അൺഎത്തിക്കൽ ആക്ഷൻ; അൺപോപുലർ റിയാക്ഷൻ!
സുഫ്‌യാൻ അബ്‌ദുസ്സലാം
2022 ഒക്ടോബർ 1, 1444 റബീഉൽ അവ്വൽ 4
ഒരു പ്രദേശത്തിന്റെ സൗന്ദര്യം അവിടെ നിലനിൽക്കുന്ന ശാന്തിയും സമാധാനവുമാണ്. കലഹങ്ങളും സംഘർഷങ്ങളും നിറഞ്ഞുനിൽക്കുന്ന ഒരു പ്രദേശത്തിന് ആത്മീയമോ ഭൗതികമോ ആയ ഔന്നത്യത്തിലേക്ക് ഉയരാൻ സാധിക്കില്ല. ഒരു പ്രദേശം കലഹങ്ങളും സംഘർഷങ്ങളുമില്ലാത്ത ഭൂമിയായി, വിടർന്ന പുഞ്ചിരിയോടെ ലോകത്തിന് മുമ്പിൽ നിവർന്നു നിൽക്കണമെങ്കിൽ ആ പ്രദേശത്തെ നയിക്കുന്നവർക്കും അവിടെ ജീവിക്കുന്നവർക്കും ആത്മാർഥതയും സത്യസന്ധതയും ഉന്നതമായ കാഴ്ചപ്പാടുകളും അനിവാര്യമാണ്. പാരതന്ത്ര്യത്തിന്റെ നുകങ്ങൾ പേറി ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന ഇന്ത്യാമഹാരാജ്യത്തിന് 1947ൽ സൈനിക മേൽകോയ്മയിലൂടെ ലോകത്തെ വിറപ്പിച്ചിരുന്ന സർവാധിപതികളായ ബ്രിട്ടീഷുകാരിൽനിന്നും സ്വാതന്ത്ര്യം നേടാൻ സാധിച്ചത് കലഹങ്ങളോ സംഘർഷങ്ങളോ സൃഷ്ടിച്ചുകൊണ്ടായിരുന്നില്ല. ഉന്നതമായ മൂല്യങ്ങളിലൂടെയും സത്യസന്ധവും നീതിധന്യവുമായ കാഴ്ചപ്പാടുകളിലൂടെയായിരുന്നു. അഹിംസയെ ഉയർത്തിപ്പിടിച്ചും കലാപങ്ങളെ അകറ്റിനിർത്തിയും ഇന്ത്യൻ ജനതയുടെ മനസ്സുകളിൽനിന്നും പുറത്തേക്കുവന്ന നെടുവീർപ്പുകളിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യങ്ങളുടെ അധിപരായിരുന്ന ബ്രിട്ടീഷുകാർ ഉലഞ്ഞുപോകുകയായിരുന്നു.
ലോകത്തെ അമ്പരിപ്പിച്ച ദിനമായിരുന്നു 1947 ഓഗസ്റ്റ് 15. ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലി, അമേരിക്കൻ പ്രസിഡണ്ട് ഹാരി എസ്.ട്രൂമാൻ, ഫ്രഞ്ച് പ്രസിഡന്റ് വിൻസെന്റ് ഓറിയോൾ തുടങ്ങി ലോകത്തെ സാമ്രാജ്യത്വ നായകരുടെ നെഞ്ചിൽ അമ്പരപ്പുകളുടെ ഓളങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ഗാന്ധിയുടെയും ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെയും നിശ്ശബ്ദ വിപ്ലവം വിജയം വരിച്ചത്. തോക്കിൻകുഴലിലൂടെയല്ലാതെയും വിപ്ലവം സാധ്യമാകുമെന്ന് കമ്യൂണിസ്റ്റ് വിപ്ലവകാരികൾ അടക്കമുള്ളവരെ ബോധ്യപ്പെടുത്തിയ ദിനമായിരുന്നു അത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനാ നിർമാണ അസംബ്ലിയും ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പും പാർലമെന്റിലെ ശക്തമായ നിയമനിർമാണങ്ങളും ഇന്ത്യയോളം ഉന്നതമായ കാഴ്ചപ്പാടുകളുള്ള രാജ്യം വേറെയില്ല എന്ന് ബോധ്യപ്പെടുത്തുന്ന ഘടകങ്ങളായിരുന്നു. മതനിരപേക്ഷതയെയും ജനാധിപത്യത്തെയും രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളാക്കി സുദൃഢമായ ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കുവാൻ ആത്മാർപ്പണം നടത്തിയവരായിരുന്നു നമ്മുടെ രാഷ്ട്രശിൽപികൾ.
രാഷ്ട്രശിൽപികളുടെ വിയർപ്പ് വറ്റുന്നതിനുമുമ്പ് തന്നെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുവന്ന പ്രതിലോമസംഘമാണ് ‘രാഷ്ട്രീയ സ്വയം സേവക് സംഘ്’ (ആർ.എസ്.എസ്). ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന വാദമാണ് ആർ.എസ്.എസ് പ്രധാനമായും മുമ്പോട്ടുവയ്ക്കുന്നത്. മതത്തിന്റെയും സംസ്‌കാരത്തിന്റെയും പേരിൽ രാജ്യത്തെ കഷ്ണങ്ങളാക്കി ഭൂരിപക്ഷ സമൂഹത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ തിരിക്കുന്നതിന് വേണ്ടി കുത്സിതമായ ശ്രമങ്ങൾ അവർ നടത്തിവരുന്നു. രാജ്യത്തെ 85 ശതമാനത്തോളം വരുന്ന ഹൈന്ദവ ജനത രാഷ്ട്രീയ കാഴ്ചപ്പാടുകൾ വെടിഞ്ഞ് മതത്തിന്റെ പേരിൽ സംഘടിച്ച് ആർ.എസ്.എസ്. ഉയർത്തുന്ന ബാനറിന് കീഴിൽ അണിനിരന്നിരുന്നുവെങ്കിൽ ഇന്ത്യയെ മതനിരപേക്ഷമാക്കുവാൻ സാധിക്കുമായിരുന്നില്ല. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ അനുഭവിച്ചു വരുന്ന പീഡനങ്ങളും ഉന്മൂലനങ്ങളും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും നേരിടേണ്ടി വരുമായിരുന്നു. രാജ്യത്തെ വെട്ടിമുറിക്കുന്ന തരത്തിലുള്ള ഒട്ടും ആശാസ്യമല്ലാത്ത പ്രവർത്തനങ്ങൾക്ക് (Unethical actions) തുടക്കം കുറിച്ച സംഘമാണ് ആർ.എസ്.എസ്. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ആർ.എസ്.എസിനെ കേന്ദ്ര സർക്കാരിന് മൂന്നുതവണ നിരോധിക്കേണ്ടി വന്നിട്ടുണ്ട് എന്ന കാര്യം സംഘ്പരിവാർ ഓർക്കേണ്ടതുണ്ട്.
ബ്രിട്ടീഷുകാരിൽനിന്നും സ്വതന്ത്രമാകുന്ന ഇന്ത്യയിൽ ഇസ്‌ലാമിക നിയമങ്ങളാണ് നടപ്പാക്കേണ്ടതെന്നും ഇസ്‌ലാമിക വ്യവസ്ഥിതിക്ക് കീഴിലല്ലാതെ ഇന്ത്യൻ മുസൽമാന്മാർ ജീവിക്കാൻ പാടില്ലെന്നും ഇന്ത്യയുടെ ജനാധിപത്യത്തോടും മതനിരപേക്ഷതയോടും സർക്കാർ സംവിധാനങ്ങളോടും സഹകരിക്കൽ ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തിന് എതിരാണെന്നും വാദിച്ചുകൊണ്ടു കടന്നുവന്ന ജമാഅത്തെ ഇസ്‌ലാമി രാജ്യത്തിനുമേൽ മറ്റൊരു മതരാഷ്ട്ര ചിന്ത ഉയർത്തിവിട്ടു. ബ്രിട്ടീഷ് എന്ന വിഗ്രഹത്തിന് പകരമായി ജനാധിപത്യമെന്ന ഒട്ടനവധി വിഗ്രഹങ്ങളെ ആരാധിക്കുന്നതിന് തുല്യമാണ് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യവസ്ഥിതിയെ അംഗീകരിക്കൽ എന്നതായിരുന്നു അവർ പ്രധാനമായും ഉയർത്തിപ്പിടിച്ച വാദം. ഒരു പ്രദേശത്തെ ജനങ്ങൾ ഇസ്‌ലാം തെരഞ്ഞെടുത്തുകഴിഞ്ഞാൽ സ്വാഭാവികമായും രൂപപ്പെട്ടുവരുന്ന ഭരണമാണ് ക്വുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ശരീഅത്ത് ഭരണം. ശരീഅത്ത് നിയമങ്ങൾ മുസ്‌ലിമേതര സമൂഹത്തിൽ നിർബന്ധിതമായി അടിച്ചേൽപിക്കാനുള്ളതല്ല. അത്തരത്തിലുള്ള പ്രചാരണങ്ങൾ ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹത്തിൽ ഇസ്‌ലാമിനെ കുറിച്ച് തെറ്റിധാരണയും വെറുപ്പും ഉളവാക്കുവാനും ഇസ്‌ലാമിനെ ഒരു തീവ്ര ആശയമായി വിലയിരുത്താനും മാത്രമേ ഉപകരിക്കൂ എന്നുമുള്ള കാര്യം ഇന്ത്യയിലെ ഇസ്‌ലാമിക പണ്ഡിതർ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.
വർഗീയതയും തീവ്രചിന്തകളും രാജ്യത്ത് മുളപ്പിക്കുന്ന, ഒട്ടും ആശാസ്യമല്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും രാജ്യത്തിനും ദോഷങ്ങൾ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. ഈ ആശയം ഏറ്റുപിടിച്ച ചില വിദ്യാർഥികളും യുവാക്കളും ചേർന്ന് രൂപം കൊടുത്ത സിമി എന്ന സംഘടന ‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന മുദ്രാവാക്യം മുഴക്കുകയും അത് ആർ.എസ്.എസ് അടക്കമുള്ള ഇസ്‌ലാം വിരുദ്ധ ശക്തികൾ മുസ്‌ലിംകൾക്കെതിരെ ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തു. ‘ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയിൽതന്നെ’ എന്ന മറു മുദ്രാവാക്യം അവർ വിളിച്ചുതുടങ്ങി. ജമാഅത്തെ ഇസ്‌ലാമിയെ രണ്ടു തവണ നിരോധിച്ചിരുന്നുവെങ്കിലും പിന്നീട് നിരോധനം നീക്കുകയായിരുന്നു. സിമിയെ മൂന്നുതവണ നിരോധിച്ചിട്ടുണ്ട്. ഇപ്പോഴും നിരോധനം തുടരുന്നു.
മതത്തെ രാഷ്ട്രീയ ആയുധമാക്കുകയും മതരാഷ്ട്ര ചിന്തകൾ ഉയർത്തുകയും ചെയ്തുകൊണ്ട് സാധാരണക്കാരുടെ വൈകാരികതയെ ത്രസിപ്പിക്കുന്നവരുടെ യഥാർഥ ലക്ഷ്യം രാജ്യത്തിന്റെ ചെങ്കോലും കിരീടവും മാത്രമാണ്. അധികാരം മാത്രമാണവർ ലക്ഷ്യമാക്കുന്നത്. എന്നാൽ മതപരമായ വിശ്വാസവും ആചാരവും വ്യത്യസ്തമാണെങ്കിലും ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും രാജ്യത്തെ കഷ്ണങ്ങളാക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രചാരണങ്ങളിൽ തൽപരരായിരുന്നില്ല. അവർ എന്നും ഉയർത്തിപ്പിടിച്ചത് പരസ്പര ബഹുമാനമാണ്. ഒരു മതത്തെയും മതക്കാരനെയും അനാദരിക്കാൻ പാടില്ലെന്നാണ് സകല മതങ്ങളുടെയും പ്രമാണങ്ങൾ പഠിപ്പിച്ചിട്ടുള്ളത് എന്നതുകൊണ്ടുതന്നെ തീവ്രചിന്തകളോട് അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. മതനിരപേക്ഷതയെ അവർ ഉയർത്തിപ്പിടിച്ചു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന ആവശ്യവും ഇസ്‌ലാമിക രാഷ്ട്രത്തിന് വേണ്ടി യത്‌നിക്കണമെന്ന വാദവും സാധാരണക്കാരായ ഇന്ത്യൻ പൗരന്മാരിൽ സ്വാധീനമുണ്ടാക്കിയില്ല. അവർ മതനിരപേക്ഷ പക്ഷത്ത് ഉറച്ചുനിന്നു. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയകളിൽ അവർ സജീവമായി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഭരണഘടനയിലൂടെ സംരക്ഷിക്കപ്പെട്ടു. നിയമനിർമാണ സഭകളും ജുഡീഷ്യറിയും മതനിരപേക്ഷതയുടെ കാവലാളുകളായി പ്രവർത്തിച്ചു.
രാജ്യം മതേതരപക്ഷത്ത് ഉറച്ചുനിന്നുവെങ്കിലും ആർ.എസ്.എസ്. പ്രവർത്തനം അവസാനിപ്പിച്ചില്ല. അവർ നിഗൂഢമായ പദ്ധതികൾ ആസൂത്രണം ചെയ്തു. മുസ്‌ലിം സമുദായത്തെ തെരുവിലിറക്കി പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ഇല്ലാതാക്കാൻ എന്താണ് മാർഗമെന്ന് അവർ ഗവേഷണം നടത്തി. അതിനുള്ള ഏറ്റവും നല്ല മാർഗമായി അവർ കണ്ടത് മുസ്‌ലിം സമുദായത്തിന്റെ അഭിമാന സ്തംഭങ്ങളായ മസ്ജിദുകൾക്ക് മേൽ അവകാശവാദം ഉന്നയിക്കുക എന്നതായിരുന്നു. ബാബരി മസ്ജിദിൽ നിന്നും തുടങ്ങി ഇപ്പോൾ ഗ്യാൻവാപിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ അവകാശവാദത്തിന് ഒരിക്കലും അവസാനമുണ്ടാകില്ല.
ബാബരി മസ്ജിദ് തകർത്ത് അവിടെ രാമക്ഷേത്രം നിർമിക്കാനുള്ള ആർ.എസ്.എസിന്റെ പ്രചാരണം ഉത്തരേന്ത്യയിലെ നിരക്ഷരരായ ഹൈന്ദവ സമൂഹങ്ങളിൽ സ്വാധീനം ചെലുത്തി. ആർ.എസ്.എസിലെ വരേണ്യവിഭാഗങ്ങൾ അവർക്ക് നേതൃത്വം നൽകി. ബാബരി പ്രശ്‌നം ആർ.എസ്.എസിനെ സംബന്ധിച്ചിടത്തോളം ഒരു ഹിന്ദു പ്രശ്‌നമായിരുന്നില്ല. രാജ്യത്തെ മുഴുവൻ ഹിന്ദുക്കളെയും ശ്രീരാമ പ്രതീകം ഉപയോഗിച്ച് ഏകോപിപ്പിക്കുന്നതിനും ഹിന്ദുത്വ രാഷ്ട്രീയം വളർത്തി ഇന്ത്യയെ കൈപ്പിടിയിൽ ഒതുക്കുന്നതിനുമുള്ള കുതന്ത്രം മാത്രമായിരുന്നു പിന്നിൽ. ഹൈന്ദവ സമൂഹത്തോട് ഒട്ടും പ്രതിബദ്ധതയില്ലാത്ത കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാർ മാത്രമാണവർ. മസ്ജിദ് തകർത്താൽ മുസ്‌ലിം സമുദായം തെരുവിലിറങ്ങുമെന്നും അവർ രോഷാകുലരായി സംഘർഷങ്ങൾ സൃഷ്ടിക്കുമെന്നും അവർ കണക്കുകൂട്ടി. അത് സംഭവിക്കുകയും ചെയ്തു. ബോംബെയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും മുസ്‌ലിംകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഒരു നേതൃത്വമോ ആലോചനയോ ഇല്ലാത്ത പ്രതിഷേധങ്ങൾ അക്രമാസക്തമായി. അതിനിടെ കർസേവകരെ പോലീസ് വെടിവെച്ചുവെന്നും അവർ കൊല്ലപ്പെട്ടുവെന്നുമൊക്കെയുള്ള കളവുകൾ ആർ.എസ്.എസ് രാജ്യവ്യാപകമായി അഴിച്ചുവിട്ടതോടെ ഹിന്ദുത്വവാദികൾ അഴിഞ്ഞാടി.
ആർ.എസ്.എസ്. എന്താണോ ആഗ്രഹിക്കുന്നത് അത് വളരെ എളുപ്പത്തിലാക്കുക മാത്രമായിരുന്നു മസ്ജിദിന്റെ പേര് പറഞ്ഞു തെരുവുകളിൽ അഴിഞ്ഞാടിയവരുടെ ആശാസ്യമല്ലാത്ത പ്രതിപ്രവർത്തനങ്ങൾ (Unpopular reactions)കൊണ്ട് ലഭിച്ചത്. അത്തരം പ്രതിപ്രവർത്തനങ്ങൾ മുസ്‌ലിംകൾക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് പരിചയസമ്പന്നരും പരിണത പ്രജ്ഞരും ധിഷണാശാലികളുമായ മുസ്‌ലിം നേതാക്കൾ ഉപദേശിച്ചു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളിലും ദേശീയോദ്ഗ്രഥനത്തിലും സജീവമാകുവാനും മതേതര പ്രസ്ഥാനങ്ങളിൽ അംഗങ്ങളായും അവരോട് സഹകരിച്ചും പ്രവർത്തിക്കുവാനും വിവേകമുള്ള പണ്ഡിതനേതാക്കൾ സമുദായത്തെ ഉപദേശിച്ചു. ജനാധിപത്യത്തെ ഇസ്‌ലാമിക വിരുദ്ധമായി അവതരിപ്പിക്കുന്ന ശൈലികളിൽനിന്നും മാറിനിൽക്കുവാനും നിയമനിർമാണ സഭകളിൽ പങ്കാളികളായി രാജ്യത്തിന്റെ മതനിരപേക്ഷതയെ സംരക്ഷിക്കുവാൻ ഇതര വിഭാഗങ്ങളോട് തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുവാനും അവർ ഉപദേശിച്ചു. ബുള്ളറ്റുകളല്ല, ബാലറ്റുകളാണ് സമാഹരിക്കേണ്ടതെന്നും അവർ പറഞ്ഞുകൊടുത്തു. പ്രതിരോധത്തിന്റെ പേരു പറഞ്ഞ് വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാവുന്ന ശൈലി ഇസ്‌ലാമിക വിരുദ്ധമാണെന്നും രാജ്യത്തിന്റെ പൊതുവായ നിയമസംവിധാനങ്ങളും രാഷ്ട്രീയസ്വഭാവവും ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിനാൽ കായികമായോ ആൾക്കൂട്ടമായോ നേരിടുന്നതിന് പകരം ജനാധിപത്യമാർഗങ്ങളിലൂടെ മാത്രമാണ് പ്രതിരോധം തീർക്കേണ്ടതെന്നും അവർ ഉദ്‌ബോധിപ്പിച്ചു.
പക്ഷേ, മുസ്‌ലിം പണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഉപദേശങ്ങൾ ചെവിക്കൊള്ളാത്ത ഒരു സംഘം രൂപപ്പെട്ടുവന്നു. പ്രശ്‌നങ്ങൾക്കുള്ള പരിഹാരം എന്താണെന്ന് നിർദേശിക്കാതെ ഒട്ടനവധി വൈകാരിക പ്രശ്‌നങ്ങൾ മൈതാനങ്ങളിൽ അട്ടഹാസങ്ങളായി മുഴങ്ങി. കാര്യങ്ങളെ കുറിച്ച് മുൻപിൻ ആലോചനകളില്ലാത്ത ചില സാധാരണക്കാർ ഇവരുടെ അട്ടഹാസങ്ങളിൽ ആകൃഷ്ടരായി. ഭരണകൂടത്തെ വിമർശിക്കുക, മുസ്‌ലിം പണ്ഡിതരെ ആക്ഷേപിക്കുക, സമുദായത്തിന് മതപരമായും രാഷ്ട്രീയമായും നേതൃത്വം നൽകുന്നവരെ കുറിച്ച് അവിശ്വാസം ജനിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രധാനമായും അവർ നിർവഹിച്ചുവന്നത്. ഇത്തരം വൈകാരിക അട്ടഹാസങ്ങൾ ചില തീവ്ര സംഘങ്ങളുടെ ജന്മത്തിന് കാരണമായി. ഒരേ ലക്ഷ്യം പറഞ്ഞിരുന്ന ഈ സംഘങ്ങൾക്കിടയിൽ പോലും ഐക്യസ്വഭാവം ഉണ്ടായിരുന്നില്ല. വിവിധ പേരുകളിൽ പ്രവർത്തിച്ചിരുന്ന അവരിൽനിന്ന് ഉയർന്നുകേൾക്കാറുണ്ടായിരുന്നത് അപക്വമായ സംസാരങ്ങളും ശത്രുവിനെതിരെ കായികമായ ആക്രമണങ്ങൾ നടത്തുന്നതിനെ കുറിച്ചുള്ള ആക്രോശങ്ങളുമായിരുന്നു. ആർ.എസ്.എസ്. കേന്ദ്രങ്ങൾ ഇവരുടെ പ്രവർത്തനങ്ങളെ ഹിന്ദു സമൂഹത്തിൽ തങ്ങൾക്കനുകൂലമാക്കാനുള്ള ശ്രമങ്ങൾ നടത്തി. തെറ്റിദ്ധരിക്കപ്പെട്ട ഹൈന്ദവ സഹോദരങ്ങളിൽ ചിലരെല്ലാം ആ ശ്രമത്തിൽ വീണു. പൊതുവെ സമാധാനപരമായി കഴിഞ്ഞിരുന്ന കേരള സമൂഹത്തിൽ ഭയപ്പാടിന്റെയും സംശയത്തിന്റെയും മുളകൾ പൊട്ടാൻ തുടങ്ങി.
സിമിയിൽ ജനിച്ച് എൻഡിഎഫിലൂടെ വളർന്ന് പോപ്പുലർ ഫ്രണ്ടായി മാറിയ ഈ കൂട്ടം, അവിവേകത്തെയാണ് മുഖമുദ്രയായി സ്വീകരിച്ചിട്ടുള്ളത്. ജനാധിപത്യ സമൂഹത്തിൽ പ്രവർത്തനങ്ങൾ സുതാര്യമായിരിക്കണം എന്നത് അംഗീകരിക്കപ്പെട്ട തത്ത്വമാണ്. രാജ്യത്തെ തകർക്കാൻ ഒരുമ്പെട്ടിറങ്ങിയിട്ടുള്ള ആർ.എസ്.എസും അതിനെ പ്രതിരോധിക്കാനെന്ന മട്ടിൽ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള പോപ്പുലർ ഫ്രണ്ടും യോജിക്കുന്ന മേഖല അവരുടെ സുതാര്യതയില്ലായ്മയാണ്. ഇരുട്ടിന്റെ മറവുകളും നിഗൂഢതകളുമാണ് ഗൂഢപദ്ധതികൾ നടപ്പാക്കാൻ ഇരുവിഭാഗവും ഉപയോഗിക്കുന്ന മാർഗങ്ങൾ.
മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ അന്വേഷണ ഏജൻസിയായ എൻ.ഐ.എ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അന്വേഷണം ഉണ്ടാവുക സ്വാഭാവികമാണ്. പോപ്പുലർ ഫ്രണ്ടിനെതിരെ അന്വേഷണം നടത്താനുള്ള അവകാശം എൻ.ഐ. എക്കുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. വളരെ ഗുരുതരമായ ആരോപണങ്ങളാണ് എൻ.ഐ. എ പോപ്പുലർ ഫ്രണ്ടിനെതിരെ ഉന്നയിച്ചിട്ടുള്ളത്. സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാർ നിയോഗിച്ച ഏജൻസിയുടെ എല്ലാ ആരോപണങ്ങളും പൊതുസമൂഹത്തിന് അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ സാധിച്ചുകൊള്ളണമെന്നില്ല. പക്ഷേ, പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഏതൊരാൾക്കും ആരോപിക്കപ്പെടുന്ന ആരോപണങ്ങളിൽ ഒട്ടും കഴമ്പില്ല എന്ന് പറയാനൊട്ട് സാധിക്കുകയുമില്ല.
സംഘ്പരിവാർ അധികാരത്തിൽ വന്ന ശേഷം അധികാരത്തിന്റെ ഹുങ്കിൽ തങ്ങളെ വിമർശിക്കുന്നവരെ മുഴുവൻ പേരെയും യു.എ.പി.എ അടക്കമുള്ള ചാർജ്് ഷീറ്റുകൾ നൽകി വെളിച്ചം കാണാത്തവിധം ജയിലിൽ അടച്ചുകൊണ്ടിരിക്കുകയാണ്. ഹത്രാസിലേക്ക് പോയ സിദ്ദീഖ് കാപ്പനെ രണ്ടു വർഷത്തോളം ജയിലിൽ അടച്ച ഭരണകൂടം ഇപ്പോൾ അനുവദിച്ച ജാമ്യം പോലും ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ്. എൻ.ഐ. എ പോപ്പുലർ ഫ്രണ്ടിനെതിരെ രേഖപ്പെടുത്തിയ ചാർജ് ഷീറ്റിൽ സിദ്ദീഖ് കാപ്പനെ കുറിച്ചും പരാമർശമുണ്ട്. കേന്ദ്രസർക്കാരിന്റെ നടപടിയിൽ സംശയത്തിന്റെ നിഴലുകൾ ഉണ്ടോ എന്ന് സംശയിക്കപ്പെടാനും ഇതെല്ലാം കാരണമാണ്.
സംഘ്പരിവാറിലെ വിവിധ വിഭാഗങ്ങൾ ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതമായ ആക്രമങ്ങളും കൊലപാതകങ്ങളും എന്തുകൊണ്ട് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നില്ല? എണ്ണിയാലൊടുങ്ങാത്ത ആക്രമണ പരമ്പരകൾ രാജ്യത്ത് നടന്നു. പൗരത്വ സമര സമയത്ത് ഡൽഹിയിൽ നടന്ന മുസ്‌ലിം വേട്ട, ബീഫിന്റെ പേരിൽ നടന്ന കലാപങ്ങൾ, തങ്ങളെ വിമർശിച്ചതിന്റെ പേരിൽ സാഹിത്യകാരന്മാരും രാഷ്ട്രീയ പ്രവർത്തകരും കൊല്ലപ്പെട്ട സംഭവങ്ങൾ, മുസ്‌ലിം സമുദായത്തെ ലക്ഷ്യം വെച്ച് നടത്തിയ കൊലപാതക പരമ്പരകൾ തുടങ്ങിയവയെ കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല. ഇതിന്റെ പേരിൽ എന്തുകൊണ്ട് എൻ.ഐ. എ സംഘ്പരിവാർ ഓഫീസുകൾ റെയ്ഡ് ചെയ്യുന്നില്ല തുടങ്ങിയ ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഉത്തരം പറയേണ്ടതുണ്ട്.
റെയ്ഡിനെ തുടർന്ന് കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ആഹ്വാനപ്രകാരം നടന്ന ഹർത്താലിൽ വ്യാപകമായ അക്രമങ്ങൾ ഉണ്ടായി എന്നത് സംഘടനയുടെ ജൈവികമായ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നത്. പൊതുമുതൽ നശിപ്പിക്കുക, പൊലീസുകാരെ മർദിക്കുക, യാത്രക്കാരെ കയ്യേറ്റം ചെയ്യുക, ബോംബ് എറിയുക തുടങ്ങിയ അക്രമങ്ങൾ എന്തിന്റെ പേരിലാണ് ന്യായീകരിക്കാൻ കഴിയുക? സ്വയം പ്രതിഷേധിക്കാനും സ്വന്തം സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും സ്‌കൂളിലും കോളേജിലും പോവാതിരിക്കാനുമെല്ലാം വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ട്. ഒരാളുടെ മരണത്തിൽ ദുഃഖം പൂണ്ട് നാട്ടുകാർ കടകൾ അടക്കാറുണ്ട്. ഇതിനെല്ലാമാണ് ഹർത്താൽ എന്ന് പറയുന്നത്. എന്നാൽ മറ്റുള്ളവരെ നിർബന്ധിച്ച് ‘പ്രതിഷേധിപ്പിക്കുക’ എന്ന രീതി അസാന്മാർഗികമാണ്. മതത്തിന്റെ പേരിലോ രാജ്യത്തിന്റെ പേരിലോ അതിനെ ന്യായീകരിക്കാൻ കഴിയില്ല. വഴിയുടെ അവകാശങ്ങൾ നൽകുക, വഴിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നിവ പുണ്യകർമമായി പഠിപ്പിച്ച ഇസ്‌ലാം വഴിതടയലും ജനങ്ങളെ ബുദ്ധിമുട്ടിക്കലുമെല്ലാം അക്രമമാണെന്നാണ് പഠിപ്പിച്ചിട്ടുള്ളത്. പോപ്പുലർ ഫ്രണ്ടിന്റെ കാര്യത്തിൽ മാത്രമല്ല, ഹർത്താൽ എന്ന ഓമനപ്പേരിൽ അക്രമം നടത്തുന്ന ഏതു സംഘടനകളും വിമർശിക്കപ്പെടേണ്ടതുണ്ട്.
ഇസ്‌ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ ഇസ്‌ലാമിക മാർഗത്തിലല്ല നടന്നുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിന് നേതൃത്വം നൽകുന്ന മതപണ്ഡിതന്മാർ, മതസംഘടനകൾ, സാമുദായിക സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തുടങ്ങി മുസ്‌ലിം സമുദായത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്ന ആരുംതന്നെ ഇവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നില്ല. മുസ്‌ലിം നേതൃത്വത്തെ അംഗീകരിക്കാൻ കൂട്ടാക്കാതെ സംഘ്പരിവാർ ശക്തികൾക്ക് വളരാനുള്ള ഭൂമിക പാകപ്പെടുത്തിക്കൊടുക്കുകയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്. ഹൈന്ദവതയുടെ പേരിൽ പ്രവർത്തിക്കുന്ന ആർ.എസ്.എസും സംഘ്പരിവാർ വിഭാഗങ്ങളും ഹൈന്ദവ സനാതന തത്ത്വങ്ങളിൽനിന്നും പരശ്ശതം കാതം അകലെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ശാന്തിയും സമാധാനവുമാണ് ഹൈന്ദവ പണ്ഡിതന്മാർ മുമ്പോട്ടുവെക്കുന്നത്.
ഇസ്‌ലാം എന്ന പദത്തിന്റെ അർഥം പോലും സമാധാനമാണ്. എന്നാൽ ഇസ്‌ലാമിന്റെ നാമം ഉയർത്തിപ്പിടിച്ച് അക്രമമാർഗങ്ങളിലൂടെ സഞ്ചരിക്കുന്നവർ ‘അല്ലാഹു അക്ബർ’ തുടങ്ങിയ വിശുദ്ധ ദിക്‌റുകളാണ് മുദ്രാവാക്യങ്ങളായി വാനിൽ ഉയർത്തുന്നത്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഒരുകൂട്ടർ ജയ് ശ്രീറാം വിളിക്കുമ്പോൾ മറ്റൊരു കൂട്ടർ അല്ലാഹു അക്ബർ എന്ന് മുഷ്ടി ചുരുട്ടി വിളിക്കുന്നു. മതവിശ്വാസികൾ ഇവരിൽനിന്നും പൂർണമായും അകന്നു നിൽക്കുകയും രാജ്യത്തിന്റെ ഐക്യത്തിനായി ഒറ്റക്കെട്ടായി നിലകൊള്ളുകയുമാണ് വേണ്ടത്.