മുസ്‌ലിം പെൺകുട്ടികളും വിദ്യാഭ്യാസ അവകാശ നിഷേധവും

മുജീബ് ഒട്ടുമ്മൽ

2022 ആഗസ്റ്റ് 27, 1442 മുഹർറം 28
സർഗാത്മകതയുടെയും സഹിഷ്ണുതയുടെയും സംഗമഭൂമി എന്ന, ക്യാമ്പസിനെ കുറിച്ചുള്ള വായ്ത്താരിയുടെ ആയുസ്സ് ഇനി കണ്ടറിയുകതന്നെ വേണം. ഹിജാബ് നിരോധനം മുതൽ പോൺ ജിഹാദ് വരെ എത്തിനിൽക്കുന്ന സംഘ്പരിവാർ അസംബന്ധങ്ങളുടെ വിഹാരഭൂമിയാക്കി കലാലയങ്ങളെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾക്ക് തിടംവെച്ച് കൊടുക്കുന്നത് ഉത്തരവാദപ്പെട്ടവർ തന്നെയാണ്. അതിന്റെ അനന്തരഫലമാവട്ടെ, ഒരു പ്രത്യേക മതവിഭാഗത്തിലെ വിദ്യാർഥിനികളുടെ വ്യാപകമായ കൊഴിഞ്ഞുപോക്കും അതിലൂടെയുണ്ടായേക്കാവുന്ന സാമുദായിക അരികുവൽക്കരണവുമാണ്. അതുതന്നെയാണ് വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യവും.

2022 ജനുവരി ആദ്യവാരത്തിലാണ് കർണാടകയിലെ ഉഡുപ്പി ജില്ലയിലെ തീരദേശ പട്ടണമായ കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്‌സ് ആർട്‌സ് ആന്റ് സയൻസ് ഡിഗ്രി കോളേജിൽ ശിരോവസ്ത്രം ധരിച്ച നാൽപതോളം മുസ്‌ലിം വിദ്യാർഥിനികളെ ഗേറ്റിനുമുന്നിൽ തടഞ്ഞ് പഠനം മുടക്കിയത്.

ഇതേ തുടർന്ന് കർണാടകയിലെ പല കോളേജുകളും ഹിജാബ് വിലക്കിക്കൊണ്ട് ഉത്തരവിട്ടു. ചില സ്ഥാപനങ്ങളിൽ സംഘർഷങ്ങളുണ്ടായി. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ ക്ലാസ്സിലിരുത്താനോ പരീക്ഷയെഴുതാനോ അനുവദിച്ചില്ല.

ഹിജാബ് മതാചാരത്തിന്റെയും മൗലികാവകാശങ്ങളുടെയും ഭാഗമാണെന്നും ശിരോവസ്ത്രം വ്യക്തിയുടെ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസ്സിൽ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർഥിനികൾ കോടതിയെ സമീപിച്ചു. നിരാശയായിരുന്നു ഫലം. അതിവിചിത്രവും ഏകപക്ഷീയവുമായ വിധി പ്രസ്താവിച്ചുകൊണ്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിരോധിച്ചുകൊണ്ടുളള സർക്കാർ ഉത്തരവിനെതിരെ സമർപ്പിച്ച 6 പെൺകുട്ടികളുടെ ഹർജി നിഷ്‌കരുണം കോടതി തള്ളുകയായിരുന്നു. അതിനുവേണ്ടി മൂന്ന് കാര്യങ്ങളാണ് കോടതി വ്യക്തമാക്കിയത്.

ഹിജാബ് ധരിക്കുന്നത് മതപരമായി ഒഴിവാക്കാനാവാത്ത ആചാരമല്ലെന്നതാണ് അതിലൊന്ന്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിനും ഭരണഘടനാ അവകാശങ്ങൾക്കും എതിരല്ലേ? സ്‌കൂൾ യൂണിഫോമിന്റ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമായ നിയന്ത്രണം കൊണ്ടുവരാം. ആചാരമല്ലാത്ത ശിരോവസ്ത്രം ഒഴിവാക്കാനാവാത്തതല്ലെന്നുള്ള കോടതിയുടെ നിരീക്ഷണം ഏത് ഗ്രന്ഥത്തിന്റെ, ഏത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കോടതിക്ക് വിശദീകരിക്കാനായില്ല. പൗരാവകാശങ്ങളുടെ നിഷേധമാണ് ഈ കോടതി വിധിയിലൂടെ സംഭവിക്കുന്നത്. മാത്രമല്ല ഭരണഘടനയുടെ ആർട്ടിക്കിൾ 25(1) പ്രകാരം മതശാസന അനുസരിച്ചുള്ള വസ്ത്രം തിരഞ്ഞെടുക്കാനുള്ള മുസ്‌ലിം സ്ത്രീയുടെ അവകാശമാണത്. പരമോന്നത നീതിപീഠം മതസംബന്ധിയായി രൂപപ്പെടുത്തിയ അത്യന്താപേക്ഷിത മതാചാര സിദ്ധാന്തത്തിന്റെ ഭാഗമാണ് മുസ്‌ലിം സ്ത്രീകളുടെ ശിരോവസ്ത്രം എന്ന് വരുമ്പോൾ അവിതർക്കിതമായ കാര്യമാണത്.

1954ലെ പ്രസിദ്ധമായ ശിറൂർ മഠം കേസിലാണ് ‘അത്യന്താപേക്ഷിത മതാചാരം’ എന്താണെന്നതിന് സുപ്രീംകോടതി വിശദീകരണം നൽകിയത്. നമ്മുടെ ഭരണഘടനയിലെ മതസ്വാതന്ത്ര്യം വിശ്വാസ സ്വാതന്ത്ര്യം മാത്രമല്ലെന്നും അത് മതപരമായ കർമങ്ങളിലേക്ക് വികസിക്കുന്നതാണെന്നും പ്രസ്തുത കേസിന്റെ വിധിയിൽ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി. വിശ്വാസം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ മുതലായവ പൊതുവിൽ മതത്തിന്റെ അത്യന്താപേക്ഷിത ഘടകങ്ങളാണ്. ഓരോ മതത്തിന്റെയും മേൽ പ്രസ്താവിത ഘടകങ്ങൾ അത്യന്താപേക്ഷിത മതാചാരമാണോ എന്ന് നിർണയിക്കുന്നത് മത പ്രമാണങ്ങളാണെന്ന് കോടതി പ്രത്യേകം പരാമർശിക്കുന്നത് ശ്രദ്ധേയമാണ്.

ആധുനിക ജനാധിപത്യ സമൂഹങ്ങളിലെല്ലാം യൂണിഫോമിനൊപ്പം ധരിക്കാവുന്ന മതചിഹ്നങ്ങളോ മറ്റു സംഗതികളോ അനുവദനിയമാണെന്ന സാമാന്യ മര്യാദയെപോലും ചോദ്യം ചെയ്തുകൊണ്ടുള്ള വിധി സ്വാഭാവികതയ്‌ക്കെതിരായിരുന്നു.

ഒരുപക്ഷേ, ഹിജാബ് നിരോധിച്ചാൽ പല യാഥാസ്ഥിക കുടുംബങ്ങളും കുട്ടികളെ സ്‌കൂളിൽ അയക്കാതിരുന്നേക്കാം. അത് സ്തീകളുടെ ഉന്നമനത്തിന് വിഘാതമാവുകയേ ഉള്ളൂ എന്ന കോടതിയുടെ മുൻകാല നിരീക്ഷണം മറച്ചുവെച്ചാണ് ഹിജാബിനെതിരെയുളള വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

പിന്നോക്കങ്ങളിൽ തളച്ചിടുന്നു

‘ഒരുപക്ഷേ, ഹിജാബ് നിരോധിച്ചാൽ പല യാഥാസ്ഥിതിക കുടുംബങ്ങളും കുട്ടികളെ സ്‌കൂളിൽ അയക്കാതിരുന്നേക്കാം. അത് സ്തീകളുടെ ഉന്നമനത്തിന് വിഘാതമാവുകയേ ഉള്ളൂ’ എന്ന കോടതിയുടെ മുൻകാല നിരീക്ഷണം ഇങ്ങനെയൊരു വിധി പ്രഖ്യാപനത്തിനുമുമ്പ് പരിഗണിക്കണമായിരുന്നു. ഈ പ്രസ്താവനയിൽ യാഥാസ്ഥിതികമെന്ന പ്രയോഗത്തിൽ അഭിപ്രായാന്തരമുണ്ടെങ്കിലും എല്ലാത്തിലുമെന്ന പോലെ നിലപാടിലും ആദർശത്തിലും നിഷ്‌കളങ്കതയും നിശ്ചയദാർഢ്യവും സത്യസന്ധതയും പാലിക്കണമെന്നത് മുസ്‌ലിം വ്യക്തിയുടെ പ്രത്യേകതയാണ്. ജീവിതലക്ഷ്യം തിരിച്ചറിഞ്ഞവർ അങ്ങനെയാണ്. ദ്വിമുഖവും കാപട്യവും ഒരുവിഷയത്തിലും പാടില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. അതിനാൽ മുസ്‌ലിം പെൺകുട്ടികളുടെ സ്വത്വം നിരാകരിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പടിയിറങ്ങുന്നത് ആദർശവും നിലപാടുമാണ്. അതിലെന്ത് ഭൗതിക നഷ്ടം വന്നാലും അവയെ വിലകൽപിക്കാറില്ല. കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനമേർപെടുത്തിയപ്പോൾ പഠനം മുടങ്ങിപ്പോയ ധാരാളം പെൺകുട്ടികളുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മംഗളൂരു സർവകലാശാലയിലെ കോളേജുകളിൽനിന്ന് മാത്രം 16 ശതമാനം മുസ്‌ലിം വിദ്യാർഥിനികൾ ടി.സി വാങ്ങിപ്പോയതായി വിവരാവകാശ കണക്കുകൾ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്!

ഹിജാബ് ധരിക്കാതെ ക്ലാസ്സിലിരിക്കാൻ താൽപര്യമില്ലാത്ത വിദ്യാർഥിനികൾക്ക് ടി.സി നൽകുമെന്ന് കഴിഞ്ഞമാസം മംഗളൂരു സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ പി.എസ് യദ്പാഥിതായ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ വിവിധ സെമസ്റ്ററുകളിലായി ബിരുദപഠനം നടത്തുന്ന മുസ്‌ലിം വിദ്യാർഥിനികളിൽ 16 ശതമാനം പേർ ടി.സി വാങ്ങിയതായും വിവാരാവകാശ മറുപടികൾ വ്യക്തമാക്കുന്നുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽനിന്ന് മംഗളൂരു സർവകലാശാലയിൽ 2020-21, 2021-22 വർഷങ്ങളിൽ പ്രവേശനം നേടിയ 900 മുസ്‌ലിം വിദ്യാർഥിനികളിൽ 145 പേരാണ് ടി.സി വാങ്ങി പോയത്. ഇവരിൽ പലരും ഹിജാബ് അനുവദിക്കുന്ന മറ്റു കോളജുകളിൽ ചേർന്നപ്പോൾ മറ്റു ചിലർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഉയർന്ന ഫീസ് താങ്ങാനാകാതെ പഠനം അവസാനിപ്പിക്കേണ്ടിവന്നു. കുടക് ജില്ലയിൽ സർവകലാശാലക്ക് കീഴിലെ കോളജുകളിലെ 113 മുസ്‌ലിം വിദ്യാർഥിനികളും പഠനം തുടരുന്നുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിൽ കുടകിൽ 10 കോളേജുകളാണുള്ളത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി 39 ഗവ. കോളജുകളും 36 എയ്ഡഡ് കോളജുകളുമാണുള്ളത്. ഗവ. കോളജുകളിൽ നിന്നാണ് കൂടുതൽ മുസ്‌ലിം വിദ്യാർഥിനികളും ടി.സി വാങ്ങിയത് (34 ശതമാനം). ദക്ഷിണ കന്നഡ ജില്ലയിലെ മികച്ച ഗവ. കോളജുകളിലൊന്നായ ഡോ. പി. ദയാനന്ദ പൈപി സതീശ പൈ ഫസ്റ്റ് ഗ്രേഡ് കോളജിൽ പഠിച്ച 51 മുസ്‌ലിം വിദ്യാർഥിനികളിൽ 35 പേരും ടി.സി വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഹാലിയംഗാടി ഗവ. കോളജ്, അജാർക്കാട് ഗവ. കോളജ് എന്നിവിടങ്ങളിൽനിന്നെല്ലാം വൻതോതിൽ മുസ്‌ലിം വിദ്യാർഥിനികൾ കൊഴിഞ്ഞുപോയിട്ടുണ്ട്. പലരും ടി.സി പോലും വാങ്ങാതെയാണ് പഠനം അവസാനിപ്പിച്ചതെന്ന് പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്

ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവ രാജ്യത്തെ പൗരൻമാരുടെ മൗലികാവകാശമായിരിക്കെ അതിന്റ പേരിൽ വിദ്യാഭ്യാസം നേടാനുള്ള അവകാശ സ്വാതന്ത്ര്യത്തെപോലും ഹനിച്ചുകളയുന്ന സമീപനമാണ് അധികാരികൾ സ്വീകരിച്ചത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം പേറി, മാനവികതയുടെ മഹത്ത്വം തിരിച്ചറിഞ്ഞിട്ടില്ലാത്ത ഫാഷിസ്റ്റ് മനസ്സുകൾ ഒരു സമുദായത്തെ കൂച്ചുവിലങ്ങിടുന്നതിനുള്ള ഉദാഹരണമാണിത്. രാജ്യത്തിന്റ വികസനത്തിന് അവിടുത്തെ ജനങ്ങളിലെ ഓരോ വ്യക്തിയുടെയും ജീവിതനിലവാരം മെച്ചപ്പെട്ടില്ലെങ്കിൽ മുന്നേറ്റം അസാധ്യമാകുമെന്ന തിരിച്ചറിവ് പോലും അധികാരികൾക്കില്ലാതെ പോയി.

മുസ്‌ലിം പെൺകുട്ടികൾ ടാർഗറ്റ് ചെയ്യപ്പെടുന്നുവോ?

മുസ്‌ലിം പെൺകുട്ടികൾക്ക് എക്കാലത്തെയും അപേക്ഷിച്ച് കർണാടക ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് വൻപുരോഗതി വരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കണക്കുകളുദ്ധരിച്ച് ചില മാധ്യമങ്ങൾ അവകാശപ്പെടുന്നുണ്ട്. പലതരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും അവർ സ്വന്തമാക്കുന്ന വളർച്ചയും സ്ഥിരതയും വളരെ പ്രാധാന്യമുള്ളതാണെന്ന് ഇന്ത്യൻ എക്‌സ്പ്രസ് പോലുളള പത്രങ്ങൾ അഭിപ്രായപ്പെടുന്നുണ്ട്. 2007-2008ൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുസ്‌ലിം പെൺകുട്ടികളുടെ മൊത്തം ഹാജർ അനുപാതം 6.7 ശതമാനമായിരുന്നു. 2017-18ലെത്തുമ്പോൾ അത് 13.5 ശതമാനമായി വർധിക്കുന്നു. ഹിജാബ് വിവാദം ഇതുപോലെയുള്ള സാമൂഹിക പുരോഗതിയെ തടയിടാനും വിദ്യാഭ്യാസ അവകാശങ്ങളെ ധ്വംസിച്ച് പിന്നോക്കാവസ്ഥയിൽ സമുദായത്തെ തളച്ചിടാനുമുള്ള ആസൂത്രണമാണ് എന്ന് വിലയിരുത്തപ്പെടുന്നുമുണ്ട്.

ആറുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കൽ ഭരണകൂടത്തിന്റെ ചുമതലയാണ് എന്നിരിക്കെ ഇവിടെ ഭരണംകൂടം മുസ്‌ലിം പെൺകുട്ടികൾക്കെതിരെ തിരിഞ്ഞതിൽ ദുരൂഹതയുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പതിയെ കുറച്ചുകൊണ്ടുവരികയും സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനാരംഭിക്കുകയും ചെയ്യുമ്പോഴാണ് പുതിയ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെടുകയും മുസ്‌ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുള്ളത്. വിദ്യാഭ്യാസത്തിലൂടെയുള്ള ശാക്തീകരണത്തെ പിന്നോട്ടടിപ്പിക്കാൻ ഇത്തരം വിവാദങ്ങൾകൊണ്ടാകും എന്നതുകൊണ്ടാണ് ഫാഷിസ്റ്റുകൾ ഇവ ഉപയോഗപ്പെടുത്തുന്നത്. വർധിച്ച് വരുന്ന അരക്ഷിതാവസ്ഥ പ്രതികരണത്തെ ഉണർത്തുകയും പ്രശ്‌നകലുഷിതമായ സാഹചര്യങ്ങൾ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടയിടുമെന്നും വിചാരിക്കുന്നവരാണ് വിവാദങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതിനകംതന്നെ ശക്തമായ ഹിന്ദു വലതുപക്ഷങ്ങളാണ് ഇതിന് വേണ്ടിയുള്ള അജണ്ടകൾ നെയ്‌തെടുക്കുന്നത്. അവരുടെ കുതന്ത്രങ്ങളുടെ ഇരകൾ എപ്പോഴും മുസ്‌ലിം പെൺകുട്ടികളും മുസ്‌ലിം സമൂഹവുമാണ്.

കേരളത്തിലെ പരിഷ്‌കരണം; ലക്ഷ്യം മുസ്‌ലിം പെൺകുട്ടികളോ?

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജെൻഡർ ന്യൂട്രാലിറ്റിയും യൂണിഫോമും മുസ്‌ലിം വിദ്യാർഥിനികളുടെ വിദ്യാഭ്യാസ പുരോഗതിയെ തടയിടാനുള്ള ശ്രമമാണെന്നതാണ് വസ്തുത. കർണാടകയിൽ ഹിജാബ് നിരോധനം കാരണമായി വിദ്യാലയങ്ങളിൽനിന്ന് മുസ്‌ലിം പെൺകുട്ടികൾ കൊഴിഞ്ഞുപോയത് പോലെ കേരളത്തിലെ കാമ്പസുകളിൽനിന്ന് മുസ്‌ലിം പെൺകുട്ടികളുടെ ഹാജർ നില കുറക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. യാതൊരു സ്വാഭാവിക ബോധവുമില്ലാത്ത സംസ്‌കാര ശൂന്യതയും അശ്ലീലതയും ലൈംഗിക അരാചകത്വവും കാമ്പസുകളിലൂടെ വ്യാപകമാക്കാനുള്ള ശ്രമവുമുണ്ട്. സ്വാഭാവികമായി ധാർമിക സദാചാര ബോധവും ആദർശനിഷ്ഠയും ഉള്ള പെൺകുട്ടികളെ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽനിന്ന് അകറ്റിനിറുത്താനുള്ള ശ്രമമാണ് നടക്കുന്നത്.

മുസ്‌ലിം പെൺവസ്ത്രങ്ങളിൽ ഫ്‌ളാഷ്‌മോബുകളും സ്വയംഭോഗ കാമ്പയ്‌നുകളും പ്രണയാനുരാഗങ്ങളുടെ ദിനാചരണങ്ങളും അശ്ലീലതയുടെ ചുവർചിത്രങ്ങളും ലൈംഗിക വൈകൃതങ്ങളുടെ വർണരാജിയിൽ ആനന്ദനൃത്തമാടുന്ന വികൃതികളും ലിംഗസ്വത്വബോധമില്ലാത്തവരും നിറഞ്ഞാടുന്ന ഒരിടമായി കാമ്പസുകളെ മാറ്റിയെടുക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. മാന്യതയും മാനവികതയും ബന്ധങ്ങളുടെ പവിത്രതയും അപരരെ പരിഗണിക്കലും പരിപാവനമായി കാണുന്ന, വ്യക്തിവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരെ പുകച്ച് പുറത്ത് ചാടിക്കുന്ന പ്രവണതയാണ് ഉൽബുദ്ധ കേരളത്തിലും നടക്കുന്നത്.

ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തെ നിരാകരിക്കുകയും യൂണിറ്ററി സംവിധാനം നടപ്പിലാക്കാൻ പണിയെടുക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ തണലിൽ കാവി വസ്ത്രധാരികൾ നടത്തുന്ന മുസ്‌ലിം വിരുദ്ധത ശിരോവസ്ത്ര നിരോധനത്തിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നു. പുരോഗമന സർക്കാരെന്ന് മേനിനടിച്ച്, വസ്ത്ര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത്, മതനിരാസവും ലിബറലിസവും വിദ്യാർഥികളിൽ ഒളിച്ചുകടത്താൻ ശ്രമിക്കുന്ന കേരളത്തിലെ അധികാരികളും ഫാഷിസ്റ്റുകളുമായി ഇസ്‌ലാമോഫോബിയയിൽ എവിടെയാണ് വേർപിരിയുന്നതെന്നതാണ് ഏവരുടെയും സംശയം. അവകാശങ്ങളെ കുറിച്ചും മതസ്വാതന്ത്ര്യത്തെ കുറിച്ചും സംസാരിക്കുകയും അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന നിയമങ്ങളുടെ ആധികാരികതയെയും പ്രായോഗികതയെയും പഠനങ്ങളുടെ അഭാവത്തെയും ചോദ്യം ചെയ്യുന്നവരെ ആറാം നൂറ്റാണ്ടിലേക്ക് ചേർത്ത് പറയുന്നവരും പാക്കിസ്ഥാനിലേക്ക് ചേർത്ത് പറയുന്നവരും തമ്മിലുള്ള വേർതിരിവ് എവിടെയാണെന്നും ചോദിച്ച് പോകുന്നു!

സ്ത്രീവിദ്യാഭ്യാസത്തിന്റ അനിവാര്യത

‘പുരുഷന് അറിവ് പഠിപ്പിക്കുന്നതുകൊണ്ട് ഒരു വ്യക്തിക്കാണ് അറിവ് ലഭിക്കുന്നതെങ്കിൽ ഒരു സ്ത്രീക്ക് അറിവ് പഠിപ്പിക്കുന്നതുകൊണ്ട് ഒരു സമൂഹത്തിനാണ് അറിവ് ലഭിക്കുന്നത’- നൈലിന്റ കവിയെന്നറിയപ്പെടുന്ന, ഈജിപ്തുകാരനായ ഹാഫിള് ഇബ്രാഹീമിന്റ കവിതയിലെ വരികളാണിത്. സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീവിദ്യാഭ്യാസത്തിന്റ അനിവാര്യത വ്യക്തമാക്കുന്ന വരികളാണ് മുകളിൽ കാണുന്നത്. സ്ത്രീകളെ വിദ്യാസമ്പന്നരാക്കുന്നതിന് വലിയ പരിഗണന നൽകുന്ന മതമാണ് ഇസ്‌ലാം. വൈജ്ഞാനികവും ധൈഷണികവുമായ ഇടങ്ങളിൽ സ്ത്രീ ഇടപെടലുകൾ സാധ്യമാക്കിയിട്ടുള്ള മതമാണിത്. ‘വായിക്കുക’ എന്ന കൽപനയിൽ അവതരണം ആരംഭിച്ച വിശുദ്ധ ക്വുർആനിന്റ ആശയങ്ങളെ ജീവിതമാക്കിയ മുസ്‌ലിം പുരുഷന്നും സ്ത്രീക്കും വിജ്ഞാന സമ്പാദനത്തിൽനിന്ന് പുറംതിരിഞ്ഞ് നിൽക്കാനാവില്ല. മുസ്‌ലിം നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സനാഉല്ലാഹ് മക്തിതങ്ങൾ, വക്കം മൗലവി, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, ഹമദാനി തങ്ങൾ മുതലുള്ളവർ സ്ത്രീ വിദ്യാഭ്യാസത്തിന് അഹോരാത്രം പ്രവർത്തിച്ചവരാണ്. അതിന്റെ മാറ്റ ങ്ങളാണ് ഇന്ന് നാം അനുഭവിച്ച് കൊണ്ടിരിക്കുന്നത്. അതിൽനിന്ന് പുറംതിരിഞ്ഞ് നിന്നവരെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സമുദ്ധരിക്കാനവർ ശ്രമിച്ചുകൊണ്ടിരുന്നു. വിദ്യാഭ്യാസത്തിന്റ ഉന്നത മേഖലകളിലേക്ക് സ്ത്രീകളെയും അവർ കൈപിടിച്ചുയർത്തി. അതിനായി ത്യാഗങ്ങൾ സഹിച്ചു. പീഡനങ്ങളും പരിഹാസങ്ങളും അവരേറ്റു വാങ്ങി. അങ്ങനെ പല മഹത്തുക്കളും അത്യധ്വാനം ചെയ്ത് പരിവർത്തിപ്പിച്ചെടുത്ത ഒരു സമുദായത്തെ പിന്നിലേക്ക് തെളിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിന് ചുവപ്പും കാവിയും വ്യത്യസ്ത രൂപങ്ങളിൽ കൈ കോർക്കുന്നതിനെതിരെ സമൂഹം ബോധവാൻമാരാകണം. പാശ്ചാത്യലോകം ചവറ്റ് കൊട്ടയിലേക്കെറിഞ്ഞ അറുപിന്തിരിപ്പൻ ആശയങ്ങളെ ആനയിച്ച് വിദ്യാഭ്യാസവും സംസ്‌കാരവും തകർക്കാനുള്ള ശ്രമങ്ങളെയും കരുതിയിരിക്കണം.

വിജ്ഞാനങ്ങളിലൂടെ ലോകത്തോട് മൽസരിക്കാൻ മാത്രം കഴിവുറ്റ പ്രതിഭകളെ രൂപപ്പെടുത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് വേണ്ടത്. ഉയർന്ന് ചിന്തിക്കാനും വലിയ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനും സാധ്യമാകുന്ന അന്തരീക്ഷമാണ് ഒരുക്കേണ്ടത്. മാനവികതയും ധർമവും ഉയർത്തിപ്പിടിച്ച് നന്മയുടെ വാഹകരാവാനുള്ള ബോധമാണ് പകർന്നു നൽകേണ്ടത്.