ബുൾഡോസറുകൾ ഇന്ത്യയുടെ മാറിടം പിളർത്തുന്നു

മുജീബ് ഒട്ടുമ്മൽ

2022 ഏപ്രിൽ 30, 1442 റമദാൻ 28
അസഹിഷ്ണുതയുടെയും പരമതവിദ്വേഷത്തിെൻറയും പാരമ്യതയാണ് ബുൾഡോസർ രാഷ്ട്രീയത്തിലൂടെ ഭരണ സിരാകേന്ദ്രം കഴിഞ്ഞ നാളുകളിൽ കാണിച്ചു തന്നത്! സംരക്ഷകർതന്നെ സംഹാരകരാവുന്ന അനുഭവങ്ങൾ പൗരന്മാരുടെ പ്രതീക്ഷകളെ പാതാളക്കുഴിയിലേക്കാണ് കൊണ്ടിടുന്നത്. ഭരണഘടനക്കു നേരെ നീണ്ട ബുൾഡോസർ ബ്ലേഡുകൾ ജുഡീഷ്യറിയെയും വെറുതെ വിടുമെന്ന് വിശ്വസിക്കുക വയ്യ!

ഡൽഹിയിലെ ജഹാംഗീർ പുരിയിൽ ബുൾഡോസറുകൾകൊണ്ട് കുടിലുകളും കടകളും തകർത്തെറിഞ്ഞ് കാവിഭീകരത സംഹാര താണ്ഡവമാടിയത് ലോകം കണ്ടു. ദുർബലമായ അധരങ്ങൾകൊണ്ട് അരുതെന്ന് ആർത്തുവിളിച്ചിട്ടും മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത വർഗീയ കോമരങ്ങൾ അധ്വാനങ്ങളിലൂടെ നെയ്‌തെടുത്ത പാവങ്ങളുടെ സ്വപ്‌നങ്ങളെ തകർത്തെറിയുന്ന കാഴ്ച ഹൃദയ ഭേദകമാണ്. ചിതറിത്തെറിച്ചുപോയ വളപ്പൊട്ടുകൾക്കിടയിൽ അവശേഷിക്കുന്ന സമ്പാദ്യത്തെ പരതുന്ന ദരിദ്രയായ സ്ത്രീയുടെ ദൈന്യതയാർന്ന നോട്ടം മാധ്യമങ്ങളുടെ ഫ്‌ളാഷുകൾ ദർശിക്കുന്നവരുടെ മനം തകർത്തുകളയും വിധം ദയനീയമാണ്.

ബി.ജെ.പി നിയന്ത്രിത കോർപറേഷൻ അധികാരികളുടെ സംഹാരാത്മക നടപടിയിൽ വിറങ്ങലിച്ചുപോയ കുടുംബങ്ങൾക്ക് ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള വഴികളടഞ്ഞ് പോയിരിക്കുന്നു. ദീർഘകാലത്തെ അധ്വാനത്തിലൂടെയുള്ള സമ്പാദ്യങ്ങളത്രയും നഷ്ടപ്പെട്ട ദുഃഖഭാരത്താൽ തപിക്കുന്ന ഹൃദയങ്ങൾക്ക് പഴയ താളം നൽകാൻ ഏറെ പ്രയാസപ്പെടേണ്ടിവരും. ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ആഘോഷമെന്ന പേരിൽ നടത്തിയ ബജ്‌റംഗ്ദൾ അടങ്ങിയ സംഘ പരിവാരങ്ങളുടെ ഘോഷയാത്രയാണ് വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർ പുരിയിൽ സംഘർഷത്തിന്റ തീക്കനലുകൾ കോരിയിട്ടത്. തോക്കും വാളും വടിയും ഉച്ചഭാഷിണി വഴിയുള്ള പാട്ടും ബഹളവുമെല്ലാമായി ഹനുമാൻ ജയന്തി ഘോഷയാത്ര മുസ്‌ലിം പള്ളിക്ക് സമീപത്തുകൂടി രണ്ടുതവണ കടന്നുപോയെങ്കിലും പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മൂന്നാം തവണയും അക്രമാസക്തമായ ആയുധധാരികളായ സംഘപരിവാരക്കൂട്ടങ്ങൾ കടന്നു പോയപ്പോഴാണ് കല്ലേറുണ്ടായതെന്ന് പറയപ്പെടുന്നു. ഇതിനുപിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്ന് സംശയിക്കപ്പെടുന്ന തെളിവുകളുണ്ടെന്ന് പത്രക്കാർ ആണയിടുന്നുണ്ട്. മുഖ്യ സൂത്രധാരനായി ദേശീയ മാധ്യമങ്ങൾ പരിചയപ്പെടുത്തുന്ന അൻസാർ എന്ന യുവാവാണത്രെ കല്ലെറിയുകയും യുവാക്കളെ കല്ലെറിയാൻ പ്രേരിപ്പിക്കുകയും ചെയ്തതെന്ന് പറയുന്നുണ്ട്. ഇയാളാകട്ടെ ബി.ജെ.പി പരിപാടികളിൽ നേതാക്കൾക്കൊപ്പം പങ്കെടുത്ത ചിത്രങ്ങൾ ധാരാളമുണ്ട്താനും. നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ പി സ്ഥാനാർഥി സംഗീതാ ബജാജിന്റ പ്രചാരണത്തിന്റ മുൻനിരയിൽ ഇയാൾ ഉണ്ടായിരുന്നെന്നും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണിയാളെന്നും വ്യക്തമാണന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജഹാംഗീർ പുരിയിൽ യാതൊരു അനുമതിയുമില്ലാതെ പ്രകോപനപരമായി മണിക്കൂറുകൾ നീണ്ട ഘോഷയാത്ര നടത്തിയതിന് പിന്നിൽ ഒരു സമുദയത്തെ ഉൻമൂലനം ചെയ്യാനുള്ള അജണ്ടകൾ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. 2020ൽ വടക്ക് കിഴക്കൻ ഡൽഹി വർഗീയ ലഹളയിൽ കത്തിയെരിഞ്ഞപ്പോഴും ഈ പ്രദേശത്ത് അതിന്റ നേരിയ പ്രതിധ്വനിപോലും അനുഭവപ്പെട്ടിരുന്നില്ല. നാൽപത് വർഷത്തെ ചരിത്രത്തിൽ ഹിന്ദു-മുസ്‌ലിം മൈത്രിയുടെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ വർത്തമാനങ്ങളായിരുന്നു അവിടെ നിറഞ്ഞുനിന്നിരുന്നത്. ജീവിതത്തിന്റ ദുസ്സഹമായ സാഹചര്യങ്ങളെ അതിജയിക്കാനും ജീവിതം കരുപ്പിടിപ്പിക്കാനും പശ്ചിമ ബംഗാളിൽനിന്ന് ജഹാംഗീർ പുരിയിലേക്ക് ചേക്കേറിയ പാവങ്ങളായ മുസ്‌ലിം കുടുംബങ്ങളാണ് എല്ലാം അന്യാധീനപ്പെട്ടവർ. പരമ്പരാഗതമായി എത്രയോ തലമുറകളായി ഇവിടെ ജീവിക്കുന്ന മുസ്‌ലിം കുടുംബങ്ങളുമുണ്ട്. ഹിന്ദു-മുസ്‌ലിം വേർതിരിവില്ലാതെ കഴിഞ്ഞുകൂടിയിരുന്ന അവർ വർഗീയതയെന്തെന്ന് പോലും അറിയാത്തവരായിരുന്നു.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് റമദാനിന്റ വിശുദ്ധിയെ കളങ്കപ്പെടുത്താതെ തുടർച്ചയായി എല്ലാവർഷത്തെയും പോലെ രാമനവമി ഘോഷയാത്രകൾ ഒന്നിനുപിറകെ ഒന്നായി കടന്നുപോയിരുന്നുവെങ്കിലും സംഘപരിവാരങ്ങളുടെ ‘ബുൾഡോസർ രാഷ്ട്രീയ’ത്തിന് ആ ഹതഭാഗ്യർ വിധിക്കപ്പെടുകയായിരുന്നു. അനുമതിയില്ലാത്ത ഘോഷയാത്രയുടെ സംഘാടകർക്കെതിരെ കേസെടുക്കാതെ ആക്രമണം മുസ്‌ലിംകളുടെ മേൽ ആരോപിച്ച് ധാരാളം യുവാക്കളെ അറസ്റ്റ് ചെയ്തതിലൂടെ നിയമപാലകരുടെ തനിനിറവും വ്യക്തമായി.

ബുൾഡോസർ രാഷ്ട്രീയം

അനധികൃത കുടിയേറ്റക്കാരാണ് ഹനുമാൻ ജയന്തി ഘോഷയാത്ര തടഞ്ഞതെന്ന് ആരോപിച്ച് ബി.ജെ പി സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്ത കത്ത് നൽകിയതിനെ തുടർന്നാണ് ഉത്തര ഡൽഹി നഗരസഭ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ ബുൾഡോസറുകളുപയോഗിച്ച് മുസ്‌ലിം ഭവനങ്ങൾ തകർക്കാനുള്ള നടപടി ആരംഭിച്ചത്. വർഗീയതയുടെ മേമ്പൊടിയിൽ മുസ്‌ലിംകളെ വംശഹത്യ ചെയ്യാനുള്ള ഒളിയജണ്ടയാണ് ആ കത്തിന്റ ഉള്ളടക്കമെന്നത് തുടർന്നുള്ള സംഭവവികാസങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്. നാനൂറിലേറെ പോലീസിനെയും സി.ആർ.പി.എഫ് സൈനികരെയും വിന്യസിച്ചുകൊണ്ടാണ് മുസ്‌ലിം കടകളും കുടിലുകളും ഇടിച്ചുനിരത്തി ഭരണകൂടം ഭീതി വിതച്ചത്. അഭിഭാഷകരായ ദുഷ്യന്ത് ദാവെയും സുഭാഷ് ചന്ദ്രനും സുപ്രീം കോടതിയെ സമീപിക്കുകയും ചീഫ് ജസ്റ്റിസ് രമണ പൊളിച്ചുനീക്കൽ അടിയന്തിരമായി നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തു. മാധ്യമങ്ങളിലൂടെ വിവരങ്ങൾ അറിഞ്ഞിട്ടും കോടതി ഉത്തരവിന്റ കോപ്പി കിട്ടിയില്ലെന്നു പറഞ്ഞ് ഇടിച്ചുനിരത്തൽ തുടർന്നു. ഒടുവിൽ ബൃന്ദാ കാരാട്ട് നേരിട്ടെത്തി ഉത്തരവ് നിയമപാലകർക്ക് കൈമാറിയതോടെയാണ് നിർത്തിവെച്ചത്.

ലോക മനുഷ്യാവകാശ ചട്ടങ്ങെളയും ഇന്ത്യൻ ഭരണഘടനയുടെ താൽപര്യങ്ങളെയും സുപ്രീം കോടതി വിധിയെയുമെല്ലാം ധാർഷ്ട്യത്തോടെ ചവിട്ടിമെതിച്ചാണ് ഫാഷിസ്റ്റ് ഭീകര ഭരണകൂടം കുടിലുകൾ പൊളിച്ചു നിരപ്പാക്കിയത്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റ ആർട്ടികൾ 25 പ്രകാരം ജനിച്ച് വീഴുന്ന ഓരോ മനുഷ്യനും ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനും ആരോഗ്യരക്ഷയ്ക്കും അവകാശമുണ്ട്. ഇന്റർനാഷണൽ കവനന്റ് ഓൺ ഇകണോമിക് സോഷ്യൽ ആന്റ് കൾചറൽ റൈറ്റ്‌സ് പ്രകാരവും സിവിൽ ആന്റ് പൊളിറ്റിക്കൽ റൈറ്റ്‌സ് പ്രകാരവും ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21ന്റ അടിസ്ഥാനത്തിലും ഈ അവകാശങ്ങൾ ഓരോ വ്യക്തിക്കുമുണ്ട്. ഇതെല്ലാം കാറ്റിൽപറത്തിയാണ് മനുഷ്യത്വത്തിന്റ ഘാതകരായ സംഘപരിവാര ഫാഷിസം മുന്നോട്ടുപോകുന്നത്.

ബുൾഡോസർ രാഷ്ട്രീയം ഇന്ത്യയിൽ നടപ്പിലാക്കിത്തുടങ്ങിയതുതന്നെ ‘ബുൾഡോസർ ബാബ’ എന്ന പേരിൽ കുപ്രസിദ്ധി നേടിയ യോഗി ആതിഥ്യ നാഥാണ്. നൂറുകണക്കിന് പിഞ്ചോമനകളെ മരണത്തിൽനിന്ന് രക്ഷപ്പെടുത്തിയ ഡോക്ടറെ തുറുങ്കിലടച്ച പാരമ്പര്യമുള്ള യോഗി നേതൃത്വം നൽകുന്ന രാഷ്ട്രീയ രാക്ഷസീയതയിൽ അന്താരാഷ്ട്ര തലങ്ങളിൽ ഇന്ത്യ അപമാനിതമാവുകയാണ്. പൗരത്വ വിവേചനത്തിനെതിരായ സമരങ്ങളിൽ പങ്കെടുത്തവരിൽനിന്ന് നഷ്ടം ഈടാക്കാനായി മാത്രം യു.പിയിൽ പ്രത്യേക നിയമം കൊണ്ടുവന്നാണ് യോഗി ബുൾഡോസർ ഇറക്കിയത്. ഇരുപതിലധികം യുവാക്കളെ വീട്ടിൽ നിന്നിറക്കി കൊണ്ടുവന്ന് യൂ.പി പോലീസ് ക്രൂരമായ വധിച്ചുകളഞ്ഞു. നൂറുകണക്കിന് മുസ്‌ലിം കുടുംബങ്ങളുടെ സ്വത്ത് കണ്ടുകെട്ടുകയും ബുൾഡോസറുപയോഗിച്ച് വീടുകൾ തകർത്തുകളയുകയും ചെയ്തു. രാജ്യത്തെ നിയമങ്ങളും അവകാശങ്ങളും സ്വാതന്ത്ര്യവുമെല്ലാം കാറ്റിൽപറത്തിയാണ് ഭരണകൂടം സംഹാര താണ്ഡവമാടിയത്. നിയമ വിരുദ്ധ പ്രവർത്തനം ആരോപിച്ചുകൊണ്ട് സംഘ പരിവാർ തയ്യാറാക്കുന്ന ലിസ്റ്റിൽ പെട്ടവരുടെ വീടുകളും സമ്പത്തുമാണ് ബുൾഡോസർ നിരത്തിയത്. ബി.ജെ.പി ഭരിക്കുന്ന പത്തോളം സംസ്ഥാനങ്ങളിലേക്കും ഈ കിരാതമായ നടപടികൾ വ്യാപിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ ഫാഷിസത്തിന്റ ഭീകര സംഘ പരിവാര മുഖം ഇവിടെയും പ്രകടമാവുകയാണ്. ബുൾഡോസർ രാഷ്ട്രീയത്തിലൂടെ ഭയപ്പെടുത്തി ഭരണ തുടർച്ചയുണ്ടായെന്ന് അവകാശപ്പെട്ട യോഗിയുടെ രാഷ്ട്രീയതന്ത്രം തെരെഞ്ഞെടുപ്പ് അടുത്തുവരുന്ന എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് സംഘ പരിവാരം.

മധ്യപ്രദേശ് മറ്റൊരു ഉദാഹരണമാണ്. മധ്യപ്രദേശിലെ ഖാർഗോണിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷമുണ്ടാക്കുന്നതിനെ തടഞ്ഞ ഇബ്‌രീസ് ഖാനെ പിടിച്ച് കൊണ്ടുപോയി കൊന്നുതള്ളിയപ്പോഴും അവിടുത്തെ നിയമപാലകർ കാഴ്ചക്കാരായിരുന്നു. വർഗീയ ലഹളയിലെ പ്രതികളാണ് അനധികൃതമായി കുടിയേറി പാർക്കുന്നതെന്നാരോപിച്ച് മുസ്‌ലിം കുടിലുകളും കടകളും അവിടെയും ഇടിച്ച് നിരപ്പാക്കിയാണ് വർഗീയത വിഷം ചീറ്റിയത്. അതിന് നേതൃത്വം കൊടുത്തതാകട്ടെ ബി.ജെ.പി വൈസ് പ്രസിഡന്റ് ശിവരാജ് സിംഗ് ചൗഹാൻ എന്ന നേതാവാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ വംശഹത്യ നടത്തിയും വെറുപ്പുൽപാദിപ്പിച്ചും കലാപകലുഷിതമാക്കി അധികാരം കൈവെള്ളയിലിട്ട് കാലാകാലം അമ്മാനമാടാമെന്ന അതിമോഹമാണ് ക്രൂരതയുടെ പ്രത്യയ ശാസ്ത്രത്തെ മുന്നോട്ടുനയിക്കുന്നത്. ഭരണ സിരാകേന്ദ്രമായ ഡൽഹിയിൽപോലും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുവെങ്കിൽ ഫാഷിസത്തിന്റ വികൃതഭാവം അതിന്റ രാക്ഷസീയതയുടെ ഉത്തുംഗതയിലെത്തിനിൽക്കുന്നുവെന്നർഥം.

കുടിയേറ്റം അനധികൃതമോ?

ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിൽനിന്ന് മറ്റൊരു സംസ്ഥാനമായ ഡൽഹിയിലേക്ക് കുടിയേറിയവരെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തിയാണ് സംഘ പരിവാര ഭരണകൂടം ന്യൂനപക്ഷ വിഭാഗത്തിന്റ ഭവനങ്ങളെ ഇടിച്ചുനിരത്തിക്കൊണ്ടിരിക്കുന്നത്. ജീവിത പ്രാരാബ്ധതകളാൽ കുറച്ചുകൂടി മെച്ചപ്പെട്ട ഒരിടത്തേക്ക് ജീവിതം പറിച്ചുനടപ്പെട്ട ഇന്ത്യൻ പൗരൻമാരെ ‘അനധികൃതർ’ എന്ന് മുദ്രകുത്താൻ സംഘപരിവാരങ്ങൾക്കേ സാധിക്കൂ. മുപ്പത് വർഷക്കാലം പ്രയാസങ്ങളേതുമില്ലാതെ സാഹോദര്യത്തോടെ കഴിഞ്ഞിരുന്ന ഒരു വിഭാഗത്തെ അപരവൽകരിക്കുന്നത് ഇന്ത്യൻ പൈതൃകത്തെ നിരാകരിക്കുന്നവരും മാനവവിരുദ്ധമായ ആശയങ്ങൾ പേറുന്നവരുമാണ്.

ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ അഭയാർഥി പ്രവാഹമുണ്ടായ കാലമാണ് 1971 വർഷം. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധി അത് സംബന്ധിച്ച് പാർലമെന്റിൽ നടത്തിയ പ്രഭാഷണം ഇന്ത്യൻ സംസ്‌കാരത്തിന്റ സൗന്ദര്യമാണ് പ്രതിഫലിപ്പിച്ചത്. മാനവികതയുടെ ഉദാത്തമായ മാതൃക അവരുടെ സംസാരങ്ങളിൽ പ്രതിഫലിക്കുന്നത് കാണാം. അവർ പറയുകയാണ്: “ചരിത്രത്തിലൊന്നും ഇത്ര ചെറിയ കാലത്തിനിടക്ക് ഇത്ര വലിയ കുടിയേറ്റം രേഖപ്പെടുത്തപ്പെട്ടതായി കാണാൻ സാധിക്കില്ല. കഴിഞ്ഞ എട്ട് മാസത്തിനിടക്ക് മൂന്നര മില്യൻ ജനങ്ങൾ ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലെത്തിയിട്ടുണ്ട്. അവരിൽ എല്ലാ മതവിഭാഗക്കാരുമുണ്ട്. ഹിന്ദുക്കളും മുസ്‌ലിംകളും ബൗദ്ധൻമാരും ക്രിസ്ത്യാനികളുമുണ്ട്. അവരിൽ സമ്പന്നരും ദരിദ്രരും വൃദ്ധരും യുവാക്കളും കുട്ടികളുമുണ്ട്. വിഭജനകാലത്തിന് ശേഷം നമ്മൾ മനസ്സിലാക്കിയ അർഥത്തിലുള്ള അഭയാർഥികളല്ല അവർ. ഒരു ദുഷ്ട സൈനിക ശക്തിയിൽനിന്ന് അഭയംതേടി അതിർത്തി കടന്നെത്തുന്ന യുദ്ധത്തിന്റ ഇരകളാണവർ.’’

അന്യരാജ്യത്തുനിന്ന് പോലും അഭയം തേടിയെത്തിയ പച്ചമനുഷ്യരെ മാന്യമായി സ്വീകരിക്കാനും സുരക്ഷയൊരുക്കാനും ആവശ്യപ്പെടുന്ന ഇന്ത്യൻ ഭരണാധികാരിയുടെ സംസാരം എത്ര സംസ്‌കാര സമ്പന്നമാണ്! ഇന്ത്യയുടെ വൈവിധ്യങ്ങളുടെ പൈതൃകം തകരാതെ സൂക്ഷിക്കുന്ന ഭരണാധികാരികൾ വാണിരുന്ന മഹത്തായ രാജ്യത്തിന്റ നേതൃത്വം ഏറ്റെടുത്തവരുടെ നികൃഷ്ടമായ ഫാഷിസ്റ്റ് മനസ്സുകളുടെ പ്രതിഫലനമാണ് ബുൾഡോസറുകളുടെ ഇരമ്പങ്ങളിൽ വിറങ്ങലിച്ചുപോയ ജഹാംഗീർ പുരി.

രാജ്യത്ത് മതാടിസ്ഥാനത്തിൽ ജനങ്ങളെ വർഗീകരിച്ച് വിഭാഗീയതയുടെ വിത്ത് വിതയ്ക്കാനും മുസ്‌ലിം ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാൻ ചില ശബ്ദങ്ങൾ കൽപിച്ച് നൽകാനും സംഘപരിവാര രാഷ്ട്രീയം അതിന്റെ വളർച്ചാഘട്ടത്തിൽതന്നെ കരുക്കൾ നീക്കിയിട്ടുണ്ട്. 1983ലെ നെല്ലി കൂട്ടക്കൊല മുൻ നിർത്തിയുള്ള ചർച്ചയ്ക്കിടെ ആർ.എസ്.എസ് വളർത്തി കൊണ്ടുവരുന്ന ‘ഹിന്ദു അഭയാർഥികളും മുസ്‌ലിം കടന്നുകയറ്റക്കാരും’ എന്ന ബൈനറി പ്രചരിക്കുന്നതായി സോമനാഥ ചാറ്റർജി ചൂണ്ടിക്കാണിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: “രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന സംഭവവികാസം പല രീതിയിലും തലത്തിലും വളരുന്ന ആർ.എസ്.എസിന്റ പ്രവർത്തനങ്ങളാണ്. അഭയാർഥികളെന്നാൽ ഹിന്ദുക്കളെന്നും കടന്നുകയറ്റക്കാരെന്നാൽ മുസ്‌ലിംകളെന്നുമുള്ള ഒരു വിവേചനം ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.’’

വൈവിധ്യങ്ങളിലെ ഏകത്വം ഇന്ത്യയുടെ സൗന്ദര്യവും ലോകരാഷ്ട്രങ്ങൾക്കിടയിലെ അത്ഭുതവുമായിരുന്നു. വൈവിധ്യങ്ങൾ നിഷ്‌കാസിതമാകുന്നതോടുകൂടി ഇന്ത്യൻ പൈതൃകത്തിന്റ പ്രകാശം അണഞ്ഞുപോകും. കോർപറേറ്റുകളുടെ ഇംഗീതമനുസരിച്ച് രാജ്യത്തെ വിറ്റുതുലയ്ക്കാനും അവശ്യവസ്തുക്കളുടെ വിലയേറ്റാനും അതിലൂടെ സ്വാർഥ താൽപര്യങ്ങൾ നേടിയെടുക്കാനുമുള്ള കുതന്ത്രങ്ങൾ പിടിക്കപ്പെടാതിരിക്കാൻ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് വിദ്വേഷ രാഷ്ട്രീയ പ്രചാരണത്തിനായി ചുവടുകൾ വയ്ക്കുന്നത്.

ന്യൂനപക്ഷങ്ങളുടെ തകർന്നടിഞ്ഞ കുടിലുകൾക്കും പരന്നൊഴുകിയ രക്തത്തിനും മൃതശരീരങ്ങൾക്കും മീതെ അധികാരസോപാനങ്ങളുറപ്പിച്ച് നിർത്താൻ കാവിഭീകരത നിറഞ്ഞാടുകയാണ്. അഥവാ ബുൾഡോസറുകൾകൊണ്ട് ഇന്ത്യയുടെ മാറിടം പിളർത്തുകയാണ്. വിദ്യാഭ്യാസ പുരോഗതിയും സാമ്പത്തിക ഭദ്രതയും സമാധാനജീവിതവും നിർഭയത്വവും വികസനവും സുരക്ഷിതത്വവും ശാസ്ത്രമികവുകളും ബൗദ്ധികവികാസവും അന്യമായ, ത്രിശൂലമേന്തിയവരും അക്രമോൽസുകരുമായ കാവി കളസധാരികളായ ഭ്രാന്തൻമാരുടെ ഭാരതത്തിന് വേണ്ടി അവർ ബുൾഡോസറുകൾ ഇറക്കുകയാണ്.

ബുൾഡോസർ രാഷ്ട്രീയത്തിെന്റ ആശയധാര

സമാധാനം ഭീരുവിന്റ സ്വപ്‌നമാണെന്ന് മൊഴിഞ്ഞ മുസോളിനിയിൽനിന്ന് ഹിറ്റ്‌ലറും ഹിറ്റ്‌ലറിൽനിന്ന് ഗോൾവാൾക്കറും എന്നതാണ് ഫാഷിസത്തിന്റ ഹിംസാത്മക പൈതൃകം. ഒരൊറ്റ ജനതയുടെ സംസ്‌കാരം, വംശം എന്നിവയുടെ ഏകാത്മകതയാണ് മുസോളിനി-ഹിറ്റ്‌ലർ-ഗോൾവാൾക്കർ ത്രയങ്ങൾ ലക്ഷ്യമാക്കുന്നത്.

‘ജർമനി അതിന്റ വംശത്തിന്റെയും സംസ്‌കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സെമിറ്റിക് മതങ്ങളെ, ജൂതൻമാരെ ഉഛാടനം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം അതിന്റ പരമകാഷ്ഠയിൽ പ്രത്യക്ഷീഭവിക്കുകയായിരുന്നു അവിടെ. അടിവേരോളം ഭിന്നതകളുള്ള മതങ്ങളെയും സംസ്‌കാരങ്ങളെയും ഒരു ഐക്യപൂർണിമയിൽ ഏകീഭവിപ്പിക്കുക എത്രകണ്ട് അസാധ്യമാണെന്ന് ജർമനി കാണിച്ചുതന്നിരിക്കുന്നു. അത് ഹിന്ദുസ്ഥാനിലെ നമുക്ക് പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണ്.’ ‘നാം നമ്മുടെ ദേശീയതയെ നിർവചിക്കുന്നു’ എന്ന പുസ്തകത്തിലൂടെ ഗോൾവാൾക്കർ അനുയായികൾക്ക് നൽകിയ സന്ദേശമാണിത്.

‘ഹിന്ദു-മുസ്‌ലിം ഐക്യമില്ലാതെ സ്വരാജ് ഇല്ല എന്ന് പ്രഖ്യാപിച്ചവർ നമ്മുടെ സമൂഹത്തോട് ഏറ്റവും വലിയ രാജ്യദ്രോഹക്കുറ്റമാണ് ചെയ്തത്’ എന്നാണ് ഗോൾവാൾക്കറിന്റ ‘സങ്കര ദേശീയത’യോടുള്ള പ്രതികരണം. അധമ ദേശീയ വികാരം ആളിക്കത്തിച്ച് ലക്ഷ്യം നേടിയെടുക്കുകയെന്നത് ഫാഷിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റ കുതന്ത്രങ്ങളിൽ പ്രധാനമാണ്.

ലക്ഷക്കണക്കിന് ജൂതരെ കൂട്ടക്കൊല ചെയ്യുന്നതു കണ്ട് മനസ്സുമടുത്ത, പൂർണമായും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു ഫാഷിസ്റ്റ് യുവാവ് ‘യഹൂദരും മനുഷ്യരല്ലേ’ എന്ന് പതുക്കെ ചോദിച്ചപ്പോൾ ജോസഫ് ഗീബൽസ് ഉറക്കെ പറഞ്ഞത്രെ; ‘യഹൂദർ മനുഷ്യരല്ല, അവർ ജീർണതയുടെ പ്രതിരൂപങ്ങളായ പിശാചുക്കളാണ്’ എന്ന്.

ശത്രുവിനെ കുറിച്ചുള്ള ഇത്തരം കൃത്രിമ ഭീതിയാണ് ഫാഷിസത്തിന്റ മുന്നോട്ടുള്ള ഗമനത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ സംഘപരിവാര ഫാഷിസം പ്രത്യയശാസ്ത്ര പിന്തുണതേടുന്നത് മനുഷ്യഹത്യ ജീവിതചര്യയാക്കിയ ഇത്തരം ഭീകരജീവികളിൽനിന്നാണ്. ഇന്ത്യൻ മുസ്‌ലിംകളെ കുറിച്ചും ന്യൂനപക്ഷ-ദളിത്-പിന്നാക്ക വിഭാഗങ്ങളെ കുറിച്ചും അനാവശ്യ ഭീതിപരത്തി അവരെ പ്രതിരോധിക്കാനുള്ള അക്രമവാസനയുള്ള സമൂഹത്തെ രൂപപ്പെടുത്താനാണവർ ശ്രമിക്കുന്നത്. മുസ്‌ലിംകൾ അനിയന്ത്രിതമായി പെരുകുകയാണെന്നും രാജ്യത്തെ പിടിച്ചടക്കാനുള്ള ശക്തിയായി അവർ മാറുമെന്നും പച്ചപ്പതാക പറത്തുമെന്നുമെല്ലാം പറഞ്ഞ് ഭീതിപരത്തുകയാണവർ. അതിനാൽ മുസോളിനിയുടെയും ഹിറ്റ്‌ലറിന്റെയും ഹിംസാത്മക രാഷ്ട്രീയം ആദർശമായി സ്വീകരിച്ച ഇന്ത്യൻ ഫാഷിസ്റ്റുകളുടെ കരങ്ങളിൽ അധികാരം ലഭിച്ചപ്പോൾ അവരുടെ ലക്ഷ്യങ്ങളോരൊന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പാഠപുസ്തകങ്ങളിലൂടെ പിഞ്ചുഹൃദയങ്ങളിൽ പോലും നുണകൾ കരുപ്പിടിപ്പിച്ച് കടുത്ത വർഗീയതയും വിദ്വേഷവും പ്രചരിപ്പിച്ചുകൊണ്ടാണ് ലക്ഷ്യപ്രാപ്തിയിലെത്താൻ അവർ ശ്രമിക്കുന്നത്. അധികാര ഗർവിൽ വർഗീയ കോമരങ്ങൾക്ക് ആയുധങ്ങളുമായി തെരുവിൽ അഴിഞ്ഞാടാനുള്ള അവസരങ്ങൾ നൽകുകയാണ്. രാജ്യത്തിന്റ സുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധരാകേണ്ടവരും സമാധാനം സ്ഥാപിക്കാനുള്ള ഉത്തരവാദിത്തമേറ്റവരുമായ നിയമപാലകർപോലും അക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നിടത്തോളം ഭീതിജനകമായി മാറുന്നു അവസ്ഥ. നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി അവകാശ ധ്വംസനങ്ങളോടൊപ്പം ന്യൂനപക്ഷങ്ങളുടെ സ്വപ്‌നങ്ങളെയും ഇടിച്ചുനിരത്തുകയാണ് ബുൾഡോസറുകൾ.

പ്രതിരോധം, പ്രതികരണം

ജഹാംഗീർ പുരിയിലെ രാമനവമി ഘോഷയാത്ര രണ്ടുതവണ മസ്ജിദ് മുന്നിലൂടെ ആയുധങ്ങളുമായി ആർത്തലച്ച് നടന്നുനീങ്ങിയിട്ടും അതിനോടുള്ള പ്രത്യാക്രമണത്തിന് അവിവേകിയായ ഒരു മുസ്‌ലിം ചെറുപ്പക്കാരനെയും കാണാത്തതിലുള്ള നിരാശയിലാണ് മൂന്നാമതൊരു തവണകൂടി വരേണ്ടി വന്നത്. മാധ്യമങ്ങൾ പുറത്തുവിട്ട വിവരം ശരിയാണെങ്കിൽ അവിവേകത്തിനായി ഒരു മുസ്‌ലിം നാമധാരിയായ സംഘപരിവാര അനുകൂലിയെ രംഗത്തിറക്കേണ്ടിവന്നു.

ഇന്ത്യയിലെ പല കലാപങ്ങളിലും ഇത്തരം നാടകങ്ങളരങ്ങേറിയിട്ടുണ്ട്. സമാധാനകാംക്ഷികളും സഹജീവി സ്‌നേഹികളുമായ മുസ്‌ലിംകളിൽനിന്ന് അവിവേകങ്ങളും പ്രത്യാക്രമണങ്ങളുമുണ്ടാവില്ലെന്ന തിരിച്ചറിവാണ് സംഘപരിവാരങ്ങൾ ഹേതുവിന് വേണ്ടി വിവരദോഷികളെ കെട്ടിയിറക്കുന്നത്. സംഘപരിവാരങ്ങൾ വിരിക്കുന്ന കലാപക്കെണിയിൽ വീണുപോകുന്ന വൈകാരിക സംഘടനകൾക്ക് ഇതൊരു പാഠമാണ്. ഗുജറാത്ത് കലാപങ്ങളിലടക്കം ഇങ്ങനെയുള്ള ആമുഖങ്ങൾ സൃഷ്ടിച്ചെടുക്കാനവർക്ക് സാധിച്ചിട്ടുണ്ട്. വൈകാരിക പ്രത്യാക്രമങ്ങളിലൂടെ സംഘപരിവാര കലാപങ്ങൾക്കും ആയുധങ്ങൾക്കും കൂടുതൽ ഇരകളെ ലഭിക്കുമെന്നല്ലാതെ ന്യൂനപക്ഷങ്ങൾക്ക് യാതൊരു നേട്ടവും ഉണ്ടാവില്ല. രാജ്യത്തിന്റ സമാധാനവും വികസനവും ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ബാധ്യതയാണ് ബുൾഡോസർ രാഷ്ട്രീയത്തിന് കൂച്ചുവിലങ്ങിടുകയെന്നത്. വൈവിധ്യങ്ങളിലൂടെ വർണവസന്തം പൊഴിക്കുന്ന മനോഹരമായ ഇന്ത്യയെ വീണ്ടെടുക്കാൻ മതനിരപേക്ഷ ചേരിയുടെ കൂട്ടായ പ്രവർത്തനങ്ങളും പ്രതിരോധവും അനിവാര്യമാണ്. മുസ്‌ലിം ന്യൂനപക്ഷത്തിന്റ ഭവനങ്ങൾ ഇടിച്ചുനിരത്തുന്നതിനെതിരെ ദുഷ്യന്ത് ദാവെയും സുഭാഷ് ചന്ദ്രനും കപിൽ സിബലും സുപ്രീം കോടതിയിൽ പോരാടിയതും ജെസിബിക്ക് മുന്നിൽ കോടതി വിധിയുടെ പകർപ്പുമായി ബൃന്ദാ കാരാട്ട് സിംഹഗർജനം നടത്തിയതും ഇന്ത്യയുടെ വീണ്ടെടുപ്പിന് വേണ്ടിയും ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുമായിരുന്നു. സ്വാതന്ത്ര്യാനന്തരം ഉത്തരേന്ത്യയിലെ ഒരു മുസ്‌ലിം പള്ളി പിടിച്ചെടുത്ത് മദ്യശാലയും നിശാക്ലബുമാക്കിയ വർഗീയ കോമരങ്ങൾക്കെതിരെ നിരാഹാര സമരം നടത്തി പള്ളിയെ മോചിപ്പിച്ച മഹാത്മാ ഗാന്ധിയിൽ വലിയ മാതൃക കാണാം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും മതേതര ചേരിയുണർന്നാൽ നിഷ്പ്രയാസം മോചിപ്പിച്ചെടുക്കാവുന്ന പ്രശ്‌നമെ ഇന്ത്യയിലുള്ളൂ എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

പ്രതിരോധങ്ങൾക്ക് ഇസ്‌ലാമിന്റെതായ സംസ്‌കാരവും നിയമങ്ങളും ചട്ടങ്ങളുമുണ്ട്. യഥാർഥ വിശ്വാസികൾക്ക് മാത്രം ഉൾകൊള്ളാനാവുന്നതാണത്. വിശുദ്ധ ക്വുർആനിൽനിന്നും പ്രവാചക വചനങ്ങളിൽനിന്നും ഉൾക്കൊള്ളേണ്ട പാഠങ്ങളാണവ. ഇരുട്ടിന്റെ മറവിലിരുന്ന് മെഴുകുതിരി വെട്ടത്തിൽ ആരോ ചൊല്ലിത്തരുന്ന വാചകങ്ങളിൽ ത്രസിക്കുന്ന വൈകാരിക കോമരങ്ങൾക്ക് അത് ഉൾകൊള്ളാനാവില്ല. അക്രമികൾക്ക് നേരെയുള്ള പ്രതിക്രിയകൾക്കും ശിക്ഷാനടപടികൾക്കുമുള്ള അധികാരം ഭരണകൂടത്തിനാണ്. ജുഡീഷ്യറി അടക്കമുള്ള സംവിധാനങ്ങളെ സമീപിക്കുകയും അതിനുവേണ്ടി ആവശ്യപ്പെടുകയും ചെയ്യാം. ജനാധിപത്യ രാജ്യമെന്ന നിലയ്ക്ക് അതിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.

വിശ്വാസ വിമലീകരണത്തിലൂടെ അല്ലാഹുവിലുള്ള പ്രതീക്ഷ കൈവിടാതെ പ്രാർഥനാനിർഭരമായി മുന്നോട്ടു പോകണം. “നിങ്ങൾ ദൗർബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് ഉന്നതൻമാർ’’ (ക്വൂർആൻ 3:139).

ഇസ്‌ലാമിനെ തെറ്റിദ്ധരിച്ചവരും തെറ്റിദ്ധരിപ്പിക്കുന്നവരുമാണല്ലോ അക്രമാസക്തരാകുന്നത്. അതിനാൽ ശരിയായ രൂപത്തിൽ ഇസ്‌ലാമിക ആശയപ്രചാരണം നടത്തി തെറ്റിദ്ധാരണകൾ തിരുത്താൻ ശ്രമിക്കേണ്ടതുണ്ട്. ഗുജറാത്ത് കലാപത്തിൽ മൂർച്ചയേറിയ ആയുധമേന്തി, കാവി റിബ്ബൺ തലയിൽ കെട്ടി ക്രൂരതയുടെ പര്യായമായി മനസ്സിലേക്ക് ഓടിവരുന്ന അശോക് മോചിയുടെ ചിത്രം ആരും മറന്നുകാണില്ല. പിന്നീട് കുറ്റബോധത്തോടുകൂടി അദ്ദേഹം നടത്തിയ പ്രഭാഷണത്തിൽ ഇങ്ങനെ പറയുന്നുണ്ട്: “ഇസ്‌ലാമിനെ അങ്ങേയറ്റം തെറ്റിദ്ധരിച്ചതിനാലാണ് ഞാനും മറ്റു ആയിരങ്ങളും മുസ്‌ലിംകൾക്കെതിരെ ആയുധമെടുത്തത്. മതത്തെ തിരിച്ചറിഞ്ഞപ്പോഴാണ് കുറ്റബോധം മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.’’

അക്രമകാരികളെ നേരിടാൻ വൈകാരികതയെയും ആയുധങ്ങളെയും ആശ്രയിക്കലാണോ, അതല്ല സർവശക്തനായ അല്ലാഹുവിന്റ സഹായത്തെ പ്രതീക്ഷിക്കലാണോ ബുദ്ധിയെന്ന് ചോദിച്ചാൽ വിശ്വാസി സമൂഹം രണ്ടാമത്തേതായിരിക്കും തെരഞ്ഞെടുക്കുക. കാരണം ക്ഷമിക്കുന്നതിലൂടെ അല്ലാഹുവിവിന്റെ സഹായം ഉറപ്പാണ്.

“സത്യവിശ്വാസികളെ, നിങ്ങൾ സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു’’ (ക്വുർആൻ 2:153).