ജീവിതവിശുദ്ധിയുടെ ഇസ്‌ലാമിക പാഠങ്ങൾ

ഉസ്മാന്‍ പാലക്കാഴി

2022 മെയ് 07, 1442 ശവ്വാൽ 06
ശരീരത്തിലും വസ്ത്രത്തിലും അൽപം പോലും അഴുക്കു പുരളാതെ ജീവിക്കുക എന്നത് അസാധ്യമാണ്; നിസ്സാരമായ തെറ്റു പോലും സംഭവിക്കാതെ ജീവിക്കുക എന്നതും അങ്ങനെ തന്നെ. സാധ്യമാകുന്നത്ര തെറ്റുകളിൽനിന്ന് അകന്നു നിൽക്കാനും ജീവിതത്തെ വിമലീകരിക്കാനും ആവശ്യമായ പ്രായോഗിക മാർഗദർശനം ഇസ് ലാം മുന്നോട്ടുവയ്ക്കുന്നുണ്ട്. അത് മനുഷ്യരെ ആത്യന്തിക വിജയത്തിലേക്ക് നയിക്കുന്നതാണ്.

മനുഷ്യമനസ്സ് കാറ്റിലലയുന്ന ചെറുതൂവൽപോലെ -നന്മകൾക്കും തിന്മകൾക്കുമിടയിൽ- നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതാണ്. ചില നേരങ്ങളിൽ നന്മയോട് ആഭിമുഖ്യം തോന്നുന്ന ഹൃദയം മറ്റുചില നേരങ്ങൾ തിന്മയിലേക്ക് തിരിയും. പുണ്യ-പാപങ്ങൾ ഇടകലർന്ന ജീവിതമേഖലയിൽ എല്ലാസമയത്തും പുണ്യം മാത്രം ചെയ്യുവാൻ കഴിയുക എന്നത് അപൂർവമായ സൗഭാഗ്യമാണ്. മനുഷ്യജീവിതത്തിന്റെ പ്രവാഹം നന്മയുടെയും പുണ്യത്തിന്റെയും മാർഗത്തിലൂടെ മാത്രമായിരിക്കുക എന്നത് അസംഭവ്യമായിരിക്കുന്നതിന് കാരണം മനുഷ്യമനസ്സിന്റെ അതിസങ്കീർണതകളാണ്. വൈകാരിക വിക്ഷുബ്ധതകളുടെയും ശാരീരിക, മാനസിക താൽപര്യങ്ങളുടെയും അടിമകളായി മനുഷ്യൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ജീവിതത്തിൽ തീരാകളങ്കങ്ങളും വിലാപഹേതുക്കളുമായി കലാശിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ തിരുത്തലിന്റെയും വീണ്ടെടുപ്പിന്റെയും മാർഗദർശനം മനുഷ്യർക്ക് ആവശ്യമായിവരുന്നു. ഇസ്‌ലാം അത്തരത്തിലുള്ള മാർഗദർശനങ്ങൾ മാനവരാശിക്ക് നൽകുന്നു. പശ്ചാത്താപം, ദൈവസ്മരണ, ജീവിതവിമലീകരണം തുടങ്ങിയ മാർഗങ്ങളിലൂടെ മനുഷ്യജീവിതത്തിൽ ദൈവികമാർഗദർശനാധിഷ്ഠിതമായ വീണ്ടെടുപ്പിന് ഇസ്‌ലാം സാഹചര്യങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ക്വുർആൻ പറയുന്നത് കാണുക:

“നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. ധർമനിഷ്ഠ പാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ സ്വന്തത്തോടുതന്നെ വല്ല ദ്രോഹവും ചെയ്തുപോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പുതേടുകയും ചെയ്യുന്നവർക്ക് വേണ്ടി. -പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്)പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട് ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ. അത്തരക്കാർക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള പാപമോചനവും താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുമാകുന്നു. അവരതിൽ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു!’’ (ക്വുർആൻ 3:133-136)

ജീവിത സംസ്‌കരണത്തിന്റെയും നവീകരണത്തിന്റെയും ഏറ്റവും മികച്ച മാർഗങ്ങൾ മാനവരാശിക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ട് ക്വുർആൻ പറയുന്നത് മനുഷ്യന് പ്രത്യാശയും നന്മയിലേക്ക് മുന്നേറുവാനു ള്ള അഭിനിവേശവും നൽകുന്ന കാര്യങ്ങളാണ്. ഉപരിസൂചിത വചനങ്ങളിൽനിന്നും നമുക്ക് ഇപ്രകാരം ഗ്രഹിക്കാം

“സ്രഷ്ടാവിൽനിന്നുള്ള പാപമോചനം മനുഷ്യൻ ധൃതിപ്പെട്ട് തേടേണ്ടതുണ്ട്. അത് പിന്നീടാവാം എന്ന മനോഭാവം ഗുണകരമായിരിക്കില്ല. പാപമോചനം കാംക്ഷിക്കുന്ന മനുഷ്യന് ലഭിക്കുന്നത് പാപമോചന ത്തോടൊപ്പംതന്നെ പ്രവിശാലമായ സ്വർഗീയ ജീവിതവും കൂടിയാണ്. പാപമോചനത്തിലൂടെ സംസ്‌കരിക്കപ്പെടുന്ന മനുഷ്യൻ ധർമനിഷ്ഠ പാലിക്കുന്നവൻ എന്ന രീതിയിൽ പരിഗണിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. പരലോകത്ത് അത്തരമൊരു പരിഗണനയ്ക്കും ആദരവിനും അർഹരായിത്തീരുവാൻ എല്ലാ സന്ദർഭങ്ങളിലുമുള്ള ദൈവസ്മരണയും ദാനധർമങ്ങളും വൈകാരിക വിക്ഷുബ്ധതകളെ നിയന്ത്രിക്കലും മനുഷ്യരോട് ഉദാത്തമായ വിട്ടുവീഴ്ചാ മനോഭാവം പുലർത്തുകയും വേണ്ടതുണ്ട്. തിന്മകൾ പ്രവർത്തിക്കുക എന്നത് മനുഷ്യനെ ദൈവത്തിൽനിന്ന് പൂർണമായി അകറ്റുന്നതല്ല. എന്നാൽ പാപങ്ങളിലും തിന്മകളിലും അടിയുറച്ച് നിൽക്കാതെ ദൈവസ്മരണയോടുകൂടിയ തിരുത്തൽ ആവശ്യമാണ്. പാപങ്ങളിൽ ഉറച്ചുനിൽക്കുന്നവർ തിരുത്തേണ്ടിടങ്ങളിൽ തിരുത്തുവാൻ തയാറാകാത്തവരാണ്. മനുഷ്യന്റെ തിന്മകളും നീചവൃത്തികളും തിരുത്തുവാൻ അധികാരവും ഉദാരതയുമുള്ള സ്രഷ്ടാവിൽ അടിയുറച്ച വിശ്വാസം ആവശ്യമാണ്. മനുഷ്യനെ അനന്ത സൗഭാഗ്യങ്ങൾക്ക് അർഹനാക്കുന്നത് രക്ഷിതാവിന്റെ കാരുണ്യവും പാപമോചനവുമാണ്. സ്വയം തിരുത്തുവാനും പശ്ചാത്തപിക്കുവാനും സന്നദ്ധതയുള്ളവർ അതിന് അർഹരായിത്തീരുകതന്നെ ചെയ്യും.’’

ജീവിതത്തിന്റെ നശ്വതയെ ബോധ്യപ്പെടുത്തുന്ന നിരവധി ദൃഷ്ടാന്തങ്ങൾ പ്രപഞ്ചത്തിലും പ്രകൃതിയിലും ഉൾച്ചേർന്ന് കിടക്കുന്നുണ്ട്. മനുഷ്യജീവിതത്തെ സംബന്ധിച്ചിടത്തോളം അവൻ ജീവിക്കുന്ന ഈ നിമിഷത്തിന് ശേഷമുള്ളത് പ്രതീക്ഷ മാത്രമാണ്. ഒരുപക്ഷേ, ചില വ്യക്തികളെ സംബന്ധിച്ച് അടുത്തനിമിഷം ജീവിതത്തിൽ ഉണ്ടായെന്നുവരില്ല. കാലത്തിന്റെ നേർത്ത സൂചികൾ അതിവേഗം കറങ്ങിക്കൊണ്ടിരിക്കുകയാണ്. മിനുട്ടുകൾക്കും സെക്കന്റുകൾക്കുമിടയിലെ സൂക്ഷ്മമായ സമയാംഗങ്ങൾക്കിടയിൽ പ്രപഞ്ചത്തിലും പ്രകൃതിയിലും മനുഷ്യജീവിതത്തിലും പല മാറ്റങ്ങളും പരിവർത്തനങ്ങളും സംഭവിക്കുന്നു. ഇത് ചിലപ്പോൾ ദുരന്തങ്ങളാകാം, അവിചാരിതമായ സംഭവ പരമ്പരകൾ ആയിരിക്കാം. മറ്റു ചിലപ്പോൾ പ്രകൃതിയുടെ മാറ്റങ്ങളായിരിക്കാം.

മനുഷ്യൻ എത്രതന്നെ പുരോഗതി പ്രാപിച്ചാലും അവന്റെ ജീവിതത്തെ ചൂഴ്ന്നുനിൽക്കുന്ന അനിശ്ചിതത്വങ്ങളും അനിർണിതാവസ്ഥകളും ധാരാളമാണ്. അതുകൊണ്ടുതന്നെ നാളെ എന്നത് ഒരു ശരാശരി മനുഷ്യന്റെ കാര്യത്തിൽ എപ്രകാരം ഭാവനാത്മകമാണോ അപ്രകാരംതന്നെ അടുത്തനിമിഷം എന്നതും ഭാവനാത്മകമാണ്. ചെയ്യാനുള്ളത് അതിന്റെ സന്ദർഭം വരുമ്പോൾ ശ്രദ്ധയോടെയും ശരിയാംവണ്ണവും ചെയ്യുക എന്നത് മാത്രമാണ് മനുഷ്യന്റെ മുന്നിലുള്ള മാർഗം. ജീവിതതിലെ തെറ്റുശരികൾ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ ഉടനടി വരുത്തുകയും ചെയ്യുവാൻ താമസിക്കുന്നത് വിവേകപൂർണമല്ല. സ്വന്തം ഭാവനയും പദ്ധതിയുമനുസരിച്ച് നീങ്ങുന്ന ഒരു പ്രപഞ്ചക്രമത്തിന്റെ ഭാഗമല്ലാത്തതുപോലെ മനുഷ്യൻ സ്വന്തം ഭാവനയനുസരിച്ച് ചലിക്കുന്ന കാലത്തിന്റെ ഉടമസ്ഥനുമല്ല എന്ന പരമാർഥം തിരിച്ചറിയാൻ ശ്രമിക്കുകയും തിന്മകളുടെ മാലിന്യങ്ങളിൽനിന്നുള്ള ശുദ്ധീകരണത്തിന് സത്വരശ്രമങ്ങൾ നടതതുകയും ചെയ്യേണ്ടതുണ്ട്.

ഒരു തോണിയിൽ നദി മുറിച്ചുകടന്ന് അക്കരേക്ക് പോകുന്ന വ്യക്തിക്ക് തന്റെ പാപങ്ങൾക്കും തിന്മകൾക്കുമുള്ള പശ്ചാത്താപം അക്കരെയെത്തിയ ശേഷമാകാമെന്ന് തീരുമാനിച്ചുകൂടാ. കാരണം അയാൾ സഞ്ചരിക്കുന്ന തോണി അക്കരെ എത്തിയെന്നു വരാം, എത്താതിരിക്കുകയും ചെയ്യാം. ഒരു വിമാനത്തിൽ യാത്ര ചെയ്യുന്നവൻ തന്റെ ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയശേഷം പശ്ചാത്തപിക്കാമെന്ന് ചിന്തിക്കാവതല്ല. കാരണം അവന്റെ വിമാനം ആകാശത്തിന്റെ അനന്തതയിൽ ഒരോർമ മാത്രമായി നശിച്ചുപോയെന്നുവരാം. ഇത്തരത്തിൽ മനുഷ്യജീവിതത്തെ ആഴത്തിൽ വലയംചെയ്തു നിൽക്കുന്ന അനിശ്ചിതത്വം പരിഗണിച്ചുകൊണ്ടാണ് വിശുദ്ധ ക്വുർആൻ ‘നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക’ എന്ന് (3:133) നിർ ദേശിച്ചിരിക്കുന്നത്.

പാപകൃത്യങ്ങളിൽ അകപ്പെടുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യർ പശ്ചാത്തപിക്കുമ്പോൾ അവർ സ്വർഗത്തിന്റെ അവകാശികളായിത്തീരുകയും അതോടൊപ്പംതന്നെ ധർമനിഷ്ഠ പാലിക്കുന്ന സച്ചരിതരോടൊപ്പം പരലോകത്ത് പരിഗണിക്കപ്പെടുകയും ചെയ്യുന്നു. പാപികൾ രണ്ടാംകിടക്കാരാണ് എന്ന ഒരുതരം അപകർഷതാബോധത്തിന് ഇസ്‌ലാം അവസരം സൃഷ്ടിക്കുന്നില്ല. പാപികൾ പാപികളായി തുടരുന്ന കാലത്തോളം അവർ രണ്ടാംകിടക്കാരായിരിക്കുമെങ്കിലും പശ്ചാത്താപ ത്തിലൂടെ സ്രഷ്ടാവിന്റെ പാപമോചനാനുഗ്രഹവും അതിവിശാലമായ പരലോകാനുഗ്രഹങ്ങളും അർഹമാക്കുമ്പോൾ അവർ സദ്‌വൃത്തരോടാപ്പം സ്ഥാനം നേടുന്നു. ക്വുർആൻ ഈ സത്യത്തെ അരക്കിട്ടുറപ്പിക്കുകയാണ് 3:133,134 വചനങ്ങളിൽ.

ധർമനിഷ പാലിക്കുന്നവർക്കായി ഒരുക്കപ്പെട്ട അനുഗ്രഹങ്ങൾ പാപികൾക്ക് ലഭ്യമാകണമെങ്കിൽ ധർമനിഷ്ഠ പാവലിക്കുന്നവർക്ക് ക്വുർആൻ ചൂണ്ടിക്കാണിക്കുന്ന ഗുണങ്ങൾ വ്യക്തികളുടെ പശ്ചാത്താപാനന്തര ജീവിതത്തിൽ ഉണ്ടായിരിക്കുകയും വേണ്ടതുണ്ട്. ആ ഗുണങ്ങൾ 3:134ൽ പറയുന്നതിനെ ഇപ്രകാരം സംഗ്രഹിക്കാം:

1. സ്വന്തം സുഖ-ദുഃഖ സാഹചര്യങ്ങൾ പരിഗണിക്കാതെ തങ്ങൾക്ക് കൈവന്നിട്ടുള്ള സാമ്പത്തികവും മറ്റുമായ അനുഗ്രഹങ്ങളിൽനിന്നും അർഹമായ വ്യക്തികൾക്ക് ദാനധർമാദികൾ ചെയ്യും.

2. വൈകാരിക വിക്ഷോഭങ്ങൾ അടക്കുകയും സ്വയം നിയന്ത്രിക്കുകയും ചെയ്യും. കോപവിദ്വേഷാദി വികാരങ്ങൾക്കു വഴങ്ങി കടുത്ത നടപടികളോ പ്രവർത്തനങ്ങളോ അവരിൽനിന്നും ഉണ്ടാവുകയില്ല.

3. വിട്ടുവീഴ്ചയുടെയും ഔദാര്യത്തിന്റെയും ക്ഷമയുടെയും ഉദാത്തഗുണങ്ങൾ പ്രകടിപ്പിക്കുകയും അങ്ങനെ സമൂഹത്തിൽ സ്‌നേഹമസൃണമായ ഒരന്തരീക്ഷത്തിന് കാരണക്കാരായിത്തീരുകയും ചെയ്യും.

4. ഉദാത്തമായ മാനുഷികഗുണങ്ങൾ പ്രകടിപ്പിക്കുന്ന ഇവർ സ്രഷ്ടാവിന്റെ പ്രീതിക്ക് അർഹരും ‘സൽകർമകാരികൾ’ എന്ന മഹത്തായ വിശേഷണം അർഹിക്കുന്നവരുമായിരിക്കും.

പാപമോചനം ആഗ്രഹിക്കുന്നവർ മേൽപറഞ്ഞ സ്വഭാവഗുണങ്ങളിലേക്ക് പരിവർത്തിതരാകേണ്ടതുണ്ട് എന്നു വ്യക്തം.

തിന്മകൾക്ക് സാമൂഹികവും വൈയക്തികവുമായ സ്വഭാവങ്ങൾ ഉണ്ടായിരിക്കാമെങ്കിലും ഏതൊരു തിന്മയും ആത്യന്തികമായി അത് ചെയ്ത വ്യക്തിയെയാണ് ബാധിക്കുന്നത്. ആരിൽനിന്ന് തിന്മ ഉത്ഭവിക്കുകയും പ്രവൃത്തികൾ തിന്മക്കിടയാക്കുകയും ചെയ്യുന്നുവോ അവൻ തന്നോടുതന്നെ ദ്രോഹം പ്രവർത്തിക്കുകയാണ് എന്ന് ക്വുർആൻ പറയുന്നു.

സ്രഷ്ടാവിന് വിരുദ്ധമായ സൃഷ്ടിദ്രോഹം വ്യക്തിയിൽനിന്നുണ്ടാകുമ്പോൾ അവൻ തന്റെ സ്രഷ്ടാവിനെ വിസ്മരിക്കുകയും അതുവഴി തന്നോടുതന്നെ അനീതികാട്ടുകയുമാണ് ചെയ്യുന്നത്. ഇതിനെയാണ് ക്വുർആൻ ‘സ്വന്തത്തോടുള്ള ദ്രോഹ’മെന്ന് വിശേഷിപ്പിക്കുന്നത്. ഇങ്ങനെ നീചവൃത്തി ചെയ്യുന്നവർ ഏറ്റവും അടുത്ത നിമിഷത്തിൽതന്നെ സ്വന്തം വീഴ്ചകൾ മനസ്സിലാക്കുകയും സ്രഷ്ടാവിനെക്കുറിച്ച് ബോധവാന്മാരാവുകയും ചെയ്തുകൊണ്ട് സൻമാർഗ സരണിയിലേക്ക് തിരിയേണ്ടതുണ്ട്്. ഇതിന്റെ അടിസ്ഥാനപ്രേരണ സ്രഷ്ടാവിനെക്കുറിച്ചുള്ള ഓർമയാണ്.

തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥൻ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണല്ലോ തന്നിൽനിന്നും ഉണ്ടായിരിക്കുന്നത് എന്ന് ചിന്തിക്കുന്ന മനുഷ്യൻ ചെയ്യുന്ന പശ്ചാത്താപമാണ് അർഥവത്താവുക. സൃഷ്ടികളുടെ മുമ്പിലുള്ള കുമ്പസാരങ്ങളും ഏറ്റുപറച്ചിലുകളും മനുഷ്യജീവിത വിമലീകരണത്തിന് ഫലപ്രദമായിരിക്കുകയില്ല. പശ്ചാത്താപത്തിന്റെ മർമം ദൈവസ്മരണയും തന്നെ ചോദ്യം ചെയ്യുവാനും വിധിക്കാനും അർഹതയും അവകാശവുമുള്ള സ്രഷ്ടാവിന് വിരുദ്ധമായതാണല്ലോ തന്റെ നീചവൃത്തി എന്ന പാപബോധവുമാണ്. ഈ ഘടകങ്ങൾ അവഗണിച്ചുകൊണ്ടുള്ള പശ്ചാത്താപം ഫലപ്രദമാകില്ലെന്നാണ് ക്വുർആൻ മനസ്സിലാക്കിത്തരുന്നത്.

മനുഷ്യനെ സൃഷ്ടിക്കുകയും ജീവിതം നൽകുകയും നന്മതിന്മകളെക്കുറിച്ചുള്ള പാഠങ്ങൾ പഠിപ്പിക്കുകയും പ്രപഞ്ചം, പ്രകൃതി, കാലം, സ്ഥലം എന്നിവയുടെയല്ലാം നിയന്ത്രണവും അധികാരവും കൈവശം വച്ചിരിക്കുകയും ചെയ്യുന്ന മഹാശക്തിയെ കുറിച്ച് ചിന്തിക്കാത്ത തരത്തിൽ ഒരു നവീകരണം നിഷ്ഫലമാണ്.

പാപങ്ങൾ പൊറുക്കുക എന്ന, സ്രഷ്ടാവിന്റെ ഔദാര്യമില്ലെങ്കിൽ പമോചനം എന്ന അനുഗ്രഹവുമില്ല. എന്നാൽ ഇതിന് മനുഷ്യൻ അർഹനാകുവാൻ വേണ്ട തെരഞ്ഞെടുപ്പ് മനുഷ്യന്റെ വിവേകപൂർണമായ ചിന്താഗതിയിൽനിന്നുണ്ടാവണം. തെറ്റിനെക്കുറിച്ചുള്ള ബോധ്യവും പാപവിമോചനത്തിന്റെ ആവശ്യകതയും മനസ്സിലാക്കി ആത്മാർഥമായ പരിവർത്തനത്തിന് മനുഷ്യൻ സന്നദ്ധനാകുമ്പോൾ സ്രഷ്ടാവിന്റെ അനുഗ്രഹത്തിന് അവൻ അർഹത നേടുന്നു. നിഷേധാത്മക മനോഭാവവും തിന്മകളിൽ നിരന്തരം വ്യാപൃതമാകാനുള്ള താൽപര്യവും ആധിപത്യം ചെലുത്തുമ്പോൾ പുനരാലോചനക്ക് അവസരമുണ്ടാകുന്നില്ല. അത്തരം ഘട്ടങ്ങളിൽ നീണ്ടു നീണ്ടുപോകുന്ന നീചവൃത്തികളുടെ പാതയിലൂടെ മനുഷ്യൻ നീങ്ങുന്നു.

മറ്റൊരു അടിസ്ഥാനപരമായ കാര്യം പാപങ്ങൾ പൊറുക്കുവാനും പാപമോചനം നൽകുവാനും സ്രഷ്ടവിനല്ലാതെ അധികാരവും അവകാശവുമില്ലെന്ന ബോധം ഉണ്ടായിരിക്കണമെന്നതാണ്. ഇത്തരം ഒരവകാശവും അധികാരവും മറ്റാർക്കെങ്കിലും വകവച്ചുകൊടുക്കുന്നിടത്ത് ജീവിത വിമലീകണത്തിനാവശ്യമായ പശ്ചാത്താപം സാധ്യമല്ല. പ്രപഞ്ചത്തിന്റെയും തന്റെയും സൃഷ്ടികർത്താവായവൻ മനുഷ്യർക്ക് നൽകുന്ന ഔദാര്യവും അനുഗ്രഹവും മറ്റു കേന്ദ്രങ്ങളിൽനിന്ന് പ്രതീക്ഷിക്കുകയെന്നത് അക്രമവും അവിവേകവുമാണ്. വിവേകമതിയായ മനുഷ്യൻ ഇത്തരം തെറ്റായ പ്രതീക്ഷ വച്ചുപുലർത്തുകയില്ല.

നന്മതിന്മകൾ ദൈവികമാർഗദർശനത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെട്ടിട്ടുണ്ട്. അവ വേർതിരിച്ചറിയുകയും തദനുസൃതം ജീവിതം ക്രമീകരിക്കുകയുമാണ് മനുഷ്യൻ ചെയ്യേണ്ടത്. അതിന് തയ്യാറുള്ളവർ കുറെ വിധികളും വിലക്കുകളും അനുസരിക്കേണ്ടതുണ്ട്. ദൈവിക മാർഗദർശനത്തിന്റെ പാതയിലൂടെ ലഭിക്കുന്നതാണ് യഥാർഥ സ്വാതന്ത്ര്യം.; മറിച്ചുള്ളത് പാരതന്ത്ര്യവും. ആ പാരതന്ത്ര്യത്തെ ക്വുർആൻ വിശേഷിപ്പിക്കുന്നത് ‘നഷ്ടം’ എന്നാണ്.

“കാലം തന്നെയാണ് സത്യം, തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു; വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ’’ (ക്വുർആൻ 103:1-3).

മനുഷ്യചരിത്രത്തിന്റെ ഭൂതകാലാനുഭവങ്ങളിൽനിന്നും ഉരു ത്തിരിയുന്ന പാഠമാണ് ദുർവൃത്തരുടെ നഷ്ടം അനിവാര്യമാണെന്നത്. അതുകൊണ്ട് കൂടിയാണ് ക്വുർആൻ ഇവിടെ കാലത്തെ എടുത്തുപറഞ്ഞ് സത്യം ചെയ്തിരിക്കുന്നത് എന്നു മനസ്സിലാക്കാം. കാലം പഠിപ്പിച്ച പാഠങ്ങൾ ദൈവിമാർഗദർശനാനുസൃതം മനുഷ്യൻ ജീവിതത്തെ തിരുത്തണമെന്നതാണ്. അതുകൊണ്ട് കാലത്തിന്റെ പാഠങ്ങൾ മനുഷ്യനെ ചിന്താപരമായി വളർത്തുന്നതാണ്. അതാണ് ക്വുർആൻ 103:1-3 നൽകുന്ന സന്ദേശം.

കാലത്തെക്കൊണ്ട് സത്യം ചെയ്യുന്നതിലൂടെ കാലത്തിന്റെ സംഭാവനകളായി ഗണിക്കപ്പെടുന്ന ചരിത്ര സംഭവങ്ങൾ, ആശയങ്ങൾ, ചിന്താഗതികൾ, വ്യക്തികളുടെ പ്രവർത്തനങ്ങൾ എന്നിവയിലേക്ക് മനുഷ്യരാശിയുടെ ശ്രദ്ധ ക്ഷണിക്കകയാണ് ക്വുർആൻ ചെയ്യുന്നത്. കാലത്തിന്റെ പാഠമെന്ന നിലയിൽ അവതരിപ്പിക്കുന്ന രണ്ടു സംഗതികൾ, സത്യവിശ്വാസം സ്വീകരിക്കുകയും സൽപ്രവൃത്തികൾ ചെയ്യുകയും സത്യവും ക്ഷമയും കൈക്കൊള്ളുവാൻ പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ മറ്റെല്ലാവരും പരാജയത്തിലാണ്; എന്നാൽ അത്തരമൊരു ജീവിത സംസ്‌കാരം അവലംബിച്ചവർ പരാജിതരല്ല എന്നിവയാണ്. സദ്‌വൃത്തരായ ആളുകളോട് ചേർന്നുനിൽക്കുവാനും അവരിൽ ഉൾപ്പെടുവാനും ശ്രമിച്ചവർ വിജയികളും അല്ലാത്തവർ പരാജിതരുമായതിന്റെ ചിത്രങ്ങൾ എമ്പാടുമുള്ളവയാണ് ചരിത്രപാഠങ്ങൾ. ഇവയെ പാഠാത്മകമായി പരിഗണിക്കേണ്ടുന്ന ബാധ്യത മനുഷ്യരാശിക്കുണ്ട്. വിജയികളും പരാജിതരുമായി വേർതിരിഞ്ഞുനിൽക്കുന്ന ഭൂതകാല മനുഷ്യസഞ്ചയത്തിന്റെ അനുഭവങ്ങളിലേക്ക് വിരൽചുണ്ടുന്ന എല്ലാ ക്വുർആൻ വചനങ്ങളുടെയും മുമ്പോ ശേഷമോ ആയി വരുന്ന പരാമർശങ്ങൾ ചിന്തിക്കുവാനോ പാഠങ്ങൾ ഉൾകൊള്ളുവാനോ സൽകർമങ്ങൾ അനുഷ്ഠിക്കുവാനേണാ ആഹ്വാനം ചെയ്യുന്നവയാണെന്നത് ശ്രദ്ധേയമാണ്. ദുഷ്‌കൃത്യങ്ങളിൽനിന്ന് പിന്തിരിയുവാൻ ആഹ്വാനം നൽകുകയും പശ്ചാത്താപത്തിലൂടെ ജീവിത വിമലീകരണത്തിന്റെ പാത സ്വീകരിക്കുവാൻ നിർദേശിക്കുകയും ചെയ്യുന്ന, ആദ്യം ഉദ്ധരിച്ച ക്വുർആൻ വചനങ്ങൾ (3:133-136) കഴിഞ്ഞാൽ വരുന്ന വചനങ്ങളും ഇത്തരത്തിൽ ചിന്തിക്കുവാൻ ആഹ്വാനം നൽകുന്നുവെന്നത് കാണുക.

“നിങ്ങൾക്ക് മുമ്പ് പല (ദൈവിക) നടപടികളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാൽ നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവിൻ. ഇത് മനുഷ്യർക്കായുള്ള ഒരു വിളംബരവും, ധർമനിഷ്ഠ പാലിക്കുന്നവർക്ക് മാർഗദർശനവും സാരോപദേശവുമാകുന്നു’’ (3:137-138).

നന്മയും തിന്മയും അനുസരിച്ചുള്ള രണ്ടു വ്യത്യസ്ത ജീവിതരീതികളിലൂടെ മുന്നോട്ടുപോകുന്ന മാനവരാശിക്ക്, അത്തരം വിഭിന്ന ജീവിതരീതികളെ അടിസ്ഥാനമാക്കിയുള്ള അനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടിവരിക സ്വാഭാവികം. നന്മയുടെയും തിന്മയുടെയും ഫലങ്ങളും പാഠങ്ങളും വ്യത്യസ്തങ്ങളായിരിക്കും. തിന്മ ചെയ്യേണ്ടിവരിക എന്നതും തിന്മയെ ജീവിതചര്യയാക്കുക എന്നതും വേറിട്ട കാര്യങ്ങളാണ്. തിന്മ ചെയ്യേണ്ടിവരികയും, എന്നാൽ പിന്നീട് നന്മയിലേക്ക് എത്തിച്ചേർന്ന്, നന്മയിൽ അധിഷ്ഠിതമായ വ്യക്തമായ ജീവിതരീതി അവലംബിക്കുകയും ചെയ്താൽ ചരിത്രത്തിലെ ദുർവൃത്തരുടെ പട്ടികയിൽനിന് മോചനം നേടാൻ കഴിയുമെന്ന അടിസ്ഥാനപരമായ വിമോചനത്തിന്റെ സന്ദേശം എല്ലാ ദൂതന്മാരുടെയും പ്രബോധനങ്ങളിൽ ഉണ്ടായിരുന്നു. ഈ സന്ദേശം പ്രാവർത്തികമാക്കിയവർ സത്യത്തെ പാലിച്ചവരും അല്ലാത്തവർ സത്യനിഷേധികളുമായി വേർതിരിഞ്ഞുനിൽക്കുന്നു. പൂർവകാലത്തെ കുറിച്ചുള്ള ചരിത്രാനുഭവങ്ങൾ ഓർമിക്കുവാൻ ക്വുർആൻ ആഹ്വാനം ചെയുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ദൈവിക മാർഗദർശനപ്രകാരമുള്ള പരിവർത്തനത്തെ വിജയത്തിന്റെയും പരിവർത്തനമില്ലായ്മയെ പരാജയത്തിന്റെയൂം അടിസ്ഥാനമായി ക്വുർആൻ കാണുന്നു. സ്രഷ്ടാവിനെ അനുസരിക്കുന്നവരും അനുസരിക്കാത്തവരുമായി ജനത വേർതിരിയുന്നു. വ്യക്തികളും ഒരു വിഭാഗംതന്നെയും സ്വന്തം തെറ്റുകളും പരിമിതികളും തിരിച്ചറിഞ്ഞ് തിരുത്തുവാൻ തയ്യാറാകുന്ന മാനസികാവസ്ഥ സ്രഷ്ടാവിനോടുള്ള വിധേയത്വത്തിന്റെ അടയാളമായി പരിഗണിക്കപ്പെടുന്നു. ഈ ആശയം വരുന്ന നിരവധി വചനങ്ങൾ ക്വുർആനിൽ കാണാവുന്നതാണ്.

“എന്നാൽ ഒരാൾ തന്റെ രക്ഷിതാവിങ്കൽനിന്ന് ലഭിച്ച വ്യക്തമായ തെളിവിനെ അവലംബിക്കുന്നു. അവങ്കൽനിന്നുള്ള ഒരു സാക്ഷി (ക്വുർആൻ) അതിനെ തുടർന്ന് വരുകയും ചെയ്യുന്നു. അതിനുമുമ്പ് മാതൃകയും കാരുണ്യവുമായിക്കൊണ്ട് മൂസായുടെ ഗ്രന്ഥം വന്നിട്ടുമുണ്ട്. (അങ്ങനെയുള്ള ഒരാൾ ആ ദുൻയാ പ്രേമികളെ പോലെ ക്വുർആൻ നിഷേധിക്കുമോ? ഇല്ല.) അത്തരക്കാർ അതിൽ വിശ്വസിക്കും. വിവിധ സംഘങ്ങളിൽനിന്ന് അതിൽ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു. ആകയാൽ നീ അതിനെപ്പറ്റി സംശയത്തിലാവരുത്. തീർച്ചയായും അത് നിന്റെ രക്ഷിതാവിങ്കൽനിന്നുള്ള സത്യമാകുന്നു. പക്ഷേ, ജനങ്ങളിൽ അധികപേരും വിശ്വസിക്കുന്നില്ല’’ (ക്വുർആൻ 11:17).

“അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചവനെക്കാൾ അക്രമിയായി ആരുണ്ട്? അവർ അവരുടെ രക്ഷിതാവിന്റെ മുമ്പിൽ ഹാജരാക്കപ്പെടുന്നതാണ്. സാക്ഷികൾ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്റെ പേരിൽ കള്ളം പറഞ്ഞവർ. ശ്രദ്ധിക്കുക: അല്ലാഹുവിന്റെ ശാപം ആ അക്രമികളുടെമേലുണ്ടായിരിക്കും. അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തടയുകയും, അതിന് വക്രത വരുത്താൻ ആഗ്രഹിക്കുകയുംചെയ്യുന്നവരത്രെ അവർ. അവരാകട്ടെ പരലോകത്തിൽ വിശ്വാസമില്ലാത്തവരുമാണ്. അക്കൂട്ടർ ഭൂമിയിൽ (അല്ലാഹുവെ) തോൽപിക്കാൻ കഴിയുന്നവരായിട്ടില്ല. അല്ലാഹുവിന് പുറമെ അവർക്ക് രക്ഷാധികാരികളാരും ഉണ്ടായിട്ടുമില്ല. അവർക്ക് ശിക്ഷ ഇരട്ടിപ്പിക്കപ്പെടുന്നതാണ്. അവർ കേൾക്കാൻ കഴിയുന്നവരായില്ല. അവർ കണ്ടറിയുന്നവരുമായില്ല’’ (ക്വുർആൻ 11:18-20).

“അത്തരക്കാരാകുന്നു ആത്മനഷ്ടം പറ്റിയവർ. അവർ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരെവിട്ടു മാറിക്കളയുകയും ചെയ്തു. നിസ്സംശയം, അവർതന്നെയാണ് പരലോകത്തിൽ ഏറ്റവും നഷ്ടം പറ്റിയവർ. തീർച്ചയായും വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂർവം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. ഈ രണ്ട് വിഭാഗങ്ങളുടെയും ഉപമ അന്ധനും ബധിരനുമായ ഒരാളെപ്പോലെയും, കാഴ്ചയും കേൾവിയുമുള്ള മറ്റൊരാളെപ്പോലെയുമാകുന്നു. ഇവർ ഇരുവരും ഉപമയിൽ തുല്യരാകുമോ? അപ്പോൾ നിങ്ങൾ ചിന്തിച്ചുനോക്കുന്നില്ലേ?’’ (ക്വുർആൻ 11: 21-24).

പൂർവകാല സമുദായങ്ങളിലെ വിശ്വാസ-അവിശ്വാസ പ്രവണതകളുടെയും അവയുടെ തുടർച്ചയായ പരിവർത്തനങ്ങളുടെയും വിലയിരുത്തലാണ് മേൽപറഞ്ഞ വചനങ്ങൾ ഉൾകൊള്ളുന്നത്.

(അവസാനിച്ചില്ല)