ടീസ്റ്റ, സുബൈർ, ശ്രീകുമാർ; ഇരട്ടനീതിയുടെ മോദി ഭരണകാലം

സുഫ്‌യാൻ അബ്‌ദുസ്സലാം

2022 ജൂലായ് 09, 1442 ദുൽഹിജ്ജ 10
വിമർശനങ്ങൾക്ക് കൂച്ചുവിലങ്ങിടുക എന്നത് മാത്രമല്ല, വിമർശങ്ങളോടുള്ള സമീപനത്തിൽ പക്ഷപാതിത്വം കാണിക്കുക എന്നത് കൂടിയാണ് വർത്തമാനകാല ഇന്ത്യ അനുഭവിക്കുന്ന വലിയ ദുരന്തം. പ്രവാചകനെ ഭത്സിക്കുന്നവരോട് മൃദുസമീപനം പുലർത്തുന്ന അതേ ഗവൺമെൻറ് തന്നെ ഭരണകൂട വിമർശനത്തിനെതിരെ ഉടവാളൂരി ഉറഞ്ഞുതുള്ളുന്നു. നുപുർ രക്ഷപ്പെടുകയും ടീസ്റ്റയും സുബൈറും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് ഫാസിസം ഇന്ത്യയെ കീഴടക്കിക്കൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണ്.

2014 മുതൽ ആരംഭിച്ച ഇന്ത്യൻ ഫാസിസത്തിന്റെ തേരോട്ടം അനുസ്യൂതമായി തുടർന്നുകൊണ്ടിരിക്കുകയാണ്. വിരുദ്ധാഭിപ്രായങ്ങൾ പറയുന്നവരെ മുഴുവൻ തുറങ്കലിൽ അടച്ചും ന്യൂനപക്ഷങ്ങൾക്കെതിരെ കരിനിയമങ്ങൾ ആവിഷ്‌കരിച്ചും മുസ്‌ലിം സമുദായത്തെ ശത്രുപക്ഷത്ത് നിറുത്തിയും മോദിയും അമിത്ഷായും രാജ്യത്തെ വരിഞ്ഞുമുറുക്കുകയാണ്. എതിർക്കുന്നവരെയെല്ലാം അരിഞ്ഞുവീഴ്ത്തുക എന്ന ഫാസിസ്റ്റ് രീതിയിൽ ഒരു അയവും വരുത്തില്ല എന്ന സന്ദേശം നൽകുന്ന വിധത്തിലാണ് കേന്ദ്രസർക്കാറിന്റെയും ബിജെപി സംഘ്പരിവാർ സർക്കാറുകളുടെയും ഭീഷണികൾ. ടീസ്റ്റ സെതൽവാദ്, ആർ.ബി ശ്രീകുമാർ എന്നിവരുടെ അറസ്റ്റും നടപടിക്രമങ്ങളും ഈ സന്ദേശമാണ് നൽകുന്നത്. 2002 ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് വിളിച്ചു പറഞ്ഞതിനുള്ള പ്രതികാരമാണ് അറസ്റ്റ്. ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോഡിയെയും അമിത്ഷായെയും വിമർശിച്ചതിന്റെ കാരണത്താലാണ് മറ്റൊരു കേസിൽ ചാർജ് ഷീറ്റ് നൽകി സഞ്ജീവ് ഭട്ടിനെ മൂന്ന് വർഷം മുമ്പ് ജയിലിൽ അടച്ചത്.

നുപുറിന്റെ പ്രവാചക നിന്ദയും സുബൈറിന്റെ അറസ്റ്റും

പ്രവാചക നിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നുപുർ ശർമക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതിന് പകരം നുപുറിന്റെ പ്രവാചക നിന്ദയും വിദ്വേഷ പരാമർശവും പുറത്തുകൊണ്ടുവന്ന ‘ആൾട്ട് ന്യൂസ്’ സമാന്തര മാധ്യമത്തിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തതും പ്രതികാരത്തിനായി സംഘ്‌സർക്കാർ എന്തും ചെയ്യുമെന്നതിലേക്കുള്ള സൂചനയാണ്.

2020ലെ ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വേണ്ടിയാണ് പോലീസ് സുബൈറിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഈ കേസിൽ നേരത്തെ തന്നെ കോടതി സുബൈറിന് അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നൽകിയിട്ടുമുണ്ട് എന്നാൽ പോലീസിന് മുമ്പിൽ ഹാജരായ സുബൈറിനെ പുതിയ എഫ്.ഐ.ആർ ഉണ്ടെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തത്. എന്നാൽ അതിന്റെ പകർപ്പോ സമൻസോ സുബൈറിന് കൈമാറാൻ അവർ തയ്യാറായതുമില്ല. ഐപിസി 153(എ) പ്രകാരം വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയതിനും, 295(എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ് ചാർജ് ചെയ്തത്.

നാല് വർഷം മുമ്പ് സുബൈർ മോഡിയെ വിമർശിച്ച് ‘2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ’ എന്ന് ട്വീറ്റ് ചെയ്തിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 1983 ൽ ഇറങ്ങിയ ‘കിസി സെ ന കഹ്ന’ എന്ന ഹിന്ദി സിനിമയിലെ ഒരു ഡയലോഗ് എടുത്ത് അങ്ങനെ തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. ഒരു മതവിഭാഗത്തെ നിന്ദിക്കുന്നതാണ് ഇതെങ്കിൽ സിനിമക്കെതിരെ കേസെടുക്കേണ്ടതായിരുന്നു. എന്നിരുന്നാലും ഇത്തരം പ്രയോഗങ്ങൾ ഒരു മതനിരപേക്ഷ സമൂഹത്തിൽ ഉണ്ടാവാതെ നോക്കൽ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എന്നാൽ പ്രവാചക നിന്ദ നടത്തിയ നുപുർ ശർമ്മയെ അറസ്റ്റ് ചെയ്യാതെ അവരെ വിമർശിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നത് മാന്യതക്ക് നിരക്കുന്നതല്ല.

മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവെക്കുന്നതും വസ്തുതവിരുദ്ധമായി റിപ്പോർട്ട് ചെയ്യുന്നതുമായ വാർത്തകളുടെ നിജഃസ്ഥിതി പുറത്തുകൊണ്ടുവരുന്നതിന് മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈർ പ്രതീക് സിൻഹയുമൊത്ത് 2017ൽ ആരംഭിച്ചതാണ് ആൾട്ട് ന്യൂസ് എന്ന ഓൺലൈൻ സമാന്തര മാധ്യമ സ്ഥാപനം. ലോകത്തെതന്നെ ഏറ്റവും വലിയ ‘ഫാക്റ്റ് ചെക്കിങ്’ സ്ഥാപനമായി ഇത് മാറി. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നിരന്തരം തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ സൈബർ ആക്രമണങ്ങൾക്കും കേസുകൾക്കും ഇരുവരും ഇരയായിട്ടുണ്ട്.

ഇരട്ടനീതിക്കെതിരെ സുപ്രീംകോടതി

ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും നടപടിക്ക് പിന്നിലുള്ള ആന്തരോദ്ദേശ്യം വ്യക്തമാണ്. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സംസാരിച്ചാലുള്ള പര്യവസാനം കടുത്തതായിരിക്കുമെന്ന സന്ദേശം നൽകുക എന്നത് മാത്രമാണ് നടപടിക്ക് പിന്നിലുള്ളത്. ദുരുദ്ദേശ്യങ്ങൾ സർക്കാർ മൂടിവെച്ചാലും ഒരു ഘട്ടത്തിൽ അത് പുറത്തുവരുമെന്നതിനുള്ള തെളിവാണ് സുപ്രീം കോടതി നുപുർ ശർമ്മക്കെതിരെ നടത്തിയ കടുത്ത പരാമർശങ്ങൾ. ജുഡീഷ്യറിയുടെ വായ മൂടിക്കെട്ടാൻ സർക്കാർ കുറെകാലമായി ശ്രമിച്ചുവരുന്നുണ്ട്. പക്ഷേ, എത്ര മൂടിക്കെട്ടിയാലും സത്യത്തിന്റെ ശബ്ദം പുറത്തുവരുമെന്നതാണ് ജൂലൈ ഒന്നിന് സുപ്രീം കോടതിയിൽ നിന്നും ഉയർന്നുകേട്ടത്.

വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകൾ ഡൽഹിയിലേക്ക് മാറ്റണമെന്ന നുപുർ ശർമ്മയുടെ അപ്പീലിന്മേൽ ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശങ്ങൾ ഫാസിസത്തിനെതിരെയും നീതിന്യായ വ്യവസ്ഥിതിയുടെ ശബ്ദം ഉയർന്നുവരുമെന്നതിനുള്ള തെളിവാണ്. ‘നുപുർ രാജ്യത്തോട് മാപ്പ് പറയണം, നുപുറിന്റെ വാക്കുകളാണ് രാജ്യമാകെ തീപടർത്തിയത്, എന്ത് വിളിച്ചുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാവും എന്ന ധാർഷ്ട്യം പാടില്ല, നിരവധി എഫ്‌ഐആറുകൾ ഉണ്ടായിട്ടും നുപുറിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല, രാഷ്ട്രീയ സ്വാധീനമല്ലേ അവരെ രക്ഷപ്പെടുത്തുന്നത് തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച കോടതിയോട് ‘അവരുടെ ജീവന് ഭീഷണിയുണ്ട്’ എന്ന് പറഞ്ഞ നുപുറിന്റെ അഭിഭാഷകനോട് കോടതി മറുപടി പറഞ്ഞത് കടുത്ത ഭാഷയിലായിരുന്നു. ‘അവർക്ക് ഭീഷണിയുണ്ടെന്നാണോ അവർ ഒരു സുരക്ഷാ ഭീഷണിയാണെന്നാണോ കരുതേണ്ടത്’ എന്നായിരുന്നു കോടതിയുടെ പ്രതിഷേധ സ്വരത്തിലുള്ള പരാമർശം.

വിദ്വേഷ പ്രസ്താവനകൾ നടത്തുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും വർഗീയ വിഷം പരത്തുകയും ചെയ്യുന്ന സംഘ്പരിവാർ നേതാക്കൾക്കെതിരെയും സർക്കാർ അനുകൂലികൾക്കെതിരെയും ചെറുവിരലനക്കാൻ തയ്യാറില്ലാത്ത ഭരണകൂടം സർക്കാരിനെയോ പ്രധാനമന്ത്രിയെയോ വിമർശിക്കുന്നവരെയും അവരെ പിന്തുണക്കുന്നവരെയുമെല്ലാം അറസ്റ്റ് ചെയ്ത് കാരാഗൃഹങ്ങളിലേക്കയക്കാൻ തിടുക്കം കൂട്ടുകയാണ്. ഭരണനേതൃത്വത്തിലുള്ളവർക്ക് അത്യാവശ്യം ഉണ്ടാകേണ്ട ഗുണങ്ങളാണ് നൈതികതയും സാന്മാർഗികതയും. ഇത് രണ്ടുമില്ലെങ്കിൽ ഏതൊരു ഭരണകൂടവും തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ അസാന്മാർഗിക മാർഗങ്ങളെ ആശ്രയിക്കും. സംഘ്പരിവാറിന്റെ അന്തിമ ലക്ഷ്യം ഫാസിസമാണ്. ഹിന്ദുമതത്തിന്റെ വക്താക്കളായി അഭിനയിക്കുകയും ന്യൂനപക്ഷങ്ങളെ അരുക്കാക്കുകയും ചെയ്താൽ ഭൂരിപക്ഷത്തെ തങ്ങളുടെ കൂടെ നിറുത്താമെന്നും അതുവഴി കാലാകാലവും രാജ്യം ഭരിക്കാമെന്നും അവർ കണക്കുകൂട്ടുന്നു. അതിനുവേണ്ടി രാമരാജ്യം, ഹിന്ദുരാഷ്ട്രം തുടങ്ങിയ സംജ്ഞകൾ അവർ ഉപയോഗിക്കുകയും ചെയ്യുന്നു.

ടീസ്റ്റയുടെ അറസ്റ്റും ഗുജറാത്ത് കലാപവും

ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത് ഗുജറാത്ത് കലാപത്തിൽ ഇരകളുടെ നീതിക്കുവേണ്ടി പ്രവർത്തിച്ചതിന്റെ പേരിലാണ്. ഇരുപതാണ്ടുകൾക്ക് മുമ്പ് നടന്ന കലാപത്തിന്റെ കാരണങ്ങളെ കുറിച്ച് അറിയണമെങ്കിൽ ഗുജറാത്തിനെ വിലയിരുത്തണം. സ്വാതന്ത്ര്യത്തിന് ശേഷം ഗുജറാത്ത് ഭരിച്ചുവന്നത് കോൺഗ്രസാണ്. 1960 ൽ ബോംബെ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടതിന് ശേഷം 1995 വരെയും ഗുജറാത്ത് ഭരിച്ചത് കോൺഗ്രസാണ്. ഇടക്കാലത്ത് അല്പകാലം ജനതയും ജനതാദളും സംസ്ഥാനം ഭരിച്ചിരുന്നു. എന്നാൽ 1995 നു ശേഷം കേശുഭായ് പട്ടേലിലൂടെയാണ് ബിജെപി ഗുജറാത്തിനെ കൈപ്പിടിയിൽ ഒതുക്കിയത്. 2001 ൽ പട്ടേൽ ആരോഗ്യപരമായ കാരണങ്ങളാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ നറുക്ക് വീണത് ബിജെപി ദേശീയ സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിക്കായിരുന്നു. 2014 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത് വരെയും മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർന്നു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ 2001 കാലത്ത് ബിജെപിക്ക് നൂറ് ശതമാനവും പിടികൊടുത്തിരുന്ന സംസ്ഥാനമായിരുന്നില്ല ഗുജറാത്ത്. ഏതുസമയവും മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. അയോധ്യാ വിഷയം ആളിക്കത്തിച്ചിട്ടും ബാബരി മസ്ജിദ് തകർത്തിട്ടും ഗുജറാത്തിൽ വേണ്ടവിധം ബിജെപിക്ക് വളരാൻ സാധിച്ചിരുന്നില്ല. അതേസമയം യുപി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അയോധ്യ വിഷയം വഴി ബിജെപി വളരുകയും ചെയ്തു. അതുകൊണ്ടുതന്നെ ഗുജറാത്തിൽ ശക്തമായ വർഗീയ ധ്രുവീകരണം സൃഷ്ടിച്ചെങ്കിൽ മാത്രമെ ഭരണം നിലനിർത്താൻ കഴിയൂ എന്ന് മനസ്സിലാക്കിയ മോദി അതിനുവേണ്ട കരുക്കൾ നീക്കിത്തുടങ്ങി. അതാണ് 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലം.

ഗോധ്ര തീവെപ്പ് ആസൂത്രിതം ?!

2002 ഫെബ്രുവരി 27 ന് അയോധ്യയിൽനിന്നും തീർഥാടനം കഴിഞ്ഞ് അഹമ്മബദാബാദിലേക്ക് സബർമതി എക്‌സ്പ്രസിൽ മടങ്ങുകയായിരുന്ന ‘സന്യാസി’മാർ ട്രെയിൻ പുറപ്പെട്ടതുമുതൽ ട്രെയിനിലെ യാത്രക്കാരെ ‘ജയ് ശ്രീറാം’ എന്ന് വിളിപ്പിക്കുകയും ഗോധ്ര സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെയുള്ള കച്ചവടക്കാരുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു. സഹയാത്രികർ അന്വേഷണ കമ്മീഷന് നൽകിയ മൊഴികളിൽ ഇത് വ്യക്തമാണ്. ഗോധ്ര സ്റ്റേഷനിൽ വാക്കുതർക്കം കൊടുമ്പിരികൊള്ളുന്ന സമയത്ത് തീവണ്ടിയുടെ നാലു കോച്ചുകൾ അഗ്‌നിക്കിരയാക്കപ്പെട്ടു. 25 സ്ത്രീകളും, 25 കുട്ടികളും, ഒമ്പതു പുരുഷന്മാരും ജീവനോടെ ചുട്ടെരിക്കപ്പെട്ടു. ഇതാണ് ഗോധ്ര സംഭവം. ഗുജറാത്തിൽ ഹിന്ദുത്വ വികാരം ആളിക്കത്തിക്കുന്നതിനായി ആസൂത്രണം ചെയ്ത് തയ്യാറാക്കപ്പെട്ട സംഭവമായാണ് ഈ സംഭവം അറിയപ്പെടുന്നത്. ട്രെയിനിന് തീവെച്ചത് മുസ്‌ലിംകളാണെന്ന വ്യാജ പ്രചരണം ഒരു ഹിന്ദു-മുസ്‌ലിം കലാപമാക്കി അതിനെ മാറ്റി. ഗോധ്ര സംഭവത്തെ തുടർന്ന് അഹമ്മദാബാദിൽ ആളിപ്പടർന്ന കലാപമാണ് ഗുജറാത്ത് കലാപം (2002) എന്നറിയപ്പെടുന്നത്. മൂന്ന് ദിവസം തുടർന്ന കലാപത്തിൽ 790 മുസ്‌ലിംകൾ, 254 ഹിന്ദുക്കൾ എന്നിങ്ങനെ 1044 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും രണ്ടായിരത്തോളം പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കലാപം നടന്ന ഉടനെ വാഷിംഗ്ടൺ പോസ്റ്റിൽ ‘What really happened in Godhra’ എന്ന തലക്കെട്ടിൽ പ്രമുഖ പത്രപ്രവർത്തകൻ രാജീവ് ചന്ദ്രശേഖരൻ ഇക്കാര്യങ്ങൾ വ്യക്തമായി എഴുതിയിട്ടുണ്ട്. ട്രെയിനിലുണ്ടായ കശപിശകളെ ട്രെയിൻ കത്തിക്കുന്നതിലേക്കും തുടർന്ന് വർഗീയ കലാപമാക്കുന്നതിലേക്കും നരേന്ദ്രമോദി അടക്കമുള്ളവർക്ക് വലിയ പങ്കുണ്ട് എന്ന് അന്നുതന്നെ പരാതി ഉയർന്നിരുന്നു.

ഇർഫാൻ ജാഫ്റിയുടെ ദാരുണ അന്ത്യം

ഗോധ്ര സംഭവത്തിന്റെ പിറ്റേദിവസം അഹമ്മദാബാദിന്റെ പ്രാന്തപ്രദേശമായ ചമൻപൂരിലെ മുസ്‌ലിംകൾ മാത്രം താമസിക്കുന്ന ഗുൽബർഗ സൊസൈറ്റിയിൽ ഇരുപതിനായിരത്തോളം വരുന്ന അക്രമികൾ അഴിഞ്ഞാടി. മുസ്‌ലിം വീടുകൾ അഗ്‌നിക്കിരയാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവിടെയായിരുന്നു ഇഹ്സാൻ ജാഫ്റി താമസിച്ചിരുന്നത്. കോൺഗ്രസ് നേതാവും എഴുത്തുകാരനും പാർലമെന്റേറിയനുമായിരുന്ന ജാഫ്റി ആർഎസ്എസിനെതിരെ ബൗദ്ധിക വിപ്ലവം നയിച്ചിരുന്ന ഗ്രന്ഥകാരൻ കൂടിയായിരുന്നു.

ഹിന്ദു മുസ്‌ലിം സാഹോദര്യത്തിന് വേണ്ടി യത്‌നിച്ച അദ്ദേഹം ഇന്ദിരാഗാന്ധിയുടെ വളരെ അടുത്ത അനുയായിയായിരുന്നു. ഗുൽബർഗ സൊസൈറ്റിയുടെ ചുറ്റുമതിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് പൊട്ടിച്ച് അതിക്രമിച്ച് കടന്ന അക്രമികളെ ഇഹ്സാൻ ജാഫ്റി ധൈര്യപൂർവം നേരിട്ടുവെങ്കിലും ഒടുവിൽ അവരും അഗ്‌നിക്കിരയായി. അവർ ജീവനോടെ അദ്ദേഹത്തിന്റെ അവയവങ്ങൾ വെട്ടിമാറ്റി തീയിലിടുകയായിരുന്നു. അക്രമികൾ തടിച്ചുകൂടിയപ്പോൾ തന്നെ ജാഫ്റിയും മറ്റു കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രി നരേന്ദ്രമോദിയോടും ഡിജിപിയോടും സഹായമർഥിച്ചുവെങ്കിലും അവർ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. മേഘാനി നഗർ പോലീസ് സ്റ്റേഷൻ മേധാവി കെ.ജി എർഡ അക്രമികൾക്ക് മൂന്ന് നാല് മണിക്കൂർ സമയം അനുവദിച്ചുവെന്ന് എർഡ തന്നെ പറഞ്ഞതായി തെഹൽകയുടെ ആശിഷ് കേതൻ വെളിപ്പെടുത്തിയിരുന്നു. (Safehouse of horrors, Web Archives, Tehelka).

ബെസ്റ്റ് ബേക്കറി തീവെപ്പ്

ഇഹ്സാൻ ജാഫ്റി ദാരുണമായി കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം മാർച്ച് 1 നു വഡോദരയിലെ ഹനുമാൻ തെക്രി പ്രദേശത്ത് ഒരു ബേക്കറിയും അതിലെ 14 പേരെയും അഗ്‌നിക്കിരയാക്കിയ സംഭവമാണ് ബെസ്റ്റ് ബേക്കറി തീവെപ്പ് എന്നറിയപ്പെടുന്നത്. ഈ കേസും ഗുജറാത്ത് സർക്കാറും അവിടത്തെ നീതിന്യായ വ്യവസ്ഥിതിയും തീർത്തും എഴുതിത്തള്ളുകയായിരുന്നു. മുസ്‌ലിം സമുദായത്തിൽ പെട്ട ‘ശൈഖ്’ വിഭാഗം നടത്തിവന്നിരുന്ന ബേക്കറിയിൽ മൂന്ന് ഹൈന്ദവ സഹോദരങ്ങളും ജോലി ചെയ്തിരുന്നു. അവരെയും അക്രമികൾ അഗ്‌നിക്കിരയാക്കി. തീവെപ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പത്തൊമ്പതുകാരിയായ സഹീറ ശൈഖിന് ജീവഭയം കാരണം സത്യം മുഴുവൻ പറയാൻ സാധിച്ചില്ല. സത്യം പറഞ്ഞാൽ കൊന്നുകളയുമെന്ന് ഒരു ബിജെപി എംഎൽഎ ഭീഷണിപ്പെടുത്തി. മൊഴി മാറ്റിപ്പറയാൻ സഹീറ അടക്കമുള്ളവർ നിർബന്ധിതരായി. മുഴുവൻ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.

ഗോധ്ര തീവെപ്പും ഗുൽബർഗ സൊസൈറ്റി അക്രമവും അഹമ്മദാബാദ് കലാപവും ബെസ്റ്റ് ബേക്കറി തീവെപ്പുമെല്ലാം ഗുജറാത്ത് സർക്കാരിന്റെ അറിവോടെയും അവരുടെ ഗൂഡാലോചനയുടെയും ഫലമായിരുന്നുവെന്നും ആസൂത്രിതമായ മുസ്‌ലിം വേട്ടയായിരുന്നുവെന്നും ലോകം മുഴുവൻ വിലയിരുത്തിയതാണെങ്കിലും ‘സാക്ഷികളില്ലാ’ ന്യായം പറഞ്ഞ് കുറ്റവാളികളെ വിട്ടയച്ചപ്പോൾ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥക്ക് രണ്ടിറ്റ് കണ്ണീർ പൊഴിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു.

ടീസ്റ്റ സെതൽവാദിന്റെ രംഗപ്രവേശനം

വർഗീയതക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയും വർഗീയതയെ പ്രോ ത്സാഹിപ്പിക്കുന്ന വിഭാഗങ്ങൾക്കെതിരെ പ്രതികരിക്കുന്നതിന് വേണ്ടിയും സ്ഥാപിച്ച ‘കമ്യൂണലിസം കോമ്പാറ്റ്’ (Communalism Combat) എന്ന മാസികയുടെ എഡിറ്റർമാരാണ് ജാവേദ് ആനന്ദും അദ്ദേഹത്തിന്റെ പത്‌നി ടീസ്റ്റ സെതൽവാദും. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിനായി രൂപംകൊണ്ട സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (Citizens for Justice & Peace) എന്ന സംഘടനയുടെ സിക്രട്ടറിയാണ് സെതൽവാദ്.

ഉറ്റവരും ഉടയവരും കൊല്ലപ്പെട്ട ഗുജറാത്തിലെ പരശ്ശതം മനുഷ്യരുടെ ബന്ധുക്കൾക്ക് ആശ്വാസമായി അവരുടെ കൂടെ നിന്നത് ടീസ്റ്റയായിരുന്നു. ഗുജറാത്ത് കോടതി കേസിനെ നിർവീര്യമാക്കിയപ്പോൾ അവയെ സുപ്രീംകോടതിയിൽ സജീവമാക്കിയതും അവരായിരുന്നു. ബെസ്റ്റ് ബേക്കറി കേസിലെ ഇരകളായ സാഹിറാശൈഖിനും മാതാവിനും ഇഹ്സാൻ ജാഫ്റിയുടെ വിധവ സാകിയ ജാഫ്റിക്കും വേണ്ടി അവർ സുപ്രീം കോടതിയിൽ കേസ് നടത്തിയത് സൗജന്യമായിട്ടായിരുന്നു. സംഘ് പ്രഭൃതികൾ അവരെ കൊലപ്പെടുത്താൻ നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗുജറാത്ത് കലാപ പരമ്പരയിൽ ബിജെപിയുടെയും മോദിയുടെയും പങ്ക് പരസ്യമായി വിളിച്ചുപറഞ്ഞുകൊണ്ടുള്ള ഒരു പോരാട്ടത്തിന് തുടക്കം കുറിച്ചത് ടീസ്റ്റ സെതൽവാദായിരുന്നു. 2002 ജൂണിൽ അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനിൽ (United States Commission on International Religious Freedom)

ഗുജറാത്ത് കലാപത്തിലെ നിഗൂഢതകൾ അവതരിപ്പിച്ചുകൊണ്ട് ലോകത്തിന്റെ മുന്നിൽ കലാപത്തിന്റെ യഥാർഥ മുഖം അവതരിപ്പിച്ചതും അവരായിരുന്നു. യൂറോപ്യൻ യൂണിയൻ പാർലമെന്റും ഏഷ്യ വാച്ച് പോലെയുള്ള മനുഷ്യാവകാശ സംഘടനകളും മോദിയുടെ കപട മുഖം മനസ്സിലാക്കാൻ കാരണമായത് ടീസ്റ്റയുടെ ഇടപെടലായിരുന്നു.

മോദിക്കെതിരെ ടീസ്റ്റയുടെ ഉറച്ച പോരാട്ടം

2002ലെ ഗുജറാത്ത് അക്രമത്തിന് കൂട്ടുനിന്നുവെന്നാരോപിച്ച് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയെയും മറ്റ് 62 രാഷ്ട്രീയക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും ക്രിമിനൽ വിചാരണ ചെയ്യണമെന്ന് സുപ്രീം കോടതിയിൽ ടീസ്റ്റ നൽകിയ അപ്പീൽ ബിജെപിയെയും മോദിയെയും തെല്ലൊന്നുമല്ല വെള്ളം കുടിപ്പിച്ചത്. ഗോധ്ര ദുരന്തത്തെത്തുടർന്ന് 2002 ഫെബ്രുവരി 27ന് മോദി വിളിച്ചുചേർത്ത മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ‘ഹിന്ദുക്കൾ അവരുടെ രോഷം തീർക്കട്ടെ’ എന്ന നിർദ്ദേശം പുറപ്പെടുവിച്ചതായി ടീസ്റ്റ സെതൽവാദ് വഴി സാകിയ ജാഫ്റി നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പോലീസ് കൺട്രോൾ റൂമുകൾ കാബിനറ്റ് മന്ത്രിമാരുടെ നിയന്ത്രണത്തിലാണ്, പോലീസ് അന്വേഷണങ്ങൾ അട്ടിമറിക്കുന്നു, വിഎച്ച്പിക്കാരെ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിക്കുന്നു, സത്യസന്ധരായ പോലീസ് ഉദ്യോ ഗസ്ഥരെ ശിക്ഷിക്കുന്നു, ഇന്റലിജൻസ് മുന്നറിയിപ്പുകൾ അവഗണിക്കുന്നു, കൂട്ടക്കൊലയുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കുന്നു തുടങ്ങിയ പരാതികളാണ് സുപ്രീം കോടതിയുടെ മുമ്പിൽ എത്തിച്ച മറ്റു പ്രധാനപ്പെട്ട കാര്യങ്ങൾ. എന്നാൽ ഹർജി നൽകി ഏഴ് വർഷങ്ങൾക്ക് ശേഷം 2009 ൽ മാത്രമാണ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചത്. മുൻ സിബിഐ ഡയറക്റ്റർ ആർ.കെ രാഘവനായിരുന്നു എസ്.ഐ.ടിയുടെ തലവൻ. എസ്.ഐ.ടി 2010 നവംബറിൽ അന്തിമ റിപ്പോർട്ട് കോടതിക്ക് മുമ്പാകെ സമർപ്പിച്ചു. കോടതി മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ രാജു രാമചന്ദ്രനെ കേസിന്റെ അമിക്കസ് ക്യൂറിയായി നിയമിച്ചു. 2011 ജനുവരിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി.

മോദിയുടെ ഇടപെടൽ ശരിവെച്ച് അമിക്കസ് ക്യൂറിയും

2011 മാർച്ച് 15 ന്, അമിക്കസ് ക്യൂറിയുടെ നിരീക്ഷണങ്ങൾ പരിശോധിക്കാനും രേഖപ്പെടുത്തിയിരിക്കുന്ന മുഴുവൻ തെളിവുകളും പുനഃപരിശോധിക്കാനും കൂടുതൽ തെളിവുകൾ രേഖപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യാനും സുപ്രീം കോടതി എസ്‌ഐടിയോട് നിർദേശിച്ചു. എസ്‌ഐടി ചെയർമാൻ ആർ.കെ.രാഘവന്റെ നിഗമനങ്ങൾ എസ്‌ഐടി അന്വേഷണത്തിന്റെ കണ്ടെത്തലുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനുശേഷം എസ്‌ഐടി കൂടുതൽ സാക്ഷികളെ വിസ്തരിക്കുകയും അവരുടെ മൊഴികൾ രേഖപ്പെടുത്തുകയും 2011 ഏപ്രിൽ 24 ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 2011 മെയ് 5 ന് സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ, സാകിയ ജാഫ്റിയുടെ അഭിഭാഷകൻ ശാന്തി ഭൂഷൺ, എസ്‌ഐടി പലതും മൂടിവെക്കുകയാണെന്നും അതുകൊണ്ടുതന്നെ എസ്‌ഐടി റിപ്പോർട്ടിന്റെ കോപ്പി ലഭ്യമാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. 2002 ഫെബ്രുവരി 27 ന് മുഖ്യമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത യോഗത്തിൽ ‘മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കാൻ’ നിർദേശം നൽകിയതായി സഞ്ജീവ് ഭട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് തനിക്ക് ലഭിച്ചതായി അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ സുപ്രീംകോടതിയെ അറിയിച്ചു. റിപ്പോർട്ടിന്റെ പകർപ്പുകളും എസ്‌ഐടി ചെയർമാന്റെ അഭിപ്രായങ്ങളും അമിക്കസ് ക്യൂറിക്ക് നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. തെളിവുകളുടെയും സാക്ഷികളുടെ മൊഴികളുടെയും വെളിച്ചത്തിൽ അവ വിശകലനം ചെയ്യുകയും മുഴുവൻ തെളിവുകളും സ്വതന്ത്രമായി വിലയിരുത്തുകയും ചെയ്യണമെന്നും രേഖയിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ, ഏതെങ്കിലും വ്യക്തി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ, അത് റിപ്പോർട്ടിൽ സൂചിപ്പിക്കണമെന്നും കോടതി അമിക്കസ് ക്യൂറിയോട് നിർദേശിച്ചു. മോദിയെ വിചാരണ ചെയ്യാൻ മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ അന്തിമ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കുകയും ചെയ്തു.

മോദിക്ക് കോടതിയുടെ ക്ലീൻ ചിറ്റ്

തുടർന്ന്, ശേഖരിച്ച മുഴുവൻ വിവരങ്ങളും അന്തിമ റിപ്പോർട്ടും വിചാരണക്കോടതിയിൽ സമർപ്പിക്കാൻ എസ്‌ഐടിയോട് സുപ്രീം കോടതി നിർദേശിച്ചു. എന്നാൽ എസ്‌ഐടി അമിക്കസ് ക്യൂറിയുടെ നിഗമനത്തോട് യോജിച്ചില്ല. 2012 ഫെബ്രുവരി 8ന് അവർ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഒടുവിൽ 2012 ഏപ്രിൽ 10 ന് അമിക്കസ് ക്യൂറിയെ തള്ളി കോടതി എസ്‌ഐടിയുടെ റിപ്പോർട്ട് അംഗീകരിച്ചു. മോദിയെയോ മറ്റു ഉന്നത ഉദ്യോഗസ്ഥരെയോ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള തെളിവുകളൊന്നും എസ്‌ഐടി കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി അന്വേഷണം അവസാനിപ്പിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. അങ്ങനെ മോദി കോടതിയിൽ നിന്ന് ക്‌ളീൻ ചിറ്റ് കരസ്ഥമാക്കി.

വാദി പ്രതിയാവുന്നു; ടീസ്റ്റക്കെതിരെ എസ്.ഐ.ടി

പരാതിക്കാരിയായ സാകിയ ജാഫ്റിക്ക് ഒരു പ്രതിഷേധ ഹർജി (Protest Petition) ഫയൽ ചെയ്യാനുള്ള ഓപ്ഷൻ കോടതി നൽകി. അന്വേഷണ രേഖകൾ ഹർജിക്കാരിക്ക് നൽകുന്നതിൽ എസ്‌ഐടി എതിർപ്പുകൾ ഉന്നയിച്ചുവെങ്കിലും 2013 ഫെബ്രുവരി 7 ന്, സുപ്രീം കോടതി രേഖകൾ സാകിയ ജാഫ്റിക്ക് കൈമാറാൻ എസ്‌ഐടിയോട് ആവശ്യപ്പെട്ടു. തുടർന്ന് ഏപ്രിൽ 15 ന് സാകിയ അഹമ്മദാബാദ് കോടതിയിൽ പ്രതിഷേധ ഹർജി ഫയൽ ചെയ്തു. ഈ സന്ദർഭങ്ങളിലെല്ലാം സാകിയ ജാഫ്റിക്ക് പിന്തുണയായി ടീസ്റ്റയും അവരുടെ പാർട്ടി സിജെപിയും കൂടെയുണ്ടായിരുന്നു. ഈ ഹർജിയുടെ വാദം കേൾക്കെ, എസ്‌ഐടിയുടെ അഭിഭാഷകൻ നരേന്ദ്രമോദിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ടീസ്റ്റ സെതൽവാദ് കൃത്രിമമായി നിർമിച്ചതാണെന്ന് വാദിച്ചു. എന്നാൽ സഞ്ജീവ് ഭട്ടും അമിക്കസ് ക്യൂറി രാജു രാമചന്ദ്രനുമെല്ലാം തെളിവുകൾ ഹാജരാക്കിയിട്ടും അവയെയെല്ലാം മറച്ചു പിടിച്ച് നിഷ്‌കരുണം തള്ളുന്ന എസ്‌ഐടി തന്നെയും ഒരു ഗൂഢാലോചനക്കാരനെ പോലെയാണ് പെരുമാറുന്നതെന്നും സാകിയയുടെ അഭിഭാഷകൻ ശാന്തി ഭൂഷൺ തിരിച്ചടിച്ചു.

അവസാനിക്കാത്ത നിയമപോരാട്ടം

മോദിയെയും ഉന്നത ഉദ്യോഗസ്ഥരെയും കുറ്റവിമുക്തമാക്കിയ വിചാരണക്കോടതിയുടെ വിധി 2017 ഒക്ടോബർ അഞ്ചിന് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. കലാപത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്ന സാകിയ ജാഫ്റിയുടെ ആരോപണങ്ങൾ ഹൈക്കോടതി തള്ളുകയും ചെയ്തു. 2018 നവംബർ 19 ന് ഹൈക്കോടതി വിധിക്കെതിരെ അവർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. സാകിയ ജാഫ്റിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ ആയിരുന്നു. കേസിൽ മോദിക്കെതിരെയുള്ള തെളിവുകൾ വേണ്ട വിധം ഹൈക്കോടതി പരിശോധിച്ചിട്ടില്ലെന്ന അദ്ദേഹത്തിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. മോഡിക്ക് ക്ളീൻ ചിറ്റ് നൽകിയ ഗുജറാത്ത് കോടതിയുടെ വിധിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അവർ 2021 നവംബറിൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ സാകിയ ജാഫ്റി ഉന്നയിച്ച പരാതികൾ മുഴുവൻ തള്ളിക്കൊണ്ട് 2022 ജൂൺ 24 ന് സുപ്രീംകോടതി കേസിൽ അന്തിമ വിധി പ്രഖ്യാപിച്ചു. സാകിയക്ക് സുപ്രീം കോടതി വിധിക്ക് കീഴടങ്ങേണ്ടി വന്നു. അവസാനം വരെ പിന്തുണ നൽകിയ ടീസ്റ്റയും സിറ്റിസൻഡ്സ് ആൻഡ് ജസ്റ്റിസ് പാർട്ടിയും നിരാശരായി.

ടീസ്റ്റ കുറ്റക്കാരിയെന്ന് കോടതി പറഞ്ഞോ?

വിധിയുടെ പശ്ചാത്തലത്തിൽ ഗുജറാത്ത് പോലീസ് ടീസ്റ്റയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യാനുള്ള അമിതമായ താല്പര്യവുമായി മുമ്പോട്ടുപോയി. സർക്കാറിന്റെയും മോഡിയുടെയും പ്രതികാരമായി ഇതിനെ വിലയിരുത്താം. അവരെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശിച്ചിട്ടില്ല. എന്നാൽ വിധിയുടെ വരികൾക്കിടയിലൂടെ സഞ്ചരിച്ച് അവരെ അറസ്റ്റ് ചെയ്യാനുള്ള പഴുത് അന്വേഷിക്കുകയായിരുന്നു പോലീസ്. വിധിയുടെ ഒരു ഭാഗത്ത് ഇങ്ങനെ ഒരു പരാമർശമുണ്ട്: ‘സ്വന്തം അറിവിന് വിരുദ്ധമായ ചില വെളിപ്പെടുത്തലുകൾ നടത്തി കോളിളക്കം സൃഷ്ടിക്കാൻ ശ്രമിച്ച ഗുജറാത്തിലെ അസംതൃപ്തരായ ചില ഉദ്യോഗസ്ഥരും മറ്റുള്ളവരും ചേർന്ന് നടത്തിയ ഒരു കൂട്ടായ ശ്രമം മാത്രമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് ഞങ്ങൾക്ക് തോന്നുന്നു.’ ഈ ഒരു പരാമർശത്തിന്റെ പേരിലാണ് ടീസ്റ്റ സെതൽവാദിനെയും ആർ.ബി.ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് കെട്ടിച്ചമച്ച എഫ്‌ഐആറിൽ മൂന്ന് വർഷം മുമ്പ് ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങി ജയിലിൽ കഴിയുന്ന സഞ്ജീവ് ഭട്ടിന്റെയും പേരുണ്ട് എഫ്‌ഐആറിൽ എന്നതാണ് ഏറെ കൗതുകം.

സാകിയ ജാഫ്റിയുടെ ആത്മവിശ്വാസം

20 വർഷത്തിലേറെ സ്വന്തം ഭർത്താവിന് മരണാനന്തര നീതി ലഭിക്കുന്നതിനായി കഠിനമായി പോരാടിയ ഒരാളെന്ന നിലയിൽ സാകിയ ജാഫ്റിയുടെ നാമം ഇന്ത്യാ ചരിത്രത്തിൽ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യപ്പെടും. ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള നീതിക്കുവേണ്ടിയുള്ള അചഞ്ചലമായ പോരാട്ടം നടത്തിയ സാകിയ താൻ നടത്തുന്ന പോരാട്ടം സ്വന്തം ജീവന് പോലും ഭീഷണിയുള്ളതാണെന്നറിഞ്ഞിട്ടും പിൻവാങ്ങിയില്ല. നീതി ലഭിക്കുക എന്ന ഭരണഘടനാനുസൃത അവകാശത്തിന് വേണ്ടി ഉറച്ചുനിൽക്കുന്ന അവർ ഇന്ത്യയിലെ മുഴുവൻ സ്ത്രീകൾക്കും മാതൃകയാണ്. സാകിയ കാണിച്ച ധൈര്യവും സ്ഥൈര്യവും ഒരു കോടതിക്കും, ഒരു ജഡ്ജിക്കും, ഒരു നേതാവിനും, ഒരു ഭരണാധികാരിക്കും എടുത്തുകളയാൻ കഴിയില്ല. അവരുടെ പോരാട്ടവും ആത്മവിശ്വാസവും ലോകത്ത് നടന്ന മനുഷ്യാവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിൽ മായാതെ മുദ്രകുത്തപ്പെട്ടുകഴിഞ്ഞു.

ഫാസിസം അടക്കിവാഴാൻ ശ്രമിക്കുമ്പോഴും നീതി ലഭിച്ചില്ലെങ്കിലും അവസാന ശ്വാസം വരെ നീതിക്കായി പോരാടുക എന്നതുതന്നെയാണ് ഒരു ജനാധിപത്യ വിശ്വാസിയുടെ കർത്തവ്യമെന്ന് ജാഫ്റിയുടെയും ടീസ്റ്റയുടെയും സഞ്ജീവ് ഭട്ടിന്റെയും ശ്രീകുമാറിന്റെയും ജീവിതസന്ദേശം നമ്മെ ബോധ്യപ്പെടുത്തുന്നു. ഇരട്ടനീതിയുടെ കാലത്തും സാകിയായും ടീസ്റ്റയും കാണിച്ച ആത്മവിശ്വാസം തന്നെയാണ് കരുത്തും കരുതലുമായി കൂടെ കരുതേണ്ടത്.