സംഘടന, സംഘാടനം സംഘാടകൻ

നബീൽ പയ്യോളി

2022 ഡിസംബർ 10, 1444 ജുമാദുൽ ഊല 15
മറ്റിതര ജീവികളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് സാമൂഹികബോധം. നിരാശ്രയത്വം എന്നത് ദൈനംദിന ജീവിതത്തിൽ പോലും അവന് ചിന്തിക്കാൻ സാധിക്കില്ല. സംഘടിതജീവിതത്തിൽ വ്യക്തിയുടെ ഗുണദോഷങ്ങൾ മറ്റുള്ളവരെ കൂടി ബാധിക്കുമെന്നത് നിസ്തർക്കമാണ്. എങ്ങനെ തന്റെ ചുറ്റിലുമുള്ളവർക്ക് മാതൃകയാവുന്ന രീതിയിൽ സംഘടനാജീവിതം നയിക്കാം?

മനുഷ്യൻ സാമൂഹ്യജീവിയാണ്. സംഘടിക്കുക എന്നത് അവന്റെ ജന്മവാസനയിൽ പെട്ടതാണ്. ലോകത്ത് ഒന്നിനും സ്വയം നിലനിൽക്കുക സാധ്യമല്ല. എല്ലാം ഏതെങ്കിലും വിധത്തിൽ പരസ്പരം ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ഒന്നിനെയും ആശ്രയിക്കാതെ, അല്ലെങ്കിൽ പരസ്പരം സഹകരിക്കാതെ മുന്നോട്ട് പോകും എന്ന് തീരുമാനിക്കാൻ ഒരാൾക്കും സാധ്യമല്ല. അതുകൊണ്ട് തന്നെ കൂട്ടുകൂടുകയും സംഘടിക്കുകയും ചെയ്യുക എന്ന ജന്മവാസന പല തലങ്ങളിൽ മനുഷ്യസമൂഹം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മത, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങൾ അടക്കം പല മേഖലകളിലും ‘സംഘ’ങ്ങളുടെ ഭാഗമായി നാമെല്ലാം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ജോലി, വിദ്യാഭ്യാസം, ആരോഗ്യം, കുടുംബം എന്നിങ്ങനെയുള്ള സംഘങ്ങളിൽ എല്ലാവരും അനിവാര്യമായ കണ്ണികളാണ് എന്നത് യാഥാർഥ്യം. സംഘടനകൾ വേണ്ട എന്ന് പറയുന്നവർ പോലും ജീവിതയാത്രയിൽ സംഘങ്ങളുടെയും സംഘടനകളുടെയും നന്മകളും നേട്ടങ്ങളും വേണ്ടുവോളം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.

നമ്മൾ ഏതെങ്കിലും തലത്തിൽ സംഘാടകരാണ്. ഞാൻ ഒന്നുമല്ല എന്ന് പറയുന്ന ആളുകൾ വരെ ഈ റോൾ ഭംഗിയായി നിർവഹിച്ചുപോരുന്നുണ്ട്. ഒരു സ്വാഭാവികതയ്ക്ക് അപ്പുറം അൽപം ശ്രദ്ധയോടെ ഇടപെടലുകൾ നടത്താൻ നാം തയ്യാറായാൽ കൂടെയുള്ളവർക്ക് അതിന്റെ മധുരം ആസ്വദിക്കൻ സാധിക്കും. അതിന് മനഃപൂർവം ചില നീക്കങ്ങൾ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

ഒരു സംഘടന മികച്ചതായിത്തീരുന്നത് അതിന്റെ നല്ല നല്ല ലക്ഷ്യത്തിലൂടെയാണ്. ലക്ഷ്യം നടപ്പിലാകണമെങ്കിൽ നല്ല സംഘാടകർ വേണം. സഹപ്രവർത്തകരും അണികളുമെല്ലാം വ്യത്യസ്തമായ കഴിവുകൾ ഉള്ളവരാണ് എന്ന വസ്തുത ഉൾകൊണ്ടുകൊണ്ട്, അവർക്കിടയിൽ പാരസ്പര്യം നിലനിർത്തിയാണ് ഒരു നല്ല സംഘാടകൻ മുന്നോട്ട് പോകേണ്ടത്. അഭിപ്രായങ്ങളുടെ കാര്യത്തിലും ആ നിലപാടാണ് നന്നാവുക. പൊതുവായ കാര്യങ്ങളിൽ പൊതുനിലപാട് രൂപപ്പെടുത്തുകയും വ്യക്തിപരമായ നിലപാടുകൾ അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും അത് ആസ്വദിക്കുകയും ചെയ്യുന്നവർക്കാണ് നല്ല സംഘാടകനാകാൻ സാധിക്കുക. സംഘാടകൻ എന്ന നിലയ്ക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ സൂചിപ്പിക്കാം:

ലക്ഷ്യബോധം

ലക്ഷ്യബോധത്തിൽ വരുന്ന വീഴ്ച പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം. സംഘടന എന്നത് പൊതു ലക്ഷ്യം മുൻനിർത്തിയുള്ള സംവിധാനമാണ്. (അല്ലാത്തതും ഉണ്ടെന്നത് മറക്കുന്നില്ല). അതുകൊണ്ട് തന്നെ അതിൽ നമ്മോടൊപ്പം ചേർന്നവരും ആ ലക്ഷ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാവും സഹകരിക്കുന്നത്. അതിൽ നിന്ന് പുറകോട്ട് പോകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സംഘാടകരുടെ ബാധ്യതയാണ്. ലക്ഷ്യബോധം നഷ്ടപ്പെട്ട ഒരു കൂട്ടായ്മക്ക് സമൂഹത്തിൽ സ്വാധീനം ചെലുത്താൻ സാധ്യമല്ല. അതിന് നമുക്ക് ചുറ്റും ധാരാളം തെളിവുകളുണ്ട്. ലക്ഷ്യബോധം കാത്തുസൂക്ഷിക്കുന്നതോടൊപ്പം അത് നമ്മുടെ സഹപ്രവർത്തകർക്ക് ബോധ്യപ്പെടുത്താൻ കഴിയണം. ഭാരവാഹികൾ മാറിവന്നാലും ഈ ലക്ഷ്യത്തിൽനിന്ന് വഴിമാറാതെ മുന്നോട്ടു പോകാൻ അത് അനിവാര്യമാണ്.

സ്വാഭാവികമായും ഒരു സംഘടനയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു വ്യക്തി ഉൾക്കൊണ്ടതു പോലെ പുതിയ പ്രവർത്തകർ ലക്ഷ്യം ഉൾക്കൊണ്ടു എന്ന് വരില്ല. അത് നിരന്തരമായ ഉണർത്തലുകളിലൂടെ സാധ്യമാകും. ആത്മാർഥമായി, ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകുമ്പോൾ നമ്മുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കാൻ ആർക്കും സാധ്യമല്ല. തുടക്കക്കാർ ഏത് ലക്ഷ്യത്തിലാണോ കൂട്ടായ്മ രൂപീകരിച്ചത് അത് നിലനിർത്തുക എന്നത് അതതുകാലത്തെ അതിന്റെ ഭാരവാഹികളുടെ ബാധ്യതയാണ്. നമുക്ക് ചുറ്റുമുള്ള ആളുകളുടെ താൽപര്യങ്ങളോ നിലപാടുകളോ ഈ ലക്ഷ്യത്തിൽനിന്ന് തെന്നിമാറാൻ കാരണമായിക്കൂടാ. ലക്ഷ്യബോധത്തിൽനിന്ന് വഴുതിമാറുമ്പോൾ ഗുണകാംക്ഷയോടെ തിരുത്താൻ മടികാണിക്കരുത്. അത് നല്ല സംഘാടകന്റെ ബാധ്യതയാണ്.

സുതാര്യത

വ്യക്തി എന്ന നിലയിൽ സംഘാടകൻ സംഘടനയുടെയും സ്വന്തത്തിന്റെയും സുതാര്യത ഉറപ്പ് വരുത്തണം. ഒന്നിലധികം ആളുകൾ ഭാഗവാക്കാകുമ്പോളാണല്ലോ ഒരു സംഘം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ആ സംഘത്തിന്റെ ഓരോ ചലനവും അതിന്റെ ഭാഗമായ മുഴുവൻ ആളുകളും അറിയേണ്ടതുണ്ട്. എങ്കിലേ മാനസികമായും ശാരീരികമായും അവർ എന്നും സംഘടനയുടെ കൂടെ ഉണ്ടാവുകയുള്ളൂ. സംഘാടകൻ എന്ന നിലയിൽ നാം ചെയ്യുന്ന വലുതും ചെറുതുമായ ഓരോ പ്രവർത്തനവും അതത് സമയങ്ങളിൽ സഹപ്രവർത്തകരുമായി കൂടിയാലോചിച്ചേ ചെയ്യാവൂ, അത് ഉറപ്പ് വരുത്തണം. ‘ആത്മാർഥത കൂടിയ’ ചിലയാളുകൾ കാര്യങ്ങൾ വേണ്ടപോലെ സഹപ്രവർത്തകരെ അറിയിക്കാതെയും ബോധ്യപ്പെടുത്താതെയും അവരുടെ സഹകരണത്തോടെയല്ലാതെയും കാര്യങ്ങൾ ചെയ്യാറുണ്ട്. അത് കൂട്ടായ്മക്ക് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. കൂടെയുള്ളവരെ പരമാവധി ഉപയോഗപ്പെടുത്തിയും ബോധ്യപ്പെടുത്തിയും മാത്രമെ ഞാൻ ഈ സംവിധാനവുമായി ബന്ധപ്പെട്ട ഓരോ കാര്യവും ചെയ്യൂ എന്ന് തീരുമാനിച്ചാൽ ആ സംഘാടകൻ വിജയിക്കും. മറിച്ചാണെങ്കിൽ പരാജയത്തിന്റെ കൈപ്പുനീർ രുചിക്കേണ്ടി വരും.

നമ്മൾ സുതാര്യത കാത്തുസൂക്ഷിക്കുന്നതോടെ നമുക്ക് ചുറ്റുമുള്ളവർകൂടി സുതാര്യത പുലർത്താൻ നിർബന്ധിതരാവും എന്നതാണ് അതിന്റെ മറ്റൊരു ഗുണം. ആർക്കും സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാനോ സംവിധാനത്തിന് കോട്ടം തട്ടുന്ന നിലപാടുകൾ സ്വീകരിക്കാനോ ഉള്ള സാഹചര്യം അതോടെ ഇല്ലാതാകും. അദ്ദേഹം എന്തുകാര്യവും കൂടിയാലോചിച്ചും അഭിപ്രായങ്ങൾ ചോദിച്ചും പരമാവധി സഹകരിച്ചും സഹകരിപ്പിച്ചും മാത്രമെ ചെയ്യുന്നുള്ളൂ എന്ന തിരിച്ചറിവ്, ‘നമുക്കും അങ്ങനെയേ മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ’ എന്ന് തീരുമാനിക്കാൻ പ്രേരിപ്പിക്കും. ഇത് ഏറ്റവും പ്രധാനമാണ്.

ഈ സംവിധാനത്തിന്റെയുള്ളിൽ സുതാര്യമായേ കാര്യങ്ങൾ നടക്കൂ എന്ന് സംവിധാനത്തിന് അകത്തും പുറത്തുമുള്ളവർക്ക് ബോധ്യമായാൽ കാര്യം എളുപ്പമാകും. സുതാര്യത കാത്തുസൂക്ഷിക്കുക എന്നത് മുമ്പത്തെക്കാൾ എളുപ്പമാനിന്ന്. ആശയവിനിമയ സംവിധാനങ്ങൾ അതിന് ഫലപ്രദമായി ഉപയോഗപ്പെടുത്തണം എന്നുമാത്രം. നമ്മുടെ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യുന്ന ഓരോ കാര്യവും അതത് സമയത്ത് തന്നെ നവമാധ്യമങ്ങൾവഴിയും മറ്റും സഹപ്രവർത്തകരെ അറിയിക്കാനും അവരുടെ അഭിപ്രായങ്ങൾ തേടാനും സഹകരണം ഉറപ്പുവരുത്താനും ശ്രദ്ധിക്കണം.

സത്യസന്ധത

ഒരു സംഘാടകന്റെ ഏറ്റവും പ്രധാന ഗുണം സത്യസന്ധത തന്നെയാണ്. അത് ഇല്ലെങ്കിൽ അയാൾക്ക്ഒരു കൂട്ടത്തെ നയിക്കാൻ സാധ്യമല്ല. പരസ്പര വിശ്വാസം പ്രധാനമാണ്. അത് സത്യസന്ധമായി കാര്യങ്ങൾ ചെയ്യുമ്പോഴേ നിലനിർത്താൻ സാധിക്കുകയുള്ളൂ. വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ സംഘാടകനും അവന്റെ സംഘടനയും പരാജയപ്പെടും. വാക്കിലും പ്രവൃത്തിയിലും സത്യസന്ധരാവാൻ സാധിച്ചാൽ മാത്രമെ സംഘാടകൻ വിജയിക്കുകയുള്ളൂ.

ഒരിക്കൽ ഒരു വിദ്യാർഥി സംഘടനയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുമ്പോൾ പരിപാടിയിൽ പങ്കെടുത്ത ആളുകളുടെ എണ്ണം പറയുമ്പോൾ നാമെല്ലാം പൊതുവെ ഉപയോഗിക്കുന്ന ‘ഓളം’ എന്ന വാക്ക് കടന്നുവന്നു. അധ്യക്ഷ വേദിയിൽനിന്നും നേതാവ് ഇടപെട്ടു. പരിപാടിയിൽ പങ്കെടുത്ത ആളുകളുടെ എണ്ണം കൃത്യമായി താങ്കൾക്ക് അറിയാമല്ലോ, അതങ്ങ് പറഞ്ഞാൽ പോരേ? എന്തിനാണ് കളവ് പറയുന്നത്?

ഏകദേശം, ...ഓളം, ...ൽ താഴെ തുടങ്ങി കൃത്യതയില്ലായ്മയുടെയും കളവുകളുടെ പുകമറ നമ്മുടെ സംസാരത്തിലും എഴുത്തിലും സ്വാഭാവികമാണ് എന്നപോലെ കടന്ന് വരാറുണ്ടോ? സംഘടനാ പ്രവർത്തനങ്ങളോട് വിമുഖത കാണിക്കുന്നവർ പലപ്പോഴും ചൂണ്ടിക്കാണിക്കുന്ന ചില പോരായ്മകളിൽ ഒന്നാണിത്. അത് നമുക്ക് എളുപ്പം തിരുത്താവുന്നതും തിരുത്തേണ്ടതുമാണ്. കളവുകൾകൊണ്ട് നമ്മെ തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനും സാധിക്കില്ലെന്ന് ചുറ്റുമുള്ളവർക്ക് ബോധ്യപ്പെട്ടാൽ അവർ അതിൽ നിന്ന് പിന്മാറുകയും അവർകൂടി സത്യസന്ധമായ നിലപാടുകളിലേക്ക് മാറുകയും ചെയ്യും. നമുക്ക് സത്യം എന്ന് ബോധ്യപ്പെട്ടത് മാത്രമെ പറയാവൂ, ആരെങ്കിലും പറയുന്നതനുസരിച്ഛ് അവരുടെ ലൗഡ്‌സ്പീക്കറായി മാറേണ്ടവരല്ല സംഘാടകർ. ഇത് പല പ്രയാസങ്ങളിലേക്കും അവരെ തള്ളിവിട്ടേക്കാം.

കൃത്യനിഷ്ഠ

സത്യസന്ധതയുടെ മറ്റൊരു ഭാഗമാണ് കൃത്യനിഷ്ഠ എന്നത്. പരിപാടികൾ, യോഗങ്ങൾ കൃത്യസമയത്ത് തുടങ്ങുന്നില്ല, കാര്യങ്ങൾ സമയബന്ധിതമായി ചെയ്തു തീർക്കുന്നില്ല എന്ന പരാതി വ്യാപകമായി നാം കേൾക്കാറുണ്ട്. അത് ശത്രുക്കൾ ആയുധമാക്കാറുമുണ്ട്. കാര്യങ്ങൾ സമയബന്ധിതമായി ചെയ്തുതീർക്കുക സാധ്യമാണോ? അതെ, സാധ്യമാണ് എന്നതാണ് ഉത്തരം; അല്ലാഹു ഉദ്ദേശിച്ചാൽ. അതിന് ആദ്യം നാം തന്നെ മാനസികമായി തയ്യാറാവണം. നമ്മുടെ ജീവിതത്തിലും ഇടപെടലുകളിലും കൃത്യനിഷ്ഠ പാലിക്കാൻ ആത്മാർഥമായ ശ്രമം ഉണ്ടാവണം. അതോടൊപ്പം സഹപ്രവർത്തകരെ അത് ബോധ്യപ്പെടുത്താൻ കഴിയുകയും വേണം. നാം വിളിച്ചുചേർക്കുന്ന യോഗത്തിന് നിശ്ചയിച്ച സമയത്തിന് പത്തോ ഇരുപതോ മുമ്പ് എത്തുക. ‘ഞാൻ യോഗസ്ഥലത്ത് എത്തി’ എന്ന് സഹപ്രവർത്തകരെ അറിയിക്കുക. എല്ലാവരും എത്തിയാൽ നമുക്ക് കൃത്യസമയത്ത് തുടങ്ങാനും അവസാനിപ്പിക്കാനും കഴിയും എന്ന പ്രതീക്ഷ പങ്കുവയ്ക്കുക. യോഗം തുടങ്ങിയാൽ കൃത്യസമയത്ത് അവസാനിപ്പിക്കുകയും ചെയ്യുക. അടുത്ത യോഗം മുതൽ ഒരുവിധം എല്ലാവരും സമയനിഷ്ഠ പാലിക്കുന്നത് കാണാം. എന്റെ സമയത്തിന് വിലകൽപിക്കുന്നു എന്ന തോന്നൽ സമയക്രമം പാലിക്കാൻ ആളുകളെ പ്രേരിപ്പിക്കും. മറ്റുള്ളവരുടെ സമയത്തിന് വിലകൽപിക്കാൻ അവർ തയ്യാറാവുകയും ചെയ്യും.

എല്ലാ മാറ്റങ്ങളിലും എതിർപ്പുകൾ സ്വാഭാവികം. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അനുഭവങ്ങളുടെ വെളിച്ചത്തിലായിരിക്കും ഓരോരുത്തരും പ്രതികരിക്കുന്നത്. ‘ഞാൻ വർഷങ്ങളായി സംഘടനാ പ്രവർത്തനം നടത്തുന്ന ആളാണ്. പരിപാടികളോ യോഗങ്ങളോ കൃത്യസമയത്ത് തുടങ്ങിയതോ അവസാനിച്ചതോ എന്റെ അറിവിലില്ല.’ പൊതുവെ കേൾക്കുന്ന അഭിപ്രായമാണിത്. ഇത് മാറ്റിയെടുക്കൽ അസാധ്യമായ കാര്യമല്ല. നമ്മൾ ആത്മാർഥമായി പരിശ്രമിക്കണമെന്നു മാത്രം.

യോഗങ്ങൾ തുടങ്ങുന്നതിലുള്ള ആവേശം അവസാനിപ്പിക്കാൻ കാണാറില്ല. സഹപ്രവർത്തകരുടെ സാഹചര്യം മനസ്സിലാക്കത്തതാണ് അതിനു കാരണം. കൂടെയുള്ളവരുടെ കുടുംബ പശ്ചാത്തലം, ജോലി, സാമ്പത്തികസ്ഥിതി, ആരോഗ്യം, കഴിവുകൾ, പ്രദേശം, ഗതാഗത സൗകര്യങ്ങൾ തുടങ്ങി വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഓരോ സംഘാടകനും കൃത്യമായ ധാരണ വേണം. അതിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ മാത്രമെ അവർക്ക് നൽകാവൂ. അല്ലാത്തപക്ഷം അയാളെ നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. യോഗം കൃത്യസമയത്ത് നിർത്താനുള്ള വഴിയാണ് പറഞ്ഞുവന്നത്. അതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം അജണ്ടയിൽ ഒതുങ്ങിനിന്ന് ചർച്ച ചെയ്യുക എന്നതാണ്. അതിന് അജണ്ട നേരത്തെ തന്നെ ഭാരവാഹികളെ അറിയിക്കണം. ഒരാഴ്ച മുമ്പെങ്കിലും യോഗവിവരവും അജണ്ടയും അറിയിച്ച്, നന്നായി പഠിച്ചും ആലോചിച്ചും വരാൻ പറഞ്ഞാൽ, കൃത്യമായി ഫോളോഅപ്പ് ചെയ്താൽ യോഗം ഫലപ്രദമാക്കാനും സമയബന്ധിതമായി തുടങ്ങി കൃത്യസമയത്ത് അവസാനിപ്പിക്കാനും സാധിക്കും.

ഇടപാടുകളിലെ കൃത്യത

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കൽ ഓരോരുത്തരുടെയും ബാധ്യതയാണ്. ജാഗ്രതക്കുറവ് തീരാനഷ്ടങ്ങൾ വിളിച്ചുവരുത്തും. സാമ്പത്തിക ഇടപാടുകളിൽ നമ്മൾ സത്യസന്ധത പുലർത്തുന്നതോടൊപ്പം അത് മറ്റുള്ളവരെ കൂടി ബോധ്യപ്പെടുത്താൻ മറക്കരുത്. പൊതുമുതൽ കൈകാര്യം ചെയ്യുന്നിടത്ത് വലിയ കരുതലും അതീവ ജാഗ്രതയും എന്നും ഉണ്ടാവണം. നമ്മെ വിശ്വസിച്ച് സാധാരണക്കാർ മുതൽ ധനാഢ്യർവരെയുള്ള സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഏൽപിച്ച സമ്പത്ത് ഒരു കരണവശാലും അനാവശ്യമായി ചെലവഴിക്കാൻ നമുക്ക് അധികാരമില്ല. താൻ നിലകൊള്ളുന്ന സംവിധാനത്തിൽ കൃത്യമായ കൂടിയാലോചന നടത്തി മാത്രമെ കാശ് ചെലവഴിക്കാവൂ. വരവുചെലവ് കണക്കുകൾ പരമാവധി വിശദമായിത്തന്നെ അവതരിപ്പിക്കണം. കണക്ക് മറ്റുള്ളവർ ചോദിച്ചാലും ഇല്ലെങ്കിലും അത് സമൂഹത്തെ ബോധ്യപ്പെടുത്തൽ നമ്മുടെ ബാധ്യതയാണ്. ഒരു പ്രത്യേക കാര്യത്തിലേക്ക് തന്ന പണം ഒരിക്കലും മറ്റു കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുത്.

സംഘടിത മുന്നേറ്റം

സംഘടിത മുന്നേറ്റമാണ് മറ്റൊരു പ്രധാന കാര്യം. ഒരു സംഘാടകൻ സംഘടനാപരമായ ഏതു കാര്യം ചെയ്യുമ്പോഴും ഒന്നിലധികം ആളുകളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തണം. കാര്യങ്ങൾ ഒറ്റക്ക് ചെയ്യുക എന്നത് ആത്മാർഥതയുടെ ഭാഗമാണ് എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. വാസ്തവത്തിൽ ഒരു സംഘാടകന്റെ ആത്മാർഥത എന്നത് ‘ഒറ്റക്ക് ഒന്നും ചെയ്യില്ല’ എന്നതിലാണ്. മറ്റുള്ളവരുടെ പിന്നാലെ നടക്കാതെ കാര്യങ്ങൾ സമയബന്ധിതമായി ചെയ്തുതീർക്കാൻ നല്ലത് ഒറ്റക്ക് ചെയ്യുന്നതല്ലേ എന്ന് പലരും ചിന്തിച്ചേക്കാം. അത് തികച്ചും തെറ്റായ ചിന്തയാണ്. ഒറ്റക്ക് കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ കഴിവിലും ചിന്തയിലും അത് പരിമിതപ്പെടും. കൂട്ടമായി ചെയ്യുമ്പോൾ കൂടെയുള്ളവരുടെ വീക്ഷണങ്ങളും കഴിവും പ്രാവീണ്യവും ഒക്കെ ഉപയോഗപ്പെടുത്താൻ സാധിക്കും. ഒറ്റക്ക് ചെയ്യുന്നതിനെക്കാൾ ഭംഗിയായും കൂടുതൽ ഫലവത്തായും കാര്യങ്ങൾ നടക്കും. അതോടൊപ്പം മറ്റുള്ളവരെകൂടി നല്ല സംഘാടകരായി വാർത്തെടുക്കുകകയാണ് ഇതിലൂടെ ചെയ്യുന്നത്. പലപ്പോഴും സംഘടനകൾ ആളുകളെക്കൊണ്ട് ‘കുടുങ്ങുക’യാണ് ചെയ്യുക. മുകളിൽ പറഞ്ഞ മാനസികാവസ്ഥ വച്ചുപുലർത്തുന്നതുകൊണ്ടാണത്. ഒരു സംവിധാനത്തിൽ 10 ആളുകൾ ഉള്ളതും 100 ആളുകൾ ഉള്ളതും ഒരുപോലെയല്ല. ആളുകൾ കൂടുന്നതിനനുസരിച്ഛ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായും ഭംഗിയായും നടത്താൻ സാധിക്കും.

‘കമ്മിറ്റിയിൽ അംഗങ്ങൾ കൂടുതലാണ്, അംഗബലം കുറച്ചില്ലെങ്കിൽ കാര്യങ്ങൾ നടക്കില്ല’ എന്ന് പലരും പറയാറുണ്ട്. ഇത് ജനസംഖ്യാ നിയന്ത്രണവും കുടുംബാസൂത്രണവും ഒക്കെ പോലെ പിന്തിരിപ്പൻ സിദ്ധാന്തമാണ്. ആള് കൂട്ടിയാലാണ് കാര്യങ്ങൾ നടക്കുക എന്നതാണ് യാഥാർഥ്യം. വ്യത്യസ്തമായ കഴിവുകൾ ഉള്ളവരെ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുമ്പോൾ അതിൽനിന്നും ഉണ്ടാകുന്ന ഫലം കൂടുതൽ നല്ലതാവാനേ സാധ്യതയുള്ളൂ.

ഒരു സംവിധാനത്തിനു കീഴിലുള്ള പ്രധാന ഭാരവാഹി മുതൽ താഴെക്കിടയിലുള്ള സാധാരണ മെമ്പർക്കുവരെ കൃത്യമായ റോൾ ഉണ്ടാവണം. എനിക്കും ചെയ്തുതീർക്കാൻ ഉത്തരവാദിത്തമുണ്ട് എന്ന് അയാൾക്ക് ബോധ്യപ്പെടുക എന്നതാണ് പ്രധാനം. അതിനുള്ള വഴി പ്രവർത്തനങ്ങളെ പരമാവധി വിഭജിക്കുക. കമ്മിറ്റിയിലുള്ള എല്ലാവർക്കും ഓരോ പ്രവർത്തനത്തിന്റെ സ്വതന്ത്ര ഉത്തരവാദിത്തം നൽകുക. ആ കാര്യം ചെയ്തു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം എനിക്കാണ് എന്ന് അയാൾക്ക് ബോധ്യപ്പെടണം. എന്നാൽ അയാൾ സ്വന്തമായല്ല അത് ചെയ്യേണ്ടത്. അത് കൂട്ടമായി തന്നെയാണ്. ഇങ്ങനെ ചെയ്ത് നോക്കൂ. ഊണും ഉറക്കും ഒഴിഞ്ഞു ഓടേണ്ടിവരില്ല. ഒരു മാരത്തൺ പോലെ എല്ലാവരും ഒരുമിച്ച് ഓടും. ഓരോരുത്തരുടെയും കഴിവനുസരിച്ച് ഓടിയോടി അവർ അതിൽ ജയിക്കുകയും ചെയ്യും. ഏത് വലിയ പ്രോഗ്രാമും സിമ്പിളായി ചെയ്തുതീർക്കാൻ സാധിക്കും. അതുകൊണ്ട് ഭാരവാഹികളുടെയും സംഘാടകരുടെയും എണ്ണം എങ്ങനെ കുറയ്ക്കാം എന്നല്ല ഒരു നല്ല സംഘടനാ പ്രവർത്തകൻ ആലോചിക്കേണ്ടത്, മറിച്ച് ചുറ്റുമുള്ളവരെ എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താം എന്നാണ്. ഇത് ഫലപ്രദമായി നടപ്പിലാക്കിയ മത-രാഷ്ട്രീയ സംഘടനകൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. വ്യക്തിപരമായ അനുഭവങ്ങൾ വേറെയും.

ഓരോ വ്യക്തിക്കും അയാൾ മാത്രം യോഗത്തിൽ റിപ്പോർട്ട് ചെയ്യേണ്ട ഉത്തരവാദിത്തം കൊടുത്താൽ അതിനെക്കുറിച്ച് അയാൾ ആലോചിക്കുകയും അത് പരമാവധി ഭംഗിയായി നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യും. അത് അയാൾ അനാവശ്യമായ മറ്റ് കാര്യങ്ങളിലേക്കും ഊഹാപോഹങ്ങൾക്കും പിറകെ പോകുന്നത് തടയുകയും സമാധാന പൂർണമായ ഒരു സംഘടനാ അന്തരീക്ഷം സൃഷ്ടിക്കുവാൻ സാധിക്കുകയും ചെയ്യും. വ്യക്തികളെ നിർമാണാത്മക കാര്യങ്ങളിൽ ബന്ധിതമാക്കിയാൽ പ്രയാസങ്ങളും പ്രതിസന്ധികളും ഒരു പരിധിവരെ കുറക്കാൻ സാധ്യമാകും.

സംഘാടകന്റെ റോൾ?

എല്ലാ സംവിധാനങ്ങളിലും അതിന്റെ പ്രധാന ഉത്തരവാദിത്തമുള്ള ആളുകൾ ധാരാളം ചുമതലകൾ ഏറ്റെടുക്കുന്നതായി കാണാറുണ്ട്. അത് ശരിയായ രീതിയല്ല. കാര്യങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് സംഘടനയിൽ പ്രധാന സംഘാടകരുടെ റോൾ. അത് ചെയ്യാതെ പോകുമ്പോഴാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നില്ല എന്ന അവസ്ഥ വരുന്നത്. അത് ആളുകളുടെ എണ്ണം കുറഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും എന്ന ചിന്തയിലേക്ക് അവരെ കൊണ്ടെത്തിക്കും. ഏതൊരു കാര്യം ചെയ്യാനും പരമാവധി ആളുകൾ ഉണ്ടാവട്ടെ; പക്ഷേ, അതിൽ ഏകോപന ചുമതലയുള്ള ഒരാൾ നിർബന്ധമായും ഉണ്ടാകണം. അയാൾക്ക് മറ്റ് ഉത്തരവാദിത്തങ്ങൾ ഉണ്ടാവരുത്. പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നൂ എന്ന് ഉറപ്പ് വരുത്തുക എന്നത് മാത്രമാവണം അദ്ദേഹത്തിന്റെ ചുമതല. ഈ ചുമതലയുടെ അഭാവമാണ് പ്രവർത്തന രംഗത്ത് ഉണ്ടാകുന്ന മന്ദീഭാവത്തിന് കാരണം. ഒരു സംഘാടകൻ മറ്റുള്ളവരുടെ കഴിവുകൾ എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താം എന്നാണ് ചിന്തിക്കുക, ഏതൊരാളുടെ കഴിവും നാടിനും സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ ഒരു സംഘാടകന്റെ പക്വമായ ഇടപെടൽകൊണ്ട് സാധ്യമാകും. തിന്മകളുടെ വഴിയേ സഞ്ചരിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കാനോ അവരെ അവഗണിക്കാനോ നമുക്ക് സാധ്യമല്ല. അവരുടെ ചിന്തയെയും കർമശേഷിയെയും നന്മയിലേക്ക് വഴിതിരിച്ചുവിടുകയാണ് നാം ചെയ്യേണ്ടത്, അത് നമ്മുടെ ബാധ്യതയാണ്.

ജീവിതത്തിന്റെ ഏറ്റവും ചെറിയ സംഘടിത രൂപമായ കുടുംബം മുതൽ സമൂഹത്തിലെ വിവിധ തലങ്ങളിൽ സംഘടനാ പ്രവർത്തകരാണ് നമ്മൾ ഓരോരുത്തരും. ദൗത്യനിർവഹണത്തിൽ വരുന്ന വീഴ്ചകൾ നമുക്കും ചുറ്റുമുള്ളവർക്കും പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ വേണ്ടി ദിവസത്തിൽ ഒന്നിലധികം തവണ കുടുംബിനികൾ ആവശ്യപ്പെടുമ്പോൾ സ്വാഭാവികമായും കുടുംബനാഥന് പ്രയാസമുണ്ടാകും. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കിയാൽ ഈ പ്രയാസം ഒഴിവാക്കാം. അങ്ങനെയായാൽ വാങ്ങാനും എളുപ്പം ഒന്നും മറന്നുപോകുകയുമില്ല. ഇത് ശീലമാക്കിയാൽ പിന്നെ ക്രമേണ ഷോപ്പിങ് ആഴ്ചയിൽ ഒന്നോ രണ്ടോ ആക്കി ചുരുക്കാം. അപ്പോൾ സമയം ലാഭിക്കാം. സാധനങ്ങൾ വാങ്ങുന്നതിന്റെ പേരിലുണ്ടാകുന്ന കുടുംബ വഴക്ക്, സാമ്പത്തിക നഷ്ടം, നിരാശ എന്നിവ ഒഴിവാകുകയും ചെയ്യും. സന്തോഷകരമായ ഒരു കുടുംബാന്തരീക്ഷം സംജാതമാകും.

ഒരു മനുഷ്യൻ കുടുംബം, സമൂഹം എന്നിവയുടെ നിർണായക ഘടകമാണ്. അതുകൊണ്ട് സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാൻ പാടില്ല. കല്യാണത്തിലും മറ്റു ക്ഷണിക്കപ്പെട്ട പരിപാടികളിലും പങ്കെടുക്കാനും രോഗികളെ സന്ദർശിക്കാനും സമയം കണ്ടെത്തണം. മത, സാമൂഹ്യ, രാഷ്ട്രീയ ഇടങ്ങളിൽ നമ്മുടെതായ ഭാഗധേയം നിർവഹിക്കാൻ തയ്യാറാവണം. നമ്മുടെ അസാന്നിധ്യം നമുക്കും കുടുംബത്തിനും സമൂഹത്തിനും ഒരുപക്ഷേ, പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാം. നല്ല സംഘാടകൻ നാടിനും കുടുംബത്തിനും സമൂഹത്തിന് മൊത്തത്തിലും വെളിച്ചമായിരിക്കണം. ഇടപെടാവുന്ന കാര്യങ്ങളിൽ പരമാവധി ക്രിയാത്മകമായ ഇടപെടൽ നടത്താൻ സാധിക്കണം. നമ്മുടെ നന്മ അനുഭവിച്ചറിയാനും ആസ്വദിക്കാനും നാടും കുടുബവും സമൂഹവും കാത്തിരിക്കുന്നുണ്ട്. എല്ലാവരും തങ്ങളുടെതായ ഭാഗധേയം നിർവഹിക്കാൻ തയ്യാറായാൽ സക്രിയമായ ഒരു സമൂഹസൃഷ്ടി സാധ്യമാണ്.

മുസ്‌ലിം എന്ന നിലയിൽ മതാധ്യാപനങ്ങൾ സ്വീകരിച്ചാചരിക്കുക നമ്മുടെ ബാധ്യതയാണ്. അത് പ്രത്യേകം പരാമർശിക്കേണ്ടതില്ല എന്നതുകൊണ്ടാണ് ഇൗ എഴുത്തിൽ ആ കാര്യങ്ങൾ ഉൾപ്പെടുത്താതിരുന്നത്. മത, സാമൂഹ്യ, സാംസ്‌കാരിക, തൊഴിൽ, കുടുംബ രംഗങ്ങളിൽ ഇടപെടുന്ന ഒരു നല്ല മുസ്‌ലിം എന്ന നിലയിൽ നമ്മൾ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് സൂചിപ്പിച്ചത്.