പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ ഒളിയജണ്ടകൾ

അബൂഹാസിം

2022 നവംബർ 19, 1444 റബീഉൽ ആഖിർ 24
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനായി സർക്കാർ മുന്നോട്ടുവെച്ച നടപടികൾ ഏറെ സ്വാഗതാർഹമാണ്. എന്നാൽ സാമൂഹികവും സാംസ്കാരികവും ധാർമികവുമായ മൂല്യച്യുതിയ്ക്ക് കാരണമാകുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്താനിടയുള്ളതുമായ ലിബറൽ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾ പ്രയോഗവൽക്കരിക്കാനുള്ള ആയുധങ്ങളാക്കി പാഠപുസ്തകങ്ങളെ മാറ്റാനുള്ള നിർദേശങ്ങൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.

കേരളത്തിൽ സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ സമീപനം, ഉള്ളടക്കം, വിനിമയം, മൂല്യനിർണയം, ബോധനരീതി എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സാമൂഹികരേഖയാണ് യഥാർഥത്തിൽ പാഠ്യപദ്ധതി.

പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിന് ജനകീയമായ ചർച്ചകൾ സംഘടിപ്പിക്കുന്നത് അഭിനന്ദനാർഹമാണ്. സജീവമായ സംവാദങ്ങളും ചർച്ചകളും ഈ വിഷയത്തിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സമയോചിതമായ പരിഷ്‌കാരങ്ങൾ അത്യന്താപേക്ഷിതമാണ്. അതിൽ ഏവരുടെയും സജീവമായ സാന്നിധ്യം ഉണ്ടാവേണ്ടതുമുണ്ട്. എന്നാൽ സാമൂഹികവും സാംസ്‌കാരികവും ധാർമികവുമായ മൂല്യച്യുതിയ്ക്ക് കാരണമാകുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്താനിടയുള്ളതുമായ ലിബറൽ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾ പ്രയോഗവൽക്കരിക്കാനുള്ള ആയുധങ്ങളാക്കി പാഠപുസ്തകങ്ങളെ മാറ്റാൻ നാം അനുവദിച്ചുകൂടാ.

എന്താണ് ഒളിച്ചുകടത്തപ്പെടുന്ന ജെൻഡർ പൊളിറ്റിക്‌സ്?

‘ജെൻഡർ’ (ലിംഗം) എന്നതിന് ശാസ്ത്രീയമായും ജൈവശാസ്ത്രപരമായും യാതൊരു അടിത്തറയുമില്ലെന്നും ഓരോരുത്തർക്കും അനുഭവപ്പെടുന്നതെന്തോ അതാണ് അവരുടെ ലിംഗമെന്നും അതിനെ സമൂഹം അംഗീകരിച്ച്, സ്വത്വപരികൽപന നൽകണമെന്നുമാണ് ജെൻഡർ പൊളിറ്റിക്‌സിന്റെ അടിസ്ഥാനം. ധാർമികമായ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ട്; ആർക്കും ആരോടും, ഏത് ലിംഗത്തോടും, ഏത് പ്രായക്കാരോടും, ഏത് ജീവികളോടും തുടങ്ങി ‘എന്തിനോടും’ ലൈംഗികമായ അടുപ്പം സൃഷ്ടിച്ചെടുക്കാവുന്ന, കുത്തഴിഞ്ഞ ഒരു സമൂഹത്തെയാണ് ഇതിലൂടെ ഇതിന്റെ വക്താക്കൾ അറിഞ്ഞോ അറിയാതെയോ വാർത്തെടുക്കുവാൻ ശ്രമിക്കുന്നത്. മഴവിൽനിറം പകർന്ന LGBTQIA+ എന്ന ഹ്രസ്വനാമകരണത്തിൽ ഇതെല്ലാം എഴുതിച്ചേർത്തിട്ടുമുണ്ട്.

LGBTQIA+ എന്നതിലെ ഓരോ അക്ഷരവും പ്രതിനിധാനം ചെയ്യുന്നത് യഥാക്രമം ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീർ, ഇന്റർസെക്‌സ്, എസെക്ഷ്വൽ തുടങ്ങിയ അവസ്ഥകളെയാണ്. ഇതിൽ ഇനിയും അക്ഷരങ്ങൾ (സെക്‌സിന്റെ പുതിയ വേർഷനുകൾ) കടന്നുവന്നേക്കാം. അതാണ് + കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

പുരുഷന്റെയും സ്ത്രീയുടെയും രണ്ട് ലൈംഗികാവയവങ്ങൾ ഉള്ളവരാണ് ‘ഇന്റർസെക്‌സ്’ വിഭാഗം.ശരീരഘടനയനുസരിച്ച് പുരുഷനായ ഒരു വ്യക്തിക്ക് താൻ ഒരു സ്ത്രീയാണ് എന്ന ലൈംഗികവ്യക്തിത്വം തോന്നുന്നു; ശരീരഘടനയനുസരിച്ച് സ്ത്രീയായ ഒരാൾക്ക് താൻ പുരുഷനാണെന്ന് തോന്നുന്നു. ഇങ്ങനെയുള്ളവരെയാണ് ‘ട്രാൻസ്ജെൻഡർ’ എന്നു വിളിക്കുന്നത്. പുരുഷന്റെ ശരീരത്തിൽ സ്ത്രീയുടെ മനസ്സുമായും, സ്ത്രീ ശരീരത്തിൽ പുരുഷന്റെ മനസ്സുമായും ജീവിക്കുന്നവരാണിവർ. എന്നാൽ ട്രാൻസ്‌ജെൻഡർ ആയ വ്യക്തിക്ക് തന്റെ ലൈംഗികവ്യക്തിത്വത്തിനനുസരിച്ച് ശാരീരിക വ്യത്യാസങ്ങൾ കൂടി വന്നാൽ അവരെ ‘ട്രാൻസ്‌സെക്ഷ്വൽ’ എന്ന് വിളിക്കുന്നു. ഉദാഹരണത്തിന് ലിംഗവും വൃഷണവുമായി ജനിച്ച ഒരാൾക്ക് താൻ സ്ത്രീയാണ് എന്ന് തോന്നുമ്പോൾ അവർ ട്രാൻസ്‌ജെൻഡർ ആണ്. ഇതേ ട്രാൻസ്‌ജെൻഡർ തന്റെ ലിംഗം നീക്കം ചെയ്യുന്ന സർജറി ചെയ്താൽ അവരെ ‘ട്രാൻസ്‌സെക്ഷ്വൽ’ ആയി കണക്കാക്കുന്നു. ലൈംഗികാവയവങ്ങൾവഴി ഇന്ന ലിംഗം ആണെന്ന് വ്യക്തമാവാത്ത ആളുകളുണ്ട്. ഇവർക്ക് സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങൾ ശരീരത്തിലുണ്ടാവാം, ഇവയുടെ പല വകഭേദങ്ങളുണ്ടാവാം, തീരെ ഇല്ലാതിരിക്കാം. ഇവരെയാണ് ‘ഇന്റർസെക്ഷ്വൽ’ എന്ന് പറയുന്നത്. ഇന്റർസെക്ഷ്വലുകളുടെ ലൈംഗികവ്യക്തിത്വം സ്ത്രീയുടെയോ പുരുഷന്റെയോ ഇത് രണ്ടും കലർന്നതോ ഒക്കെ ആവാം. പുരുഷനോട് ലൈംഗികാകർഷണം തോന്നുന്ന പുരുഷനാണ് ‘ഗേ.’ സ്ത്രീകളോട് ലൈംഗികാകർഷണം തോന്നുന്ന സ്ത്രീകളാണ് ‘ലെസ്ബിയൻ.’ സ്ത്രീകളോടും പുരുഷന്മാരോടും തുല്യമായി ലൈംഗികാകർഷണം തോന്നുന്നവരാണ് ‘ബൈസെക്ഷ്വൽ.’ ആരോടും ലൈംഗികാകർഷണം തോന്നാത്തവരാണ് ‘അസെക്ഷ്വൽ.’ ഇപ്പറഞ്ഞ ഏത് കാറ്റഗറിയിലാണ് വരുന്നത് എന്ന് സ്വയം നിർവചിക്കാനാവാത്തവരാണ് ‘ക്വീർ.’

ഇങ്ങനെയുള്ളവരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്ന്, പരിഗണനയർഹിക്കുന്നവരുടെ പ്രയാസങ്ങൾ ഉയർത്തിപ്പിടിച്ച്, അവയുടെ മറവിൽ അരാജകത്വ അജണ്ടകൾ നടപ്പിലാക്കാനുള്ള ശ്രമമാണ് ജെൻഡർ പൊളിറ്റിക്‌സ് മുന്നോട്ടുവയ്ക്കുന്നത്.

ഒരാൾ സ്വന്തമായി ഐഡന്റിഫൈ ചെയ്യുന്നു എന്നതിന്റെ പേരിൽ മാത്രം അയാളുടെ ലിംഗത്വം അംഗീകരിക്കപ്പെടണമെന്ന, യാതൊരു അടിസ്ഥാനവുമില്ലാത്ത ആശയങ്ങൾ, സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്നു. തനിക്ക് ഇഷ്ടമുള്ള ഏത് ലിംഗമായും പ്രഖ്യാപിക്കാവുന്ന അവസ്ഥ സാമൂഹികക്രമത്തെ തന്നെ തകിടംമറിക്കും. പട്ടിയായും പൂച്ചയായുംവരെ സ്വയം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്യൂണിറ്റി വർധിച്ചുവരുന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ഇന്ന് പല പാശ്ചാത്യ നാടുകളിലും കണ്ടുകൊണ്ടിരിക്കുന്നത്.

ഇത്തരം ആശയങ്ങൾ അടിച്ചേൽപിക്കുന്നത് എട്ടുംപൊട്ടും തിരിയാത്ത കുട്ടികളിലാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. വ്യക്തിത്വവും ലോകവീക്ഷണവും രൂപപ്പെടുത്തേണ്ടുന്ന ഈ കാലഘട്ടത്തിൽ, അശാസ്ത്രീയവും വസ്തുതാവിരുദ്ധവുമായ ആശയങ്ങളാണ് അവരിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത്തരം പരിഷ്‌കാരങ്ങൾ കുട്ടികൾക്കിടയിൽ വൻതോതിൽ സ്വത്വപ്രതിസന്ധികൾക്ക് വരെ കാരണമാകുന്നുണ്ടെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത് ഇതോടൊപ്പം ചേർത്തുവായിക്കണം.

പാഠ്യപദ്ധതിയിലുളള പ്രധാന അപകടങ്ങൾ എന്തെല്ലാം?

‘പുരോഗമനം’ എന്ന ലേബലിൽ സത്യത്തെ അസത്യമായും അധർമത്തെ ധർമമായും അവതരിപ്പിക്കാൻ യാതൊരു പ്രയാസവുമില്ലാത്ത സമകാലിക സാഹചര്യത്തിൽ, പാഠപുസ്തകങ്ങളിൽ ഉൾചേർക്കപ്പെടുന്ന ആശയങ്ങൾ വിദ്യാർഥിമനസ്സുകളിൽ വികലമായ ചിന്താധാരകൾ രൂപപ്പെടുത്തുന്നതിന് കാരണമാവും. പാഠ്യ പദ്ധതി ചട്ടക്കൂടിന്റെ പ്രഥമ കുറിപ്പിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന് പ്രകടമായി പറയുകയും ജനകീയ ചർച്ചക്ക് നൽകിയ പ്രിൻറിൽ ജെൻഡർ സ്പെക്ട്രം എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്ത ‘ജെൻഡർ ന്യൂട്രാലിറ്റി’ എന്ന ആശയംതന്നെ വലിയ ഒരു ഉദാഹരണമാണ്.

കേവലം ഏതെങ്കിലും ഒരു വസ്ത്രവുമായി ബന്ധപ്പെട്ട വിഷയമല്ല ഇത്; അതിനപ്പുറം കുട്ടികളിലും സമൂഹത്തിലും കുടുംബസംവിധാനങ്ങളിലുംവരെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ മാത്രം പ്രഹരശേഷിയുള്ള ഒന്നാണ്. ആണും പെണ്ണും തമ്മിലുള്ള സ്വാഭാവികവും പ്രകൃതിപരവുമായ വ്യതിരിക്തതകളെ ഇല്ലായ്മ ചെയ്യുകയും അതുവഴി ‘ജെൻഡർ കൺഫ്യൂഷൻ’ ഉള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ ആശയമാണിത്.

തെളിവുകൾ

എസ്.സി.ഇ.ആർ.ടി പുറത്തിറക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ സമൂഹ ചർച്ചയ്ക്കായി പുറത്തിറക്കിയ കുറിപ്പിൽ ഇത്തരം ആശയങ്ങൾ ഉൾചേർക്കപ്പെട്ടത് പരിശോധിക്കാം.

പേജ് 8ൽ പത്താമത്തെ പോയിന്റായി പറയുന്നു: “വിദ്യാസമ്പന്നമായ പ്രദേശത്തിന് ചേരാത്ത പല പ്രവണതകളും ഇപ്പോഴും നിലനിൽക്കുന്നു. ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവ ഉളവാകാനാവശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയിൽ വലിയതോതിൽ ഉണ്ടാകേണ്ടതുണ്ട്.’’

യഥാർഥത്തിൽ ‘ലിംഗസമത്വം’ എന്ന അശാസ്ത്രീയവും സാമൂഹിക സുസ്ഥിരതയെത്തന്നെ ബാധിക്കുന്നതുമായ ആശയമല്ല വേണ്ടത്, പകരം ആണിനും പെണ്ണിനും എല്ലായിടത്തും തുല്യനീതി ലഭിക്കുന്ന ‘ലിംഗനീതി’ അഥവാ ‘ജെൻഡർ ജസ്റ്റിസ്’ എന്ന നീതിയിലധിഷ്ഠിതമായ ആശയങ്ങളാണ് പാഠ്യപദ്ധതിയിൽ ഉണ്ടാകേണ്ടത്. ആണും പെണ്ണും ശാരീരികമായും മാനസികമായും മനഃശാസ്ത്രപരമായും സാമൂഹികമായുമെല്ലാം വ്യത്യസ്തതകളുള്ളവരാണ് എന്നിരിക്കെ, അവരെ ഒന്നാക്കുകയല്ല, മറിച്ച് ആ വ്യത്യസ്തതകളെ പരിഗണിച്ചുകൊണ്ട് തന്നെ പരസ്പര പൂരകങ്ങളായി വർത്തിക്കാനാവശ്യമായ ഇടപെടലുകൾ നടത്തുക എന്നതാണ് യഥാർഥത്തിൽ സമൂഹത്തിന്റെ ബാധ്യത.

“പശ്ചാത്തല സൗകര്യവും സാങ്കേതികവിദ്യയും പരിചയപ്പെടുക എന്നതിനോടൊപ്പംതന്നെ പ്രധാനമാണ് യുക്തിചിന്ത വികസിപ്പിക്കാനും സർഗാത്മകത വളർത്താനും പഠനസങ്കേതങ്ങളെ ഉപയോഗപ്പെടുത്താനും കഴിയുക എന്നതും...’’ (പേജ് 8).

“യുക്തിപൂർവം ചിന്തിക്കാനും നീതിപൂർവകമായി പ്രവർത്തിക്കാനും പ്രാപ്തി നേടുന്നതിൽ വിദ്യാഭ്യാസം സഹായകമാകണം’’ (പേജ് 23, പോയിന്റ് 2).

കുട്ടികളിലെ സർഗാത്മകതയെ വളർത്തുന്നതോടൊപ്പം ‘യുക്തിചിന്തയും’ വികസിപ്പിക്കുവാനായി പഠന സങ്കേതങ്ങളെ ഉപയോഗപ്പെടുത്തുക എന്നത്, ഒരിക്കലും യുക്തിവാദവും (rationalism)) ഉദാരതാവാദവും (liberalism) പോലുള്ള ചിന്താമണ്ഡലങ്ങളിലേക്ക് വിദ്യാർഥികളെ എത്തിക്കുകയില്ലെന്ന് ഉറപ്പിക്കണം. ‘യുക്തിചിന്ത’ എന്നത് ഒരിക്കലും യുക്തിവാദത്തെ പ്രോത്സാഹിപ്പിക്കലാവാൻ പാടില്ല. പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുംതന്നെ ഇത്തരം ആശയങ്ങൾക്ക് പഴുതുകളും തുറവിയും നൽകിയാൽ, അത് കുട്ടികളിൽ ഒട്ടനവധി അധാർമിക പ്രവണതകൾക്ക് വഴിയൊരുക്കും.

‘യുക്തിപൂർവം’ ചിന്തിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ഒന്നാവണം വിദ്യാഭ്യാസം എന്ന ആശയം, ഒരിക്കലും ധാർമികത തൊട്ടുതീണ്ടാത്ത, അന്ധമായ മതവിമർശനം മാത്രം കൈമുതലാക്കിയ ആധുനിക യുക്തിവാദചിന്തകളിലേക്ക് കുട്ടികളെ വഴിനടത്തുന്നതാകരുത്.

“ലിംഗതുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമർശനപരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്ത്രീധനകൊലപാതകങ്ങളും അക്രമങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായിട്ടുണ്ട്. ജെൻഡർ സ്‌പെക്ട്രത്തെക്കുറിച്ചുള്ള ധാരണകളും വികസിക്കുന്നില്ല. ഒരു വ്യക്തിയുടെ വളർച്ചയുടെ നിർണയഘട്ടത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് സ്‌കൂൾ ക്യാമ്പസിലാണ്. ലിംഗനീതി, ലിംഗതുല്യത സംബന്ധിച്ച കാര്യങ്ങളും ലിംഗാവബോധവും കുട്ടികളിൽ വളർത്താൻ നിലവിലെ സ്‌കൂൾ വിദ്യാഭ്യാസഘട്ടത്തിലെ പരിമിതികൾ അഭിമുഖീകരിക്കേണ്ടതുണ്ട്. സ്‌കൂൾ പാഠപുസ്തകങ്ങൾ, പഠന-ബോധനരീതികൾ, സ്‌കൂൾ ക്യാമ്പസ്, കളിസ്ഥലം എന്നിവ ജെൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതുണ്ട്. ഇതിനു സഹായകമായ രീതിശാസ്ത്രം എങ്ങനെ വികസിപ്പിക്കാൻ കഴിയും?’’ (പേജ് 20, പോയിന്റ് 28).

‘ലിംഗതുല്യത’ എന്ന പദം വീണ്ടും ആവർത്തിക്കപ്പെടുന്നു! എങ്ങനെയാണീ ലിംഗതുല്യത വരുത്തൽ? സ്‌കൂൾ അന്തരീക്ഷത്തിൽ ലിംഗനീതി ഉറപ്പുവരുത്തുകയും അതിനാവശ്യമായ ബോധവൽക്കരണം നൽകുകയുമല്ലേ ചെയ്യേണ്ടത്? അതിനെക്കുറിച്ചുള്ള അവബോധമല്ലേ കുട്ടികളിൽ ഉണ്ടാക്കേണ്ടത്? ‘ജെൻഡർ സ്‌പെക്ട്ര’ത്തെക്കുറിച്ചുള്ള ‘ധാരണ വികസിക്കാൻ’ കുട്ടികളിൽ വികലമായ ലൈംഗികബോധം ഉണ്ടാക്കുന്ന പരാമർശങ്ങൾ പാഠപുസ്തകങ്ങളിൽ ഉണ്ടാവരുത്. LGBT-QIA+ എന്ന സ്‌പെക്ട്രത്തിൽ പരിഗണനയർഹിക്കുന്നവർക്ക് അവരുടെ അവകാശങ്ങൾ തീർച്ചയായും നൽകേണ്ടതുമുണ്ട്. എന്നാൽ, വ്യത്യസ്തമായ പരിഹാരമാർഗങ്ങൾ അവലംബിക്കേണ്ട ഇത്തരം അവസ്ഥകളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരികയും, പരിഗണനയർഹിക്കുന്ന വിഭാഗങ്ങളുടെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി, തങ്ങളുടെതായ അജണ്ടകൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് ജെൻഡർ പൊളിറ്റിക്‌സിന്റെ ഭാഗമായി ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

പേജ് 69ലും ‘ലിംഗസമത്വത്തിന് പാഠ്യപദ്ധതിയിൽ കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട് എന്നു പറയുന്നു.

ലിംഗസമത്വത്തിനല്ല ലിംഗനീതിക്കാണ് പാഠപുസ്തകത്തിൽ ഊന്നൽ നൽകേണ്ടത് എന്ന് നേരത്തെ സൂചിപ്പിച്ചു. ശരിതെറ്റുകൾ വ്യവച്ഛേദിച്ചറിയാൻപോലും കഴിയാത്ത കുരുന്നുകളിൽ, ആണിനെയും പെണ്ണിനെയും തുല്യരായി കാണുന്ന ‘ജെൻഡർ ന്യൂട്രൽ’ സമീപനം, യൂണിഫോമുകളിലൂടെയും മറ്റും അടിച്ചേൽപിക്കുവാൻ പലരും വ്യഗ്രത കാണിക്കുമ്പോൾ, അവ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ എന്തൊക്കെയെന്നുകൂടി ശാസ്ത്രീയമായി അപഗ്രഥിക്കാൻ തയ്യാറാക്കേണ്ടതുണ്ട്.

പേജ് 71ൽ, വീണ്ടും യുക്തിചിന്ത, ലിംഗാവബോധം, ആരോഗ്യകരമായ ലിംഗാവബോധം എന്നീ പ്രയോഗങ്ങൾ കടന്നുവരുന്നുണ്ട്. എന്താണ് ഇവ ഓരോന്നുംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.

“ജെൻഡർ അഥവാ ലിംഗഭേദം എന്നത് സാമൂഹിക നിർമിതിയാണ്’’ (പേജ് 79, പോയിന്റ്1).

‘ജെൻഡർ അഥവാ ലിംഗഭേദം എന്നത് സാമൂഹിക നിർമിതിയാണ്’ എന്ന പരാമർശം യഥാർഥത്തിൽ വിളിച്ചുപറയുന്നത് ഒരു വ്യക്തി ജനിക്കുമ്പോൾ ഉള്ള ലിംഗത്വം ആവണമെന്നില്ല അവൻ/അവൾ വളർന്ന് വരുമ്പോൾ എന്നും, അത് അവരുടെ സാമൂഹിക പരിസരവും അവനവന്റെ തോന്നലുകൾക്കുമനുസരിച്ച് മാറാവുന്ന ഒന്നാണെന്നുമാണ്. ആണിന് പെണ്ണായും പെണ്ണിന് ആണായുമൊക്കെ സ്വയം ‘ഐഡന്റിഫൈ’ ചെയ്യാമെന്ന് മാത്രമല്ല, യാതൊരു ജൈവശാസ്ത്ര അടിത്തറയും ഇല്ലാത്ത ഈ വാദം സമൂഹം അപ്പടി അംഗീകരിക്കുകയും ചെയ്യണമെന്നത്, നമ്മുടെ സാമൂഹിക കെട്ടുറപ്പിനെയും ഭദ്രതയെയും തന്നെ ബാധിക്കും എന്ന് നിസ്സംശയം പറയാനാവും.

“..എല്ലാ ലിംഗവിഭാഗങ്ങളെയും (ജെൻഡർ സ്‌പെക്ട്രം) പരിഗണിച്ചാകണം ഇനിയുള്ള വിദ്യാഭ്യാസം’’ (പേജ് 79, പോയിന്റ് 2).

എല്ലാ ‘ജെൻഡർ സ്‌പെക്രട’ത്തെയും പരിഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസരീതി ഒരിക്കലും, സമൂഹത്തിൽ പരസ്പര പൂരകങ്ങളായി നിലകൊള്ളുന്ന ആൺ-പെൺ ലിംഗങ്ങളുടെ ‘എതിർവർഗ ലൈംഗിക സ്വാഭാവികത’ അഥവാ heteronormativtiy തകർക്കുന്നതാവരുത്.

“വീടുകളിൽ കുട്ടികൾക്ക് ലിംഗവ്യത്യാസമില്ലാതെ പഠനം, കളികൾ, ജീവിതാനുഭവങ്ങൾ എന്നിവയിൽ പങ്കാളികളാകുന്നതിന് വേണ്ടത്ര അവസരം ലഭിക്കേണ്ടതല്ലേ?’’ (പേജ് 80, പോയിന്റ് 1).

“പാഠപുസ്തകങ്ങളിലെ ചിത്രങ്ങൾ, ഭാഷാപ്രയോഗം, ഉദാഹരണങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ നിലനിൽക്കുന്ന സാമൂഹിക അവസ്ഥ അതുപോലെ തുടരുന്നതിന് സഹായകമായ തരത്തിലാണ് പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള പഠനസാമഗ്രികൾ ഉള്ളത് എന്ന വിമർശനം ഉണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതല്ലേ?’’ (പേജ് 80, പോയിന്റ് 2).

“പുതിയ പാഠ്യപദ്ധതിയിൽ ലംഗനീതി, ലിംഗസമത്വാവബോധം എന്നിവ കുട്ടികളിൽ വികസിപ്പിക്കാൻ നൽകാനുളള നിർദേശങ്ങൾ എന്തെല്ലാം?’’ (പേജ് 80, പോയിന്റ് 8).

പഠനവും കളികളും ജീവിതാനുഭവങ്ങളും പാഠപുസ്തകങ്ങളിലെ പ്രയോഗങ്ങളുമെല്ലാം ‘ലിംഗവ്യത്യാസമില്ലാത്ത’ രൂപത്തിലാകുന്നതിലൂടെ വീണ്ടും ലിംഗസമത്വമെന്ന ആശയത്തിലേക്കാണ് എത്തിച്ചേരുന്നത്.

ആണിനും പെണ്ണിനും വ്യത്യസ്തമായ അസ്തിത്വവും വ്യക്തിത്വവുമാണുള്ളതെന്നിരിക്കെ, ആ വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അവർക്കുള്ള അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന രൂപത്തിലാവണം പാഠ്യപദ്ധതി തയ്യാറാകേണ്ടത്.

സർക്കാരിന്റെ കാഴ്ചപ്പാട് Heteronormaivtiy തകർക്കലാണോ?

ജെൻഡർ ന്യൂട്രാലിറ്റിയും അനുബന്ധ സ്വതന്ത്ര കാഴ്ചപ്പാടുകളും കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്ന വസ്തുതയെ പൊതുബോധത്തിൽനിന്നും ഇല്ലായ്മ ചെയ്യാനും ഇതല്ലാത്ത ലൈംഗികപരികൽപനകളും സ്വാഭാവികം തന്നെയാണ് എന്നും വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ഇത്തരം ആശയങ്ങളെ പ്രയോഗതലത്തിൽ കൊണ്ടുവരാനാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം തന്നെ നടപ്പിലാക്കുന്നത്.

ഇതിന്റെ പ്രധാന തെളിവ് ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുകളുടെ മന്ത്രിയായ ഡോ. ആർ ബിന്ദുവിന്റെ ട്വീറ്റിലെ വരികളാണ്. അത് കാണുക:

“സമത്വവും സംവേദനക്ഷമതയുംകൊണ്ട് നിർവചിക്കപ്പെട്ട ഒരു പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങൾ. ഇത് നേടുന്നതിന് ആദ്യമായി സമൂഹത്തിന്റെ എതിർവർഗ ലൈംഗിക സ്വാഭാവികത പൊതുബോധത്തിന്റെ (Heteronormative) പ്രതീക്ഷകളുടെ ഭാരത്താൽ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തിൽ നമ്മുടെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശന മാർഗം തുറന്നു കൊടുക്കണം.’’

ഈ ആശയങ്ങൾ പാഠ്യപദ്ധതി പരിഷ്‌കരണങ്ങൾക്ക് പുറമെ, കുടുംബശ്രീയുടെ കീഴിൽ ജെൻഡർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന കൈപുസ്തകങ്ങളിലൂടെയും ജെൻഡർ ക്ലബ്ബുകളിലൂടെയും ‘ആരോഗ്യ പഠനസഹായി’ എന്ന ട്രെയിനിങ് മൊഡ്യൂളിലൂടെയും എൻ.എസ്.എസ് ക്യാമ്പിലേക്ക് നൽകിയ ‘സമദർശൻ’ മൊഡ്യൂളിലൂടെയുമെല്ലാം വളരെ ബോധപൂർവമായി പ്രസരിപ്പിക്കുന്നുണ്ട്.

ഇത്തരം വാദങ്ങളും ആശയങ്ങളും നടപ്പിലാക്കുന്നതുകൊണ്ട് സമൂഹത്തിന് ഒരുതരത്തിലുള്ള ഗുണവുമില്ല; എന്ന് മാത്രമല്ല, ദൂരവ്യാപകമായ ഒട്ടനേകം പ്രത്യാഘാതങ്ങളുണ്ട് താനും. ഇവ വർഷങ്ങൾക്കു മുമ്പ് നടപ്പിലാക്കിയ പാശ്ചാത്യരാജ്യങ്ങൾ ഇന്നനുഭവിക്കുന്ന ദുരന്തങ്ങൾ എന്തൊക്കെയെന്ന് പഠിച്ചറിയാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകേണ്ടതുണ്ട്.

അമേരിക്കയിലും യൂറോപ്യൻ നാടുകളിലും താൻ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാത്ത, ജെൻഡർ കൺഫ്യൂഷനുള്ള കുട്ടികളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണെന്ന് ആധികാരികമായ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട്, യൂണിഫോമിലൂടെയും കളിപ്പാട്ടങ്ങളിലൂടെയും ഒന്നിച്ചിരുത്തുന്നതിലൂടെയുമൊക്കെ ആണിനെയും പെണ്ണിനെയും തുല്യരാക്കാനുള്ള ശ്രമവും തങ്ങളുടെ തോന്നലുകൾക്കനുസരിച്ച് ഇഷ്ടമുള്ള ജെൻഡർ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകലുമൊക്കെ നമ്മുടെ കുട്ടികളിലേക്കെത്തുന്നത് നാം ചെറുക്കേണ്ടതുണ്ട്.

ഈ ദൗത്യത്തിൽ നമ്മുടെ പങ്ക്?

പാഠ്യപദ്ധതിയുടെ സമഗ്രമായ പരിഷ്‌കരണത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് സർക്കാരും വിദ്യാഭ്യാസ വകുപ്പും. ഈ വിഷയത്തിൽ സ്‌കൂൾ, പഞ്ചായത്ത്, ബ്ലോക്ക്, ജില്ല തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെല്ലാം കേന്ദ്രീകരിച്ചുകൊണ്ട് വിവിധങ്ങളായ ചർച്ചകൾ നടത്തി പൊതുജനാഭിപ്രായം സ്വരൂപിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

ഈ ബൗദ്ധിക ചർച്ചയിൽ പൊതുജനങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ മേഖലയെ ശ്രദ്ധിക്കുന്നവർ, മത, സാമൂഹിക, സാംസ്‌കാരിക നേതാക്കൾ തുടങ്ങി, എല്ലാവരും വളരെ ഗൗരവത്തോടെ പങ്കെടുക്കുകയും തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യണം.

പാഠപുസ്തകങ്ങൾ ഇറങ്ങിയതിന് ശേഷം നമ്മുടെ കുട്ടികൾ പഠനം തുടങ്ങുന്ന സമയത്ത് പ്രശ്‌നങ്ങളുന്നയിച്ച് മുന്നോട്ടുവന്നതുകൊണ്ട് കാര്യമുണ്ടാവില്ല. പാഠ്യപദ്ധതി പരിഷ്‌ക്കരണ ചർച്ചകൾ നടക്കുന്ന സന്ദർഭത്തിലാണ് അതാത് വേദികളിൽ നമ്മുടെ അഭിപ്രായങ്ങൾ പറയേണ്ടത്.

അതോടൊപ്പം, ജനങ്ങളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി വിശകലനം ചെയ്യുകയും, ജനങ്ങൾക്ക് ആകുലതയുള്ള മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന, കൂടുതൽ പേർ അഭിപ്രായപ്പെടുന്ന കാര്യത്തിന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്ന രൂപത്തിൽ, ജനാധിപത്യപരമായി അഭിപ്രായങ്ങളെ ക്രോഡീകരിക്കാനുള്ള സംവിധാനങ്ങളും റിപ്പോർട്ടിങ് രീതികളും ഉണ്ടാകണം. അതല്ലാതെ പേരിനൊരു ചർച്ച നടത്തി റിപ്പോർട്ട് തയ്യാറാക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിക്കൂടാ. ചർച്ചകൾക്ക് ശേഷം, ജനങ്ങൾ ഏറെ ആകുലപ്പെട്ടതുതന്നെ നടപ്പിലാക്കുകയും എല്ലാ നിർദേശങ്ങളും ഉൾപ്പെടുത്താൻ കഴിയില്ല എന്ന് പറയുകയും ചെയ്യുന്ന പ്രഹസനമായി ഇത് മാറരുത്.

ഭാവി തലമുറയുടെ നിലനിൽപിനെ തന്നെ ബാധിക്കുന്ന, നമ്മുടെ കുടുംബ സംവിധാനങ്ങളുടെ കേട്ടുറപ്പിനെ തകർക്കുന്ന പരിഷ്‌കാരങ്ങൾ പാഠപുസ്തകങ്ങളിലൂടെ നടപ്പിലാക്കാതിരിക്കാനുള്ള ജാഗ്രത ഈ അവസരത്തിൽ അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും കൈകൊള്ളണം.