ഏക സിവിൽ കോഡ്: സർവരെയും ബാധിക്കുന്ന കുരുക്ക്
മുജീബ് ഒട്ടുമ്മൽ
2022 ഡിസംബർ 31, 1444 ജുമാദുൽ ഉഖ്റാ 06
ജനാധിപത്യത്തിന് രണ്ട് അഭിനന്ദനങ്ങൾ: ഒന്ന് അത് വൈവിധ്യം അംഗീകരിക്കുന്നു. രണ്ട് വിമർശനം അനുവദിക്കുന്നു’- ഇംഗ്ലീഷ് സാഹിത്യകാരനായ ഇ.എം ഫോസ്റ്റർ ജനാധിപത്യത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള തെന്റ കൃതിയിൽ രേഖപ്പെടുത്തിയ വരികളാണിത്. വൈവിധ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ബഹുമാനിക്കപ്പെടുന്ന ജനാധിപത്യക്രമം ഫാഷിസ്റ്റ് മേൽകോയ്മക്ക് കീഴിൽ സുരക്ഷിതമല്ലെന്ന ആശങ്കയെ ശരിവെക്കുന്ന രീതിയിലാണിപ്പോൾ ഏകീകൃത വ്യക്തിനിയമം ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുളള എൻഡിഎയുടെ പ്രകടനപത്രികകളിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് എകീകൃത സിവിൽ കോഡ്. എന്നാൽ നിർദേശക തത്ത്വങ്ങളെക്കാൾ ഭരണഘടന പ്രാമുഖ്യം നൽകുന്നത് പൗരന്റെ മൗലികമായ അവകാശങ്ങൾക്കാണ് എന്ന് എകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ മോഡി സർക്കാർ നിയോഗിച്ച ബിഎസ് ചൗഹാൻ കമ്മീഷൻ അഭിപ്രായപ്പെടുന്നുണ്ട്. മറ്റു നിയമവിദഗ്ധരും ഇതിനെ ശരിവെക്കുന്നുണ്ട്. ഭരണഘടനയിലെ 44ാം അനുഛേദപ്രകാരം ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന് നിർദേശക തത്വങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രായോഗികമായി നടപ്പാക്കുന്നതിൽ ചില പരിമിതികളുണ്ടെന്നും പൗരൻമാരുടെ വ്യക്തിസ്വാതന്ത്ര്യം കൂടി പരിഗണിച്ചുകൊണ്ട് മാത്രമെ ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കാനാകൂവെന്നും ഭരണഘടന നിയമനിർമാണ സമിതിയുടെ പ്രധാന ഉപദേശകരിലൊരാളായിരുന്ന ബിഎൻ റാവു അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഓരോ ചെറിയ സാമൂഹ്യ വിഭാഗത്തിനും അവരുടെ സംസ്കാരവും മൂല്യവ്യവസ്ഥയും വലിയ ഒരു ദേശീയ സമൂഹത്തിനകത്ത് പരസ്പരം ഉരസലില്ലാതെ തന്നെ നിലനിറുത്താൻ അവസരം നൽകണമെന്നതാണ് സാംസ്കാരിക ബഹുസ്വരതാവാദം മുന്നോട്ട് വെക്കുന്നത്. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണ് ഭരണഘടനയുടെ അന്തിമലക്ഷ്യസ്ഥാനം. അതിൽതന്നെ സാമൂഹ്യനീതി എന്ന ലക്ഷ്യത്തിനാണ് പ്രഥമ പരിഗണന. വിശ്വാസത്തിനും ആവിഷ്കാരത്തിനും ആചാരണത്തിനുമുള്ള സ്വാതന്ത്ര്യം, സ്ഥിതിയിലും അവസരത്തിലുമുള്ള സമത്വം, വ്യക്തിയുടെ മഹത്ത്വവും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടുക്കുന്ന സാഹോദര്യം എന്നീ പീഠിക തത്ത്വങ്ങൾ സാമൂഹ്യനീതിയിലേക്കും സാമൂഹ്യ, രാഷ്ട്രീയ ബഹുസ്വരതയിലേക്കുമുള്ള രാജപാതകളാണ്.
രാഷ്ട്രീയ ആവാസ വ്യവസ്ഥയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അധികാര ഘടനയിലും നയരൂപീകരണത്തിലും കാര്യക്ഷമമായി പങ്കെടുക്കാമെന്നു മാത്രമല്ല, അവരുടെ സാംസ്കാരിക അസ്തിത്വത്തെ സംരക്ഷിക്കാനും സാധിക്കും വിധമുള്ളതാണ് നമുടെ ജനാധിപത്യം.
ഭരണഘടന നിർമാണ സമിതിയംഗങ്ങളുടെയും നിയമ വിചക്ഷണൻമാരുടെയും പഠനങ്ങളും അഭിപ്രായങ്ങളും ഏക സിവിൽകോഡിന്റ അപ്രായോഗികതയെ ഉയർത്തിക്കാണിച്ചിട്ടും അത് നടപ്പിലാക്കാനുള്ള സംഘപരിവാങ്ങളുടെ ആവേശത്തിന് ചില കാരണങ്ങളുണ്ടാകും. ഹിംസാത്മക ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റ ഉപോൽപന്നമായ വെറുപ്പും വിദ്വേഷവും വിഭാഗീയതയും തേടുന്ന മാർഗം അതായിരിക്കുമെന്നതാണ് വാസ്തവം.
ഇന്നത്തെ കേന്ദ്ര ഭരണകക്ഷി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയധാര ഫെഡറലിസം എന്ന ആശയത്തിന് എതിരായിരുന്നു. ഭരണഘടന നിർമാണ പ്രക്രിയയിലെ ആദ്യ തദ്ദേശീയ കാൽവയ്പായ 1928 ലെ മോത്തിലാൽ നെഹ്റു റിപ്പോർട്ടിൽ ഫെഡറലിസം എന്ന ആശയം മുന്നോട്ടു വെച്ചപ്പോൾ ഹിന്ദു മഹാസഭ അതിനെ നിശിതമായി എതിർക്കുകയും യൂണിറ്ററി സംവിധാനത്തിന് വേണ്ടി വാദിക്കുകയുമാണ് ചെയ്തത്. 1961ൽ ദേശീയ ഉദ്ഗ്രഥന സമിതിക്ക് അയച്ച കത്തിൽ സംഘ് പ്രസ്ഥാനത്തിന്റ താത്വികാചാര്യനായ എംഎസ് ഗോൾവാൾക്കർ പ്രസ്താവിച്ചതിങ്ങനെയാണ്: “ഇന്ന് നിലവിലുള്ള ഫെഡറൽ സംവിധാനം വിഘടനവാദത്തിന് ജൻമം നൽകുന്നുവെന്ന് മാത്രമല്ല അതിനെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഏകരാഷ്ട്രം എന്ന വസ്തുത അത് നിഷേധിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്നു. ഫെഡറലിസത്തെ നീക്കം ചെയ്തുകൊണ്ട് ഭരണഘടനയെ ശുദ്ധീകരിക്കേണ്ടതുണ്ട്. അതിന് പകരം ഒരു യൂണിറ്ററി ഭരണ സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്.’’
വിചാരധാരയിലൂടെ ഗോൾവാൾക്കർ വ്യക്തമാക്കിയതിങ്ങനെയാണ്: “ഭാരതമെന്ന രാഷ്ട്രത്തിെന്റ ഉള്ളിലുള്ള സ്വയംഭരണമോ അർധ സ്വയംഭരണമോ ഉള്ള സ്റ്റേറ്റുകളെ പൂർണമായും നിർമാർജനം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനവും ഫലപ്രദവുമായ കാൽവയ്പ് നമ്മുടെ രാഷ്ട്രത്തിന്റ ഭരണഘടനയിലെ ഫെഡറലിസത്തെ സംബന്ധിച്ച എല്ലാ ചർച്ചയും ആഴത്തിൽ കുഴിച്ചുമൂടുക എന്നതാണ്. നമ്മുടെ ഏകീകൃത മൈത്രിക്ക് ഭംഗം വരുത്താൻ പ്രാദേശികവും വിഭാഗീയവും ഭാഷാപരവുമായ അഭിമാനങ്ങളെ അനുവദിച്ചുകൂടാ. നമ്മുടെ ഭരണഘടനയെ പുനഃപരിശോധിക്കുകയും തിരുത്തി എഴുതുകയും ഒരു യൂണിറ്ററി സംവിധാനം സ്ഥാപിക്കുകയും വേണം.’’
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ ഭരണ, രാഷ്ട്രീയ തലത്തിൽ പ്രതിഫലിപ്പിക്കുന്ന ഫെഡറലിസത്തെ മാത്രമല്ല, വികേന്ദ്രീകൃത അധികാരഘടനയെയും ജനാധിപത്യത്തെയും സാംസ്കാരിക ബഹുസ്വരതയെയുമെല്ലാം ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ചവരാണ് ഏക സിവിൽകോഡ് നടപ്പിലാക്കാൻ ധൃതിപ്പെടുന്നതെന്ന കാര്യം തന്നെ ഇവരുടെ താൽപര്യമെന്തെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.
പ്രതിഷേധം യാഥാസ്ഥിതികതയോ?
വൈവിധ്യങ്ങളുടെ ഇന്ത്യൻ പൈതൃകം ഏകസിവിൽ കോഡിലൂടെ തകർക്കാനുള്ള നീക്കത്തെ വിമർശിക്കാനും ചോദ്യം ചെയ്യാനുമുള്ള അവകാശം ജാനിധിപത്യ ബോധമുള്ള ഓരോ പൗരനുമുണ്ട്. പ്രതിഷേധങ്ങളെയും വിമർശനങ്ങളെയും അടിച്ചമർത്തുന്നതിന് കൊളോണിയൽ ശക്തികളെ അനുകരിക്കുന്ന ശൈലിയാണ് സംഘപരിവാര രാഷ്ട്രീയം കാലങ്ങളായി പിന്തുടരുന്നത്. രാജ്യത്തിനും സമൂഹത്തിനും പൈതൃകത്തിനും വിരുദ്ധമായി ഭവിക്കുന്ന നിയമ നിർമാണങ്ങൾക്കെതിരെ വരുന്ന സ്വാഭാവിക പ്രതികരണ ശബ്ദങ്ങളെ മതവും ജാതിയും വർഗവുമായി വേർതിരിച്ച് മറുപടി നൽകുന്ന ശൈലിയാണ് സർക്കാർ സ്വീകരിക്കുന്നത്.
ഏക സിവിൽ കോഡ് വിഷയത്തിൽ പുരോഗമന നാട്യക്കാരുടെയും സംഘപരിവാരങ്ങളുടെയും ഒറ്റതിരിച്ചുള്ള പ്രത്യാക്രമണത്തിന് കൂടുതലും വിധേയരാകുന്നത് മുസ്ലിംകളാണെന്നാണ് അനുഭവം. ഇന്ത്യയിലെ പ്രധാന മത, ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തിനിയമത്തെ നീക്കി എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതുവ്യക്തിനിയമ സംഹിതയായ ഏക സിവിൽ കോഡ് എന്ന ആവശ്യം ഉയർന്ന് വന്നപ്പോഴെല്ലാം മുസ്ലിം യാഥാസ്ഥിതിക വിഭാഗങ്ങൾ അതിനെ പ്രതിരോധിക്കാൻ വന്നിട്ടുണ്ടെന്ന് മൊഴിഞ്ഞാണ് ഒറ്റതിരിക്കാൻ അധികാരികൾ ശ്രമിക്കാറുള്ളത്.
ഏകീകൃത സിവിൽ കോഡ് വരുമ്പോൾ മുസ്ലിംകളുടെ മതസ്വാതന്ത്ര്യവും സാംസ്കാരിക സ്വത്വവും നഷ്ടപ്പെടുമെന്ന ആശങ്കയെയും ഹിന്ദുകോഡ് അടിച്ചേൽപിക്കുമെന്ന ആരോപണത്തെയും ബഹുസ്വരത തകർക്കുമെന്ന ഭീതിയെയും അപഹാസ്യമായ ദുർന്യായങ്ങൾ നിരത്തി പ്രതിരോധിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നത് തീർത്തും പ്രതിലോമകരമാണ്. ലോകത്ത് ഇസ്ലാംഭീതി പടർത്താൻ വേണ്ടി ഊഹങ്ങളും മിഥ്യകളും പ്രചരിപ്പിക്കുന്നത് പോലെ മതത്തെ കുറിച്ചും അതിലെ ആചാരങ്ങളെ കുറിച്ചും യാതൊരു ധാരണയുമില്ലാതെ ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന രീതി താഴെയുള്ള കുറിപ്പിൽനിന്ന് വായിക്കാൻ പറ്റും:
“എന്നാൽ മതവിശ്വാസങ്ങളുടെയോ മതാചാരങ്ങളുടെയോ ഏകീകരണമല്ല, പൗരനിയമങ്ങളുടെ ഏകീകരണമാണ് സിവിൽകോഡ് ലക്ഷ്യമിടുന്നത്. ഇസ്ലാമിന്റെ ഈശ്വരാരാധനമുറകളായ പ്രാർഥന (നമസ്കാരം), വ്രതം, സക്കാത്ത്, ഹജ്ജ് എന്നീ മേഖലകളിലും പൊതുപൗരനിയമം കൈകടത്തുന്ന പ്രശ്നമുദിക്കുന്നില്ല. എന്നാൽ ഈ വസ്തുത മനസ്സിലാക്കാതെ പൗരനിയമ ഏകീകരണം മുസ്ലിംകളുടെ മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമെന്ന് വാദിക്കുന്നു.’’
ഇസ്ലാം എന്നാൽ ജീവിതത്തിന്റ സർവതലസ്പർശിയായ നിയമങ്ങളുടെയും ആചാരങ്ങളുടെയും വിശ്വാസത്തിന്റയും സംഗ്രഹമാണെന്നറിയാത്തവരുടെ കേവലം ചില ജൽപനങ്ങളാണിത്. ഇസ്ലാം സർവ്വ കാലങ്ങളിലെയും പ്രായോഗികമായ ജീവിത ദർശനമാണ്. അതിലേത് നിയമങ്ങളായാലും മനുഷ്യ പ്രകൃതിക്കപ്പുറമായ യാതൊരു അബദ്ധവും വരില്ലെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിംകൾ. കാരണം അത് ദൈവീക മതമാണ്. പ്രത്യേകിച്ച് വിവാഹം, വിവാഹ മോചനം, അനന്തരസ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ എന്നിവയിലെല്ലാം കൃത്യമായ മാർഗനിർദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. മാനവികതയുടെ ഏത് അളവുകോൽ കൊണ്ട് അളന്നാലും യാതൊരു വീഴ്ചയും അതിൽ കണ്ടെത്താനാവില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് മുസ്ലിംകൾ. മാത്രമല്ല മുൻധാരണയില്ലാതെ നിഷ്പക്ഷവും സ്വതന്ത്രവുമായ പഠനങ്ങൾ അതിനെ ശരിവെക്കുന്നതായി കാണാം. ഇത് വ്യക്തിനിയമമായി മതം അനുശാസിക്കുന്നത് പോലെ പ്രവർത്തിക്കാൻ ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നതുമാണ്. വിവാഹമോചനം, സ്വത്തവകാശം എന്നിവയിൽ സ്ത്രീ വിരുദ്ധത ആരോപിച്ചാണ് പലരും ഇതിനെതിരെ വാചാലമാകാറുള്ളത്.
മതത്തെ വിമർശകരിൽനിന്ന് വായിച്ച് തെറ്റിദ്ധാരണകളിലഭിരമിക്കുന്നവരാണ് ആരോപണങ്ങൾക്ക് നേതൃത്വം നൽകാറുള്ളത്. എന്നാൽ തികച്ചും സുരക്ഷയും നിർഭയത്വവും നീതിയും പ്രദാനം ചെയ്യുന്ന വ്യക്തമായ മാർഗനിർദേശങ്ങളാണിതെന്ന് ശരീഅത്ത് അനുസരിച്ച് ജീവിക്കുന്നവർക്ക് ബോധ്യപ്പെടുന്ന കാര്യമാണ്. ഓറിയന്റലിസ്റ്റുകളും പശ്ചാത്യരും പടച്ചുവിടുന്ന വിമർശനങ്ങളെയും സങ്കൽപങ്ങളെയും വാരിപ്പുണർന്നുകൊണ്ടുള്ള നിരീക്ഷണം അബദ്ധങ്ങളിലേക്കെത്തിക്കുമെന്നതിന്റ ഉദാഹരണങ്ങളാണിതെല്ലാം. സ്ത്രീ സുരക്ഷ കേവലം സ്വയം ബാധ്യതയാണെന്നതിനപ്പുറം കുടുംബത്തിനും സമൂഹത്തിനും ഉത്തരവാദിത്തം നൽകി കൂടുതൽ ഭദ്രത നൽകുന്നതാണ് ഇസ്ലാമിലെ വിവാഹവും വിവാഹ മോചനവും സ്വത്തവകാശവുമെല്ലാമെന്ന് തിരിച്ചറിയാൻ നിഷ്പക്ഷ പഠനങ്ങൾക്ക് കഴിയും.
സർവരെയും ബാധിക്കുന്ന കുരുക്ക്
ഒരു രാജ്യം, ഒരു നിയമം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു നേതാവ് എന്ന തലത്തിലേക്കുള്ള രാജ്യത്തിന്റെ രാഷ്ട്രീയ പരിണാമത്തിനായി ശ്രമിക്കുന്ന സാഹചര്യത്തിൽ ഏക സിവിൽ കോഡ് വീണ്ടും ചർച്ചയായിരിക്കുന്നു. തുല്യ നീതി ഉറപ്പ് വരുത്തുന്നതിനും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിനും എല്ലായിടത്തും ഒരേ നിയമം കൊണ്ടുവരുന്നതിനുമാണ് എന്ന ലക്ഷ്യത്തിലേക്കുള്ള ആത്മാർഥതയിൽ സംശയിക്കത്തക്കവിധമാണ് സംഘപരിവാര സമീപനം സമൂഹത്തിൽ ചർച്ചയാകുന്നത്.
യഥാർഥത്തിൽ രാജ്യത്തെ മൊത്തം ജനങ്ങളെയും അവരുടെ സംസ്കാരങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ഏക സിവിൽ കോഡ്. കാരണം ഇന്ത്യൻ സിവിൽ നിയമങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഏകീകൃതമാണ്. ഇന്ത്യൻ കോൺട്രാക്റ്റ് ആക്റ്റ്, സിവിൽ പ്രൊസീജ്യർ കോഡ്, ട്രാൻസ്ഫർ ഫോർ പ്രോപർട്ടി ആക്റ്റ്, പാർടണർഷിപ് ആക്ട്, എവിഡൻസ് ആക്ട് എന്നിവ രാജ്യത്ത് മുഴുവൻ ബാധകമായ നിയമങ്ങളാണ്. മതവുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യക്തിനിയമങ്ങളിലാണ് ഏകീകരണം കൊണ്ടുവരാത്തത്. വിവിധ സംസ്കാരങ്ങളിലും മതാചാരങ്ങളിലും ജീവിക്കുന്നവർക്ക് ഒരേ നിയമം കൊണ്ടു വരുന്നതിൽ അപ്രായോഗികതയുണ്ട്. പ്രാദേശികമായ നിയമങ്ങളിൽ പോലും വൈവിധ്യവും വകഭേദവുമുണ്ട്. മോട്ടോർ വാഹന നിയമത്തിൽ 2019ൽ കേന്ദ്രം നിയമം കൊണ്ടുവന്നപ്പോൾ ആ വ്യത്യാസം നാം അനുഭവിച്ചതാണ്. വ്യക്തിനിയമങ്ങളല്ലാത്ത മേഖലകളിൽ പോലും പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് നിയമങ്ങളിൽ ചില വ്യതിയാനങ്ങളും പ്രത്യേകതകളും അനിവാര്യമാണ്. ക്രിമിനൽ നിയമങ്ങളിൽ വരെ ഏകതാനത പ്രായോഗികമല്ലെന്ന് സാരം.
സംസ്ഥാനങ്ങൾക്കനുസരിച്ച് പോലും വിവിധ കുറ്റകൃത്യങ്ങളും നടപടിക്രമങ്ങളുമുണ്ട്. പല കുറ്റകൃത്യങ്ങളും ചില സംസ്ഥാനങ്ങളിൽ മാത്രം പരിമിതമായാണ് നിലനിൽക്കുന്നത്. ഗുജറാത്തിൽ മദ്യപിക്കുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബീഹാറിലാവട്ടെ മറ്റൊരു നിയമവുമാണ്. മക്കോക്ക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) പോലെ ചില സംസ്ഥാനങ്ങളിൽ മാത്രം പരിമിതപ്പെടുന്ന നിയമങ്ങളാണ്. അതായത് സമ്പൂർണമായ അർഥത്തിൽ ഒരു രാജ്യത്ത് ഒരു നിയമം എന്നത് ക്രിമിനൽ നിയമങ്ങളിൽ പോലും അസാധ്യമായ കാര്യമാണ്. ഭരണഘടനയുടെ അനുഛേദം 370 നൽകിയ പ്രത്യേക പദവി അനുസരിച്ച് ഇന്ത്യയിലെ നിയമങ്ങളെല്ലാം ജമ്മു കാശ്മീരിൽ ബാധകമായിരുന്നില്ല. അനുഛേദം 371 അനുസരിച്ച് ആസാം, നാഗാലാന്റ് മിസോറാം, ആന്ധ്ര പ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കുടുംബനിയമങ്ങളെ സമ്പന്ധിച്ച് ചില പ്രത്യേക പരിരക്ഷകളുണ്ട്. 1915ലെയും 1935 ലെയും ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിൽ വടക്ക് കിഴക്കൻ മേഖലയ്ക്ക് പ്രത്യേക പരിരക്ഷ ഉണ്ടായിരുന്നു. ഭരണഘടനയുടെ അനുഛേദം 371 (എ) അനുസരിച്ച് നാഗാ വിഭാഗങ്ങളുടെ മതപരമോ സാമൂഹികമോ ആയ ആചാരങ്ങൾ, വ്യവഹാരിക നിയമങ്ങൾ, നടപടിക്രമങ്ങൾ, വ്യാവഹാരിക നിയമങ്ങൾ ഉൾപെടുന്ന സിവിൽ/ക്രിമിനൽ നീതിനിർവഹണം, ഭൂമിയുടെ ഉടമസ്ഥതയും കൈമാറ്റവും മുതലായ കാര്യങ്ങൾക്ക് പരിരക്ഷയുണ്ട്. ഇത് സമ്പന്ധിച്ച് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ യാതൊരു നിയമവും നാഗാലാന്റ് നിയമസഭയുടെ അംഗീകാരമില്ലാതെ അവിടെ ബാധകമാവുകയില്ല. 1973ലെ ക്രിമിനൽ നടപടി ക്രമങ്ങൾ നാഗാലാന്റിൽ ബാധകമല്ല. മേഘാലയിലെ ആദിവാസി മേഖലയിൽ നിലനിൽക്കുന്ന പിന്തുടർച്ചാവകാശ നിയമം മറ്റിടങ്ങളിൽ ഉള്ളതിൽനിന്നും വ്യത്യസ്തമാണ്. അമ്മ വഴിയാണ് അവിടെ സ്വത്ത് മാറ്റം ചെയ്യപ്പെടുന്നത്. കുടുംബത്തിലെ ഏറ്റവും ഇളയ മകൾക്കാണ് അവകാശം. വിവാഹം കഴിഞ്ഞ് അവരുടെ ഭർത്താക്കൻമാർ സ്ത്രീകളുടെ വീട്ടിൽ വന്ന് കഴിയുന്നതാണ് അവിടുത്തെ രീതി.
ഹിന്ദു നിയമങ്ങളിൽ പോലും പ്രാദേശികമായ വൈവിധ്യങ്ങളേറെയുണ്ട്. ഹിന്ദു വിവാഹ നിയങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം കുറ്റകരമാണ്. എന്നാൽ ദക്ഷിണേന്ത്യയിൽ അത് സർവസാധാരണവുമാണ്. ഇത്തരം വൈവിധ്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ഉൾച്ചേർക്കുകയും അവധാനതയോടെ പരിഷ്കാരങ്ങൾ കൊണ്ടുവരികയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ ഭരണഘടനാപരമായ കീഴ്വഴക്കം. വിവിധ സംസ്ഥാനങ്ങളിൽ വ്യതിരിക്തങ്ങളായ വ്യക്തിനിയമങ്ങളാണ് ഉള്ളത്. പുതുച്ചേരിയിൽ ഫ്രഞ്ച് നിയമമാണ് ഇന്നും നിലനിൽക്കുന്നത്. ഇന്ത്യയിലെ എല്ലാവർക്കും ഒരുപോലെ ബാധകം എന്ന് നമുക്ക് പറയാൻ കഴിയുന്ന സ്പെഷ്യൽ മാര്യേജ് ആക്ട് ഗോവയിൽ ബാധകമല്ല. പരിഷ്കരിക്കപ്പെട്ട ഹിന്ദു വ്യക്തിനിയമവും ഗോവയിൽ പ്രാബല്യത്തിലില്ല.
ജാതി, മത, ഭാഷ, വിശ്വാസ വകഭേദങ്ങളെ തിരിച്ചറിയുകയും സംരക്ഷിക്കുകയും അങ്ങനെ എല്ലാവരെയും ഒറ്റ ഇന്ത്യയുടെ ഭാഗമായി അണിനിരത്തുകയും ചെയ്യുന്നതാണ് ഇന്ത്യൻ മതേതരത്വത്തിന്റ അന്തഃസത്തയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം പ്രസക്തമാകുന്നതിവിടെയാണ്. ഭരണഘടന നിർമാണ സഭയിൽ ഏകീകൃത സിവിൽ നിയമം വലിയ ചർച്ചയായിരുന്നു. മതം, ഭാഷ, സംസ്കാരം മുതലായ കാര്യങ്ങളിൽ അതാത് വിഭാഗത്തിന്റ പിന്തുണയില്ലാതെ ഭരണകൂടം ഇടപെടലുകൾ നടത്തുന്നത് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് അവർ വാദിക്കുകയും അതിൽ ഐക്യപ്പെടുകയും ചെയ്തു.
ലക്ഷ്യം സാക്ഷാത്കരിക്കുമോ?
തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പ് വരുത്തുകയാണ് ഏകസിവിൽ കോഡിന്റ ലക്ഷ്യമെന്ന് ന്യായീകരിക്കുമ്പോഴും അത് പോലും സാക്ഷാത്കരിക്കാനാവില്ലെന്ന് ചിലയിടങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഗോവയിൽ നടപ്പിലാക്കിയ ഏകീകൃത നിയമത്തിന്റ പ്രായോഗികതയെ അന്വേഷിച്ചാൽ കൂടുതൽ വ്യക്തത ലഭിക്കും. എല്ലാവരെയും ഒരുപോലെ കാണാൻ അവിടത്തെ നിയമങ്ങൾക്കാകുന്നില്ല എന്ന വിമർശനമുണ്ട്. ചില ഹൈന്ദവ ആചാരങ്ങൾക്ക് അവിടെ പ്രത്യേക സംരക്ഷണമുണ്ട്. വിവാഹവും എല്ലാവർക്കും ഒരേപോലെ കൊണ്ടുവരാനാകുന്നില്ല. കത്തോലിക്കാ വിവാഹങ്ങൾ മറ്റുള്ള വിവാഹ നടപടി ക്രമങ്ങളിൽനിന്നും വ്യത്യസ്തമാണ്. വിവാഹമോചനത്തിനും കത്തോലിക്കർക്കും മറ്റുള്ളവർക്കും വെവ്വേറെ നടപടിക്രമമാണ്. കത്തോലിക്കൻ വിവാഹമോചനം സഭാകോടതികൾക്ക് നിശ്ചയിക്കാമെങ്കിൽ മറ്റുള്ള വിഭാഗങ്ങൾക്ക് സിവിൽ കോടതി വഴിയേ ഇത് സാധ്യമാകൂ. ഗോവൻ സിവിൽ കോഡിൽ ഹിന്ദുക്കളിൽ ബഹുഭാര്യത്വമാകട്ടെ അനുവദനീയവുമാണ്. സ്വത്തവകാശത്തിലും ഏകപക്ഷീയമായ സ്ത്രീ വിരുദ്ധതയുണ്ടെന്ന വിമർശനവും ഉണ്ട്. അതിനാൽ ചർച്ചകളിൽ ഏകസിവിൽ കോഡ് മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമാണെന്ന് ആവർത്തിച്ച് പറയാറുണ്ട്. എല്ലാവരെയും അവരുടെ ജീവിതത്തെയും വ്യവഹാരങ്ങളെയും സാമൂഹ്യക്രമങ്ങളെയും സാരമായി ബാധിക്കുന്നതാണ് ഇത്. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാന ശിലകളെ ബാധിക്കുമെന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഏക സിവിൽ കോഡിനെതിരെ പൊതുബോധമുണരണം
ആധുനിക ജനാധിപത്യ സമൂഹത്തിന്റ പാകത അളക്കുന്നത് ഓരോ സമൂഹവും അതിലെ വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നതെങ്ങനെ എന്ന് പരിശോധിച്ചാണ്. സർക്കാറുകളുടെ നിയന്ത്രണങ്ങൾക്കപ്പുറത്ത് വ്യക്തിപരമായ അവകാശങ്ങളും അഭിലാഷങ്ങളും മതവിശ്വാസ സാംസ്കാരിക തെരഞ്ഞടുപ്പുകളും എത്രമാത്രം സ്വതന്ത്രമായി ഓരോ വ്യക്തിക്കും സാധ്യമാണെന്നത് പ്രധാനമാണ്. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനയിൽ വിശ്വാസവും മതവും സംസ്കാരവും ഭാഷയും ലിപിയുമെല്ലാം മൗലികാവകാശങ്ങളുടെ ഭാഗമായത്. രാജ്യത്തിന്റ സുസ്ഥിരമായ നിലനിൽപാണ് നാം ആഗ്രഹിക്കുന്നതെങ്കിൽ ഏക സിവിൽ കോഡ് കൊണ്ട് യാതൊരു കാര്യവുമില്ല. ഒരു രാജ്യം ഒരു നിയമം എന്നതാണ് അഖണ്ഡതയുടെ അടിസ്ഥാനമെങ്കിൽ ലോകത്തെ ഏറ്റവും അസ്ഥിരമായ രാജ്യം അമേരിക്ക ആകുമായിരുന്നു. കാരണം അവിടെ ഒരു നിയമമല്ല; ഓരോ സംസ്ഥാനത്തിനും ഓരോ ഭരണഘടനയുണ്ട്. മതരാഷ്ട്രങ്ങളിൽ പോലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടെതായ വ്യക്തിനിയമങ്ങളും ആചാരക്രമങ്ങളും അനുവദിച്ച് കൊടുക്കുന്നുണ്ട്. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു വ്യക്തിനിയമങ്ങൾ അതിനൊരുദാഹരണമാണ്. എല്ലാ സാംസ്കാരിക പശ്ചാത്തലത്തിൽനിന്ന് വരുന്നവരും ഒരേ നിയമവും ഒരേ ആചാരക്രമങ്ങളും പിന്തുടരണമെന്ന് പറയുന്നത് ജനാധിപത്യമല്ല, മറിച്ച് ഫാഷിസമാണ്.
ബാബരി മസ്ജിദ് ധ്വംസനം, ഗുജറാത്ത് കലാപം, മുത്ത്വലാഖ് മുതൽ പൗരത്വ ബില്ലു വരെ എത്തി നിൽക്കുന്ന ബിജെപിയുടെ നയങ്ങളിൽ ഏറ്റവും പുതിയ അജണ്ടകളിൽ ഒന്നാണ് ഇപ്പോഴത്തെ ഈ നീക്കം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചർച്ചകൾ സജീവമാണ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ബിജെപി തയ്യാറാകുമ്പോൾ ഓർക്കേണ്ട ഒരു മുദ്രാവാക്യമുണ്ട്: ‘ഒരു രാജ്യം, ഒരു നിയമം, ഒരു ഭരണാധികാരി, ഒരു ഭാഷ.’ അങ്ങേയറ്റം ഏകാധിപത്യ സ്വഭാവമുള്ള ഈ മുദ്രാവാക്യം നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിക്കൂടി വേണം ഇപ്പോഴത്തെ സംഭവവികാസങ്ങളെ വിലയിരുത്താൻ.
ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനവും ഭരണഘടന നിർമാണ സഭയും തള്ളിക്കളഞ്ഞ ഏകാത്മകമായ രാഷ്ട്ര ദർശനം നെഞ്ചേറ്റുന്നവർ, ഹിറ്റ്ലർ ഇന്ത്യക്കാർക്ക് അനുകരണീയ മാതൃകയാണെന്ന് പ്രസ്താവിച്ചവർ, നമ്മുടെ ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരത്തെയും ഒറ്റുകൊടുത്തവർ സിവിൽ കോഡിനെ കുറിച്ച് സംസാരിക്കുമ്പോൾ ദേശത്തെയും അതിലെ സാംസ്കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും സ്നേഹിക്കുന്ന സാധാരണ മനുഷ്യർ ആശങ്കാകുലരാകുന്നത് സ്വാഭാവികമാണ്. അതിനാൽ വ്യക്തിനിയമങ്ങളിലെ ഏകതാ രൂപങ്ങൾക്കെതിരെ നിസ്സംഗത വെടിഞ്ഞ് ശക്തമായി മുന്നോട്ട് വരണം. ന്യൂനപക്ഷങ്ങളിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം ബാധിക്കുന്നതാണിത് എന്ന ധാരണയിൽ മൗനമായി നിന്നാൽ പല നിയമങ്ങളും മനുഷ്യ ജീവിതത്തെ ദുസ്സഹമാക്കിയത് പോലെ ഇതും നമ്മെ വരിഞ്ഞ് മുറുക്കും. 2000, 500 നോട്ടുകൾ നിരോധിക്കുമ്പോൾ കള്ളപ്പണം പിടിച്ചെടുക്കാനും തീവ്രവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം തടയാനും ലക്ഷ്യമാക്കിയപ്പോൾ പൊരിവെയിലിലെ ചൂടേറ്റ് വാടിത്തളർന്നത് കള്ളപ്പണക്കാരായിരുന്നില്ല, ഈ രാജ്യത്തിലെ സാധാരണക്കാരായ പച്ച മനുഷ്യരായിരുന്നു.
ഏക സിവിൽ കോഡ് നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടി വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാവുക. വ്യക്തി ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും അത് ബാധിക്കും. അതോടെ ഉണ്ടാകാനിടയുള്ള പ്രതിസന്ധിയെ തരണം ചെയ്യാൻ എല്ലാവരും പാടുപെടേണ്ടിവരും. അപ്പോൾ ഉണ്ടായേക്കാവുന്ന സാമൂഹ്യ പ്രതിസന്ധി പരിഹരിക്കാൻ എല്ലാവരും രംഗത്തിറങ്ങേണ്ടിവരും. അതിനു മുമ്പ് തന്നെ ജനകീയ വിചാരണയിലൂടെ പരിഹാരം കണ്ടെത്താനും അധികാരികളെക്കൊണ്ട് തിരുത്തിക്കാനും സാധിക്കണം. അങ്ങനെ രാഷ്ട്രത്തിന്റ നൈതികതയും അഖണ്ഡതയും സൗഹാർദവും നിലനിറുത്താൻ പ്രതിജ്ഞാബദ്ധരാവുക നാം.