പുതിയ ഇന്ത്യ; പ്രശ്‌നങ്ങളും പരിഹാരവും

ടി.കെ അശ്‌റഫ്

2022 ഏപ്രിൽ 16, 1442 റമദാൻ 14
ജാതി-മത-സാമ്പത്തിക പരിഗണനകള്‍ക്കതീതമായി പൗരന്മാരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ മാത്രമെ ഭരണവും ഭരണീയരും ബഹുമാനിക്കപ്പെടുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍, വര്‍ത്തമാനകാല ഇന്ത്യയില്‍ അനീതിക്കും അസമത്വങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ല. പലപ്പോഴും സ്റ്റേറ്റാണ് അതിന്റെ സ്‌പോണ്‍സര്‍മാര്‍ എന്നത് ആരെയാണ് ഭയപ്പെടുത്താത്തത്!

ഇന്ത്യയിലെ മതനിരപേക്ഷ മനസ്സുള്ളവരും വിശിഷ്യാ ന്യൂനപക്ഷങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷമായി കടുത്ത ആശങ്കയോടെയാണ് കഴിഞ്ഞുകൂടുന്നത്. വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ എത്തിയ ശേഷം ഒന്നിന് പിറകെ മറ്റൊന്നായി അവരുടെ ഒളിയജണ്ടകള്‍ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയത്, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, ഡല്‍ഹി കലാപം, മീഡിയ വണ്‍ വിലക്ക്, ഹിജാബ് നിരോധനം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അവര്‍ക്കുണ്ടായ വിജയം, പ്രതിപക്ഷ കക്ഷികളുടെ അനൈക്യം തുടങ്ങിയ ആശങ്കാജനകമായ പല കാര്യങ്ങളുടെയും പശ്ചാത്തലത്തില്‍ മതനിരപേക്ഷ സമൂഹത്തിന്റെ ഉത്കണ്ഠ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

തീവ്രമായി പ്രതികരിക്കുന്ന സംഘടനകള്‍ ഈ സാഹചര്യത്തെ കൗശലപൂര്‍വം പ്രയോജനപ്പെടുത്തി അവരിലേക്ക് ആളെ ചേര്‍ക്കുന്ന തിരക്കിലുമാണ്. ഈ സന്ദിഗ്ധ ഘട്ടത്തില്‍ ‘പുതിയ ഇന്ത്യ’ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവയ്ക്കുണ്ടാകേണ്ട പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ഉണര്‍ന്നു ചിന്തിക്കുവാന്‍ മതനിരപേക്ഷ കക്ഷികള്‍ മുന്നോട്ടുവരേണ്ടത് അനിവാര്യമാണ്.

പുതിയ ഇന്ത്യയെന്നാല്‍?

വര്‍ഗീയ കക്ഷികള്‍ക്ക് ഭരണത്തില്‍ രണ്ടാമൂഴം ലഭിച്ചു എന്നതാണ് പുതിയ ഇന്ത്യയെന്ന വിവക്ഷയില്‍ പ്രധാനമായി നാം കാണേണ്ടത്. കുഞ്ചികസ്ഥാനങ്ങളായ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ ഇടങ്ങളിലെല്ലാം അവര്‍ എത്തിക്കഴിഞ്ഞു. രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ പോലും ഭരണകര്‍ത്താക്കളുടെ ചട്ടുകങ്ങളായി മാറി. പ്രമാദമായ പല വിഷയങ്ങളിലും കോടതികളില്‍നിന്ന് വരുന്ന വിധികള്‍ മതേതരത്വം പുലര്‍ന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്.

ബാബരി, ഹിജാബ് പോലെയുള്ള വിഷയങ്ങളിലെ വിധികള്‍ അതിന് ഉദാഹരണമാണ്. ദേശീയ മാധ്യമങ്ങള്‍ ഭരണകര്‍ത്താക്കളുടെ പക്ഷപാത നീക്കങ്ങളെ തുറന്നെതിര്‍ക്കാന്‍ ഭയപ്പെടുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. ഇതെല്ലാം ജനാധിപത്യ ഇന്ത്യയെ സ്വേച്ഛാധിപത്യ രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കുന്നതിന്റെ പ്രകടമായ ലക്ഷണങ്ങളല്ലാതെ മറ്റെന്താണ്?

ആര്‍.എസ്.എസിന്റെ ലഷ്യം ഹിന്ദു രാഷ്ട്രമാണെന്ന് വി.ഡി സവര്‍ക്കറും എം.എസ് ഗോള്‍വാള്‍ക്കറും പ്രഖ്യാപിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ലക്ഷ്യത്തിലേക്കുള്ള ചുവടുകള്‍ക്ക് വേഗത കൂടുന്നതാണ് നാം കാണുന്നത്. ഭൂരിപക്ഷ വോട്ടിന്റെ ഏകീകരണമില്ലായ്മയാണ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഇപ്പോഴും സാധിക്കാത്തതിന്റെ പ്രധാന തടസ്സം. മുസ്‌ലിംകള്‍ എന്ത് വിചാരിക്കും എന്നത് അവരുടെ പ്രശ്‌നമേയല്ല. ഹൈന്ദവ സമുദായത്തെ ഏതുവിധേനയെല്ലാം തൃപ്തിപ്പെടുത്താം എന്നതാണ് വര്‍ഗീയവാദികളുടെ പ്രധാന ചിന്ത. 2022 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന ഈ അജണ്ട വ്യക്തമാക്കുന്നുണ്ട്.

യുപിയില്‍ ‘80 ശതമാനവും 20 ശതമാനവും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്’ എന്നതായിരുന്നു, ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഭജിച്ചുനിര്‍ത്തിക്കൊണ്ടുള്ള സോഷ്യല്‍ എഞ്ചിനീയറിങ് ലക്ഷ്യംവെച്ച് നടത്തിയ പ്രസ്താവന ! ഏക സിവില്‍കോഡ് നടപ്പിലാക്കുക, മതേതരത്വവും മതസ്വാതന്ത്ര്യവും എടുത്തൊഴിവാക്കുക, ഹിന്ദു ക്ഷേമ രാഷ്ട്രമാക്കി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കുക എന്നതാണ് ഹൈന്ദവ സമൂഹത്തിന് അവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍. ബാബരി മസ്ജിദ് ധ്വംസനം(1992), ഗോധ്ര കൂട്ടക്കൊല (2002), യു.പി കലാപം (2013), ഡല്‍ഹി കലാപങ്ങള്‍ (2019) തുടങ്ങിയവയിലൂടെയാണ് വര്‍ഗീയധ്രുവീകരണം ബിജെപി ശക്തിപ്പെടുത്തി അധികാരത്തില്‍ എത്തിയതും തുടര്‍ ഭരണം ഉറപ്പുവരുത്തിയതും.

മുസ്‌ലിം ന്യൂനപക്ഷത്തെ പ്രകോപിപ്പിച്ച് വൈകാരികമായി പ്രതികരിപ്പിക്കുന്നതിലൂടെയാണ് മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികളെ വര്‍ഗീയ വല്‍ക്കരിക്കാന്‍ സാധിക്കുക എന്ന വ്യക്തമായ ബോധ്യത്തോടെയാണ് അവര്‍ പ്രവര്‍ത്തിച്ചുവന്നിട്ടുള്ളത്. മതനിരപേക്ഷ മുന്നണിയായി നിന്ന് നേരിട്ടാല്‍ അവരുടെ അജണ്ടകള്‍ നിര്‍വീര്യമായിപ്പോകുമെന്ന് അവര്‍ക്ക് നന്നായി അറിയാം. ന്യൂനപക്ഷം വൈകാരികമായി പ്രതികരിച്ചിടത്തെല്ലാം വര്‍ഗീയശക്തികള്‍ക്ക് വേഗത്തില്‍ ഭരണത്തിലേറാന്‍ സാധിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ന്യൂനപക്ഷങ്ങളുടെ വൈകാരിക നീക്കത്തെ മുഖ്യധാര മുസ്‌ലിം സംഘടനകള്‍ പരസ്യമായി അപലപിച്ചുകൊണ്ട് ശക്തമായി ചെറുത്തുനിന്ന കേരളത്തില്‍ ബിജെപിക്ക് വിജയിക്കാനായില്ല എന്നതും നാം ഓര്‍ക്കണം.

സമുദായം ഭീഷണിക്ക് മുന്നില്‍

ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുകയും ന്യൂനപക്ഷ തീവ്രവാദത്തെ തള്ളിപ്പറയുകയും ചെയ്തുകൊണ്ട് മുന്നോട്ടു പോകുന്ന കേരളത്തിലെ മുസ്‌ലിം സമുദായം മൂന്നു ഭാഗത്തുനിന്നും പലവിധ ഭീഷണിക്ക് വിധേയമാകുന്ന കാര്യവും നാം മറന്നുകൂടാ.

ഫാഷിസം പരസ്യമായി ഭീഷണിപ്പെടുത്തുമ്പോള്‍ ആ ഭീഷണിയെ ചൂണ്ടിക്കാണിച്ച് ഇടതുപക്ഷം പറയുന്നത് ഞങ്ങളോടൊപ്പം ചേര്‍ന്നുനിന്നാലേ നിങ്ങള്‍ക്ക് രക്ഷയുള്ളൂ, നിങ്ങള്‍ സ്വന്തമായി രാഷ്ട്രീയ പ്ലാറ്റ്‌ഫോമില്‍ സംഘടിച്ചുകൊണ്ടോ മുസ്‌ലിം സംഘടനാ കോഡിനേഷന്‍ രൂപീകരിച്ചുകൊണ്ടോ നിങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചു വരരുത് എന്നൊക്കെയാണ്. ഫാഷിസത്തെ കാണിച്ചു ഭയപ്പെടുത്തി മതനിരാസത്തിന്റെയും ലിബറലിസത്തിന്റെയും ആശയങ്ങളായ അതിരുകളില്ലാത്ത ലോകത്തേക്ക് മുസ്‌ലിം യുവതയെ ക്ഷണിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഹിന്ദുത്വ ഭീകരതയില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ മുസ്‌ലിം സ്വത്വം നഷ്ടപ്പെടുത്തി, ‘മതമില്ലാത്ത മതേതരവാദി’ ആകണമെന്നാണ് അവര്‍ പറയുന്നതിന്റെ ചുരുക്കം. ഞങ്ങളുള്ളതുകൊണ്ടാണ് ഇന്ന് മുസ്‌ലിം സമുദായത്തിന് മതമനുസരിച്ച് ജീവിക്കാന്‍ സാധിക്കുന്നതും നിര്‍ഭയത്വവും സുരക്ഷിതത്വവും ലഭിക്കുന്നതും എന്നുമാണ് എസ്.ഡി.പി.ഐ പോലുള്ള തീവ്രനിലപാടുള്ള സംഘടനകള്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍ ഞങ്ങള്‍ സംരക്ഷണം പിന്‍വലിക്കുമെന്ന ഭീഷണിയാണ് അവരുടെ പ്രതികരണത്തില്‍ പലപ്പോഴും മുഴച്ചുനില്‍ക്കാറുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ ഭാഗത്തുനിന്നും ഒരു നിലയ്ക്കല്ലെങ്കില്‍ മറ്റൊരു നിലയ്ക്ക് ഭീഷണിയുടെ കുന്തമുനകളാണ് സമുദായത്തിനു നേരെ നീണ്ടുവരുന്നത്.

മതേതര കക്ഷികളുടെ സാധ്യത ഇല്ലാതായോ?

മതേതരപക്ഷം തകര്‍ന്നടിഞ്ഞുവെന്ന് സമര്‍ഥിക്കുന്നതില്‍ ഫാഷിസവും തീവ്രവാദ സ്വഭാവവുമുള്ള ഇതര സംഘടനകളും ഒരുപോലെ മത്സരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സമുദായത്തെ ദിനംപ്രതി നിരാശയിലേക്കും ഫാഷിസ്റ്റുകളെ സന്തോഷത്തിലേക്കും നയിക്കുന്ന ചര്‍ച്ചകളാണ് മുസ്‌ലിം പക്ഷത്തുള്ള വൈകാരിക നിലപാടുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മതനിരപേക്ഷ കക്ഷികളുടെ കാലം കഴിഞ്ഞുവെന്നുള്ള നിരാശയിലധിഷ്ഠിതമായ മുസ്‌ലിം പൊതുബോധം രൂപപ്പെടുത്തുന്നതില്‍ തീവ്ര നിലപാടുള്ള സംഘടനകളുടെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ കാരണമാകുന്നുണ്ട്.

പരിഹാരം ?

ഫാഷിസ്റ്റുകള്‍ ആഗ്രഹിക്കുന്നവിധം കാര്യങ്ങള്‍ നടക്കാതിരിക്കാനുള്ള ജാഗ്രതയാണ് മതനിരപേക്ഷ നിലപാടുള്ളവരില്‍നിന്നെല്ലാം പ്രഥമമായി ഉണ്ടാക്കേണ്ടത്. വിശിഷ്യാ മുസ്‌ലിം സമുദായം ഇക്കാര്യത്തില്‍ അതീവ ജാഗ്രത കാണിക്കണം. മതനിരപേക്ഷ ഐക്യത്തിലൂടെയാകണം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നയിക്കേണ്ടത്.

അത് അല്‍പം ശ്രമകരമായ ദൗത്യമാണെങ്കിലും അതിനേ ലക്ഷ്യം നേടാന്‍ ആവുകയുള്ളൂ. വൈകാരികമായി സംഘടിപ്പിക്കാനും സംഘടിക്കാനും ഏതുവിഭാഗത്തിനും എളുപ്പമാണ്. പക്ഷേ, അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ഹിന്ദുത്വരാഷ്ട്രം എന്ന ഫാഷിസ്റ്റുകളുടെ ലക്ഷ്യം നേടിയെടുക്കാന്‍ വൈകാരിക സംഘാടനത്തിന് എളുപ്പത്തില്‍ സാധിക്കും. വര്‍ത്തമാനകാലത്ത് മതനിരപേക്ഷ കക്ഷികളുടെ ഐക്യം അസാധ്യമാണെന്ന് പലരും ചിന്തിക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികളുടെ ആവര്‍ത്തിച്ചുള്ള പരാജയവും ഏകോപനമില്ലായ്മയും ദര്‍ശിക്കുന്നവര്‍ അങ്ങനെ ചിന്തിക്കുക സ്വാഭാവികമാണ്. മതനിരപേക്ഷ ഐക്യം എന്ന ആശയം അവസാനിച്ചു കാണാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും മാധ്യമങ്ങളും സംഘടനകളും അതിനു പാകത്തില്‍ മാറ്ററുകള്‍ പടച്ചുണ്ടാക്കി പ്രചരിപ്പിക്കുന്നുമുണ്ട്.

ഇതെല്ലാം കണ്ടും കേട്ടും വായിച്ചും സാധാരണക്കാര്‍ പകച്ചുനില്‍ക്കുകയാണ്. ഇന്ത്യ ഹിന്ദുത്വ രാജ്യമായാല്‍ എന്തെല്ലാം സംഭവിക്കുമെന്നും ആ സമയത്ത് എന്തു നിലപാട് സ്വീകരിക്കുമെന്നുമൊക്കെ ചര്‍ച്ച ചെയ്യുന്നവരെയും നമുക്ക് കാണാന്‍ സാധിക്കും. ന്യൂനപക്ഷങ്ങള്‍ ഭയപ്പെട്ട് ഓടിയോളിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യണം എന്നുതന്നെയാണ് ഫാഷിസം കണക്കുകൂട്ടുന്നത്. വിവേകത്തിന്റെയും പ്രതീക്ഷയുടെയും വഴിയില്‍ ചിന്തിക്കാന്‍ അവസരം നല്‍കാതെ സമുദായത്തെ ഇരുട്ടില്‍ നിര്‍ത്തുന്ന അപകടത്തെ തിരിച്ചറിയാന്‍ വൈകുംതോറും പ്രതിസന്ധി കനത്തുകൊണ്ടിരിക്കും.

പ്രതീക്ഷ കൈവിടരുത്

സമുദായത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയാണ് ഈ സമയത്ത് ഉണ്ടാവേണ്ടത്. നിരാശയുടെ ആശയങ്ങളുമായി വരുന്നവര്‍ക്ക് മുമ്പില്‍ കതക് വലിച്ചടക്കേണ്ടതുണ്ട്. 2019ല്‍ നടന്ന ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ട് നില സൂക്ഷ്മമായി വിലയിരുത്തിയാല്‍ ‘ബിജെപി മൊത്തം വിഴുങ്ങി’ എന്ന പൊതുബോധം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് പകല്‍പോലെ വ്യക്തമാകും.

924071271 വോട്ടര്‍മാരാണ് ആകെ ഉണ്ടായിരുന്നത്. അതില്‍ 621281743 വോട്ടര്‍മാരുടെ വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തത്. 302789528 പേര്‍ വോട്ടവകാശം വിനിയോഗിക്കാത്തവരാണ്. ന്യായമായ കാരണങ്ങളാല്‍ വോട്ട് ചെയ്യാത്തവരെ മാറ്റിനിര്‍ത്തിയാലും വലിയൊരുവിഭാഗം ജനാധിപത്യപ്രക്രിയയില്‍നിന്ന് പിന്തിരിഞ്ഞു നടക്കുന്നുണ്ട് എന്നത് ഗൗരവമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. 37.36% ബിജെപിക്ക് ലഭിച്ചപ്പോള്‍ 37.53 മൂന്ന് ശതമാനം വോട്ടുകള്‍ മതനിരപേക്ഷ കക്ഷികള്‍ക്ക് ലഭിച്ചിട്ടുണ്ട്. 29.07 ശതമാനം പേര്‍ വോട്ട് ചെയ്യാത്തവരുമാണ്. 66.6 ശതമാനം ഇന്ത്യക്കാര്‍ ഇപ്പോഴും ബിജെപിയെ സ്വീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നുണ്ട്. ബിജെപിയുടെ സ്വാധീനത്തെക്കാള്‍ മതനിരപേക്ഷ കക്ഷികളുടെ അനൈക്യം കാരണമാണ് അവര്‍ക്ക് തുടര്‍ ഭരണം ലഭിച്ചത് എന്ന കാര്യം വ്യക്തമാണ്. പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യം തിരിച്ചറിഞ്ഞ് പ്രായോഗിക നിലപാട് സ്വീകരിക്കുന്ന നിമിഷം മുതല്‍ രാജ്യത്ത് അടിച്ചുവീശുന്ന വര്‍ഗീയ വിരുദ്ധ കാറ്റില്‍ ബി.ജെ.പി തകര്‍ന്നടിയും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

സംസ്ഥാനങ്ങളിലെ സ്വാധീനം എത്രമാത്രമുണ്ട്?

വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ നിയമസഭാ പങ്കാളിത്തം (2022 മാര്‍ച്ച് 27 നുള്ള നില) പരിശോധിച്ചാല്‍ വര്‍ഗീയ കക്ഷികള്‍ക്ക് ഇന്ത്യ കീഴടങ്ങി എന്നത് ചിലര്‍ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്ന കൃത്രിമ പൊതുബോധമാണെന്ന് കൂടുതല്‍ വ്യക്തമാകും.

175 നിയമസഭാ സീറ്റുള്ള ആന്ധ്രയിലും 140 സീറ്റുള്ള കേരളത്തിലും ബിജെപിക്ക് ഒരു സീറ്റു പോലും ലഭിച്ചിട്ടില്ല. താഴെ പറയുന്ന 7 സംസ്ഥാനങ്ങളില്‍ നാമമാത്രമായ പ്രാധിനിധ്യം മാത്രമാണുള്ളത്. താഴെ കൊടുത്ത ചാര്‍ട്ട് പരിശോധിച്ചാല്‍ ഇന്ത്യ ബിജെപിയുടെ മറുപക്ഷത്താണ് ഇപ്പോഴുമുള്ളതെന്ന് സുതരാം വ്യക്തമാകും.

ഈ ചാര്‍ട്ടില്‍നിന്നും മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ ഇതാണ്:

1. ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒരു സീറ്റുപോലും ഇല്ല.

2. ഏഴ് സംസ്ഥാനങ്ങളില്‍ നാമമാത്രമായ പ്രാതിനിധ്യം മാത്രമാണുള്ളത്. (മിസോറാം 1/40, മേഘാലയ 2/60, പഞ്ചാബ് 2/117, തെലുങ്കാന 3/119, തമിഴ്‌നാട് 4/234, ഡല്‍ഹി 8/70, പുതുച്ചേരി 9/33).

3. ബിജെപിക്ക് കൂട്ടുകക്ഷി സര്‍ക്കാറുള്ള മേഘാലയ 2/60, നാഗാലാന്‍ഡ് 12/60, പുതുച്ചേരി 9/33, സിക്കിം 12/32 എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ സീറ്റ് നിലയും ശുഭകരമല്ല.

4. രാജ്യത്തെ ഇരുപത് സംസ്ഥാനങ്ങളിലും ഇരുപതില്‍ താഴെ എംഎല്‍എ സീറ്റ് മാത്രമാണ് ഇപ്പോഴും ബിജെപിക്ക് ഉള്ളത്.

5. ആകെയുള്ള 4038 അസംബ്ലി സീറ്റുകളില്‍ ബിജെപിക്ക് 1379 സീറ്റുകള്‍ മാത്രമാണുള്ളത്.

6. അതില്‍ 950 സീറ്റുകളും ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, യു.പി. മധ്യപ്രദേശ്. രാജസ്ഥാന്‍ തുടങ്ങിയ ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്.

7. സീറ്റുകളുടെ ശതമാനം നോക്കിയാല്‍ ബിജെപി 37 ശതമാനവും മതേതരകക്ഷികള്‍ 63 ശതമാനവും ആണ്.

8. ബിജെപി ചരിത്രത്തിലെ എക്കാലത്തെയും ശക്തമായ അവസ്ഥയിലാണെങ്കില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് ചരിത്രത്തിലെ എക്കാലത്തെയും ദുര്‍ബലമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും 63% സീറ്റുകളും മതേതരകക്ഷികള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

9. എന്‍ഡിഎ മുന്നണി ശക്തിപ്പെടുമ്പോഴും അതിലുള്ള കക്ഷികള്‍ ദുര്‍ബലമാണ്. യുപിഎ മുന്നണി ദുര്‍ബലമാണ് എങ്കിലും അതിലുള്ള കക്ഷികള്‍ എന്‍ഡിഎ കക്ഷികളെ അപേക്ഷിച്ച് ശക്തരാണ്.

10. 938 സീറ്റുകള്‍ എട്ട് സംസ്ഥാനങ്ങളില്‍നിന്നാണ് ലഭിച്ചിരിക്കുന്നത്. 20ല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലും ബിജെപി ദുര്‍ബലമാണ്.

11. മേല്‍ നിരീക്ഷണങ്ങളില്‍നിന്ന് ഒരുകാര്യം വ്യക്തമാണ്; ബിജെപിയുടെ തരംഗമോ കൊടുങ്കാറ്റോ അല്ല രാജ്യത്തുള്ളത്. മതനിരപേക്ഷ കക്ഷികളുടെ ഐക്യമില്ലായ്മയാണ് അടിസ്ഥാനപ്രശ്‌നം.

ഇത് തിരിച്ചറിഞ്ഞാല്‍ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ സാധിക്കും; തീര്‍ച്ച. നിരാശയല്ല; പ്രതീക്ഷയാണ് ഓരോ ഇന്ത്യന്‍ പൗരനെയും മുന്നോട്ട് നയിക്കേണ്ടത്. മുന്‍നിര ദേശീയ ചാനലുകളും മാധ്യമങ്ങളും ഈ സത്യം വേണ്ടത്ര പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാണിക്കുന്നില്ല. അതിനാല്‍ ആളുകള്‍ സത്യം അറിയണം. ബിജെപി നമ്മെയാകെ അടക്കി ഭരിക്കുകയാണ് എന്ന മിഥ്യാധാരണ മാറ്റിയെടുക്കാനും യാഥാര്‍ഥ്യങ്ങള്‍ കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കാനും ഓരോരുത്തരും പരിശ്രമിക്കണം. ഫാഷിസ്റ്റ് രഹിത ഇന്ത്യക്കായി ഒറ്റക്കെട്ടായി നിന്നാല്‍ തീരാവുന്നതേയുള്ളൂ അവരുടെ തേരോട്ടം .

നാം തിരിച്ചറിയേണ്ട മറ്റു ചില യാഥാര്‍ഥ്യങ്ങള്‍

പൗരത്വ ഭേദഗതി നിയമം (CAA 2019), കര്‍ഷക നിയമം (2021) എന്നിവയ്‌ക്കെതിരെയുള്ള സമരത്തില്‍ ജാതിമത വ്യത്യാസമില്ലാതെ ഇന്ത്യക്കാര്‍ ഒന്നിച്ച് അണിനിരന്നപ്പോള്‍ ഫാഷിസം തളരുന്നത് നാം കണ്ടതാണ്. പൗരത്വ സമരം ശക്തിപ്പെട്ടപ്പോള്‍ കലാപം അഴിച്ചുവിട്ട് അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. കോവിഡ് വന്നതിനാല്‍ തുടര്‍ നടപടി ഉണ്ടായില്ലെന്ന് മാത്രം. സിഎഎ യുടെ ചട്ടങ്ങള്‍ ഇപ്പോഴും ഉണ്ടാക്കാനായിട്ടില്ല. കാനേഷുമാരി കണക്കെടുപ്പ് അതിന്റെ പേരില്‍ മുടങ്ങിയിരിക്കുകയാണ്. കാര്‍ഷിക നിയമമാകട്ടെ ശക്തമായ സമരം കാരണത്താല്‍ അവസാനം പിന്‍വലിക്കേണ്ടിയും വന്നു. പ്രത്യേകമായൊരു മതത്തിന്റെയോ ജാതിയുടെയോ ബാനറിലല്ലാതെ ഇന്ത്യക്കാര്‍ ഒന്നിച്ചു നിരത്തിലിറങ്ങിയാല്‍ ഫാഷിസം പിന്നോട്ടു പോകുമെന്ന് തന്നെയാണ് ഈ അനുഭവങ്ങള്‍ നമുക്ക് നല്‍കുന്ന പാഠം.

കോര്‍പറേറ്റുകള്‍

ഫാഷിസം വളരാന്‍ കൂട്ടുപിടിക്കാറുള്ളത് കോര്‍പ്പറേറ്റുകളെയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് പൊതുമേഖലാസ്ഥാപനങ്ങള്‍ കയ്യിലാക്കാന്‍ ഏറ്റവും നല്ല സമയം ഫാഷിസ്റ്റുകള്‍ രാജ്യം ഭരിക്കുമ്പോഴുമാണ്. ഇവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഭരണത്തുടര്‍ച്ചയ്ക്ക് സഹായകമായത്. ഭരണത്തെ താങ്ങിനിര്‍ത്തുന്ന കോര്‍പ്പറേറ്റും ഭരണനേതൃത്വവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ സാധ്യത ഏറെയാണ്. അതിന്റെ ചില ലക്ഷണങ്ങളെല്ലാം പലപ്പോഴും പ്രകടമാകാറുണ്ട്. ഫാസിസത്തിന്റെ തകര്‍ച്ചയില്‍ ഈ പ്രശ്‌നവും സാരമായ പങ്കുവഹിക്കും എന്ന കാര്യം നാം വിസ്മരിക്കരുത്.

വില വര്‍ധന

ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന, പാചകവാതക വിലയും ഔഷധ വിലയുമൊക്കെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളായതിനാല്‍ പൊതുജനവികാരം ആളിക്കത്തിയാല്‍ പിടിച്ചുനില്‍ക്കുക പ്രയാസകരമായിരിക്കുമെന്ന കാര്യവും നാം മനസ്സിലാക്കണം.

സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ നാം ചെയ്യേണ്ടത്?

വര്‍ഗീയത ആളിക്കത്തിച്ച് വിഭാഗീയത ശക്തിപ്പെടുത്താനായി ബിജെപി കൃത്രിമമായി പടച്ചുണ്ടാക്കുന്ന പ്രാദേശിക പ്രശ്‌നങ്ങളെ നമ്മളായിട്ട് വലുതാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ പ്രശ്‌നങ്ങളും വളരെവേഗം കോടതിയില്‍ എത്തിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യാനാണ് സാധ്യത. ഒന്നോരണ്ടോ സ്ഥലങ്ങളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കോടതിവിധിയോടെ രാജ്യവ്യാപകമായി എല്ലാരും അനുഭവിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

നാം നേരിടുന്ന പ്രശ്‌നങ്ങളെ മുസ്‌ലിം പ്രശ്‌നം മാത്രമാക്കി അവതരിപ്പിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണം. സിഎഎ, ഹിജാബ് വിലക്ക്, വിവാഹപ്രായം എന്നിവ ഭരണഘടനയെയും മതേതരത്വത്തെയും കുടുംബ സംവിധാനത്തെയും ബാധിക്കുന്ന വിഷയമായാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്.

മതനിരപേക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തും വിധം നിലപാടുകള്‍ സ്വീകരിക്കുന്ന തീവ്ര സ്വഭാവമുള്ള സംഘടനകളെ മനസ്സുകൊണ്ട് പോലും പിന്തുണക്കാതിരിക്കുന്നതും ഈ സാഹചര്യത്തില്‍ സുപ്രധാനമാണ്. മതേതര പക്ഷത്തുള്ള രാഷ്ട്രീയ നേതാക്കള്‍, പത്രങ്ങള്‍, ചാനലുകള്‍, സെലിബ്രിറ്റികള്‍, കവികള്‍, സാഹിത്യകാരന്മാര്‍ തുടങ്ങിയവരെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംഘിവല്‍ക്കരിക്കാതിരിക്കുക. മാധ്യമപ്രവര്‍ത്തകര്‍, ബ്ലോഗര്‍മാര്‍, ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ എന്നിവരുമായി മതനിരപേക്ഷ ആശയങ്ങള്‍ നിരന്തരമായി സംവദിച്ചുകൊണ്ടിരിക്കുക, അവരുടെ തെറ്റായ നിരീക്ഷണങ്ങളെ വ്യക്തിപരമായ ചര്‍ച്ചയിലൂടെ മാറ്റിയെടുക്കാന്‍ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് മതനിരപേക്ഷ ഐക്യം കാത്തുസൂക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ട നാളുകളാണ് നമുക്ക് മുമ്പിലുള്ളത് .

വിവിധ സമുദായങ്ങള്‍ക്കിടയിലുള്ള ഐക്യം

മതനിരപേക്ഷ ഐക്യം യാഥാര്‍ഥ്യമാകണമെങ്കില്‍ വിവിധ സമുദായങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിക്കണം. ഓരോ സമുദായത്തിനും അവരവരുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. അതിനായി സംഘടിക്കുന്നതും ആക്ഷേപാര്‍ഹമല്ല. എന്നാല്‍ ഒരു സമുദായം സംഘടിക്കുന്നത് മറ്റൊരു സമുദായത്തിന്റെ ആനുകൂല്യം കവര്‍ന്നെടുക്കാനോ പരസ്പര വിദ്വേഷം വെച്ചുപുലര്‍ത്താനോ ആയിക്കൂടാ.

മുസ്‌ലിം, ക്രിസ്ത്യന്‍, ദലിത് തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അത്തരക്കാര്‍ മതനിരപേക്ഷ ഐക്യം നാവുകൊണ്ട് പറയുകയും കൈകൊണ്ട് തകര്‍ക്കുകയും ചെയ്യുന്നവരാണെന്ന് പറയാതെവയ്യ.

വിവിധ സമുദായങ്ങളെ തമ്മിലകറ്റാനായി തെറ്റിദ്ധാരണകള്‍ പരത്തുമ്പോള്‍ സമുദായ നേതാക്കള്‍ പരസ്പരം കൂടിയിരുന്ന് ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും വേണം. ഓരോ സമുദായത്തിലും ഉയര്‍ന്നുവരുന്ന തീവ്ര സംഘങ്ങളുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ആ സമുദായത്തിലെ സമാധാനപ്രിയരായ മഹാഭൂരിപക്ഷത്തെ ശത്രുക്കളാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മുസ്‌ലിം സമുദായത്തിനിടയിലെ യോജിപ്പ്

മതനിരപേക്ഷ ഐക്യവും വിവിധ സമുദായങ്ങള്‍ക്കിടയലുള്ള ഐക്യവും കാത്തുസൂക്ഷിക്കുമ്പോള്‍ തന്നെ മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകള്‍ക്കിടയില്‍ പൊതുവിഷയങ്ങളില്‍ ഐക്യവും യോജിപ്പും നിലനിര്‍ത്തണം. മതപരമായ വിഷയങ്ങളില്‍ സ്വന്തം നിലപാട് വിട്ടുവീഴ്ച ചെയ്യാതെതന്നെ സമുദായത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളില്‍ ഐക്യപ്പെടാന്‍ സാധിക്കണം.

വോട്ട് ഭിന്നിക്കുന്നത് ?

മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മതപരമായ തര്‍ക്കങ്ങള്‍ കാരണമാണ് മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് എന്ന ആക്ഷേപം പലരും പങ്കുവെക്കാറുണ്ട്. ഈ വീക്ഷണം ശരിയല്ല. മുസ്‌ലിം സംഘടനകള്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്പരം പറയാതിരിക്കുകയാണെങ്കില്‍ വ്യത്യസ്ത സംഘടനകളായി നിലകൊള്ളേണ്ടതില്ലല്ലോ. വ്യത്യസ്ത സംഘടനകളായതുതന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളതുകൊണ്ടാണ്. ആദര്‍ശ വ്യത്യാസങ്ങള്‍ ആരോഗ്യകരമായി, ഗുണകാംക്ഷയോടെ പങ്കുവെക്കുകയാണ് കരണീയമായിട്ടുള്ളത്. പരസ്പരമുള്ള ദുരാരോപണങ്ങളും വിദ്വേഷങ്ങളും വാഗ്വാദങ്ങളും സംഘര്‍ഷ സമാനമായ വാക്‌പോരും ഒഴിവാക്കി സമചിത്തതയോടെ ആശയ സംവാദത്തില്‍ ഏര്‍പ്പെടുകയാണ് മതനേതാക്കള്‍ ചെയ്യേണ്ടത്. ഇങ്ങനെ ആരോഗ്യകരമായ ആശയ സംവാദത്തില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ കക്ഷികളെ വിജയിപ്പിക്കുന്നതില്‍ ഇടഞ്ഞുനില്‍ക്കാറില്ല. അതിന്റെ പേരില്‍ വോട്ട് ഭിന്നിക്കാറുമില്ല. മുസ്‌ലിം പ്ലാറ്റ്‌ഫോമില്‍ നിന്നുതന്നെ ഒന്നിലധികം പൊളിറ്റിക്കല്‍ മൂവ്‌മെന്റുകള്‍ ഉണ്ടായിവരുന്നതാണ് വോട്ട് ഭിന്നിക്കാന്‍ ഇടയാക്കുന്നത്.

ആയിരം വോട്ടര്‍മാരുള്ള ഒരു വാര്‍ഡില്‍ 200 വോട്ടുകള്‍ മാത്രമാണ് വര്‍ഗീയ ശക്തികള്‍ക്ക് ഉള്ളത് എന്ന് സങ്കല്‍പിക്കുക. അവശേഷിക്കുന്ന 800 വോട്ടുകളും മതനിരപേക്ഷ വോട്ടുകളാണ്. ഇവിടെ മതേതര പക്ഷത്തുനിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കു പുറമെ ഐ.എന്‍.എല്‍, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ വ്യത്യസ്ത കക്ഷികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ മതേതര വോട്ടുകള്‍ വ്യത്യസ്ത പെട്ടികളില്‍ വീഴുകയും വര്‍ഗീയശക്തികളുടെ വോട്ടുകള്‍ ഏകീകരിക്കുകയും അവര്‍ വിജയിക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധിക്ക് കാരണം മതപരമായ തര്‍ക്കങ്ങളല്ല; രാഷ്ട്രീയ ശൈഥില്യമാണ്.

കേരളത്തിലെ മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയും ചില മുന്നറിയിപ്പുകളും

കേരളത്തില്‍ വര്‍ഗീയശക്തികള്‍ക്ക് വേരുപിടിക്കാന്‍ സാധിക്കാത്തതിനും സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ധാരാളം കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു ഘടകം ന്യൂനപക്ഷങ്ങളുടെ പരസ്പര സൗഹാര്‍ദത്തോടെയുള്ള രാഷ്ട്രീയ ഇടപെടല്‍ തന്നെയായിരുന്നു. മറ്റൊന്ന് മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ പൊതുവിഷയങ്ങളില്‍ ഐക്യത്തോടെയുള്ള നിലപാടുകളും.

ക്രൈസ്തവ, മുസ്‌ലിം ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലകറ്റിയും മുസ്‌ലിം സംഘടനകള്‍ക്ക് അകത്തുള്ള കോഡിനേഷനില്‍ വിള്ളല്‍ വീഴ്ത്തിയും കേരളത്തിന്റെ സോഷ്യല്‍ എന്‍ജിനീയറിങ്ങില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും ഈയിടെയായിട്ടാണ് പ്രസ്തുത ശ്രമത്തില്‍ ചില പ്രതീക്ഷകള്‍ അത്തരക്കാര്‍ക്ക് ദര്‍ശിക്കാനായത്. കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ 27 ശതമാനം ഉണ്ട്.

ശരീഅത്തിനെയും സമുദായത്തെയും മുറിവേല്‍പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏതു മുന്നണിയുടെ ഭാഗത്തുനിന്നുണ്ടായാലും മുസ്‌ലിം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഒന്നിച്ചൊരു നിലപാട് സ്വീകരിച്ചാല്‍ അത് കണ്ടില്ലെന്ന് നടിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ നിലവിലുള്ള സാഹചര്യത്തില്‍ ആര്‍ക്കുമാവില്ല. ഈ കോഡിനേഷന്‍ തകര്‍ത്താല്‍ ഒറ്റക്കെട്ടായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കാതെ വരും. അതുവഴി സമുദായത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആര്‍ക്കും അനായാസം സാധിക്കുകയും ചെയ്യും.

ഈയിടെയുണ്ടായ വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട നടപടി ചോദ്യം ചെയ്ത് മുസ്‌ലിം കോഡിനേഷന്‍ സമരവുമായി മുന്നോട്ടുവരികയും പള്ളിയില്‍ അക്കാര്യം ബോധവല്‍ക്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ ഉണ്ടായ വിവാദം മുസ്‌ലിം നേതൃത്വങ്ങള്‍ ഗൗരവപൂര്‍വം വിലയിരുത്തേണ്ടതുണ്ട്. നിങ്ങള്‍ രാഷ്ട്രീയമായും സാമുദായികമായും സംഘടിച്ചു വന്നാല്‍ പരിഗണിക്കില്ലെന്നും ഓരോ സംഘടനയും നേരിട്ട് വന്നാല്‍ കേള്‍ക്കാമെന്നുമുള്ള കേരള സര്‍ക്കാര്‍ നിലപാട് മുസ്‌ലിം അവകാശ പോരാട്ടത്തിന് വരാനിരിക്കുന്ന നാളുകള്‍ ഏറെ ദുസ്സഹമാകും എന്നതിന്റെ അപായ സൂചനയാണ്.

ഓരോ സംഘടനയും ഒറ്റയ്ക്ക് ചെന്നാല്‍ അവരെ പലതും കാണിച്ച് അനുനയിപ്പിക്കാന്‍ ഭരിക്കുന്ന സര്‍ക്കാറിന്ന് ആയുധങ്ങള്‍ ഏറെയുണ്ടാകും. കുറച്ചുകൂടി മുന്നോട്ടു പോയാല്‍ ഓരോ പ്രദേശത്തെയും പ്രശ്നങ്ങള്‍ അവിടെയുള്ള ജില്ലാ പ്രാദേശിക കമ്മിറ്റികള്‍ പറഞ്ഞാല്‍മതി എന്നാകും. പിന്നീട് സ്വന്തം പ്രശ്നങ്ങള്‍ ഓരോ വ്യക്തിയും പറഞ്ഞാല്‍മതി എന്ന അവസ്ഥയിലേക്ക് അധികദൂരം ഉണ്ടാകില്ല. സംഘടിതശക്തി ക്ഷയിച്ചാല്‍ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ എളുപ്പമാകും. ബംഗാളിലും ബീഹാറിലും യുപിയിലും മുസ്‌ലിം സമുദായം അസംഘടിതരായി എന്നതാണ് അവര്‍ വേട്ടയാടപ്പെടാന്‍ ഇടയായതെന്ന കാര്യം നാം വിസ്മരിക്കരുത്. മുസ്‌ലിം സമുദായം മറ്റു സമുദായങ്ങളെ പോലെ രാഷ്ട്രീയമായി സംഘടിച്ചാല്‍ അതിനെ വര്‍ഗീയ സംഘാടനമായി ചിത്രീകരിക്കാന്‍ ആര് ശ്രമിച്ചാലും അത് വകവെച്ചുകൊടുക്കാനാകില്ല. (തുടരും)