സ്രഷ്ടാവിന്റെ ജ്ഞാനവും യുക്തിവാദികളുടെ സംശയവും

ജൗസല്‍ സി.പി

2022 ഒക്ടോബർ 8, 1444 റബീഉൽ അവ്വൽ 11
പ്രമാണങ്ങൾക്ക് സ്വയം ഭാഷ്യം ചമയ്ക്കുക, വികലമായ പരിഭാഷകൾ കണ്ടെത്തി മറുപടി പറയുക, അനവസരത്തിൽ മുറിച്ച് അർഥവ്യത്യാസം വരുത്തുക... തുടങ്ങി യുക്തിവാദികൾ മതത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ‘വൈജ്ഞാനിക വഞ്ചനകൾക്ക് ’ കയ്യുംകണക്കുമില്ല. സ്രഷ്ടാവിന്റെ ജ്ഞാനത്തെ കുറിച്ച് പ്രമാണങ്ങളിൽ വന്ന ചില പരാമർശങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ നാസ്തിക നേതാവ് നടത്തിയ വിശദീകരണം കേട്ടാൽ വിശ്വാസികൾ മാത്രമല്ല സ്വന്തം അനുയായികൾവരെ മൂക്കത്ത് വിരൽവെച്ച് പോകും!

സവർക്കറൈറ്റ് നാസ്തികൻ രവിചന്ദ്രൻ സംഘ്പരിവാറുകാരെ സന്തോഷിപ്പിക്കുവാനായി ഇസ്‌ലാമികവിരുദ്ധ ചിന്തകൾ പ്രചരിപ്പിക്കുന്ന യുക്തിവാദി നേതാവാണ്. ഏതെങ്കിലും ക്വുർആൻ സൂക്തമോ പ്രവാചക വചനമോ തപ്പിയെടുത്ത് അല്ലാഹുവിനെയോ, പ്രവാചകനെയോ, ക്വുർആനിനെയോ പരിഹസിക്കാൻ വലിയ ഒരായുധം കിട്ടി എന്ന മട്ടിൽ അദ്ദേഹം ചാടിപ്പുറപ്പെടും. അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് അതേപടി താഴെ കൊടുക്കുന്നു:

“// The KEY MAN

മുഹമ്മദ് പറഞ്ഞു: നിഗൂഢരഹസ്യങ്ങളുടെ താക്കോലുകൾ (അത് അല്ലാഹുവിന്റെ പക്കലാണ്). അവനല്ലാതെ മറ്റാർക്കും അത് അറിയില്ല.

അള്ളാഹുവിന് മാത്രം അറിയുന്ന കാര്യങ്ങൾ:

1. നാളെ എന്തു സംഭവിക്കും?

2. ഗർഭസ്ഥശിശു ആണോ പെണ്ണോ?

3. എപ്പോൾ മഴപെയ്യും?

4. ഒരാൾ എവിടെ വെച്ച് മരിക്കും?

5. എപ്പോൾ ലോകാവസാനം?

(Sahih al-Bukhari 4697)

ഈ പ്രപഞ്ചത്തിന്റെ പിന്നാമ്പുറങ്ങളിൽപോലും പ്രവേശനം നിഷേധിക്കപ്പെട്ട ഒരു കോസ്മിക് അഗതിക്ക് ഇത്രയും മാരകമായ ബ്രഹ്‌മാണ്ടജ്ഞാനം ഉണ്ടെന്ന് ഊഹിക്കാനാവുമോ? ഗർഭസ്ഥശിശുവിന്റെ ലിംഗംവരെ തിരിച്ചറിയുന്നു! പിന്നെ, മഴ!! ദുസ്സഹ സാഹചര്യങ്ങളെ അതിജീവിക്കാൻ അള്ളാഹുവിന് അനുപമമായ ശേഷിയുണ്ട് എന്നല്ലേ ഇതിൽ നിന്ന് വ്യക്തമാകുന്നത്? When the going gets tough, the tough get going! //’’

സത്യത്തിൽ രവി സാറിന് ഹദീസ് വായിച്ചിട്ട് മനസ്സിലാകാത്തതുകൊണ്ട് സംഗതി ടഫ് ആയി തോന്നുന്നതാണ്. അല്ലെങ്കിൽ മനസ്സിലായിട്ടും ചെയ്തുവരുന്ന ശൈലി പിൻപറ്റി ഒട്ടകപ്പക്ഷി നയം സ്വീകരിക്കുകയാണ്. ഏതായിരുന്നാലും അദ്ദേഹം വിചാരിക്കുന്നതു പോലെ ഹദീസിൽ പറഞ്ഞത് അത്ര ടഫ് ഒന്നുമല്ല. എന്താണ് ഹദീസിൽ പറഞ്ഞ കാര്യം എന്നു നോക്കാം.

വിശുദ്ധ ക്വുർആൻ സൂറത്തു ലുക്വ‌്മാനിലെ അവസാന ആയത്ത് കാണുക:

“തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവൻ മഴപെയ്യിക്കുന്നു. ഗർഭാശയത്തിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താൻ ഏത് നാട്ടിൽ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.’’

ഈ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് മുഹമ്മദ് നബി ﷺ  പ്രസ്താവിച്ച കാര്യമാണ് പ്രസ്തുത ഹദീസിലുള്ളത്.

മുഹമ്മദ് നബി ﷺ  പറഞ്ഞു: “ഗയ്ബിന്റെ (അദൃശ്യ കാര്യങ്ങളുടെ) താക്കോലുകൾ അഞ്ചെണ്ണമാണ്. അല്ലാഹുവിനല്ലാതെ മറ്റാർക്കും അവ അറിയില്ല: നാളെ എന്തു സംഭവിക്കും എന്ന് അല്ലാഹുവിനല്ലാതെ ആർക്കും അറിയില്ല. ഗർഭത്തിലുള്ളതിന്റെ അവസ്ഥ എന്ത് എന്ന് അല്ലാഹുവിനല്ലാതെ ആർക്കും അറിയില്ല. എപ്പോൾ മഴപെയ്യും എന്ന് അല്ലാഹുവിനല്ലാതെ ആർക്കും അറിയില്ല. ഒരാൾ എവിടെവെച്ച് മരിക്കും എന്ന് അല്ലാഹുവിനല്ലാതെ ആർക്കും അറിയില്ല. ലോകാവസാനം എപ്പോഴാണ് എന്ന് അല്ലാഹുവിനല്ലാതെ ആർക്കും അറിയില്ല’’ (ബുഖാരി 4697).

ഹദീസ് ഞാൻ പരിഭാഷപ്പെടുത്തിയത് മുകളിൽ കണ്ടല്ലോ. അതിനുശേഷം രവിചന്ദ്രന്റെ പരിഭാഷ ഒന്നുകൂടി വായിക്കുക.

The keys of Unseen are five which none knows but Allah എന്നതിനെ രവിചന്ദ്രൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.

“മുഹമ്മദ് പറഞ്ഞു: നിഗൂഢരഹസ്യങ്ങളുടെ താക്കോലുകൾ (അത് അല്ലാഹുവിന്റെ പക്കലാണ്). അവനല്ലാതെ മറ്റാർക്കും അത് അറിയില്ല...’’

ഇംഗ്ലീഷ് അധ്യാപകനായ രവി ഒരു ഇംഗ്ലീഷ് പാരഗ്രാഫ് പരിഭാഷപ്പെടുത്തിയതിന്റെ കോലം ആണിത്. അല്ലാഹുവിനെ ഒരു കീ മാൻ ആയി അവതരിപ്പിക്കാൻ അയാൾ സ്വന്തം വക അർഥം ഉണ്ടാക്കുന്നു! എന്നിട്ട് ഓരോന്ന് ആരോപിക്കുന്നു!

“ഗയ്ബിന്റെ (അദൃശ്യ കാര്യങ്ങളുടെ) താക്കോലുകൾ അഞ്ചെണ്ണമാണ്. അല്ലാഹുവിനല്ലാതെ മറ്റാർക്കും അവ അറിയില്ല’’ എന്നതാണ് യഥാർഥ അർഥം.

‘അദൃശ്യത്തിന്റെ താക്കോലുകൾ’ എന്നത് ഒരു അറബി സാഹിത്യ പ്രയോഗമാണ്. ദൈവത്തിനു മാത്രം അറിയുന്ന കാര്യങ്ങൾ എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അഞ്ച് അദൃശ്യകാര്യങ്ങൾ; അവ അല്ലാഹുവിന് മാത്രമെ അറിയൂ എന്നാണ് അവിടെ ഉദ്ദേശിക്കുന്നത്.

അതിനെയാണ് ഈ യുക്തിവാദിയായ ഇംഗ്ലീഷ് വാധ്യാർ പരിഭാഷപ്പെടുത്തി സ്വന്തം വക കീ മാൻ ആക്കിയത്!

‘അദ്യശ്യത്തിന്റെ താക്കോലുകൾ അഞ്ചെണ്ണമാണ്. അല്ലാഹുവിനല്ലാതെ മറ്റാർക്കും അവ അറിയില്ല’ എന്ന് മാത്രം അർഥമുള്ള വാചകത്തിൽനിന്ന് ‘അഞ്ചെണ്ണമാണ്’ എന്നു പറഞ്ഞത് ഒഴിവാക്കി, ‘താക്കോലുകൾ അല്ലാഹുവിന്റെ പക്കൽ ആണ്’ എന്ന് ബ്രാക്കറ്റിൽ കൊടുത്തുകൊണ്ട് അല്ലാഹുവിനെ കീ മാൻ ആക്കാൻ വിമർശകൻ കുതന്ത്രം പ്രയോഗിച്ചിരിക്കുകയാണ്.

‘ഗർഭത്തിലുള്ളതിന്റെ അവസ്ഥ എന്ത് എന്ന് അല്ലാഹുവിനല്ലാതെ ആർക്കും അറിയില്ല’ എന്നാണ് ഹദീസിലുള്ളത്. എന്നാൽ ഇംഗ്ലീഷ് പരിഭാഷകൻ സ്വന്തം വകയായി ബ്രാക്കറ്റിൽ ഇങ്ങനെ നൽകിയിട്ടുണ്ട് a male child or a female) (ആൺകുഞ്ഞോ പെൺകുഞ്ഞോ എന്നത്). ഹദീസിൽ അങ്ങനെയൊരു വാചകമേ ഇല്ല. പരിഭാഷകൻ തന്റെ വകയായി മാത്രം ബ്രാക്കറ്റിൽ കൊടുത്ത കാര്യമാണത്. സത്യത്തിൽ പരിഭാഷകൻ തെറ്റിദ്ധരിച്ച കാര്യം മാത്രമാണിത്. ഇവിടെ പ്രതിപാദിക്കുന്നത് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയമോ മറ്റോ അല്ല, ഗർഭസ്ഥ ശിശുവിന്റെ വിധിയെക്കുറിച്ചുള്ള കാര്യമാണ് എന്നതാണ് വാസ്തവം.

ഒരു ഭാഷയിലെ സാഹിത്യം പരിഭാഷപ്പെടുത്തുമ്പോൾ അതിൽ ഇല്ലാത്ത ചില കാര്യങ്ങൾ സ്വന്തം വക പറയാനായി പരിഭാഷകർ ബ്രാക്കറ്റിൽ ചിലത് എഴുതാറുണ്ട്. പ്രസ്തുത വാചകത്തിൽനിന്ന് പരിഭാഷകർ മനസ്സിലാക്കിയ ചില കാര്യങ്ങൾ രേഖപ്പെടുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. അവ ഒറിജിനൽ സാഹിത്യത്തിൽ ഉള്ളതല്ല; മറിച്ച് പരിഭാഷകന്റെ സ്വന്തം വകയാണ് എന്ന് കാണിക്കാനാണ് പ്രത്യേകം ബ്രാക്കറ്റിൽ കൊടുക്കുന്നത്.

പരിഭാഷകൻ തെറ്റിദ്ധരിച്ച് സ്വന്തം വക നൽകിയ വിശദീകരണം അയാൾ മാന്യമായി ബ്രാക്കറ്റിനകത്താണ് കൊടുത്തിട്ടുള്ളത്. അഥവാ ഇത് സ്വന്തം അഭിപ്രായം ആണ് എന്ന് പരിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നമ്മുടെ രവി സാർ ചെയ്തത് തനിച്ച കൃത്രിമമാണ്. പരിഭാഷകൻ ബ്രാക്കറ്റിൽ കൊടുത്ത അർഥം ബ്രാക്കറ്റ് ഒഴിവാക്കി ഹദീസിന്റെ പരിഭാഷയായി തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്! നാസ്തികരുടെ ഇമ്മിണി ബല്യേ നേതാവിന്റെ നിലവാരം ഇതിൽനിന്നുതന്നെ മനസ്സിലാക്കാം.

ഗർഭത്തിലുള്ളതിന്റെ അവസ്ഥ അല്ലാഹുവിന് മാത്രമെ അറിയൂ എന്ന് പറഞ്ഞത് കുഞ്ഞിന്റെ വിധിയെ സംബന്ധിച്ചുള്ള കാര്യമാണ്. മനുഷ്യന്റെ ഗർഭാവസ്ഥയിൽ അല്ലാഹു ഒരു മലക്കിനെ നിയോഗിക്കുകയും ഭ്രൂണത്തിന് 40 ദിവസം പ്രായമുള്ളപ്പോൾ മലക്ക് കുഞ്ഞിന്റെ വിധി രേഖപ്പെടുത്തുകയും ചെയ്യും എന്നൊക്കെ സുദീർഘമായ ഒരു ഹദീസിൽ പറയുന്നുണ്ട്.

ഹദീസിൽ പറഞ്ഞ അഞ്ചു കാര്യങ്ങളും അല്ലാഹു അറിയിച്ചു കൊടുത്താൽ അല്ലാതെ ലോകത്ത് ഒരു സൃഷ്ടിക്കും അറിയാൻ കഴിയില്ല. അങ്ങനെയല്ല; ഇപ്പറഞ്ഞതിൽ ഏതെങ്കിലും ഒരു കാര്യം മനുഷ്യർക്ക് അറിയുമെന്ന വാദം ഉണ്ടെങ്കിൽ അത് പറയുകയാണ് വേണ്ടത്.

എല്ലാമറിയുന്നവൻ എന്തിന് പരീക്ഷണം നടത്തണം?

ദൈവം എല്ലാം അറിയുന്നവനാണെങ്കിൽ എന്തിന് പരീക്ഷണം നടത്തണം എന്നത് യുക്തിവാദികൾ ഉന്നയിക്കുന്ന ഒരു ചോദ്യമാണ്. അത് ശരിയാണല്ലോ എന്ന് പലരും ചിന്തിച്ചേക്കാം.

പരീക്ഷ നടത്തുന്നത് പരീക്ഷ എഴുതുന്നവരിൽ ആരാണ് ഏറ്റവും നന്നായി പെർഫോം ചെയ്യുന്നത് എന്ന് മനസ്സിലാക്കാനാണ്. അതിന്റെ റിസൾട്ട് അനുസരിച്ചാണ് അവരുടെ ഭാവി തീരുമാനിക്കപ്പെടുന്നത്. റിസൾട്ടിന്റ ഗുണവും ദോഷവും എല്ലാം അനുഭവിക്കേണ്ടത് പരീക്ഷ എഴുതുന്നവരാണ്. പരീക്ഷയുടെ സിലബസും പരീക്ഷാ തീയതിയും വ്യക്തമാക്കിക്കൊടുക്കുകയും പരീക്ഷയ്ക്ക് വേണ്ട പാഠഭാഗങ്ങൾ പഠിപ്പിക്കുകയും മാത്രമാണ് അധ്യാപകരുടെ ഉത്തരവാദിത്തം. നന്നായി പഠിക്കേണ്ടതും പരീക്ഷ കൃത്യസമയത്ത് ഭംഗിയായി എഴുതുകയും ചെയ്യേണ്ടത് വിദ്യാർഥിയുടെ ഉത്തരവാദിത്വമാണ്.

നന്നായി പഠിച്ച് പത്താംക്ലാസ്സും പ്ലസ്ടുവും പാസ്സായാൽ മാത്രമെ ഉന്നതവിദ്യാഭ്യാസം നേടാനും നല്ല ജോലി സമ്പാദിക്കാനും കഴിയൂ എന്ന് വിദ്യാർഥികളോട് അധ്യാപകൻ പറയുമ്പോൾ ചില വിദ്യാർഥികൾ നന്നായി പഠിക്കുകയും നല്ല മാർക്കോടെ പാസ്സാവാൻ പരിശ്രമിക്കുകയും ചെയ്യും. ചില ഉഴപ്പൻമാർ ‘അങ്ങനെ ഒരു പരീക്ഷയേ ഇല്ല, ഇനി പരീക്ഷ ഉണ്ടെങ്കിൽ തന്നെ എല്ലാവരെയും പാസ്സാക്കും. ഉന്നത വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും നല്ല ജോലിയൊക്കെ കിട്ടും. ഇതൊക്കെ അധ്യാപകൻ വെറുതെ ബഡായി പറയുന്നതാണ്’ എന്നു പറഞ്ഞ് അധ്യാപകരെ പരിഹസിക്കുകയും അവസാനം പരീക്ഷയിൽ തോൽക്കുകയും ചെയ്യുന്നു എന്ന് കരുതുക. ഉന്നതവിദ്യാഭ്യാസവും നല്ലൊരു ജോലിയും ഒന്നും ലഭിക്കാത്തതിന്റെ പൂർണ ഉത്തരവാദി വിദ്യാർഥി മാത്രമാണല്ലോ? പഠിക്കുവാനുള്ള അവസരങ്ങൾ എല്ലാവർക്കും ഒരുപോലെ സ്‌കൂളിൽ ലഭ്യമായിരുന്നു. അവസരങ്ങൾ ഉപയോഗപ്പെടുത്താതിരിക്കുകയും പരീക്ഷയിൽ തോൽക്കുകയും ചെയ്തതിന് വിദ്യാർഥി മാത്രമാണ് ഉത്തരവാദി. നന്നായി പഠിച്ച് നല്ല മാർക്കോടെ പരീക്ഷ പാസ്സായവർക്കും അവസരങ്ങൾ ലഭിച്ചിട്ടും അഹങ്കാരവും പുച്ഛവും കൊണ്ട് മാത്രം പരീക്ഷ തോറ്റവർക്കും ഒരുപോലെ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നൽകണമെന്ന് പറയുന്നത് നീതിയല്ലല്ലോ. അങ്ങനെ പരീക്ഷ തോറ്റവനും നല്ല മാർക്കിൽ പാസ്സായവനും ഒരുപോലെ ഉന്നതവിദ്യാഭ്യാസത്തിന് അവസരം നൽകിയാൽ അത് തികഞ്ഞ അനീതിയല്ലേ? പരീക്ഷയിൽ ആരെയും തോൽപിക്കരുത്, എല്ലാവർക്കും ഫുൾ മാർക്ക് കൊടുക്കണം എന്നു പറയുന്നതാണോ നീതി?

പരീക്ഷയുടെ റിസൾട്ട് ആശ്രയിച്ചിരിക്കുന്നത് വിദ്യാർഥികൾക്ക് ഓരോ വിഷയത്തിലും എത്രത്തോളം അറിവുണ്ട് എന്നതിനെ മാത്രമാണ്. ജൂൺ പത്താം തീയതി പരീക്ഷ നടക്കുന്നു; ഇരുപത്തിയഞ്ചാം തീയതിയാണ് റിസൾട്ട് പുറത്തുവരുന്നത് എന്ന് കരുതുക. അധ്യാപകൻ ജൂൺ 10ന് തന്നെ പരീക്ഷാപേപ്പർ മൂല്യനിർണയം നടത്തി. സ്‌കൂളിലെ റിസൾട്ട് എൻട്രി ചെയ്യുന്ന ക്ലർക്ക് പതിനൊന്നാം തീയതി തന്നെ റിസൽട്ട് കമ്പ്യൂട്ടറിൽ കയറ്റി. പരീക്ഷാഫലം വരുന്നതിന് രണ്ട് ആഴ്ച മുമ്പുതന്നെ ഈ രണ്ടുപേർക്കും റിസൾട്ട് അറിയാം എന്നതുകൊണ്ട് പരീക്ഷാഫലത്തിൽ എന്തെങ്കിലും മാറ്റം വരുമോ? പരീക്ഷാഫലം പൂർണമായും വിദ്യാർഥികളുടെ ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നു. റിസൾട്ടിനെക്കുറിച്ച് ആർക്കെങ്കിലും നേരത്തെ അറിയും എന്നുള്ളത് റിസൾട്ടിനെ ബാധിക്കുന്ന കാര്യമല്ല. റിസൾട്ട് 100% വിദ്യാർഥികളുടെ പെർഫോമൻസിനെ മാത്രം ആശ്രയിച്ചാണ്. റിസൾട്ട് അനൗൺസ് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പുതന്നെ ക്ലാർക്കിന് റിസൾട്ട് അറിയാം, അതുകൊണ്ടാണ് ഞാൻ തോറ്റത് എന്ന് ഒരു വിദ്യാർഥി അവകാശപ്പെട്ടാൽ അത് എത്രത്തോളം പരിഹാസ്യമാണ്!

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു പ്രപഞ്ചത്തിന് അതീതനാണ്. അഥവാ പ്രപഞ്ചത്തിന് പുറത്താണ് അല്ലാഹുവിന്റെ അസ്തിത്വം. അതുകൊണ്ടുതന്നെ പ്രാപഞ്ചിക നിയമങ്ങളോ സമയമോ ഒന്നും അല്ലാഹുവിനു ബാധകമല്ല. അവൻ തുടക്കമോ ഒടുക്കമോ ഇല്ലാത്തവനാണ്. അല്ലാഹു സ്‌പേസ്-ടൈം ബൗണ്ട് അല്ല.

പ്രപഞ്ചത്തിലെ ഡയമെൻഷനുകൾക്ക് അപ്പുറം ഉള്ള ഒരാളെ സംബന്ധിച്ചിടത്തോളം അയാൾക്ക് സമയം ബാധകമല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെയുള്ള സമയങ്ങൾ പ്രപഞ്ചത്തിന് പുറത്തുള്ള ഒരാൾക്ക് ബാധകമല്ല. പ്രപഞ്ചത്തിന് പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് ഭൂതകാലവും വർത്തമാനകാലവും ഭാവികാലവും എല്ലാം ഒരുപോലെ, ഒരേസമയം കാണാൻ കഴിയും.

സമയം എന്ന ഡയമെൻഷന്റെ അപ്പുറത്തേക്ക് ചിന്തിക്കാൻ മനുഷ്യന്റെ മനസ്സിന് വലിയ പ്രയാസമാണ്. നമ്മുടെ ചിന്തകൾ എല്ലാംതന്നെ സമയബന്ധിതമാണ്. അതുകൊണ്ടുതന്നെ ഈ പ്രപഞ്ചം അഥവാ സ്‌പേസ് ടൈമിന് പുറത്തുള്ള ഒന്നിന് സമയം ബാധകമല്ല എന്ന കാര്യം ശാസ്ത്രീയമായി കൃത്യമായ ഒരു കാര്യമായിരുന്നിട്ടുകൂടി മനുഷ്യന്റെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.

എന്തെങ്കിലും ഒരു സാഹചര്യത്തിൽ ഒരാൾക്ക് പ്രപഞ്ചത്തിന് പുറത്തേക്ക് യാത്രചെയ്യാൻ കഴിഞ്ഞാൽ ഇത്തരത്തിൽ സമയത്തിന് അതീതനായി കാര്യങ്ങൾ മനസ്സിലാക്കാൻ -ഭൂതവും ഭാവിയും വർത്തമാനവുമൊക്കെ ഒരേ സമയം കാണാനും മനസ്സിലാക്കാനും-കഴിയും എന്ന കാര്യം ശാസ്ത്രീയമായി അബദ്ധമല്ല എന്ന് മനസ്സിലാക്കുക.

മനുഷ്യനു ‘ഫ്രീ വിൽ’ അഥവാ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് എന്നാണ് വിശുദ്ധ ക്വുർആൻ പറയുന്നത്. നന്മയും തിന്മയും എന്താണെന്ന് കൃത്യമായി അന്തിമദൂതനിലൂടെയും ക്വുർആനിലൂടെയും വിവരിച്ചുതന്നിട്ടുണ്ട്. നന്മയോ തിന്മയോ തിരഞ്ഞെടുക്കാൻ മനുഷ്യനു സ്വാതന്ത്ര്യമുണ്ട്. നന്മയുടെ മാർഗം തിരഞ്ഞെടുക്കുന്നവർക്ക് മരണാനന്തര ജീവിതത്തിൽ സ്വർഗവും തിന്മയുടെ മാർഗം തിരഞ്ഞെടുക്കുന്നവർക്ക് നരകവുമാണ് ലഭിക്കുക എന്ന് അറിയിച്ചുതന്നിട്ടുണ്ട്. ഏതു തെരഞ്ഞെടുക്കുന്നു എന്നത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിൽ പെട്ടതാണ്. ഐഹിക ജീവിതം എന്നത് ഒരു പരീക്ഷണമാണ്. നന്മയാണോ തിന്മയാണോ മനുഷ്യൻ തിരഞ്ഞെടുക്കുക എന്നതിന്റെ പരീക്ഷണം.

“തീർച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു’’ (ക്വുർആൻ 76:3).

“നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻവേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു’’ (67:2).

“പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. അക്രമികൾക്ക് നാം നരകാഗ്‌നി ഒരുക്കി വെച്ചിട്ടുണ്ട്...’’(18:29).

ഇത്തരത്തിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അഥവാ ‘ഫ്രീ വിൽ’ നൽകപ്പെട്ട മനുഷ്യൻ, അവന്റെ ജീവിതത്തിലെ ഓരോ സെക്കൻഡിലും എടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി സ്രഷ്ടാവിന് അറിയാം; കാരണം പ്രപഞ്ചാതീതനായ സ്രഷ്ടാവ് ഒരേസമയം അവന്റെ ഭൂതകാലവും വർത്തമാനവും ഭാവിയും എല്ലാം കാണാനും മനസ്സിലാക്കാനും കഴിയുന്നവനാണ്. സമയ വ്യത്യാസമില്ലാതെ മനുഷ്യന്റെ ജനനംമുതൽ മരണംവരെയുള്ള സകല കാര്യങ്ങളും അറിയുന്ന സ്രഷ്ടാവ് ആ കാര്യങ്ങളെല്ലാം മൂലഗ്രന്ഥത്തിൽ അഥവാ ‘ലൗഹുൽ മഹ്ഫൂദ്വിൽ’ രേഖപ്പെടുത്തിയിട്ടുണ്ട്. സ്രഷ്ടാവിന്റെ അറിവ് സമയത്തിന് അതീതവും പരിപൂർണമായതും സകല കാര്യങ്ങളെയും ഉൾക്കൊള്ളുന്നതുമാണ് എന്നതുകൊണ്ട് തന്നെ മൂലഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ കാര്യങ്ങളിൽ ഒരു പിഴവും ഉണ്ടാവുകയില്ല.

‘ഫ്രീ വിൽ’ നൽകപ്പെട്ട മനുഷ്യന്റെ കാര്യം മാത്രമല്ല, പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും കാര്യങ്ങൾവരെ കൃത്യമായി ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളെ കുറിച്ചും പൂർണമായ അറിവുള്ള, പ്രപഞ്ചത്തിന് പുറത്തുള്ള, സമയം ബാധകമല്ലാത്ത, പൂർണമായ കഴിവുകൾക്ക് ഉടമയായ, ഈ പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും പടച്ചവന് ഇക്കാര്യം വളരെ വളരെ നിസ്സാരം മാത്രമാണ്.

ശാസ്ത്രീയമായി ഈ കാര്യം ഉൾക്കൊള്ളുവാൻ ശാസ്ത്രബോധമുള്ള ഒരാൾക്ക് ഒരു പ്രയാസവുമില്ല തന്നെ. ശാസ്ത്രീയമായ അറിവുകൾ ഇല്ലാതിരുന്ന പഴയകാലത്ത് ജീവിച്ച ആളുകൾക്ക് സമയത്തിന് അതീതമായ ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമായിരിന്നെങ്കിൽ, ശാസ്ത്രീയമായ അറിവുകൾ ഒരുപാട് വികസിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിരീശ്വരവാദികൾ വിധിവിശ്വാസവുമായി ബന്ധപ്പെട്ട ബാലിശമായ ചോദ്യങ്ങൾ ചോദിക്കുന്നത് അവരുടെ ശാസ്ത്രബോധമില്ലായ്മ മാത്രമാണ് വെളിവാക്കുന്നത്.

സമയം ബാധകമല്ലാത്ത സ്രഷ്ടാവിന് ഒരേസമയം നമ്മുടെ ഭൂതകാലവും വർത്തമാനവും ഭാവിയുമെ ല്ലാം അറിവുള്ളതുകൊണ്ടും ആ അറിവ് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയതുകൊണ്ടും നമ്മുടെ ജീവിതത്തിൽ നമ്മുടെ തീരുമാനങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ല. നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ഫ്രീ വിൽ അനുസരിച്ചാണ് ഉണ്ടാകുന്നത്. ആ തീരുമാനങ്ങളുടെ ഉത്തരവാദിത്തം നമുക്ക് മാത്രമാണ്. ഭാവിയിലെ നമ്മുടെ തീരുമാനങ്ങളും പ്രവൃത്തികളും എന്തായിരിക്കും എന്ന കൃത്യമായ അറിവ് പടച്ചവന് ഉണ്ട് എന്നതുകൊണ്ട് നമ്മുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം പടച്ചവന് ആകുന്നില്ല. അക്കാര്യം സ്രഷ്ടാവിന്റെ അറിവ് മാത്രമാണ്. നമ്മുടെ പ്രവർത്തനങ്ങൾക്ക് നാം തന്നെയാണ് ഉത്തരവാദികൾ.

നമ്മുടെ ഭാവി എന്താണെന്നും ഗ്രന്ഥത്തിൽ നമ്മെ പറ്റി എന്താണ് രേഖപ്പെടുത്തിയത് എന്നും നമുക്ക് ഒരുതരത്തിലും അറിയാൻ നിർവാഹമില്ലാത്തതുകൊണ്ട് നല്ലത് പ്രവർത്തിക്കുക, സ്വർഗത്തിനായി പരിശ്രമിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. ഭൂതകാലത്തിൽ നമ്മുടെ ജീവിതത്തിൽ ഫ്രീ വിൽ ഉപയോഗിച്ച് നാം ചെയ്ത കാര്യങ്ങളെല്ലാം കൃത്യമായി ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നുള്ളത് വിശ്വസിക്കാൻ പ്രയാസമില്ലെങ്കിൽ സമയത്തിന് അതീതനായ പടച്ചവന് ഭൂതകാലം പോലെ വർത്തമാനവും ഭാവികാലവും ഒരുപോലെ അറിയാനും, ഫ്രീ വിൽ ഉപയോഗപ്പെടുത്തി നാം ഭാവിയിൽ ചെയ്യുന്ന കാര്യങ്ങളും തന്റെ അറിവനുസരിച്ച് രേഖപ്പെടുത്താനും ഒരു പ്രയാസവുമില്ല എന്നതും വിശ്വസനീയമാണ്.