പരസ്പര സമ്മതത്തിലെ പ്രത്യയശാസ്ത്ര പ്രതിസന്ധികള്‍
ഹിലാല്‍ സലീം സി. പി.
2022 ഏപ്രിൽ 02, 1442 റമദാൻ 01
സിനിമകള്‍ ഒരു സമൂഹത്തിന്റെ പ്രതിഫലനമാണ് എന്നാണ് പറയാറുള്ളത്. തങ്ങള്‍ക്ക് ജീവിതത്തില്‍ ചെയ്യാന്‍ സാധിക്കാത്ത വീരശൂരപരാക്രമങ്ങളും നീതിസംരക്ഷണവും നായകകഥാപാത്രങ്ങള്‍ ചെയ്യുന്നതു കണ്ട് സാധാരണക്കാരന്‍ കൈയടിക്കുന്നു. പതിയെ ഈ നായകന്മാര്‍ സെറ്റിന് പുറത്തും ആരാധനാപാത്രങ്ങളാവുന്നു. സ്വാഭാവികമായും അവരുടെ വാക്കുകള്‍ക്ക് സമൂഹത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഈ സിനിമാ ഫീല്‍ഡിലേക്ക് ജാതി വിവേചനവും വര്‍ണവിവേചനവും നേരിട്ടുകൊണ്ട്, അത്ര സുഖകരമല്ലാത്ത സാമൂഹിക സാഹചര്യത്തില്‍നിന്നും കടന്നുവന്നയാളാണ് വിനായകന്‍. പലപ്പോഴും കടുപ്പമേറിയ വാചകങ്ങളില്‍ സംസാരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഈയിടെ ഒരു സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെതായി പുറത്തുവന്ന അഭിമുഖത്തിന്റെ ശകലങ്ങളാണ് ഇന്ന് കേരളത്തിന്റെ പൊതുബോധത്തെ പിടിച്ചുകുലുക്കുന്നത്: ‘‘ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണമെങ്കില്‍ നിങ്ങളെന്ത് ചെയ്യും? ഞാനാണെങ്കില്‍ അവരോട് ചോദിക്കും. ഞാന്‍ പത്ത് പേരുമായി ബന്ധത്തില്‍ ഏര്‍പെട്ടിട്ടുണ്ട്. ആ കാണുന്ന പെണ്ണുമായി (ഒരു മാധ്യമപ്രവര്‍ത്തകയെ ചൂണ്ടിക്കാട്ടിക്കൊണ്ട്) എനിക്ക് ചെയ്യണമെന്നു തോന്നിയാല്‍ ഞാന്‍ അവരോടു ചോദിക്കും. അവര്‍ ഇല്ലെന്നു പറയും.’ അഭിമുഖം പുറത്തുവന്നതോടെ വിനായകനെ രൂക്ഷമായി വിമര്‍ശിച്ചും അദ്ദേഹത്തിന്റെ വര്‍ണത്തെയും ജാതിയെയും ചേര്‍ത്തുകൊണ്ടുമുള്ള പരിഹാസങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.
ഭക്ഷണവും സെക്‌സും അടിസ്ഥാന ആവശ്യങ്ങള്‍
‘മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളാണ് ഭക്ഷണവും ലൈംഗികതയും. അതിനാല്‍ത്തന്നെ അത് തടഞ്ഞുവെക്കേണ്ട സംഗതിയല്ല. രണ്ടും സുലഭമായി ലഭ്യമാവുക’ എന്നതാണ് ഉദാരലൈംഗീകതയെ പ്രോത്സാഹിപ്പിക്കുന്ന ആധുനികതയുടെ സൈദ്ധാന്തികര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാനമായ ആവശ്യം. ഭക്ഷണവും വെള്ളവും മനുഷ്യന് എത്രമാത്രം അനായാസമായി ലഭിക്കുന്നുവോ, അതേരൂപത്തില്‍ ലൈംഗിക ആവശ്യങ്ങളും നിറവേറണം. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികതയെയും ‘സ്വകാര്യഭാഗ’ങ്ങളെയും സംബന്ധിച്ച ചര്‍ച്ചകള്‍ സമൂഹമധ്യത്തിലേക്ക് കൊണ്ടുവന്ന് അതിനെ സാമാന്യവല്‍ക്കരിക്കുകയെന്നതാണ് ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു കാല്‍വയ്പ്. എന്നാല്‍ ഇത്തരം സ്വകാര്യതകളെ നോര്‍മലൈസ് ചെയ്യുന്നത് ഒട്ടനവധി സാമൂഹികവും ദാമ്പത്യപരവുമായ പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കും എന്നതാണ് യാഥാര്‍ഥ്യം. പുരുഷകേന്ദ്രീകൃതമായ അജണ്ടകള്‍ സ്ത്രീ വിമോചനത്തിന്റെ പേരില്‍ കെട്ടിയിറക്കുകയും അതിരുകള്‍ നിശ്ചയിക്കപ്പെടാത്ത ലോകക്രമത്തെ കാട്ടി സ്ത്രീകളെത്തന്നെ അതിന്റെ പ്രമോട്ടര്‍മാരായി സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്ന പ്രക്രിയയുടെ ഒരുപാട് ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ് ഇവിടെയുമുള്ളത്.
നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ച് നിങ്ങള്‍ ഭക്ഷണം കഴിക്കുന്നു. ഭക്ഷണം കഴിച്ച് ജീവന്‍ നിലനിര്‍ത്തുക എന്ന നിങ്ങളുടെ ആവശ്യം നിറവേറുന്നത്, സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിച്ച് കഴിക്കുക എന്ന സുഖം ലഭിക്കുന്നത്, പകലന്തിയോളം പണിയെടുത്ത് വീട്ടിലെത്തി വയറുനിറക്കുമ്പോള്‍ സംപ്തൃപ്തി ലഭിക്കുന്നത് അധ്വാനിക്കുക എന്ന കടമ നിങ്ങള്‍ കര്‍മശേഷിയോടെ നിര്‍വഹിച്ചതുകൊണ്ടാണ്. കിട്ടുന്നതെന്തും ഭക്ഷിക്കുക, അധ്വാനിക്കാനുള്ള കരുത്തുണ്ടായിരിക്കെ അപരനോട് ഭക്ഷണത്തിനു യാചിക്കുക എന്നതും ഏത് അളവുകോലെടുത്ത് പരിശോധിച്ചാലും ശരിയായ രീതിയല്ല. മാത്രമല്ല, ഇവിടെ അധ്വാനവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ക്കും പ്രസക്തിയുണ്ട്. നിങ്ങളുടെ അധ്വാനം എന്തായിരുന്നു, അതിലൂടെ ലഭിച്ച കൂലിയില്‍ അനര്‍ഹമായത് നിങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടോ തുടങ്ങിയ നിയമപരവും മൂല്യബന്ധിതവുമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഈ ചോദ്യങ്ങള്‍ക്കൊക്കെ ന്യായമായതും മൂല്യാധിഷ്ഠിതവുമായ ഉത്തരങ്ങള്‍ നല്‍കിക്കഴിഞ്ഞാലും ഭക്ഷണം ഭുജിക്കുക എന്നത് ജീവിതത്തിന്റെ ലക്ഷ്യമായി മാറാനും പാടില്ല.
ഇതേപോലെത്തന്നെ ലൈംഗികതയും മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ പെട്ടതാണ്. അതിനെ തടഞ്ഞുവെക്കുന്നത് ശരിയല്ല എന്നത് പോലെത്തന്നെ ഉദാരവല്‍ക്കരിക്കുന്നതും തെറ്റാണ്, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രവൃത്തിയാണ്. ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൃത്യമായ വഴികളും നിയമങ്ങളും അവിടെ സ്വീകരിക്കേണ്ട മൂല്യങ്ങളുമുണ്ട് എന്നതാണ് മതം പഠിപ്പിക്കുന്നത്. അതിനെ മറ്റുള്ളവരില്‍നിന്നും തട്ടിയെടുക്കേണ്ടതോ യാചിക്കേണ്ടതോ ആയ വിഷയമായി മതം കണക്കാക്കുന്നില്ല. ന്യായമായ മാര്‍ഗത്തില്‍ ലൈംഗികത ലഭ്യമാകുമ്പോള്‍ പോലും അതിനെ ജീവിതത്തിന്റെ ലക്ഷ്യമായി കാണാന്‍ മതം പഠിപ്പിക്കുന്നില്ല.
ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്താണെന്ന് നിര്‍ണയിക്കുന്നതിലാണ് ഇവിടെ പിശക് സംഭവിച്ചിരിക്കുന്നത്. ഇസ്‌ലാമേതര പ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യനിര്‍മിതമാണ്. മനുഷ്യനിര്‍മിതമായ ലോകവീക്ഷണങ്ങളില്‍ സ്വാഭാവികമായി കടന്നുവരാവുന്ന പ്രശ്‌നങ്ങളാണ് ഇവിടെയും കാണുന്നത്. മനുഷ്യന് സാര്‍വകാലികമായ അറിവ് ലഭ്യമല്ല. അവന്റെ അറിവിനും ബുദ്ധിക്കും യുക്തിക്കും ചിന്താശേഷിക്കും പരിമിതികളുണ്ട്. ഈ പരിമിതികളില്‍ നിന്നുകൊണ്ട് അവന്‍ നിര്‍ധരിച്ചെടുക്കുന്ന ജീവിതലക്ഷ്യങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ആ പ്രത്യയശാസ്ത്രനിര്‍മിതിയുടെ കാലഘട്ടത്തിലെ സംഭവങ്ങളുമായി ചെറുതല്ലാത്ത ബന്ധം കാണാന്‍ സാധ്യമാണ്. എന്നാല്‍ ആ കാലഘട്ടത്തിലെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പോലും പലപ്പോഴും പരിഹാരങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ സാധ്യമല്ലാത്ത ചാപിള്ളയായി ജന്മമെടുക്കുന്ന ഇത്തരം ‘ലോകവീക്ഷണ’ങ്ങളെ സാര്‍വകാലികമായ മാനം കൊടുത്ത് അണിയിച്ചൊരുക്കുമ്പോള്‍ കൂടുതല്‍ പ്രതിസന്ധികളുടെ വാതിലുകള്‍ തുറക്കപ്പെടുന്നു. ഇസ്‌ലാമാകട്ടെ, പൂര്‍ണമായ അറിവും കഴിവും യുക്തിയുമുള്ള പ്രപഞ്ച്രസഷ്ടാവിന്റെ മാര്‍ഗദര്‍ശനമെന്ന നിലയ്ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന ദൈവിക വീക്ഷണമായി മറുവശത്ത് എതിരാളികളില്ലാതെ നിലകൊള്ളുന്നു.
ഭക്ഷണവും ലൈംഗികതയും മനുഷ്യന്റെ ആവശ്യങ്ങളാണ്, ലക്ഷ്യമല്ല. എന്നാല്‍ മൂല്യസംബന്ധിയായ ചോദ്യങ്ങള്‍ക്ക് വികലമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകവഴി പലപ്പോഴും ആവശ്യനിര്‍വഹണമെന്നതിനപ്പുറം ഇവ ലക്ഷ്യമായി ഉയര്‍ത്തിക്കാണിക്കപ്പെടുകയാണ്. മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമെന്താണെന്ന ചോദ്യം ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധ്യമായ രീതിയിലുള്ള ഒരുദാഹരണം ഇങ്ങനെയാണ്: നിങ്ങളൊരു ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുകയാണ്. എന്നാല്‍ ആ മത്സരത്തില്‍ നിങ്ങളുടെ ലക്ഷ്യം ഓടുകയോ പന്ത് തട്ടുകയോ എതിര്‍കളിക്കാരനെ കബളിപ്പിച്ച് മുന്നോട്ട് കുതിക്കുകയോ ഗോള്‍ നേടുകയെന്നതോ പോലുമല്ല. മറിച്ച് മത്സരം ജയിക്കുക എന്നതാണ്. എന്നാല്‍ ജയിക്കുക എന്നതിന് അനിവാര്യമായ സംഗതികളാണ് ഓടുക, പന്ത് തട്ടുക, (ആവശ്യമായ ഘട്ടങ്ങളില്‍) എതിര്‍കളിക്കാരനെ കബളിപ്പിച്ച് മുന്നേറുക, ഗോള്‍ നേടുക എന്നതൊക്കെ. ഗോള്‍ നേടുമ്പോള്‍ ലഭിക്കുന്ന സന്തോഷവും കബളിപ്പിക്കുമ്പോള്‍ ലഭിക്കുന്ന വിനോദവും കളിയിലെ അവശ്യമായ സംഗതികള്‍ മാത്രമാണ്, ലക്ഷ്യമല്ല. ലക്ഷ്യം വിജയമാണ്. അതാകട്ടെ കളിയിലല്ല, കളിക്ക് പുറത്തുള്ള സംഗതിയാണ്. അഥവാ external ആണ്.
ഇതുപോലെ ജീവിക്കാന്‍ അത്യന്താപേക്ഷിതമാണ് ഭക്ഷിക്കുക എന്നത്. പ്രാധാന്യമുള്ള ആവശ്യമാണ് ലൈംഗികത എന്നത്. സന്തോഷങ്ങളാണ് അപരനെ സഹായിക്കുക എന്നത്. സംതൃപ്തി നല്‍കുന്നതാണ് അനായാസവും നീതിയുക്തവും സന്തോഷപ്രദവുമായ ഒരു ലോകക്രമത്തിന്റെ സൃഷ്ടിക്ക് വേണ്ടി പണിയെടുക്കുക എന്നത്. ഹൃദയത്തിന് ഒരു പരിധിവരെ ശാന്തി പ്രദാനം ചെയ്യുന്നതാണ് അനാഥനെയും അഗതിയെയും പരിപാലിക്കുക എന്നത്. അപ്പോഴും കേവലം ഭക്ഷിച്ചും രമിച്ചും ജീവിക്കുന്ന മൃഗങ്ങളില്‍നിന്നും വ്യത്യസ്തമായി സ്രഷ്ടാവ് ആദരിച്ചിട്ടുള്ള, അധികാരം നല്‍കിയിട്ടുള്ള മനുഷ്യജീവിയുടെ ആത്യന്തിക ലക്ഷ്യമായി ഇതൊന്നും മാറുന്നില്ല, അത് മരണശേഷമുള്ള ജീവിതത്തിലെ വിജയമാണ്. അതാകട്ടെ, ഇഹലോകത്തെ സംബന്ധിച്ച് external ആണ്.
ഈ അടിസ്ഥാനവും ലക്ഷ്യവും തിരിച്ചറിയുക എന്നതാണ് ഒന്നാമതായി വേണ്ടത്. ഇതിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചാല്‍ ആധുനിക വ്യവസ്ഥയില്‍ ഉയരുന്ന പല ചോദ്യങ്ങള്‍ക്കും യുക്തിസഹമായ മറുപടികള്‍ സ്വന്തമായി നിര്‍മിച്ചെടുക്കാന്‍ സാധ്യമാണ്. എന്തിനാണ് കുടുംബ വ്യവസ്ഥിതി? എന്തിനാണ് സദാചാരമൂല്യങ്ങള്‍? സാര്‍വകാലികമായ ധാര്‍മികത എന്നത് സാധ്യമാണോ? ഉണ്ടെങ്കില്‍ത്തന്നെ ആരാണ് അവിടെ ധാര്‍മികതയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്? ഇത്തരത്തിലുള്ള, ഇന്ന് വിശിഷ്യാ മതകീയമായ ജീവിതം നയിക്കുന്നവര്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് ജീവിതത്തിലെ ആവശ്യങ്ങളും ലക്ഷ്യവും തമ്മിലുള്ള ഈ വ്യതിരിക്തത ബോധ്യപ്പെടുന്നതോടെ മുന്‍ധാരണകളെ മാറ്റിവച്ച് വിഷയത്തെ സമീപിക്കുന്നവര്‍ക്ക് ഉത്തരം ലഭിക്കുകയാണ്. ആധുനിക ലിബറല്‍ paradigm കെട്ടിയിറക്കുന്ന ധാര്‍മികബോധത്തിന്റെ വലയത്തില്‍നിന്നും പുറത്തുകടക്കേണ്ടത് ഇവിടെ അനിവാര്യമാണ് താനും.
ബാഹ്യമായ ചര്‍ച്ചകള്‍ക്കപ്പുറം ഈ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നുകൊണ്ടാണ് പ്രസ്തുത വിഷയത്തെയും കൈകാര്യം ചെയ്യേണ്ടത്. ലിബറല്‍ ധാര്‍മിക വ്യവസ്ഥിതിയനുസരിച്ച് പരസ്പര സമ്മതമാണ് ഏതൊരു പ്രവൃത്തിയുടെയും ശരിതെറ്റുകള്‍ നിശ്ചയിക്കുന്നത്. ഈ അടിസ്ഥാന പാഠത്തെ ജീവിതത്തില്‍ പകര്‍ത്തുകയും വാര്‍ത്താമാധ്യമങ്ങള്‍ക്ക് മുന്നില്‍ കടുപ്പമേറിയ വാക്കുകളിലൂടെ ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്യുകയാണ് വിനായകന്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ, ഈ ലിബറല്‍ ആശയം സമൂഹത്തെ പഠിപ്പിച്ചവര്‍തന്നെ വിനായകന്റെ ഈ വെട്ടിത്തുറന്നുള്ള സംസാരത്തിന് യാതൊരു പിന്തുണയും കൊടുക്കാതെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്!
പരസ്പരസമ്മതമാണോ മാനദണ്ഡം?
മനുഷ്യന്‍ സാമൂഹിക ജീവിയാണ്. വീടകങ്ങളില്‍ മുതല്‍ തൊഴിലിടങ്ങളില്‍വരെ അപരനുമായി അവന്‍ ഇടപഴകുന്നുണ്ട്. ഇവിടങ്ങളിലൊക്കെയുള്ള ഒന്നിലധികം പേര്‍ പങ്കുചേരുന്ന ഏതൊരു പ്രവൃത്തിയിലും അപരനെ പരിഗണിക്കല്‍ മര്യാദയാണ്. ആ പാരസ്പര്യത്തെ അംഗീകരിച്ചുകൊണ്ട് മാത്രമെ മുന്നോട്ട് പോകാന്‍ അവനു സാധിക്കൂ. എന്നാല്‍ പരസ്പര സമ്മതമെന്ന വിഷയം കൂടുതലായി ചര്‍ച്ച ചെയ്യാറുള്ളത് ലൈംഗികതയുമായി ബന്ധപ്പെട്ടാണ്. ‘ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണമെങ്കില്‍ നിങ്ങളെന്ത് ചെയ്യു’മെന്ന വിനായകന്റെ ചോദ്യം പ്രഥമമായി പരിഗണിക്കപ്പെടേണ്ടതാണ്. പുരോഗമന ലിബറല്‍ സമൂഹത്തില്‍ ഇവിടെയാണ് Consent അഥവാ ഉഭയസമ്മതം പ്രസക്തമാകുന്നത്. ഉഭയസമ്മതമുണ്ടെങ്കില്‍ ഏതൊരാളുമായും ലൈംഗികമായി ബന്ധപ്പെടാം എന്നതാണ് ഇവരുടെ കാഴ്ചപ്പാട്. അവിടെ പ്രവൃത്തിയുടെ ശരിതെറ്റുകള്‍ നിര്‍ണയിക്കുന്നത് ഉഭയസമ്മതമാണെന്ന് ചുരുക്കം. വേലിക്കെട്ടുകളില്ലാത്ത ലോകക്രമം മുന്നോട്ടുവയ്ക്കുന്ന ലിബറല്‍ ലോകവീക്ഷണത്തില്‍ സ്വാഭാവികമായും ഉഭയസമ്മതം നേടിക്കഴിഞ്ഞാല്‍ പിന്നെ മറ്റു ഘടകങ്ങള്‍ പ്രധാനമാവരുത്. അങ്ങനെയെങ്കില്‍ അടുത്ത ചോദ്യം എങ്ങനെയാണ് ഈ Consent വാങ്ങാന്‍ സാധിക്കുക എന്നതാണ്. ഒരു സ്ത്രീയോട് കാമം തോന്നിയാല്‍ അവളെ നേരിട്ട് സമീപിക്കുകയാണോ വേണ്ടത്? അതോ മറ്റെന്തെങ്കിലും രീതികള്‍ ഇതിനുണ്ടോ? ഇവിടെയാണ് വിനായകനെ ലിബറല്‍ വാദികള്‍ ക്രൂശിക്കുന്നത് വൈരുധ്യമായി മാറുന്നത്. സദസ്സില്‍ തന്നെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകയെ ചൂണ്ടിക്കാട്ടി തനിക്ക് അവളോട് കാമം തോന്നിയാല്‍ താന്‍ ചോദിക്കുമെന്ന് വിനായകന്‍ പറഞ്ഞത് സ്ത്രീ വിരുദ്ധതയാണ് എന്നതാണ് ഇക്കൂട്ടരുടെ വാദം. എങ്കില്‍പിന്നെ എങ്ങനെയാണ് Consent വാങ്ങേണ്ടത് എന്ന് പഠിപ്പിക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം ഉദാരലൈംഗീകതയെ വിറ്റഴിച്ചവര്‍ക്കുതന്നെയാണ്.
ഉഭയസമ്മതത്തിനും വേലിക്കെട്ടുകളോ?
രണ്ടുപേര്‍ തമ്മിലുള്ള ലൈം ഗിക ബന്ധത്തിനു കേവലമായ ഉഭയസമ്മതം മാത്രമാണ് ആവശ്യമെങ്കില്‍ വിനായകന്റെ ‘ഫിലോസഫി’ക്ക് ലിബറല്‍ ധാര്‍മികപദ്ധതിയില്‍ എന്താണ് കുഴപ്പമെന്നത് വിവരിക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. ഇത് തന്നെയായിരുന്നു കാലങ്ങളായി ഇക്കൂട്ടര്‍ സമൂഹത്തോട് പറഞ്ഞത്. എന്നാല്‍ വിനായകനെ പോലൊരാള്‍ പൊതുജനമധ്യത്തില്‍ ഈ ആശയം തുറന്നുപറയുമ്പോള്‍ ഇക്കൂട്ടര്‍ക്കത് ദഹിക്കുന്നില്ലെങ്കില്‍ അടിസ്ഥാനപരമായി സാമൂഹ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ഈ ആശയത്തിനുതന്നെയാണ് പ്രശ്‌നമെന്ന് വേണം മനസ്സിലാക്കാന്‍. വിനായകനെതിരെ സംസാരിച്ചവരിലെ ഒരു പ്രധാനി എങ്ങനെ കണ്‍സെന്റ് വാങ്ങാം എന്നത് വിശദീകരിക്കാന്‍ ശ്രമിക്കുന്നത് നോക്കുക: Consent ചോദിക്കുന്നതുകൊണ്ട് മാത്രം ലൈംഗികതയിലേക്ക് അനുവാദം ചോദിക്കുന്നത് പൂര്‍ണമാവുന്നില്ല. സ്വതന്ത്രമായി നല്‍കപ്പെടുന്ന, തിരിച്ചെടുക്കാന്‍ കഴിയുന്ന, പൂര്‍ണമായ അറിവും താല്‍പര്യത്തോടും കൂടി കൃത്യമായി ചിന്തിച്ചു മാത്രം കൊടുക്കുന്ന ഒന്നാകണംConsent. കൂടാതെ ഈ ചോദ്യം ചോദിക്കുന്ന സാഹചര്യവും അതിന് മുമ്പും ശേഷവും ആപ്ലിക്കബിളായ നൂറുകാര്യങ്ങളും വേറെയുമുണ്ട്.’ അതായത് ഉഭയസമ്മതത്തിനും ചില വ്യവസ്ഥകള്‍ വേണമത്രേ! പ്രധാനമായി പറയുന്ന അഞ്ച് വ്യവസ്ഥകളെ നമുക്കൊന്ന് പരിശോധിക്കാം:
1. സ്വതന്ത്രമാകണം.
2. തിരിച്ചെടുക്കാന്‍ സാധിക്കുന്നതാകണം.
3. പൂര്‍ണമായ അറിവോടെയായിരിക്കണം.
4. പൂര്‍ണ താല്‍പര്യത്തോടെയായിരിക്കണം.
5. കൃത്യമായിരിക്കണം.
സ്വതന്ത്രമാണോ?
മനുഷ്യന്‍ കേവല പദാര്‍ഥങ്ങളുടെ ഉല്‍പന്നം മാത്രമാണെന്ന് വാദിക്കുന്നവര്‍ക്ക്, ഓരോ പ്രവൃത്തിയും നടക്കുന്നത് മുമ്പ് സംഭവിച്ച പദാര്‍ഥബന്ധിതമായ പ്രവര്‍ത്തനങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങളായിക്കൊണ്ടാണ് എന്ന് വിശ്വസിക്കുന്നവര്‍ക്ക് എങ്ങനെയാണ് സ്വതന്ത്രേച്ഛ സാധ്യമെന്ന് പറയാന്‍ സാധിക്കുക? മനുഷ്യന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല എന്നാണെങ്കില്‍ എങ്ങനെയാണ് സ്വതന്ത്രമായ Consent നല്‍കാന്‍ അവന്/അവള്‍ക്ക് സാധിക്കുക?
തിരിച്ചെടുക്കാന്‍ സാധ്യമാണോ?
ഒരു പ്രവൃത്തി ചെയ്തശേഷം തിരിഞ്ഞുനടക്കാന്‍ സാധ്യമല്ല. ഒരുപക്ഷേ, തന്റെ പാര്‍ട്ട്‌നര്‍ തന്നെ ചതിച്ചു എന്ന് പ്രവൃത്തിക്ക് ശേഷം ഒരാള്‍ക്ക് തോന്നിയാല്‍ ഗുരുതരമായ ആരോപണങ്ങള്‍ക്ക് ഇത് കാരണമാകും. Me Too ആരോപണങ്ങളടക്കം പലപ്പോഴും ഇങ്ങനെയാണ് സംഭവിക്കുന്നത്. യാതൊരു കരാറുമില്ല എന്നതിനാല്‍ ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള സാധ്യതകളും അവശേഷിക്കുന്നു.
പൂര്‍ണ അറിവോടെയോ?
അബോധാവസ്ഥയില്‍ Con sent ചോദിക്കരുത് എന്നതാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. ഒരുവശത്ത് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതും ആരുമായും ലൈംഗികമായി ബന്ധപ്പെടുന്നതും ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് എന്ന് പഠിപ്പിക്കുകയും മറുവശത്ത് ഇത് രണ്ടും സംഗമിക്കുമ്പോള്‍ അത് തെറ്റായി മാറുകയും ചെയ്യുന്നു. എത്രമാത്രം അപ്രായോഗികമാണ് ഈ ആശയം എന്ന് ഇവിടെനിന്ന് തന്നെ വ്യക്തമാണ്.
പൂര്‍ണ താല്‍പര്യമോ?
ലിബറല്‍ ലോകവീക്ഷണത്തില്‍ റെഡ് സ്ട്രീറ്റുകള്‍ പലപ്പോഴും പുരോഗമനത്തിന്റെ അടയാളമായി പോലും പരിഗണിക്കപ്പെടാറുണ്ട്. Sex-workers എന്നത് മറ്റേത് തൊഴിലും ചെയ്യുന്നതുപോലെ മനുഷ്യന്റെ അടിസ്ഥാന ആവശ്യനിര്‍വഹണവുമായി ബന്ധിപ്പിച്ച് മാത്രം മനസ്സിലാക്കപ്പെടെണ്ട ഒന്നായി കാണാനാണ് ഇക്കൂട്ടര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഒരുപക്ഷേ, സ്വന്തം സാഹചര്യങ്ങള്‍കൊണ്ടോ ജീവിതം രണ്ടറ്റം മുട്ടിക്കുവാന്‍ വേണ്ടിയോ മടിക്കുത്തഴിക്കുന്നവര്‍ പൂര്‍ണമായ താല്‍പര്യത്തോടെയാണ് പണക്കെട്ടിനു മുന്നില്‍ അത് ചെയ്യുന്നതെന്ന് പറയുന്നതില്‍ എത്രമാത്രം സത്യസന്ധതയുണ്ട്?
കൃത്യമായിരിക്കുമോ?
ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങളില്‍ രണ്ടുപേര്‍ തമ്മില്‍ ഏതെങ്കിലും കരാറില്‍ ഏര്‍പ്പെടുന്നില്ല. വാച്യമായ Consent മാത്രമാണുള്ളത്. വാചകത്തെ വ്യാഖ്യാനിക്കുവാനും മുതലെടുക്കാനുമുള്ള സാധ്യതകളുണ്ട്. താന്‍ ഉദ്ദേശിച്ചത് ഇത്രമാത്രമായിരുന്നു എന്നും തന്നെ പാര്‍ട്ട്ണര്‍ ചതിച്ചുവെന്നുമുള്ള തുറന്നുപറച്ചിലുകള്‍ക്ക് ഇടമുണ്ട്.
‘അതിരുകളില്ലാത്ത ലോകം’ സൃഷ്ടിക്കുവാന്‍ തുനിഞ്ഞവര്‍ ഉഭയസമ്മതത്തിന് നിശ്ചയിച്ച പ്രധാനപ്പെട്ട അഞ്ച് നിയമാവലികളുടെ അവസ്ഥയാണ് ഇവിടെ കണ്ടത്. ഇതിനുപുറമെ വ്യക്തമായി വരച്ചുകാട്ടാന്‍ സാധ്യമല്ലാത്ത നൂറുകണക്കിന് നിയമങ്ങള്‍ വേറെയുമുണ്ടത്രെ! കണ്‍സെന്റ് വിഷയത്തിലെ ലിബറല്‍ ഫിക്വ‌്ഹീ (കര്‍മശാസ്ത്ര) ഗ്രന്ഥരചനകള്‍ ആരംഭിക്കാന്‍ ഇനിയും വൈകുന്നത് എന്തുകൊണ്ടും ന്യായീകരിക്കാവതല്ല...
മുന്‍പരിചയം ആവശ്യമോ?
കണ്‍സെന്റ് നല്‍കാന്‍ മുന്‍പരിചയം വേണമെന്നും അല്ലാതെ ചോദിക്കുന്നത് ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ പ്രശ്‌നമാണ് എന്നും വാദിച്ചുകൊണ്ട് ‘വ്യക്തിസ്വാതന്ത്ര്യത്തിന് അതിരുകള്‍ വരയ്ക്കുന്ന’ ചിലരെ കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊരു മറുവശമുന്നയിക്കുന്നവരും ഇവരുടെ കൂട്ടത്തില്‍തന്നെയുണ്ട്. അറിയുന്ന ആളുകളോട് കണ്‍സെന്റ് ചോദിക്കുമ്പോള്‍ നിങ്ങളോടുള്ള അടുപ്പം കാരണം അവര്‍ അത് നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണത്രെ! അതിനാല്‍ അവിടെ മറ്റു ഘടകങ്ങളും കണ്‍സെന്റ് നല്‍കുന്നതിന് കാരണമാകുന്നതിനാല്‍ ഇങ്ങനെ ചോദിക്കുന്നത് ശരിയല്ല എന്നാണ് അതിരുകള്‍ നിശ്ചയിച്ച് അവിടെ മതിലുകെട്ടുന്ന ഇക്കൂട്ടരുടെ വാദം. കേരളത്തില്‍ പലയിടങ്ങളിലും പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ രാത്രികാലങ്ങളില്‍ തങ്ങളെ കിടപ്പറ പങ്കിടാന്‍ അടുപ്പമുള്ളവര്‍ ക്ഷണിക്കുന്നത് ഏറെ മാനസിക പ്രയാസങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് സ്ത്രീ വിമോചനം പറയുന്നവരുടെ തനിനിറം പുറത്ത് കാണിച്ചത് ‘മതംവിട്ട പെണ്ണാ’ണ്. ഒരു അന്യപുരുഷന്‍ തന്നെ സമീപിച്ച് ഈ രൂപത്തില്‍ സംസാരിച്ചാല്‍ സ്ത്രീകള്‍ക്ക് എത്രമാത്രം മാനസികപ്രയാസം അത് സൃഷ്ടിക്കും എന്ന് ഇതില്‍നിന്നും വ്യക്തമാണ്. ഇതുകാരണം കണ്‍സെന്റ് ചോദിക്കാന്‍ കണ്‍സെന്റ് ആവശ്യമാണോ എന്നതാണ് പരിഹാസരൂപേണ ഇക്കൂട്ടരോട് നമുക്ക് ചോദിക്കാനുള്ളത്.
വിവാഹം എന്ന പരിഹാരം
ലിബറല്‍ സിലബസിലെ കണ്‍സെന്റുമായി ബന്ധപ്പെട്ട കടുകട്ടി ചോദ്യങ്ങള്‍ക്ക് മതം മനോഹരമായി പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ കരാറിലേര്‍പ്പെടണം. തീര്‍ത്തും പുരുഷകേന്ദ്രീകൃതമായി ‘സ്വതന്ത്ര’വാദികള്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ക്ക് പുറമെ, മറ്റുചില വ്യവസ്ഥകളും മുന്നോട്ട് വച്ചുകൊണ്ട് ഇണകളുടെ പാരസ്പര്യത്തെ ബഹുമാനിച്ചുകൊണ്ടുള്ള, പ്രായോഗികമായ, കൂടുതല്‍ സുരക്ഷിതത്വവും സാമൂഹിക കെട്ടുറപ്പും ഓഫര്‍ ചെയ്യുന്നതാണ് ഇനി പറയുന്ന കരാര്‍, അഥവാ വിവാഹം. പ്രാകൃത മതഗോത്രീയ ആചാരമെന്നു പരിഹസിച്ച അതേ ആശയം. ലിബറലുകള്‍ നിശ്ചയിച്ച വ്യവസ്ഥകളിലില്ലാത്ത സുപ്രധാനമായ ഒന്ന് ഇവിടെയുണ്ട്; ഉത്തരവാദിത്തം. അതെ, പൊതുജനമധ്യത്തില്‍ തന്റെ ഇണയുടെ സുരക്ഷിതത്വം ഏറ്റെടുക്കണം, കുടുംബത്തിലെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കണം, ജീവിതപങ്കാളിയെ തൃപ്തിപ്പെടുത്താന്‍ സാധിക്കണം, മറ്റൊരുവളില്‍ കാമം തോന്നുമ്പോള്‍ ഭാര്യയെ ഉപേക്ഷിച്ച് പിന്നാലെ പോകാന്‍ സാധ്യമല്ല... തുടങ്ങിയ വ്യവസ്ഥകള്‍ ഇവിടെയുണ്ട്.
വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേര്‍ക്കും വ്യത്യസ്തങ്ങളായ ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നുവെന്നത് വിവാഹത്തില്‍ ഏറെ ശ്രദ്ധേയമാണ്. ഉഭയസമ്മതബന്ധങ്ങളില്‍ കൂടെയുള്ളയാള്‍ തന്റെത് മാത്രമല്ല എന്ന ബോധ്യം ഇണയെ എന്നും വേട്ടയാടുന്നു എന്നത് ഇത്തരം ബന്ധങ്ങളിലുള്ളവര്‍ പങ്കുവയ്ക്കുന്ന അനുഭവങ്ങളില്‍ കേള്‍ക്കാം. കൂടെയുള്ളയാള്‍ തന്റെതല്ല, താനും അദ്ദേഹവും രണ്ട് വ്യക്തികള്‍ മാത്രമാണ്. അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും മറ്റൊരാളെ പ്രാപിക്കാം, ഇഷ്ടം കുറഞ്ഞാല്‍ തന്നെ വിട്ടുപോകാം എന്ന നിലയിലാണ് ഈ ബന്ധങ്ങള്‍ മുന്നോട്ട് പോകുന്നത്. പാരസ്പര്യത്തോടെയുള്ള ദാമ്പത്യമെന്ന പ്രകൃതിപരമായ ഒത്തുചേരലിന് പകരം വ്യക്തിമാഹാത്മ്യവാദം (Individualism) സ്വീകരിക്കുന്നതോടെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ പലതും തലപൊക്കുന്നത്. തന്റെ അടിസ്ഥാനപരമായ ആവശ്യത്തിന് വേണ്ടി മാത്രമുള്ളതായി താന്‍ കൊണ്ടുനടക്കുന്ന തന്റെ പാര്‍ട്ട്ണര്‍ രോഗാവസ്ഥയിലായാല്‍ എന്തിനാണ് താന്‍ തന്റെ സുഖങ്ങള്‍ മാറ്റിവച്ച് അവരെ പരിചരിക്കേണ്ടത് എന്ന ചോദ്യം ലിബറല്‍ വീക്ഷണത്തില്‍ ഉത്തരമില്ലാത്തതാണ്. സ്വാഭാവികമായും മാനസികമായ പിരിമുറുക്കങ്ങള്‍ ഇത്തരം ബന്ധങ്ങളില്‍ കൂടുതലാകും. ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും ഇത്തരമൊരു സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് വളരുന്നത് എന്നതിനാല്‍ സാമൂഹ്യവിരുദ്ധത ഈ കുട്ടികളില്‍ വര്‍ധിക്കാന്‍ സാധ്യകതകളുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സമൂഹത്തിന്റെ സൃഷ്ടിപരമായ മുന്നേറ്റത്തിന് ഈ ഘടകങ്ങള്‍ തടസ്സമായി മാറുന്നു.
വിവാഹം മറ്റു പല ജീവല്‍ഗന്ധിയായ പ്രശ്‌നങ്ങളിലുമെന്നപോലെത്തന്നെ ‘മതം മുന്നോട്ടുവയ്ക്കുന്ന’ ഒരു പരിഹാരമാണ് എന്നതാണ് പലപ്പോഴും അതിനെ അംഗീകരിക്കാന്‍ മതവിരുദ്ധരായവര്‍ക്ക് സാധിക്കാത്തതിന് കാരണം. എന്നാല്‍ അവര്‍ മുന്നോട്ടുവയ്ക്കുന്ന പരിഹാരങ്ങള്‍ പലപ്പോഴും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പറ്റാത്ത തരത്തിലുള്ളതാണ് താനും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവാഹത്തിന്റെ ലക്ഷ്യത്തെക്കുറിച്ചോ അത് നല്‍കുന്ന പരിഹാരത്തെക്കുറിച്ചോ മെറിറ്റില്‍നിന്നും സംസാരിക്കാതെ ദാമ്പത്യപീഡനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇക്കൂട്ടര്‍ക്ക് താല്‍പര്യം. Marital Rape എന്നതിനെ മുന്നില്‍വച്ച് വിവാഹത്തിലെ എല്ലാ മെറിറ്റും നിഷേധിക്കുകയാണിവിടെ. കണക്കുകള്‍ പരിശോധിച്ചാല്‍ വിവാഹബന്ധങ്ങള്‍ക്കിടയിൽ നടക്കുന്ന ഇത്തരം ഗൃഹപീഡനങ്ങളെക്കാള്‍ മൂന്നു മടങ്ങാണ് ‘ലിവിംഗ്ടുഗെതര്‍‘ ബന്ധങ്ങളില്‍ കാണുന്നത്. മാത്രമല്ല, വിവാഹം വ്യക്തമായ കരാറിലൂടെയാണ് സഞ്ചരിക്കുന്നത്. അതിനാല്‍ അവിടെ പരിഹാരമാര്‍ഗങ്ങള്‍ കാണാന്‍ സാധ്യമാണ്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം എന്നതുപോലെത്തന്നെ അവിടെയത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടിയാണ്. പൊതുമധ്യത്തില്‍ പ്രഖ്യാപിക്കപ്പെട്ട കരാറാണ്. അതിനാല്‍ ഉഭയസമ്മതബന്ധങ്ങളെക്കാള്‍ സ്ത്രീക്ക് വിവാഹത്തിലാണ് സുരക്ഷിതത്വം ലഭിക്കുന്നത്. മറുവശത്താകട്ടെ, പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവരേണ്ടതില്ല എന്നതിനാല്‍ അരാജകത്വം ജീവിതത്തെ ഗ്രസിക്കാനാണ് സാധ്യത കാണുന്നത്.
കണ്‍സെന്റിനെ ആത്യന്തികമായി കാണുന്നതിലൂടെ സംഭവിക്കുന്ന പ്രശ്‌നങ്ങളും അവിടെ ലിബറലിസം നേരിടുന്ന പ്രത്യയശാസ്ത്ര തലത്തിലുള്ള പ്രതിസന്ധിയും മതം അവിടെ പ്രായോഗികമായ പരിഹാരം നല്‍കുന്നതും നാം അടിസ്ഥാനപരമായി മനസ്സിലാക്കാന്‍ ഇവിടെ ശ്രമിച്ചിട്ടുണ്ട്. കണ്‍സെന്റ് പലയിടങ്ങളിലും നമുക്ക് അനിവാര്യമാണ്. എന്നാല്‍ അതിനെ ധാര്‍മികതയുടെ അളവുകോലായി കാണുമ്പോഴാണ് ഈ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നത്. സ്വതന്ത്രമായ, മറ്റൊരു ഘടകവും സ്വാധീനിക്കാത്ത കണ്‍സെന്റ് എന്നത് സാധ്യമല്ല.
ഓരോ സമ്മതത്തിലും പല ഘടകങ്ങള്‍ പോസിറ്റീവായ ഉത്തരത്തിനു കാരണമായി പരിഗണിക്കപ്പെടാറുണ്ട്. അത് സ്‌നേഹമാവാം, കരുണയാവാം, ജിജ്ഞാസയാവാം, ഉയര്‍ന്ന തലത്തില്‍ ചര്‍ച്ച ചെയ്താല്‍ ഭീഷണിപ്പെടുത്തി പോലും കണ്‍സെന്റ് വാങ്ങാന്‍ സാധ്യമാണ് എന്നത് ഗൗരവതരമായ വിഷയമാണ്. മനുഷ്യനിര്‍മിതമായ പരിഹാരത്തിന്റെ സ്വാഭാവിക പരിണിതിയായി ഇതിനെ കണക്കാക്കുക മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. മനുഷ്യന്റെയുള്ളിലെ മൃഗത്തെ കൂട് തുറന്നുവിടുന്നതിന് തുല്യമാണ് ഉദാരലൈംഗികത മുന്നോട്ടുവയ്ക്കുന്ന ഓരോ പരിഹാരവും; അതിന് എന്തൊക്കെ ആധുനിക മാനങ്ങള്‍ നല്‍കിയാലും ശരി.