ഗ്യാൻവാപി മസ്ജിദ്: മതേതര കക്ഷികൾ ആരെയാണ് ഭയക്കുന്നത്?
അബ്ദുൽമാലിക് സലഫി
2022 മെയ് 28, 1442 ശവ്വാൽ 26
ഗംഗാനദിയോട് ചേർന്നുകിടക്കുന്ന ഇന്ത്യയിലെ പുരാതന നഗരമാണ് ബനാറസ്. വാരണസി, കാശി എന്നീ പേരുകളിലും ഈ പട്ടണം അറിയപ്പെടാറുണ്ട്. വ്യത്യസ്ത മതത്തിൽപെട്ടവർ തിങ്ങിപ്പാർക്കുന്ന, മസ്ജിദുകളും ഗുരുദ്വാരകളും ക്ഷേത്രങ്ങളും എമ്പാടുമുള്ള പ്രവിശാലമായ പട്ടണമാണിത്. ഏറെ കേളികേട്ട ബനാറസ് പട്ടുസാരികളുടെ നിർമാണമാവും വിപണനവുമാണ് ജനങ്ങളുടെ പ്രധാന വരുമാനമാർഗം. പൊതുവെ ശാന്തമായ നഗരമാണിത്.
എന്നാൽ വർഗീയകക്ഷികൾ ഈ നാട്ടിൽ അശാന്തി പരത്താൻ കുറച്ചുകാലമായി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതിന് 1600കളിൽ ഔറംഗസീബ് ചക്രവർത്തി പണിത ഒരു പള്ളിയെയാണ് അവർ മറയാക്കുന്നത്. നഗരത്തിന്റെ അറ്റത്ത് ഗംഗയോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന, ‘ഗ്യാൻവാപി മസ്ജിദ്’ എന്നറിയപ്പെടുന്ന സാമാന്യം വലിപ്പമുള്ള ഒരു മസ്ജിദാണിത്. അതിന്റെ തൊട്ടടുത്താണ് കാശി ക്ഷേത്രമുള്ളത്. പള്ളി നിർമിക്കപ്പെട്ടതിനുശേഷമാണ് ക്ഷേത്രം നിർമിക്കപ്പെട്ടത് എന്നതാണ് ശരിയായ ചരിത്രമെന്ന് വിദഗ്ധർ പറയുന്നു. അതേസമയം, ക്ഷേത്രം തകർത്താണ് പള്ളി നിർമിക്കപ്പെട്ടത് എന്നാണ് ഇപ്പോൾ ചിലർ വാദിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രപരമായി യാതൊരു തെളിവും ഈ വാദം സ്ഥാപിക്കാൻ ഇല്ലാത്തതിനാലാണ് ഇപ്പോൾ പള്ളിയിൽനിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് പറഞ്ഞ് സംഘ് കക്ഷികൾ മുറവിളി കൂട്ടുന്നത്. നമസ്‌കാരത്തിനായി അംഗശുദ്ധി വരുത്താനുള്ള വെള്ള ടാങ്കിലേക്ക് വെള്ളം വരുന്ന ജലപാനിയാണ് ശിവലിംഗമായി വ്യാഖ്യാനിക്കപ്പെടുന്നത്! വർഗീയതിമിരം ബാധിച്ചവർക്ക് കാണുന്ന എന്തും ശിവലിംഗമായി തോന്നുമെന്നതിൽ സംശയമൊന്നുമില്ല.
നാലു വർഷത്തെ ബനാറസ് ജീവിതകാലത്ത് നിരവധി തവണ ഗ്യാൻവാപി മസ്ജിദിൽ പോവുകയും നമസ്‌കരിക്കുകയും ചെയ്ത ഒരാളാണ് ഈ ലേഖകൻ. നിരവധിപേർ ഓരോ നമസ്‌കാരസമയത്തും അവിടെ നമസ്‌കരിക്കാനെത്തുന്നുണ്ട്. നൂറ്റാണ്ടുകളായി ഇത് തുടർന്നുവരുന്നു. അവരാരും ഇക്കാലമത്രയും ഒരു ശിവലിംഗം ആ ഹൗളിൽ കണ്ടിട്ടില്ല! നിരവധി പോലീസുകാർ പള്ളിക്ക് കാവലായി കാലങ്ങളായി അവിടെയുണ്ട്. അവരും ഈ ‘ശിവലിംഗം’ കണ്ടിട്ടില്ല!
പള്ളിയിലേക്ക് കയറിച്ചെല്ലുന്ന ഭാഗത്തുതന്നെയാണ് ശിവലിംഗം കിട്ടി എന്ന് പറയപ്പെടുന്ന ഹൗള് സ്ഥിതി ചെയ്യുന്നത്! എന്നിട്ടും ഇക്കാലം വരേക്കും ആർക്കും കിട്ടാത്ത, ആരും കണ്ടിട്ടില്ലാത്ത ഒരു ശിവലിംഗം പള്ളിയിൽ എങ്ങനെ വന്നു! ഫാഷിസം ഇങ്ങനെയാണ്. കളവുകളുടെ കൊട്ടകളായിരിക്കും അവരുടെ കണ്ടെത്തലുകൾ. നുണകളുടെ കൂമ്പാരങ്ങളായിരിക്കും അവരുടെ പ്രമാണങ്ങൾ. നീതിയും നെറിയും അവർക്ക് അന്യമാണ്.
ബാബരി മസ്ജിദിനുശേഷം തങ്ങളുടെ രാഷ്ടീയനേട്ടങ്ങൾക്ക് ഉപയോഗിക്കാൻ സംഘ്പരിവാരം കണ്ടുവെച്ചിട്ടുള്ള അജണ്ടകളിൽ ഒണാണ് ഗ്യാൻവാപി മസ്ജിദ്.
ആനന്ദ് പട്‌വർദന്റെ ‘രാം കേ നാം പർ’ എന്ന ഡോക്യുമെന്ററിയിൽ, ബാബരി മസ്ജിദ് പൊളിക്കാൻ കർസേവകർ അയോധ്യയിലേക്ക് നീങ്ങുന്ന രംഗങ്ങൾ കാണിക്കുന്നുണ്ട്. പള്ളി തകർക്കാൻ നീങ്ങുന്ന ഓരോ കർസേവകനും ഉറക്കെ വിളിച്ചുകൂവുന്ന വാചകം ഇതായിരുന്നു: ‘കാശി മഥുര ബാക്കി ഹേ.’ കാശിയിലെ ഗ്യാൻവ്യാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും പൊളിക്കാൻ ബാക്കിയുണ്ട് എന്നർഥം! ബാബരി മസ്ജിദിനുശേഷം ഞങ്ങളുടെ ഉന്നം ഗ്യാൻവാപി, അതിനുശേഷം മഥുരയിലെ ഷാഹീ മസ്ജിദ്!
ബാബരി മസ്ജിദ് വിഷയം ഏകദേശം കെട്ടടങ്ങിയ സമയമാണല്ലോ ഇത്. ഇനി മുന്നോട്ട് നീങ്ങണമെങ്കിൽ ഒരു സെൻസിറ്റീവായ ഇഷ്യൂ സമൂഹത്തിൽ ചർച്ചയാവണം. ഗ്യാൻവാപി മസ്ജിദിന്റെ ഹൗളിലെ ജലപാനി ശിവലിംഗമായതും മധുരയിലെ ഷാഹി മസ്ജിൽനിന്ന് മുസ്‌ലിംകളെ തടയണമെന്ന് പറഞ്ഞ് ഒരു സംഘം അഭിഭാഷകർ കോടതിയിൽ ഹർജി നൽകിയതും അതിന്റെ ഭാഗമാണ്.
മുഗൾ ഭരണാധികാരിയായ ഔറംഗസീബ് ശിവലിംഗ ക്ഷേത്രം തകർത്ത് അവിടെ പള്ളി നിർമിക്കുകയായിരുന്നുവെന്നും മധുരയിലെ പള്ളിനിൽക്കുന്ന സ്ഥലത്താണ് ശ്രീകൃഷ്ണൻ ജനിച്ചത് എന്നുമാണ് ഇവർ ഉന്നയിക്കുന്ന വാദങ്ങൾ. അതിനാൽ ഈ രണ്ടുപള്ളികളും ഹിന്ദുക്കൾക്ക് ലഭിക്കണം എന്നതാണ് ഇവരുടെ ആവശ്യം. സംഘ്പരിവാരത്തിലെ വലിയ നേതാക്കൾവരെ ശിവലിംഗ വാർത്തയെ ഏറ്റെടുത്തു കഴിഞ്ഞു!
ഇന്ത്യൻ സമൂഹത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കാൻ കാരണമാവുന്ന നീക്കങ്ങളാണ് ഈ രണ്ട് പള്ളികളുടെ പേരിൽ സംഘപരിവാരം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതിൽ സംശയമില്ല. മുമ്പ് ബാബരി മസ്ജിദിന്റെ പേരിലും സമാനമായ നീക്കങ്ങളാണ് ഉണ്ടായിരുന്നത്. അവസാനം സംഘപരിവാർ ആഗ്രഹിച്ചത് എന്താണോ അതുതന്നെ ബാബരിയുടെ വിഷയത്തിൽ സംഭവിച്ചു. പള്ളി തകർക്കപ്പെട്ടു. അവർ അധികാരത്തിന്റെ ചക്രം തിരിക്കുന്ന അവസ്ഥവന്നു. അയോധ്യയിൽ പള്ളി നിന്ന സ്ഥലത്ത് ഇപ്പോൾ ക്ഷേത്രം ഉയരുന്നു. ഇത് കാശിയിലും മഥുരയിലും ആവർത്തിച്ച്, ജനങ്ങളെ ബാധിക്കുന്ന സകല പ്രശ്‌നങ്ങളിൽനിന്നും ശ്രദ്ധ തെറ്റിച്ച്, വർഗീയത ആളിക്കത്തിച്ച് തങ്ങളുടെ അധികാരക്കസേരക്ക് ഇളക്കം തട്ടാതെ സൂക്ഷിക്കുക എന്നതാണ് ഇതിലൂടെ സംഘികൾ ലക്ഷ്യമാക്കുന്നത്.
ബാബരി വിഷയത്തിൽ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ കാണിച്ച കനത്ത നിസ്സംഗത ഈ വിഷയത്തിലും ആവർത്തിച്ചാൽ അതിന് ഇന്ത്യ നൽകേണ്ട വില ഏറെ കനത്തതായിക്കും. ഇത് കേവലം ഒരു മുസ്‌ലിം വിഷയമായി മാത്രം ചുരുക്കി ചുളുവിൽ ലക്ഷ്യംനേടാനാണ് വർഗീയ കക്ഷികൾ പരിശ്രമിക്കുന്നത്. മതേതര ദേശീയ പാർട്ടികൾ ഈ വിഷയത്തിൽ കോടതിയിലും പുറത്തും ശക്തമായ പോരാട്ടം നടത്താൻ തയാറായാൽ മാത്രമെ ഒരു പരിധിവരെ ഈ വർഗീയ നീക്കങ്ങളെ ചെറുക്കാനാവൂ.
നീതിയുടെ പക്ഷത്ത് നിൽക്കേണ്ട കോടതികൾ പല സന്ദർഭങ്ങളിലും പക്ഷംചേരുന്നത് ഇത്തരത്തിലുള്ള വർഗീയ നീക്കങ്ങൾ ആവർത്തിക്കുന്നതിന് കാരണമാവുന്നുണ്ട്. നൂറ്റാണ്ടുകളായി മുസ് ലിംകൾ ആരാധന നിർവഹിച്ചുവരുന്ന ഗ്യാൻവാപി പള്ളിയുടെ ഒരു ഭാഗം അടച്ചിടാൻ പ്രാദേശിക കോടതി വിധിച്ചത് ഇതിന് ഉദാഹരണമാണ്.
1949ൽ ബാബരി മസ്ജിദിന്റെ കാര്യത്തിലുണ്ടായ അതേസംഭവം ഗ്യാൻവാപിയിലും ആവർത്തിച്ചേക്കുമെന്ന വർധിച്ച ആശങ്ക ഈ വിധിയിലൂടെ സംജാതമായിരിക്കുകയാണ്. യഥാർഥത്തിൽ 1991ലെ ആരാധനാലയങ്ങൾ സംബന്ധിച്ച നിയമത്തെ അട്ടിമറിക്കുന്നതാണ് ഈ അടച്ചിടൽ വിധി.
1947 ആഗസ്റ്റ് 15ന് രാജ്യത്തെ ഏതെല്ലാം ആരാധനാലയങ്ങൾ ആരുടെയെല്ലാം കൈകളിലുണ്ടായിരുന്നോ അവ അവരുടെ ഉടമസ്ഥതയിൽതന്നെ തുടരുമെന്നും ഒരുവിധത്തിലുള്ള തർക്കവും കൈയേറ്റവും ഇനി അനുവദിക്കുകയില്ലെന്നും അനുശാസിക്കുന്ന നിയമം 1991 ഏപ്രിലിൽ പാർലമെന്റ് പാസാക്കിയതാണ്. ബാബരി മസ്ജിദിനെ മാത്രമാണ് ഈ നിയമത്തിൽനിന്ന് മാറ്റിനിർത്തിയത്. എന്നിട്ടും ചില സ്ത്രീകൾ (ഇവരുടെ പിന്നിൽ ആരെന്ന് വ്യക്തം) ഹർജിയുമായി വന്നപ്പോഴേക്കും ഗ്യാൻവാപിയിൽ വീഡിയോ സർവേ നടത്താനും ശിവലിംഗം കിട്ടി എന്നു പറഞ്ഞ് പള്ളിയുടെ ഒരുഭാഗം അടച്ചിടാനും കോടതി നിർദേശിച്ചത് വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.
വിഷയം ഇപ്പോൾ സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നു. എന്നാൽ, ഈ കേസ് പരിഗണിക്കുന്നത് ബാബരി മസ്ജിദിന്റ കേസുമായി ബന്ധമുള്ള ജഡ്ജിമാരാണ് എന്നത് ആശങ്കയുണർത്തുന്ന മറ്റൊരു സംഗതിയാണ്. ഇത് ഗ്യാൻവാപിയിൽ ഒതുങ്ങുന്ന വിഷയമല്ല. രാജ്യത്ത് തലയുയർത്തി നിൽക്കുന്ന ഇന്ത്യയുടെ അഭിമാന സ്മാരകങ്ങളിലെല്ലാം വർഗീയകക്ഷികൾ വിഷംപുരട്ടിക്കഴിഞ്ഞു.
താജ്മഹൽ, കുതബ്മിനാർ തുടങ്ങിയവയെക്കുറിച്ച് ചരിത്രത്തിന് പരിചയമില്ലാത്ത നിരവധി ‘ഗവേഷണങ്ങൾ’ സംഘപരിവാരം പുറത്തുവിട്ടുകൊണ്ടിരിക്കുന്നുണ്ട്. സത്യവും നീതിയും സാമൂഹ്യ പ്രതിബദ്ധതയും ഒട്ടും കാണപ്പെടാത്ത ഇവരിൽനിന്ന് ഇനിയും പലതും നാം പ്രതീക്ഷിക്കണം.
ഇത്തരം നീക്കങ്ങൾ അവർ നടത്തുന്നത് ഹിന്ദുമതത്തിനോടുള്ള താൽപര്യംമൂലമാണെന്ന ധാരണയൊന്നും ആർക്കും വേണ്ട. മതനിരപേക്ഷതയെ അംഗീകരിക്കുന്ന ഒരു ഹിന്ദുമതവിശ്വാസിക്ക് ഒരു മുസ്‌ലിം ആരാധനാലയം തകർക്കേണ്ട ആവശ്യമില്ല. അതവന്റെ മതത്തിന്റെ നിർദേശവുമല്ല.
മതത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് മറയാക്കുന്ന ഹിന്ദുത്വ ഭീകരന്മാരാണ് ആരാധനാലയങ്ങൾക്ക് നേരെ ഇത്തരം കുടിലതകളുമായി കടന്നുവരുന്നത്. ഈ വർഗീയവാദികൾ തകർക്കാൻ ശ്രമിക്കുന്നത് മുസ്‌ലിം പള്ളികളെയല്ല; പ്രത്യുത ഇന്ത്യൻ മതേതരത്വത്തെയാണ് എന്ന് തിരിച്ചറിയാൻ ഓരോ ഇന്ത്യക്കാരനും കഴിയേണ്ടതുണ്ട്. ആ തിരിച്ചറിവ് ആർജിക്കുന്നതിലൂടെ മാത്രമെ ഇത്തരം വർഗീയരാഷ്ട്രീയത്തിന് അന്ത്യംകുറിക്കാൻ സാധിക്കൂ.
ഇന്ത്യ തകരരുത് എന്ന് ആഗ്രഹിക്കുന്ന ഓരോ പൗരനും ഈ വർഗീയഭ്രാന്തിനെ ചങ്ങലക്കിടാൻ സഹകരിച്ചേ മതിയാവൂ. നാട് തകരുമ്പോൾ നാമാരും സുരക്ഷിതരാവില്ല എന്ന വകതിരിവ് എല്ലാവർക്കും ആവശ്യമാണ്. ബാബരി മസ്ജിദ് തകർക്കപ്പെട്ട 1992ൽനിന്ന് 2022ൽ എത്തിയപ്പോഴേക്കും ഇന്ത്യൻ മനസ്സ് പതിന്മടങ്ങ് വർഗീയമായിട്ടുണ്ട് എന്നത് ഒരു പൊള്ളുന്ന യാഥാർഥ്യമാണ്. അതിനാൽതന്നെ ഇനിയൊരു ദുരന്തമുണ്ടായാൽ അതിന്റെ ഭവിഷ്യത്ത് സങ്കൽപങ്ങൾക്കതീതമായിരിക്കും.
അധികാരക്കസേര നിലനിർത്താൻ വേണ്ടി മനുഷ്യരെ തമ്മിൽ തല്ലിച്ച് നാടിനെ കലാപഭൂമിയാക്കി അഴിഞ്ഞാടാൻ ഫാഷിസത്തെ അനുവദിക്കണോ എന്നത് മതേതരകക്ഷികൾ തീരുമാനിക്കേണ്ട സമയമാണിത്. മതേതരചേരിയിലെ അനൈക്യങ്ങളാണ് വർഗീയതക്ക് വളമാവുന്നത് എന്ന സത്യം തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ. ഒന്നിച്ചുള്ള മതേതര മുന്നേറ്റം വർഗീയ അജണ്ടകളെ പിഴുതെറിയും എന്നതാണ് പൗരത്വ പ്രക്ഷോഭങ്ങൾ ഇന്ത്യക്ക് നൽകിയ ഗുണപാഠം. ഫാഷിസത്തിന്റെ ഏതു കുടിലതന്ത്രങ്ങളും ഇന്ത്യയെ സ്‌നേഹിക്കുന്നവർ ഒന്നിച്ചുനിന്നാൽ തകരും എന്നതും പ്രസ്തുത പ്രക്ഷോഭത്തിലൂടെ നമുക്ക് ബോധ്യമായതാണ്. പ്രസ്തുത രീതി വെടിഞ്ഞ് മുസ്‌ലിംകൾ മാത്രം പോരാട്ട രംഗത്ത് നിലകൊള്ളുന്നത് വർഗീയ കക്ഷികൾക്ക് ലക്ഷ്യം നേടാൻ വഴിയൊരുക്കലാവും. നേട്ടങ്ങൾ ഒന്നും ലഭിക്കുകയുമില്ല.
ഈ നാട്ടിലെ ഓരോ പൗരനും ഈ നാടിന്റെ സ്വത്താണ്; അവൻ ഏതു മതക്കാരനാണെങ്കിലും. അതിനാൽ പൗരൻ എന്ന കണ്ണട മാറ്റി മതത്തിന്റെ കണ്ണടയിലൂടെമാത്രം രാജ്യത്തെ ജനങ്ങളെ നോക്കിക്കാണുന്ന ഭരണാധികാരികളുടെ നീക്കങ്ങൾക്കെതിരെ പ്രതികരിക്കേണ്ടത് രാജ്യത്തെ മുഴുവൻ പൗരന്മാരുമാണ്. ഇത് രാജ്യത്തിന്റെ വിഷയമാണ്. ഒരു മുസ്‌ലിം ആരാധനാലയത്തിന്റെ മാത്രം വിഷയമല്ല.
വികസന രാഷ്ട്രീയത്തിനു പകരം വർഗീയ രാഷ്ട്രീയം പയറ്റുന്നവർക്ക് അധികം ആയുസ്സുണ്ടാവില്ല എന്നത് ചരിത്രമാണ്. ശ്രീലങ്ക അതിന്റെ അവസാന ഉദാഹരണമാണ്. ന്യൂനപക്ഷത്തെ പീഡിപ്പിച്ച് ഭൂരിപക്ഷത്തെ കൂടെ നിർത്താമെന്ന മോഹം അധികം നിലനിൽക്കുന്നതല്ല. കോവിഡ് മഹാമാരിക്കു ശേഷം രാജ്യം അകപ്പെട്ട സാമ്പത്തിക ചുഴികൾ അവഗണിച്ച്, വിലക്കയറ്റംമൂലം യാതനപേറുന്ന ജനത്തെ ശ്രദ്ധിക്കാതെ, എണ്ണവിലയും പാചകവാതകവിലയും ജനത്തിന്റെ നടുവൊടിച്ച് നിൽക്കവെ അവരുടെ രോദനങ്ങൾക്ക് ചെവികൊടുക്കാതെ, രുപയുടെ മൂല്യം മൂക്കുകുത്തിവീണ് സാമ്പത്തിക മേഖല തകർന്നതിനെ തിരിഞ്ഞുനോക്കാതെ, ജോലിയില്ലാതെ നട്ടംതിരിയുന്ന യുവജനങ്ങളുടെ ആവശ്യങ്ങൾക്കുനേരെ കണ്ണടച്ച് അധികാരികൾ നടത്തുന്ന ഈ വർഗീയ കലാപരിപാടികൾക്ക് ജനം തക്കതായ മറുപടി വൈകാതെ നൽകും എന്നതിൽ സംശയമില്ല. അത് ഒരുപക്ഷേ, ശ്രീലങ്കയിൽ സംഭവിച്ചതിനെക്കാൾ ഭയാനകമായിരിക്കും!
ഇന്ത്യക്കാർക്കാവശ്യം വികസനവും ക്ഷേമരാഷ്ട്രവുമാണ്, വർഗീയതയും വിദ്വേഷ പ്രചാരണവുമല്ല. വർഗീയത ഒരു നാടിനെയും വളർത്തിയിട്ടില്ല; തളർത്തുകയേ ചെയ്തിട്ടുള്ളൂ. ഗ്യാൻവാപി മസ്ജിദിനു നേരെ തിരിയുന്നവർ, ബാബരി മസ്ജിദിന്റെ തകർച്ചക്കുവേണ്ടി പണിയെടുത്തവരുടെ ഭാവി എന്തായി എന്ന കാര്യം പഠിക്കുന്നത് നല്ലതാണ്. നിരവധി കർസേവകർ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ച് മുസ്‌ലിംകളായി. പള്ളി പൊളിച്ചതിന് പ്രായച്ഛിത്തമായി നിരവധി പള്ളികൾ നിർമിച്ച വ്യക്തിപോലും അവർക്കിടയിലുണ്ടായി! ചിലർ കടുത്ത മാനസിക സംഘർഷത്താൽ ജീവനൊടുക്കി. കർസേവകർക്ക് നേതൃത്യം നൽകിയ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരുടെ രാഷ്ട്രീയ ഭാവി എന്തായി എന്ന് എല്ലാവരും കണ്ടതാണ്. മസ്ജിദ് തകർക്കുന്നതിൽ മൗനം ദീക്ഷിച്ച നരസിംഹറാവുവിന് പിന്നീട് ഇന്ത്യൻ രാഷ്ട്രിയത്തിൽ എന്തു സംഭവിച്ചു എന്നതും നാം ദർശിച്ചതാണ്.
അല്ലാഹുവിന്റ ഭവനമാണ് ഓരോ പള്ളിയും. അതിന്റെ നാശത്തിനുവേണ്ടി പ്രവർത്തിക്കുന്നവർക്ക് അല്ലാഹു നൽകുന്ന താക്കീത് ശക്തമാണ്. എക്കാലത്തേക്കുമുള്ള താക്കീതാണിത്.
“അല്ലാഹുവിന്റെ പള്ളികളിൽ അവന്റെ നാമം പ്രകീർത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകർച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനെക്കാൾ വലിയ അതിക്രമകാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവർക്ക് ആ പള്ളികളിൽ പ്രവേശിക്കാവതല്ലായിരുന്നു. അവർക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ കഠിനശിക്ഷയും’’ (ക്വുർആൻ 2:114).
അബ്‌റഹത്തിന്റെ ആനപ്പടയെ ചെറിയ പക്ഷിക്കൂട്ടങ്ങളെ അയച്ച് നശിപ്പിച്ച കഥ ഓർമിപ്പിക്കുന്ന സുറതുൽ ഫീലും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.