നരബലിയുടെ ദാർശനികമാനങ്ങൾ

മുജീബ് ഒട്ടുമ്മൽ

2022 ഒക്ടോബർ 22, 1444 റബീഉൽ അവ്വൽ 25
അന്ധവിശ്വാസവും അതിരില്ലാത്ത ധനമോഹവും മനുഷ്യനെ എത്രത്തോളം അധമാവസ്ഥയിലെത്തിക്കുമെന്നതിന്റെ നേർസാക്ഷ്യമാണ് നരബലിയുടെ പേരിൽ കേരളത്തിൽ നടന്ന ഇരട്ടക്കൊലപാതകങ്ങൾ. മതനിരാസവും ദൈവനിഷേധവും ആദർശമായി സ്വീകരിച്ചവരാണ് ഇത്തരം ദുർവൃത്തിയുടെ മുഖ്യ സൂത്രധാരകർ എന്നത് കുറ്റകൃത്യങ്ങളിൽ മതം ചികയുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

മലയാള പ്രബുദ്ധതയെ പരിഹസിച്ചുകൊണ്ട് കേരളത്തിൽ ക്രൂരമായ ഇരട്ടനരബലി അരങ്ങേറിയിരിക്കുന്നു! പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്. എറണാകുളം കടവന്ത്ര സ്വദേശിനിയും ലോട്ടറിക്കച്ചവടക്കാരിയുമായ പത്മയെ കാണാനില്ലെന്ന കുടുംബത്തിന്റ പരാതിയിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് ഭീകരമായ ഈ നരബലി പുറംലോകം അറിയുന്നത്. കാലടി സ്വദേശിനി റോസ്‌ലിയാണ് കൊല്ലപ്പെട്ട മറ്റൊരു സ്ത്രീ. അറിയപ്പെടുന്ന തിരുമ്മൽ കാരനും വൈദ്യനുമായ ഭഗവൽസിംഗും ഭാര്യ ലൈലയും ഇടുക്കി സ്വദേശിയായ മുഹമ്മദ് ശാഫിയുമാണ് പ്രതികൾ.

സാമ്പത്തികാഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാവാൻ നരബലി നടത്താൻ സിദ്ധനായി വേഷം കെട്ടിയ ഇടുക്കി സ്വദേശിയും പെരുമ്പാവൂരിൽ താമസക്കാരനുമായ മുഹമ്മദ് ഷാഫിയാണത്രെ അതിനായി പ്രേരിപ്പിച്ചത്.

ആഭിചാരക്രിയയുടെ ഭാഗമായി രണ്ട് സ്ത്രീകളെ കഴുത്തറുത്തു കൊന്ന് സ്വകാര്യഭാഗങ്ങളിൽ കത്തിയിറക്കി രക്തംകൊണ്ട് വീട് അഭിഷേകം ചെയ്തു. മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി വീട്ടുവളപ്പിൽ കുഴിച്ചിടുകയാണുണ്ടായത്. ഭഗവൽസിംഗിന്നും ഭാര്യ ലൈലക്കും കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലത്രെ! എന്നാൽ ശാഫി ലൈംഗിക വൈകൃതമുള്ളവനും സൈക്കോപാത്തും ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നവനുമാണെന്നും പോലിസ് പറയുന്നുണ്ട്.

അന്ധവിശ്വാസം മനുഷ്യനെ എത്രത്തോളം നീചനും മനഃസാക്ഷി മരവിച്ചുപോയ ക്രിമിനലുമാക്കി മാറ്റുമെന്നതിന്റെ രക്തം മരവിച്ചുപോകുന്ന ഉദാഹരണമാണ് ഈ ഇരട്ട നരബലി. അപസർപക കഥകളായി മാത്രം മലയാളികൾ കേട്ടിട്ടുള്ള നരബലിയുടെ ക്രൂരമായ കഥകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽനിന്ന് മാത്രം കേട്ടുപരിചയമുള്ള ഇത്തരം ഭീകരമായ കൊലപാതകങ്ങൾ മലയാളികൾക്കിടയിലും നടക്കുന്നത് ഏറെ ഞെട്ടലുളവാക്കുന്നതാണ്. മൂഢമായ അന്ധവിശ്വാസങ്ങളെ പുൽകുന്ന ചിലരെങ്കിലും ചുറ്റും ജീവിക്കുന്നുണ്ടെന്ന യാഥാർഥ്യത്തെ ഞെട്ടലോടെ, അതിലേറെ ലജ്ജയോടെയല്ലാതെ വിദ്യാസമ്പന്നരെന്ന് മേനിനടിക്കുന്ന മലയാളികൾക്ക് സ്വീകരിക്കാനാവില്ല. കേരളത്തിലെ ഏറ്റവും വിദ്യാസമ്പന്നരുള്ള ജില്ലയാണ് പത്തനംതിട്ട. ആ ജില്ലയിലെ തന്നെ, പതിറ്റാണ്ടുകളായി വിദ്യാഭ്യാസരംഗത്ത് മുന്നിലുള്ള പ്രദേശങ്ങളാണ് ഇലന്തൂരും സംഭവം നടന്ന പുളന്തിട്ടയും. ബിരുദധാരികളില്ലാത്ത വീടുകൾ അവിടെ നന്നേ കുറവാണത്രെ! ഉന്നത വിദ്യാഭ്യാസം നേടിയവരുടെ എണ്ണത്തിലും ശരാശരി ഗ്രാമങ്ങളെക്കാൾ ഉയർന്ന നിലവാരമാണ് ഈ പ്രദേശങ്ങൾക്കുള്ളത്.

പ്രതിയായ ഭഗവൽസിംഗ് വിദ്യാഭ്യാസമുള്ളവനും സാമൂഹിക രംഗത്ത് കമ്യൂണിസ്റ്റ് ആശയം സ്വീകരിച്ച് രാഷ്ട്രീയമായ ഇടപെടൽ നടത്തുന്നയാളുമാണ് എന്നത് ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റു പശ്ചാത്തലമുളള ഒരു കുടുംബത്തിലെ അംഗവുമാണ്. മതനിരാസവും ദൈവനിഷേധവും ആദർശമായി സ്വീകരിച്ച ഒരു ഭൗതിക പ്രത്യയശാസ്ത്രത്തിന്റ വക്താക്കളാണിവർ. ഇത്തരം ആളുകളിൽനിന്ന് അന്ധവിശ്വാസത്തിന്റെ ദുർഗന്ധം വമിക്കുകയില്ലെന്ന് ആണയിടുന്നവർക്ക് ഇതൊരു പാഠമാണ്. ഇത്തരം സംഭവങ്ങളിൽ മതത്തെയും മതവിശ്വാസത്തെയും പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം എക്കാലത്തുമുണ്ടായിട്ടുണ്ട്. സുഖിച്ച് കഴിയാനുള്ള വിഭവം എളുപ്പത്തിൽ കണ്ടെത്താനുള്ള വ്യഗ്രതയിൽ അന്ധമായ ഏത് വിശ്വാസവും വാരിപ്പുണരാൻ മനഷ്യൻ ശ്രമിക്കുമെന്നതിനുള്ള ഉദാഹരണമാണ് ഈ സംഭവം. കേരളം പോലെ ഉന്നത ജീവിതനിലവാരം വെച്ചുപുലർത്തുന്ന സംസ്ഥാനത്തുനിന്ന് ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഒരു വാർത്തയാണിത്.

നരബലിയുടെ ‘ദാർശനികബലം’

ഇലന്തൂരിലെ ക്രൂരമായ ഇരട്ട നരബലിക്ക് നേതൃത്വം നൽകിയവർ മതവിശ്വാസികളല്ലെന്ന് അവരുടെ ജീവിത സാഹചര്യങ്ങളും സമീപനങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മലയാള മാധ്യമങ്ങൾ നരബലിയുടെ ദാർശനികമാനം ചികഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു മതത്തിന്റ, പ്രത്യേകിച്ച് ഇസ്‌ലാമിന്റ വാലിൽ ചേർത്തുവെക്കാനുള്ള ധൃതിയിലാണ് പല മാധ്യമങ്ങളുമെന്ന് അന്തിച്ചർച്ചകളും അക്ഷരക്കൂട്ടങ്ങളും വരികൾക്കിടയിലൂടെ പറഞ്ഞുതരുന്നുണ്ട്. ശാസ്ത്ര ചിന്തയെ നിരാകരിച്ച് മതബോധം നൽകാനുള്ള ശ്രമങ്ങളാണ് ഇത്തരം ക്രൂരകൃത്യങ്ങൾക്ക് കാരണമെന്നാണ് മാധ്യമ ചർച്ചകളിലെ ഒരു മർമം!

2021 ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വിദ്യാസമ്പന്നരായ മാതാപിതാക്കൾ തങ്ങളുടെ രണ്ട് പെൺമക്കളെ തലക്കടിച്ചു കൊന്ന് ബലി നൽകിയത് വായനക്കാർ ഓർക്കുന്നുണ്ടാകും. അതിൽ പിതാവായ പുരോഷത്തം നായിഡു മദനപള്ളി ഗവൺമെന്റ് ഡിഗ്രി കോളേജിലെ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. മാതാവ് പത്മജ എംഎസ്‌സി മാത്തമാറ്റിക്‌സ് ഗോൾഡ് മെഡലിസ്റ്റും ചിറ്റൂർ ഐഐടി ടാലന്റ് സ്‌കൂളിലെ അധ്യാപികയുമായിരുന്നു. ഇവർ രണ്ടുപേർക്കും ശാസ്ത്രബോധമില്ലെന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക? സാമാന്യം വിദ്യാഭ്യാസവും അറിവും ഉള്ള ദമ്പതികളാണിവർ. എന്നിട്ടും തങ്ങളുടെ കരുണാർദ്രമായ തലോടലുകളിൽ വളർന്ന മക്കളെ ക്രൂരമായ നരബലിക്കു വിധേയമാക്കുകയാണുണ്ടായത്! ശാസ്ത്രബോധ നിരാകരണമല്ല ഇത്തരം ക്രൂരകൃത്യങ്ങൾക്ക് കാരണമെന്ന് സമീപകാല സംഭവങ്ങൾ തെളിയിച്ച് തരുന്നുമുണ്ട്. ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും മിത്തുകളിലും അഭിരമിച്ച അപരിഷ്‌കൃതരായ സമൂഹത്തിന്റ അന്ധമായവിശ്വാസങ്ങളിൽനിന്ന് രൂപപ്പെടുന്ന മാനസിക വൈകൃതങ്ങളുടെ ചെയ്തികളാണ് നരബലി. ഭീകരമായ നരബലിയെ കുറിച്ച് ആദ്യപേജിൽ തന്നെ അച്ചുനിരത്തി ക്രൂരതയെ അപലപിക്കുമ്പോഴും മുത്തശ്ശി പത്രങ്ങളുടെ ഉൾപേജുകളിൽ ജ്യോതിഷിയുടെ ദിവ്യത്വവും ഭാവിപ്രവചനക്കാരുടെ മഹത്ത്വവും പൊടിപ്പും തൊങ്ങലും ചേർത്ത് നിറമാർന്ന പരസ്യങ്ങൾക്ക് കോളങ്ങൾ നീക്കിവെച്ചിരിക്കും. എന്നിട്ട് അന്ധവിശ്വാസങ്ങളിൽ ആപതിച്ച് പോയ പ്രബുദ്ധതയെ കുറിച്ച് മുഖപ്രസംഗത്തിൽ വാചാലരാകും. ഇതാണ് മലയാളത്തിന്റ മാധ്യമ ധർമം! ‘പണത്തിനുമേൽ പരുന്തും പറക്കില്ല’ എന്ന ആപ്തവാക്യം അന്വർഥമാക്കും വിധം മാധ്യമങ്ങൾക്ക് നോട്ടിൻകെട്ടുകൾ എറിഞ്ഞുകൊടുക്കുന്ന ആത്മീയ ചൂഷകരുടെ മുന്നിൽ മാധ്യമ ധർമം നിശ്ചലമാകുമെന്നർഥം. ദൃശ്യമാധ്യമങ്ങളിൽ ഭാവി പ്രവചനക്കാർക്കിടം നൽകി മതപിന്തുന്നയില്ലാത്ത ജപങ്ങൾക്ക് എണ്ണം പറഞ്ഞും ചാത്തൻ സേവയുടെ രീതിയെ അതിശയോക്തിയോടെ അവതരിപ്പിച്ചും മൃദുലവിശ്വാസങ്ങളെ ചൂഷണം ചെയ്യാൻ അവസരമൊരുക്കുന്നവരും ഇത്തരക്കാരാണ്. അതിനെക്കാളെല്ലാം അപ്പുറം അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രീയാടിത്തറ നൽകാൻ പോലും ചില പുരോഗമന നാട്യക്കാരുടെ പത്രങ്ങൾ കോളങ്ങൾ നിരത്തുന്നുവെന്നത് ഏറെ വിരോധാഭാസമാണ്.

കുട്ടികളിൽ ശാസ്ത്രിയാഭിരുചിയും അറിവും കൃത്യമായി എത്തിക്കുകയെന്ന വിധത്തിൽ 2022 ജനുവരി 13ന് പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലെ ‘അക്ഷരമുറ്റം’ പേജിലെ ചില വരികൾ ശ്രദ്ധിച്ചാൽ അന്ധവിശ്വാസങ്ങൾക്ക് പ്രചാരണം നൽകുന്ന പുരോഗമനവാദക്കാരെ കണ്ടെത്താനാകും. ബാഹ്യമായ സ്രോതസ്സുകളിൽനിന്നുള്ള ഭക്ഷണ പഥാർഥങ്ങൾ പൂർണമായി ഒഴിവാക്കിക്കൊണ്ട് സൂര്യപ്രകാശം വഴി മാത്രം മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുമെന്നൊരു അന്ധവിശ്വാസം ഹൈന്ദവമതത്തിന്റ ഭാഗമായി പൊതുവെ ഉണ്ട്. ഇനേദിയ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. പല പൗരാണിക കഥകളിലും ഇത് സത്യമാണെന്ന വിധത്തിലുള്ള പരാമർശങ്ങൾ കാണാമെങ്കിലും ഇത് പൂർണമായും ഒരു കപട ശാസ്ത്രവാദമാണ്. ഇതിനെ ന്യായീകരിച്ചുകൊണ്ടാണ് അതിൽ ഇങ്ങനെ എഴുതിയിട്ടുള്ളത്:

‘മഹാമുനികൾ തപസ്സ് മൂലം നേടിയ സിദ്ധികൾ എന്ന് അവകാശപ്പെടുന്ന ‘ഭക്ഷണമില്ലാതെ വളരെ നാൾ ജീവിക്കാൻ കഴിയും’ എന്നതിന്റ ശാസ്ത്രീയാടിസ്ഥാനം സൗരോർജവുമായി ബന്ധപ്പെട്ടതാണ്. സൗരോർജത്തെ ശരീരത്തിലേക്കെത്തിക്കുക എന്ന പ്രവൃത്തിയാണ് ഇവിടെ നടന്നിട്ടുള്ളത്.’’ അന്ധവിശ്വാസ മുക്തമായ നവോത്ഥാന കേരളത്തിന് മനുഷ്യച്ചങ്ങല തീർക്കുമ്പോഴും തങ്ങളുടെ പത്രങ്ങളിലെ കോളങ്ങളിൽ നിറയുന്ന ഇരുണ്ട അക്ഷരക്കൂട്ടങ്ങളെ ശ്രദ്ധിക്കാതെ പോകുന്നതെന്തു കൊണ്ടെന്ന ചോദ്യവും പ്രസക്തമാണ്. ശാസ്ത്രബോധത്തെ പരിഹസിക്കുന്ന വിധമുളള ഇത്തരം അധ്യാപനങ്ങൾ എഴുന്നള്ളിക്കുന്നവർക്ക് മതബോധത്തെ പ്രതിക്കൂട്ടിൽ നിർത്താൻ എങ്ങനെ സാധിക്കും?

ഏതു മതത്തെയും ദർശനത്തെയും ദുർവ്യാഖ്യാനിച്ച് സ്വന്തം താൽപര്യങ്ങൾ നടത്താൻ ശ്രമിക്കുന്നവരുണ്ട്. മുഹമ്മദ് നബി ﷺ യുടേതെന്ന വ്യാജേന കൊണ്ടുവന്ന മുടി, പൊടി, ചട്ടി പോലുള്ള വ പ്രദർശിപ്പിച്ച് സമുദായത്തെ ചൂഷണം ചെയ്യുന്നവർക്ക് അധികാരം കൊണ്ട് പരിരക്ഷ നൽകുന്നവരാണ് മതവിശ്വാസികളുടെ ശാസ്ത്രബോധത്തെ അളക്കുന്നത്! കേരള പ്രബുദ്ധതയിലേക്ക് ആൾദൈവങ്ങളായി ഇറങ്ങിവന്നവർക്കെല്ലാം ഇടം നൽകാൻ മത്സരിച്ച കപട പുരോഗമന നാട്യക്കാർ നരബലിയും നരവേട്ടയും മതത്തിെന്റ മേൽ ആരോപിക്കുന്നതിൽ വലിയ ആശ്ചര്യമുണ്ട്. അതിനാൽ ഇത്തരം സംഭവങ്ങളിൽ വിശ്വാസികളെ പ്രതിക്കൂട്ടിൽ നിറുത്തി പ്രഹസനമാക്കുന്നതിന് പകരം അതിലെ ക്രിമിനൽ റോൾ തിരിച്ചറിച്ചറിഞ്ഞ് ശക്തമായ ശിക്ഷ നൽകി സമൂഹത്തിന് പാഠം നൽകുകയാണ് വേണ്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റ കാലത്ത് പുരോഗമിച്ച വൈദ്യശാസ്ത്ര മികവുകൾ രാജ്യത്ത് ധാരാളം സാധ്യമായിട്ടും ആത്മീയ ചികിത്സാകേന്ദ്രങ്ങളുടെ നിഗൂഢ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പോലും അധികാരികളും നിയമപാലകരും തയ്യാറാകുന്നില്ലെന്നത് പുരോഗമന മനസ്സുകളിലും ഭീതി പടർന്നു കയറിയതിന്റെ സൂചനയാണ്. വർഷങ്ങളോളം അത്യധ്വാനത്തിലൂടെ പഠിച്ചുയർന്നവരും പ്രാവീണ്യമുള്ളവരുമായ കഴിവുറ്റ ഡോക്ടർമാർക്ക് പോലും അനുവാദപത്രങ്ങളും അതിന്റ രേഖാ നമ്പറുകളും അനിവാര്യമായിരുന്നിട്ടും നിഗൂഢ ചികിൽസകർക്കിതൊന്നും ബാധകമാകാതിരിക്കുന്നതിലെ യുക്തിയും ഒരുതരം ഫോബിയ തന്നെയാണ്. അത്തരം ആത്മീയ ചികിത്സാ കേന്ദ്രങ്ങളിൽനിന്നും പുറം ലോകത്തേക്ക് വരുന്ന കൊലപാതകങ്ങളുടെ ചരിത്രം അന്വേഷിക്കാൻ മാത്രം വിധിക്കപ്പെടുകയാണ് ഭരണകൂടം. രോഗ ചികിൽസയ്ക്കായി രൂപപ്പെടുത്തുന്ന ഏത് കേന്ദ്രത്തിനും കൃത്യമായ നിയന്ത്രണമേർപ്പെടുത്താനും സാമൂഹിക പരിശോധനക്ക് വിധേയമാക്കാനും അധികൃതർ തയ്യാറാകുമ്പോഴാണ് ചികിത്സാരംഗത്തെ സുരക്ഷിതമാക്കാൻ സാധിക്കുക. ചികിത്സാരംഗത്തെ ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും അറുതിുവരുത്താനും അത് കാരണമാകും.

നരബലിയും മതവും

മനുഷ്യജീവിതത്തിന്റ സൂക്ഷ്മ നിമിഷങ്ങളിൽ പോലും കൃത്യമായ മാർഗദർശനം നൽകുന്ന ദൈവിക മതത്തിന് ക്രൂരകൃത്യങ്ങളോട് യോജിക്കാൻ കഴിയില്ല. മനുഷ്യനെ ആദരിക്കാനും അപരന്റെ ധനം, രക്തം, അഭിമാനം തുടങ്ങിയവയെ പവിത്രമായി കാണാനും പഠിപ്പിക്കുന്ന ഇസ്‌ലാം നരബലിയെ ശക്തമായി നിരോധിച്ച മതമാണ്. മനുഷ്യന്റ പുരാതന ചരിത്രത്തിൽ നരബലി രേഖപ്പെടുത്തിയ ഇടങ്ങളിലെവിടെയും ഇസ്‌ലാമിന്റ സാന്നിധ്യം കാണാൻ സാധ്യമല്ല. പ്രാചീന കാലങ്ങളിൽ പല ഗോത്രവർഗങ്ങളിലും ക്രൂരമായ നരബലികൾ നടന്നിരുന്നു. ഇരുമ്പ് യുഗം ആയപ്പോഴേക്കും ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നരബലി കുറഞ്ഞു. അപ്പോഴും അമേരിക്കയിലെ ചില ഭാഗങ്ങളിൽ യൂറോപ്യൻ കോളനിവൽകരണംവരെ നരബലി തുടർന്നിരുന്നതായി രേഖപ്പെത്തുന്നുണ്ട്. പുരാതന ജപ്പാനിലെ ഐതിഹ്യങ്ങളിൽ ഹിറ്റോ ബാഷിരയെ (മനുഷ്യസ്തംഭം) കുറിച്ച് പരാമർശിക്കുന്നുണ്ട്. കെട്ടിടങ്ങളെയും മറ്റും ദുരന്തങ്ങളിൽനിന്നോ ശത്രുവിന്റെ ആക്രമണങ്ങളിൽനിന്നോ സംരക്ഷിക്കുന്നതിനായി കന്യകകളെ ജീവനോടെ കുഴിച്ചു മൂടിയിരുന്നുവെന്ന് അതിൽ വ്യക്തമാക്കുന്നുണ്ട്.

1487ൽ ടെനോക്റ്റിറ്റ്‌ലാനിലെ ഗ്രേറ്റ് പിരമിഡിന്റ പുനഃപ്രതിഷ്ഠയ്ക്കായി നാല് ദിവസത്തിനുള്ളിൽ 80400 തടവുകാരെ നരബലിയർപ്പിച്ചതായി ആസ്‌ടെക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പതിനായിരത്തിനും എൺപതിനായിരത്തി നാനൂറിനുമിടയിൽ ആളുകളെ ചടങ്ങിൽ ബലിയർപ്പിച്ചതായി ആസ്‌ടെക് വാർഫെയറിന്റ രചയിതാവായ റോസ് ഹാസിഗ് പറയുന്നുണ്ട്. ഹോമറിക് ഇതിഹാസത്തിൽ ഇഫി ജീനിയയെ, അവളുടെ പിതാവ് അഗമെംനോൺ ആർട്ടമെസിനെ പ്രീതിപ്പെടുത്താൻ ബലിയർപ്പിക്കണമെന്നും അങ്ങനെ ദേവത ട്രോജൻ യുദ്ധം നടത്താൻ ഗ്രീക്കുകാരെ അനുവദിക്കുമെന്നും പറയുന്നുണ്ട്. ചില വിശ്വാസങ്ങളിൽ മരണപ്പെട്ടയാളുടെ ശവസംസ്‌കാര ചടങ്ങിൽ ജോലിക്കാരെ ബലിയർപ്പിക്കുന്ന പതിവുണ്ടായിരുന്നുവത്രെ! മംഗോളുകൾ, സിഥിയൻമാർ, ഈജിപ്തുകാർ, വിവിധ മെസോ അമേരിക്കൻ മേധാവികൾ എന്നിവർ ആദ്യകാലത്ത് അവരുടെ വീട്ടുജോലിക്കാരും സ്ത്രീകളുംഉൾപെടെയുള്ളവരെ അടുത്തലോകത്തേക്ക് കൊണ്ടുപോകുന്നെന്ന വിശ്വാസത്തിൽ കൊലപ്പെടുത്താറുണ്ടായിരുന്നു. യജമാനനോടൊപ്പം ബലിയർപിക്കപ്പെടുന്നതിനാൽ മരണാനന്തര ജീവിതത്തിൽ അവനെ സേവിക്കുന്നത് തുടരാൻ കഴിയുമെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. പുരാതന കാലത്തെ ആദിവാസി സമൂഹങ്ങളിൽ ഹെഡ് ഹണ്ടിംഗ് സമ്പ്രദായം നിലനിന്നിരുന്നു. കൊല്ലപ്പെട്ട എതിരാളികളുടെ തല വെട്ടിയെടുക്കുന്ന രീതിയാണത്. ഇസ്‌ലാമിന്റ ആശയങ്ങളോട് ഒരിക്കലും യോജിക്കാത്ത അപരിഷ്‌കൃത നിയമങ്ങളാണിത്.

വർഷങ്ങൾക്കുമുമ്പ് ടാൻസാനിയയിൽ ശരീരവും മുടിയും നന്നേവെളുത്ത ആളുകളെ ബലികൊടുക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ച മുപ്പതിലധികം പുരോഹിതൻമാരെ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടയിൽ നൂറോളം ആളുകളെ അവർ ബലി നൽകിയതായും അവിടുത്തെ സാമൂഹ്യപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.

കൊറിയയിലെ ജിയോങ്ജുവിൽ മൂൺ കാസിലിന്റെ മതിലുകൾക്കു താഴെ പഴക്കമുള്ള രണ്ട് അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. കോട്ട നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കോട്ടയുടെ നിർമാണത്തിനു മുമ്പ് ബലിയർപ്പിക്കപ്പെട്ടവരുടെതാണ് ഇവയെന്നാണ് വിശ്വസിക്കപ്പെടുന്നത്.

പുരാതന ഈജിപ്തിലും ചൈനയിലും മരണാനന്തര ജീവിതത്തിൽ രാജാവിനെ സേവിക്കുന്നതിനായി അവരുടെ ശരീരത്തോടൊപ്പം അടിമകളെ ജീവനോടെ അടക്കം ചെയ്തിരുന്നതായും വിശദീകരണമുണ്ട്. ഇങ്ങനെ; ചൈന, ജപ്പാൻ, ഗ്രീസ്, ഇന്ത്യ, ടാൻസാനിയ തുടങ്ങി ലോകത്തെവിടെയുമുള്ള സംസ്‌കാരങ്ങൾക്കും മനുഷ്യക്കുരുതികളുടെ കഥ പറയാനുണ്ട്.

2015ൽ തമിഴ്‌നാട്ടിൽ മധുരയിലെ ഗ്രാനൈറ്റ് ക്വാറിയിൽ അനധികൃത ഖനനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഏഴോളം മൃതശരീരങ്ങൾ കണ്ടെടുത്തതോടെ നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉദ്യോഗസ്ഥർ പുറത്തുവിട്ടത്. ക്വാറിയുടെ സമൃദ്ധിയ്ക്കായി ബലി നടത്തിയതാണത്രെ!

2019ൽ ഭഗൽപൂരിൽ സന്താന സൗഭാഗ്യത്തിനായി മന്ത്രവാദിയുടെ നിർദേശപ്രകാരം പത്തു വയസ്സുകാരനെ അമ്മാവൻ കഴുത്തറുത്തുകൊന്നു. കർണാടകയിലെ ബദാന ഗോഡിഗ്രാമത്തിൽ നിധി ലഭിക്കുന്നതിനായി യുവാവ് മുത്തശ്ശിയെ നരബലി നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രശസ്തരായ മനഃശാസ്ത്രജ്ഞൻമാർ ഇതേക്കുറിച്ച് വസ്തുനിഷ്ഠമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അധികാരത്തെ ശക്തിപ്പെടുത്തുന്നതിന് ഭരണവർഗങ്ങൾ ആചാരപരമായ കൊലപാതകങ്ങൾ ഉപയോഗിച്ചിരുന്നതായി കാണാം. ‘സാമൂഹ്യ നിയന്ത്രണ സിദ്ധാന്തം’ എന്ന പഠനഭാഗങ്ങളിൽ ഇതിനെ കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. താഴ്ന്നവിഭാഗത്തെ നിയന്ത്രിക്കുന്നതിനായി നാഗരികതയുടെ ഉയർച്ചക്കുവേണ്ടി എന്ന വ്യാജേന മനുഷ്യർ ‘ത്യാഗങ്ങൾ നടത്തി’ എന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. മനുഷ്യസമൂഹത്തിലെ അധികാരരൂപങ്ങൾ ഉണ്ടായത് സ്ഥാപനവൽകരിക്കപ്പെട്ട അക്രമത്തെ അടിസ്ഥാനമാക്കിയാണെന്നും നിരീക്ഷിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ സാന്നിധ്യമില്ലാതിരുന്ന ഇടങ്ങളിലാണ് അന്ധവിശ്വാസവും നരബലിയും തഴച്ചുവളർന്നത് എന്ന് നരവംശശാസ്ത്രവും മാനവചരിത്രവും പരിശോധിച്ചാൽ ബോധ്യമാകും.

ഇലന്തൂരിലെ ഇരട്ട നരബലിയുടെ മുഖ്യപ്രതിയായ മുസ്‌ലിം നാമ ധാരിയായ ശാഫി ദൈവ വിശ്വാസിയായിരുന്നില്ലെന്നതും ഇസ്‌ലാം നിഷിദ്ധമാക്കിയ ലൈംഗിക വൈകൃതങ്ങളും മദ്യവും ലഹരിയും വ്യാപകമായി ഉപയോഗിക്കുന്നവനുമാണെന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്,

നരബലി: ഇസ്‌ലാമിന്റെ സമീപനം

മനുഷ്യന്റെ ഇഹപര നൻമയ്ക്കും വിജയത്തിനുമായി പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു നൽകിയ മതമാണ് ഇസ്‌ലാം. മുഹമ്മദ് നബി ﷺ യിലൂടെ അത് പൂർത്തീകരിക്കപ്പെട്ടു. മനുഷ്യവർഗമെന്ന വൃത്തത്തിൽ ജാതി, മത, വർഗ, വർണ, ഭാഷ, വേഷ, സ്ഥല, കാല വ്യത്യാസങ്ങൾക്കതീതമായി പ്രോജ്വലിച്ച് നിൽക്കുന്ന സമത്വത്തിന്റെ സുന്ദര ദർശനമാണത്.

ധർമനിഷ്ഠയാണ് ഏതൊരാളെയും മറ്റുള്ളവരിൽനിന്ന് വ്യതിരിക്തനാക്കുന്നത്. അല്ലാഹു പറയുന്നു: “ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു’’ (ക്വുർആൻ 49:13).

ഒരു വിശ്വാസിയുടെ ജീവിതവിജയത്തിനായി മറ്റുള്ളവരെ ഏതെങ്കിലും രൂപത്തിൽ ചൂഷണം ചെയ്യാൻ ഇസ്‌ലാം പറയുന്നില്ല. അതിനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ളതാണ് ഇസ്‌ലാമിലെ ആചാരാനുഷ്ഠാനങ്ങൾ. മനുഷ്യന്റെ കഴിവുകളിൽ പരിമിതമാണ് ഇസ്‌ലാമിന്റെ ഓരോ കൽപനയും. അപരനെ സഹായിക്കുകയും ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നതിലാണ് പുണ്യമുള്ളതെന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മറ്റുള്ളവന്റെ ജീവന് വിലകൽപിക്കുന്ന ദൈവികമതം സ്വീകരിച്ച ഒരു വിശ്വാസിക്ക് മനുഷ്യരക്തം ചിന്തിയുള്ള ആചാരങ്ങൾ അന്യമാണെന്നർഥം.

പെൺകുഞ്ഞ് വളരുന്ന വീട് ദുശ്ശകുനത്തിന്റെതാണെന്ന് വാദിച്ച് അപമാനഭാരത്താൽ ജീവനോടെ കുഴിച്ചുമുടിയിരുന്നവരുണ്ടായിരുന്ന ഒരു ജനതയിലേക്കാണ് മുഹമ്മദ് നബി ﷺ  ഇസ്‌ലാമിന്റെ വെളിച്ചവുമായി കടന്നുചെന്നത്. അവരെ തിരുത്തുവാനും മനുഷ്യജീവന്റെ മൂല്യം മനസ്സിലാക്കിക്കൊടുക്കുവാനും, പ്രത്യേകിച്ച് സ്ത്രീകളുടെ മഹത്ത്വം തിരിച്ചറിയുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുവാനും പ്രവാചകന് സാധിച്ചത് വിശുദ്ധ ക്വുർആനിന്റെ ദാർശനികബലംകൊണ്ടായിരുന്നു.

ഇസ്‌ലാം മനുഷ്യനെ ആദരിച്ചു

സൃഷ്ടിജാലങ്ങളിൽനിന്ന് വിശേഷബുദ്ധിയാൽ വ്യതിരിക്തനായ മനുഷ്യനെ ഇസ്‌ലാം ആദരിക്കുകയാണ് ചെയ്തിട്ടുള്ളത്. അവന്റെ രക്തം, അഭിമാനം എന്നിവ പവിത്രവും വിശുദ്ധവുമാണെന്ന് ഇസ്‌ലാം പറയുന്നു.

അല്ലാഹു പറയുന്നു: “തീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽനിന്ന് നാം അവർക്ക് ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു’’ (ക്വുർആൻ 17:70).

പ്രവാചകന്റെ വിടവാങ്ങൽ ഹജ്ജിലെ പ്രൗഢമായ മനുഷ്യാവകാശ പ്രഖ്യാപന പ്രഭാഷണത്തിൽ മനുഷ്യരെ ആദരിക്കേണ്ടതെങ്ങനെ എന്ന് കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്.

അവിടുന്ന് പറഞ്ഞു: “ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും അന്ത്യനാൾവരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ.’’

ഹജ്ജിന്റെ ദിനം, പവിത്രമായ മക്ക എന്നിവയെക്കുറിച്ച് ഒരു വിശ്വാസിയുടെ മനസ്സിലുള്ള വികാരവും ആദരവും എത്രയാണോ അതേപോലെ ഓരോ മനുഷ്യന്റെ രക്തത്തിനും അഭിമാനത്തിനും പവിത്രത കൽപിച്ചുനൽകണമെന്ന പ്രവാചകാധ്യാപനമുള്ള ഇസ്‌ലാമിൽ മനുഷ്യവധം, അത് ബലിയായാലും ഹത്യയായാലും എത്ര വലിയ പാപമാണ്!

സമ്പത്തിനോടുള്ള അമിതമായ താൽപര്യമാണ് ഇത്തരം ക്രൂരതകൾക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ വിശദീകരണം. എന്നാൽ ഇസ്‌ലാം അത്തരം മനോഗതികളെ നിയന്ത്രിക്കുന്നുണ്ട്. ഇല്ലായ്മയുടെ നെരിപ്പോടിൽ അല്ലാഹുവിൽനിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ക്ഷമയവവലംബിക്കുന്ന ദരിദ്രന് പരലോകത്ത് വിചാരണ എളുപ്പമാകുമെന്നും ധനികനെക്കാൾ വേഗത്തിൽ സ്വർഗപ്രവേശം സാധ്യമാകുമെന്നും വിശ്വസിക്കുന്ന ഒരു മുസ്‌ലിം ധനസമ്പാദനത്തിന് ഇത്തരം നീചമായ മാർഗം സ്വീകരിക്കുകയില്ല.

ദൈവപ്രീതി ലഭിക്കുമെന്ന വിശ്വാസമാണ് ഇത്തരം കൊലപാതകങ്ങൾക്ക് കാരണമാകുന്നതെന്ന് പറയുമ്പോൾ, ഇസ്‌ലാമിന് ഇതിൽ യാതൊരു പങ്കുമില്ലെന്ന് അറിയുക. അങ്ങനെയൊരു വിശ്വാസം ഇസ്‌ലാം പഠിപ്പിക്കുന്നില്ല. ഇസ്‌ലാം അനുശാസിക്കുന്ന ആചാരങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല.

അല്ലാഹുവിന്റെ കൽപന പ്രകാരം മകൻ ഇസ്മാഈലി(അ)നെ പിതാവ് ഇബ്‌റാഹീം(അ) ബലിനൽകാനൊരുങ്ങിയ സംഭവം ക്വുർആനിലുണ്ട്. എന്നാൽ അത് അല്ലാഹുവിന്റെ ഒരു പരീക്ഷണം മാത്രമായിരുന്നു. പിതാവും പുത്രനും അതിന് തയ്യാറായപ്പോൾ അത് ചെയ്യേണ്ട എന്നും പകരം ഒരു മൃഗത്തെ അറുക്കണമെന്നും കൽപിച്ചതും അവർ അതുപോലെ ചെയ്തതുമാണ് ചരിത്രം. അല്ലാഹുവിന്റെ പ്രീതിക്കായി മനുഷ്യബലി പാടില്ല എന്ന സന്ദേശം കൂടി ഈ സംഭവം നൽകുന്നുണ്ട്.

കുട്ടികളെ കൊല്ലുന്നത് മഹാപാപം

നരബലിക്ക് വിധേയമാക്കപ്പെടുന്നവരിലധികവും കുട്ടികളാണെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. മാതാപിതാക്കളുടെ പരിലാളനയേറ്റ് നിഷ്‌കളങ്ക ഭാവത്തോടെ വളരുന്ന പിഞ്ചോമനകളെ സ്വാർഥത മൂടിയ അന്ധവിശ്വാസംപേറി നടക്കുന്നവർ കഴുത്തറുക്കുന്നത് നിഷ്ഠൂരവും ക്രൂരവുമായ ചെയ്തിയാണ്.

ആർത്തിപൂണ്ട മനസ്സുകൾ കുഞ്ഞിനെ ജനിക്കാൻപോലും വിസമ്മതിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഈ കാലത്ത് അതിനെതിരെ നിശ്ശബ്ദമാകുന്നവരും ദാർശനിക പിന്തുണ നൽകുന്നവരുമാണ് നരബലിയിൽ മതത്തെ തേടിയിറങ്ങിയിരിക്കുന്നത്.

ജനസംഖ്യാവർധനവ് കാരണം പട്ടിണിയും ദാരിദ്ര്യവും രോഗങ്ങളും ക്ഷാമവും അകാലമരണങ്ങളുമാണ് സംഭവിക്കാൻ പോകുന്നതെന്ന് ഭയപ്പെടുത്തി, ജനപ്പെരുപ്പം തടഞ്ഞില്ലെങ്കിൽ പ്രകൃതി തിരിച്ചടിക്കുമെന്ന പ്രചാരണത്തിലൂടെ, മാനവവിഭവശേഷിയിൽ കരുത്തുനേടുന്ന രാഷ്ട്രങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്താനുള്ള മുതലാളിത്തത്തിന്റെ കുരുട്ടുബുദ്ധിയിൽ ഉദയംചെയ്ത ചില നിയമങ്ങളിലൂടെ ക്രൂരമായി നശിപ്പിക്കപ്പെട്ടത് കോടിക്കണക്കിന് ഗർഭസ്ഥ ശിശുക്കളാണ്.

ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സമിതി സർക്കാറിന് സമർപ്പിച്ച ‘കേരളാ വുമൺസ് കോഡ് ബിൽ 2011’ മനുഷ്യന്റെ ജൻമാവകാശത്തെ ഹനിക്കുന്നതാണെന്ന കാര്യം അവിതർക്കിതമാണ്.

ഗർഭാശയത്തിലെ മനുഷ്യജീവന്റെ തുടിപ്പുകളെ ക്രൂരമായി ഛിദ്രം ചെയ്യുന്നതിനെ ന്യായീകരിക്കാൻ സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്യുന്ന നാസ്തികരടക്കമുള്ള, സ്വന്തം സുഖംമാത്രം നോക്കുന്ന സ്വാർഥതയുടെ ആൾരൂപങ്ങൾക്ക് മാത്രമെ സാധിക്കൂ.

ഇവിടെ ദൈവിക മതമായ ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് അജ്ഞാനകാലത്തെ അറബികളോട് സംവദിച്ചതുപോലെ അവസാനനാൾവരെയുള്ളവരോടും മനുഷ്യന്റെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കും.

കുട്ടികളെ കൊല്ലുന്നതിനെതിരെ വിശുദ്ധ ക്വുർആൻ മാനവസമൂഹത്തെ ഉദ്‌ബോധിപ്പിക്കുന്നത് ഇങ്ങനെയാണ്: “ദാരിദ്ര്യഭയത്താൽ നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവർക്കും നിങ്ങൾക്കും ഉപജീവനം നൽകുന്നത്. അവരെ കൊല്ലുന്നത് തീർച്ചയായും ഭീമമായ അപരാധമാകുന്നു’’ (ക്വുർആൻ 17:31).

ഇബ്‌നു ഉമർ(റ) നിവേദനം: “ഒരു യുദ്ധത്തിൽ ഒരു സ്ത്രീ വധിക്കപ്പെട്ടതായി കാണപ്പെട്ടു. അപ്പോൾ പ്രവാചകൻ ﷺ  സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് നിഷിദ്ധമാക്കി’’ (ബുഖാരി, മുസ്‌ലിം).

യസീദ്ബ്‌നു ഹുർമുസ്(റ) നിവേദനം: “നജ്ദത്ത്, ഇബ്‌നു അബ്ബാസി(റ)നോട് അഞ്ച് കാര്യങ്ങൾ ചോദിച്ചറിയുന്നതിന് കത്തെഴുതി: ‘നബി ﷺ  സ്ത്രീകളെയും കൊണ്ട് യുദ്ധം ചെയ്തിരുന്നോ? അവർക്ക് വിഹിതം നിശ്ചയിച്ചിരുന്നോ? അവിടുന്ന് കുട്ടികളെ കൊന്നിരുന്നോ? അനാഥയുടെ അനാഥത്വം അവസാനിക്കുന്നതെപ്പോൾ? അഞ്ചിലൊന്ന് ആർക്കുള്ളതാണ്? ഇത്രയും കാര്യങ്ങൾ എനിക്ക് പറഞ്ഞു തരൂ.’ അപ്പോൾ ഇബ്‌നു അബ്ബാസ്(റ) അദ്ദേഹത്തിന് ഇപ്രകാരം എഴുതി: ‘റസൂൽ കുട്ടികളെ കൊന്നിട്ടില്ല. അതിനാൽ നിങ്ങൾ കുട്ടികളെ കൊല്ലരുത്...’’(മുസ്‌ലിം).

മനുഷ്യനെ ഇത്രയധികം ആദരിച്ച ഒരു പ്രത്യയശാസ്ത്രവും ലോകത്ത് ഉദയം ചെയ്തിട്ടില്ല; ദൈവിക മതമായ ഇസ്‌ലാമല്ലാതെ.

ഈ ലോകത്ത് മനുഷ്യൻ ചെയ്യുന്ന പ്രവർത്തനങ്ങൾ എത്ര നിസ്സാരമാണെങ്കിലും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ മുന്നിൽ ചോദ്യം ചെയ്യപ്പെടുന്ന ഒരു നാൾ വരാനുണ്ടെന്ന് വിശ്വസിക്കുന്ന ഒരു മുസ്‌ലിമിന് ഒരു ജീവിയെയും അന്യായമായി നോവിക്കാനാവില്ല. പെൺകുട്ടികൾ ജനിക്കുന്നത് അപമാനമായിക്കരുതി ജീവനോടെ കുഴിച്ചുമൂടിയ ഒരു ജനവിഭാഗത്തിന് വിശുദ്ധ ക്വുർആൻ നൽകിയ ഒരു താക്കീതുണ്ട്. അത് ലോകാവസാനംവരെയുമുള്ള എല്ലാ നരാധമൻമാരോടും ആവർത്തിച്ച് ഓർമപ്പെടുത്തുന്നു:

“(ജീവനോടെ) കുഴിച്ചുമൂടപ്പെട്ട പെൺകുട്ടിയോടു ചോദിക്കപ്പെടുമ്പോൾ; താൻ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്’’ (ക്വുർആൻ: 81:8,9).