പ്രവാചകന്റെ വിവാഹങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 മെയ് 28, 1442 ശവ്വാൽ 26

(മുഹമ്മദ് നബി ﷺ 74)

ഹഫ്‌സ ബിൻത് ഉമർ(റ)

നബി ﷺ നാലാമതായി വിവാഹം ചെയ്ത മഹതിയാണ് ഹഫ്‌സ(റ). അബൂബക്ർ(റ) കഴിഞ്ഞാൽ പിന്നീട് നബി ﷺ ക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന ഉമറുബ്‌നുൽ ഖത്ത്വാബി(റ)ന്റെ മകളാണ് മഹതി. നബി ﷺ അവരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഖുനയ്‌സ് ഇബ്‌നു ഖുദാഫ(റ) അവരെ വിവാഹം ചെയ്തിരുന്നു. ഇസ്‌ലാമിന്റെ ആദ്യനാളുകളിൽ മുന്നണിപ്പോരാളിയായിരുന്നു ഖുനയ്‌സ്(റ). ഹഫ്‌സ(റ)ക്ക് പതിനെട്ടു വയസ്സ് പ്രായമുള്ളപ്പോൾ ഭർത്താവ് മരണപ്പെട്ടു.

ഖുനയ്‌സ് ഇബ്‌നു ഖുദാഫ(റ) അബിസീനിയയിലേക്കും മദീനയിലേക്കുമുള്ള ഹിജ്‌റയിൽ പങ്കെടുത്ത മഹാനാണ്. ബദ്ർ യുദ്ധത്തിലും ഉഹ്ദ് യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഉഹ്ദ് യുദ്ധത്തിൽ ഏറ്റ പരിക്കിന്റെ ഫലമായാണ് അദ്ദേഹം മരണപ്പെട്ടത്. ഇതേ സന്ദർഭത്തിൽ തന്നെയായിരുന്നു ഉസ്മാന്റെ(റ) ഭാര്യയും നബി ﷺ യുടെ പുത്രിയുമായ റുക്വിയ്യ(റ)യുടെ മരണവും. മകളുടെ ഭർത്താവ് മരണപ്പെട്ടതിൽ വിഷമിച്ചിരിക്കുകയായിരുന്നു ഉമർ(റ). യുവതിയായ മകൾ വിധവയായി. തന്റെ മകളെ ഇനി ആര് വിവാഹം ചെയ്യുമെന്ന് ആലോചിച്ച് വിഷമിച്ചിരിക്കുകയാണ് പിതാവ് ഉമർ(റ). ആ സന്ദർഭത്തിൽ ഉമർ(റ) മകൾ ഹഫ്‌സയെ ഉസ്മാൻ(റ)വിനോട് വിവാഹാന്വേഷണം നടത്തി. ഉസ്മാൻ(റ) അതിനു മുന്നോട്ടു വന്നില്ല. അബൂബക്‌റി(റ)നോടും അദ്ദേഹം വിവാഹാന്വേഷണം നടത്തി. അദ്ദേഹവും തയ്യാറായില്ല. അബൂബക്ർ(റ) അദ്ദേഹത്തെ ഇപ്രകാരം ആശ്വസിപ്പിച്ചു: ‘ഹഫ്‌സയെ ഉസ്മാനെക്കാൾ ഉത്തമനായ ഒരാൾ വിവാഹം ചെയ്യുന്നതാണ്. ഹഫ്‌സയെക്കാൾ ഉത്തമയായ ഒരാളെ ഉസ്മാനും വിവാഹം ചെയ്യുന്നതാണ്.’

അതെ, അബൂബക്ർ(റ) പറഞ്ഞതുപോലെതന്നെ നടന്നു. ഉസ്മാൻ(റ) നബി ﷺ യുടെ മറ്റൊരു മകളായ ഉമ്മുകുൽസൂമിനെയും നബി ﷺ ഹഫ്‌സ(റ)യെയും വിവാഹം ചെയ്തു. നബി ﷺ യുടെ രണ്ട് പുത്രിമാരെ വിവാഹം ചെയ്തതിനാൽ ‘ദുന്നൂറയ്ൻ’ എന്ന അപരനാമത്തിലാണ് ഉസ്മാൻ(റ) അറിയപ്പെട്ടത്. ഉമ്മുകുൽസൂമും അൽപകാലശേഷം മരണപ്പെട്ടു. ഉസ്മാൻ(റ)വിനെ നബി ﷺ ആശ്വസിപ്പിച്ചു. എന്നിട്ട് ഇപ്രകാരം അവിടുന്ന് പറയുകയും ചെയ്തു: ‘ഉസ്മാൻ, താങ്കൾക്ക് വിവാഹം ചെയ്തുതരാൻ മറ്റൊരു മകൾ എനിക്കുണ്ടായിരുന്നെങ്കിൽ അവളെയും ഞാൻ താങ്കൾക്ക് വിവാഹം ചെയ്തു തരുമായിരുന്നു.’

ഹഫ്‌സ(റ)യെ വിവാഹം ചെയ്യുന്നതിനായി ഉമർ(റ) അബൂബക്‌റി(റ)നെ ആദ്യം സമീപിച്ചതായി പറഞ്ഞുവല്ലോ. എന്നാൽ അദ്ദേഹം അതിന് അനുമതി നൽകാത്തതിന്റെ കാരണം; നബി ﷺ ഹഫ്‌സ(റ)യെ വിവാഹം ചെയ്യുന്നതിനെ പറ്റി സംസാരിക്കുന്നത് അദ്ദേഹം കേട്ടിരുന്നു എന്നതാണ്. നബി ﷺ ഹഫ്‌സ(റ)യെ വിവാഹം ചെയ്യുന്നില്ലെങ്കിൽ അബൂബക്ർ(റ) അതിന് ഒരുക്കവുമായിരുന്നു എന്ന് ഉമറി(റ)നോട് പിന്നീട് അദ്ദേഹം തന്നെ പറയുകയും ചെയ്തിരുന്നു.

അങ്ങനെ ഇസ്‌ലാമിന് വേണ്ടി ആത്മാർപ്പണം ചെയ്ത ഖുനയ്‌സി(റ)നോടുള്ള കടപ്പാട് നിർവഹിക്കപ്പെടുകയും ഹഫ്‌സ(റ) വൈധവ്യത്തിൽനിന്ന് മോചിതയാവുകയും ചെയ്തു.

ഒരു ശഅ്ബാൻ മാസത്തിലായിരുന്നു നബി ﷺ യും ഹഫ്‌സ(റ)യും തമ്മിലുള്ള വിവാഹം നടന്നത്.അന്ന് നബി ﷺ ക്ക് നിലവിൽ രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ആഇശ(റ)യും പ്രായം ചെന്ന സൗദ(റ)യും. ആഇശ(റ)യും ഹഫ്‌സ(റ)യും യുവതികളായിരുന്നു. അതിനാൽതന്നെ അവർക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉമർ(റ) നേരത്തെ മനസ്സിലാക്കി. ആഇശയുമായി ഒരിക്കലും തർക്കത്തിന് പോകരുതെന്ന് എപ്പോഴും ഉമർ(റ) മകളെ ഉപദേശിക്കുമായിരുന്നു. ആഇശ (റ)ക്ക് നബി ﷺ യുടെ മനസ്സിൽ ഒരു സ്ഥാനമുണ്ട്.

ഒരിക്കൽ എല്ലാ ഭാര്യമാരും തമ്മിൽ നബി ﷺ യുടെ മുന്നിൽവെച്ച് ചെറിയ ഒരു പ്രശ്‌നമുണ്ടായി. എല്ലാവരും നബി ﷺ യുടെ മുന്നിൽ ഇരിക്കുന്നു. നബി ﷺ യിൽനിന്ന് വേണ്ടത്ര സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്നതായിരുന്നു അവരുടെ പരാതി. കിടക്കാൻ വേണ്ടത്ര സൗകര്യമില്ല, ഭക്ഷണമില്ല... അങ്ങനെയുള്ള ഇല്ലായ്മയുടെ പരാതി. ഇപ്പോൾ ഉള്ളതിനെക്കാളും മെച്ചപ്പെട്ട സൗകര്യങ്ങൾ ഞങ്ങൾക്ക് ലഭിക്കണം എന്നതായിരുന്നു എല്ലാവരുടെയും ആവശ്യം. നബി ﷺ ക്ക് ഇത് വിഷമമായി. അങ്ങനെയിരിക്കെയാണ് അബൂബക്ർ, ഉമർ(റ) എന്നിവർ നബി ﷺ യുടെ സന്നിധിയിലേക്ക് വരുന്നത്. അബൂബക്‌റി(റ)ന്‌ വിവരമറിഞ്ഞപ്പോൾ ദേഷ്യം വന്നു. മകളായ ആഇശ(റ)യെ പിടിച്ച് അടിക്കാൻ ഒരുങ്ങി. ഉമറി(റ)ന് അതിലേറെ ദേഷ്യം. അദ്ദേഹം മകളായ ഹഫ്‌സ(റ)യെ അടിക്കാൻ ഒരുങ്ങി. നബി ﷺ ഇരുവരെയും പിന്തിരിപ്പിച്ചു. നബി ﷺ പറഞ്ഞു: ‘അവർ എന്നോട് കൂടുതൽ സൗകര്യങ്ങളാണല്ലോ ആവശ്യപ്പെടുന്നത്. അതാകട്ടെ എന്റെ പക്കൽ ഇല്ലതാനും.’ അബൂബക്‌റും(റ) ഉമറും(റ) കരഞ്ഞുകൊണ്ട് മക്കളെ ഗുണദോഷിച്ചു. ഇരുവരും നബി ﷺ യോട് പറഞ്ഞു: ‘നബിയേ, ഇവരെ എല്ലാവരെയും അങ്ങ് ഒഴിവാക്കൂ. ഇവരെക്കാളും സഹനവും ക്ഷമയുമുള്ള സ്ത്രീകളെ അല്ലാഹു നിങ്ങൾക്ക് നൽകുന്നതാണ്.’

ഈ വിഷയത്തിൽ ക്വുർആൻ സൂക്തം അവതരിപ്പിക്കപ്പെട്ട കാര്യം നാം മുമ്പ് വിവരിച്ചിട്ടുണ്ട്. അവസാനം ഭാര്യമാർ തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്മാറുകയും നബി ﷺ യോട് മാപ്പ് ചോദിക്കുകയും ചെയ്തു.

നബി ﷺ ഹഫ്‌സ(റ)യോട് ഒരു രഹസ്യം പങ്കുവെച്ചു. അത് ഹഫ്‌സ(റ) മറ്റു ഭാര്യമാർക്കിടയിൽ പരസ്യമാക്കി. അതിന്റെ ഫലമായി ആഇശ(റ)യും ഹഫ്‌സ(റ)യും തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടായി. ഹഫ്‌സ(റ)യുടെ ഈ പ്രവൃത്തി കാരണത്താൽ നബി ﷺ അവരെ ത്വലാക്വ് ചെയ്തു എന്നാണ് ചരിത്രം പറയുന്നത്. പക്ഷേ, പെെട്ടന്നുതന്നെ തിരിച്ചെടുക്കുകയും ചെയ്തു. ഹഫ്‌സ(റ)ക്ക് തന്നിൽനിന്നും ഉണ്ടായ വീഴ്ചയിൽ ഖേദം ഉണ്ടാകുകയും നബി ﷺ യോട് മാപ്പ് ചോദിക്കുകയും ചെയ്തു.

ധാരാളം സുന്നത്ത് നോമ്പുകൾ അനുഷ്ഠിച്ചിരുന്നു ഹഫ്‌സ(റ). അതിനാൽ മഹതി ‘സ്വവ്വാമ’ (കൂടുതൽ നോമ്പെടുക്കുന്നവൾ) എന്ന പേരിൽ അറിയപ്പെട്ടിരുന്നതായി ചരിത്രത്തിൽ കാണാം. അതുപോലെ രാത്രി ധാരാളം സമയം നമസ്‌കാരത്തിൽ കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു. ഇസ്‌ലാമിക കാര്യങ്ങളെ സംബന്ധിച്ച് ഹഫ്‌സ(റ)ക്ക് വലിയ പാണ്ഡിത്യവും ഉണ്ടായിരുന്നു. സഹോദൻ അബ്ദുല്ലാഹ് ഇബ്‌നു ഉമർ(റ) പലപ്പോഴും മഹതിയോട് മതകാര്യങ്ങൾ ചോദിച്ചറിയുമായിരുന്നു.

നബി ﷺ യുടെ കാലശേഷം അബൂബക്‌റി(റ)ന്റെ ഭരണകാലത്ത് ചരിത്രപ്രസിദ്ധമായ ക്വുർആൻ ക്രോഡീകരണം നടന്നു. ആ മുസ്വഹഫിന്റെ പകർപ്പ് സൂക്ഷിക്കാനായി അബൂബക്ർ(റ) ഹഫ്‌സ(റ)യെയായിരുന്നു തെരഞ്ഞടുത്തിരുന്നത്. ഉസ്മാന്റെ(റ) ഭരണകാലത്ത് വിവിധ നാടുകളിലേക്ക് ക്വുർആനിന്റെ പകർപ്പ് അയക്കാനായി മഹതിയിൽനിന്ന് ആ ക്വുർആനിന്റെ പകർപ്പ് വാങ്ങുകയുണ്ടായി. അങ്ങനെ ഉസ്മാൻ(റ) അതിന്റെ പകർപ്പുകൾ എടുക്കുകയും വിവിധ നാടുകളിലേക്ക് അയക്കുകയും ചെയ്തു. വീണ്ടും ആ കോപ്പി ഉസ്മാൻ(റ) ഹഫ്‌സ(റ)യെ ഏൽപിക്കുകയും ചെയ്തു. പിന്നീട് മദീനാ ഗവർണറായിരുന്ന മർവാൻ ഹഫ്‌സ(റ)യോട് ആ കോപ്പി ആവശ്യപ്പെടുകയുണ്ടായി. പക്ഷേ, മഹതി നൽകിയില്ല. മഹതിയുടെ മരണശേഷം സഹോദന്റെ പക്കൽനിന്നാണ് മർവാൻ അത് വാങ്ങിയതെന്നും പിന്നീട് അതിന് എന്താണ് സംഭവിച്ചതെന്നും അറിയാൻ സാധിച്ചിട്ടില്ല. അങ്ങനെ അത് നഷ്ടപ്പെടുകയാണ് ഉണ്ടായത്. പക്ഷേ, അപ്പോഴേക്കും മുസ്വ്ഹഫിന്റെ തനതായ ധാരാളം പകർപ്പുകൾ വ്യത്യസ്ത നാടുകളിലേക്ക് എത്തിക്കാൻ ഇസ്‌ലാമിക ഭരണാധികാരികൾക്ക് സാധിച്ചിട്ടുണ്ടായിരുന്നു.

ഉമ്മുസലമ(റ)

ഹിജ്‌റ മൂന്നിലോ നാലിലോ ആയിരുന്നു ഉമ്മുസലമ(റ)യെ നബി ﷺ വിവാഹം ചെയ്തത്. ഉമ്മുസലമ എന്ന പേരിൽ പ്രസിദ്ധയായ മഹതിയുടെ ശരിയായ നാമം ഹിന്ദ് എന്നായിരുന്നു. ചെറുപ്രായത്തിൽ തന്നെ മഹതിയുടെ ആദ്യവിവാഹം നടന്നിരുന്നു. മഖ്‌സൂം ഗോത്രക്കാരനും പിൽക്കാലത്ത് നബി ﷺ യിൽ വിശ്വസച്ച് ഹിജ്‌റ പോകുകയും ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷിയാകുകയും ചെയ്ത അബൂസലമ(റ) യായിരുന്നു അവരുടെ ആദ്യ ഭർത്താവ്. തികച്ചും മാതൃകാപരമായിരുന്നു ഇരുവരുടെയും ദാമ്പത്യജീവിതം.

അബൂസലമ(റ)യുടെ യഥാർഥ നാമം അബ്ദുല്ലാഹിബ്‌നു അബ്ദിൽ അസദ് എന്നായിരുന്നു. ആദ്യനാളുകളിൽതന്നെ ഇസ്‌ലാം ആശ്ലേഷിച്ചവരിൽ എണ്ണപ്പെടുന്നവരായിരുന്നു അബൂസലമ(റ)യും ഉമ്മുസലമ(റ)യും. ആ കാലത്ത് നബി ﷺ യുടെ കൂടെയുണ്ടായിരുന്ന ചുരുക്കം പേരിൽ അവരും ഉണ്ടായിരുന്നു. മക്കയിൽനിന്നും മദീനയിലേക്ക് ഹിജ്‌റ പോകാൻ കൽപനയുണ്ടായപ്പോൾ കുടുംബസമേതം അതിന് ധൈര്യം കാണിച്ചവരായിരുന്നു ആ കുടുംബം. അബൂസലമ(റ) നബി ﷺ യുടെ ബന്ധുകൂടിയായിരുന്നു.

പിതാവ് അബൂഉമയ്യ ധർമിഷ്ഠനും അറിയപ്പെട്ട ഒരു നേതാവുമായിരുന്നു. അദ്ദേത്തിന്റെ കൂടെ ആരെങ്കിലും യാത്ര ചെയ്യുകയായിരുന്നെങ്കിൽ അവർക്കു വേണ്ട ഭക്ഷണം അദ്ദേഹം തന്നെ കരുതാറുണ്ടായിരുന്നു. ആയതിനാൽ അദ്ദേഹം ‘യാത്രക്കാരന്റെ ഭക്ഷണം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാതാവിന്റെ പേര് ആതിക്വ എന്നായിരുന്നു. അവർ ആമിർ ഇബ്‌നു റബീഅയുടെ പുത്രിയായിരുന്നു. ആമിർ കിനാനക്കാരനായിരുന്നു. മാതാവു വഴിക്കും പിതാവു വഴിക്കും പ്രശസ്ത കുടുംബം; ക്വുറയ്ശി നേതാക്കളുടെ വീടുകളിൽ വളർന്നവർ.

നബി ﷺ യിൽനിന്നും സത്യം കേട്ടപാടെ അത് സ്വീകരിക്കാൻ ധൈര്യം കാണിച്ച ദമ്പതികളായിരുന്നു അബൂസലമ(റ)യും ഉമ്മുസലമ(റ)യും. ആ നാളുകളിൽ ശത്രുക്കളിൽനിന്നും നേരിടേണ്ടി വന്ന പീഡനങ്ങളുടെ കാഠിന്യം അത്ര കടുപ്പമേറിയതുമായിരുന്നു. എന്നിരുന്നാലും അവർ അല്ലാഹുവിന്റെ ദീൻ കേട്ടപ്പോൾ ശങ്കിച്ചുനിന്നില്ല.

ശത്രുക്കളുടെ മർദനം കഠിനമായപ്പോൾ മുസ്‌ലിംകളോട് എത്യോ പ്യയിലേക്ക് ഹിജ്‌റ പോകാൻ നബി ﷺ കൽപിച്ചു. അന്ന് മുസ്‌ലിംകളെ സഹായിക്കാൻ തയ്യാറുള്ള നജ്ജാശി രാജാവായിരുന്നു അവിടെ ഭരിച്ചിരുന്നത്. എത്യോപ്യയിലേക്ക് ഹിജ്‌റ പോകാനായി നബി ﷺ യുടെ നിർദേശം വന്നപ്പോൾ അവിടേക്ക് ഹിജ്‌റ പുറപ്പെട്ടു.

മദീനയിലേക്ക് ഹിജ്‌റ പോകുന്നതിനുമുമ്പ് എത്യോപ്യയിലേക്ക് രണ്ട് തവണ ഹിജ്‌റ പോയതായി ചരിത്രത്തിൽ കാണാം. ആദ്യ തവണ പോയവരുടെ എണ്ണം പതിനഞ്ചായിരുന്നു. ആ കൂട്ടത്തിൽ അബൂസലമ-ഉമ്മുസലമ(റ) ദമ്പതികളും ഉണ്ടായിരുന്നു. അതുപോലെ ഉസ്മാൻ(റ)-റുക്വിയ്യ(റ) ദമ്പതികളും അവരിൽ ഉണ്ടായിരുന്നു.

എത്യോപ്യയിൽ എത്തിയ ആ കൊച്ചുസംഘത്തെ നജ്ജാശി രാജാവ് സംരക്ഷിച്ചു. അവിടെ അൽപകാലം പിന്നിട്ടപ്പോൾ മക്കയിൽ തങ്ങൾക്ക് അൽപമെല്ലാം ശക്തിയുണ്ടായ വിവരം അവർക്ക് ലഭിച്ചു. ഹംസ(റ), ഉമർ(റ) പോലെയുള്ളവർ ഇസ്‌ലാം സ്വീകരിച്ച വിവരം അവരറിഞ്ഞു. അതിനാൽ ഇനി മക്കയിലേക്ക് പോകാമെന്നും അവിടെ ചെന്നാൽ പീഡനങ്ങൾക്കും മർദനങ്ങൾക്കും ആശ്വാസം ലഭിച്ചേക്കാമെന്നും അവർ കണക്കുകൂട്ടി.

മക്കയിൽ എത്തിയ അവർ ശത്രുക്കളുടെ കിരാതമായ അഴിഞ്ഞാട്ടവും അക്രമവുമാണ് കണ്ടത്. തന്നെയുമല്ല, നബി ﷺ യുടെ കുടുംബത്തെ തന്നെ ക്വുറയ്ശികൾ ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ബനൂഹാശിം കുടുംബത്തെ എല്ലാ നിലയ്ക്കും ഉപരോധിക്കുക എന്ന കടുത്ത തീരുമാനമാണ് ശത്രുക്കൾ സ്വീകരിച്ചിരുന്നത്. ബനൂഹാശിം കുടുംബവുമായി കച്ചവടത്തിൽ ഏർപ്പെടാനോ, അവർക്ക് അന്നം എത്തിക്കുവാനോ, അവരുമായി സംസാരിക്കുവാനോ, അവരുമായി സൗഹൃദം പങ്കിടാനോ ഒന്നും പാടില്ല എന്നതായിരുന്നു അവരുടെ തീരുമാനം. ശിഅ്ബ് അബീത്വാലിബ് മലഞ്ചെരുവിൽ അവർ ഉപരോധിക്കപ്പെട്ടു. ഭക്ഷണമില്ലാതെ നബികുടുംബം കഷ്ടതയിലായി. പച്ചവെള്ളവും പച്ചിലയും ഭക്ഷിച്ചു. ചെരുപ്പ് വെള്ളത്തിൽ മുക്കി കുതിർത്ത് കഴിക്കാൻവരെ അവരെ പട്ടിണി അലട്ടിയിരുന്നു. മൂന്നു കൊല്ലക്കാലം ഈ ഉപരോധം തുടർന്നു. അവസാനം അവരിൽ ചിലർക്ക് ഈ രംഗം കണ്ട് മനസ്സ ലിയാൻ തുടങ്ങി. ഈ കൊടും ക്രൂരതക്കെതിരിൽ അവരിൽനിന്നുതന്നെ ശബ്ദമുയർന്നു. അവസാനം അത് പിൻവലിക്കുകയാണ് ഉണ്ടായത്. എത്യോപ്യയിൽനിന്ന് മക്കയിൽ എത്തിയ ഈ കൊച്ചു സംഘം ഈ ദയനീയ രംഗത്തിനാണ് സാക്ഷികളാകുന്നത്.

ഈ ഉപരോധം അവസാനിപ്പിച്ചെങ്കിലും ക്രൂരതകൾക്ക് തെല്ലും അയവില്ലായിരുന്നു. അവസാനം നബി ﷺ സ്വഹാബിമാർക്ക് യഥ്‌രിബിലേക്ക് ഹിജ്‌റ പോകാൻ നിർദേശം നൽകി. അവിടെയുള്ള മുസ്‌ലിംകൾ നിങ്ങളെ സ്വീകരിക്കാൻ തയ്യാറാണെന്ന് അവർ എനിക്ക് ബയ്അത് ചെയ്തിട്ടുണ്ടെന്നും നബി ﷺ അവരോട് പറഞ്ഞു.

മക്കയിലെ തങ്ങളുടെ സ്വത്തും സമ്പാദ്യവുമെല്ലാം ആദർശ സംരക്ഷണത്തിന് വേണ്ടി ത്യജിച്ച് മദീനയിലേക്ക് പുറപ്പെടാൻ എല്ലാവരും ഒരുങ്ങി. അവരുടെ കൂട്ടത്തിലും മുൻനിരയിൽ അബൂസലമ- ഉമ്മുസലമ ദമ്പതികൾ ഉണ്ടായിരുന്നു.

മുസ്‌ലിമായി എന്ന ഒറ്റക്കാരണത്താൽ പീഡിപ്പിക്കപ്പെടുന്ന, ദ്രോഹിക്കപ്പെടുന്ന, അക്രമിക്കപ്പെടുന്ന എല്ലാവർക്കും ഈ ദമ്പതികളുടെ ചരിത്രത്തിൽനിന്ന് ഏറെ പഠിക്കാനുണ്ട്. ഈമാനികമായ ഉണർവും അതിലൂടെ കടുത്ത ക്ഷമിക്കാനുള്ള കഴിവും അല്ലാഹുവിലുള്ള അർപ്പണബോധവും ഇതിലൂടെ ലഭിക്കേണ്ടതുണ്ട്. ഉമ്മുസലമ(റ) ഹിജ്‌റക്കായി ഒരുങ്ങിയപ്പോഴുണ്ടായ ദുരനുഭവം മഹതിതന്നെ നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്:

“ഞങ്ങൾ ഹിജ്‌റക്ക് ഒരുങ്ങി. എന്റെ ഭർത്താവ് വാഹനത്തെ തയ്യാറാക്കി. അങ്ങനെ എന്നെ വാഹനത്തിൽ കയറ്റി. പൊന്നുമോൻ സലമയെ എന്റെ മടിയിൽ ഇരുത്തി. അബൂസലമ വാഹനത്തിന്റെ മൂക്കുകയർ പിടിച്ച് മദീനയെ ലക്ഷ്യംവെച്ച് നടക്കാൻ തുടങ്ങിയപ്പോൾ മുഗീറയുടെ കുടുംബം (ഉമ്മു സലമ(റ)യുടെ കുടുംബമാണവർ) ഈ യാത്ര കണ്ടു. ഞങ്ങൾ മദീനയിലേക്ക് പുറപ്പെടുകയാണെന്ന വിവരം അവർ മനസ്സിലാക്കി. അവർ എന്റെ ഭർത്താവിനെ തടഞ്ഞു. എന്നിട്ട് അവർ അദ്ദേഹത്തോട് പറഞ്ഞു: ‘നിനക്ക് തനിച്ച് പോകാം. ഈ പെണ്ണ് ഈ നാട്ടുകാരിയാണ്. ഇവളെ കൂടെകൂട്ടാൻ ഞങ്ങൾ സമ്മതിക്കില്ല.’ അങ്ങനെ അബൂസലമ(റ)യിൽനിന്നും ഉമ്മുസലമ(റ)യെ അവർ തട്ടിയെടുത്തു. ഈ സന്ദർഭത്തിൽ അബൂസലമയുടെ കുടുംബക്കാർ ഇടപെട്ടു. അവർ പറഞ്ഞു: ‘ഓ, അബൂസലമാ... ഉമ്മുസലമാ... നിങ്ങൾ ഇരുവരും ഇവിടെ വെച്ച് വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. ഞങ്ങളുടെ കുട്ടിയെ ഞങ്ങൾ കൊണ്ടുപോകുകയാണ്.

ഹിജ്‌റക്ക് തയ്യാറായ അബൂസലമയും ഭാര്യ ഉമ്മുസലമയും പൊന്നുമോൻ സലമയും ഒറ്റപ്പെട്ടു. പരസ്പരം വിവരങ്ങൾ അറിയാൻ യാതൊരു മാർഗവും ഇല്ലാതായ ഏറ്റവും വലിയ പ്രതിസന്ധിയുടെ ഘട്ടം. പക്ഷേ, ആ കുടുംബം പരലോകവിജയം ലക്ഷ്യമാക്കിയാണല്ലോ ജീവിക്കുന്നത്. ആ വഴിയിലെ പ്രയാസങ്ങളെ സഹനത്താൽ നേരിടാൻ അവർ തീരുമാനിച്ചു.

അബൂസലമ(റ) മദീനയിലേക്ക് ഹിജ്‌റ പോയി. ഉമ്മുസലമ(റ)യെ അവരുടെ കുടുംബം പിടിച്ചെടുത്തു. കുട്ടിയെ അബൂസലമയുടെ കുടുംബവും പിടിച്ചുപറിച്ചു. മാനസികമായി വല്ലാത്ത പിരിമുറുക്കം അനുഭവിക്കുകയാണ് ആ കുടുംബം. അവർ അവരുടെ പ്രയാസങ്ങളും വിഷമങ്ങളും ഉള്ളിലൊതുക്കി. കരഞ്ഞു. നാഥനിലേക്ക് സങ്കടം ഉയർത്തി.

ഉമ്മുസലമ(റ) ഓരോ പ്രഭാതത്തിലും മക്കയിൽനിന്നും അൽപം ദൂരെയുള്ള അബ്ത്വഹ് എന്ന ഭാഗത്തേക്ക് പോകും. അവിടെ വെച്ചായിരുന്നു ഭർത്താവിനെയും കുട്ടിയെയും ശത്രുക്കൾ തട്ടിയെടുത്തിരുന്നത്. നേരം ഇരുട്ടുന്നതുവരെ അവിടെ വെച്ചുണ്ടായ ആ രംഗങ്ങൾ ഓർത്ത് കരയും. ഇരുട്ടായാൽ വീട്ടിലേക്ക് മടങ്ങും. അങ്ങനെ ഒരു കൊല്ലത്തോളം പിന്നിട്ടു.

ഉമ്മുസലമ(റ) പറയുകയാണ്: “ഒരു ദിവസം ഞാൻ അബ്ത്വഹിൽ കരഞ്ഞിരിക്കുന്ന വേളയിൽ ഇസ്‌ലാമിന്റെ ശത്രുവായ ഒരാൾ അതിലൂടെ നടന്നുപോയി. അദ്ദേഹം എന്റെ ഈ അവസ്ഥ കണ്ടു. അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. അദ്ദേഹം എന്നോട് എന്റെ വിഷമത്തെ പറ്റി ആരാഞ്ഞു. ഞാൻ അദ്ദേഹത്തോട് എന്റെ എല്ലാ സങ്കടങ്ങളും വിശദീകരിച്ചു. അദ്ദേഹം നേരെ എന്റെ വീട്ടിലേക്ക് പോയി. എന്റെ വീട്ടുകാരോട് അദ്ദേഹം ചോദിച്ചു: ‘എന്തൊരു തെമ്മാടിത്തമാണ് നിങ്ങൾ ഈ സ്ത്രീയോട് കാണിക്കുന്നത്. അവളെ അവളുടെ ഭർത്താവിൽനിന്നും കുട്ടിയിൽനിന്നും അകറ്റിയില്ലേ? ഇത് ഒരു മനുഷ്യത്വമില്ലാത്ത ചെയ്തിയാണല്ലോ. അതിനാൽ അവർക്ക് മൂന്നുപേർക്കും ഒരുമിക്കുവാനുള്ള വഴി നിങ്ങൾ ഉണ്ടാക്കിയേ പറ്റൂ.’ ഇയാളുടെ സംസാരത്തിൽ എന്റെ കുടുംബത്തിന്റെ മനസ്സും അയഞ്ഞു. അങ്ങനെ അവർ പറഞ്ഞു: ‘ഉമ്മു സലമാ, നീ ഉദ്ദേശിക്കുന്നുവെങ്കിൽ നിന്റെ ഭർത്താവിന്റെ അടുത്തേക്ക് നിനക്ക് പോകാം.’’

അപ്പോൾ ഉമ്മുസലമ(റ) പോകാൻ തയ്യാറായി. പക്ഷേ, തന്റെ കൈക്കുഞ്ഞ് ഭർത്താവിന്റെ കുടുംബത്തിന്റെ കൈവശമാണല്ലോ. അങ്ങനെ അബൂസലമ(റ)യുടെ കുടുംബത്തിൽ പോയി കുഞ്ഞിനെ മഹതി വാങ്ങി. എന്നിട്ട് യഥ്‌രിബിലേക്ക് ഒറ്റക്ക് യാത്ര തുടങ്ങി. കുന്നുകളും മലകളും താഴ്‌വരകളും താണ്ടിയുള്ള യാത്ര തുടർന്നു. (തുടരും)