സകാത്ത്: ഇഹപരാനുഗ്രഹ വർധനവിന്

പി.എൻ അബ്ദുറഹ്‌മാൻ അബ്ദുല്ലത്വീഫ്

2022 ഏപ്രിൽ 23, 1442 റമദാൻ 21
സമ്പത്തും സൗകര്യങ്ങളും സ്രഷ്ടാവ് കനിഞ്ഞരുളി നൽകിയ അനുഗ്രഹങ്ങളാണ്. ഔദാര്യമായി കിട്ടിയ അനുഗ്രഹങ്ങൾ അർഹർക്ക് പകുത്ത് നൽകുമ്പോഴാണ് അത് പ്രതിഫലാർഹമാവുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ടുവരുന്നതിനേക്കാൾ ഇഹപര വിജയം തന്നെയാണ് സകാത്തിെൻറ അകംപൊരുൾ.

വർധനവ്, വികാസം, ശുദ്ധീകരണം തുടങ്ങിയ അർഥങ്ങളാണ് ഭാഷയിൽ സകാത്തിനുള്ളത്. അനുഗൃഹീതനും പരമോന്നതനുമായ അല്ലാഹുവിന് ആരാധനയെന്നോണം നിർണിതമായ ചില സമ്പത്തുകളിൽനിന്നും, നിർബന്ധവും നിർണിതവുമായ ഒരു വിഹിതം, നിർണിതമായ അവകാശികൾക്ക് നൽകുന്നത് എന്നാണ് ‘സകാത്തി’നെ കർമശാസ്ത്ര പണ്ഡിതന്മാർ നിർവചിച്ചിട്ടുള്ളത്.

സകാത്തിന്റെ ഭാഷാർഥത്തിന് അതിന്റെ നിർവചനവുമായി ഏറെ ബന്ധമുണ്ട്. എല്ലാ നിലയ്ക്കും സകാത്ത് വർധനവാണ്.

1. നൽകുന്ന ആളുടെ ഈമാൻ വർധിക്കുന്നു. പ്രവാചകൻ ﷺ പറഞ്ഞു: “താൻ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ ഒരാളും വിശ്വാസിയാവുകയില്ല’’ (സ്വഹീഹ് മുസ്‌ലിം).

നമ്മുടെ ആവശ്യങ്ങൾക്കുള്ള പണം ലഭിക്കണമെന്ന് നാം ആഗ്രഹിക്കാറില്ലേ? അതുപോലെ നമ്മുടെ സഹോദരങ്ങൾക്കും അവരുടെ ആവശ്യത്തിനുള്ള സമ്പത്ത് ലഭിക്കട്ടെയെന്ന് നാം ആഗ്രഹിക്കേണ്ടതുണ്ട്. അത് നമ്മുടെ ഈമാൻ വർധിക്കുവാൻ ഇടവരുത്തുന്നു. അല്ലാഹു പറയുന്നു :

“നിങ്ങൾ ഇഷ്ടപ്പെടുന്നതിൽനിന്ന് നിങ്ങൾ ചെലവഴിക്കുന്നതുവരെ നിങ്ങൾക്ക് പുണ്യം നേടാനാവില്ല. നിങ്ങൾ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീർച്ചയായും അല്ലാഹു അതിനെക്കുറിച്ച് അറിയുന്നവനാകുന്നു’’ (ആലുഇംറാൻ: 92).

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ സകാത്ത് കൊടുക്കാൻ അർഹതയുള്ളവനായിരിക്കെ കൊടുക്കാതിരിക്കുന്ന ഒരാളുടെ ഈമാൻ പൂർണമാകില്ലെന്ന് പറയേണ്ടതില്ലല്ലോ.

2. സമ്പത്തും അതിലുള്ള ബറകത്തും വർധിക്കാൻ സകാത്ത് കാരണമാകുന്നു. അല്ലാഹു പറയുന്നു:

“അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകൾ ഉത്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദേശിക്കുന്നവർക്ക് ഇരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു’’ (അൽബക്വറ:261).

അതിനാലാണ് സാമ്പത്തികമായ ഞെരുക്കം അനുഭവിക്കുന്ന ആളുകൾ ചെറിയ തോതിലാണെങ്കിലും ദാനം നൽകട്ടെയെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയത്. ദാനം നൽകുകവഴി അല്ലാഹു അവർക്ക് സമ്പത്ത് വർധിപ്പിച്ചുകൊടുക്കുകയും അവരുടെ പ്രയാസങ്ങൾ നീങ്ങുകയും ചെയ്യും. ‘താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി നൽകുന്നു’ എന്ന് അല്ലാഹുതന്നെ പറഞ്ഞിരിക്കെ സമ്പത്ത് വർധിപ്പിക്കാൻ ഇതിലും നല്ല മാർഗം വേറെ ഏതാണ്?

അതുപോലെ പ്രവാചകൻ(സ) പറഞ്ഞു: “ദാനധർമം കാരണത്താൽ ഒരു സമ്പത്തിലും കുറവ് വന്നിട്ടില്ല’’ (സ്വഹീഹ് മുസ്‌ലിം). അഥവാ ദാനധർമം സമ്പത്ത് വർധിക്കാൻ കാരണമാകുന്നു. പ്രവാചകന്റെ മറ്റൊരു വചനത്തിൽ ഇപ്രകാരം കാണാം:

“രണ്ടു മലക്കുകൾ ഇറങ്ങുകയും അവർ ഇപ്രകാരം പ്രാർഥിക്കുകയും ചെയ്തുകൊണ്ടല്ലാതെ ഏതൊരു ദിവസവും നേരം പുലരുന്നില്ല. അവരിലൊരാൾ പറയും: ‘അല്ലാഹുവേ, സമ്പത്ത് ദാനം ചെയ്യുന്നവന് നീ അതിനെക്കാൾ നല്ലത് നൽകേണമേ.’ മറ്റൊരാൾ ഇപ്രകാരം പറയും: ‘അല്ലാഹുവേ, സമ്പത്ത് പിടിച്ചുവെക്കുന്നവന് നീ നാശം വിതക്കേണമേ’’ (ബുഖാരി, മുസ്‌ലിം).

ദാനധർമങ്ങൾ സമ്പത്തിൽ വർധനവാണ് ഉണ്ടാക്കുന്നത് എന്ന് പ്രമാണങ്ങളിൽനിന്നും കൃത്യമായി മനസ്സിലാക്കാം. സാമ്പത്തികശാസ്ത്രമനുസരിച്ചും ദാനധർമവും സകാത്തും വർധനവാണ്. ഏതൊരു സമൂഹത്തിലും ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയും വ്യാപിച്ചാൽ അവരുടെ സമ്പദ്‌വ്യവസ്ഥയും അവരുടെ നാട്ടിലെ സുരക്ഷിതത്വവുമെല്ലാം താറുമാറാകും. ഉല്പാദനശേഷി കുറയും. അതുവഴി വിലക്കയറ്റം ഉണ്ടാകും. ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും ഒരുമിച്ചു വന്നാൽ കുറ്റകൃത്യങ്ങൾ സ്വാഭാവികമായും വർധിക്കും. അത് ആ സമൂഹത്തിൽ ജീവിക്കുന്ന ഓരോ വ്യക്തിയെയും പ്രതികൂലമായി ബാധിക്കും. ആ നിലയ്ക്ക് ആ സമൂഹത്തിന്റെ കെട്ടുറപ്പിന് ആ സമൂഹത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ ആളുടെയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന് സകാത്ത് ഒരു അത്ഭുതകരമായ പരിഹാരമാണ്.

പണക്കാരുടെ കൈയിൽനിന്നും നിർണിതമായ ഒരു വിഹിതം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട അവകാശികൾക്ക് നൽകുകവഴി ആ സമൂഹത്തിന് ഉണർവും ഉന്മേഷവും ലഭിക്കുന്നു. അവരുടെ ഉല്പാദന ശേഷി വർധിക്കുന്നു. അതുമുഖേന തൊഴിലവസരങ്ങളും വിലക്കുറവും ഉണ്ടാകുന്നു. ആ സമൂഹം ഒന്നടങ്കം വളരുന്നു. കുറ്റകൃത്യങ്ങൾ കുറയുന്നു. സുരക്ഷിതത്വവും സമാധാനവും വർധിക്കുന്നു. സകാത്ത് നൽകുന്ന ആളുകൾക്കും അതിന്റെ ഗുണം ലഭിക്കുന്നു. അവർക്ക് നിക്ഷേപാവസരങ്ങളും കച്ചവടാവസരങ്ങളും വർധിക്കുന്നു. എത്ര അത്ഭുതകരം! ഇതെല്ലാംതന്നെ ‘സകാത്ത്’ എന്ന പദത്തിന്റെ ഭാഷാർഥവും അതിന്റെ നിർവചനവുമായുള്ള ബന്ധത്തെയുമാണ് സൂചിപ്പിക്കുന്നത്.

3. സകാത്തടക്കമുള്ള ദാനധർമങ്ങൾ അന്ത്യനാളിലെ കടുത്ത ചൂടിൽനിന്നും രക്ഷ ലഭിക്കാൻ കാരണമാകുന്നു. അർശിന്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിവസത്തിൽ തണൽ ലഭിക്കാൻ അതൊരു കാരണമാണ്. അല്ലാഹുവിന്റെ പ്രവാചകൻ ﷺ പറഞ്ഞു:

“അന്ത്യനാളിൽ ഓരോരുത്തരും തങ്ങൾ നൽകിയ ദാനധർമങ്ങളുടെ തണലിലായിരിക്കും’’ (മുസ്‌നദ് അഹ്‌മദ്, സ്വഹീഹ് ഇബ്‌നുഖുസൈമ).

4. സകാത്ത് നൽകുന്നവന്റെ സൽസ്വഭാവങ്ങൾ വർധിക്കാൻ അത് കാരണമായിത്തീരുന്നു.

പിശുക്ക് ഏതൊരു സമൂഹത്തിലും ഏറെ മോശപ്പെട്ട സ്വഭാവമാണ്. എന്നാൽ തന്റെ സഹജീവിയുടെ പ്രയാസങ്ങൾ അടുത്തറിയുന്നതും അവനൊരു കൈത്താങ്ങാകുന്നതും ഏറെ പ്രശംസനീയമാണുതാനും. സാമൂഹികജീവിയായ മനുഷ്യന്റെ സ്വഭാവഗുണങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന സ്വഭാവഗുണങ്ങളാണല്ലോ ദയ, കാരുണ്യം, എളിമ, വിനയം, ഔദാര്യം, സ്‌നേഹം, വിശാലമനസ്‌കത, ദുഃഖവും സന്തോഷവും പങ്കുവെക്കൽ തുടങ്ങിയവ. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്പത്തിൽനിന്ന് നിശ്ചിതമായ ഒരു വിഹിതം തന്റെ കൂടെ ജീവിക്കുന്ന ആവശ്യക്കാരന്റെ അവകാശമാണ് എന്നും, അത് താൻ അവന് നൽകുന്ന ഔദാര്യമല്ല, മറിച്ച് അവന് ലഭിക്കേണ്ട അവകാശമാണ് എന്നുമുള്ള ബോധത്തോടെയും പൂർണ മനസ്സോടെയും നൽകുകവഴി ഈ സ്വഭാവ ഗുണങ്ങളെല്ലാം ഒരാൾക്ക് നേടിയെടുക്കാൻ സാധിക്കുന്നു. ആ നിലയ്ക്ക് സൽസ്വഭാവങ്ങൾ വർധിക്കാൻ സകാത്ത് ഒരു കാരണമായിത്തീരുന്നു. സുബ്ഹാനല്ലാഹ്!

5. സകാത്ത് സ്വർഗ പ്രവേശനത്തിന് കാരണമാകുന്നു:

അബ്ദുല്ലാഹിബ്‌നു സലാം(റ) ഉദ്ധരിക്കുന്നു: “പ്രവാചകൻ(സ) പറഞ്ഞു: ‘അല്ലയോ ജനങ്ങളേ, നിങ്ങൾ സലാം പറയുന്നത് വ്യാപകമാക്കുക, ആവശ്യക്കാരെ ഭക്ഷിപ്പിക്കുക, കുടുംബബന്ധം പുലർത്തുക, ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ എഴുന്നേറ്റ് നമസ്‌കരിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങൾക്ക് നിഷ്പ്രയാസം സ്വർഗത്തിൽ പ്രവേശിക്കാം’’ (മുസ്‌നദ് അഹ്‌മദ്).

6. അല്ലാഹുവിന്റെ കോപം അകറ്റാനും അവന്റെ തൃപ്തി വർധിക്കാനും സകാത്ത് ഒരു കാരണമാണ്. പ്രവാചകൻ ﷺ പറഞ്ഞു: “ദാനധർമ്മം അല്ലാഹുവിന്റെ കോപം അണക്കുന്നു’’ (തിർമിദി, ത്വബ്‌റാനി).

7. പാപങ്ങൾ പൊറുക്കപ്പെടാനും നന്മകൾ വർധിക്കാനും സകാത്ത് കാരണമാകുന്നു. പ്രവാചകൻ ﷺ പറഞ്ഞു: “വെള്ളം തീയണക്കുന്നതുപോലെ ദാനധർമങ്ങൾ പാപങ്ങളെയും അണക്കുന്നു’’ (മുസ്‌നദ് അഹ്‌മദ്, തിർമിദി).

8. മഴ വർധിക്കാൻ സകാത്ത് കാരണമാകുന്നു. പ്രവാചകൻ ﷺ പറഞ്ഞു: “തങ്ങളുടെ സമ്പത്തിൽ നിന്നും നൽകേണ്ട സകാത്ത് ഏതെങ്കിലും സമൂഹം പിടിച്ചുവെക്കുന്ന പക്ഷം, ആകാശത്തുനിന്നും അവർക്ക് ലഭിക്കേണ്ട ജലവും പിടിച്ചുവെക്കപ്പെടുക തന്നെ ചെയ്യും’’ (ഇബ്‌നുമാജ).

9. സകാത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ കുറക്കുകയും, സാമ്പത്തികസുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു.

പാവപ്പെട്ടവർക്ക് അവരുടെ ആവശ്യങ്ങൾക്കുള്ള പണം ലഭിക്കുക വഴി അവർ കുറ്റകൃത്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു. തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്പത്തിൽനിന്നും കൃത്യമായി സകാത്ത് നൽകാൻ തയ്യാറാവുന്ന ആളുകൾ സ്വാഭാവികമായും സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് മുതിരുകയുമില്ലല്ലോ. അതുപോലെ പണക്കാരും പാവപ്പെട്ടവരും തമ്മിൽ ഉണ്ടാകാനിടയുള്ള അകൽച്ചയും അതുവഴി ഇല്ലാതാകുന്നു. സാമൂഹിക പ്രശ്‌നങ്ങളും സകാത്തിലൂടെ പരിഹരിക്കപ്പെടുന്നു. അല്ലാഹു എത്ര അനുഗൃഹീതൻ. സുബ്ഹാനല്ലാഹ്!

10. വരാനിരിക്കുന്ന അപകടങ്ങളിൽനിന്നും പരീക്ഷണങ്ങളിൽനിന്നും സകാത്ത് സുരക്ഷ നൽകുന്നു.

പ്രവാചകൻ(സ) പറഞ്ഞു: “നിങ്ങൾ ദാനധർമങ്ങൾ നൽകാൻ ധൃതികാണിക്കുക. പരീക്ഷണങ്ങൾക്ക് അവയെ മറികടക്കാൻ സാധിക്കുകയില്ല’’ (ത്വബ്‌റാനി).

11. മതബോധം വർധിക്കാനും അല്ലാഹുവിന്റെ നിയമങ്ങളെക്കുറിച്ച് കൂടുതൽ പഠിച്ച് മനസ്സിലാക്കാനും സകാത്ത് കാരണമാകുന്നു. സകാത്ത് നൽകണമെങ്കിൽ അതിന്റെ നിയമങ്ങൾ മനസ്സിലാക്കണം. അതുകൊണ്ട്തന്നെ സകാത്ത് നൽകുന്നവർ അതുമായി ബന്ധപ്പെട്ടുള്ള അധ്യാപനങ്ങൾ മനസ്സിലാക്കാനും അവ പാലിക്കാനും തയ്യാറായി മുന്നോട്ട് വരുന്നു. ഇത് അവരെ സ്വർഗത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. പ്രവാചകൻ ﷺ പറഞ്ഞു:

“അറിവ് ലഭിക്കാനിടയാക്കുന്ന വഴിയിൽ ആരെങ്കിലും സഞ്ചരിച്ചാൽ, അല്ലാഹു അവന് സ്വർഗത്തിലേക്കുള്ള വഴിയും എളുപ്പമാക്കികൊടുക്കും’’ (സ്വഹീഹ് മുസ്‌ലിം).

ഈ നിലയ്‌ക്കെല്ലാം സകാത്ത് വർധനവാണ്. ഇനിയും എത്രയോ കാര്യങ്ങൾ പണ്ഡിതന്മാർ സകാത്ത് മൂലം ഉണ്ടാകുന്ന വർധനവിന്റെ കൂട്ടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഈ ഉപകാരങ്ങളെല്ലാം ലഭിക്കണമെങ്കിൽ സകാത്ത് നൽകുന്നവന്റെ മനസ്സും ഉദേശ്യവും നന്നാകണം.

ഇബ്‌നുൽക്വയ്യിം(റഹി) പറയുന്നു:

“ദാനധർമവും ഔദാര്യവും ഹൃദയവിശാലത നൽകുന്നു. പക്ഷേ, മനസ്സറിഞ്ഞുകൊണ്ട് അർപ്പണ ബോധത്തോടെ ദാനം നൽകുന്ന ഒരാൾക്കേ അത് ലഭിക്കുകയുള്ളൂ. അഥവാ തന്റെ കയ്യിൽനിന്നും പണം നൽകുന്നതിനു മുമ്പായി മനസ്സുകൊണ്ട് നൽകിയിരിക്കണം. എന്നാൽ തന്റെ കൈകൊണ്ടു ദാനം നൽകിയിട്ടും മനസ്സിൽ ആ പണം അപ്പോഴും കുടിയിരിക്കുകയാണെങ്കിൽ അവന്റെ ദാനം അവനൊരിക്കലും ഉപകാരപ്പെടുന്നില്ല’’ (സാദുൽ മആദ്).

അതുകൊണ്ട് കൈകൊണ്ട് നൽകുന്നതിനു മുമ്പ് മനസ്സുകൊണ്ട് നൽകാൻ നാമോരോരുത്തരും തയ്യാറാവുക.

സംശയനിവാരണം

സ്വർണത്തിന്റെ സകാത്തുമായി ബന്ധപ്പെട്ട് പലർക്കും പല സംശയങ്ങളുമുണ്ടാവാം. ഉപയോഗിക്കുന്ന ആഭരണത്തിനും സകാത്തുണ്ട് എന്നതാണ് പ്രബലമായ അഭിപ്രായം. അതിൽതന്നെ പലർക്കുമുള്ള ചില സംശയങ്ങളും അവയുടെ നിവാരണവുമാണ് താഴെ കൊടുക്കുന്നത്:

ചോദ്യം: വീട്ടിലുള്ള എല്ലാവരുടെ ആഭരണങ്ങളും കൂട്ടി അവ മൊത്തത്തിൽ പത്തര പവൻ തികയുക എന്നാണോ, അതല്ല ഓരോരുത്തരുടെയും ആഭരണങ്ങൾ വ്യത്യസ്തമായിത്തന്നെ പരിഗണിച്ചാൽ മതിയോ ?

ഉത്തരം: ഓരോരുത്തരുടെയും ആഭരണങ്ങൾ വ്യത്യസ്തമായി പരിഗണിച്ചാൽ മതി. കാരണം വ്യക്തികൾക്കാണ് സകാത്ത് ബാധകമാകുന്നത്. കുടുംബത്തിനല്ല. അതിനാൽതന്നെ ഒരു കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങളുടെ ഉടമസ്ഥതയിലുള്ളവ വെവ്വേറെത്തന്നെ പരിഗണിച്ചാൽ മതി.

ചോദ്യം: മഹ്ർ സ്വർണാഭരണമാണ് എങ്കിൽ അതുകൂടി കൂട്ടിയാണോ കൈവശമുള്ള സ്വർണാഭരണത്തിന് നിസ്വാബ് തികയുന്നുണ്ടോ എന്ന് നോക്കേണ്ടത്?

ഉത്തരം: അതെ. മഹ്ർ ആണ് എന്നതുകൊണ്ട് അതിന് സകാത്ത് ബാധകമാകാതാകുന്നില്ല. അതുകൊണ്ടുതന്നെ മഹ്ർ സ്വർണാഭരണമാണ് എങ്കിൽ ആ മഹ്ർ അടക്കം കൈവശമുള്ള മൊത്തം സ്വർണം എത്രയുണ്ട് എന്ന് നോക്കിയാണ്, തന്റെ കൈവശമുള്ള സ്വർണത്തിന് നിസ്വാബ് തികയുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത്. നിസ്വാബ് തികയുന്നുണ്ട് എങ്കിൽ ഓരോ ഹിജ്‌റ വർഷം തികയുമ്പോഴും അതിന്റെ രണ്ടര ശതമാനം സകാത്തായി നൽകണം.

ചോദ്യം: നിസ്വാബ് എത്തിയ, അഥവാ 85 ഗ്രാമിൽ (ഏകദേശം പത്തര പവൻ) കൂടുതൽ സ്വർണം ഉണ്ടെങ്കിൽ അത് കഴിച്ച് ബാക്കിയുള്ള സ്വർണത്തിന്റെ രണ്ടര ശതമാനമാണോ സകാത്തായി നൽകേണ്ടത്?.

ഉത്തരം: അല്ല. നിസ്വാബ് അടക്കമുള്ള മൊത്തം സ്വർണത്തിന്റെ രണ്ടര ശതമാനം ആണ് സകാത്തായി നൽകേണ്ടത്. ഉദാ: ഒരാളുടെ കൈവശം ഇരുപത് പവൻ സ്വർണം ഉണ്ടെങ്കിൽ ആ ഇരുപത് പവൻ സ്വർണത്തിന്റെ രണ്ടര ശതമാനം സകാത്തായി നൽകണം.

ചോദ്യം: 85 ഗ്രാം ആണല്ലോ സ്വർണത്തിന്റെ നിസ്വാബ്. എന്റെ കയ്യിൽ 50ഗ്രാം സ്വർണവും ബാക്കി 35 ഗ്രാം സ്വർണത്തിന് തുല്യമായ കറൻസിയോ വിൽപന വസ്തുവോ ഉണ്ടെങ്കിൽ ഞാൻ ആ സ്വർണത്തെ അവയോടൊപ്പം കൂട്ടി മൊത്തത്തിലുള്ളതിന്റെ രണ്ടര ശതമാനം സകാത്തായി നൽകണോ?

ഉത്തരം: അപ്രകാരം ചെയ്യണം എന്നതാണ് ശൈഖ് ഇബ്‌നു ബാസ്(റഹി)യുടെ അഭിപ്രായം. കാരണം സ്വർണം നാണയ ഗണത്തിൽ പെട്ടതാണ്. അതുകൊണ്ട് കൈവശമുള്ള കറൻസിയും സ്വർണവും ചേർത്തു വച്ചോ, അതല്ലെങ്കിൽ കൈവശമുള്ള കച്ചവടവസ്തുവുമായി ചേർത്തുവച്ചോ സ്വർണം 85ഗ്രാം തികയുന്നുവെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്തായി നൽകണം എന്നതാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. അതാണ് കൂടുതൽ സൂക്ഷ്മത.

ചോദ്യം: സ്വർണത്തിന്റെ സകാത്ത് ആ സ്വർണത്തിൽ നിന്നുതന്നെ നൽകണോ? വളരെ വിലപിടിപ്പുള്ള സ്വർണാഭരണങ്ങൾക്കും അതിന്റെ തൂക്കത്തിന്റെ 2.5% തന്നെയാണോ സകാത്ത്?

ഉത്തരം: സ്വർണത്തിന്റെ സകാത്ത് സ്വർണത്തിൽനിന്നോ, തത്തുല്യമായ കറൻസിയിൽ നിന്നോ നൽകിയാൽ മതി. ഒരാളുടെ കൈവശം 85 ഗ്രാമോ അതിൽ കൂടുതലോ സ്വർണം ഉണ്ടെങ്കിൽ മൊത്തം തൂക്കത്തിന്റെ 2.5% ശതമാനമാണ് സകാത്തായി നൽകേണ്ടത്. എന്നാൽ വിൽപന ഉദ്ദേശിക്കുന്ന സ്വർണമാണ് എങ്കിൽ അതിന്റെ മാർക്കറ്റ് വിലയുടെ 2.5% ആണ് സകാത്ത് നൽകേണ്ടത്. തൂക്കത്തിന്റെ 2.5% അല്ല. അഥവാ വിൽപന ഉദ്ദേശിക്കുന്ന സ്വർണത്തിന് ആഭരണം, അമൂല്യമായ എന്തെങ്കിലും വസ്തു എന്നിങ്ങനെ അതിന്റെ തൂക്കത്തെക്കാൾ വലിയ മൂല്യം അതിനുണ്ട് എങ്കിൽ, എത്ര വലിയ വിലയായാലും അതിന്റെ മാർക്കറ്റ് വിലയുടെ 2.5% നൽകാൻ ഒരാൾ ബാധ്യസ്ഥനാണ്.

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലയോടുള്ള ചോദ്യവും മറുപടിയും ഇവിടെ കൊടുക്കുന്നു: ചോദ്യോത്തരത്തിൽ ചില കാര്യങ്ങൾ പ്രത്യേകം പഠിക്കേണ്ടതായുണ്ട്. അത് ആദ്യം വ്യക്തമാക്കിയ ശേഷം ചോദ്യോത്തരം നൽകുന്നതായിരിക്കും കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ എളുപ്പം.

ഒന്ന്: തന്റെ ഉടമസ്ഥതയിൽ നിലനിൽക്കുവാൻ ഉദ്ദേശിച്ചാണ്, അഥവാ വിൽപന ഉദ്ദേശിച്ചുകൊണ്ടല്ല ഒരാൾ സ്വർണം വാങ്ങുന്നത് എങ്കിൽ, സ്വർണം എത്ര രൂപക്ക് ഒരാൾ വാങ്ങി എന്നതോ, അതിന്റെ വില എത്രയാണ് എന്നതോ അനുസരിച്ചല്ല, മറിച്ച് സകാത്ത് ബാധകമാകുന്ന സമയത്ത് കൈവശമുള്ള സ്വർണത്തിന് തൂക്കത്തിന്റെ 2.5% എന്ന അടിസ്ഥാനത്തിലാണ് സകാത്ത് നൽകേണ്ടത്. ഉദാ: വലിയ വിലകൊടുത്ത് വാങ്ങിയ ആഭരണമാണ് എങ്കിലും അതിലുള്ള സ്വർണത്തിന്റെ തൂക്കം കണക്കാക്കി അതിന്റെ രണ്ടര ശതമാനം നൽകാനാണ് ഒരാൾ ബാധ്യസ്ഥനാകുന്നത്.

രണ്ട്: ഒരാൾ വിൽപന ഉദ്ദേശിക്കുന്നതായ ആഭരണമാണ് എങ്കിൽ, ആഭരണം എന്ന നിലയ്‌ക്കോ മറ്റോ അതിലുള്ള സ്വർണത്തിന്റെ തൂക്കത്തെക്കാൾ വലിയ വില അതിനുണ്ട് എങ്കിൽ, ആ മാർക്കറ്റ് വിലയുടെ 2.5% ആണ് അയാൾ സകാത്തായി നൽകേണ്ടത്.

മൂന്ന്: ഒരാൾക്ക് സ്വർണത്തിൽ ബാധകമാകുന്ന സകാത്ത് സ്വർണമായോ, അതിന് തുല്യമായ കറൻസിയായോ നൽകാവുന്നതാണ്.

ചോദ്യം: ഞാൻ 500 ദീനാറിന് കുറച്ച് സ്വർണം വാങ്ങി. ആ സ്വർണത്തിന് ഒരു വർഷം തികഞ്ഞു. ഞാൻ ആ അഞ്ഞൂറ് ദീനാറിനാണോ സകാത്ത് കൊടുക്കേണ്ടത് അതല്ല സകാത്ത് ബാധകമാകുന്ന സമയത്തുള്ള ആ സ്വർണത്തിന്റെ വില കണക്കാക്കിയാണോ? അതായത് ഒരു വർഷത്തിന് ശേഷമുള്ള വില. സ്വർണത്തിന്റെ വില കൂടുകയും കുറയുകയും ചെയ്യുമല്ലോ?

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ നൽകിയ മറുപടി: “ഒരാൾ തന്റെ ഉടമസ്ഥതയിൽ നിലനിൽക്കുക, ഉപയോഗവസ്തു എന്നീ അർഥത്തിൽ (അതായത് വിൽപനക്ക് വേണ്ടിയല്ലാതെ) ആണ് സ്വർണം ഉടമപ്പെടുത്തിയത് എങ്കിൽ അയാൾ അതിൽ നിന്നും 2.5% സകാത്ത് നൽകാൻ ബാധ്യസ്ഥനാണ്. അതിന്റെ വിലയിലേക്ക് അയാൾ നോക്കേണ്ടതില്ല. കാരണം ആ സ്വർണത്തിൽനിന്നും സകാത്ത് നൽകുക എന്നതാണ് ബാധ്യത. ആ സകാത്ത് വേറെ വല്ല നാണയങ്ങളിലുമായാണ് നൽകാൻ ഉദ്ദേശിക്കുന്നത് എങ്കിൽ 2.5% (രണ്ടര ശതമാനം തൂക്കത്തിന്) താൻ സകാത്ത് നൽകാൻ ഉദ്ദേശിക്കുന്ന കറൻസികളിൽ അപ്പോൾ എന്ത് വിലവരും എന്ന് അന്വേഷിക്കുകയും അത് നൽകുകയും ചെയ്യുക. ഇനി ആ സ്വർണത്തിൽനിന്ന് സ്വർണമായിത്തന്നെ നൽകുകയാണ് എങ്കിൽ അതിന്റെ വില അന്വേഷിക്കാതെ നേരെ സ്വർണം നൽകിയാൽ മതി. കാരണം തന്റെ സ്വർണത്തിന്റെ സകാത്ത് അയാൾ സ്വർണത്തിൽനിന്നും തന്നെ നൽകി.

എന്നാൽ ഒരാൾ വിൽപനക്ക് വേണ്ടിയാണ് സ്വർണം വാങ്ങിയത് എങ്കിൽ, അതിന്റെ വില വർധിക്കുമ്പോൾ വിൽക്കാം എന്നതാണ് അവന്റെ താൽപര്യമെങ്കിൽ തന്റെ കൈവശമുള്ള സ്വർണത്തിന്റെ (അല്ലെങ്കിൽ ആഭരണത്തിന്റെ) സകാത്ത് ബാധകമാകുന്ന സമയത്തെ മാർക്കറ്റ് വില അറിയാൻ അയാൾ ബാധ്യസ്ഥനാണ്. അതെത്രതന്നെ വിലപിടിപ്പുള്ളതാണെങ്കിലും അതിന്റെ വിലയുടെ 2.5% സകാത്ത് നൽകാൻ ബാധ്യസ്ഥനാണ്’’[http://ar.islamway.net/fatwa/7135]. അഥവാ ജ്വല്ലറിക്കാർ, സ്വർണക്കച്ചവടക്കാർ, പഴയ വിലപിടിപ്പുള്ള ആഭരണങ്ങളും നാണയങ്ങളും വിൽപന നടത്തുന്നവർ തുടങ്ങിയ ആളുകൾ അവരുടെ കൈവശമുള്ള സ്വർണത്തിന്റെ തൂക്കം നോക്കി അതിന്റെ 2.5% എന്ന നിലക്കല്ല, മറിച്ച് തങ്ങളുടെ കൈവശമുള്ള വിൽപന വസ്തുക്കൾ മാർക്കറ്റ് റേറ്റ് അനുസരിച്ച് എത്ര വിലമതിക്കുന്നു എന്ന് കണക്കാക്കി, അതെത്ര വിലപിടിപ്പുള്ളതാണെങ്കിലും സകാത്ത് ബാധകമാകുന്ന സമയത്തെ അതിന്റെ വിലയുടെ 2.5% ആണ് സകാത്തായി നൽകേണ്ടത്.

എന്നാൽ ഒരാളുടെ കൈവശമുള്ള വിൽപന ഉദ്ദേശിക്കാത്ത സ്വർണാഭരണങ്ങൾക്ക് അതിന്റെ തൂക്കത്തിന്റെ 2.5% നൽകിയാൽ മതി. അത് സ്വർണമായോ തത്തുല്യമായ കറൻസിയായോ നൽകാം. അല്ലാഹു അനുഗ്രഹിക്കട്ടെ.

ഭൂമിയുടെ (സ്ഥലത്തിന്റെ) സകാത്ത്

ഒരാൾ തന്റെ വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി, അഥവാ കൃഷിക്ക്, വീട് വെക്കാൻ, കെട്ടിടം പണിയാൻ, ഒരു സമ്പാദ്യം എന്ന നിലയ്ക്ക് സ്വന്തം ഉടമസ്ഥതയിൽ നിലനിർത്താൻ, മക്കൾക്കോ, ബന്ധുക്കൾക്കോ നൽകാൻ, വക്വഫ് ചെയ്യാൻ എന്നിങ്ങനെയുള്ള ഉദ്ദേശ്യത്തോടെ കച്ചവടാവശ്യത്തി നല്ലാതെ വാങ്ങിക്കുന്ന ഭൂമിക്ക് സകാത്ത് ബാധകമാകുകയില്ല. എന്നാൽ വിൽപന ഉദ്ദേശിച്ചുകൊണ്ട് (അത് പിന്നീടായാലും ശരി) വാങ്ങിക്കുന്ന ഭൂമിക്ക് കച്ചവട വസ്തുവായതിനാൽ തന്നെ സകാത്ത് ബാധകമാണ്. ഇനി ഒരാൾ സ്വന്തം ആവശ്യത്തിന് വേണ്ടി വാങ്ങിച്ച വസ്തു എപ്പോഴാണോ വിൽക്കുവാൻ തീരുമാനിക്കുന്നത് അപ്പോൾ മുതൽ അത് കച്ചവടവസ്തുവായി മാറുന്നു. കച്ചവട വസ്തുക്കൾക്ക് സകാത്ത് ബാധകമാണ്; തിരിച്ച് വിൽക്കുന്നില്ല എന്ന തീരുമാനമെടുക്കുന്നതുവരെ. ഇവിടെ ഓരോരുത്തരും മനസ്സിലാക്കേണ്ടത് സകാത്തിൽനിന്നും രക്ഷപ്പെടാൻ സാങ്കേതികമായ ‘പദം’ മാറ്റങ്ങൾകൊണ്ട് കഴിയില്ല എന്നാണ്. അല്ലാഹു കണ്ണിന്റെ കട്ടുനോട്ടവും ഹൃദയങ്ങളിൽ ഒളിച്ചുവെക്കുന്നതും അറിയുന്നവനാണ്. അതിനാൽ അവനവന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അവനവനുതന്നെയാണ് അറിയുക.

കച്ചവടവസ്തുവിന്റെ ഹൗൽ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത്

1. വാങ്ങിക്കുമ്പോൾ തന്നെ വിൽപന ഉദ്ദേശിച്ചുകൊണ്ടാണ് വാങ്ങിച്ചതെങ്കിൽ, വാങ്ങിയ തീയതിയല്ല മറിച്ച് വാങ്ങാനുപയോഗിച്ച പണത്തിന്റെ ഹൗൽ ആണ് പരിഗണിക്കേണ്ടത്. അഥവാ പണം കച്ചവട വസ്തുവായി മാറുന്നത് ഹൗലിനെ ബാധിക്കുന്നില്ല. ഉദാ: ഒരാളുടെ കൈവശം 10 ലക്ഷം രൂപയുണ്ട്. അതിന്റെ ഹൗൽ തികയുന്നത് മുഹർറം 1 നാണ് എന്ന് കരുതുക. അയാൾ ആ 10 ലക്ഷം രൂപക്ക് സ്വഫർ 3ന് കച്ചവടാവശ്യത്തിനായി ഒരു സ്ഥലം വാങ്ങിച്ചുവെങ്കിൽ, അതിന്റെ സകാത്ത് കണക്കു കൂട്ടേണ്ടത് മുഹർറം 1 നാണ്. എന്നാൽ കണക്കുകൂട്ടേണ്ട വിലയുടെ കാര്യത്തിൽ ഹൗൽ തികയുമ്പോഴുള്ള മാർക്കറ്റ് വിലയാണ് പരിഗണിക്കുക. അതായത് 10 ലക്ഷം രൂപക്ക് വാങ്ങിച്ച വസ്തുവിന് ഹൗൽ തികയുന്ന സന്ദർഭത്തിൽ 9 ലക്ഷം രൂപയാണ് എങ്കിൽ, 9 ലക്ഷം രൂപയുടെ 2.5% ആണ് സകാത്തായി നൽകേണ്ടത്, 12 ലക്ഷം രൂപയാണ് ആ സമയത്തെ വിലയെങ്കിൽ അതിന്റെ 2.5% ആണ് സകാത്തായി നൽകേണ്ടത്.

2. എന്നാൽ വിൽക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയല്ലാതെ സ്വന്തം ഉടമസ്ഥതയിൽ നിലനിർത്താൻ ആഗ്രഹിച്ചുകൊണ്ട് ഒരാൾ വാങ്ങിച്ച ഭൂമിക്ക് സകാത്ത് ബാധകമല്ല. അത്തരം ഒരു സ്ഥലം എപ്പോഴാണോ ഒരാൾ വിൽക്കാൻ തീരുമാനിക്കുന്നത് അപ്പോൾ മാത്രമെ കച്ചവട വസ്തുവായി മാറുകയും സകാത്ത് ബാധകമാകുകയും ചെയ്യുന്നുള്ളൂ. വിൽക്കാനുള്ള തീരുമാനം എപ്പോൾ എടുക്കുന്നുവോ അന്നുമുതലാണ് അതിന്റെ ഹൗൽ ആരംഭിക്കുന്നത്.

വാടകയുടെ സകാത്ത്

സകാത്ത് കണക്കുകൂട്ടുമ്പോൾ വാടകവസ്തുക്കളുടെ മൂലധനം അതിൽ കൂട്ടേണ്ടതില്ല. കിട്ടുന്ന വാടകക്ക് മാത്രമാണ് സകാത്ത് ബാധകം.

ഉദാ: ഒരാളുടെ കൈവശം പത്തുലക്ഷം വിലമതിക്കുന്ന ഒരു വീട് ഉണ്ട് എന്ന് കരുതുക. 4000 രൂപ മാസവാടകക്കാണ് ആ വീട് വാടകക്ക് നൽകിയത് എങ്കിൽ അതിൽനിന്ന് കിട്ടുന്ന വരുമാനത്തിന് മാത്രമെ സകാത്ത് ബാധകമാകൂ. ആ ബിൽഡിംഗ് അയാൾ വിൽക്കാൻ ഉദ്ദേശിക്കുന്ന വസ്തുവല്ല. മറിച്ച് തന്റെ ഉടമസ്ഥതയിൽ നിലനിർത്തുന്ന വസ്തുവാണ്. അതിനാൽ ആ വീടിന്റെ വിലയ്ക്ക് സകാത്ത് നൽകേണ്ടതില്ല. എന്നാൽ അതിൽനിന്ന് കിട്ടുന്ന വരുമാനത്തിന് മാത്രം അയാൾ സകാത്ത് നൽകിയാൽ മതി.

അത് എപ്രകാരമാണ് നൽകേണ്ടത്?

ഒരാളുടെ കൈയിൽ നിസ്വാബ് തികഞ്ഞ പണമുണ്ടെങ്കിൽ, നിസ്വാബ് തികഞ്ഞതിന് ശേഷം ലഭിക്കുന്ന വാടകകളെല്ലാം ആ നിസ്വാബിലേക്ക് ചേർത്തുവെക്കുക. ഹൗൽ തികയുമ്പോൾ കൈവശമുള്ളത് എത്രയാണോ അതിന്റെ 2.5% കൊടുക്കുക.

ഉദാ: ഒരാളുടെ കൈവശം ഒരു ലക്ഷം രൂപയുണ്ട്. വാടകയിനത്തിൽ ലഭിക്കുന്ന വാടകകൾ എല്ലാം അയാൾ ആ പണത്തോടൊപ്പം ചേർത്തുവെക്കുന്നു. ആ ഒരുലക്ഷം രൂപയുടെ ഹൗൽ തികയുന്ന ദിവസം തന്റെ കൈവശം ആ പണത്തിൽനിന്നും എത്ര അവശേഷിക്കുന്നുണ്ടോ അത് കണക്കുകൂട്ടി അതിന്റെരണ്ടര ശതമാനം സകാത്തായി നൽകുന്നു.

ഒരാളുടെ കൈയിൽ നിസ്വാബ് ഇല്ലെങ്കിൽ നിസ്വാബ് തികയുന്നതുമുതലാണ് ആ വാടകയുടെ ഹൗൽ ആരംഭിക്കുന്നത്. ഹൗൽ തികയുമ്പോൾ തന്റെ കൈവശം എത്രയുണ്ടോ അതിന്റെ 2.5% കൊടുക്കുക.

ഉദാ: ഒരാളുടെ കൈവശം യാതൊരു പണവുമില്ല. അയാൾക്ക് വാടകയിനത്തിൽ മാസാമാസം നാലായിരം രൂപ ലഭിക്കുന്നു. അവ ചേർത്തുവെച്ച ശേഷം എപ്പോഴാണോ അയാളുടെ കൈയിൽ 595 ഗ്രാം വെള്ളിക്ക് തുല്യമായ പണം സ്വരൂപിക്കപ്പെടുന്നത് അപ്പോൾ അയാളുടെ ഹൗൽ ആരംഭിക്കുന്നു. ഒരു ഹിജ്‌റ വർഷക്കാലം തികയുമ്പോൾ എത്രയാണോ അയാളുടെ കൈവശം ഉള്ളത് അതിന്റെ രണ്ടര ശതമാനം സകാത്തായി നൽകുന്നു.

എന്നാൽ ഹൗൽ തികയുന്നതിനു മുമ്പായി ചെലവായിപ്പോകുന്ന പണത്തിന് സകാത്ത് ബാധകമല്ല. അതുപോലെ ഹൗൽ പൂർത്തിയാകുന്നതിനു നിസ്വാബിൽ നിന്നും കുറവ് വന്നാൽ ഹൗൽ മുറിയും. പിന്നീട് എപ്പോഴാണോ വീണ്ടും നിസ്വാബ് എത്തുന്നത് അപ്പോൾ ഹൗൽ പുനരാരംഭിക്കുകയാണ് ചെയ്യുക.

വാടകയുടെ സകാത്തായി 2.5%മാണ് നൽകേണ്ടത് എന്നതാണ് ശൈഖ് ഇബ്‌നു ഉസൈമീൻ (റഹി) യും, ശൈഖ് ഇബ്‌നുബാസ് (റഹി), ശൈഖ് സ്വാലിഹ് അൽഫൗസാൻ ഹഫിദഹുല്ലയും സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭയുമെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്. നാണയത്തിന്റെ സകാത്താണ് ഇതിനും ബാധകം. വാടകയുടെ സകാത്ത് എന്ന് പ്രത്യേകം ഒരു കണക്ക് പ്രമാണങ്ങളിൽ വന്നിട്ടില്ല. സ്വാഭാവികമായും സ്വഹാബത്തിന്റെ കൈവശമുള്ള സ്വണനാണയവും വെള്ളിനാണയവുമെല്ലാം വാടക വഴിയോ, കൂലിപ്പണി വഴിയോ, ശമ്പളം വഴിയോ, കച്ചവടം വഴിയോ ഒക്കെ ലഭിച്ചതായിരിക്കുമല്ലോ. അതിൽ വാടകയാണെങ്കിൽ ഇത്ര, ശമ്പളമാണെങ്കിൽ ഇത്ര എന്നിങ്ങനെ റസൂൽ ﷺ വേർതിരിച്ചിട്ടില്ല. മറിച്ച് നാണയത്തിന്റെ സകാത്ത് നൽകാനാണ് പഠിപ്പിച്ചത്. അതിനാൽതന്നെ വാടകക്കും സകാത്തായി നൽകേണ്ടത് 2.5% തന്നെയാണ്.

വാടകക്ക് പത്തുശതമാനവും അഞ്ചുശതമാനവുമൊക്കെ നൽകണം എന്ന് പറയുന്നവർ അതിനെ കൃഷിയുമായി താരതമ്യം ചെയ്യുകയാണ് ചെയ്തത്. യഥാർഥത്തിൽ കൃഷിയും വാടകയും തമ്മിൽ ബന്ധമില്ല. ഉസ്വൂലുൽ ഫിക്വ്ഹിൽ ‘പരസ്പര ബന്ധമില്ലാത്തവ തമ്മിലുള്ള താരതമ്യം’ എന്ന ഗണത്തിലാണ് അത് പെടുക. അതിനാൽതന്നെ ആ ക്വിയാസ് തെളിവായി പരിഗണിക്കുകയില്ല.

കൊടുക്കാൻ ബാക്കിയുള്ള സകാത്ത്

ചോദ്യം: കഴിഞ്ഞ വർഷത്തെ സകാത്തിൽനിന്നു കൊടുക്കാൻ ബാക്കിയുള്ള തുക ഈ വർഷത്തെ സകാത്തിൽ ഉൾപ്പെടുത്താൻ പറ്റുമോ, അതല്ല അതു തനിയെ കൊടുക്കണമോ?

ഉത്തരം: അതാതു വർഷത്തെ സകാത്ത് നമ്മുടെമേൽ നിർബന്ധമായിക്കഴിഞ്ഞാൽ ശറഇയ്യായ കാരണങ്ങളാലല്ലാതെ അത് വൈകിപ്പിക്കാൻ പാടില്ല. അഥവാ അതിന്റെ അവകാശികളെ കണ്ടെത്താൻ എടുക്കുന്ന സമയം, നൽകാനുള്ള പണം കൈവശം ഇല്ലാതിരിക്കൽ, ഭരണകൂടം സകാത്ത് പിരിക്കുന്ന നാടുകളിൽ അവരിൽനിന്നും വരുന്ന കാലതാമസം, സകാത്ത് സ്വീകർത്താവ് സ്വയം കൈപ്പറ്റുന്നത് വൈകിപ്പിച്ചാൽ എന്നിങ്ങനെയുള്ള കാരണങ്ങളാലല്ലാതെ സകാത്ത് വൈകിപ്പിക്കരുത്.

അല്ലാത്തപക്ഷം വൈകിപ്പിച്ച് പോയാൽ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും തൗബ ചെയ്യുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹു നമ്മുടെ വീഴ്ചകൾ പൊറുത്ത് തരികയും മതപരമായ അറിവ് നമുക്ക് വർധിപ്പിച്ചുതരികയും ചെയ്യുമാറാകട്ടെ.

താൻ കൊടുത്തുവീട്ടാനുള്ള സകാത്ത് എത്ര വർഷം പിന്നിട്ടാലും ഒരാളുടെ മേൽ ബാധ്യതയായിത്തന്നെ നിലനിൽക്കും. കാരണം സകാത്ത് എന്നുള്ളത് പാവപ്പെട്ടവരുടെ അവകാശമാണ്. അതുകൊണ്ടുതന്നെ അതൊരു കടമാണ്. അതിനാലാണ് മരണപ്പെട്ടുപോയ ആൾ സകാത്ത് കൊടുത്തുവീട്ടാനുണ്ടെങ്കിൽ അയാളുടെ ധനത്തിൽനിന്നും അനന്തരസ്വത്ത് വിഹിതം വെക്കുന്നതിന് മുമ്പായി വീട്ടേണ്ട കടങ്ങളിൽ ഒന്നായി സകാത്തിനെ പരിഗണിക്കുന്നത്.

താങ്കൾ ചോദിച്ചതുപോലെ തന്റെ ഈ വർഷത്തെ സകാത്തായ സംഖ്യയുടെ കൂടെയോ, ഒറ്റക്കായോ നൽകാവുന്നതാണ്. അത് സകാത്തിന് അർഹരായ അവകാശികളുടെ കയ്യിലേക്കാണ് എത്തേണ്ടത് എന്ന് മാത്രം. അല്ലാഹു സ്വീകരിക്കുകയും താങ്കൾക്ക് തക്കതായ പ്രതിഫലം നൽകുകയും ചെയ്യട്ടെ.

താൻ കൊടുത്തുവീട്ടാനുള്ള സകാത്ത് എത്ര വർഷം പിന്നിട്ടാലും ഒരാളുടെ മേൽ ബാധ്യതയായിത്തന്നെ നിലനിൽക്കും. കാരണം സകാത്ത് എന്നുള്ളത് പാവപ്പെട്ടവരുടെ അവകാശമാണ്. അതുകൊണ്ടുതന്നെ അതൊരു കടമാണ്. അതിനാലാണ് മരണപ്പെട്ടുപോയ ആൾ സകാത്ത് കൊടുത്തുവീട്ടാനുണ്ടെങ്കിൽ അയാളുടെ ധനത്തിൽനിന്നും അനന്തര സ്വത്ത് വിഹിതം വെക്കുന്നതിന് മുമ്പായി വീട്ടേണ്ട കടങ്ങളിൽ ഒന്നായി സകാത്തിനെ പരിഗണിക്കുന്നത്.