സ്ത്രീ; സുരക്ഷിതത്വം, സ്വാതന്ത്ര്യം, ഇസ്‌ലാം

മുജീബ് ഒട്ടുമ്മല്‍

2022 ഫെബ്രുവരി 26, 1442 റജബ്  25
സ്വാതന്ത്ര്യത്തിെൻറ നിർവചനങ്ങൾക്ക് ചൂഷണത്തിെൻറ മേലാപ്പ് ചാർത്തിയിരിക്കുകയാണ് അഭിനവ ലോകം. സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നതിന് മുമ്പ് അതിെൻറ അർഥവ്യാപ്തി ഉൾക്കൊള്ളണമെന്ന് സാരം. ഇസ്‌ലാമിക നിയമങ്ങളുടെ സർഗാത്മകത വെളിപ്പെടുന്നതും ഇവിടെത്തന്നെയാണ്.

ചാന്നാര്‍ സ്ത്രീകള്‍ക്ക് അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ച് നഗ്‌നത മറയ്ക്കുന്നതിനുള്ള പൂര്‍ണസ്വാതന്ത്ര്യം ഇതിനാല്‍ അനുവദിച്ചിരിക്കുന്നു. എന്നാല്‍ അവര്‍ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാന്‍ പാടില്ലാത്തതാകുന്നു.’

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ നാടാര്‍ സമുദായത്തില്‍പെട്ട സ്ത്രീകള്‍ മാറു മറയ്ക്കുന്നതു സംബന്ധിച്ച് തെക്കന്‍ തിരുവിതാംകൂറിലുണ്ടായ ‘ചാന്നാര്‍ ലഹള’യോടനുബന്ധിച്ച് ഉത്രം തിരുനാളിന്റെ വിളംബരമാണ് മേലെ നാം വായിച്ചത്. കീഴ്ജാതിയില്‍പെട്ട സ്ത്രീകള്‍ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ മാറിടം തുറന്നിടണമെന്നും മേല്‍ജാതിക്കാരായ പുരുഷന്‍മാരെ മാറിടം തുറന്നിട്ട് അഭിവാദ്യം ചെയ്യണമെന്നുമുള്ള നിയമം ആ കാലത്ത് വ്യാപകമായിരുന്നു. ശക്തമായ സാമൂഹിക പ്രതിഷേധങ്ങള്‍ക്കിടയില്‍ നാടാര്‍ സ്ത്രീകള്‍ റൗക്ക് (ജാക്കറ്റ്) ധരിക്കാനും പിന്നീട് മേല്‍മുണ്ട് ധരിക്കാനുമുള്ള അവകാശം നേടിയെടുത്തുവെങ്കിലും വസ്ത്രസ്വാതന്ത്ര്യം വരേണ്യവര്‍ഗത്തിന്റെ സംബന്ധത്തിനും ലൈംഗികാസ്വാദനത്തിനും തടസ്സമായപ്പോള്‍ സ്ത്രീയെ വിവസ്ത്രയാക്കാനും വലിച്ച് കീറാനുമുള്ള സവര്‍ണ ബോധം സമൂഹത്തില്‍ വലിയ ശല്യമായി മാറി. അതിന്റെ അനുരണനമാണ് ഈ ആധുനിക യുഗത്തിലും പെണ്‍ വസ്ത്രങ്ങളോട് ഫാഷിസ്റ്റുകളും ലിബറലിസ്റ്റുകളും വച്ചുപുലര്‍ത്തുന്ന സമീപനം.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ തീരദേശ പട്ടണമായ കുന്ദാപൂരിലെ ഭണ്ഡാര്‍ക്കേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഡിഗ്രി കോളേജില്‍ ശിരോവസ്ത്രം ധരിച്ച 40 ഓളം മുസ്‌ലിം വിദ്യാര്‍ഥിനികളെ ഗേറ്റിന് മുന്നില്‍ തടഞ്ഞ് കോളേജില്‍ പ്രവേശിപ്പിക്കാതിരുന്ന സംഭവം ഏറെ ഞെട്ടലോടുകൂടിയാണ് നാം വായിച്ചത്. സവര്‍ണ ഫാഷിസ്റ്റ് ദര്‍ശനം ആദര്‍ശമായി സ്വീകരിച്ച ഏതാനും ചില വിദ്യാര്‍ഥികള്‍ ഹിജാബിനെതിരെ കാവിനിറമുള്ള ഷാളുകളണിഞ്ഞ് വന്നതാണത്രെ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. സാമുദായിക നവോത്ഥാന മുന്നേറ്റത്തില്‍ മനുഷ്യത്വരഹിതമായ ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളും പടിയിറങ്ങിയെങ്കിലും പുരോഗമന ചിന്തകളിലൂടെ ഇവയെ പുനരാനയിക്കാനുള്ള ശ്രമമാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

പെണ്ണുടലുകള്‍ പുരുഷന്റ ജീവിതാസ്വാദനങ്ങളിലെ അവിഭാജ്യഘടകമാണെന്ന് എക്കാലത്തെയും ആണ്‍കോയ്മയുടെ ചരിത്രം പറഞ്ഞുതരുന്നുണ്ട്. സവര്‍ണ തമ്പുരാക്കള്‍ തങ്ങളുടെ അധീശത്വവും അധികാരഗര്‍വുമുപയോഗിച്ച് അതിനെ അധീനതയിലാക്കാന്‍ നടത്തിയ ശ്രമഫലമായാണ് സ്ത്രീയുടെ നഗ്‌നമേനി പുറത്തുകാണിക്കണമെന്ന നിയമമുണ്ടായത്. അതിനെതിരെയുള്ള സാമൂഹികമായ തിരിച്ചറിവിന്റ പ്രതിഫലനമാണ് മാറ് മറയ്ക്കാനുള്ള സമരവും അനന്തര ലഹളയുമെല്ലാം.

മാനവ വിമോചനത്തിന്റെ സദാചാര ധാര്‍മിക ചിന്തകള്‍ക്ക് നിദാനമായ ദൈവവിശ്വാസവും വിശുദ്ധ ക്വുര്‍ആനിന്റെ പ്രഘോഷണവുമെല്ലാം ലോകത്ത് പ്രകാശം വീശിയതോടെ സ്ത്രീസ്വത്വം കൂടുതല്‍ ആദരിക്കപ്പെട്ടു. ജാതീയതയുടെ കപട ആത്മീയ ഭാവങ്ങള്‍ക്ക് കീഴ്‌പെടാത്ത ഉന്നതമായ സാമൂഹിക ബോധം സ്വാഭാവികമായ സുരക്ഷാപരിചയായി രൂപാന്തരം പ്രാപിച്ചു.

എന്നാല്‍ ആധുനിക കാലത്ത് പെണ്ണുടലുകളില്‍ കച്ചവട സാമ്രാജ്യം പടുത്തുയര്‍ത്താനും അധികാര ദാഹികള്‍ക്ക് പ്രതിയോഗികളെ നിശ്ചലമാക്കാനും കാമാസക്തിയുള്ള മനസ്സുകളെ തൃപ്തമാക്കാനും നിഗൂഢമായ മാര്‍ഗങ്ങള്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടായി. സ്ത്രീസ്വത്വബോധവും ധര്‍മവും കൂടുതല്‍ സുരക്ഷിതമായ മേഖലകളില്‍നിന്ന് പൂര്‍ണമായി പ്രകാശിക്കുവാന്‍ സഹായകമാകുന്ന നിയമനിര്‍ദേശങ്ങളും അനുശാസനകളും കൂടുതല്‍ പ്രയാസപ്പെടുത്തിയത് ഇങ്ങനെയുള്ള തല്‍പരകക്ഷികളെയാണ്. തങ്ങളുടെ മനക്കോട്ടകള്‍ തകരുകയും സാമ്രാജ്യങ്ങളുടെ നിലനില്‍പിന് ഭീഷണിയാവുകയും ചെയ്യുന്ന വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയ മതദര്‍ശനത്തെ, അഥവാ ഇസ്‌ലാമിനെ ശത്രുവിന്റ സ്ഥാനത്ത് അവരോധിച്ച് ശക്തമായ ആക്രമണങ്ങള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു ഇവര്‍.

സ്ത്രീസ്വത്വത്തിന് രക്ഷാകവചമൊരുക്കിയ ഇസ്‌ലാമികവേഷവിധാനങ്ങളെയും വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ മതനിയമങ്ങളെയും സ്വതന്ത്രവും സത്യസന്ധവുമായ പഠനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കാതെയും മുന്‍വിധിയോടെയും അവയ്ക്ക് നേരെ അന്ധമായ ആരോപണങ്ങളും ആക്ഷേപങ്ങളും പരിഹാസങ്ങളും അഴിച്ചുവിടുകയായിരുന്നു ഇക്കൂട്ടര്‍. സാമ്രാജ്യത്വവും ലിബറലിസവും സ്ത്രീവിമോചനത്തിന്റ സുന്ദരമായ വചനങ്ങള്‍കൊണ്ടുള്ള അലങ്കാരങ്ങളിലൂടെ പര്‍ദ, ഹിജാബ് പോലെയുള്ള വസ്ത്രങ്ങള്‍ക്കെതിരെ പൊതുബോധം സൃഷ്ടിക്കാനായുള്ള പ്രചാരണങ്ങള്‍ക്ക് വഴിതേടുകയായിരുന്നു. ധാര്‍മിക, സദാചാര പാഠങ്ങളിലൂടെ സ്വത്വബോധം നേടിയവരില്‍നിന്ന് ബലപ്രയോഗത്തിലൂടെ സ്ത്രീകളെ വിവസ്ത്രരാക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായ സ്ത്രീബോധം സൃഷ്ടിക്കുന്നതിലും സാംസ്‌കാരികാധിനിവേശത്തിലൂടെ നഗ്‌നത പ്രകടമാക്കുന്നതില്‍ അഭിമാനിക്കുന്ന സ്ത്രീത്വവാദികളെ വിന്യസിക്കുന്നതിലും ശ്രദ്ധിക്കുകയായിരുന്നു.

സ്ത്രീസ്വത്വം, അഭിമാനം

‘‘അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ? (എന്നതായിരിക്കും അവന്റെ ചിന്ത). ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!’’ (ക്വുര്‍ആന്‍ 16:58,59).

മുഹമ്മദ് നബി(സ)യുടെ ആഗമനത്തിന് മുമ്പ് ഇരുണ്ട യുഗത്തിലെ സമൂഹത്തിലെ ചിലരുടെ സ്ത്രീയോടുള്ള സമീപനമാണ് വിശുദ്ധ ക്വുര്‍ആന്‍ വരച്ചുകാണിക്കുന്നത്. ഒരു പെണ്‍കുട്ടി ജനിക്കുന്നത് പോലും അപമാനഭാരമായി കണ്ടിരുന്ന ഒരു ജനപഥം!

സംസ്‌കാരശൂന്യരും അജ്ഞരുമായ ഏതൊരു ജനവിഭാഗത്തിന്റെയും എല്ലാകാലത്തും സ്ത്രീ സമൂഹത്തോടുള്ള സമീപനം ഇങ്ങനെയായിരുന്നു. വിജ്ഞാന വിസ്‌ഫോടനത്തിന്റെ ആധുനികയുഗത്തിലും സ്ത്രീസ്വത്വത്തെ അപമാനമായി കാണുന്നുവെന്നതിന് തെളിവായി സ്ത്രീത്വവാദികളുടെയും ലിംഗ സമത്വത്തെക്കുറിച്ച് വാചാലമാകുന്നവരുടെയും ഹിന്ദുത്വവാദികളുടെയും കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് അനുധാവകരുടെയും പ്രവര്‍ത്തനപദ്ധതികളെ നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യമാകും. ബാലുശ്ശേരിയിലെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പെണ്‍കുട്ടികളെ ആണ്‍വേഷം ധരിപ്പിക്കാന്‍ പ്രേരിപ്പിച്ചത് പെണ്‍സ്വത്വത്തോടുള്ള അല്‍പജ്ഞാനികളായവരുടെ അവജ്ഞതാ മനോഭാവമാണ്. പുരുഷന്റെ സ്വത്വമാണ് സമൂഹം മാനിക്കുന്നതെന്ന സന്ദേശം നല്‍കി പെണ്‍കുട്ടികളില്‍ അപകര്‍ഷത വളര്‍ത്തിയെടുക്കാനുള്ള ശ്രമവുമാണിത്.

മതദര്‍ശനപ്രയോക്താക്കളെ നിലംപരിശാക്കാമെന്ന ധാരണയില്‍ ക്ലബ്ഹൗസില്‍ ചടഞ്ഞിരുന്നു ചര്‍വിത ചര്‍വണം നടത്തുന്ന ചില നാസ്തികരുടെ വാചകങ്ങളില്‍ പുളകംകൊണ്ട ഒരു സ്ത്രീത്വവാദിയുടെ സംസാരം ഏറെ കൗതുകമുണര്‍ത്തുന്നതായിരുന്നു. ജീവശാസ്ത്രപരമായി ആണ്‍-പെണ്‍ വേര്‍തിരിവ് പാടില്ലെന്നും ഓരോര്‍ത്തരുടെയും ലിംഗഭേദം അവരുടെ മനസ്സില്‍ രൂപപ്പെടുന്ന വിചാരമനുസരിച്ചാവണമെന്ന ജെന്റര്‍ പൊളിറ്റിക്‌സിന്റ അതിവിചിത്ര വാദമായിരുന്നു അവരുടേത്. നിങ്ങള്‍ സത്രീയാണോ എന്നും എങ്കില്‍ നിങ്ങള്‍ക്കെന്നാണ് താനൊരു സ്ത്രീയാണെന്ന് ബോധ്യപ്പെട്ടതെന്നുമുള്ള സ്വാഭാവിക ചോദ്യവും വന്നു. പതിനെട്ട് വയസ്സിന് ശേഷമാണ് താനൊരു സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതെന്ന മറുപടി അതിശയത്തോടെയേ കേട്ടിരിക്കാനായുള്ളൂ. രണ്ടിലേതെങ്കിലും ഒരു കാര്യം ഇത്തരക്കാര്‍ സമ്മതിച്ചേതീരൂ. സ്വന്തം സ്വത്വം തിരിച്ചറിയാനുള്ള ബൗദ്ധികശേഷി ഉണ്ടാകാന്‍ പതിനെട്ട് വര്‍ഷംവരെ കാത്തിരിക്കേണ്ടി വന്നു.  (മാനസിക വയസ്സില്‍ നന്നേ ചെറുപ്പമായ, ചിന്താശേഷി വളരെ കുറഞ്ഞ ഇവരൊക്കെയാണ് മാനവികതയുടെ ഉജ്വല പ്രകാശമായ ദൈവിക ദര്‍ശനത്തെ വിമര്‍ശിക്കുന്നതെന്നോര്‍ക്കുക. അല്ലെങ്കില്‍ സ്ത്രീ എന്ന സ്വത്വത്തെ അപമാനമായി കണ്ടുവെന്നതിനാല്‍ പെട്ടെന്ന് സമ്മതിച്ച് കൊടുക്കാനാകാത്ത ഈഗോ മനസ്സില്‍ പ്രവര്‍ത്തിച്ചു. (സ്ത്രീ വിമോചനത്തിനായി വാചാലമാകുന്ന ഇത്തരക്കാരുടെ മനോനിലയും ആണ്‍കോയ്മയ്ക്ക് മുന്നില്‍ വിനയപ്പെടുന്ന കപട വിലാപവും തിരിച്ചറിയാം).

സാമ്രാജ്യത്വവും ലിബറലിസവും വിരിച്ച കെണിയില്‍ വീഴ്‌ത്താൻ സ്ത്രീകളില്‍നിന്നുതന്നെ വേട്ടക്കാരെ നിശ്ചയിച്ചു ലക്ഷ്യം നേടാനുള്ള ശ്രമമാണിതെന്ന് തിരിച്ചറിയാന്‍ ഇനിയും ഇവര്‍ക്ക് സാധിക്കാതെ വരുന്നു. സ്ത്രീസ്വത്വവും അവളുടെ മേനിയും പവിത്രവും ആദരിക്കപ്പെടേണ്ടതുമാണെന്ന പാഠമാണ് ഇസ്‌ലാം മാനവര്‍ക്ക് നല്‍കുന്നത്. ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പുവരുത്തി, എല്ലാ അതിക്രമങ്ങളില്‍നിന്നും വിമോചനം നേടാനുള്ള നിയമനിര്‍ദേശങ്ങളാണ് ഇസ്‌ലാം മുന്നോട്ടുവച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിലെ ഹറാറെ വിനോദ വേദികളിലെ സ്ഥിരം അഭിനേതാവും പാര്‍ട്ടീഗേളും നര്‍ത്തകിയുമായിരുന്ന നാഇമ ബി റോബര്‍ട്ട് തന്നെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കാരണമായ ഒരു സംഭവം വിശദീകരിക്കുന്നുണ്ട്. ഈജിപ്തിലെ ഉള്‍ഗ്രാമത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയുള്ള യാത്രയില്‍ ഹിജാബ് ധരിച്ച ഒരു സ്ത്രീയുമായി സംവദിക്കാന്‍ അവര്‍ക്ക് അവസരം കിട്ടിയത്രെ! എന്തിനാണ് നിങ്ങളിങ്ങനെ മൂടിപ്പുതച്ച് നടക്കുന്നത്, ഇത്രയും സുന്ദരി ആയിരിക്കെ എന്ന് ചോദിച്ചപ്പോള്‍ ആ സ്ത്രീ നല്‍കിയ മറുപടിയായിരുന്നത്രെ സത്യത്തിന്റ പ്രകാശകിരണങ്ങള്‍ മനസ്സിലേക്കിറങ്ങാന്‍ കാരണമായത്. അവരുടെ ലളിതവും സുന്ദരവുമായ മറുപടി ഇങ്ങനെ: ‘എന്തുകൊണ്ടന്നാല്‍, കാഴ്ചയില്‍ ഞാനെങ്ങനെയിരിക്കുന്നു എന്നതിലൂടെയല്ല; മറിച്ച് ഞാന്‍ എന്ത് പറയുന്നു, എന്ത് പ്രവര്‍ത്തിക്കുന്നു എന്നതിലൂടെ വിലയിരുത്തപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ അല്‍പ വസ്ത്രധാരണയിലൂടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്ന മറുപടിയാണിത്. സ്ത്രീ സ്വത്വത്തിലഭിമാനിക്കുന്നവര്‍ക്ക് പറയാനാകുന്ന വാക്കുകളാണിത്. അശ്ലീലമായ ആഭാസങ്ങള്‍ക്കായി ശരീരപ്രദര്‍ശനം നടത്തുവാന്‍ പ്രേരണ നല്‍കുന്ന ലിബറലിസ്റ്റുകള്‍ക്ക് ദഹിക്കാത്ത വചനങ്ങളാണിത്.

സ്ത്രീധര്‍മം സമൂഹത്തില്‍

പ്രസവിക്കുകയും മുലയൂട്ടുകയും മാതൃത്വത്തിന്റെ സ്‌നേഹവികാരങ്ങളോടെ കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്യുന്ന പ്രകൃതം സ്ത്രീക്ക് മാത്രം അവകാശപ്പെട്ട മഹത്തായ അനുഗ്രഹമാണ്. ഒരു സമൂഹത്തില്‍ സ്ത്രീധര്‍മം അവിടെ തുടങ്ങുന്നു. സാമൂഹിക നവോത്ഥാനവും പരിഷ്‌കരണങ്ങളും വിജ്ഞാന വിസ്‌ഫോടനവും ശാസ്ത്ര മുന്നേറ്റങ്ങളും ഭരണവും ഭരണപരിഷ്‌കാരങ്ങളും വികസനവും അടക്കമുള്ള നിഖില മേഖലകളിലും സ്ത്രീകള്‍ നിര്‍വഹിക്കുന്ന സേവനം ചെറുതല്ല. ലോകത്ത് ഏതൊരു മേഖലയിലും ഉന്നതവും മഹത്തരവുമായ പ്രവര്‍ത്തനപഥം അടയാളപ്പെടുത്തിയവരുടെയും പരിഷ്‌കര്‍ത്താക്കളുടെയും വ്യക്തിത്വം രൂപപ്പെടുത്തിയ മാതൃസേവനമാണ് അതിന് പിന്നിലുള്ളത്. കര്‍മനിരതമായ ജീവിതത്തില്‍ പരിക്ഷീണിതരാകുന്ന പ്രിയതമനെ ആശ്വാസവാക്കുകളിലൂടെയും സ്‌നേഹ തലോടലുകളിലൂടെയും ധൈര്യം നല്‍കി മുന്നേറ്റത്തിന് കരുത്ത് പകരുന്ന സഹധര്‍മിണിയുടെ സേവനവും വിസ്മരിക്കാവതല്ല. സഹോദരിയായും മകളായും പ്രവര്‍ത്തനങ്ങളിലും ചിന്തകളിലും പിന്തുണയും സഹായങ്ങളുമായി കരുത്ത് പകരുന്നു എന്നതും അവിതര്‍ക്കിതമാണ്.

ധീരവനിതകളുടെ സേവനങ്ങളെ ചരിത്രം ആവേശകരമായ മൊഴിമുത്തുകളായി തലമുറകളിലേക്ക് പകര്‍ന്ന് നല്‍കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് ധൈഷണികമായ നേതൃത്വം നല്‍കി ആര്‍ജവത്തോടെ ബ്രിട്ടീഷ് മേധാവികളുടെ മുന്നില്‍ രാഷ്ട്രത്തിനായി സിംഹഗര്‍ജനം നടത്തിയ മൗലാന മുഹമ്മദലിയുടെയും മൗലാന ഷൗക്കത്തലിയുടെയും ധീരമായ സേവനങ്ങള്‍ വിസ്മരിക്കാനാവില്ല. അവരുടെ മാതാവ് ബീഉമ്മ എന്ന പേരില്‍ അറിയപ്പെടുന്ന ആബിദ ബീഗം മുലപ്പാലിനോടൊപ്പം ആദര്‍ശധീരതയും പകര്‍ന്നുനല്‍കിയാണ് ആ പൊന്നുമക്കളെ വളര്‍ത്തിയത്. ഒരിക്കല്‍ മൗലാന മുഹമ്മദലിയും സഹോദരന്‍ ഷൗക്കത്തലിയും രാജ്യരക്ഷാ നടപടികള്‍ക്ക് വിധേയരായി തടവിലാക്കപ്പെട്ടു. അതിനെതിരെ രാജ്യത്തുടനീളം പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. ബ്രിട്ടീഷ് പട്ടാളം അവരെ മോചിപ്പിച്ച ശേഷം സ്വതന്ത്രരാക്കാനായിരുന്നു സര്‍ക്കാറിന്റെ തീരുമാനം. അത്തരമൊരു കരാര്‍പത്രവുമായി അബ്ദുല്‍ മജീദ് എന്ന സിഐഡി ഉദ്യോഗസ്ഥനെ അവരുടെ അടുത്തേക്ക് അയക്കുകയുണ്ടായി. അതിലുണ്ടായിരുന്നത് ഇപ്രകാരമാണ്: ‘ഇനി മഹായുദ്ധം തീരുന്നതുവരെ ചക്രവര്‍ത്തി തിരുമനസ്സിന്റെ എതിരാളികളെ സഹായിക്കാന്‍ ഇടവരുന്നതോ ഉദ്ദേശിക്കുന്നതോ ആയ യാതൊന്നും എഴുതുകയോ പറയുകയോ പ്രവര്‍ത്തിക്കുകയോ ഇല്ല. ചക്രവര്‍ത്തിയുടെ സ്‌നേഹിതന്‍മാരെയോ സഹായികളെയോ ആക്ഷേപിക്കുന്നതരത്തില്‍ എഴുതുകയോ പ്രവര്‍ത്തിക്കുകയോ പറയുകയോ ഇല്ല.’

എന്നാല്‍ ഉദാത്തമായ ആദര്‍ശ ബോധത്തിനും ചകിതമാകാത്ത ആത്മാഭിമാനത്തിനും നിരക്കാത്ത പ്രതിജ്ഞയില്‍ ഒപ്പുവയ്ക്കുന്നതിനെ തടഞ്ഞുകൊണ്ട് ബീഉമ്മ പറഞ്ഞു: ‘നിങ്ങളിരുവരും മോചിതരാവുന്നതില്‍ ഞാന്‍ അത്യധികം സന്തുഷ്ടയാണ്. എന്നാല്‍ നമ്മുടെ ആദര്‍ശ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ വല്ല കരാറിലും ഒപ്പുവച്ചാണ് നിങ്ങള്‍ സ്വതന്ത്രരാവുന്നതെങ്കില്‍ ദുര്‍ബലമായ ഈ കൈകള്‍കൊണ്ട് നിങ്ങളെ ഞാന്‍ ഞെരിച്ച് കൊല്ലും.’ ഇത് പറയുമ്പോള്‍ വികാരവിവശയായ ആ വൃദ്ധമാതാവിന്റ അധരങ്ങള്‍ വിറക്കുന്നുണ്ടായിരുന്നു.

വിശ്വാസവും ആദര്‍ശവും ആരാധനകളും കൈമുതലാക്കി, ജീവിതത്തില്‍ ഉറച്ച നിലപാടുകള്‍കൊണ്ടും ദീര്‍ഘദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ടും വിപ്ലവം സൃഷ്ടിച്ച അനേകം സ്ത്രീരത്‌നങ്ങളുടെ ചരിത്രം എണ്ണിപ്പറയാനാകും. സുഖലോലുപതയുടെ ശീതളഛായയിലിരുന്നു സ്ത്രീസ്വത്വത്തെ അപകര്‍ഷമായി തോന്നുന്ന ചോക്കലേറ്റ് മങ്കമാര്‍ക്കിത് ദഹിച്ചുകൊള്ളണമെന്നില്ല. കാരണം സാമൂഹിക വിപ്ലവങ്ങളില്‍ പുരുഷ ധര്‍മങ്ങള്‍ക്ക് കരുത്ത് നല്‍കിയവരും നേതൃത്വം നല്‍കിയവരും അധികവും മതവിശ്വാസികളും ഹിജാബ് ധാരികളുമായിരുന്നു. ബീ ഉമ്മ അതിലെ ഒരുദാഹരണം മാത്രം. സ്ത്രീസ്വത്വത്തെ  അപമാനമായിക്കാണുന്നവര്‍ക്ക് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് പോലും അധര്‍മമാണ്. ഇവരിലെ പഴയതലമുറ രക്തം തുടിക്കുന്ന ചെറുപ്പത്തിന്റെ ആവേശത്തില്‍ ഫെമിനിസ്റ്റ് ചിന്താഗതിയില്‍ വിവാഹത്തെ നിരാകരിക്കുകയും മാതൃത്വത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്തുവെങ്കിലും ജീവിതസായാഹ്നത്തിൽ ഈ തീരുമാനങ്ങളില്‍ അങ്ങേയറ്റം നിരാശയോടെയും കുറ്റബോധത്താല്‍ നീറുന്ന മനസ്സുമായും പരിതപിക്കുന്നവരാണെന്ന് ഇവരില്‍ ചിലരുടെ ആത്മകഥകളില്‍ വായിക്കാനാകും. സ്ത്രീധര്‍മത്തെ കുറിച്ച് വിസ്മരിക്കുകയും ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടി വാചകക്കസര്‍ത്തുകള്‍കൊണ്ട് വിഹരിക്കുകയും ചെയ്യുന്ന സ്ത്രീത്വവാദികള്‍ സാമ്രാജ്യത്വം രൂപപ്പെടുത്തിയ കമ്പോള സംസ്‌കാരത്തിന് വേണ്ടി വഴിയൊരുക്കുകയാണ്. സൗന്ദര്യവര്‍ധക വസ്തുക്കളും അലങ്കാരവസ്ത്രങ്ങളും സ്ത്രീ ദൗര്‍ബല്യങ്ങളിലൂടെ മാര്‍ക്കറ്റ് ചെയ്യാനുള്ള ശ്രമത്തെ തിരിച്ചറിയാനുള്ള ബോധം അവര്‍ക്കില്ലാതെ പോയി.

സമൂഹ നിര്‍മിതിയിലും സാംസ്‌കാരികോന്നതിയിലും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തങ്ങളിലും വിദ്യാഭ്യാസ പുരോഗതിയിലും സ്ത്രീകള്‍ ചെയ്യുന്ന കഠിനാധ്വാനങ്ങളെയും സേവനങ്ങളെയും വിലമതിക്കാനിവര്‍ ഒരുക്കമല്ല. പകരം ജലാശയങ്ങള്‍ക്ക് മീതെയുള്ള കേവലം കുമിളകളെപോലെ നിസ്സാരമായ കാര്യങ്ങളെടുത്തിട്ട് സമൂഹത്തെ അനാവശ്യ തര്‍ക്കങ്ങളില്‍ തളച്ചിടാനാണിവര്‍ ശ്രമിക്കുന്നത്. അതിലൂടെ സ്ത്രീസ്വത്വം കേവലം ഉപഭോഗവസ്തുവായി മാത്രം പരിഗണിക്കപ്പെടും വിധം സമൂഹത്തില്‍ അവഗണിക്കേണ്ടവരെന്ന ബോധം രൂപപ്പെടുത്തുയാണിവര്‍ ചെയ്യുന്നത്.

സ്ത്രീസുരക്ഷയും സ്വാതന്ത്രൃവും

മനുഷ്യനിര്‍മിത ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും മാനവ വിമോചന മന്ത്രങ്ങളുരുവിട്ടാലും അവയ്ക്ക് അല്‍പായുസ്സ് മാത്രമാണുള്ളതെന്ന് ചരിത്രം ഓര്‍മപ്പെടുത്തുന്നുണ്ട്. അതാത്‌സമയങ്ങളില്‍ ചില മനസ്സുകളില്‍ രൂപപ്പെടുന്ന ആശയങ്ങള്‍ താല്‍ക്കാലികമായി പ്രശ്‌ന പരിഹാരത്തിന് ഉതകുമെങ്കിലും ജീവിതത്തിന്റെ മറുവശത്ത് അവ ഒരിക്കലും പ്രായോഗികമല്ലെന്നും ചൂഷണങ്ങള്‍ക്ക് അവസരങ്ങള്‍ തുറന്നിടാന്‍ കാരണമാകുമെന്നും വന്നേക്കാം. സ്ത്രീവിമോചനത്തിനായി രൂപപ്പെടുത്തിയ പല ദര്‍ശനങ്ങളും പെണ്ണുടലുകളെ ചൂഷണോപാധിയാക്കാനുള്ള നിയമനിര്‍മാണത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. പരസ്ത്രീ സമാഗമമാഗ്രഹിക്കുന്ന പുരോഗമനവാദികള്‍ രൂപപ്പെടുത്തുന്ന നിശാക്ലബ്ബുകളും അതിലെ ലിവിംഗ് ടുഗതറും തങ്ങളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും മാത്രം അനഭിലഷണീയമാക്കുന്നതിലെ യുക്തി ചൂഷണബോധമല്ലാതെ മറ്റെന്താണ്?

ജീവിതത്തില്‍ ഒരിടത്തും പ്രായോഗികമായ പാഠങ്ങള്‍ നല്‍കാനാവാത്ത ഭൗതിക ദര്‍ശനങ്ങളുടെ വലയങ്ങളില്‍നിന്നുള്ള മോചനമാണ് യഥാര്‍ഥ സ്വാതന്ത്ര്യം. ദൈവിക ദര്‍ശനമായ ഇസ്‌ലാമിന്റ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ നിയമങ്ങളും  മൂല്യങ്ങളും സ്ത്രീകള്‍ക്ക്  സുരക്ഷയൊരുക്കുന്നതില്‍ പഴുതില്ലാത്ത വിധം ഭദ്രമാണ്. വസ്ത്രധാരണ മുതല്‍ സാമൂഹിക തലങ്ങളിലെ ഇടപെടലുകള്‍ വരെയുള്ള എല്ലാ തലങ്ങളിലെയും മതനിര്‍ദേശം വ്യക്തവും സ്ത്രീസ്വാതന്ത്ര്യത്തിന്റെ ഉദാത്തമായ മാതൃകയുമാണ്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ പതിനാറ് മിനുട്ടിലും രാജ്യത്ത് ഒരു സ്ത്രീ ബലാല്‍സംഗത്തിന് ഇരയാകുന്നുണ്ട്! രണ്ട് മണിക്കൂറിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരെ ബലാല്‍സംഗശ്രമങ്ങളുണ്ടാകുന്നു. ഓരോ നാല് മിനുട്ടിലും ഭര്‍ത്താവിന്റെയോ ഭര്‍തൃവീട്ടുകാരുടെയോ ക്രൂരതയ്ക്ക് ഒരു സ്ത്രീ ഇരയാകുന്നു. ഒരു മണിക്കൂര്‍ പതിമൂന്ന് മിനുട്ടിനുള്ളില്‍ ഒരു സ്ത്രീധന മരണം നടക്കുന്നു. ഓരോ ആറ് മിനുട്ടിലും ഒരു സ്ത്രീ മോശമായ പെരുമാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ഒരു ദിവസത്തിന്റെയും ആറ് മണിക്കൂറിന്റയും ഇടവേളകളില്‍ കൂട്ടബലാല്‍സംഗങ്ങളും കൊലപാതകങ്ങളും നടക്കുന്നു. രണ്ടോ മൂന്നോ ദിവസങ്ങളുടെ ഇടവേളകളില്‍ ഒരു സ്ത്രീ ആസിഡ് ആക്രമണത്തിന് വിധേയയാകുന്നു. രാജ്യത്ത് സ്ത്രീകളനുഭവിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് നേരെ നിയമനിര്‍മാണങ്ങള്‍ക്കോ കണിശമായ നിയമ നടപടികള്‍ക്കോ രൂപം നല്‍കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകുന്നില്ല. നിലവിലെ നിയമങ്ങളാവട്ടെ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള പദ്ധതികളാസൂത്രണം ചെയ്യുന്നുമില്ല.

എന്നാല്‍ ഹിജാബ് നിരോധവും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമും ഇസ്‌ലാമിക വസ്ത്രധാരണ രീതിയോടുള്ള വെറുപ്പിന്റെ പ്രചാരണവുമെല്ലാം രാജ്യത്ത് നടപ്പിലാക്കാനുള്ള ആവേശം ആശ്ചര്യപ്പെടുത്തുന്നതാണ്! ശിരോവസ്ത്രം അഴിച്ചെടുക്കാനുള്ള സവര്‍ണ ഫാഷിസ്റ്റുകളുടെ അക്രമാസക്തമായ മനോഭാവവും അതിന് പിന്തുണ നല്‍കുന്ന അധികാരിവര്‍ഗങ്ങളുടെ നിലപാടും സാംസ്‌കാരിക സമൂഹത്തിന്റ നിസ്സംഗതയുമെല്ലാം രാജ്യത്ത് ജനാധിപത്യവിരുദ്ധത വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടെന്നത് തെളിയിക്കുന്നുണ്ട്. വിവാഹപ്രായം ഉയര്‍ത്തി പെണ്‍കുട്ടികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുന്നതിന് നിയമം കൊണ്ടുവരാനുള്ള ശ്രമവുമുണ്ട്. സ്ത്രീസുരക്ഷ ഉറപ്പ് വരുത്തുന്ന മതധാര്‍മിക നിയമങ്ങളെ നിരാകരിച്ച് കടുത്ത സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ചവര്‍ക്ക് അനുഭാവപ്പെടുന്ന ലിബറലിസ്റ്റുകളുടെയും സ്ത്രീത്വവാദികളുടെയും സമീപനം ആശ്ചര്യകരം തന്നെ.

സുരക്ഷയുടെ ഇസ്‌ലാമിക പാഠം

ഇസ്‌ലാമിക നിയമങ്ങളും നിര്‍ദേശങ്ങളും ഓരോ വ്യക്തിയിലും സുരക്ഷിതത്വവും ധൈര്യവും ആത്മബലവും പകര്‍ന്നുനല്‍കുന്നതാണ്. പരീക്ഷണങ്ങളുടെ തീവ്രഘട്ടങ്ങളില്‍ പോലും വിശ്വാസിയെ മന്ദസ്മിതനാക്കുന്ന ആശ്വാസത്തിന്റെ പാഠങ്ങളാണ് ഇസ്‌ലാം നല്‍കുന്നത്. പ്രകൃതിക്ക് അനുഗുണമാകുന്ന നിയമങ്ങളാകയാല്‍ മതദര്‍ശനം നല്‍കുന്ന സുരക്ഷിതത്വം വിവരണാതീതമാണ്. വസ്ത്രവിധാനം മുതല്‍ വ്യക്തിജീവിതത്തിലെ സൂക്ഷ്മ നിമിഷങ്ങളില്‍വരെ ഇസ്‌ലാമിക നിയമം പാലിക്കുന്നവര്‍ക്ക് നിരാശരാകേണ്ടി വരില്ല. സ്ത്രീകള്‍ക്ക് ഇസ്‌ലാം അനുശാസിക്കുന്ന വസ്ത്രം അവര്‍ക്ക് സംരക്ഷണവും വിശുദ്ധിയും നല്‍കുന്നതാണ്. കൃത്യമായ ജീവിതനിലപാട് സ്വീകരിച്ചവളാണെന്ന സ്വത്വം തിരിച്ചറിയാനും സഹായകമാണ്. ക്വുര്‍ആന്‍ പറയുന്നു:

‘‘നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്‌ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യംചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (33:59).

‘‘(അല്ലാഹുവിന്) കീഴ്‌പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍; വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍; ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍; സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍; ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍; വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍; ദാനംചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍; വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍; തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍; ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍  ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു’’ (33:35).

വസ്ത്രം സൂക്ഷ്മതയും വിശുദ്ധിയും പാലിക്കുന്നതിന്റ ഭാഗമാണെന്നും അലങ്കാരമാണെന്നും നഗ്‌നത മറയ്ക്കാനുള്ളതാണന്നും ക്വുര്‍ആന്‍ പഠിപ്പിക്കുന്നു:

‘‘ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍പെട്ടതത്രെ അത്’’ (7:26).