നാസ്തികത, ധാർമികത, ഇസ്‌ലാം

റാശിദ് ബിൻ സിദ്ദീഖ് ശൂരനാട്

2022 സെപ്തംബർ 03, 1444 സ്വഫർ 06
വൃത്തികേടുകള്‍ക്ക് മേല്‍വിലാസമുണ്ടാക്കാന്‍ മത്സരിച്ച് പണിയെടുക്കുകയാണ് നാസ്തികര്‍. ആത്മനിഷ്ഠ ധാര്‍മികതയുടെ പറ്റുപുസ്തകത്തില്‍ അഗമ്യഗമനവും മൃഗരതിയും ശവരതിയുമടക്കം വരവുവച്ച് നേരും നെറിയുമില്ലാതെ ജീവിക്കുന്ന നാസ്തിക ചിന്തയാണ് ലോകത്തിന്റെ സമാധാന പ്രത്യയ ശാസ്ത്രമെന്ന പടുവിവരക്കേടിന്റെ വക്താക്കള്‍ക്ക് സ്വന്തത്തോടും സമൂഹത്തോടും സ്രഷ്ടാവിനോടുമുള്ള ബാധ്യതകളെ വിവരിക്കുന്ന ഇസ്‌ലാമെന്ന മാര്‍ഗദര്‍ശനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതില്‍ അത്ഭുതമൊന്നുമില്ല.

യുക്തിവാദം, നിരീശ്വരവാദം, നാസ്തികത, ഭൗതികവാദം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ചിന്താധാരകളുടെയെല്ലാം ആത്യന്തിക ലക്ഷ്യം മതങ്ങളെ ഉന്മൂലനം ചെയ്യുക (വിശിഷ്യാ ഇസ്‌ലാമിനെ), ധാർമിക സദാചാര മൂല്യങ്ങളെ സമൂഹത്തിൽനിന്ന് തുടച്ചുനീക്കുക, ലൈംഗികരംഗത്ത് സമൂഹം ഇതപര്യന്തമായി കാത്തുസൂക്ഷിച്ചുപോരുന്ന അതിർവരമ്പുകൾ തച്ചുതകർക്കുക പോലുള്ള കാര്യങ്ങളാണ്.

ഏതൊരു സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനിൽപ്പ് ധാർമികതയുടെ അടിത്തറയിലാണ്. കുത്തഴിഞ്ഞ ജീവിതവും അധാർമികതയുമാണ് ഒരു സമൂഹത്തെ നയിക്കുന്നതെങ്കിൽ ആ സമൂഹത്തിന്റെ അവസ്ഥ ശോചനീയമാകുമെന്നതിൽ സംശയമില്ല.

മനുഷ്യനെ അധാർമികതയിൽനിന്ന് അകറ്റിനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് അവന്റെ മതബോധം തന്നെയാണ്. ഭൗതിക വീക്ഷണങ്ങൾകൊണ്ടോ കേവല ബുദ്ധികൊണ്ടോ ഒരിക്കലും ധാർമികതയെ നിർണയിക്കാൻ സാധ്യമല്ല. ധാർമികതയെയും സദാചാര മൂല്യങ്ങളെയും സമൂഹത്തിൽനിന്ന് വിപാടനം ചെയ്യുക എന്ന ലക്ഷ്യമാണ് ഭൗതികവാദികൾക്കുള്ളതെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ ഓരോ നീക്കവും.

അഗമ്യഗമനം, മൃഗരതി, ശവരതി തുടങ്ങിയ സകല സാംസ്‌കാരിക ജീർണതകളെയും നിർലജ്ജം അനുകൂലിക്കുന്ന ഭൗതികവാദികൾ ‘മതമില്ലാത്ത രാജ്യങ്ങൾ ഉയർന്ന ധാർമികബോധം നിലനിർത്തുന്നു’ എന്ന, അവരുടെ അവകാശവാദം സാധൂകരിക്കാൻ ചൂണ്ടിക്കാണിക്കുന്ന ‘സ്‌കാന്റിനേവിയൻ’ രാജ്യങ്ങൾ പരിശോധിച്ചാൽ ധാർമികതകൊണ്ട് ഇവർ ലക്ഷ്യമാക്കുന്നത് എന്തെന്ന് വ്യക്തമാകും. ഉയർന്ന ജീവിത സൗകര്യങ്ങളും മറ്റു ഭൗതികാഭിവൃദ്ധികളും സുഖാസ്വാദനവും മാത്രമാണ് അവരുടെ ലക്ഷ്യം. അതിൽ നേരും നെറിയും നോക്കുന്ന പ്രശ്‌നമില്ല. അതാണ് അവരുടെ ധാർമികത! കേരള നാസ്തികർ സ്വപ്‌നം കാണുന്ന ലോകവും ഇതുതന്നെ.

ശാസ്ത്രീയ പരീക്ഷണങ്ങൾകൊണ്ടോ, കേവല മനുഷ്യബുദ്ധികൊണ്ടോ ധാർമികതയെ നിർണയിക്കാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഭൗതികവാദികൾ തങ്ങൾ കാത്തുസൂക്ഷിക്കുന്നതായി പറയുന്ന ‘മനുഷ്യ ചിന്തകൊണ്ട് നിർമിച്ചെടുത്ത ധാർമിക തത്ത്വങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്ന ധാർമികതയുടെ സ്ഫുലിംഗങ്ങളുടെ മൂലസ്രോതസ്സുകൾ മതധാർമിക തത്ത്വങ്ങൾ തന്നെയാണെന്ന് കാണാൻ കഴിയും.

ലിബറലിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന ‘ജോൺ ലോക്ക്’ മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെയെല്ലാം അടിത്തറയായ ‘എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്ന തത്ത്വം ‘ട്രീറ്റ്‌സ് ഓഫ് ഗവൺമെന്റി’ൽ കൊണ്ടുവരുന്നത് ശാസ്ത്രത്തിന്റെയോ ബുദ്ധിയുടേയോ അടിസ്ഥാനത്തിലല്ലെന്ന് അദ്ദേഹത്തിന്റെ തുടർന്നുള്ള വിശദീകരണത്തിൽനിന്ന് മനസ്സിലാക്കാം. അദ്ദേഹം പറയുന്നു:

“സ്വാഭാവികമായും പിതൃത്വ അവകാശത്താലോ, ദൈവത്തിൽനിന്നുള്ള പ്രത്യേക അവകാശംകൊണ്ടോ ആദാമിന് തന്റെ മക്കളുടെമേൽ പരമാധികാരമോ ലോകത്തിന്റെമേൽ ആധിപത്യമോ ഉണ്ടായിരുന്നില്ല... എല്ലാ മനുഷ്യരും തുല്യരും സ്വതന്ത്രരുമായതിനാൽ മനുഷ്യരുടെ ജീവൻ, ആരോഗ്യം, സ്വാതന്ത്ര്യം, സ്വത്ത് എന്നിവയിൽ ആരും പരസ്പരം ദ്രോഹിക്കാൻ പാടുള്ളതല്ല... സർവശക്തനും അനന്തജ്ഞാനിയുമായ ദൈവത്തിന്റെ ജോലിക്കാരാണ് എല്ലാ മനുഷ്യരും... മനുഷ്യരാസകലം അവന്റെ സ്വത്താണ്... ഒരു യജമാനനു കീഴിൽ ഒരൊറ്റ പ്രകൃതിയിലുള്ള സമൂഹമായി ജീവിക്കുന്നവർ ചിലർ ചിലരെ അധീനപ്പെടുത്തുന്ന സ്ഥിതി വന്നുകൂടാ...’’

ഈ വിശദീകരണത്തിലൂടെ ലിബറലിസത്തിന്റെ പിതാവിന്റെ സമത്വവാദത്തിനുള്ള പ്രചോദനവും അടിത്തറയും മതങ്ങൾ തുടക്കം മുതൽ മുന്നോട്ടുവച്ച ‘ഏകമാനവത’യാണെന്നു വ്യക്തം.

‘ഒരു അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയേക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ, കറുത്തവന് വെളുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ധർമനിഷ്ഠ (ആത്മീയശ്രേഷ്ഠത) കൊണ്ടുള്ള ശ്രേഷ്ഠതയല്ലാതെ. മനുഷ്യരെല്ലാം ആദമിൽ നിന്നാണ്, ആദമാകട്ടെ മണ്ണിൽ നിന്നും’ എന്ന പ്രവാചകവചനം ഇതിനോട് ചേർത്തുവായിക്കുക.

മനുഷ്യരെല്ലാം പ്രകൃത്യാ തുല്യരാണെന്ന് ബുദ്ധിക്കോ ശാസ്ത്രത്തിനോ തെളിയിക്കാൻ സാധ്യമല്ല. കാരണം ബുദ്ധി, ആയുർ ദൈർഘ്യം, ആരോഗ്യം, ഹോർമോൺ പ്രവർത്തനങ്ങൾ, നിറം തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ മനുഷ്യരിൽ കാണപ്പെടുന്ന ഏറ്റക്കുറച്ചിലുകളും വ്യത്യാസങ്ങളുമാണ് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്; തുല്യതയെക്കുറിച്ചല്ല.

‘എല്ലാവരും മനുഷ്യരാണ്, അപ്പോൾ മനുഷ്യത്വത്തിൽ എല്ലാവരും തുല്യരാണ്’ എന്നാണ് പറയുന്നതെങ്കിൽ ഇത് കേവലം വർഗീകരണം മാത്രമാകും. എങ്കിൽ വർഗീകരണത്തിനപ്പുറം എല്ലാ മനുഷ്യർക്കും തുല്യമായ നീതിയും സ്വാന്തന്ത്ര്യവും മനുഷ്യാവകാശങ്ങളും നൽകപ്പെടണമെന്ന് ബുദ്ധിയും ശാസ്ത്രവും കൊണ്ട് എങ്ങനെ കണ്ടെത്തും? വർഗീകരണംകൊണ്ട് തുല്യതയുണ്ടാകുമെങ്കിൽ, ജീവനുള്ള എല്ലാറ്റിനും ‘ജീവി’ എന്ന അർഥത്തിൽ തുല്യതയുണ്ടാകുമോ? മൃഗങ്ങളെയും സസ്യങ്ങളെയും ഭക്ഷിക്കാമെന്ന നിലപാടിന് ബുദ്ധിയും ശാസ്ത്രവും മാത്രം അടിസ്ഥാനമാക്കിയാൽ, അത് സമത്വത്തിന് എതിരല്ലേ?

ഡാർവിന്റെ പരിണാമ സിദ്ധാന്തം ഊന്നി നിൽക്കുന്നതാകട്ടെ ഒരു ജീവിവർഗത്തിൽ എല്ലാതും സമമല്ലെന്നും അർഹതയുള്ളവ അതിജയിക്കുമെന്നും അല്ലാത്തവ നാശത്തിന് വിധേയമാകുമെന്ന കാര്യത്തിലാണ് എന്ന കാര്യം ഓർക്കുക. ഇവിടെയും തുല്യത കാണാനില്ല!

അധർമത്തിന്റെ പ്രത്യയശാസ്ത്രം

യഥാർഥത്തിൽ നാസ്തികലോകം സ്വന്തം ഇച്ഛകളെയാണ് പിൻപറ്റുന്നത്. അതിലൂടെ അവർ ലോക ത്തിന് സമ്മാനിക്കുന്നത് കുത്തഴിഞ്ഞ ജീവിതവും അധർമങ്ങളും മാത്രം. ഭൂരിഭാഗം നാസ്തികരും അംഗീകരിക്കുകയും വിശ്വസിച്ച് പോരുകയും ചെയ്യുന്ന ഒരു ധാർമികതത്ത്വമാണ് ‘ആത്മനിഷ്ഠ ധാർമികത’ Subjective morality). അഥവാ ഒരുകാര്യം തെറ്റോ ശരിയോ എന്ന് തീരുമാനിക്കാനുള്ള മാനദണ്ഡം വ്യക്തി കേന്ദ്രീകൃതം മാത്രമാകുന്നു എന്ന്! ഇതിലൂടെ ലോകത്തുണ്ടാകുന്ന അരക്ഷിതാവസ്ഥ പറയേണ്ടതില്ലല്ലോ! ഇതിന്റെ അടിസ്ഥാനത്തിൽ ആർക്ക് ഏതു തിന്മയെയാണ് ന്യായീകരിക്കാൻ കഴിയാത്തത്? ഇത് അംഗീകരിക്കുന്നവരുടെ കണ്ണിൽ കളവ്, വഞ്ചന, കൊലപാതകം, ലൈംഗിക വൈകൃതങ്ങൾ, ബലാത്സംഗം തുടങ്ങി, ജർമനിയിൽ ഹിറ്റ്‌ലർ നടത്തിയ ‘ഹോളോകോസ്റ്റ്’ വരെയുള്ളവ എങ്ങനെ തെറ്റായിമാറും? എല്ലാവർക്കും തങ്ങൾ ചെയ്യുന്ന തെറ്റിന് ന്യായീകരണമുണ്ടാകുമല്ലോ. ഹിറ്റ്‌ലറിനും ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്നതിൽ തന്റെതായ ന്യായചിന്തയുണ്ടായിരുന്നു. അഥവാ അത് അയാളുടെ ‘ആത്മനിഷ്ഠ ധാർമികത’യെ അടിസ്ഥാനമാക്കിയായിരുന്നു. ധാർമിക തത്ത്വങ്ങൾ വ്യക്തിനിഷ്ഠമാക്കിയാൽ ലോകം സർവനാശത്തിന്റെ തമോഗർത്തത്തിൽ ആപതിക്കുമെന്ന് തീർച്ച.

ക്വുർആൻ പറഞ്ഞത് എത്ര ശരി! “സത്യം അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റിയിരുന്നെങ്കിൽ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവർക്കുള്ള ഉൽബോധ നവുംകൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്. എന്നിട്ട് അവർ തങ്ങൾക്കുള്ള ഉൽബോധന ത്തിൽനിന്ന് തിരിഞ്ഞുകളയുകയാകുന്നു’’ (23:71).

Harm principle

‘എ’ എന്ന വ്യക്തിയുടെ പ്രവർത്തനം ‘ബി’ എന്നയാൾക്ക് ദോഷം വരുത്തുന്നില്ലെങ്കിൽ, ‘എ’ എന്ന വ്യക്തിക്ക് തോന്നുന്ന രീതിയിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും’ എന്നതാണ് Harm principle. ‘ചത്ത കോഴിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടൽ തെറ്റല്ല. കാരണം അവിടെ കോഴി ഉൾപ്പെടെ ആർക്കും ഒരു ഉപദ്രവവും വരുന്നില്ലല്ലോ’ എന്ന് ക്ലബ്ഹൗസ് ചർച്ചക്കിടെ ഒരു നിരീശ്വരവാദി പറയുകയുണ്ടായത് ഈ തത്ത്വ പ്രകാരമാണ്!

Harm (ഉപദ്രവം) എന്നതിന്റെ പരിധിയിൽ മാനസികവും ശാരീരികവും; നേരിട്ടും അല്ലാതെയുമുള്ളവയും വരാനിരിക്കുന്നതുമെല്ലാം ഉൾപ്പെടും. അപ്പോൾ മതവിശ്വാസങ്ങളെയും ആചാര്യന്മാരെയും പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയുമൊക്കെ കുറ്റപ്പെടുത്തിയുള്ള നിരീശ്വരവാദികളുടെ പ്രസംഗങ്ങളും ലേഖനങ്ങളുമെല്ലാം അധാർമികതയല്ലേ? കാരണം ആ കുറ്റപ്പെടുത്തൽ വിശ്വാസികളെ മാനസികമായി ഉപദ്രവിക്കലാണ്!

മതവിശ്വാസികളെയും വിശ്വാസങ്ങളെയും ഇതര പ്രത്യയശാസ്ത്രങ്ങളെയും ചിന്താധാരകളെയും ‘ദുഷിച്ചുപറയൽ’ ഈ ‘ഉപദ്രവ’ത്തിൽനിന്നും ഒഴിവാക്കപ്പെടുന്നു എന്നും ‘ഉപദ്രവം’ എന്നാൽ ശാരീരികമായി വേദനിപ്പിക്കുകയും പരിക്കേൽപിക്കുകയും ചെയ്യൽ മാത്രമാണ് എന്നുമുള്ള വാദം നാസ്തികർക്കുണ്ടോ? ഉണ്ടെങ്കിൽ, വർഗീയതയും തീവ്രവാദവും വർണവെറിയും പ്രചരിപ്പിക്കുവാൻ എഴൂതുകയും പ്രസം ഗിക്കുകയും ചെയ്യുന്നവരെ കുറ്റവാളികളായി കാണുവാൻ എങ്ങനെ ഇവർക്ക് സാധിക്കും? സ്ത്രീകളെ സമൂഹമധ്യത്തിൽവെച്ച് തെറി പറയുന്നത് തെറ്റാകുമോ? അമ്മപെങ്ങന്മാരുടെ നഗ്‌ന ചിത്രങ്ങൾ പകർത്തുന്നതും അവ മറ്റുള്ളവരുമായി പങ്കുവെക്കുന്നതും തെറ്റാകുമോ? ഇല്ല! കാരണം ഇവരുടെ വാദത്തിൽ ഇതൊന്നും ശാരീരിക ഉപദ്രവമല്ല.

സ്പർശ ബോധമുള്ളതും ഇല്ലാത്തതുമായ ജീവജാലങ്ങളെ കൊന്ന് അവയുടെ മാംസം ഭക്ഷിക്കൽ നാസ്തികമതപ്രകാരം, അഥവാ ‘ഹാം തിയറി’ പ്രകാരം അധാർമികതയല്ലേ? അങ്ങനെയെങ്കിൽ ഒരു നാസ്തികന് മാംസമോ സസ്യമോ ഭക്ഷിക്കാൻ പാടുണ്ടോ?

Harm principle പ്രകാരം ‘ഉപദ്രവത്തിൽ’ മൃഗങ്ങൾ പെടില്ല എങ്കിൽ മൃഗങ്ങളെ ഒഴിച്ചുനിർത്തുന്നതിനുള്ള അടിസ്ഥാനമെന്താണ്? അടിസ്ഥാനമില്ലെങ്കിൽ ആ ‘ഒഴിച്ചുനിർത്തൽ’ അധാർമികമല്ലേ? അങ്ങനെയെങ്കിൽ ഭക്ഷണത്തിനല്ലാതെ മൃഗങ്ങളെ ഉപദ്രവിക്കുന്നത് തെറ്റാവില്ലല്ലോ? ഒരു മുസ്‌ലിം നാമധാരി പട്ടിയെ കാറിനു പിന്നിൽ കെട്ടി വലിച്ചതിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിന്റെ തലയിൽ കെട്ടിവെക്കാൻ നാസ്തികർ നന്നായി വിയർപ്പൊഴുക്കിയത് അടുത്ത കാലത്താണ്. നാസ്തിക ദർശനപ്രകാരം അതെങ്ങനെ തെറ്റാകും?

ഭക്ഷിക്കാൻവേണ്ടി കൊല്ലൽ necessary harm (അനിവാര്യമായ ദ്രോഹം) ആണെങ്കിൽ ആ ‘അനി വാര്യമായ ദ്രോഹം’ മനുഷ്യരുടെ കാര്യത്തിലും അനുവദിക്കേണ്ടതല്ലേ? നാസ്തികന് വിശപ്പോ ആഗ്രഹമോ തോന്നിയാൽ മനുഷ്യനെയും കൊന്ന് മാംസം ആഹരിച്ചുകൂടേ?

ഒരു ജീവിയെ കൊല്ലുന്നതിലും ഉപദ്രവിക്കുന്നതിലും ‘അനിവാര്യത’ തീരുമാനിക്കുന്നത് കൊല്ലുന്നവന്റെ വീക്ഷണ പ്രകാരമാണോ? കൊല്ലപ്പെടുന്ന ജീവിയെ സംബന്ധിച്ചിടത്തോളം അത് ‘അനിവാര്യം’ അല്ല; ഉപദ്രവം മാത്രമാണ്. അങ്ങനെയെങ്കിൽ മനുഷ്യരെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിൽ ചെയ്യുന്നവന്റെ ‘അനിവാര്യത’യെ പരിഗണിച്ചാൽ പോരേ?

Harm Principle പ്രകാരം നരമാംസഭോജനം തെറ്റാകില്ല; കാരണം മരണപ്പെട്ട വ്യക്തിയെ സംബന്ധിച്ച് അയാളെ ഭക്ഷിക്കുന്നതിലൂടെ ഉപദ്രവമൊന്നും ഏൽക്കാനില്ല! അവിഹിതബന്ധവും വേശ്യാവൃത്തിയും അഗമ്യഗമനവും (incest) ശവരതിയുമൊന്നും മറ്റാർക്കും ഉപദ്രവമില്ലാത്തതിനാലാണല്ലോ തെറ്റല്ലെന്ന് നാസ്തികർ പറയുന്നത്. എന്നാൽ കോഴിയെ ‘അറുത്ത്’ ഭക്ഷിക്കൽ ഈ പറഞ്ഞ കാര്യങ്ങളെക്കാൾ ഇവർക്ക് വലിയപാതകമാണ്! ആഹാ, എത്ര സുന്ദരമായ ധാർമികത!

ചുരുക്കത്തിൽ ധാർമികമായി ഒരു അടിസ്ഥാനമോ സ്രോതസ്സുകളോ കാണിക്കാൻ കഴിയാത്തവരാണ് നാസ്തികർ. തന്നിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുവാനും കുത്തഴിഞ്ഞ ജീവിതം നയിക്കുവാനുമാണിവർ ആഗ്രഹിക്കുന്നത്. ലോകത്തെ അന്ധകാരത്തിലേക്കും അധാർമികതിയിലേക്കും ആഴ്ത്തിക്കളയാനാണ് ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലൈംഗിക സ്വാതന്ത്ര്യം എന്ന പേരിൽ ലൈംഗിക ആഭാസങ്ങളെ ഒരു മടിയുമില്ലാതെ വാരിപ്പുണരുവാൻ ഇവർ വെമ്പൽ കൊള്ളുന്നു; എന്നിട്ട് മതങ്ങളെ പ്രാകൃതമെന്നു പറഞ്ഞ് വിമർശിക്കുകയും ചെയ്യുന്നു.

ഇഷ്ടമുള്ള സ്ത്രീ-പുരുഷന്മാർ ഇഷ്ടമുള്ള കാലത്തോളം ഇഷ്ടമുള്ള രൂപത്തിൽ ഒരുമിച്ച് ജീവിക്കുക, മടുപ്പുതോന്നിയാൽ വേർപിരിഞ്ഞ് മറ്റൊരു പങ്കാളിയെ കണ്ടെത്തുക എന്നതാണ് ഒറിജിനൽ ഭൗതികവാദത്തിലെ ‘ദാമ്പത്യം!’ അഥവാ സ്വതന്ത്രരതിവാദികളാണ് ഭൗതികവാദികൾ. ഇഷ്ടമുള്ള വ്യക്തികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാം; അതിൽ യാതൊരുവിധ വിലക്കുകളും ആശയതലത്തിൽ അവർക്കിടയിലില്ല. അത് സ്വന്തം മാതാവിനോടോ മകളോടോ സഹോദരിയോടോ ആകുന്നതിനും തെറ്റില്ല. മൃഗീയം എന്നു വിശേഷിപ്പിക്കാവുന്ന ചിന്ത. ഇതാണ് നാസ്തികരുടെ ധാർമികത! ഇതിലേക്കാണ് അവർ സമൂഹത്തെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. ഇവരാണ് മതത്തെ വിമർശിക്കുന്നത് എന്നതിൽ പരം വിരോധാഭാസം എന്താണുള്ളത്?

മതം രോഗമോ, രോഗത്തിനുള്ള മരുന്നോ?

മതങ്ങൾ രോഗങ്ങളാണെന്നും ആ രോഗങ്ങളെ പാടെ നശിപ്പിക്കണമെന്നുമാണ് നാസ്തികർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്:

“വർഗീയത രോഗലക്ഷണം മാത്രമാണ്. മതമാണ് യഥാർഥ രോഗം. രോഗത്തിന് ചികിത്സിക്കാതെ രോഗലക്ഷണത്തിനു മാത്രം ചികിത്സിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. മതം നശിക്കുമ്പോൾ വർഗീയതയും അപ്രത്യക്ഷമാകും. അതുകൊണ്ട് മതത്തിനെതിരെയുള്ള പോരാട്ടം നാം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ഹ്യൂമനിസത്തിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയുടെയും കടമയുമാണത്’ (യുക്തിവാദത്തിന്റെ കാലിക പ്രസക്തി/പേജ്:3132 ജോസഫ് വടക്കൻ, യുക്തിവാദ പ്രചരണവേദി പ്രസിദ്ധീകരണം, 1987).

നാസ്തികരും സംഘപരിവാറുകാരും ഇസ്‌ലാമിനെ വിമർശിക്കുന്നതിൽ ഒരേ തൂവൽപക്ഷികളാണ്. പലപ്പോഴും പരസ്പര സഹായികളുമാണ്. ഇസ്‌ലാമിന്റെയും ക്വുർആനിന്റെയും പ്രവാചകന്റെയും പേരിൽ വർഗീയതയും ഭീകരതയും ആരോപിക്കുന്നതിൽ വല്ലാത്ത സായൂജ്യം കണ്ടെത്തുന്നവരാണ് ഇരുകൂട്ടരും.

വാസ്തവത്തിൽ ഇസ്‌ലാം വർഗീയതയെയും ഭീകരതയെയും ശക്തമായി എതിർക്കുന്ന മതമാണ്. യാതൊരു തരത്തിലുള്ള അക്രമത്തെയും അനീതിയെയും അത് അംഗീകരിക്കുന്നില്ല. താലിബാനിസവും ഐ.എസ് ഭീകരതയുമെല്ലാം ആരുടെ സൃഷ്ടിയാണെന്ന് ലോകം മനസ്സിലാക്കിക്കിഞ്ഞു. ഇസ്‌ലാമിന് അത്തരം മനുഷ്യത്വരഹിതമായ ലക്ഷ്യങ്ങൾ ഇല്ലെന്ന് ഇസ്‌ലാമിനെ പഠിച്ചറിഞ്ഞവർക്കറിയാം. പാശ്ചാത്യരായ ഇസ്‌ലാം വിമർശകരുടെ ഗ്രന്ഥങ്ങളിൽ നിന്ന് മാത്രം ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്ന യുക്തിവാദികൾ ഇസ്‌ലാമിനെതിരെ അത്തരം ആരോപണങ്ങൾ നിരന്തരം ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു; അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ!

മുൻധാരണകളും വിദ്വേഷവുമാണ് അവരെ നയിക്കുന്നത്. നന്മ, സദാചാരം, മൂല്യബോധം തുടങ്ങിയ മാനുഷികമായ എല്ലാ ഗുണങ്ങളും സമൂഹത്തിൽ അങ്കുരിപ്പിച്ച ചരിത്രമാണ് ഇസ്‌ലാമിനുള്ളത്. ഈ വസ്തുത തമസ്‌കരിച്ചുകൊണ്ടാണ് ‘മതം മനുഷ്യനെ മൃഗമാക്കുന്നു’ എന്ന് യുക്തിവാദികൾ ജൽപിക്കുന്നത്. ഇതര ജീവികളിൽനിന്ന് മനുഷ്യനെ വേർതിരിക്കുന്നത് വിവേകബോധമാണ്. മൃഗങ്ങൾ തോന്നുന്ന സമയത്ത് തോന്നുന്നത് ചെയ്യും. തീറ്റയും വിസർജിക്കലും ഇണചേരലുമെല്ലാം തോന്നുമ്പോൾ തോന്നിയേടത്തുവെച്ച്. എന്നാൽ മനുഷ്യൻ അങ്ങനെ ആകേണ്ടവനല്ല. അവന് ചില നിശ്ചിത നിയമങ്ങൾ ഏതിലും എവിടെയും ആവശ്യമാണ്. ഈ നിയമങ്ങളാണ് മതം പഠിപ്പിക്കുന്നത്. മൃഗീയത പാടെ ഒഴിവാക്കിയാലേ മതവിശ്വാസിയായി മാറൂ എന്നർഥം.

ഇസ്‌ലാമിന്റെ മാനവികത

ഇസ്‌ലാം നന്മയുടെ വിവിധ വശങ്ങളെ മനുഷ്യനിലനിൽപിനുള്ള ഉദാത്തമായ മൂല്യങ്ങളായി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ദരിദ്രരെ സഹായിക്കൽ, സഹായം ആവശ്യമുള്ളവർക്ക് സഹായം ചെയ്യൽ, ബലഹീനരെയും നിരാലംബരെയും സംരക്ഷിക്കൽ, അനാഥ സംരക്ഷണം എന്നിങ്ങനെയുള്ള പല കാര്യങ്ങളും ഉൽകൃഷ്ട സൽകർമങ്ങളായി ക്വുർആൻ പരിചയപ്പെടുത്തുന്നതിൽനിന്ന് ഇവയെല്ലാം പൂർവവേദങ്ങളിലും പരാമർശിതങ്ങളായ മൂല്യങ്ങൾ തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം. സാധുക്കളോടും ദുർബലരോടുമുള്ള പെരുമാറ്റത്തിൽ ഏതെങ്കിലും തരത്തിലുള്ള അനിഷ്ടം പ്രകടിപ്പിക്കുന്നത് ക്വുർആൻ കടുത്തഭാഷയിൽ എതിർക്കുന്നുണ്ട്. എല്ലാ ദൂതൻമാരും പിന്തുടർന്നു വന്നിരുന്ന മാനുഷിക മൂല്യങ്ങളുടെ ശ്രേണിയിൽ വരുന്ന കാര്യമാണ് അബലരെയും അശക്തരെയും അവരർഹിക്കുംവിധം പരിഗണിക്കുക എന്നത്. ചില ക്വുർആൻ വചനങ്ങൾ കാണുക:

“എന്നാൽ അവനെ (മനുഷ്യനെ) അവൻ പരീക്ഷിക്കുകയും എന്നിട്ടവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താൽ അവൻ പറയും: എന്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്. അല്ല! പക്ഷേ, നിങ്ങൾ അനാഥയെ ആദരിക്കുന്നില്ല. പാവപ്പെട്ടവന്റെ ആഹാരത്തിന് നിങ്ങൾ പ്രോത്സാഹനം നൽകുന്നുമില്ല. അനന്തരാവകാശ സ്വത്ത് നിങ്ങൾ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു. ധനത്തെ നിങ്ങൾ അമിതമായ തോതിൽ സ്‌നേഹിക്കുകയും ചെയ്യുന്നു’’ (89:16-20).

“എന്നിട്ട് ആ മലമ്പാതയിൽ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുകയോ പട്ടിണിയുള്ള നാളിൽ കുടുംബ ബന്ധമുള്ള ഒരു അനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം കൊടുക്കുകയോ ചെയ്യുകയത്രെ അത്’’ (90:11-16).

“മതത്തെ വ്യാജമാക്കുന്നവനാരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളികളയുകയും പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനത്രെ അത്’’ (107:1-3).

സാർവലൗകികങ്ങളും സാർവകാലികങ്ങളുമായ ഒട്ടനവധി മൂല്യങ്ങളിലേക്ക് ഇസ്‌ലാം വെളിച്ചം വീശുന്നതിന്റെ തെളിവുകളാണ് മുകളിൽ ഉദ്ധരിച്ച വചനങ്ങൾ.

എന്തിന് മനുഷ്യർ സൃഷ്ടിക്കപ്പെട്ടു?

മനുഷ്യൻ സ്വമേധയാ ഉണ്ടായിത്തീർന്നവനല്ല. ഏകനായ അല്ലാഹുവിന്റെ സൃഷ്ടിയാണവൻ. ആ സ്രഷ്ടാവ് പറയുന്നു: “ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല’’ (ക്വുർആൻ 51:56).

“നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു’’ (67:2).

ഉപരിസൂചിത ക്വുർആൻ വചനങ്ങൾ മനുഷ്യൻ എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. മനുഷ്യർക്ക് നേർവഴി കാട്ടുവാൻ അല്ലാഹു ആവശ്യാനുസരണം എല്ലാ ജനതകളിലേക്കും ഓരോ കാലഘട്ടത്തിലും പ്രവാചകന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥം നൽകുകയും ചെയ്തിട്ടുണ്ട്. അന്തിമദൂതനായ മുഹമ്മദ് നബി ﷺ ക്ക് നൽകിയ വേദഗ്രന്ഥമാണ് വിശുദ്ധ ക്വുർആനും അതിന്റെ വിശദീകരണമായ സ്വഹീഹായ ഹദീസുകളും. ഈ രണ്ട് അടിസ്ഥാന പ്രമാണങ്ങളാണ് മുസ്‌ലിം സമൂഹത്തിന്റെ ധാർമികത നിലനിർത്തുന്നതും നേരായ മാർഗം കാണിച്ചുകൊടുക്കുന്നതും.

അല്ലാഹു പറയുന്നത് കാണുക: “ഇതാകുന്നു ഗ്രന്ഥം. അതിൽ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവർക്ക് നേർവഴി കാണിക്കുന്നതത്രെ അത്’’ (2: 2).

“വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉൽബോ ധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിവരിച്ചുകൊടു ക്കാൻ വേണ്ടിയും അവർ ചിന്തിക്കാൻ വേണ്ടിയും’’ (16: 44).

“തീർച്ചയായും നിങ്ങൾക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങളും, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവരുടെ (ചരിത്രത്തിൽ നിന്നുള്ള) ഉദാഹരണങ്ങളും, ധർമനിഷ്ഠ പാലിക്കുന്നവർക്ക് വേണ്ടിയുള്ള ഉപദേശവും അവതരിപ്പിച്ചു തന്നിരിക്കുന്നു’’ (24: 34).

ചെറുതും വലുതുമായ എല്ലാ നന്മകളും അല്ലാഹു ക്വുർആനിലൂടെയും പ്രവാചകനിലൂടെയും പഠിപ്പിച്ചിട്ടുണ്ട് എന്നത് ഇസ്‌ലാമിന്റെ സവിശേഷതയാണ്. ഇതൊന്നും അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും ഭൗതികവാദികൾക്ക് കഴിയില്ല. സത്യത്തെ അവഗണിക്കുക എന്നതാണല്ലോ അവരുടെ മുഖമുദ്ര. മനുഷ്യജീവിതത്തിന്റെ അവസ്ഥകളും സ്ഥിതിവിശേഷങ്ങളും ഭിന്നമാകയാൽ വിവിധകാലങ്ങളിലും സാഹചര്യങ്ങളിലുമായി വിവിധതരത്തിലുള്ള നന്മകൾക്ക് മനുഷ്യന് അവസരവും സന്ദർഭവും ലഭിക്കുന്നു. നന്മകൾ പ്രവർത്തിക്കുവാനുള്ള അവസരങ്ങൾ യഥോചിതം ഉപയോഗിക്കുവാനുള്ള നിർദേശം എല്ലാ കാലത്തും മാനവരാശിക്ക് ലഭിച്ചിട്ടുള്ള മാർഗദർശനങ്ങളിലെ അതിപ്രധാനമായ ഒരു ഘടകമാണ്. മനുഷ്യജീവിതത്തെ അതിന്റെ വിവിധ തലങ്ങളുമായും ഘടകങ്ങളുമായും സംലയിപ്പിച്ചു നിർത്തുകയും ദൈവികമാർഗദർശത്തിന്റെ ചട്ടക്കൂടിൽ ജീവിതത്തെ ക്രമീകരിക്കുകയും ചെയ്യുന്നതിൽ ചെറുതും വലുതമായ നന്മകൾക്ക് വലിയ പ്രാധാന്യമുണ്ട്.

ദൈവനിന്ദക്കെതിരിൽ മുന്നറിയിപ്പ്

“തീർച്ചയായും അവരുടെ രക്ഷിതാവ് അന്നേദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവൻ തന്നെയാകുന്നു’’ (ക്വുർആൻ 100:11).

സ്രഷ്ടാവിനെ യഥാവിധി മനസ്സിലാക്കാതിരിക്കുകയും ഉൾക്കൊള്ളാതിരിക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യൻ അശ്രദ്ധനും അജ്ഞനും അലസനും തിന്മകൾ ചെയ്യുന്നവനുമായി മാറുന്നത്. അതിനാൽ സ്രഷ്ടാവിന്റെ അറിവിന്റെയും നിരീക്ഷണത്തിന്റെയും മുന്നിൽ മനുഷ്യകർമങ്ങളിൽ ഒന്നിനുപോലും ഒഴിവുകഴിവു നൽകപ്പെടുകയില്ല എന്ന അടിസ്ഥാനപരമായ ആദർശം എക്കാലത്തും ദൂതൻമാർ സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്. സ്രഷ്ടാവിനെയും അവന്റെ മഹത്ത്വത്തെയും കഴിവുകളെയും പറ്റി ഓർമിപ്പിച്ചുകൊണ്ട് മനുഷ്യരാശിയെ സ്രഷ്ടാവിന്റെ മാർഗനിർദേശങ്ങളിലേക്ക് ക്ഷണിക്കുക എന്ന സമീപനരീതി എക്കാലത്തെയും ദൂതൻമാർ അവലംബിച്ചു വന്നിട്ടുള്ളതാണ്.

“മനുഷ്യൻ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേൽകഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽനിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. തീർച്ചയായും നാം അവന്ന് വഴി കാണിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു’’ (76:1-3).