ശാസ്ത്രം ദൈവത്തെ ഇല്ലാതാക്കിയോ? നവനാസ്തികരുടെ വിഭ്രാന്തികള്‍!

റൈഹാന്‍ അബ്ദുല്‍ ശഹീദ്

2022 ഫെബ്രുവരി 12, 1442 റജബ്  10
ശാസ്ത്രത്തിന്റെ വളര്‍ച്ച മറ്റേതൊരു രംഗത്തെയുമെന്ന പോലെ വിശ്വാസമേഖലയെയും വിമലീകരിച്ചിട്ടുണ്ട്, തീര്‍ച്ച! അന്ധവിശ്വാസങ്ങളില്‍ പലതും ശാസ്ത്ര വളര്‍ച്ചയില്‍ കടപുഴകി വീണതാണ്. എന്നാല്‍ ശാസ്ത്രമെന്നത് ദൈവത്തിന്റെയും മതത്തിന്റെയും ശത്രുവാണെന്ന് ചിത്രീകരിക്കാന്‍ നവനാസ്തികര്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. എന്താണ് വസ്തുത?

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായ ജോണ്‍ ലെനോക്‌സ് എഴുതുന്നു: ‘‘നിരീശ്വരവാദം പാശ്ചാത്യ ലോകത്ത് പ്രയാണത്തിലാണ്. നിരീശ്വരവാദികള്‍ അവരുടെ നിരീശ്വരവാദത്തില്‍ ലജ്ജിക്കാതെ, ഒരു ഏകീകൃത സൈന്യമായി നിലകൊള്ളാനും പോരാ ടാനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു യോജിച്ച ശ്രമം നടത്തുന്നു. ശത്രു ദൈവമാണ്.'' (1)

നവനാസ്തികരുടെ വാദപ്രകാരം ശാസ്ത്രം ദൈവത്തെ ഉപേക്ഷിച്ചിരിക്കുന്നു. നിരീശ്വരവാദമാണത്രെ ആധുനിക ചിന്താഗതിക്കാരന് വിശ്വസിക്കാന്‍ പറ്റുന്ന ഏക യുക്തിയുള്ള പ്രത്യയശാസ്ത്രം! ശാസ്ത്രവും മതവും തമ്മില്‍ യാതൊരു നില യ്ക്കും യോജിച്ചുപോവില്ല എന്നും ഇവര്‍ ആരോപിക്കുന്നു.

നവനാസ്തികരുടെ വാദങ്ങളെ നമുക്ക് ഇങ്ങനെ വായിക്കം: ‘‘ഏതൊരു അറിവും നമുക്ക് നേടാന്‍ കഴിയണമെങ്കില്‍ അത് ശാസ്ത്രീയമായ രീതികളിലൂടെ മാത്രമെ സാധ്യമാവുകയുള്ളൂ. ശാസ്ത്രത്തിന് കണ്ടെത്താന്‍ കഴിയാത്തത് മനുഷ്യവര്‍ഗത്തിന് അറിയാന്‍ കഴിയില്ല.'' (2)

സത്യത്തിലേക്കുള്ള ഏകമാര്‍ഗം ശാസ്ത്രമാണെന്നും തത്ത്വത്തില്‍ അതിന് എല്ലാം വിശദീകരിക്കാന്‍ കഴിയുമെന്നുമുള്ള, ദൈവത്തിനെതിരായ നവനാസ്തികരുടെ കടന്നാക്രമണത്തിന്റെ മൂന്ന് പ്രധാന വാദങ്ങളില്‍ ഒന്നാണ് മുകളില്‍ നാം വായിച്ചത്. പറയപ്പെട്ട ആ മൂന്ന് വാദങ്ങള്‍ ഏതൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം:

1. കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ശാസ്ത്രം വിശദീകരിക്കുന്നുണ്ട്. അതിനാല്‍ അവിടെ നാം ദൈവത്തെ കൊണ്ടുവരേണ്ടതില്ല.

2. പ്രകൃതിയല്ലാതെ മറ്റൊന്നില്ല. ഇത് കാരണത്തിന്റെയും ഫലത്തിന്റെയും (cause and effect) ഒരു അടഞ്ഞ സംവിധാനമാണ്.  ദൈവികമോ അമാനുഷികമോ എന്നൊരു മണ്ഡലമില്ല. 'പുറം' (പ്രപഞ്ചാതീതം) എന്ന ഒന്നില്ല!

3. ശാസ്ത്രത്തിന് എല്ലാം വിശദീകരിക്കാന്‍ കഴിയും. ശാസ്ത്രത്തിനോ ശാസ്ത്രജ്ഞര്‍ക്കോ അറിയാന്‍ കഴിയാത്തതായി ഒന്നുമില്ല. ഇതിനെ നമുക്ക് Epistemic Scientism എന്ന് പറയാം. ശാസ്ത്രവും മതവും തമ്മിലുള്ള സംവാദത്തിന്റെ കാതല്‍ യഥാര്‍ഥത്തില്‍ ഇതാണ്.

ദൈവവിശ്വാസത്തിനെതിരിലുള്ള നവനാസ്തികരുടെ ആക്രമണത്തിന് നേതൃത്വം നല്‍കിവരുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സ് ഇക്കാര്യത്തില്‍ തികച്ചും ഉചിതമായ ഒരു സിദ്ധാന്തം കൊണ്ടുവരുന്നുണ്ട്. അദ്ദേഹം പ്രസ്താവിക്കുന്നു:

‘‘അടുത്ത തവണ ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും സത്യമാണെന്ന് പറഞ്ഞാല്‍, എന്തുകൊണ്ട് അവരോട്  ‘അതിന് എന്ത് തെളിവാണ് ഉള്ളത്' എന്ന് ചോദിച്ചുകൂടാ? അവര്‍ക്ക് നിങ്ങളോട് ഒരു നല്ല ഉത്തരം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ പറയുന്ന ഒരു വാക്ക് നിങ്ങള്‍ വിശ്വസിക്കുന്നതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധാപൂര്‍വം ചിന്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' (3)

മുകളില്‍ പ്രസ്താവിച്ച നവനാസ്തികരുടെ ആ മൂന്ന് വിശ്വാസങ്ങളില്‍ ഓരോന്നും എടുത്ത് അവ എത്രത്തോളം യുക്തിസഹമാണ് എന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കാം. അതായത് ഡോക്കിന്‍സ് മുന്നോട്ടുവച്ച ഈ ‘ലിറ്റ്മസ് ടെസ്റ്റി'നെ നമുക്കിവിടെ ഒരു പരിശോധനയ്ക്ക് വിധേയമാക്കി നോക്കാം.

1. ‘കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ശാസ്ത്രം വിശദീകരിക്കുന്നു, ഒരു വിശദീകരണമായി അവിടെ നമുക്ക് ദൈവത്തിന്റെ ആവശ്യമില്ല.'

ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്, അതില്‍ സംശയങ്ങളൊന്നുമില്ല. തികച്ചും വിസ്മയിപ്പിക്കുന്ന പലതും ശാസ്ത്രം സംഭാവന ചെയ്തിട്ടുണ്ട്. ശാസ്ത്രം ജീവിതവും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തി, എണ്ണമറ്റ രോഗങ്ങളെ ഇല്ലാതാക്കി, നമ്മുടെ പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് പിന്നിലെ മെക്കാനിക്‌സ് അനാവരണം ചെയ്യാനും സഹായകമായിട്ടുണ്ട്. അന്ധവിശ്വാസപരമായ പല ഭയങ്ങള്‍ക്കും അറുതിവരുത്താനും അത് സഹായിച്ചിട്ടുണ്ട്.

ഭയങ്കരമായ ഒരു രാക്ഷസന്‍ മൂലമാണ് ഗ്രഹണം സംഭവിക്കുന്നത് എന്നോ അല്ലെങ്കില്‍ ഒരുതരം ദുശ്ശകുനമാണ് അതെന്നോ വിശ്വസിച്ചിരുന്ന ആളുകള്‍ ഇനി ഭയപ്പെടേണ്ടതില്ല. പ്രസ്തുത സംഭവവികാസത്തിന്റെ ശാസ്ത്രിയ കാരണങ്ങള്‍ ഇന്ന് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു.

നബി ﷺ യുടെ മകന്‍ ഇബ്‌റാഹീം മരിച്ചത് ഗ്രഹണം നടന്ന ദിവസത്തിലായിരുന്നു. ഇബ്‌റാഹീമിന്റെ മരണമാണ് ഗ്രഹണം സംഭവിക്കാന്‍ കാരണമായത് എന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു സംസാരമുണ്ടായി. അത് തെറ്റായ ധാരണയയും അന്ധവിശ്വാസവുമാണ് എന്നതിനാല്‍ പ്രവാചകന്‍ ﷺ ജനങ്ങളെ അതില്‍നിന്നും വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായി അവരോട് പറഞ്ഞു: ‘‘തീര്‍ച്ചയായും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്. ആരുടെയും മരണമോ ജനനമോ കാരണമായി ഗ്രഹണം സംഭവിക്കുന്നില്ല. നിങ്ങള്‍ ഗ്രഹണം കാണുകയാണെങ്കില്‍ അല്ലാഹുവിനെ സ്മരിക്കുവാനും പ്രാര്‍ഥിക്കാനും തിടുക്കം കൂട്ടുക.'' (4)

നിര്‍ഭാഗ്യവശാല്‍ ശാസ്ത്രത്തിന്റെ പുരോഗതി ദൈവമില്ലെന്ന് വിശ്വസിക്കാന്‍ പലരെയും പ്രേരിപ്പിച്ചു. പ്രകൃതി പ്രതിഭാസങ്ങളുടെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രം വെളിപ്പെടുത്തിയപ്പോള്‍ അത് അവരിലുള്ള ദൈവവിശ്വാസത്തിന് മങ്ങലേല്‍പിച്ചു. ഇത്തരം വെളിപ്പെടുത്തലുകള്‍ ആ പ്രകൃതി പ്രതിഭാസങ്ങളിലെ ദൈവത്തിന്റെ ഇടപെടല്‍ യുക്തിസഹമായി നിരാകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല എന്നതാണ് വാസ്തവം.

ഉദാഹരണം: ഒരു ഐപോഡിന്റെയോ ഐഫോണിന്റെയോ ആന്തരിക പ്രവര്‍ത്തനങ്ങള്‍ ഒരാള്‍ മനസ്സിലാക്കിയതുകൊണ്ട് ആ സാങ്കേതികവിദ്യയുടെ ‘ഡിസൈനര്‍' എന്ന നിലയില്‍ സ്റ്റീവ് ജോബ്‌സിന്റെ അസ്തിത്വത്തില്‍ വിശ്വസിക്കാന്‍ കഴിയില്ലെന്ന് അര്‍ഥമാക്കുന്നില്ല. മെക്കാനിസവും ഏജന്‍സിയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പറ്റാത്തതാണ് ഇവിടുത്തെ പ്രശ്‌നം. ‘ഒരു പ്രതിഭാസത്തെ വിശദീകരിക്കുന്ന മെക്കാനിസം നമുക്ക് അറിയാവുന്നതിനാല്‍, മെക്കാനിസം രൂപ കല്‍പന ചെയ്ത ഒരു ഏജന്റും ഇല്ല' എന്നത് ഒരു യുക്തിവിരുദ്ധമായ ആശയമാണ്.

ലെനോക്‌സ് എഴുതുന്നു: ‘‘ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ കണ്ടെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞില്ല; ‘ഗ്രഹങ്ങളുടെ ചലനത്തെ വിവരിക്കുന്ന മെക്കാനിസം ഞാന്‍ കണ്ടെത്തി, അതിനാല്‍തന്നെ അത് രൂപ കല്‍പന ചെയ്ത ഒരു എജന്റായ ദൈവം അതിനു പിന്നില്‍ ഇല്ല' എന്ന്.  വാസ്തവത്തില്‍ ഗ്രഹചലനത്തിനു പിന്നിലെ മെക്കാനിക്‌സിനെ അദ്ദേഹം കൃത്യമായി മനസ്സിലാക്കിയിരുന്നതിനാല്‍ അത് അങ്ങനെ രൂപകല്‍പന ചെയ്ത ദൈവത്തോട് അതിലും വലിയ ആരാധനയിലേക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചു എന്നതാണ് സത്യം! (5)

വിശ്വാസികള്‍ ദൈവം ഒരു ശാസ്ത്രീയ വിശദീകരണത്തിന് ബദലാണെന്ന്  വിശ്വസിക്കുന്നില്ല. ഡോക്കിന്‍സ് പറയുന്നത് പോലെ ദൈവം കേവലം വിടവുകളുടെ ഒരു ദൈവം (God of the Gaps) മാത്രമല്ല.  നേരെമറിച്ച്, എല്ലാ വിശദീകരണങ്ങളുടെയും അടിസ്ഥാനം അവനാണ്. പ്രപഞ്ചത്തിലെ ഓരോ പ്രവൃത്തിയുടെയും സംഭവങ്ങളുടെയും പ്രതിഭാസങ്ങളുടെയും നമുക്ക് അറിയുന്ന മെക്കാനിക്‌സിന്റെയും അല്ലാത്തവയുടെയും പിന്നിലെ ഏജന്റ് അവനാണ്.

ക്വുര്‍ആന്‍ പറയുന്നു: ‘‘അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവുമാകുന്നു'' (ക്വുര്‍ആന്‍ 39:62).

2. ''പ്രകൃതിയല്ലാതെ മറ്റൊന്നില്ല. ദൈവിക മണ്ഡലമില്ല. 'പുറത്ത്' (പ്രപഞ്ചാതീതം) ഇല്ല:''

ഒരു അവകാശവാദം എന്നതിനപ്പുറം വല്ല തെളിവുമുണ്ടോ ഈ വാദത്തിന്? നമുക്ക് ഡോക്കിന്‍സിന്റെ മേല്‍പ്രസ്താവിച്ച ‘ലിറ്റ്മസ് ടെസ്റ്റ്' പ്രയോഗിക്കാം: ‘‘അടുത്ത തവണ ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും സത്യമാണെന്ന് പറഞ്ഞാല്‍, എന്തുകൊണ്ട് അവരോട് ‘അതിന് എന്ത് തെളിവാണ് ഉള്ളത്' എന്ന് ചോദിച്ചുകൂടാ? അവര്‍ക്ക് നിങ്ങളോട് ഒരു നല്ല ഉത്തരം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ പറയുന്ന ഒരു വാക്ക് നിങ്ങള്‍ വിശ്വസിക്കുന്നതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധാപൂര്‍വം ചിന്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.''

അപ്പോള്‍ ഈ അവകാശവാദത്തിനുള്ള തെളിവ് എന്താണ്? സത്യത്തില്‍ ഒന്നുമില്ല! അതൊരു നാസ്തിക പ്രതീക്ഷയായിരിക്കാം. അത് ദൈവവിരോധത്തിന്റെ അടിസ്ഥാനത്തില്‍ ഉടലെടുത്തുവരുന്ന ഒരു ആശയമായിരിക്കാം. ഏതായാലും ഇത് ശാസ്ത്രീയമായ തെളിവുകളൊന്നും അടിസ്ഥാനമാക്കിയുള്ളതല്ല. പ്രകൃതിവാദം (Naturalism) ഉള്ളതെല്ലാം പ്രകൃതിയാണ്, അതിരുകടന്നതോ ദൈവിക മണ്ഡലമോ ഇല്ല എന്ന കാഴ്ചപ്പാട് ശാസ്ത്രത്തിലേക്ക് കൊണ്ടുവരുന്ന ഒരു തത്ത്വചിന്തയാണ്. ഇത് ശാസ്ത്രത്തിന്റെ ഫലമല്ല, അല്ലെങ്കില്‍ ശാസ്ത്രം നിര്‍ബന്ധമായും ഉള്‍ക്കൊള്ളുന്ന ഒന്നല്ല. നിരീക്ഷിച്ച ഡാറ്റയില്‍നിന്നുള്ള അനുമാനത്തിലൂടെയാണ് ശാസ്ത്രം മുന്നോട്ടുപോകുന്നത് എന്നിരിക്കെ, കാണുന്നത് മാത്രമെ ഉള്ളൂ, പ്രപഞ്ചാതീതമായി ഒന്നും തന്നെയില്ല എന്ന് ശാസ്ത്രീയമായി എങ്ങനെ ഉറപ്പിക്കാന്‍ കഴിയും?

കാള്‍ സാഗന്റെ ടി.വി സീരീസായ ‘കോസ്‌മോസ്' സാഗന്‍ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ആരംഭിച്ചത്: ‘പ്രപഞ്ചം മാത്രമെ ഉള്ളു, അല്ലെങ്കില്‍ ഉണ്ടായിരുന്നത്, അല്ലെങ്കില്‍ ഉണ്ടാവുക.'

ഈ വാക്കുകള്‍ ഒരു ശാസ്ത്രജ്ഞന്റെ വാക്കുകളായിരുന്നുവെന്ന് സംശയമില്ല. എന്നാല്‍ അവ ശാസ്ത്രത്തിന്റെ വാക്കുകളായിരുന്നില്ല. സാഗന്റെ സ്വാഭാവിക/ഭൗതിക ലോകവീക്ഷണം അദ്ദേഹത്തിന്റെ ശാസ്ത്രത്തില്‍നിന്ന് ഉരുത്തിരിഞ്ഞതല്ല. അദ്ദേഹം ഊഹിച്ച പ്രപഞ്ചത്തെക്കുറിച്ചുള്ള ഒരു അനുമാനം മാത്രമാണ്.

സാഗന് തന്റെ വ്യക്തിപര മായ വിശ്വാസങ്ങളില്‍ ഒരു അജ്ഞേയവാദിയാണോ, നിരീശ്വരവാദിയാണോ, അതോ ദൈവവിശ്വാസിയാണോ എന്നത് വിഷയമല്ല. ശാസ്ത്രജ്ഞര്‍ ഭൗതിക ലോകവീക്ഷണത്തിന് മുന്‍തൂക്കം നല്‍കുകയാണെങ്കില്‍ പഴയ ഒരു  പഴഞ്ചൊല്ല് അവരുടെ കാര്യത്തില്‍ ബാധകമാകാന്‍ സാധ്യതയുണ്ട് എന്ന് വേണമെങ്കില്‍ പറയാം; ‘ചുറ്റിക മാത്രമുള്ള മനുഷ്യന് എല്ലാം ആണി പോലെയാണ്.'

തീര്‍ച്ചയായും, അതെല്ലാം ഭൗതികവാദമായി നിലനിര്‍ത്താന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ജനിതകശാസ്ത്രജ്ഞനും നിരീശ്വരവാദിയുമായ റിച്ചാര്‍ഡ് ലെവോണ്ടിന്‍ തുറന്നുസമ്മതിച്ച് എഴുതിയതുപോലെ: ‘ശാസ്ത്രത്തിന്റെ രീതികളും സ്ഥാപനങ്ങളും എങ്ങനെയെങ്കിലും അത്ഭുതകരമായ ലോകത്തിന്റെ ഭൗതിക വിശദീകരണങ്ങള്‍ സ്വീകരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു എന്നല്ല, മറിച്ച് ഭൗതിക കാരണങ്ങളോടുള്ള നമ്മുടെ മുന്‍കൂര്‍ അനുസരണത്താല്‍ അന്വേഷണത്തിന്റെ ഒരു ഉപകരണവും ഭൗതിക വിശദീകരണങ്ങള്‍ സൃഷ്ടിക്കുന്ന ഒരു കൂട്ടം ആശയങ്ങളും സൃഷ്ടിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു, അത് എത്ര വിപരീത അവബോധജന്യമാണെങ്കിലും അറിയാത്തവര്‍ക്ക് എത്ര നിഗൂഢമായാലും. മാത്രമല്ല, ആ ഭൗതികവാദം സമ്പൂര്‍ണമാവണം, കാരണം നമുക്ക് ഒരു ദൈവിക പാദം ഉത്തരമായി അനുവദിക്കാനാവില്ല.' (6)

ഈ തുറന്ന് സമ്മതിക്കല്‍ പ്രശംസിക്കപ്പെടേണ്ടതാണ്. തികച്ചും പ്രകൃതിദത്തവും ഭൗതികവുമായ വിശദീകരണങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ശാസ്ത്രജ്ഞര്‍ക്ക് ഇടം കൊടുക്കാന്‍ കഴിയില്ലെന്നാണ് ലെവോണ്ടിന്‍ പറയുന്നത്. അല്ലാത്തപക്ഷം, ദൈവത്തെ ഒരു നോക്ക് കാണാനിടയായേക്കാവുന്ന അപകടസാധ്യത സൃഷ്ടിക്കും!

ഭൗതികവാദത്തിലുള്ള അന്ധമായ വിശ്വാസമാണ് നവനാസ്തികര്‍ മാതൃകയാക്കുന്നത്. അതുപോലെതന്നെ ജീവിതത്തെയും അതിന്റെ ആഴമേറിയ ചോദ്യങ്ങളെയും മനസ്സിലാക്കാനുള്ള ഒരേയൊരു ഉപകരണം ശാസ്ത്രമാണ് എന്ന സങ്കല്‍പത്തെ അത് ഊട്ടിയുറപ്പിക്കുന്നു.

3. 'സത്യത്തിലേക്കുള്ള ഏക വഴി ശാസ്ത്രമാണ്, തത്ത്വത്തില്‍ എല്ലാം വിശദീകരിക്കാന്‍ കഴിയും:'

എന്താണ് തെളിവ്? ഇത് മുകളില്‍ പറഞ്ഞതിനെക്കാള്‍ ദയനീയമായ അവസ്ഥയില്‍ ലിറ്റ്മസ് പരിശോധനയില്‍ പരാജയപ്പെടുന്നു. ഇത് ശാസ്ത്രത്തെക്കാള്‍ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രസ്താവനയാണ്. സത്യത്തെ വസ്തുനിഷ്ഠമായി അറിയാനുള്ള ഒരേയൊരു മാര്‍ഗം ശാസ്ത്രമാണെന്നും അതിന് സൈദ്ധാന്തികമായി, അസ്തിത്വത്തിന്റെ എല്ലാ വശങ്ങളെയും നേരിടാന്‍ കഴിയുമെന്നുമുള്ള വിശ്വാസം ‘സയന്റിസം' (ശാസ്ത്രമാത്രവാദം) എന്നും അറിയപ്പെടുന്നു.

റിച്ചാര്‍ഡ് ഡോക്കിന്‍സ് അവകാശപ്പെടുന്നത് നോക്കൂ: ‘ലോകത്തെയും പ്രപഞ്ചത്തെയും കുറിച്ച് സത്യമെന്തെന്ന് കണ്ടെത്തുന്നതിലെ വിദഗ്ധരാണ് ശാസ്ത്രജ്ഞര്‍.' (7)

സ്റ്റീഫന്‍ ഹോക്കിങ് പ്രസ്താവിച്ചു: ‘തത്ത്വചിന്ത മരിച്ചു, തത്ത്വചിന്ത ശാസ്ത്രത്തിനൊപ്പം എത്തിയിട്ടില്ല, പ്രത്യേകിച്ച് ഭൗതികശാസ്ത്രം. നമ്മുടെ അറിവിന് വേണ്ടിയുള്ള അന്വേഷണത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തലിന്റെ വിളക്കിന്റെ വാഹകരായി മാറിയിരിക്കുന്നു.'(8)

വിരോധാഭാസമെന്നു പറയട്ടെ, ശാസ്ത്രത്തില്‍ ഇപ്പോള്‍ ഇവര്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ അളവ് സത്യത്തില്‍ മതവിശ്വാസികളില്‍ അവര്‍ ആരോപിക്കുന്നതുപോലെത്തന്നെയാണ്.

സയന്റിസം യഥാര്‍ഥത്തില്‍ സ്വയം നിരാകരിക്കുന്ന ഒരു വിശ്വാസമാണ്.  ശാസ്ത്രത്തിന് മാത്രമെ യഥാര്‍ഥ അറിവ് നല്‍കാന്‍ കഴിയൂ എന്ന വാദത്തെ    ശാസ്ത്രീയമായി എങ്ങനെ തെളിയിക്കും? സത്യത്തില്‍ ഇതിനെ കേവലം വ്യക്തിപരമായ ബോധ്യം എന്ന് മാത്രമെ പറയാനാവൂ.

ഇന്നത്തെ തത്ത്വചിന്തയെ അപകീര്‍ത്തിപ്പെടുത്തുക മാത്രമല്ല, ഒറ്റയടിക്ക് അവര്‍ മറ്റു പല വിജ്ഞാനശാഖകളെയും അവഹേളിക്കുകയും ചെയ്തു എന്ന് വേണം മനസ്സിലാക്കാന്‍. തത്ത്വചിന്ത, കല, സാഹിത്യം, സംഗീതം, ധാര്‍മികത എന്നിവയുടെയൊക്കെ വിലയിരുത്തല്‍ ശാസ്ത്രത്തിന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങളാണ്. സംഗീതമോ കലയോ ശബ്ദങ്ങളുടെയോ നിറങ്ങളുടെയോ കേവലം ഒരു മിശ്രിതമായിരിക്കുമ്പോള്‍ ശാസ്ത്രത്തിന് ഇത് ഒരു മാസ്റ്റര്‍പീസാണ് എന്ന് എങ്ങനെ നമ്മോട് പറയാന്‍ കഴിയും? ധാര്‍മികമായി ശരിയോ തെറ്റോ എന്താണെന്ന് ശാസ്ത്രത്തിന് എങ്ങനെ നിര്‍ണയിക്കാനാകും?

ജനിതകശാസ്ത്രജ്ഞനും ഹ്യൂമന്‍ ജീനോം പദ്ധതിയുടെ തലവനുമായ ഫ്രാന്‍സിസ് കോളിന്‍സ് എഴുതുന്നു: ‘പ്രകൃതിലോകത്തെ അന്വേഷിക്കാനുള്ള ഏക നിയമപരമായ മാര്‍ഗം ശാസ്ത്രമാണ്. അണുവിന്റെ ഘടനയോ, പ്രപഞ്ചത്തിന്റെ സ്വഭാവമോ, മാനുഷിക ജീനോമിന്റെ (ഡിഎന്‍എ) ക്രമമോ അന്വേഷിക്കുക, പ്രകൃതിസംഭവങ്ങളുടെ സത്യാവസ്ഥ കണ്ടെത്താനുള്ള ഏക വിശ്വസനീയമായ മാര്‍ഗം ശാസ്ത്രീയമായ രീതിയാണ് എന്നിരുന്നാലും എല്ലാറ്റിനും ഉത്തരം നല്‍കാന്‍ ശാസ്ത്രം മാത്രം പോരാ. പ്രധാനപ്പെട്ട ചോദ്യങ്ങളായ മനുഷ്യന്റെ അസ്തിത്വത്തിന്റെ അര്‍ഥം, ദൈവത്തിന്റെ യാഥാര്‍ഥ്യം, മരണാനന്തര ജീവിതത്തിന്റെ സാധ്യത, കൂടാതെ മറ്റു പല ആത്മീയ ചോദ്യങ്ങളും ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്താണ്.' (9)

1988ല്‍ ഹോക്കിങ് തന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന ഗ്രന്ഥത്തില്‍ ഭൗതികശാസ്ത്രത്തിലെ ഒരൊറ്റ ഏകീകൃത സിദ്ധാന്തത്താല്‍ -എല്ലാറ്റിന്റെയും സിദ്ധാന്തത്താല്‍- (A theory of Everything) നമ്മുടെ പ്രപഞ്ചം വിവരിക്കാവുന്നതും വിശദീകരിക്കാവുന്നതുമാണെന്ന് പ്രഖ്യാപിച്ചു. ഐന്‍സ്‌റ്റൈന്‍ തന്റെ ജീവിതകാലത്ത് നേടിയെടുക്കുമെന്നോ യാഥാര്‍ഥ്യമാകുമെന്നോ പ്രതീക്ഷിച്ച ഒരു സ്വപ്‌നമായിരുന്നു അത്. ഈ പ്രതീക്ഷയുടെ പിന്‍ബലത്തില്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് എഴുതി:

‘നമ്മുടെ സ്പീഷിസിലെ ഭൗതിക ശാസ്ത്രജ്ഞര്‍ ഐന്‍സ്‌റ്റൈന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കുമെന്നും മറ്റൊരു ലോകത്ത് പരിണമിച്ച ഉന്നത ജീവികള്‍ ഇങ്ങോട്ട് വന്നു ഉത്തരങ്ങള്‍ നല്‍കുന്നതിന് മുന്നേ എല്ലാറ്റിന്റെയും അന്തിമ സിദ്ധാന്തം കണ്ടെത്തുമെന്നും, എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.' അദ്ദേഹം വിജയാഹ്ലാദത്തോടെ ഉപസംഹരിക്കുന്നു: ‘ഈ അന്തിമ ശാസ്ത്ര ജ്ഞാനോദയം മതവിശ്വാസങ്ങള്‍ക്കും മറ്റു അന്ധവിശ്വാസങ്ങള്‍ക്കും ഒരു അവസാനമാകും എന്ന് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.'(10)  മതത്തിന്റെ അവസാന പതനം ഉടന്‍ സംഭവിക്കും എന്ന ഈ സിദ്ധാന്തം നവനാസ്തികരുടെ സുവിശേഷമായി.

പ്രൊഫസര്‍ ഹോക്കിങ് ഗണിതശാസ്ത്രത്തിലെ ഗോഡലിന്റെ സിദ്ധാന്തത്തിന്റെ (Godel's Theorem in Mathematics) പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിച്ച് 2002ല്‍ ഒരു പ്രബന്ധം എഴുതി. അവിടെ എല്ലാറ്റിനും ഒരു സിദ്ധാന്തത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം  (A Theory of Everything) അദ്ദേഹം പിന്‍വലിച്ചു. അത് അപ്രാപ്യമാണെന്ന് പറഞ്ഞു. (11)

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദി ഗ്രാന്‍ഡ് ഡിസൈനി' (2010)ല്‍ അദ്ദേഹം ഒരിക്കല്‍കൂടി ഏകീകൃത സിദ്ധാന്തത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതായി തോന്നുന്നു. ഇത്തവണ അത്യന്തം വിവാദമായ ‘എം സിദ്ധാന്ത'ത്തെ (M theory) ഏറ്റവും സാധ്യതയുള്ളതായി പ്രസ്താവിക്കുന്നു.(12)

ദൈവത്തിലുള്ള വിശ്വാസത്തെ ആക്രമിക്കാന്‍ നവനാസ്തികര്‍ ഉപയോഗിക്കുന്ന മൂന്ന് പ്രധാന തെളിവുകള്‍ ബാലിശവും യുക്തിരഹിയവുമാണ് എന്ന് നമ്മള്‍ മനസ്സിലാക്കി. തീര്‍ച്ചയായും അവരുടെ നിഗമനങ്ങളെ പിന്തുണയ്ക്കാന്‍ ശാസ്ത്രത്തില്‍നിന്ന് ഒരു തെളിവുമില്ല. കേവലം അഭിലാഷം, പ്രതീക്ഷ എന്നിവ മാത്രമേയുള്ളൂ എന്ന് പറയാം. അതിനാല്‍ ഡോക്കിന്‍സ് പറഞ്ഞതുപോലെയേ നമുക്കും പറയാനുള്ളൂ: ‘അടുത്ത തവണ ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും സത്യമാണെന്ന് പറഞ്ഞാല്‍, എന്തുകൊണ്ട് അവരോട് ‘അതിന് എന്ത് തെളിവാണ് ഉള്ളത്' എന്ന് ചോദിച്ചുകൂടാ? അവര്‍ക്ക് നിങ്ങളോട് ഒരു നല്ല ഉത്തരം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ പറയുന്ന ഒരു വാക്ക് നിങ്ങള്‍ വിശ്വസിക്കുന്നതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധാപൂര്‍വം ചിന്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'

നിരീശ്വരവാദികള്‍ ശക്തമായി വാദിക്കുന്നു; പ്രകൃതിവാദവും ശാസ്ത്രവും ഒരുമിച്ച് പോകുന്നു എന്ന്. എന്നാല്‍ നമ്മള്‍ കണ്ടതുപോലെ അത് തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതല്ല. ശാസ്ത്രജ്ഞര്‍ കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കുമ്പോള്‍ ശാസ്ത്രത്തെ കൂട്ടുപിടിക്കാമെങ്കിലും, കാര്യങ്ങള്‍ എന്തുകൊണ്ട് എന്നോ കാര്യങ്ങള്‍ ആദ്യം എങ്ങനെ ഉണ്ടായി എന്നോ പഠിക്കുമ്പോള്‍ അവര്‍ക്ക് ശാസ്ത്രം മാത്രം ആശ്രയിച്ചാല്‍ പോരാ. ശാസ്ത്രം ദൈവത്തെ ‘അടക്കം' ചെയ്യുന്നതിനുപകരം, ദൈവവിശ്വാസികള്‍ക്ക് അവനിലുള്ള വിശ്വാസവും ബോധ്യവും ആഴത്തിലാക്കാന്‍ കൂടുതല്‍ കാരണങ്ങള്‍ നല്‍കിയിട്ടുണ്ട്.

‘പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നു' എന്ന് ശാസ്ത്രം പറയുന്നു. തുടക്കം ഉണ്ടെങ്കില്‍ ഒരു തുടക്കക്കാരനും ഉണ്ടാകും.

മറ്റൊന്ന് പ്രപഞ്ചത്തിന്റെ ഫൈന്‍ ട്യൂണിംഗ് ആണ്. നമ്മുടെ പ്രപഞ്ചം യഥാര്‍ഥത്തില്‍ ജീവന്റെ ആവിര്‍ഭാവത്തിന് എത്രത്തോളം അനുയോജ്യമാണ്? ഗണിതശാസ്ത്രപരവും ഭൗതികവുമായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തെ നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നത് എന്തുകൊണ്ട്? ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് സ്വാഭാവിക കാരണങ്ങളിലേക്കല്ല, മറിച്ച് ഒരു ദൈവിക കാരണത്തിലേക്കാണ്. എന്നിരുന്നാലും, സ്വാഭാവികതയോടുള്ള പ്രതിബദ്ധതയില്‍ സ്വയം കാണിക്കുന്ന പക്ഷപാതം കാരണം ഇന്നത്തെ ശാസ്ത്രവൃത്തങ്ങളില്‍ ദൈവികശബ്ദത്തെ പതിവായി തുരങ്കം വയ്ക്കുകയോ നിശ്ശബ്ദമാക്കുകയോ ചെയ്യുന്നു.

പ്രൊഫസര്‍ ലെനോക്‌സ് പറയുന്നതുപോലെ, ഇത് യഥാര്‍ഥത്തില്‍ ശാസ്ത്രവും മതവും തമ്മിലുള്ള പോരാട്ടമല്ല. ശാസ്ത്രം ഏത് അനുമാനത്തെ പിന്തുണയ്ക്കുന്നു? നിരീശ്വരവാദത്തെയോ ദൈവികതയെയോ? ഇതാണ് മര്‍മപ്രസക്തമായ ചോദ്യം. പ്രപഞ്ചത്തിന്റെ അടിസ്ഥാന പദാര്‍ഥങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, മാര്‍ഗനിര്‍ദേശമില്ലാത്ത, ക്രമരഹിതമായ സ്വാഭാവിക പ്രക്രിയകളിലൂടെയാണ് ബോധവും യുക്തിയും ഉടലെടുത്തതെന്നാണോ ശാസ്ത്രം പറയുന്നത്? അതോ ദൈവിക വിശ്വാസമാണോ തെളിവുകള്‍ക്ക് ഏറ്റവും അനുയോജ്യം?

ബുദ്ധിമാനായ ഒരു സ്രഷ്ടാവ് അവന്റെ നിയമങ്ങള്‍ കണ്ടെത്താനും, അവന്റെ കരവിരുതില്‍ ആശ്ചര്യപ്പെടാനും, നമ്മുടെ ഇഷ്ടം അവനിലേക്ക് നയിക്കാനും, സൂക്ഷ്മമായി ക്രമീകരിച്ച ഒരു പ്രപഞ്ചം സൃഷ്ടിച്ച് നമ്മെ ഇവിടെ എത്തിച്ചതിന്റെ പിന്നില്‍ തീര്‍ച്ചയായും ലക്ഷ്യങ്ങളുണ്ടാവുകയില്ലേ?

മുമ്പ് പറഞ്ഞതുപോലെ, എങ്ങനെ എന്നുള്ള ചോദ്യങ്ങള്‍ക്ക് മനോഹരമായി ഉത്തരങ്ങള്‍ നല്‍കാന്‍ ശാസ്ത്രം സഹായകമായിട്ടുണ്ട്; ശരിതന്നെ. എന്നാല്‍ ‘എന്തിന്' എന്ന് ചോദ്യം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് അത് അതിന്റെ പരിധിക്കപ്പുറത്തേക്ക് ചുവടുവയ്ക്കുന്നതും ശാസ്ത്രത്തിന്റെ ഉയര്‍ന്ന പിടിവാശിയുള്ള മേഖലയിലേക്ക് പ്രവേശിക്കുന്നതും. വ്യത്യാസം വ്യക്തമാക്കാന്‍ സഹായിക്കുന്ന മനോഹരമായ ഒരു ഉദാഹരണം, ലെനോക്‌സ് തന്റെ അമ്മായിയായ ‘മത്തില്‍ഡ'യുടെ (Aunt Matilda) കേക്കിന്റെ കാര്യത്തിലൂടെ വിവരിക്കുന്നുണ്ട്.

ലോകത്തിലെ പ്രമുഖ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു രുചികരമായ കേക്ക് തന്റെ അമ്മായി മത്തില്‍ഡ ഉണ്ടാക്കിയതായി സങ്കല്‍പിക്കാന്‍ അദ്ദേഹം നമ്മോട് ആവശ്യപ്പെടുന്നു.  കേക്കിലെ കലോറിയുടെ എണ്ണത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് പോഷകാഹാര വിദഗ്ധര്‍ മുന്നോട്ട് വരുന്നു, ബയോകെമിസ്റ്റുകള്‍ അതിലെ പ്രോട്ടീനുകളുടെയും കൊഴുപ്പുകളുടെയും ഘടനയെക്കുറിച്ച് നമ്മെ അറിയിക്കുന്നു, അതിന്റെ രൂപീകരണത്തില്‍ ഉപയോഗിക്കുന്ന മൂലകങ്ങളെയും സംയുക്തങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ രസതന്ത്രജ്ഞര്‍ നമുക്ക് പറഞ്ഞുതരുന്നു. ഭൗതികശാസ്ത്രജ്ഞര്‍ അതിനെ അതിലെ കണങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നു. ഗണിതശാസ്ത്രജ്ഞര്‍ അതിന്റെ ഘടനയും അതിലെ കണികകളുടെ സ്വഭാവവും വിവരിക്കുന്നു, ഗംഭീരമായ ഒരുകൂട്ടം സമവാക്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. തന്റെ അമ്മായിയുടെ കേക്കിനെക്കുറിച്ചുള്ള സമഗ്രമായ വിശകലനം നടത്തിക്കൊണ്ട് ലെനോക്‌സ് ചോദിക്കുന്നു: ‘കേക്ക് പൂര്‍ണമായും വിശദീകരിക്കപ്പെട്ടിട്ടുണ്ടെന്ന് പറയുമോ?'

കേക്ക് എങ്ങനെ ഉണ്ടാക്കി എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് തീര്‍ച്ചയായും അറിവ് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, അത് എന്തിനാണ് നിര്‍മിച്ചത്? വാസ്തവത്തില്‍ ശാസ്ത്രീയമായ ഒരു വിശകലനവും കേക്കിന് പിന്നിലെ ലക്ഷ്യത്തിലേക്ക് വെളിച്ചം വീശില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ‘എന്തുകൊണ്ട്' എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശാസ്ത്രത്തിന് കഴിയുന്നില്ല. അമ്മായി മത്തില്‍ഡ തന്നെ അത് വെളിപ്പെടുത്തിയാല്‍ മാത്രമെ നമുക്ക് ഉത്തരം അറിയാന്‍ കഴിയൂ.(13)

ഫ്രാന്‍സിസ് കോളിന്‍സ് പറഞ്ഞതുപോലെ, ശാസ്ത്രം ജീവിതത്തിന്റെ ഭൗതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നു. മതം അവയുടെ അര്‍ഥ വശങ്ങളും. അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണാന്‍ ശാസ്ത്രം കാര്യങ്ങള്‍ വേര്‍തിരിക്കുന്നു. അവകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് കാണാന്‍ മതം കാര്യങ്ങള്‍ ഒരുമിച്ച് ചേര്‍ക്കുന്നു.

ശാസ്ത്രവും മതവും പരസ്പരം പോരടിക്കണമോ? അതോ മനുഷ്യന്റെ ഭൗതിക യാഥാര്‍ഥ്യവും അര്‍ഥവും മനസ്സിലാക്കുന്നതില്‍ പങ്കാളികളായി കൈകോര്‍ക്കണമോ? ഉത്തരം വ്യക്തവും ലളിതവുമാണ്; അതെ, കൈകോര്‍ക്കാം!

References

1. John Lennox, Gunning for God: Why the New Atheists Are Missing the Target (2011) Pg:9

2. Bertrand Russel, Religion and Science (1997), Pg:243

3. Richard Dawkins, A Devil’s Chaplain (2004) Pg:291

4. Al-Bukhari, no.1041; Muslim, no.911

5. John Lennox, God’s Undertaker: Has Science Buried God? (2002) Pg:45

6. Richard Lewontin, "Billions and Billions of Demons”,  The New York Review Of Books, January 7 1997, Pg:31

7. Richard Dawkins, A Devil’s Chaplain (2004), Pg:242

8. Stephen Hawking & Leonard Mlodinow, The Grand Design (2010), Pg:13

9. Francis Collins, The Language of God (2007), Pg:228

10. John Cornwell, Darwin’s Angel (2007), Pg:63

11. Stephen Hawking, Godel and the end of physics, July 20, 2002

12. Stephen Hawking & Leonard Mlodinow, The Grand Design (2010), Pg:228

13. John Lennox, God’s Undertaker: Has Science Buried God? (2002), Pg:41