ഹിജാബ് വിധി; ഒരു വിശകലനം

അലി മുഹമ്മദ് തയ്യിൽ, ജില്ലാ ജഡ്ജ് (റിട്ട)

2022 മെയ് 21, 1442 ശവ്വാൽ 19
പൗരന്റെ അടിസ്ഥാനവകാശങ്ങൾ വകവെച്ച് നൽകുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്ന ഭരണകൂടം ജനശ്രദ്ധ തിരിച്ചുവിടാനായി കൊണ്ടിട്ട ‘പല്ലിവാൽ പ്രശ്‌നത്തിൽ’ പെട്ടതാണ് സ്‌കൂൾ യൂനിഫോമിൽ ഹിജാബ് ഉൾപ്പെടുമോ എന്ന ചർച്ച. ഒരുപാട് വിദ്യാർഥികളുടെ അക്കാദമിക ജീവിതവും കരിയറും നഷ്ടപ്പെടുത്തി എന്ന് മാത്രമല്ല, വർഗീയ ധ്രുവീകരണത്തിന്റെ കനൽക്കടലിലേക്ക് നാടിനെ എടുത്തെറിയുകകൂടി ചെയ്യുന്നുണ്ട്, പുതിയ വിവാദവും വിധിയും.

ഇന്ത്യയിൽ പൊതുവെ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇട നൽകിയിട്ടുള്ള ഒരു കോടതിവിധിയാണ് ബഹു: കർണാടക ഹൈക്കോടതിയുടെ ഹിജാബ് സംബന്ധമായ വിധി. ഒരുപറ്റം മുസ്‌ലിം പെൺകുട്ടികൾ അവർക്ക് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കാനുള്ള അവകാശം വിദ്യാലയ അധികൃതർ നിഷേധിച്ചതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുക എന്നത് തങ്ങളുടെ മതവിശ്വാസപ്രകാരമുള്ള അനിവാര്യമായ ഒരു ആചാരമാണെന്നും അതിനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്ന മൗലിവകാശമാണെന്നും അനുഛേദം ഇരുപത്തി അഞ്ച് പ്രകാരവും മറ്റു പ്രസക്തങ്ങളായ അനുച്ഛേദങ്ങൾ പ്രകാരവും തങ്ങളിൽ അത് നിക്ഷിപ്തമാണെന്നും ആയിരുന്നു ചുരുക്കത്തിൽ അവരുടെ വാദം.

എതിർകക്ഷികളായ സ്‌കൂൾ അധികൃതരും സർക്കാരും അതിന്റെ വിവിധ വകുപ്പ് തലവൻമാരും ഈ വാദത്തെ നിശിതമായി എതിർത്തുകൊണ്ട് അവരുടെ വാദമുഖങ്ങൾ അവതരിപ്പിക്കുകയുണ്ടായി . അവരുടെ വാദങ്ങൾ ചുരുക്കത്തിൽ ഇങ്ങനെയായിരുന്നു: ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദമോ മറ്റു അനുഛേദങ്ങളായ, ഹരജിക്കാർ ചൂണ്ടിക്കാണിച്ച 14,15,16,19 എന്നീ അനുഛേദങ്ങളോ പരിപൂർണമായ അവകാശം ഹരജിക്കാർക്ക് കൊടുക്കുന്നില്ല. ഈ അവകാശങ്ങൾക്കെല്ലാം ഭരണകൂടത്തിന് ന്യായയുക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്. ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചുള്ളത് വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രീയവും മതേതരവുമായ ഒരു ചിന്താഗതി ഊട്ടിയുറപ്പിക്കുവാനാണെന്നും ഭരണഘടനാപരമായ മതേതരത്വവും അനുഛേദം 39,51 എന്നീ അനുഛേദങ്ങൾ ഉദ്‌ഘോഷിക്കുന്ന തത്ത്വങ്ങളും പ്രയോഗവൽക്കരിക്കുവാനും സമൂഹത്തിൽ സമാധാനവും ശാന്തതയും നിലനിർത്തുവാനുമൊക്കെയാണ് യൂണിഫോം നിർദേശിച്ചിട്ടുള്ളത് എന്നും യൂനിഫോം എടുത്തുകളഞ്ഞാൽ അത് വ്യക്തിയുടെ അന്തസ്സിനെയും സ്ത്രീകളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനുള്ള അധികാരത്തെയും ഹനിക്കുന്നതായിരിക്കുമെന്നുമൊക്കെയായിരുന്നു എതിർകക്ഷികളുടെ വാദത്തിന്റെ ചുരുക്കം.

ബഹുമാനപ്പെട്ട കോടതി പിന്നീട് ചോദ്യങ്ങൾ ഫോർമുലേറ്റ് ചെയ്തുകൊണ്ട് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മഹത്തായ മതേതരമൂല്യങ്ങളെപ്പറ്റി വാചാലമായി വിവരിക്കുന്നുണ്ട്.

ബഹുമാനപ്പെട്ട സുപ്രീംകോടതി വിധികളുടെയും അതുപോലുള്ള മറ്റു ആധികാരിക രേഖകളുടെയും വെളിച്ചത്തിൽ പാശ്ചാത്യഭരണഘടനകളുടെയും ഭരണകൂടങ്ങളുടെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും മതേതര സങ്കൽപങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായി വ്യക്തികൾക്ക് മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കുവാനുമൊക്കെയുള്ള സ്വതന്ത്രമായ അടിസ്ഥാന അവകാശങ്ങളെ ഉദ്‌ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെയും ഭരണവ്യവസ്ഥയുടെയുമൊക്കെ മഹത്ത്വവും വ്യത്യസ്തതയും ഊന്നിപ്പറയുന്നു. എല്ലാമതങ്ങളെയും സംസ്‌കാരങ്ങളെയും ഉൾകൊള്ളാനും അവയുടെയെല്ലാം നിലനിൽപിനും വളർച്ചക്കുമുള്ള അവകാശത്തെ അംഗീകരിക്കാനുമുള്ള ഇന്ത്യയുടെ പരമ്പരാഗതമായ സ്വഭാവത്തെയും കഴിവിനെയുമൊക്കെ എടുത്തുപറയുന്നു. അതോടൊപ്പം അനുഛേദം 51ൽ പറയുന്ന മതം, ഭാഷ, വർഗം എന്നീ വ്യത്യാസങ്ങൾക്കതീതമായ ഒരുമയും പൊതുസാഹോദര്യവും വളർത്തിക്കൊണ്ടുവരുവാനും സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള എല്ലാ ആചാരങ്ങളെയും നിരാകരിക്കുവാനുമുള്ള പൗരന്റെ കടമയെ സൂചിപ്പിച്ചുകൊണ്ട് കർണാടക സർക്കാരിന്റെ വിവാദപരമായ 1983ലെ ഈ കേസിലെ ഹരജിക്കാർ ചോദ്യം ചെയ്ത നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്കു മേൽ പറഞ്ഞ അനുഛേദത്തിന്റെ വെളിച്ചത്തിൽ ന്യായികരണങ്ങളുണ്ട് എന്നും നിരീക്ഷിക്കുന്നു.

ഭരണഘടനയുടെ അനുഛേദം 25 ഉദ്ധരിച്ച ശേഷം വിവിധ കോടതി വിധികളുടെയും മഹാന്മാരുടെ പ്രസ്താവനകളുടെയും വെളിച്ചത്തിൽ കോടതി അതിവിശാലമായ വിവരണങ്ങൾ നൽകുന്നു. മതത്തെ പ്പറ്റിയും മതാചാരങ്ങളെപറ്റിയുമൊക്കെയുള്ള പലരുടെയും വീക്ഷണങ്ങൾ എടുത്തുപറയുന്നു. ഇതോടൊപ്പം ബഹുമാനപ്പെട്ട കോടതി അമേരിക്കൻ ഭരണഘടനയിലെയും ആസ്‌ത്രേലിയൻ ഭരണഘടനയിലെയും പോലെ ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 25ൽ പറയുന്ന മതസ്വാതന്ത്ര്യം സമ്പൂർണമല്ലെന്നും യുക്തി സഹമായ നിയന്ത്രണങ്ങൾ (reasonable restrictions)ക്കു വിധേയമാണ് എന്ന കാര്യവും എടുത്തുപറയുന്നു. ഇരുപത്തിയഞ്ചാം അനുഛേദം പൊതുസമാധാനം, ധാർമികത, പൊതു ആരോഗ്യം ഭരണഘടന നൽകുന്ന മറ്റു മൗലികാവകാശങ്ങൾ എന്നിവക്കു വിധേയമാണ് എന്ന കാര്യവും എടുത്തു പറയുന്നു. മാത്രമല്ല ഇരുപത്തിയഞ്ചാം അനുഛേദത്തിന്റെ രണ്ടാം ഉപഅനുഛേദത്തിൽ വിവരിച്ചിട്ടുള്ള മതത്തോടനുബന്ധിച്ച സാമ്പത്തികവും പണസംബന്ധമായതും രാഷ്ട്രീയപരമായതുമായ മറ്റുമതേതര പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള ഭരണകൂടത്തിന്റെ അധികാരത്തെയും എടുത്തുപറയുന്നു.

ബഹുമാനപ്പെട്ട കോടതി വളരെ വിശാലമായും കോടതിവിധികളടക്കമുള്ള ആധികാരിക ഉദ്ധരണി കളുടെ വെളിച്ചത്തിലും വിവരിച്ചിട്ടുള്ള കാര്യങ്ങൾ യാതൊരു തർക്കത്തിനും വകയില്ലാത്തവയാണ്. മനുഷ്യസാഹോദര്യം വ്യക്തിയുടെ അഭിമാനം, സമത്വം, സ്ത്രീസ്വാതന്ത്ര്യം, അന്തസ്സ് തുടങ്ങിയ എല്ലാ മഹത്തായ മൂല്യങ്ങളുടെയും നിലനിൽപിനായി അവയെല്ലാം നടപ്പിൽ വരുത്തേണ്ടതിലേക്കുള്ള നിയമനിർമാണങ്ങളെയും ആ വഴിയുള്ള സാമൂഹ്യപരിഷ്‌കാരങ്ങളെയുമൊക്കെ ഈ ഇരുപത്തഞ്ചാം അനുഛേദത്തെ പരിമിതപ്പെടുത്തിക്കൊണ്ടുള്ള അതിലെ ഉപഅനുഛേദങ്ങളും ക്ലോസുകളും സാധിതമാക്കുന്നു, അല്ലെങ്കിൽ അത്തരം മഹത്തായ ലക്ഷ്യങ്ങൾക്കുവേണ്ടി അനുഛേദം ഇരുപത്തിയഞ്ചിൽ പറയുന്ന മതസ്വാതന്ത്ര്യം നിയന്ത്രണവിധേയമാക്കപ്പെട്ടതാണ് എന്നെല്ലാം ബഹുമാനപ്പെട്ട കോടതി വളരെ വിശദമായി വിവരിക്കുന്നു. മേൽ പറഞ്ഞപോലെ ഇവയൊക്കെ അവിതർക്കിതമായ കാര്യങ്ങളാണ്.

പക്ഷേ, ഇവിടെ ചൂണ്ടിക്കാണിക്കാനുള്ള കാര്യം ഈ കേസിൽ പരിഗണനാവിധേയമായ ഹിജാബ് വിഷയം ഈ വിശദീകരണങ്ങളുടെ വെളിച്ചത്തിൽ എത്ര പ്രസക്തമാണ് എന്നതാണ്. നമ്മുടെ ഭരണഘടന ഉദ്‌ഘോഷിക്കുന്നതും ബഹുമാനപ്പെട്ട കോടതി പരാമർശിച്ചതുമായ മഹത്തായ മൂല്യങ്ങൾക്ക് എന്തു ഇടിവാണ് സ്‌കൂളികളിലും കോളേജുകളിലുമൊക്കെ പെൺകുട്ടികൾക്ക് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കാനുള്ള അവകാശം നൽകിയാൽ ഉണ്ടാകാൻ പോകുന്നത് എന്ന് വ്യക്തമാക്കപ്പെടുന്നില്ല. ഹിജാബ് ധാരണത്തിനുള്ള അവകാശത്തിനുവേണ്ടി കോടതിയെ സമീപിച്ച ഹരജിക്കാർ അവർക്കു ഭരണഘടനാദത്തമായ അവകാശമാണ് ആവശ്യപ്പെടുന്നത്, മറ്റാരിലെങ്കിലും ഇത് അടിച്ചേൽപിക്കാനല്ല. സ്ത്രീസ്വാതന്ത്ര്യത്തെയും സ്ത്രീയുടെ അന്തസ്സിനെയും മറ്റു വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും അതുപോലുള്ള -കോടതി പരാമർശിച്ച-ഭരണാഘടനാ മുല്യങ്ങളെയും എങ്ങനെയാണ് ഇതു ബാധിക്കുക എന്നത് സാമാന്യബുദ്ധിക്ക് മനസ്സിലാകാത്ത കാര്യമാണ്.

യൂനിഫോമിന്റെ ആവിർഭാവത്തെയും ആവശ്യകതെയുമൊക്കെ സംബന്ധിച്ചു ചരിത്രപരമായും അല്ലാതെയും പല മഹദ് വ്യക്തികളെയും അധികാര രേഖകളെയും ഉദ്ധരിച്ചുകൊണ്ട് ബഹുമാനപ്പെട്ട കോടതി വിശദമായി വിവരിക്കുന്നുണ്ട്. അതൊക്കെയും യാതൊരു തർക്കവുമില്ലാത്ത കാര്യങ്ങളുമാണ്. പക്ഷേ, ഇവിടെ ഇതൊരു യൂനിഫോമിനനുകൂലമായും പ്രതികൂലമായും ഉള്ള ഒരു തർക്കമായാണ് കോടതി കാണുന്നത്. വാസ്തവത്തിൽ ഇതിലെ ഹരജിക്കാർ തങ്ങൾ യൂനിഫോമിനെതിരാണ് എന്നോ അതു തങ്ങൾ ധരിക്കില്ല എന്നോ തങ്ങൾക്കോ മറ്റുകുട്ടികൾക്കോ അതു നിർബന്ധമാക്കാൻ പാടില്ലെന്നോ അല്ല വാദിക്കുന്നത്. യൂനിഫോം തങ്ങൾ ധരിക്കുന്നതോടൊപ്പം അതേ യൂനിഫോമിന്റെ നിറമുള്ള ഒരു ഹിജാബ് (തലയിലെ തട്ടം) ധരിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന പരിമിതമായ ഒരാവശ്യം മാത്രമെ അവർക്കുള്ളൂ. അതെങ്ങനെയാണ് സമത്വഭാവനക്കോ സ്ത്രീസ്വാതന്ത്ര്യത്തിനോ സ്ത്രീയുടെ അന്തസ്സിനോ അതുപോലുള്ള മൂല്യങ്ങൾക്കോ ഒക്കെ എതിരാവുന്നത്? വാസ്തവത്തിൽ ഇത്തരം മൂല്യങ്ങളുടെ തിളക്കം കൂട്ടുകയാണ് ഇതുകൊണ്ടുണ്ടാവുക എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. വസ്ത്രധാരണത്തിൽ അൽപം പോലും വ്യത്യാസം അനുവദിക്കാത്ത യൂനിഫോമിറ്റിയാണ് നിഷ്‌കർഷിക്കുന്നതെങ്കിൽ അത്രത്തോളം കണിശമാക്കേണ്ടതിന്റെ ആവശ്യകത ഒട്ടും മനസ്സിലാകുന്നില്ല. ഈ വിഷയകമായി കലാലയങ്ങളെ സമൂഹത്തിന്റെ ഒരു പരിഛേദമായി കോടതി എവിടെയോ പരാമർശിച്ചതായി കാണുന്നുണ്ട്. അങ്ങനെ കൃത്രിമമായ ഒരു യുനിഫോമിറ്റി (ഏകീകൃതസ്വഭാവം) നമ്മുടെ സമൂഹത്തിൽ പ്രത്യേകിച്ചും, ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും സാധ്യമല്ല എന്ന് മാത്രമല്ല അത് ആശാസ്യവുമല്ല; അതും നമ്മുടെ ഭരണഘടന വ്യക്തികൾക്ക് നൽകുന്ന മഹത്തായ മൗലികാവകാശങ്ങളുടെ വെളിച്ചത്തിൽ. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ മുഖമുദ്രയും അഭിമാനവും എന്ന് നാം മറന്നുപോകരുത്. അപ്പോൾ സമൂഹത്തിന്റെ പരിഛേദമായ വിദ്യാലയങ്ങളിലും ഇന്ത്യയുടെ മഹത്തായ ഈ പൊതുസ്വാഭാവത്തെയാണ് പ്രതിഫലിപ്പിക്കേണ്ടത്.

വിശുദ്ധ ക്വുർആനിലെ ഹിജാബ് സംബന്ധമായ നിർദേശങ്ങളിലേക്ക് കോടതി കടന്നുചെല്ലുന്നുണ്ട്. ഇതോടനുബന്ധിച്ച് വളരെ വിചിത്രമായ ഒരു കാര്യം ചൂണ്ടികാണിക്കേണ്ടതുണ്ട്. ക്വുർആനിലെ ഹിജാബ് സംബന്ധമായ നിർദേശങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് ബഹുമാനപ്പെട്ട കോടതി അത്തരം കാര്യങ്ങൾ മനസ്സിലാക്കേണ്ടതിലേക്കും വിശദീകരിക്കേണ്ടതിലേക്കുമൊക്കെയുള്ള ഒരു അവലംബ തത്ത്വമായി അബ്ദുള്ള യൂസുഫലിയുടെ വിശുദ്ധ ക്വുർആൻ പരിഭാഷയിൽനിന്ന് രണ്ടാം അധ്യായത്തിലെ 256ാം സൂക്തം ഉദ്ധരിക്കുന്നുണ്ട്. (മതത്തിന്റെ കാര്യത്തിൽ നിർബന്ധമില്ല എന്നു തുടങ്ങുന്ന സൂക്തം). മതത്തിന്റെ അനുഷ്ഠാനങ്ങൾ മതവിശ്വാസികളിൽ കർശനമായി നിർബന്ധമാക്കപ്പെട്ടവയല്ല എന്ന ഒരു ധ്വനി നൽകാനും അതുവഴി ഹിജാബ് ധാരണം തുടങ്ങിയവ അത്ര കണിശമായി പാലിക്കേണ്ടതല്ല എന്ന് സൂചിപ്പിക്കാനുമാണ് ഈ സൂക്തം ബഹുമാനപ്പെട്ട കോടതി ഉദ്ധരിച്ചതായി കാണുന്നത്. യഥാർഥത്തിൽ മതം എന്നത് ഒരാളിലും അടിച്ചേൽപിക്കേണ്ടതല്ല എന്നതാണ് ഈ സൂക്തത്തിന്റെ വിവക്ഷ എന്നത് വളരെ വ്യക്തമായ ഒരു കാര്യമാണ് . അല്ലാതെ മതവിശ്വാസവും ആചാരങ്ങളും മതവിശ്വാസികൾ ഇഷ്ടമുണ്ടെങ്കിൽ പുലർത്തിയാൽ മതി എന്നല്ല. തുടർന്നുള്ള ഭാഗങ്ങൾ ഇക്കാര്യം കൂടുതൽ വ്യക്തമാക്കുന്നുണ്ട്. സന്മാർഗം ദുർമാർഗത്തിൽ നിന്നും വേർതിരിഞ്ഞ് കിടപ്പുണ്ടെന്നും സന്മാർഗത്തെ പുൽകിയവൻ ശക്തമായ വിജയപാശത്തെയാണ് മുറുകെ പിടിച്ചിട്ടുള്ളത് എന്നുമാണ് അതു പറയുന്നത്. മതം ബലം പ്രയോഗിച്ചു മറ്റുള്ളവരെക്കൊണ്ട് സ്വീകരിപ്പിക്കേണ്ടതല്ല എന്ന് വ്യക്തമാക്കുന്ന ഒരു സൂക്തത്തെ മതവിശ്വാസി മതശാസനകൾ പാലിക്കാൻ ബാധ്യസ്ഥനല്ല എന്ന രീതിയിൽ ഒരിക്കലും വ്യാഖ്യാനിക്കാവുന്നതല്ല. ഈ സൂക്തത്തെ അബ്ദുല്ല യൂസുഫലി തുടർന്നു വിശദീകരിച്ചതിനെ നല്ല അഭിനന്ദന വാചകങ്ങളോടെ കോടതി അംഗീകരിച്ച് ഉദ്ധരിക്കുന്നുണ്ട്. അവിടെ വ്യാഖ്യാതാവ് വിവരിക്കുന്നത് കോടതി ഉദ്ധരിച്ച വാചകങ്ങൾ പ്രകാരമാണെങ്കിലും ഇത്രമാത്രമാണ് നിർബന്ധമെന്നത് മതവുമായി യോജിക്കുന്നതല്ല. കാരണം മതമെന്നത് വിശ്വാസത്തെയും അതിനുള്ള ഇച്ഛയെയും ആശ്രയിച്ചാണിരിക്കുന്നത്. ബലം പ്രയോഗിച്ച് അടിച്ചേൽപിച്ചാൽ ഇവ നിരർഥകമായിത്തീരും. വ്യാഖ്യാതാവിന്റെ ആ വിവരണത്തിൽനിന്നും മതവിശ്വാസിക്ക് മതശാസനകൾ നിർബന്ധമല്ല എന്നല്ല മനസ്സിലാവുന്നത്; മതം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും മനുഷ്യന് സ്വാതന്ത്ര്യമുണ്ട് എന്നാണ്.

ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് കോടതി പറയുന്നത്, ഇത് പ്രവാചകന്റെ വാക്കാണ് എന്ന നിലയിലാണ്. ഇത് വിശുദ്ധ ക്വുർആനിലെ സൂക്തമാണ്; പ്രവാചകന്റെ വാചകമല്ല എന്നത് തർക്കമറ്റതാണ്. സത്യവിശ്വാസിനികളായ സ്ത്രീകളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും മറ്റുമുള്ള കൽപനകളോടൊപ്പം അവരുടെ മക്കനകൾ കുപ്പായങ്ങൾക്ക് മീതെ താഴ്ത്തിയിടാൻ അനുശാസിക്കുന്ന 24ാം അധ്യായത്തിലെ 31 ാം സൂക്തവും പ്രവാചക പത്‌നിമാരോടും സത്യവിശ്വാസിനികളായ മറ്റു സ്ത്രീകളോടും അവരുടെ മൂടുപടങ്ങൾ അവരുടെമേൽ താഴ്ത്തിയിടുവാൻ കൽപിക്കുന്ന 33ാം അധ്യാത്തിലെ 59ാം സൂക്തവും ബഹുമാനപ്പെട്ട കോടതി ഉദ്ധരിക്കുന്നു. ഈ സൂക്തങ്ങളിൽ നിന്നെല്ലാം ഹിജാബ് സംബന്ധമായ നിർദേശം നിർബന്ധമായ നിലക്കാണ് എന്ന് വ്യക്തമാകുന്നുണ്ട്. പക്ഷേ, ബഹുമാനപ്പെട്ട കോടതി ഹിജാബിന്റെ ചരിത്രവും ആവിർഭാവ സ്വഭാവവും മറ്റുപലതും വിശദീകരിച്ചുകൊണ്ട് കണ്ടെത്തുന്നത്; വിശുദ്ധ ക്വുർആനിൽതന്നെ ആന്തരികമായി വേണ്ടത്ര ഘടകങ്ങളുണ്ട് ഹിജാബ് നിർബന്ധമല്ല, ഐച്ഛികം മാത്രമാണ് എന്ന വാദഗതിയെ ന്യായികരിക്കാൻ എന്നാണ്. കോടതിയുടെ ഈ നിരീക്ഷണം വിശുദ്ധ ക്വുർആനിലെ, കോടതി ഉദ്ധരിച്ച സൂക്തങ്ങൾകൊണ്ട്തന്നെ ശരിയായിട്ടുള്ളതായില്ല എന്ന് പറയേണ്ടിവരുന്നു. മാത്രമല്ല ഇസ്‌ലാമിലെ മതശാസനകൾ നിർബന്ധമായവതന്നെ പ്രവാചക നിർദേശങ്ങൾകൊണ്ടും സ്ഥിരപ്പെട്ടവയുണ്ട്. കോടതിയുടെ മുൻപറഞ്ഞ നിരീക്ഷണത്തിന് അവലംബമായി ഇവിടെയും കോടതി വ്യാഖ്യാതാവിനെ ഉദ്ധരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: ഈ നിയമം നിരുപാധികമല്ല, ഏതെങ്കിലും കാരണവശാൽ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദൈവം വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. വിശ്വാസിയുടെ കഴിവിനപ്പുറമായി അനിവാര്യമായ സാഹചര്യങ്ങളിൽ മതശാസനകളിൽ ഇളവുകൾ നൽകാറുണ്ട് എന്നത് ഈ സാഹചര്യത്തോട് ചേർത്തുവക്കാവുന്ന ഒരു ന്യായീകരണമല്ല. പന്നിമാംസം ക്വുർആൻ നിഷിദ്ധമാക്കിയതാണ്. പക്ഷേ, ജീവൻ നിലനിർത്താൻ മറ്റൊന്നും ലഭ്യമല്ലാത്തതുപോലുള്ള അനിവാര്യമായ സാഹചര്യങ്ങളിൽ വിശ്വാസിക്ക് പന്നിമാസം അനുവദനീയമാണ് എന്നാണ് മതവിധി. ഈ ഇളവ് ചൂണ്ടിക്കാണിച്ചുകൊണ്ട് ആരെങ്കിലും പന്നിമാസം ഇസ്‌ലാമിൽ നിഷിദ്ധമല്ല എന്ന് പറഞ്ഞാൽ അതെത്ര ബാലിശമായിരിക്കും!

ഹിജാബിന്റെത് യഥാർഥത്തിൽ മതപരമായ ഒരു ശാസനയല്ല എന്നും അതു സാംസ്‌കാരികമായിട്ടുള്ള (കൾച്ചറൽ) ഒരു രീതിയാണെന്നും കോടതി നിരീക്ഷിക്കുന്നു. അതിനടിസ്ഥാനമായി കോടതി കാണുന്ന കാരണങ്ങൾ ഹിജാബ് ഇസ്‌ലാമിൽ ഒരു നിർദേശമായി വരുന്നതിനു മുമ്പുതന്നെ അറേബ്യയിലും മറ്റും ഈ രീതി നിലവിലുണ്ടായിരുന്നു എന്നും മറ്റു പല സമൂഹങ്ങളും ഇത് അനുവർത്തിച്ചിരുന്നു എന്നുമൊക്കെയാണ്. മതത്തിൽ ഒരു കാര്യം അനുശാസിച്ചാൽ അത് അതിന് മുമ്പ് മറ്റുപല സമൂഹങ്ങളിലും നിലനിന്നിരുന്നതാണ് എന്നതുകൊണ്ട് മാത്രം മതശാസനകളുടെ സ്വഭാവം നഷ്ടപ്പെടുകയില്ല. നിർബന്ധമാ ക്കപ്പെട്ട വ്രതാനുഷ്ഠാനം വിശുദ്ധ ക്വുർആൻ മുസ്‌ലിംകളോട് അനുശാസിക്കുമ്പോൾതന്നെ അത് മുമ്പുള്ള സമൂഹങ്ങൾക്കും കൽപിക്കപ്പെട്ടതായിരുന്നു എന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് അതൊരു മതശാസനയല്ലെന്നോ നിർബന്ധമായതല്ലന്നോ ആരും തന്നെ അർഥമാക്കുന്നില്ല. അതുപോലെ തന്നെയാണ് മറ്റു പല മതശാസനകളും. വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി.

ബഹുമാനപ്പെട്ട സുപ്രീംകോടതി സൈറാബാനു (മുത്ത്വലാഖ്) കേസിൽ മുത്ത്വലാഖിനെ നിരോധിച്ച കാര്യം ഈ കേസിൽ കോടതി ഉദ്ധരിക്കുകയും അതിനെ ഈ കേസിൽ കോടതി സൂചിപ്പിച്ച സാഹചര്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് ഹിജാബ് ധാരണത്തെയും വിലയിരുത്തുകയും ഹിജാബ് നിരോധനത്തെ അതിന്റെ വെളിച്ചത്തിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നതായും കാണുന്നത് രണ്ട് കേസുകളിലെ വിഷയങ്ങളോടും സാഹചര്യങ്ങളോടും പൊരുത്തപ്പെട്ടുപോകുന്നില്ല എന്ന് മനസ്സിലാക്കാവുന്നതാണ്. ഒന്നിൽ സ്ത്രീകൾ നേരിടുന്ന അനീതിതന്നെ ചർച്ചാവിഷയമായി ഉയർന്നുകാണുമ്പോൾ മുസ്‌ലിം പണ്ഡിതന്മാർക്കോ മുസ്‌ലിംകൾക്ക് പൊതുവെയോ തർക്കമില്ലാത്തതും തീർത്തും നിരുപദ്രവകരവുമായതും മുസ്‌ലിം സ്ത്രീകൾ തന്നെ തങ്ങളുടെ മൗലിവകാശമായി ഉന്നയിച്ചിട്ടുള്ളതുമായ ഹിജാബ് ധാരണത്തിനുള്ള അവകാശത്തെ ആദ്യത്തേതുമായി സമീകരിച്ചുകൊണ്ട് ഹിജാബ് നിരോധനത്തിനുള്ള ന്യായീകരണം കാണുകയാണ്..

ബിജോയ് ഇമ്മാനുവൽ കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചുകൊണ്ട് ഈ കേസിൽ അതുബാധകമാകുന്നില്ല എന്ന കോടതിയുടെ നിരീക്ഷണം ശരിയായില്ല എന്ന് പറയേണ്ടിവരുന്നു. പ്രസ്തുത കേസ് ക്രിസ്ത്യൻ മതസമൂഹത്തിലെ യഹോവ സാക്ഷികൾ എന്ന ഒരു പ്രത്യേക വിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടതായിരുന്നു. ആ വിഭാഗത്തിലെ മൂന്ന് വിദ്യർഥികൾ അവരുടെ വിശ്വാസത്തിന്റെ ഭാഗമെന്ന നിലയിൽ സ്‌കൂൾ പ്രാർഥനാവേളയിൽ ദേശീയഗാനം ആലപിക്കുന്നതിന് വിസമ്മതിച്ചു. മദ്രാസ് ഹൈകോടതി അത് അംഗീകരിച്ചില്ലെങ്കിലും ബഹുമാനപ്പെട്ട സുപ്രീംകോടതി ആ കുട്ടികളുടെ വിശ്വാസത്തെ മാനിച്ചുകൊണ്ട് അവരുടെ ആ പ്രവൃത്തിയെ അംഗീകരിക്കുകയും പ്രസ്തുത വിധി ദുർബലപ്പെടുത്തുകയുമാണ് ചെയ്തത്. വാസ്തവത്തിൽ ആ കേസിൽ ഉൾപ്പെട്ട കുട്ടികളുടെ നിലപാട് ഈ കേസിലെ വിദ്യാർഥിനികളുടേതിനെക്കാൾ ഗൗരവമേറിയതായിരുന്നു എന്ന് പറയാവുന്നതാണ്. എന്നിട്ടുപോലും ബഹുമാനപ്പെട്ട സുപ്രീംകോടതി ആ വിദ്യാർഥികളുടെ നിലപാടിനെ വിശ്വാസസംരക്ഷണത്തിനുള്ള അവരുടെ മൗലികാവകാശമായി അംഗീകരിക്കുകയാണുണ്ടായത്. പക്ഷേ, ഈ കേസിൽ കോടതി ആ വിധിയെ ഇതിലെ ഹരജിക്കാർക്ക് അനുകൂലമായി കാണുന്നില്ല. കോടതിയുടെ നിലപാടിനുള്ള ന്യായീകണമായി ബഹുമാനപ്പെട്ട കോടതി നൽകുന്ന ചില ചൂചനകൾ വിചിത്രമായി തോന്നുന്നു. ബിജോയ് ഇമ്മാനുവൽ കേസിൽ ഉൾപ്പെട്ട വിദ്യാർഥികൾ മറ്റു നിലയ്ക്ക് നിയമത്തെ അനുസരിക്കുന്നവരായിരുന്നു എന്നും അവർ ദേശീയ ഗാനാലാപാനത്തെ തടസ്സപ്പെടുത്തിയിരുന്നില്ല എന്നും മറ്റുള്ളവർ അത് ആലപിക്കുമ്പോൾ ശല്യം ചെയ്തിരുന്നില്ല എന്നുമൊക്കെയാണ് അത്. ഇത് വ്യംഗമായി സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. ഹിജാബ് ധാരണാവകാശം ഉന്നയിക്കുന്ന ഈ കേസിൽ ഉൾപ്പെട്ട വിദ്യാർഥിനികൾ മറ്റു രീതിയിൽ വലിയ അച്ചടക്കലംഘനം നടത്തുന്നവരാണെന്നും യൂനിഫോം ധരിക്കുന്ന മറ്റുകുട്ടികളെയും വിദ്യാലയത്തിന്റെ പൊതുഅച്ചടക്കത്തെയും അവർ തടസ്സപ്പെടുത്തുകയാണ് എന്നുമൊക്കെയാണ് അത്! ഇത് കേസിൽതന്നെ ലഭ്യമായ യാഥാർഥ്യങ്ങൾക്കു വിരുദ്ധമായ നിഗമനങ്ങളാണ് എന്ന് വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

മതവിശ്വാസികൾക്ക് ഭരണഘടനാ അനുഛേദം 25ന്റ സംരക്ഷണം ലഭിക്കണമെങ്കിൽ പ്രസ്തുത ആചാരം മതത്തിന്റെ ഒരു അനിവാര്യമായ ഘടകമായിരിക്കണം എന്ന് സുപ്രീംകോടതി വിധികളും മറ്റും ഉദ്ധരിച്ചുകൊണ്ട് കോടതി വിശദീകരിക്കുന്നുണ്ട്. കോടതി തന്നെ ഉദ്ധരിച്ച വിശുദ്ധ ക്വുർആൻ ശാസനകൾ കൊണ്ടും പ്രവാചകനിർദേശങ്ങൾകൊണ്ടുമൊക്കെ തന്നെ ഹിജാബ് ധാരണം മുമ്പ് സൂചിപ്പിച്ചപോലെ നിർബന്ധമായ ഒരു മതാചാരമാണ് എന്ന് കാണാവുന്നതാണ്. ഇതുസംബന്ധമായി ബഹു: കോടതി ഉദ്ധരിക്കുന്ന കേരള ഹൈകോടതിയിലെ ബഹു: ജസ്റ്റിസ് മുഷ്താഖിന്റെ ഒരു വിധിയിൽ തന്നെ ഹിജാബ് ധാരണം വിശുദ്ധ ക്വുർആനും പ്രവാചകവചനങ്ങളും (ഹദീസ്) നിർബന്ധമായി നിർദേശിച്ച ഒരു കാര്യമാണെന്ന് കാണുന്നു. പക്ഷേ, ഇവിടെ കോടതി ആ വിധിയിൽനിന്നുതന്നെ ഇത് നിർബന്ധമല്ലാത്തതായി വ്യത്യാസപ്പെടുത്തി വായിച്ചെടുക്കാൻ ശ്രമിക്കുന്നത് ആ വിധിയിലെ ഒരു വാചകത്തെ ആശ്രയിച്ചുകൊണ്ടാണ്. മുസ്‌ലിംകൾക്കിടയിൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന വാചകമാണ് അത്. മതത്തിലെ പല ആചാരാനുഷ്ഠാനുങ്ങളെ സംബന്ധിച്ചും മതവിശ്വാസികൾക്കിടയിൽതന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യത സാമാന്യമായി സർവാംഗീകൃതവും അടിസ്ഥാനപ്രമാണങ്ങൾ ഉദ്‌ഘോഷിക്കുന്നതുമായ ആചാരാനുഷ്ഠാനങ്ങളെ നിരാകരിക്കാനുള്ള ഒരു കാരണമല്ല. നമ്മുടെ മഹത്തായ ഭരണഘടന, പ്രത്യേകിച്ച് അനുഛേദം 25 മതവിശ്വാസം പുലർത്താനും ആചരിക്കാനുമൊക്കെ നൽകുന്ന മൗലികാവകാശം ഓരോ വിഭാഗത്തിനുമെന്ന പോലെ വ്യക്തികൾക്കുമാണ് എന്ന് മനസ്സിലാക്കേണ്ടതാണ്.

ഭരണഘടന നൽകുന്ന മൗലിവകാശങ്ങൾ ഭരണഘടനയുടെതന്നെ അടിസ്ഥാനമൂല്യങ്ങളായ വ്യക്തിസ്വാതന്ത്ര്യ, വ്യക്തിയുടെ അന്തസ്സ്, തുല്യത തുടങ്ങിയവയെ ലംഘിക്കുന്ന വിധത്തിലാവാൻ പാടില്ല എന്ന തത്ത്വം കോടതി ഈ കേസിൽ സുപ്രീകോടതിയുടേതടക്കമുള്ള ഇതുസംബന്ധമായ നിരീക്ഷണങ്ങൾ ഉദ്ധരിച്ചുകൊണ്ട് എടുത്തുപറയുന്നുണ്ട്.പക്ഷേ, ആ നിരീക്ഷണങ്ങളെല്ലാം അതതു കേസുകളിൽ ഉൾപ്പെട്ട വിഷയങ്ങളുമായി യോജിക്കുന്നവയായിരുന്നു എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇവിടെ ഒരു പറ്റം വിദ്യാർഥിനികൾക്ക് അവരുടെ മതവിശ്വാസപ്രകാരം വിദ്യാലയങ്ങളിൽ യൂനിഫോമിന് വിരുദ്ധമാവാത്ത രീതിയിൽ അതേനിറത്തിലുള്ള ഒരു ഹിജാബ് കൂടി ധരിക്കാനുള്ള അവകാശം നൽകിയാൽ മേൽപറഞ്ഞ ഭരണഘടനാമൂല്യങ്ങൾക്ക് എന്തു കോട്ടമാണ് സംഭവിക്കുക എന്ന് ഒട്ടും മനസ്സിലാവുന്നില്ല.

മൗലിവകാശങ്ങളെ നിയന്ത്രിക്കുന്നതരത്തിലുള്ള ന്യായയുക്തമായ നിയന്ത്രണങ്ങൾ (റീസണബിൾ റെസ്ട്രിക്ഷൻസ്) ഭരണകൂടം കൊണ്ടുവരുമ്പോൾ ഏതൊരു ലക്ഷ്യം മുൻ നിർത്തിയാണോ പ്രസ്തുത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് ആ ലക്ഷ്യവുമായി ഈ നിയന്ത്രണങ്ങൾക്ക് യുക്തി ഭദ്രമായ ഒരു ബന്ധം (റേഷണൽ നെക്‌സസ്) വേണമെന്നാണ് നിയമം. ഏതെങ്കിലും തരത്തിലുള്ള ഒരു ബന്ധം ഉണ്ടായാൽ പോരാ. ഇവിടെ അത്തരത്തിലുള്ള ഒരു ബന്ധം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല.

ഇസ്‌ലാമിലെ മതവിധികളെയും ആചാരാനുഷ്ഠാനങ്ങളെയുമൊക്കെ സംബന്ധിച്ചുള്ള പ്രായോഗികവും യഥാർഥവുമായ ഒരു ചിത്രം കോടതിയിൽ അവതരിപ്പിക്കുന്നതിൽ വന്ന വീഴ്ചയാണോ അതല്ല ഇവയെ യഥാവിധി മനസ്സിലാക്കാൻ ബഹു: കോടതിക്കു കഴിയാതെപോയതാണോ ഇങ്ങനെ ഒരു വിധി ഈ കേസിൽ ഉണ്ടാവാൻ കാരണം എന്നതറിയില്ല. ഏതായാലും ബഹു: സുപ്രീംകോടതിയിൽ കേസ് എത്തിയ സ്ഥിതിയ്ക്ക് ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം.