നിലനിൽപിന്റെ പോരാട്ടവഴിയിൽ

നബീൽ പയ്യോളി

2022 ജൂൺ 25, 1442 ദുൽഖഅദ 24
മനുഷ്യജീവിതത്തിന് ഒരു താളപ്പൊരുത്തമുണ്ട്. സാമൂഹികജീവിയെന്ന നിലയിൽ അതിെൻറ ഉയർച്ച താഴ്ചകളുടെ ഗ്രാഫ് മറ്റുള്ളവരുടേതുമായി കൂട്ടിമുട്ടാതിരിക്കുമ്പോഴോ, കൂട്ടിമുട്ടിയാൽ പോലും വക്ക് പൊടിഞ്ഞ് ചോര കിനിയാതിരിക്കുകയോ ചെയ്യുമ്പോഴാണ് ലക്ഷ്യപ്രാപ്തി സാധ്യമാകുന്നത്. കേവലം വ്യക്തിയിലോ കുടുംബത്തിലോ സമൂഹത്തിലോ ഒതുങ്ങി നിൽക്കാതെ അതിർത്തികൾ ഉല്ലംഘിച്ച് ഈ ആശയം വികസിക്കുമ്പോൾ മാത്രമെ പൂർണതയിലെത്തിയെന്ന് അവകാശപ്പെടാനാവൂ.

മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്നവരാണ് നാമെല്ലാവരും. അല്ലാഹു മാത്രമാണ് പരാശ്രയമുക്തൻ. സർവചരാചരങ്ങളും പരാശ്രയരാണ് എന്നത് ഏതൊരാളും അംഗീകരിക്കുന്ന യാഥാർഥ്യമാണ്. അതിന് മറ്റൊരുവശം കൂടിയുണ്ട്. നമ്മൾ ആശ്രയിച്ച് കഴിയുന്ന ഒന്നിന്റെ നാശം, അല്ലെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ നമ്മുടെ പതനത്തിനുകൂടി കാരണമാവും. വായു, വെള്ളം, മറ്റു പ്രകൃതിവിഭവങ്ങൾ തുടങ്ങി പ്രപഞ്ചത്തിലെ എല്ലാറ്റിനും വരുന്ന ഉയർച്ചതാഴ്ചകൾ നമ്മെ ബാധിക്കുന്നു എന്ന യാഥാർഥ്യം തിരിച്ചറിയാതെ പോകരുത്.

നമുക്ക് ചുറ്റുമുള്ള നിരവധി ഉദാഹരണങ്ങൾ പാരസ്പര്യത്തിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്നതാണ്. കേരളത്തിൽ രണ്ട് പ്രളയങ്ങൾ ഉണ്ടായപ്പോഴും ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലും ഇന്നിതാ അതിവേഗ റെയിൽപാതയുടെ പശ്ചാത്തലത്തിലും മലയാളികൾ പ്രകൃതിയുടെ നിലനിൽപ് നമ്മുടെ കൂടി നിലനിൽപിന്റെ ആവശ്യമാണെന്ന് ചർച്ചചെയ്യുകയാണ്.

വിദ്വേഷ പ്രചാരണവും വിഭാഗീയ ശ്രമങ്ങളും

സ്വാർഥ താൽപര്യങ്ങൾ മുൻനിർത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയും നട്ടാൽ കരുക്കാത്ത നുണകൾ പ്രചരിപ്പിച്ച് വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ സത്യത്തിൽ അവരുടെ നിലനിൽപിനെ തന്നെയാണ് ചോദ്യംചെയ്യുന്നത്. ചരിത്രം അതാണ് നമ്മെ ഓർമപ്പെടുത്തുന്നത്. ഇരുട്ടിന്റെ ശക്തികൾ ഒളിപ്പോര് നടത്തി ഓരോ ഇരയെയും ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് പതിവ്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നാമത് കണ്ടതാണ്. എന്നാൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നീചകൃത്യത്തിന് മുമ്പിൽ ഐക്യത്തിന്റെ പ്രതിരോധം തീർത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളെ മുട്ടുകുത്തിച്ചു എന്നതല്ലേ നമ്മുടെ നാടിന്റെതന്നെ ചരിത്രം!

ഇത്തരം ദുശ്ശക്തികളാരും അജയ്യരും വിധിക്ക് അപ്രാപ്യരുമായിത്തീർന്നിട്ടില്ല. സംഘ്പരിവാരങ്ങളും അവരുടെ പുത്തൻകൂറ്റുകാരും ചേർന്ന് നടത്തുന്ന വിഷലിപ്തമായ പ്രചാരണങ്ങളെ ലോകം പുച്ഛത്തോടെ മാത്രമെ കാണുന്നുള്ളൂ. ഫാസിസം സ്വയം തീരുമാനിക്കുന്ന ശത്രുക്കളെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അവർ നൽകുന്ന മോഹനവാഗ്ദാനങ്ങളും മറ്റും കണ്ണ് മഞ്ഞളിപ്പിക്കാതിരിക്കാൻ പക്വമതികൾക്ക് സാധ്യമാവണം. കൊലപാതകങ്ങളും കലാപശ്രമങ്ങളും കള്ളപ്രചാരണങ്ങളുമൊക്കെ ഒരേ ലക്ഷ്യത്തിലേക്കുള്ള വ്യത്യസ്ത നീക്കങ്ങൾ മാത്രമാണ്.

പുരോഗതിയും സമാധാനവും

പുരോഗതിയും സമാധാനവും പരസ്പരബന്ധിതമാണ്, സമാധാനാന്തരീക്ഷത്തിൽ മാത്രമാണ് പുരോഗതി സാധ്യമാവുക. കഴിഞ്ഞ ഏതാനും മാസങ്ങളായി കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളും കലാപശ്രമങ്ങളും ആ സംസ്ഥാനത്തിന്റെ പുരോഗതിക്ക് വലിയ വിഘാതം സൃഷ്ടിക്കുമെന്ന് അവിടുത്തെ വിദഗ്ധർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. രാജ്യത്തെ ഐടി ഹബ്ബ് എന്ന നിലയിൽ ബംഗളൂരുവിലും അതിനോട് ചേർന്നുകിടക്കുന്ന നഗരങ്ങളിലും ഉണ്ടായ വികസനവും പുരോഗതിയും സംസ്ഥാനത്തിന് വലിയ മുതൽക്കൂട്ടായിരുന്നു. എന്നാൽ ഇന്ന് അസമാധാനാന്തരീക്ഷം സംരംഭകരെ കർണാടകയിൽനിന്നും മാറാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. തമിഴ്‌നാടിനെയാണ് പലരും ഇപ്പോൾ നല്ല ഓപ്ഷനായി കാണുന്നത്. ഇത് കേരളത്തിന് വലിയ പാഠമാണ്. സമാധാനാന്തരീക്ഷം തൊഴിലിനും ജീവിതത്തിനും തൊഴിൽ സംരംഭങ്ങൾക്കുമെല്ലാം പ്രധാനമാണ്. അസമാധാനം ഉള്ളിടത്തേക്ക് തലവച്ചുകൊടുക്കാൻ ആരും താല്പര്യപ്പെടുകയില്ല. അത് നമ്മുടെ നാടിന്റെ വികസനത്തെ കാര്യമായിത്തന്നെ ബാധിക്കും.

കാലം മാറിയത് അറിയാതെ പോകരുത്. അന്യവിദ്വേഷവും അനീതിയും അക്രമവുമൊക്കെ കൊണ്ടുനടക്കുന്നവരെ തൊഴിലിടങ്ങളിൽ ഉൾക്കൊള്ളാൻ തൊഴിൽദാതാക്കൾ തയ്യാറാവില്ല. മുമ്പൊക്കെ കലാലയങ്ങളിൽനിന്ന് ലഭിക്കുന്ന സ്വഭാവ സർട്ടിഫിക്കറ്റുകളാണ് തൊഴിൽ ലഭ്യമാക്കാൻ സഹായിച്ചിരുന്നതെങ്കിൽ ഇന്ന് തൊഴിൽദാതാക്കൾ തൊഴിലന്വേഷകന്റെ സാമൂഹ്യമാധ്യമങ്ങളിലെ പെരുമാറ്റമാണ് സ്വഭാവസർട്ടിഫിക്കറ്റായി പരിഗണിക്കുന്നത്. എത്ര പ്രാവീണ്യമുള്ള തൊഴിലാളിയാണെങ്കിലും സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയാൽ അയാളെ നിലനിർത്താതിരിക്കാനാണ് അധികാരികൾ ശ്രമിക്കാറുള്ളത്. ലോകരാജ്യങ്ങൾ മുഴുവൻ പൊതുവെ സ്വീകരിച്ചുവരുന്ന വഴിയാണിത്. അതുകൊണ്ട് ഇത്തരം തിന്മയുടെ വക്താക്കൾ സ്വയം നാശത്തിന്റെ കുഴിതോണ്ടുകയാണ് എന്നത് തിരിച്ചറിയുന്നതാവും നല്ലത്.

കേരളം പോലെ സമാധാനവും സഹവർത്തിത്വവും മാതൃകാപരമായി നിലനിക്കുന്നിടത്ത് വർഗീയ, വിഭാഗീയത ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും നാടിന്റെയും ജനങ്ങളുടെയും സമാധാനവും സ്വൈര്യജീവിതവും പുരോഗതിയും ഉറപ്പുവരുത്തുകയും ചെയ്യുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാവും എന്നതാണ് നമുക്ക് ചുറ്റുമുള്ള പല സംഭവങ്ങളും സൂചിപ്പിക്കുന്നത്.

തൊഴിൽദാതാക്കളും തൊഴിലാളികളും

തൊഴിലാളിസമരത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്ഥാപനങ്ങളെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ കുറെ കേട്ടതാണ്. തൊഴിൽദാതാവിന് എന്നതുപോലെ തൊഴിലാളികൾക്കും നഷ്ടമുണ്ടായി എന്നതല്ലേ യാഥാർഥ്യം? തൊഴിൽദാതാക്കൾ ഉണ്ടെങ്കിൽ മാത്രമെ തൊഴിലാളികളുടെ ആവശ്യമുള്ളൂ; തിരിച്ചും അങ്ങനെ തന്നെ. അതുകൊണ്ട് ക്രിയാത്മകമായ ബന്ധമാണ് അവർക്കിടയിൽ ഉണ്ടാവേണ്ടത്. രണ്ടും എല്ലാവരുടെയും നിലനിൽപിന് ആവശ്യമാണെന്നിരിക്കെ ആരെയെങ്കിലും ശത്രുതാമനോഭാവത്തോടെ കാണുന്നതും കൈകാര്യം ചെയ്യുന്നതും ഒരിക്കലും ഗുണപരമല്ല. പാരസ്പര്യത്തിലൂന്നിയ ഇടപെടലുകളാണ് ഇരുകൂട്ടർക്കും ഗുണകരം. അത്തരം സംസ്‌കാരമുള്ളവർക്കേ വിജയിക്കാൻ സാധിക്കുകയുള്ളൂ.

തൊഴിലാളികളെ സ്വന്തം സഹോദരങ്ങളെപോലെ കാണുകയും അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്ന ധാരാളം സ്ഥാപനങ്ങൾ നിലവിലുണ്ട്. ഇരുകൂട്ടർക്കും അതിൽനിന്ന് സാമ്പത്തികമായും മറ്റും മെച്ചവുമുണ്ട് എന്നതുകൂടി നാം കാണുന്നു. സ്ഥാപനത്തിന്റെ വളർച്ച തന്റെ കൂടി അഭിവൃദ്ധിക്ക് കാരണമാവും എന്ന് തിരിച്ചറിയുന്ന തൊഴിലാളികളുണ്ടെങ്കിൽ വിജയിക്കാൻ സാധിക്കും. പരസ്പര വിശ്വാസവും തന്നെപോലെ അപരനും നേട്ടമുണ്ടാവണം എന്ന മാനസികാവസ്ഥയും അനിവാര്യമാണ്.

നമ്മുടെ നാട്ടിലെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ഉത്തരവാദിത്തമില്ലായ്മയുടെ ദുരന്തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകർത്താക്കളും തൊഴിലാളികളും പരസ്പരം കാത്തുസൂക്ഷിക്കേണ്ട ബന്ധവും ഉത്തരവാദിത്തബോധവും ഇല്ലാതാകുന്നത് പൊതുജനങ്ങളുടെ പണം അന്യാധീനപ്പെടാനും കൊള്ളയടിക്കപ്പെടാനും കാരണമാവുന്നു. യാത്ര സൗകര്യപ്രദമാവാൻ വാങ്ങിയ ബസുകൾ ക്ലാസ്സ്മുറികളാക്കാനുള്ള തീരുമാനം ഈ ദുരന്തങ്ങളിൽപെടുന്ന ഒന്നാണ്. കോടികൾ നഷ്ടപ്പെടുത്തിയവർ ആര്? ഇതൊക്കെ നികുതി ഭാരമായി പോതുജനങ്ങളിലേക്കുതന്നെ തിരിച്ചെത്തുന്നു; പലിശയടക്കം!

അഴിമതി

അഴിമതി പിരിച്ചെഴുതിയാൽ ‘അഴി,’ ‘മതി’ എന്നീ രണ്ട് വാക്കുകൾ കിട്ടും. അഴിക്കുള്ളിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവർ അഴിമതി നടത്തുന്നത്. കനപ്പെട്ട തുക ശമ്പളമായി വാങ്ങുന്നവർതന്നെയാണ് കൈക്കൂലിവാങ്ങി തങ്ങളുടെ ധനാർത്തി പ്രകടിപ്പിക്കുന്നത്. പിടിക്കപ്പെട്ടാൽ സസ്‌പെൻഷനും അഭിമാന നഷ്ടവുമൊക്കെ സംഭവിക്കുമെങ്കിലും അതിമോഹം തെറ്റുചെയ്യാൻ പ്രേരിപ്പിക്കുന്നു. പിടിക്കപ്പെട്ടാൽതന്നെ ഏതാനും മാസത്തെ സസ്‌പെൻഷൻ, അല്ലെങ്കിൽ സ്ഥലം മാറ്റം. അത്രയേയുള്ളൂ. അതും ഇവർക്ക് ധൈര്യം നൽകുന്നു. എങ്ങനെയും പണം സമ്പാദിക്കണം; മറ്റുള്ളവരെ പ്രയാസപ്പെടുത്തിയാണെങ്കിൽ പോലും! സഹജീവികളോട് പുലർത്തേണ്ട അടിസ്ഥാനപരമായ കടമകളുടെ തമസ്‌കരണം കൂടിയാണ് ഇത്തരം കുറ്റകൃത്യങ്ങളിലൂടെ സംഭവിക്കുന്നത്.

സാമ്പത്തിക അസന്തുലിതാവസ്ഥ

പണം എന്നത് ജീവിക്കാൻ അനിവാര്യമായ ഘടകമാണ്. എന്നാൽ സാമ്പത്തിക ഞെരുക്കം വരുമ്പോൾ എങ്ങനെയെങ്കിലും അത് ഉണ്ടാക്കുവാൻ അനീതിയും അക്രമവും മറ്റു പൈശാചിക രീതികളും സ്വീകരിക്കുന്നത് ശരിയല്ല. കൊലപാതകം, കവർച്ച, മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരിവസ്തുക്കളുടെ കച്ചവടം, ലോട്ടറി വിൽപന, ഗുണ്ടാപിരിവ്, തട്ടിപ്പ്, കള്ളക്കടത്ത്, മണിചെയിൻ തട്ടിപ്പ് തുടങ്ങി നിരവധി കുറുക്കുവഴികൾ ആളുകൾ പണമുണ്ടാക്കുവാൻ സ്വീകരിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ ബാക്കി പത്രം എന്നനിലയിൽ ഇതിൽ വർധനവുണ്ടായതാണ് കാണുന്നത്. നമ്മുടെ യുവസമൂഹത്തെയാണ് ഇത് വല്ലാതെ കാർന്നുതിന്നുന്നത്. അമ്പരപ്പിക്കുംവിധമാണ് തിന്മയുടെ വഴിയിലേക്ക് നാട് നീങ്ങുന്നത്.

കേരളത്തിൽ വ്യാപകമല്ലായിരുന്ന, അന്യനാട്ടിലല്ലേ എന്ന് നാം സമാധാനിച്ചിരുന്ന പലതും ഇന്ന് നമ്മുടെ പടിവാതിൽക്കൽ എത്തിനിൽക്കുന്നു. പൗരന്റെ സ്വൈര്യ ജീവിതവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിൽ ഭരണാധികാരികൾ കാണിച്ച അമാന്തമാണ് ഈ സാഹചര്യങ്ങൾക്ക് കാരണം. സാമ്പത്തിക അസന്തുലിതാവസ്ഥ അക്രമത്തിന് കാരണമാവും എന്നത് ഒരു യാഥാർഥ്യമാണ്. സമ്പത്ത് ധനികരിൽ കുന്നുകൂടുകയും നിത്യവൃത്തിക്ക് പോലും പണമില്ലാതെ സാധാരണ ജനങ്ങൾ വലയുകയും ചെയ്യുന്നത് അരാജകത്വം സൃഷ്ടിക്കും. സന്തുലിത സാമ്പത്തികനയങ്ങളും സാധാരണക്കാരനെ കൈപിടിച്ചുയർത്താനുതകുന്ന സേവനപദ്ധതികളുമാണ് നാടിന്റെ പുരോഗതിക്ക് അനുഗുണം. പാവങ്ങളെ കൂടി ചേർത്തുനിർത്തിയാൽ മാത്രമെ നാടിന്റെ പുരോഗതി സാധ്യമാവൂ. ലോകരാഷ്ട്രത്തലവന്മാർ വരുമ്പോൾ മതിൽകെട്ടിയും വൻമറകൾ തീർത്തും നാടിന്റെ ശോച്യാവസ്ഥ മറച്ചുവയ്ക്കുന്നതും കൃത്രിമ പുരോഗതി പ്രദർശിപ്പിക്കുന്നതും തികഞ്ഞ അശ്‌ളീലമാണ്. പാവങ്ങളെ കാണാത്ത രീതിയിലാവരുത് ഒരു വികസന പദ്ധതിയും. കിടപ്പാടവും തൊഴിലും ഉറപ്പുവരുത്തിയ ശേഷമെ കുടിയിറക്കലും അതിവേഗ പാതകൾ നിർമിക്കലുമൊക്കെ ആകാവൂ.

വീർപ്പുമുട്ടിക്കുന്ന വിലക്കയറ്റം

കോവിഡ് മഹാമാരിയുടെ ശാരീരിക പ്രയാസങ്ങൾ രോഗം വന്നുപോയവരിൽ പലരും ഇപ്പോഴും അനുഭവിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് അതുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങളും. അതിരൂക്ഷമായ വിലക്കയറ്റമാണ് നമ്മുടെ രാജ്യത്തടക്കം ഉള്ളത്. കൂടെ റഷ്യയുടെ ഉക്രൈൻ അധിനിവേശം കൂടിയായപ്പോൾ അതിന്റെ തോത് വർധിച്ചു. ചൈനയിൽ കഴിഞ്ഞ രണ്ടുമാസമായി വ്യവസായ നഗരമായ ഷാംഗ്ഹായി അടഞ്ഞുകിടക്കുകയാണ്. ഇതൊക്കെ ലോകരാജ്യങ്ങളിലെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെയും ഉത്പാദനത്തെയുമൊക്കെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. കോവിഡിന് ശേഷം വിപണി തുറന്നപ്പോൾ ആവശ്യത്തിനുസരിച്ച് സാധനങ്ങൾ ലഭ്യമല്ലാത്തതുകൊണ്ട് തന്നെ കൂടുതൽ വില നൽകുന്നവർക്ക് വിൽപന നടത്തുന്നതും ചരക്കുനീക്കം താറുമാറായതുമെല്ലാം വിപണിയിലെ വിലക്കയറ്റത്തിന് കാരണമാണ് എന്നതാണ് യാഥാർഥ്യം.

രാജ്യത്തെ പ്രകമ്പനംകൊള്ളിച്ച കർഷക സമരത്തിന്റെ ബാക്കി പത്രം എന്ന നിലയിൽ ഭക്ഷ്യോത്പാദനം കുറഞ്ഞത് രാജ്യത്ത് ഭക്ഷ്യ ദൗർലഭ്യവും വിലക്കയറ്റവും ഉണ്ടാവാൻ കാരണമായി. കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക, ജനങ്ങളുടെ കയ്യിൽ പണം നേരിട്ട് നൽകി വാങ്ങൽശേഷിയുണ്ടാക്കുക, ഉത്പാദനം പ്രോത്സാഹിപ്പിക്കാനും വിപണിയിൽ അനാരോഗ്യ മത്സരങ്ങൾ ഇല്ലാതാക്കാനും ഇടപെടുക എന്നിവയാണ് കോവിഡാനന്തരം സർക്കാരുകൾ ചെയ്യേണ്ടിയിരുന്നത്. ഇന്ത്യൻ കറൻസിയുടെ വിപണിമൂല്യം സർവകാല റെക്കോഡ് തകർച്ചയിലാണ്. ഇത് കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കും. പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതകത്തിന്റെയുമൊക്കെ വിലവർധിപ്പിച്ചും പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ചും ഈ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിൽ ജനങ്ങളുടെ തലയിൽ ഭാരം ഏൽപിച്ച് കുറുക്കുവഴികൾ തേടുകയാണ് കേന്ദ്രസർക്കാർചെയ്യുന്നത്.

ലോകം മുഴുവൻ വിലക്കയറ്റത്തിൽ വീർപ്പുമുട്ടുകയാണ്. ശ്രീലങ്കയെപ്പോലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ലോകത്ത് മറ്റുചില രാജ്യങ്ങളിലും ഉണ്ടെന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകം ഇന്ന് കടന്നുപോകുന്ന പ്രതിസന്ധികളെ അവധാനതയോടെ നോക്കിക്കണ്ട് ഗുരുതരമായ പ്രതിസന്ധികളിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനുള്ള ജാഗ്രത സർക്കാരുകൾ കാണിക്കേണ്ടതുണ്ട്. കടമെടുപ്പും ധൂർത്തും അഴിമതിയുമെല്ലാം തുടർന്നാൽ നമ്മുടെ നാടും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. അതിന്റെ ഭാരം പൊതുജനങ്ങൾതന്നെ അനുഭവിക്കേണ്ടി വരും. ശക്തമായ ബോധവൽക്കരണവും ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുന്ന ജനാധിപത്യ ഇടപെടലുകളും ഉണ്ടായെങ്കിലേ നമ്മുടെ കഞ്ഞികുടി മുട്ടാതിരിക്കൂ. അനിയന്ത്രിതമായ വിലക്കയറ്റവും പണപ്പെരുപ്പവുമെല്ലാം നമ്മുടെ നടുവൊടിക്കുമെന്നത് തീർച്ച. പരസ്പരം കൈകൾ ചേർത്തുപിടിച്ച് നാടിന്റെ പൊതുനന്മകളിൽ ഉണ്ടാവുക എന്ന പാരസ്പര്യ ബോധം ഉണ്ടായെങ്കിലെ ഇതൊക്കെ സാധ്യമാവൂ. ഇല്ലെങ്കിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളും ദുരന്തങ്ങളും നാടൊന്നാകെ അനുഭവിക്കേണ്ടി വരും.

അനാരോഗ്യ ഭക്ഷണശാലകൾ

വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കറിയാം അവിടങ്ങളിലെ ഭക്ഷണശാലകളും ഭക്ഷണം പാകം ചെയ്യുന്ന ഇടങ്ങളും എന്തുമാത്രം വൃത്തിയുള്ളതാണെന്ന്. കസ്റ്റമർക്ക് കാണാവുന്ന രീതിയിൽ തന്നെ ഭക്ഷണം പാകം ചെയ്യുന്ന രീതിയാണ് മിക്കവാറും വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്നത്. വിശന്ന് തങ്ങളുടെ അടുത്ത് വരുന്നവർക്ക് നല്ല ഭക്ഷണം നൽകാൻ സാധിക്കുക എന്നത് സന്മനസ്സുകളുടെ രീതിയാണ്. എന്നാൽ നമ്മുടെ നാട്ടിലെ അവസ്ഥയോ? ഭക്ഷ്യവിഷബാധ തുടർച്ചയായി സംഭവിക്കുന്നു. കച്ചവടക്കാരും വിതരണക്കാരും സർക്കാരും കാണിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ജീവൻ നിലനിർത്താൻ കഴിക്കുന്ന ഭക്ഷണം മരണത്തിന് കാരണമാകുംവിധം വിഷമയമാവുന്നത് എന്തുമാത്രം അക്രമമാണ്! അപകടങ്ങൾ നടക്കുമ്പോൾ സർക്കാർ ഒന്നുണരും. റെയ്ഡും അന്വേഷണവും നടത്തും. അതോടെ എല്ലാം കഴിഞ്ഞു. പിന്നെ അടുത്ത അപകടം നടക്കുന്നതുവരെ ഉറങ്ങും.

പൊതുജനങ്ങൾ ഉണർന്നേ മതിയാകൂ. നല്ല ഭക്ഷണം ലഭ്യമാക്കാനും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷ്യസാധനങ്ങൾ പാകംചെയ്യുന്നതും വിൽക്കുന്നതും ഇല്ലാതാക്കാനും ജനങ്ങളും തദ്ദേശ ഭരണസംവിധാനവും പരിശ്രമിക്കണം. ആർക്കും കയറാനും കാണാനും പാടില്ലാത്ത ഇരുമ്പറകളാവരുത് പാചകമുറികൾ. ആർക്കും എപ്പോൾ വന്ന് കാണാനും തൃപ്തിയോടെ മനസ്സും വയറും നിറക്കാനും ഉതകുന്ന സാഹചര്യത്തിലേക്ക് നമ്മുടെ ഭക്ഷണശാലകൾ മാറണം. സ്വന്തം ആരോഗ്യത്തിനെന്ന പോലെത്തന്നെ മറ്റുള്ളവരുടെ ആരോഗ്യത്തിനും വിലകൽപിക്കാൻ കച്ചവടക്കാർ തയ്യാറാവണം. അഴിമതിയും ചതിയും കൃതിമത്വവുമെല്ലാം സമ്പത്തിനെ മലീമസമാക്കുമെന്ന് തിരിച്ചറിയുക കൂടി വേണം.

മനുഷ്യർ എന്ന നിലയിൽ നമ്മൾ ഭാഷ, വേഷ, വർഗ, വർണ, രൂപങ്ങൾക്കതീതമായി കോർത്തിണക്കപ്പെട്ട ഒരു കണ്ണിയാണ്. എവിടെയെങ്കിലും ബാധിക്കുന്ന പ്രതിസന്ധികളുടെ അലയൊലികൾ ഇന്നല്ലെങ്കിൽ നാളെ നമ്മെയും തേടിയെത്തും. വെറുപ്പും വിദ്വേഷവും അപരവൽക്കരണവും ഹിംസാത്മകമായ സമീപനങ്ങളുമൊക്കെ നമ്മുടെകൂടി നാശത്തിന്റെ ഹേതുവാകും. അവൻ എന്തെങ്കിലും ആവട്ടെ എനിക്കെന്ത് എന്ന നിലപാട് പലപ്പോഴും നമ്മെ തേടിയെത്തുന്ന ദുരന്തങ്ങളിൽ ഒറ്റപ്പെടാൻ കാരണമാകമെന്നതിൽ സംശയമില്ല. യാതൊരുവിധ തിന്മയ്ക്കും അറിഞ്ഞോ അറിയാതെയോ നമ്മുടെ പിന്തുണയുണ്ടാകാവതല്ല. പക്വമായും ചേർന്നുനിന്നും ചേർത്തുനിർത്തിയും തിന്മക്കെതിരെ പോരാടുക, വെളിച്ചത്തിന്റെ പ്രസരണ കേന്ദ്രമായി നമ്മുടെ മനസ്സും നിലപാടുകളും മാറട്ടെ.