മുന്നാക്ക സംവരണം: അനീതിയുടെ സാമൂഹിക പരിസരം

മുജീബ് ഒട്ടുമ്മൽ

2022 ഡിസംബർ 03, 1444 ജുമാദുൽ ഊല 08
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഭരണഘടനാഭേദഗതി ശരിവെച്ച സുപ്രീംകോടതി നടപടി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. ഭരണഘടനാശില്‍പികള്‍ അന്ന് വിഭാവനം ചെയ്ത മൂല്യങ്ങളില്‍ എന്തു ന്യൂനതയാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് വിശദീകരിക്കേണ്ടത് തിരുത്തലിന് നേതൃത്വം നല്‍കിയവര്‍ തന്നെയാണ്.

തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണമേർപെടുത്തിയ കേന്ദ്ര സർക്കാറിന്റ നടപടി സുപ്രീം കോടതി ശരിവച്ചിരിക്കുകയാണല്ലോ! മുന്നാക്ക വിഭാഗത്തിന് സാമ്പത്തിക സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103ാം ഭേദഗതിക്കെതിരെയുള്ള ഹർജിയിലാണ് സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചിന്റ സുപ്രധാനവിധി വന്നിരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാനഘടനയെതന്നെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സമ്പന്ധിച്ച ഭേദഗതി എന്നതായിരുന്നു ബെഞ്ച് പരിഗണിച്ചിരുന്നത്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം ത്രിവേദി, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരാണ് മുന്നാക്ക സംവരണത്തെ അനുകൂലിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് യു. യു ലളിത്, ജസ്റ്റീസ് എസ്.രവീന്ദ്രഭട്ട് എന്നിവർ സംവരണത്തെ എതിർത്തു. മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്കും സാമൂഹിക നീതിക്കും എതിരാണെന്ന ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റ വിയോജനവിധിയോട് അനുകൂലിക്കുന്നതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു. ഭരണഘടന വിലക്കിയ വിവേചനം ഭേദഗതിയിലൂടെ നടപ്പാക്കുകയാണെന്നും ജാതി വിവേചനത്തിന്റ ദുരിതങ്ങളെ നയപരമായി അംഗീകരിക്കുന്നതിന് തുല്യമാണ് മുന്നാക്ക സംവരണമെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് നീരീക്ഷിച്ചു.

2019 ജനുവരിയിൽ ഭരണഘടനയുടെ 15, 16 അനുഛേദങ്ങൾ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുവദിച്ചതിനെതിരെയുള്ള 39 ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ഇങ്ങനെ ഒരു വിധി പ്രസ്താവിച്ചത്. സംവരണം സാമ്പത്തിക പദ്ധതിയല്ലെന്നും പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നും ഹർജിക്കാർ വാദിച്ചു. സാമ്പത്തിക സംവരണത്തിൽനിന്ന് പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഒഴിവാക്കിയതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് വാദിച്ചിട്ടും വിധി വിപരീതമായാണ് പ്രസ്താവിച്ചത്.

ഇന്ത്യൻ പൈതൃകത്തെയും വൈവിധ്യത്തെയും പരിഹസിച്ചുകൊണ്ട് നീതിപീഠത്തിൽനിന്ന് ഇങ്ങനെ ഒരു നിരീക്ഷണമുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചതാവാനിടയില്ല. മാറിയ സാഹചര്യത്തിൽ പൊതു സമൂഹത്തിലും ഇതര സ്ഥാപനങ്ങളിലുമെന്നതുപോലെ ഇന്ത്യൻ സുപ്രീം കോടതിയിലും ഭരണഘടനാ വിരുദ്ധരായ വലതുപക്ഷ കാഴ്ചപാട് വളർന്നുവരുന്നുവെന്നത് ആശങ്കാജനകമാണ്. ബാബരി മസ്ജിദ് കേസിലും കോടതി വിധിയെ ബഹുസ്വരസമൂഹം ആശങ്കയോടുകൂടിയാണ് കണ്ടത്.

സവർണ തമ്പുരാക്കൻമാരുടെ കീഴിൽ മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾ രണ്ടാം കിട പൗരൻമാരായി കഴിയണമെന്ന സംഘപരിവാർ ലക്ഷ്യങ്ങളുടെ സാക്ഷാൽകാരത്തിനായി ജുഡീഷ്യറി പോലും പ്രവർത്തിക്കുന്നുവെന്ന ധാരണ നൽകുന്നതാണ് ഇത്തരം സമീപനങ്ങൾ. ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുന്ന പൗരത്വവിഷയമടക്കമുള്ള കേസുകളുടെ അവസ്ഥകളും ഇത് പോലെയാകുമെന്ന ആശങ്ക ബലപ്പെട്ടുവരികയാണ്. ഓരോ ആനുകൂല്യവും കവർന്നെടുത്ത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ അരികുവൽകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെല്ലാം എന്ന് കരുതേണ്ടിയിരിക്കുന്നു.

സംവരണ ലക്ഷ്യം

മൃഗങ്ങൾക്ക് പോലും സഞ്ചരിക്കുവാൻ സ്വാതന്ത്ര്യമുള്ള വഴിയിലൂടെ പിന്നാക്ക വിഭാഗത്തിലുള്ളവരെ നടന്നുപോകാൻ അനുവദിക്കാത്ത അയിത്തബോധം ഇന്ത്യയുടെ പ്രാചീനകാലം മുതലേയുള്ളതാണ്. സവർണർക്ക് ദാസ്യവേല ചെയ്യാൻ മാത്രം വിധിക്കപ്പെട്ട ദളിതരും പിന്നാക്കക്കാരുമായ ഒരു ജനതയെ മനുഷ്യരായി കാണാൻപോലും വിസമ്മതിച്ച സാമൂഹ്യക്രമമായിരുന്നു ഇന്ത്യയിലേത്.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന മൂല്യങ്ങളിൽ ഭദ്രമായ സാമൂഹ്യ ജനാധിപത്യത്തിന്റ അനിവാര്യതയ്ക്ക് വേണ്ടിയാണ് ഭരണഘടന ശിൽപികൾ നിയമനിർമാണം നടത്തിയത്. ഇൗതത്ത്വങ്ങൾക്ക് വിഘാതമാകുന്ന ഘടകങ്ങളെന്തൊക്കെയെന്ന് ദീർഘവീക്ഷണത്തോടെ രാഷ്ട്രശിൽപികൾ കണ്ടെത്തിയിട്ടുണ്ട്. അതിനെ പ്രതിരോധിക്കാനുള്ള പ്രായോഗിക മാർഗങ്ങളും അവർ രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാവരും തുല്യരാകണമെന്ന തത്ത്വമാണ് യഥാർഥത്തിൽ ജനാധിപത്യത്തിെന്റ കാതൽ. അതുകൊണ്ട് തന്നെ ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖത്തിൽ തുല്യതയെ നിർവചിച്ചിരിക്കുന്നത് അവസരത്തിന്റയും പദവിയുടെയും തലത്തിലാണ് (Equaltiy of status and opportuntiy). ഇന്ത്യൻ ഭരണഘടനയുടെ 15 മുതൽ 18 വരെയുള്ള അനുഛേദങ്ങൾ പ്രധാനമായും സമത്വം സ്ഥാപിക്കാനാണ് ലക്ഷ്യമാക്കിയിട്ടുള്ളത്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 അയിത്തത്തെയും തൊട്ടുകൂടായ്മയെയും നിരോധിക്കുകയും ഏത് രൂപത്തിലുമുള്ള അതിെൻറ ആചരണത്തെ തടയുകയും ചെയ്യുന്നു. കൂടാതെ തൊട്ടുകൂടായ്മ മൂലം ഏതെങ്കിലും രീതിയിലുളള അയോഗ്യത അടിച്ചേൽപിക്കുന്നത് നിയമപരമായി ശിക്ഷയേൽക്കുന്ന കുറ്റവുമാണ്. അടിമത്ത നിരോധനത്തിനായി അമേരിക്കൻ ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിയോടാണ് ലോകത്ത് ഇതിന് സമാനതയുള്ളത്. തുല്യതയുമായി ബന്ധപ്പെട്ടുതന്നെയുള്ള ഭരണഘടന വകുപ്പുകളായ പതിനഞ്ചിലും പതിനാറിലുമാണ് സംവരണമെന്ന ആശയം ഉൾച്ചേർന്നിരിക്കുന്നത്. ഭരണഘടനാ നിർമാണസഭയിൽ സംവരണത്തെ കുറിച്ച് നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. ഡോ. ദാമോദർ സേത്ത് സ്വരൂപ് സേത്ത് പറഞ്ഞു: “പിന്നാക്കമെന്ന വാക്ക് കൃത്യമായി നിർവചിക്കുക അസാധ്യമാണ്. അതുപോലെ ഒരു വർഗത്തിന്റയോ സമുദായത്തിന്റയോ പിന്നാക്കാവസ്ഥ നിശ്ചയിക്കുന്നതിനായി ഉചിതമായ ഒരു മാനകം നിർണയിക്കുക എന്നതും എളുപ്പമല്ല. ഇത് ജാതിയതയും പക്ഷപാതിത്തവും വളരാനേ ഇടയാക്കൂ. അവയ്ക്ക് മതേതര രാഷ്ട്രത്തിൽ ഒരു സ്ഥാനവുമില്ല.’’

ഭരണഘടന നിർമ്മാണസഭയിൽ പ്രധാനമായും ഉയർന്നുവന്ന മൂന്ന് അഭിപ്രായങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഇന്ന് നാം ഭരണഘടനയിൽ കാണുന്ന സംവരണത്തെ രൂപപ്പെടുത്തിയത് ഡോ. അംബേദ്കറാണ്. അദ്ദേഹം പറഞ്ഞു: “ഈ സഭയിൽ ഉയർന്നുവന്ന മൂന്ന് പ്രധാന അഭിപ്രായങ്ങളിൽ ഒന്ന് എല്ലാ പൗരൻമാർക്കും തുല്യ അവസരം ഉണ്ടായിരിക്കണമെന്നതാണ്. ഈ തത്ത്വം പ്രാവർത്തികമാകണമെങ്കിൽ ഏതെങ്കിലും വർഗത്തിനോ സമുദായത്തിനോ പ്രത്യേകമായി സംവരണം പാടില്ല. പൊതു ഭരണ സംവിധാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം യോഗ്യരാണെങ്കിൽ എല്ലാ പൗരൻമാരെയും തുല്യനിലയിൽ പരിഗണിക്കണം.’’ അതോടൊപ്പം തന്നെ ഉയർന്നുവന്ന ശക്തമായ അഭിപ്രായം അവസര സമത്വത്തിനോടൊപ്പം ഇത്രയുംകാലം ഭരണത്തിൽനിന്ന് ഒഴിവാക്കി നിറുത്തപ്പെട്ട സമുദായങ്ങൾക്ക് പ്രവേശനം നൽകുന്നതിന് സംവിധാനം വേണം എന്നതാണ്.

അങ്ങനെയാണ് ഭരണഘടനയുടെ അനുഛേദം 16 (4)ൽ ഭരണ രംഗത്ത് മതിയായ പ്രാതിനിധ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽ പെട്ട പൗരൻമാർക്ക് നിയമനങ്ങളിലും തസ്തികകളിലും രാഷ്ട്രത്തിന് സംവരണമേർപ്പെടുത്താമെന്ന് വ്യവസ്ഥ ചെയ്തത്. ഭരണഘടന സഭയിൽ ഉയർന്നുവന്ന മറ്റൊരു അഭിപ്രായം പിന്നാക്കം (Backward) എന്നതിനെ നിർവചിക്കണമെന്നതായിരുന്നു. എച്ച്. എൻ കുൻസ്രു എന്ന അംഗം പറഞ്ഞതിങ്ങനെയാണ്: ‘പിന്നാക്കം എന്ന പദം ഭരണഘടനയിൽ എവിടെയും നിർവചിച്ചതായി കാണാൻ സാധ്യമല്ല. ഏതെങ്കിലും വിഭാഗം പിന്നാക്കമാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം കോടതികൾക്ക് വിട്ടുകൊടുക്കരുത്. ആ വാക്ക് നിർവചിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.’ വരാൻ പോകുന്ന നീണ്ട വ്യവഹാരങ്ങളുടെ ചരിത്രത്തെ അദ്ദേഹം ദീർഘദർശനം ചെയ്തിരുന്നുവെന്ന് പറയാനാകും.

ഭരണഘടനയുടെ അന്തിമമായ ലക്ഷ്യം അവസരസമത്വം ഉറപ്പുവരുത്തുകയും ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിലെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ശ്രേണീകൃത അസമത്വമായ ജാതിവ്യവസ്ഥ ഇല്ലാതാക്കുകയുമാണ്. അങ്ങനെ അവസര സമത്വം കൊണ്ടുവരണമെങ്കിൽ അടിച്ചമർത്തപ്പെട്ട, വിവേചനം അനുഭവിച്ചികൊണ്ടിരിക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക സംരക്ഷണവും അവകാശവും സംവരണവും ഉറപ്പുവരുത്തണം. അഥവാ സാമൂഹ്യമായും വിദ്യാഭ്യാസപരമായും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവന്ന് അവസര സമത്വം ഉറപ്പാക്കുകയും ഉച്ചനീചത്വങ്ങൾക്ക് അറുതിവരുത്തുകയും ചെയ്യുക എന്നതാണ് സംവരണത്തിന്റ ലക്ഷ്യവും തത്ത്വവും. പുരാതന കാലത്തെ രാജ്യഭരണം മുതൽ ആധുനിക കാലത്തെ ജനാധിപത്യംവരെ ഇത് നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ചരിത്രം സാക്ഷിയാണ്.

സാമ്പത്തിക സംവരണം നീതിയോ?

ഇന്ത്യൻ ഭരണഘടനയിലെ 15(4) അനുഛേദമനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാനുള്ള അനുവാദമുണ്ട്. 2019 എട്ടിന് കേന്ദ്ര ഭരണകൂടം അതിന് ഭേദഗതി വരുത്തുന്നതുവരെ സാമ്പത്തികം എന്ന പദം ഭരണഘടനയിൽ ഉണ്ടായിരുന്നില്ല. എന്നാൽ 10 വർഷത്തിലൊരിക്കൽ സോഷ്യോ എക്കണോമിക് കാസ്റ്റ് സർവെ നടത്തി പിന്നാക്ക സമുദായത്തിന് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രാതിനിധ്യക്കുറവ് പരിഹരിക്കണമെന്നും കോടതി നിർദേശവുമുണ്ട്. ഇത്തരമൊരു സർവെ വ്യവസ്ഥാപിതമായി നടത്താൻ അധികാരികൾ തയ്യാറാകാത്തതുതന്നെ സംവരണ രംഗത്തെ വിമുഖതയാണെന്ന് മനസ്സിലാകും.

ഭരണഘടനയുടെ 340ാം വകുപ്പനുസരിച്ച് ഇന്ത്യയിലെ പിന്നാക്കക്കാരെ കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കാവുന്നതാണ്. 1953 ജനുവരിയിൽ ഭരണഘടന തത്വമനുസരിച്ച് അന്നത്തെ പാർലമെന്റംഗമായിരുന്ന കാക്കാ സാഹിബ് കലേൽക്കർ ചെയർമാനായി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് പുറമെയുള്ള പിന്നാക്കക്കാരെ കണ്ടെത്തുന്നതിനായി പിന്നാക്ക മാനദണ്ഡമെന്ന് വിലയിരുത്തി പരിഹാര മാർഗങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കലാണ് ദൗത്യമായിരുന്നത്. സർക്കാർ സർവീസിലും തദ്ദേശ സ്വയംഭരണ സംവിധാനങ്ങളിലും പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. സാമ്പത്തിക സംവരണത്തെക്കുറിച്ച് ഇതിൽ പരാമർശിച്ചതേയില്ല!

1979ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി ഗവൺമെന്റ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ തിരിച്ചറിയുന്നതിനായി കമ്മീഷനെ നിയോഗിച്ചു. പാർലമെന്റംഗമായിരുന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡൽ ആയിരുന്നു അതിെൻറ ചെയർമാൻ. 52 ശതമാനം വരുന്ന പിന്നാക്ക വിഭാഗത്തിന് 27 ശതമാനം സംവരണം നിർദേശിച്ചുകൊണ്ടും നികത്തപ്പെടാത്ത സംവരണ തസ്തികകൾ മൂന്ന് കൊല്ലത്തേക്ക് ക്യാരി ഓവർ ചെയ്യണമെന്നും നിർദേശിച്ചുകൊണ്ടുമാണ് റിപ്പോർട്ട് സമർപ്പിച്ചത്. വളരെ സമഗ്രമായി തയ്യാറാക്കിയ പഠന റിപ്പോർട്ടിലെ പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ കാണാൻ 10 വർഷത്തിന് ശേഷം വി.പി സിംഗ് മന്ത്രിസഭ തീരുമാനമെടുത്തു. ഇതിനെതിരെ ഉത്തരേന്ത്യയിൽ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വി.പി സിംഗിെന്റ തീരുമാനം സ്‌റ്റേ ചെയ്തു.

പിന്നിടു വന്ന നരസിംഹറാവു മന്ത്രിസഭയാണ് റിപ്പോർട്ട് നടപ്പിലാക്കാൻ ഉത്തരവിട്ടത്. ഈ ഉത്തരവിൽ മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചുവെങ്കിലും ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി ഇത് ഭരണഘടന വിരുദ്ധമാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്കല്ലാതെ സംവരണമില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അഥവാ സാമ്പത്തിക സംവരണത്തിന് നിയമസാധുതയില്ലെന്നർഥം. പിന്നീട് നിയോഗിച്ച രംഗനാഥ മിശ്ര കമ്മീഷനും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ പിന്നാക്കവസ്ഥ പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിലും സാമ്പത്തിക സംവരണം പരാമർശിച്ചിട്ടില്ല.1958ൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര കമ്മീഷനാണ് സാമ്പത്തിക സംവരണം എന്ന ആശയം മുന്നോട്ടുവച്ചത്. സാമുദായിക സംവരണം ജാതിചിന്ത ശാശ്വതീകരിക്കും, കൂടുതൽ സമുദായങ്ങൾ സംവരണം ആവശ്യപ്പെടും, സിവിൽ സർവീസിന്റെ കാര്യക്ഷമത കുറയും എന്നിവയായിരുന്നു അവരുടെ വിലയിരുത്തൽ.

എന്നാൽ ഇന്ത്യൻ ഭരണഘടന ശിൽപികൾ കണ്ടെത്താത്ത ന്യൂനതകൾ ആരോപിച്ച് സവർണർക്ക് വേണ്ടി സാമ്പത്തികവാദം ഉന്നയിച്ച് ദിശ തിരിച്ചുവിടാനുള്ള ശ്രമമാണുണ്ടായത്. ഇത്തരം ശ്രമങ്ങൾ വിജയം കണ്ടില്ല എന്നതാണ് സത്യം. ജനാധിപത്യത്തിൽ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്ന സംവരണം അട്ടിമറിച്ചുകൊണ്ട് ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ഭൂരിപക്ഷ വർഗീയ ശക്തികളുടെ അഥവാ സംഘപരിവാരങ്ങളുടെ ഗൂഢ നീക്കമാണ് സാമ്പത്തിക സംവരണത്തിന് പിന്നിലെന്നത് നാം അറിയാതെ പോകരുത്.

മുന്നാക്ക സംവരണത്തിന് കേരളത്തിെന്റ ധൃതി

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ബിജെപി കേന്ദ്ര സർക്കാർ 2019 ജനുവരി എട്ടിന് ഭരണഘടനാഭേദഗതി പാസ്സാക്കുകയുണ്ടായി. ഇതിനെ 2020 ഒക്ടോബർ 21ന് കേരള മന്ത്രിസഭയും അംഗീകരിച്ചുവെന്നതാണ് ഏറെ ദൗർഭാഗ്യകരമായ കാര്യം. കേന്ദ്ര ഭരണകൂടം നിശ്ചയിച്ച കമ്മീഷനുകളുടെ റിപ്പോർട്ടുകൾ പരിശോധിച്ച് പരിഹരിക്കാനോ പിന്നാക്ക വിഭാഗങ്ങൾക്കായി ക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കാനോ തയ്യാറാകാതെയുള്ള മുന്നാക്ക സംവരണത്തിനായുള്ള ധൃതി ആരെയും ആശ്ചര്യപ്പെടുത്തുന്നവയാണ്.

2000 ഫെബ്രുവരി 11 സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രൻ ചെയർമാനായ കമ്മീഷൻ കണ്ടെത്തിയ ഭീകരമായ പിന്നാക്കാവസ്ഥയെ പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടായില്ല. 2006 ൽ ഡോ. മൻമോഹൻ സിംഗിന്റ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ നിയോഗിച്ച ജസ്റ്റിസ് സചീന്ദർ സച്ചാർ ചെയർമാനായ കമ്മീഷൻ കണ്ടെത്തിയ മുസ്‌ലിം പിന്നാക്കാവസ്ഥയും പരിഹരിക്കപ്പെട്ടില്ല. പരിഹാരത്തിനായി നിർദ്ദേശിച്ച പദ്ധതികളിൽ മാറ്റം വരുത്തി പാലോളിക്കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻമേലുള്ള നടപടി പൂർത്തിയാക്കാൻ ശ്രമിച്ചതുമില്ല. അതിനെല്ലാം മുന്നേതന്നെ മുന്നാക്ക സംവരണം നടപ്പിലാക്കാനുള്ള ശ്രമമാണ് സർക്കാറിന്റ ഭാഗത്തുനിന്നുണ്ടായത്. അതിനായി കെ.ശശീധരൻ നായർ ചെയർമാനും അഡ്വ.എം രാജഗോപാലൻ നായർ മെമ്പറുമായ കമ്മീഷനെ നിയോഗിക്കുകയാണുണ്ടായത്. കമ്മീഷന്റെ പഠനത്തിലോ റിപ്പോർട്ടിലോ കേരളത്തിൽ എത്ര ശതമാനമാണ് സാമ്പത്തിക സംവരണത്തിനർഹർ (Economically weaker section - EWS) എന്ന് കണക്കാക്കിയിട്ടില്ല. ഇവർക്ക് പത്ത് ശതമാനം സംവരണം നൽകുമ്പോൾ ഈ വിഭാഗം കേരള ജനസംഖ്യയിൽ എത്ര ശതമാനമുണ്ടെന്ന് കണക്കാക്കേണ്ടത് അടിസ്ഥാന വിഷയമായിരുന്നു.

കമ്മീഷന്റ നിർദേശത്തിൽ സർക്കാർ അംഗീകരിച്ച മാനദണ്ഡമനുസരിച്ച് ഗ്രാമപഞ്ചായത്തിൽ രണ്ടര ഏക്കർ ഭൂമിയും മുൻസിപ്പാലിറ്റിയിൽ 75 സെന്റ് ഭൂമിയും കോർപറേഷനിൽ 50 സെന്റ് ഭൂമിയുമുള്ള മുന്നാക്ക വിഭാഗത്തിലെ വ്യക്തി ഈ വിഭാഗത്തിൽ പെടുന്നു. കോഴിക്കോട്, കൊച്ചി, തിരുവന്തപുരം പോലെയുള്ള വൻനഗരങ്ങളിൽ 50 സെന്റ് ഭൂമിയുള്ളവനും സാമ്പത്തിക പിന്നാക്കക്കാരനാണെന്നാണ് കണക്കാക്കുന്നത്. നാല് ലക്ഷം രൂപ വാർഷിക വരുമാനമുള്ളവരും മുപ്പതിനായിരം രൂപ പ്രതിമാസ വരുമാനമുള്ളവരും സാമ്പത്തിക സംവരണത്തിനർഹരാണ്. സംവരണ സമുദായങ്ങൾക്ക് ഏറെ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന വസ്തുത വിസ്മരിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും വലിയ പ്രതിഫലനങ്ങൾ അതുമൂലമുണ്ടാകുന്നുണ്ട്. മെഡിക്കൽ പിജിയിൽ ഒ.ബി.സിക്ക് മൊത്തം 9 ശതമാനം ലഭിക്കുന്നിടത്ത് മുേന്നാക്ക സാമ്പത്തിക സംവരണത്തിന് 10 ശതമാനം പൂർണമായും ലഭിക്കുന്നു. അഥവാ ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്‌ലിംകൾക്ക് രണ്ട് ശതമാനവും ജനസംഖ്യയിൽ അഞ്ച് ശതമാനം പോലുമില്ലാത്ത മൂേന്നാക്ക സാമ്പത്തിക സംവരണക്കാരന് 10 ശതമാനവും സംവരണമായി ലഭിക്കുന്നു!

2020-21 വർഷത്തെ ഹയർ സെക്കന്ററി അലോട്ട്‌മെന്റിലും ഇത് പ്രതിഫലിച്ചതായിക്കാണാം. എംബിബിഎസ് അഡ്മിഷന് ആകെ 1555 സീറ്റിൽ 27 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തിന് എട്ട് ശതമാനം കണക്കാക്കി 84 സീറ്റാണ് ലഭിച്ചത്. എന്നാൽ ജനസംഖ്യയിൽ അഞ്ച് ശതമാനം പോലുമില്ലാത്ത സാമ്പത്തിക സംവരണക്കാർക്ക് 10 ശതമാനപ്രകാരം 130 സീറ്റ് ലഭിച്ചു. എൽഎൽബി പ്രവേശനത്തിൽ മുസ്‌ലിം സമുദായത്തിന് ലഭിച്ചത് 555 സീറ്റുകളാണെങ്കിൽ സാമ്പത്തിക സംവരണക്കാർക്ക് 4798 സീറ്റുകളാണ് ലഭിച്ചത്. സർക്കാർ കോളേജുകളിലെ എംഎസ്‌സി നഴ്‌സിംഗ് കോഴ്‌സിൽ മുസ്‌ലിം സമുദായത്തിന് 146ഉം സാമ്പത്തിക സംവരണക്കാർക്ക് 580ഉം സീറ്റുകളാണ് നീക്കിവച്ചത്. ഇവിടെ എസ്‌സി വിഭാഗത്തെക്കാൾ കൂടുതലാണ് ഇവർക്ക് ലഭിച്ചതെന്ന് പറയുമ്പോൾ എത്രമാത്രം അപകടകരമാണെന്ന് ബോധ്യപ്പെടും. ഇത് സർക്കാർ മേഖലയിലെ തൊഴിൽ രംഗ‌േത്തയും രൂക്ഷമായി ബാധിക്കുമെന്നതിൽ സംശയമില്ല. കേരള ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്‌ലിംകൾ ഉദ്യോഗ പ്രാതിനിധ്യത്തിൽ -136%ലാണ് നിൽക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റ സർവെയിൽ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇരട്ടിയിലധികം ഈ രംഗത്ത് പ്രാതിനിധ്യം ഉറപ്പിച്ച മുന്നാക്ക വിഭാഗത്തിന് സാമ്പത്തിക സംവരണത്തിന്റ പേരിൽ പത്ത് ശതമാനം കൂടി വർധിപ്പിച്ചത് അനീതിയാണെന്ന കാര്യത്തിൽ തർക്കമില്ല.

സംവരണ രംഗത്ത് നീതി സാധ്യമാകണം

1969ൽ ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് കാസർകോട് എളനീർമഠം അധികാരി തളിപ്പറമ്പ് തൃച്ചംബരത്ത് സ്വാമി കേശവാനന്ദ ഭാരതി കേരള സർക്കാറിനെതിരെ നൽകിയ കേസിന്റ വിധിയിൽ സുപ്രീം കോടതിയുടെ 13 അംഗ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ചത് ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിന് അവകാശമുണ്ടെങ്കിലും അടിസ്ഥാനതത്ത്വം ഭേദഗതി ചെയ്യാൻ പാടില്ലെന്നാണ്. സംവരണം ഭരണഘടനാടിസ്ഥാന തത്ത്വമായിരിക്കെ ഭരണഘടന വിചക്ഷണൻമാർ എഴുതിച്ചേർക്കാത്ത ഭാഗമാണ് 103ാം ഭേദഗതിയിലൂടെ ഭരണഘടനയിൽ എഴുതിച്ചേർത്ത് ഇപ്പോൾ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

എന്നാൽ പിന്നാക്ക സമുദായത്തിന്റ പ്രാതിനിധ്യത്തെ സംബന്ധിച്ച് പാവപ്പെട്ടവരെന്നോ സമ്പന്നരെന്നോ നോക്കുന്നത് ഭരണഘടനപരമായി ശരിയല്ലെന്ന് നിയമ വിശാരദർ വിശദീകരിച്ചിട്ടുണ്ട്. ഗുജറാത്ത് സർവീസിൽ മുസ്‌ലിം പ്രാതിനിധ്യം ശരിയായ അനുപാതത്തിൽ ഉണ്ടായിരുന്നുവെങ്കിൽ കലാപം വംശഹത്യയായി മാറുമായിരുന്നില്ലെന്ന് നിരീക്ഷിക്കുന്നവരുണ്ട്. അധികാര പങ്കാളിത്തം അർഹമായ നിലയിൽ സമുദായങ്ങൾക്ക് ലഭിക്കണമെന്ന് ഈ സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ബാബരി മസ്ജിദ് തകർച്ചയിലും സുരക്ഷാ ഉദ്യോഗസ്ഥരിൽ സാമുദായിക പങ്കാളിത്തമില്ലാതെ പോയതാണ് വിനയായതെന്നും നിരീക്ഷണമുണ്ട്.

ദാരിദ്ര്യനിർമാർജനമാണ് സംവരണംകൊണ്ടുദ്ദേശിക്കുന്നതെങ്കി ൽ എല്ലാ വിഭാഗങ്ങളിലെയും ദരിദ്രരെ പരിഗണിക്കണമായിരുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ പദ്ധതികളാസൂത്രണം ചെയ്യാൻ ധാരാളം മാർഗങ്ങൾ തേടാൻ അവസരമുണ്ട്. അവ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. മുസ്‌ലിം സമുദായത്തെയും ഇതര പിന്നാക്കക്കാരെയും ഉൻമൂലനം ചെയ്യാനും സാമ്പത്തികമായി തകർക്കാനും നിയമ നിർമ്മാണം നടത്തുകയാണ് സംഘപരിവാരങ്ങൾ. സംവരണങ്ങളിൽ കൈ വെക്കാൻ അവരെ പ്രേരിപ്പിക്കുന്നതും അങ്ങനെയൊരു വികാരമാണ്. അതിന് സഹായമാകുന്ന തീരുമാനങ്ങളും നിയമനിർമാണങ്ങളും കേരള സർക്കാരിൽനിന്ന് കൂടി ഉണ്ടാകുന്നത് വലിയ അപരാധമാണ്. സുപ്രീം കോടതിയുടെ വിധി വന്ന സാഹചര്യത്തിൽ അത് കൂടുതൽ വേഗതയോടെ നടപ്പിലാക്കുന്നതോടെ സംവരണ സമുദായങ്ങൾ അതിദൂരം പിന്നിലേക്ക് തള്ളപ്പെടും.

മുസ്‌ലിംകൾ അനർഹമായി പലതും നേടിയെടുക്കുന്നുവെന്ന ഗുരുതരമായ ആരോപണമുന്നയിക്കുന്നവരുടെ മുൻപന്തിയിലും സോഷ്യലിസ്റ്റ് വാദികൾ ഉണ്ടെന്നത് നിരാശാജനകമാണ്. മുന്നാക്ക വിഭാഗത്തിന്റ കാര്യത്തിൽ അതീവ താൽപര്യം കാണിക്കുന്ന ഇടതുപക്ഷ സർക്കാർ സംവരണ സമുദായങ്ങൾക്ക് അവകാശപ്പെട്ട തസ്തികകൾ നൽകുന്നതിന് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടത്താൻ തിടുക്കം കാണിക്കുന്നുമില്ല.

അതിലുപരി അവകാശങ്ങൾക്കായി ശബ്ദിക്കുന്നവരെ വർഗീയ ചാപ്പകുത്തി നിശ്ശബ്ദരാക്കാൻ സർക്കാർ നേതൃത്വത്തിൽ പ്രചാരണം ശക്തമാക്കുകയും ചെയ്യുന്നു. സർക്കാർ 77.5 ശതമാനം വരുന്ന പിന്നാക്ക വിഭാഗത്തെ അവഗണിച്ച് 22.5 ശതമാനം വരുന്ന സവർണ വിഭാഗത്തിന് അനുകൂല സമീപനം സ്വീരിക്കുകയാണ്.

ഇന്നുവരെയുള്ള വിവരങ്ങളുടെ പിൻബലത്തിൽ പരിശോധിച്ചാൽ സംവരണ സമുദായങ്ങളുടെ അവകാശങ്ങൾ സവർണവിഭാഗം കൈവശപ്പെടുത്തിയെന്നതല്ലാതെ ഒരു സമുദായത്തിന്റെയും അവകാശം സംവരണ സമുദായങ്ങൾ കൈവശപ്പെടുത്തിയതായി കാണാൻ സാധ്യമല്ല.

ബഹുജനമുന്നേറ്റം അനിവാര്യമായ സാഹചര്യമാണുള്ളത്. ഇതര സംവരണ സമുദായങ്ങളെ കൂടി ബോധവൽകരിച്ച് സാമൂഹ്യനീതിക്കായി അണിനിരക്കാൻ പ്രേരിപ്പിക്കണം. അതിനുള്ള മാർഗം കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധത എളുപ്പമാക്കിത്തരും. വിചാരവിപ്ലവത്തിലൂടെ അവകാശങ്ങൾ നേടിയെടുക്കാൻ ഐക്യപ്പെടണം. അതിനുവേണ്ടിയുളള ദിനങ്ങളുടെ പുലരിയെ കാത്തിരിക്കാം.