രദേശത്തേക്ക് യാത്ര പുറപ്പെടുമ്പോള്‍ അതിന് തൊട്ടു സമീപത്തുള്ള പ്രദേശത്തായിരുന്നു രാത്രി താമസിച്ചിരുന്നത്. ഈ യാത്രയിലും അപ്രകാരം തന്നെ ചെയ്തു. ഖയ്ബറിന്റെ സമീപത്ത് മുസ്‌ലിം സൈന്യം രാത്രി താമസിച്ചു. പിറ്റേന്ന് ഫ്ജ്‌റ് നമസ്‌കാരത്തിന് ശേഷം സൈന്യം ഖയ്ബറിലേക്ക് യാത്ര പുറപ്പെട്ടു. തുടര്‍ന്ന് യഹൂദികള്‍ താമസിക്കുന്നിടത്തേക്ക് സൈന്യം ഇരച്ചുകയറി. മുസ്‌ലിം സൈന്യത്തിന്റെ ഇപ്രകാരമുള്ള വരവ് യഹൂദികള്‍ വിചാരിച്ചിരുന്നില്ല. പതിവുപോലെ യഹൂദികള്‍ രാവിലെ അവരുടെ തോട്ടങ്ങളിലേക്ക് കൈക്കോട്ടും പിക്കാസുമെല്ലാമായി കൃഷിപ്പണിക്കായി ഇറങ്ങിയിരുന്നു. ആ സമയത്താണ് അവര്‍ നബി ﷺ യെയും അനുചരന്മാരെയും കാണുന്നത്. അക്ഷരാര്‍ഥത്തില്‍ അവര്‍ ഞെട്ടി. അവര്‍ പറഞ്ഞു: ‘മുഹമ്മദ്! അല്ലാഹുവാണെ സത്യം... മുഹമ്മദും മഹാസൈന്യവും!' പേടിച്ചരണ്ട യഹൂദികള്‍ അവരുടെ കോട്ടകളിലേക്ക് ഓടിയൊളിച്ചു. അവയിലായിരുന്നു അവരുടെ സ്വര്‍ണവും വെള്ളിയും കാര്‍ഷികോല്‍പന്നങ്ങളും ആയുധങ്ങളുമെല്ലാം. എല്ലാവിധത്തിലും സുശക്തമായ കോട്ടകളായിരുന്നു അവ. അവരുടെ കോട്ടകളില്‍ പ്രധാനപ്പെട്ടവ നാഇമ്, നത്വാത്, സ്വഅ്ബ്, ക്വമൂസ്വ് എന്നിവയായിരുന്നു. ഈ കോട്ടകളിലേക്ക് മുസ്‌ലിം സൈന്യം ഇരച്ചുകയറി. ഓരോ കോട്ടയും മുസ്‌ലിം സൈന്യം കീഴടക്കി. കോട്ടകളില്‍ ഉണ്ടായിരുന്ന യഹൂദികളെ സൈന്യം ബന്ദികളാക്കി. ശക്തമായി ചെറുത്തുനിന്ന ആളുകളോട് പോരാടേണ്ടി വന്നു.

ഒരു പാറക്കുന്നിന്റെ മുകളില്‍ നിലകൊള്ളുന്ന ഒരു സുശക്തമായ കോട്ടക്കു ചുറ്റും കല്ലുകള്‍ കൊണ്ടുണ്ടാക്കിയ ഉയര്‍ന്ന മതിലുകള്‍ ഉണ്ടായിരുന്നു. അത് കീഴടക്കുക മുസ്‌ലിംകള്‍ക്ക് പ്രയാസമായിരുന്നു. അത് കീഴടക്കുവാന്‍ അവര്‍ക്ക് വലിയ ത്യാഗം സഹിക്കേണ്ടി വന്നു. അവസാനം അലി(റ)യുടെ നേതൃത്വത്തില്‍ ആ കോട്ടയും സൈന്യം കീഴടക്കി. തലേദിവസം ഇപ്രകാരം ഒരു സംഭവം നടന്നിരുന്നു:

സലമത് ഇബ്‌നുല്‍ അക്‌വഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘‘ഖയ്ബറില്‍ നബി ﷺ യില്‍ നിന്നും അലി(റ) അധികാരം സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ കൈയിലായിരുന്നു പതാക. അങ്ങനെ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ ല്‍നിന്ന് അധികാരം ഏറ്റടുത്തു.' അങ്ങനെ അലി(റ) പുറപ്പെടുകയും നബി ﷺ യുമായി ചേരുകയും ചെയ്തു. അങ്ങനെ അത് വിജയിച്ചടക്കിയ രാത്രിയുടെ വൈകുന്നേരം (വിജയം പ്രഭാതത്തിലായിരുന്നു) ആയപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘‘നാളെ ഞാന്‍ (ഈ) പതാക ഒരാള്‍ക്ക് നല്‍കുക-അല്ലെങ്കില്‍ നബി ﷺ പറഞ്ഞത്: അദ്ദേഹം സ്വീകരിക്കുക- തന്നെ ചെയ്യുന്നതാണ്. അദ്ദേഹത്തെ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുകയും ചെയ്യുന്നതാണ്.'' അല്ലെങ്കില്‍ നബി ﷺ പറഞ്ഞത് (ഇപ്രകാരമാണ്): ‘അദ്ദേഹം അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഇഷ്ടപ്പെടുന്നതാണ്, അല്ലാഹു അദ്ദേഹത്തിലൂടെ വിജയം നല്‍കുകയും ചെയ്യുന്നതാണ്.' അങ്ങനെ ഞങ്ങള്‍ അലിയുടെ അടുക്കലാണ്. ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നവരുമായിരുന്നു. അങ്ങനെയിരിക്കവെ അവര്‍ പറഞ്ഞു: ‘ഇതാ, അലി' എന്നിട്ട് അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിന് അത് നല്‍കി. അങ്ങനെ അല്ലാഹു അദ്ദേഹത്തിലൂടെ വിജയം നല്‍കി.'' (ബുഖാരി)

‘‘അങ്ങനെ ജനങ്ങള്‍ അവരില്‍ ആര്‍ക്കാണ് അത് നല്‍കുക എന്ന് രാത്രി ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. നേരം പുലര്‍ന്നപ്പോള്‍ അവര്‍ എല്ലാവരും അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുത്തേക്ക് എത്തി. അവര്‍ എല്ലാവരും അത് തനിക്ക് നല്‍കപ്പെടുമെന്ന് പ്രതീക്ഷിച്ചു. അങ്ങനെ (അവിടുന്ന്) ചോദിച്ചു: ‘അലിയ്യ് ഇബ്‌നു അബീത്വാലിബ് എവിടെ?' അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് വേദനയാണ്.' നബി ﷺ പറഞ്ഞു: ‘എങ്കില്‍ അദ്ദേഹത്തിലേക്ക് ആളെ അയക്കുകയും അദ്ദേഹത്തെയും കൂട്ടി എന്റെ അടുത്ത് വരികയും ചെയ്യൂ.' അദ്ദേഹം വന്നപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ അവിടുന്ന് ഉമിനീര്‍ പുരട്ടുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന് ഒട്ടും വേദനയില്ലാത്ത വിധം സുഖപ്പെട്ടു. എന്നിട്ട് നബി ﷺ അദ്ദേഹത്തിന് പതാക നല്‍കുകയും ചെയ്തു. അപ്പോള്‍ അലി(റ) പറഞ്ഞു: ‘‘അല്ലാഹുവിന്റെ റസൂലേ, അവര്‍ നമ്മളെപ്പോലെ ആകുന്നതുവരെ ഞാന്‍ അവരോട് പോരാടണമോ?'' അപ്പോള്‍ നബി ﷺ പറഞ്ഞു: ‘‘താങ്കള്‍ അവരുടെ മുറ്റത്ത് ഇറങ്ങുന്നതുവരെ അവരിലേക്ക് സാവധാനത്തില്‍ ചെല്ലുക. പിന്നീട് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും അവരുടെമേല്‍ നിര്‍ബന്ധമായിട്ടുള്ള അല്ലാഹുവിന്റെ അവകാശത്തെപ്പറ്റി അറിയിക്കുകയും ചെയ്യുക. അല്ലാഹുവാണെ സത്യം, നിന്നെക്കൊണ്ട് ഒരാളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുന്നത് നിനക്ക് ചുവന്ന ഒട്ടകം ഉണ്ടാകുന്നതിനെക്കാളും ഉത്തമമാകുന്നു'' (ബുഖാരി).

അന്യായമായി യുദ്ധം ചെയ്തും പോരാടിയും കൊന്നൊടുക്കിയുമാണ് ഇസ്‌ലാം ലോകത്ത് പ്രചരിച്ചത് എന്ന് ഇസ്‌ലാമിന്റെ ചരിത്രം അറിയാതെയും വസ്തുതകള്‍ മൂടിവെച്ചും ജനങ്ങള്‍ക്കിടയില്‍ തെറ്റുധാരണ പരത്തുന്ന കുബുദ്ധികള്‍ ധാരാളമുണ്ട്. അവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ചരിത്രം. അലി(റ)യോട് നബി ﷺ കല്‍പിച്ചത് അവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞുകൊടുക്കുവാനും അല്ലാഹുവിനോടുള്ള അവരുടെ ഉത്തരവാദിത്തം അറിയിക്കുവാനുമാണ്. ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത് പോലെയായിയിരുന്നെങ്കില്‍ നബി ﷺ അലി(റ)യോട് ശത്രുക്കളെ ആദ്യംതന്നെ വകവരുത്താന്‍ കല്‍പിക്കുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നബി ﷺ അതിന് അനുവാദം നല്‍കുകയല്ല ചെയ്തത്.

അങ്ങനെ അലി(റ) നബി ﷺ യുടെ ഉപദേശ പ്രകാരം ഖയ്ബര്‍ കോട്ടയിലേക്ക് പ്രവേശിച്ചു. പിന്നീട് ശക്തമായ പോരാട്ടം നടന്നു. അവസാനം, അവരിലെ ഏറ്റവും വലിയ ആരോഗ്യവാനും ധീരനുമായ മിര്‍ഹബിനെ അലി(റ) വധിച്ചു. അവനായിരുന്നു യഹൂദികളുടെ നേതാവും. നേതാവ് വധിക്കപ്പെട്ടതോടെ യഹൂദികള്‍ പതറി. വീണ്ടും അവര്‍ അവരുടെ കോട്ടകളിലേക്ക് കയറി. മുസ്‌ലിംകള്‍ അലി(റ)യുടെ നേതൃത്വത്തില്‍ ഓരോ കോട്ടയിലേക്കും ഇരച്ചു കയറുകയും ഓരോന്നായി കീഴടക്കുകയും ചെയ്തു. അങ്ങനെ എല്ലാ കോട്ടകളും മുസ്‌ലിംകള്‍ക്ക് അധീനപ്പെട്ടു. ഖയ്ബര്‍ പരിപൂര്‍ണമായി മുസ്‌ലിംകള്‍ ജയിച്ചടക്കുകയും ചെയ്തു. ഖയ്ബറുകാരായ തൊണ്ണൂറ്റി മൂന്ന് പേര്‍ വധിക്കകപ്പെട്ടു. മുസ്‌ലിംകളില്‍നിന്ന് പതിനഞ്ച് പേര്‍ രക്തസാക്ഷികളായി.

ഖയ്ബറില്‍ മുസ്‌ലിംകള്‍ വിജയിച്ചു. ഖയ്ബറി ലെ യഹൂദികള്‍ കീഴടങ്ങി. ഖയ്ബറില്‍നിന്ന് പുറത്ത് പോകാന്‍ നബി ﷺ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. അങ്ങനെ അവര്‍ നബി ﷺ യോട് ഒരു വ്യവസ്ഥ വെച്ച് ഖയ്ബര്‍ തങ്ങള്‍ക്ക് വിട്ടുനല്‍കണം എന്ന് ആവശ്യപ്പെട്ടു.

‘‘മുഹമ്മദേ, ഞങ്ങള്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവരാണ്. ഈ മണ്ണില്‍ കൃഷി ചെയ്ത് ഇവിടെ തന്നെ ജീവിക്കുന്നവരുമാണ്. ഇതല്ലാത്ത ഒരു ജോലി ഞങ്ങള്‍ക്ക് അറിയുകയുമില്ല. അതിനാല്‍ ഞങ്ങളെ ഇവിടെനിന്നും നീ പുറത്താക്കരുത്. ഈ ഭൂമിയില്‍ കൃഷി ചെയ്ത് നന്നാക്കി ഇവിടെത്തന്നെ ഞങ്ങള്‍ കഴിഞ്ഞു കൊള്ളാം. അതിന് നീ ഞങ്ങളെ സമ്മതിക്കണം. ഈ ഭൂമി ഏെറ്റടുത്ത് ഞങ്ങളെ പോലെ കൃഷി ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. നിങ്ങള്‍ക്ക് അത് വശമില്ലാത്ത ജോലിയുമാണ്. ഖയ്ബറിലെ മണ്ണിനെക്കുറിച്ചും അതിലെ കൃഷിരീതിയെക്കുറിച്ചും നിങ്ങളെക്കാള്‍ അറിവ് ഞങ്ങള്‍ക്കാണല്ലോ. ഇപ്പോള്‍ ഈ ഭൂമി നിങ്ങളുടേതാണ്. അതിനാല്‍ നിങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഇവിടെ കൃഷി ചെയ്തു ജീവിച്ചുകൊള്ളാം. അതില്‍നിന്നും ലഭിക്കുന്ന ഉല്‍പന്നത്തില്‍നിന്ന് പകുതി നിങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുന്നതുമാണ്.'' ഇതായിരുന്നു അവര്‍ നബി ﷺ യുടെ മുമ്പില്‍ വെച്ച വ്യവസ്ഥ. ഈ വ്യവസ്ഥ നബി ﷺ അംഗീകരിച്ചുകൊടുക്കുകയാണ് ചെയ്തത്.

അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ)ക്ക് അവിടത്തെ ഉത്തരവാദിത്തം നബി ﷺ നല്‍കി. ഓരോ വര്‍ഷവും അവിടെ ചെന്ന് യഹൂദികള്‍ കരാര്‍ ചെയ്ത തുപോലെ മുസ്‌ലിംകള്‍ക്കുള്ള വിഹിതവും അവര്‍ക്കുള്ള വിഹിതവും        വെവ്വേറെയാക്കുക എന്നതായിരുന്നു അദ്ദേഹത്തിന് നബി ﷺ നല്‍കിയ നിര്‍ദേശം.എന്നാല്‍ ഉല്‍പന്നത്തില്‍നിന്നും മുസ്‌ലിംകള്‍ക്ക് നല്‍കേണ്ടുന്ന വിഹിതം പൂര്‍ണമായി വിട്ടുകൊടുക്കാന്‍ യഹൂദികള്‍ വൈമനസ്യം കാണിച്ചു. അതിന് അവര്‍ ഒരു കുതന്ത്രം കണ്ടു. അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ)യെ സ്വാധീനിക്കുക. അങ്ങനെ അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ)യെ  സ്വാധീനിക്കാന്‍ യഹൂദികള്‍ ശ്രമം നടത്തി. ധാരാളം കൈക്കൂലി നല്‍കിയിട്ടായിരുന്നു അവര്‍ അദ്ദേഹത്തെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിച്ചത്. മദീനയില്‍ പ്രവാചകന് തങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങളെ സംബന്ധിച്ച് നല്‍കുന്ന വിവരത്തില്‍ അല്‍പം കുറവ് വരുത്താന്‍ അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മഹാനായ സ്വഹാബി പ്രവാചകന് കൈമാറുന്ന വിവരമാണല്ലോ അറിയുക. അതിനാല്‍ ആ കണക്കില്‍ കുറവ് കാണിച്ചാല്‍ യഹൂദികള്‍ക്ക് അത്രയും ലഭിക്കുമല്ലോ. അതിന് എന്താണോ താങ്കള്‍ക്ക് വേണ്ടത് അത് ഞങ്ങള്‍ നല്‍കാം എന്ന് അവര്‍ അദ്ദേഹത്തോട് പറഞ്ഞു. വിശ്വസ്തതയും നീതിയും പ്രവാചകനില്‍നിന്നും പഠിച്ചിട്ടുള്ള അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ) അവര്‍ക്ക് ഇപ്രകാരം മറുപടി നല്‍കി:

‘‘അല്ലാഹുവിന്റെ ശത്രുക്കളേ, നിങ്ങള്‍ എന്നെ അധര്‍മം തീറ്റിക്കുകയാണോ? അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും ജനങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളയാളുടെ അടുക്കല്‍നിന്നാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നിട്ടുള്ളത്. (നിങ്ങളുടെ ഈ പ്രവര്‍ത്തനത്താല്‍) കുരങ്ങുകളെക്കാളും പന്നികളെക്കാളും എനിക്ക് ഏറ്റവും കൂടുതല്‍ വെറുപ്പുള്ളവരാണ് നിങ്ങള്‍. നിങ്ങളോടുള്ള എന്റെ കോപമോ അവിടുത്തോടുള്ള എന്റെ ഇഷ്ടമോ നിങ്ങളോട് നീതി കാണിക്കാതിരിക്കുന്നതിന് എന്നെ പ്രേരിപ്പിക്കാതിരിക്കട്ടെ.'' അപ്പോള്‍ അവര്‍ പറഞ്ഞു: ‘‘ഇതുകൊണ്ടാണ് ആകാശഭൂമികള്‍ നിലനില്‍ക്കുന്നത്.'' (താരീഖുല്‍ ഇസ്‌ലാം).

ഈ സ്വഹാബിവര്യന്റെ വാക്കുകളില്‍നിന്ന് ഇസ്‌ലാമിന്റെ നീതിനിഷ്ഠയെക്കുറിച്ച് മനസ്സിലാക്കിയ യഹൂദികള്‍ അത് അംഗീകരിക്കുകയും ആകാശഭൂമികളുടെ നിലനില്‍പ്പ് പോലും ഈ നീതിയുടെ അടിസ്ഥാനത്തിലാണെന്ന് പറയാന്‍ അത് കാരണമാവുകയും ചെയ്തു.                            (തുടരും)