മക്കളെ മയക്കുന്ന ലഹരി മാഫിയ

നബീൽ പയ്യോളി

2022 സെപ്തംബർ 10, 1444 സ്വഫർ 13
നുരഞ്ഞ് പതഞ്ഞ് ആഘോഷിച്ച് തിമിർക്കുന്ന ലഹരിയെ വകഞ്ഞു മാറ്റി ഉന്മാദത്തിന്റെ ഉച്ചസ്ഥായിയിൽ നിന്ന് സ്വബോധത്തെ താഴേക്കെറിഞ്ഞ് നിശ്ചേഷ്ടമാക്കുന്ന ലഹരിയുടെ കൊലയാളി വകഭേദത്തിലേക്ക് നാട് നടന്നുനീങ്ങുകയാണ്. പെണ്ണിനെ ആണിന്റെ വസ്ത്രം ധരിപ്പിക്കാനും ഇടയിലും മടിയിലുമിരുത്തി സ്വാതന്ത്ര്യമാഘോഷിക്കാനും മുറവിളി കൂട്ടിയവർ വരുംതലമുറയുടെ പേരിൽ നിലവിളിക്കേണ്ടി വരുമെന്ന് തീർച്ച!

ഏതാനും ദിവസം മുമ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ണോടിച്ചവർക്ക് മറക്കാൻ സാധിക്കാത്ത ഒരു നിലവിളിയുണ്ട്; മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട തൊടുപുഴക്കാരിയുടെതാണ് ആ നിലവിളി. ആ ഇരുപത് വയസ്സുകാരിയുടെ നിലവിളി മനഃസാക്ഷിയുള്ള ഏതൊരാളുടെയും ഉള്ള് പൊള്ളിക്കുന്നതാണ്. അപ്പോൾ, ഒരായിരം പ്രതീക്ഷകളുമായി അവളെ വളർത്തിയ മാതാപിതാക്കൾ എത്രമേൽ തകർന്നിരിക്കും എന്ന് ആലോചിച്ചുനോക്കുക.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഒരു ഒമ്പതാം ക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നമ്മൾ കേട്ടത്. കാമുകൻ വഞ്ചിച്ച് മയക്കുമരുന്നിന്ന് അടിമയാക്കിയതും ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടതുമായ അനുഭവങ്ങൾ ലോകത്തോട് ആ പെൺകുട്ടി വിളിച്ചു പറയുമ്പോൾ കേട്ടിരിക്കാൻ പറ്റാത്തവിധം മനസ്സ് പിടയുന്നുണ്ടായിരുന്നു. എന്താണ് നമ്മുടെ കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്നത്? സ്വന്തം വീട്ടിൽ താമസിക്കുന്ന, ദിനേന പഠിക്കാൻ പോയിവരുന്ന കൊച്ചുകുട്ടികൾക്ക് എന്ത് സംഭവിക്കുന്നു എന്നറിയാത്തവിധം ദുർബലമാണോ നമ്മുടെ കുടുംബ ബന്ധങ്ങൾ? മാതാപിതാക്കളും മക്കളുമെല്ലാം വീടെന്ന സ്വകാര്യയിടത്ത് പരസ്പരം അറിയാത്തവിധം അകലങ്ങളിൽ കഴിയുന്നതെന്ത്?

കൊച്ചിയിൽ ഈയിടെ കൊലചെയ്യപ്പെട്ട മലപ്പുറം സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ഹോട്ടൽ ജോലിക്ക് വേണ്ടി പോയതാണ്. കോഴിക്കോട് സ്വദേശിയായ, ഏകദേശം സമപ്രായക്കാരനായ ഒരാൾ അവനെ കൊന്നത് ലഹരിയിടപാടിൽ ലഭിക്കാനുള്ള പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണത്രെ! പിതൃമാതാവ് മരണക്കിടക്കയിലാണെന്ന് അറിയിക്കാൻ വിളിച്ച മാതാപിതാക്കൾക്കും ബന്ധുക്കൾക്കും മറുപടി ലഭിക്കാത്തതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ആ യുവാവിന്റെ മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടവനും കൊലപാതകിയും മയക്കുമരുന്ന് മാഫിയയുടെ വലയിലാണെന്ന് അറിയുന്ന മാതാപിതാക്കൾ തകർന്നുപോയിട്ടുണ്ടാവില്ലേ? വലിയ പ്രതീക്ഷകളോടെ വളർത്തി വലുതാക്കി, ജോലിചെയ്യാൻ പ്രാപ്തരാക്കിയ മാതാപിതാക്കൾക്ക് ഈ ഇളംപ്രായത്തിലുള്ള മക്കളുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വരുന്നത് വലിയ ദുരന്തമല്ലേ? കൊലപാതകക്കുറ്റത്തിന് പിടിക്കപ്പെട്ട യുവാവിന്റെ കുടുംബത്തിന് താങ്ങും തണലുമാവേണ്ടവനെ നഷ്ടപ്പെട്ട ദുഃഖഭാരത്താൽ തലകുനിക്കേണ്ടിവന്ന സാഹചര്യവും, അവന്റെ സഹധർമിണിയുടെ മാനസികാവസ്ഥയുമെല്ലാം നമ്മെ അസ്വസ്ഥമാക്കുന്നത് തന്നെയാണ്.

പാലക്കാട് ജില്ലയിലെ ഒരു സ്‌കൂൾ പരിസരത്തുനിന്നും ലഹരിവസ്തുക്കളുമായി പിടിക്കപ്പെട്ടവൻ ആ സ്‌കൂളിലെത്തന്നെ പൂർവവിദ്യാർഥിയായിരുന്നു. സമാനമായ കേസിൽ കോഴിക്കോട് നഗരത്തിൽ നിന്നും രണ്ട് കൗമാരക്കാരെയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഓൺലൈനിൽ കൗമാരക്കാരിക്ക് മയക്കുമരുന്നിനെ കുറിച്ച് ക്ലാസ്സെടുത്ത വ്‌ളോഗർ അറസ്റ്റിലായതും ഈയടുത്താണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട അറസ്റ്റും കൊലപാതകങ്ങളും ദുരന്തവാർത്തകളും ഇന്ന് നിത്യസംഭവങ്ങളാണ്. അങ്ങേതോ ദൂരദിക്കിൽനിന്നുമുള്ള വാർത്തകൾ വായിച്ചുതള്ളിയിരുന്ന നമ്മളിപ്പോൾ അരികെയുള്ള വാർത്തകൾ വായിച്ച് മനസ്സ് മരവിച്ച അവസ്ഥയിലേക്കെത്തി. ആരുടെയും ജീവിതം മാറ്റിമറിക്കാവുന്നവിധം മയക്കുമരുന്ന് മാഫിയ നമ്മുടെ നാടിനെ ഗ്രസിച്ചിരിക്കുന്നു!

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഈ മാഫിയ പ്രവർത്തിക്കുന്നതെന്ന് പല കേസുകളും സൂചിപ്പിക്കുന്നു; വലയിലാവുന്നത് നമ്മുടെ കുഞ്ഞുങ്ങളും! ഇവർ ഇളംപ്രായക്കാർക്ക് ആദ്യം മയക്കുമരുന്ന് സൗജന്യമായി നൽകും. താമസിയാതെ കുട്ടികൾ അതിന്റെ അടിമകളാകും. അഡിക്ഷനാകുന്ന മുറക്ക് പണം നൽകി വാങ്ങാൻ അവർ നിർബന്ധിതരാകും. ഈ തന്ത്രമാണ് മയക്കുമരുന്ന് മാഫിയകൾ പയറ്റുന്നത്. ലഹരി വസ്തു കിട്ടണമെങ്കിൽ പണം വേണം. പണം ലഭിക്കാനുള്ള മാർഗമെന്തെന്ന് അന്വേഷിക്കുമ്പോഴാണ് മാഫിയകൾ ലഹരി വിൽപനയിലൂടെ കാശുണ്ടാക്കാമെന്ന് അവരെ ബോധ്യപ്പെടുത്തുന്നത്. അതോടെ കുട്ടികൾ ലഹരിയുടെ ഉപഭോക്താക്കളും കച്ചവടക്കാരുമായി മാറും. വിദ്യാലയങ്ങളിൽ പൊതുവെ ശക്തമായ നിരീക്ഷണം ഇല്ലാത്തതും വിദ്യാർഥികളെ സമൂഹം സംശയിക്കാത്തതുമൊക്കെയാണ് ലഹരിമാഫിയകൾ വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാനുള്ള കാരണമായി മാറുന്നത്. കുട്ടികളുടെ നിഷ്‌കളങ്കതയും ഇത്തരം ദുഷ്‌ചെയ്തികൾ വരുത്തിവയ്ക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയുമാണ് ഇത്തരം മാഫിയകളുടെ വലയിൽ അവരെ വീഴ്ത്തുന്നത്.

തലശ്ശേരിയിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ മറ്റൊരു വഴിയുടെകൂടി തുറന്നു പറച്ചിലാണ്. പ്രണയക്കുരുക്കിലാക്കി ലഹരി അടിമത്തം സൃഷ്ടിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ലഹരി വിൽപനക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം! ഇതേരൂപത്തിൽ തന്റെ പല സഹപാഠികളും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വസ്തുതയും അവൾ തുറന്നുപറഞ്ഞിട്ടുണ്ട്. ഈ രീതിയിൽ ചൂഷണം ചെയ്യപ്പെട്ട നിരവധി കൗമാരക്കാർ ഉണ്ടെന്ന യാഥാർഥ്യത്തിലേക്ക് കൂടിയാണ് ഇത് വിരൽചൂണ്ടുന്നത്. ലഹരി എന്ന ദുരന്തം ആൺകുട്ടികളുടെ ജീവിതത്തെക്കാൾ തകർക്കുന്നത് പെൺകുട്ടികളുടെ ജീവിതത്തെയാണ്. മാനസികവും ശാരീരികവുമായ ആഘാതം ജീവിതകാലം മുഴുവൻ അവരെ വേട്ടയാടിയേക്കാം.

താൻ എത്തിപ്പെട്ട ദുരന്തത്തിൽനിന്നും കരകയറേണ്ടതുണ്ടെന്ന് തലശ്ശേരിയിലെ ആ പെൺകുട്ടി തിരിച്ചറിഞ്ഞതും അതിന് കുടുംബം നൽകിയ പിന്തുണയും മാതൃകാപരമാണ്. ആരും സ്വയം നാശത്തിലേക്ക് എടുത്തുചാടുന്നില്ല; മറിച്ച് അറിവില്ലായ്മയും സാഹചര്യങ്ങളും അവരെ ദുരന്തവഴിയിൽ എത്തിക്കുന്നതാണ്. തിരിച്ചറിവില്ലാത്ത പ്രായത്തിൽ അകപ്പെട്ട ദുരന്തങ്ങളിൽനിന്നും കരകയറാൻ കൊതിക്കുന്നവരാണ് ഇവരെല്ലാവരും. അതിന് കൈത്താങ്ങാവാൻ, കൂടെ നിൽക്കാൻ തിരിച്ചുവരവിന്റെ പാതയിൽ കൂടെയുണ്ടാവാൻ കുടുംബത്തിനും ആത്മാർഥ ബന്ധങ്ങൾക്കും സാധിക്കുമ്പോൾ മാത്രമെ തിരുത്തലുകളും തിരിച്ചുവരവുകളും സാധ്യമാവൂ. പ്രതീക്ഷ നൽകാനും കേൾക്കാനും കൈപിടിച്ചു കയറ്റാനും അടുപ്പക്കാർക്ക് സാധിക്കണം. എല്ലാറ്റിനും പരിഹാരമുണ്ടെന്നും അബദ്ധങ്ങളിൽനിന്നും തിന്മകളിൽനിന്നും കരകയറാൻ വഴിയുണ്ടെന്നുമുള്ള തിരിച്ചറിവ് നൽകാനാവണം. ഇത് ഇരകൾക്ക് തിരിച്ചുവരവിന്റെ പാതയൊരുക്കാൻ സാധിക്കും. തങ്ങൾ എത്തിപ്പെട്ട ദുരന്തങ്ങൾ തീർത്ത കൂരിരുട്ട് കുട്ടികളുടെ മനസ്സിനെയും ശരീരത്തെയും തളർത്തിക്കളയും. അതിനെ വകഞ്ഞുമാറ്റി വെളിച്ചത്തിലേക്ക് വഴിനടത്താൻ രക്തബന്ധങ്ങൾക്കും ആത്മാർഥ സുഹൃത്തുക്കൾക്കുമാണ് സാധിക്കുക. ആ തിരിച്ചറിവാണ് പ്രധാനം. ആത്മാർഥമായ പ്രവർത്തനങ്ങളും പ്രാർഥനയും സദ്ഫലം നൽകാതിരിക്കില്ല.

കൗമാരക്കാർക്കിടയിലെ ലഹരിയുപയോഗം; ഞെട്ടിക്കുന്ന കണക്കുകൾ!

ഈ വർഷം ഇതുവരെ 263 കേസുകളിലായി, 21 വയസ്സിന് താഴെ പ്രായമുള്ള 278 പേർക്കെതിരെയാണ് മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിന്തറ്റിക് ഡ്രഗ്‌സും എംഎഡിഎമ്മുമാണ് വിദ്യാർഥികൾക്കും യുവാക്കുൾക്കുമിടിയിൽ കൂടുതലായി പ്രചരിക്കുന്നത് എന്നാണ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്. 2020ൽ 802 കേസുകളിലായി 917 കൗമാര പ്രായക്കാരും 2020-21ൽ 560 കേസുകളിലായി 605 പേരുമാണ് പിടിയിലായത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2021ൽ 5680 ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈ വർഷം ജൂണിൽ മാത്രം 11,717 ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തു! സൗജന്യമായി ലഹരി നൽകി വിദ്യാർഥികളെയും യുവാക്കളെയും വലയിലാക്കുകയാണ് മാഫിയ സംഘം ആദ്യം ചെയ്യുന്നതെന്ന് പോലീസും എക്‌സൈസും പറയുന്നു.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് കൗമാരം. ഈ പ്രായത്തിലുള്ളവരെ ലഹരിക്കടിമകളാക്കി ഇല്ലായ്മ ചെയ്യുകയാണ് ലഹരിമാഫിയകൾ ചെയ്യുന്നത്. ജീവിതത്തിന്റെ കെട്ടിക്കുടുക്കുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും സ്വയം തീരുമാനമെടുക്കാൻ താൻ പ്രാപ്തനാണ് എന്ന് തിരിച്ചറിയണമെന്നുമൊക്കെയുള്ള ‘സാരോപദേശം’ വഴിയാണ് അധർമകാരികൾ കൗമാരക്കാരെ വലയിലാക്കുന്നത്. ‘ജീവിതം ഒന്നേയുള്ളൂ; അത് പരമാവധി ആസ്വദിക്കണം,’ ‘മൈ ലൈഫ് ഈസ് മൈ ചോയ്‌സ്,’ ‘മൈ ലൈഫ് ഈസ് മൈ ഫ്രീഡം’ എന്നിങ്ങനെയുള്ള വർണക്കടലാസിൽ പൊതിഞ്ഞ വഞ്ചനയുടെ വാക്കുകളിലൂടെ കൗമാരക്കാരെ തിന്മയിലേക്ക് തിരിച്ചുവിടുകയും അവരിലൂടെ പണം സമ്പാദിക്കുകയുമാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്.

സർക്കാർ സംവിധാനമായ ‘വിമുക്തി’യുടെ കീഴിൽ ലഹരി വിരുദ്ധ പദ്ധതികൾ നടക്കുന്നുണ്ടെങ്കിലും മാറിയ സാഹചര്യത്തിൽ അത് ഫലപ്രദമല്ലെന്നാണ് ദിനേന പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തവും ഫലപ്രദവുമായ ഇടപെടൽ ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്ലാത്ത പോലീസ് സ്‌റ്റേഷൻ കേരളത്തിലുണ്ടെന്ന് കരുതാൻ വയ്യ. തലശ്ശേരി സംഭവത്തിൽ കുട്ടിയുടെ വെളിപ്പെടുത്തൽ ലഹരി മാഫിയയുടെ വിഹാരകേന്ദ്രം പോലീസ് സ്‌റ്റേഷന് അധികം ദൂരെയെല്ലാത്ത സ്ഥലത്താണ് എന്നത് അത്യന്തം ഗൗരവമുള്ളതാണ്. അതേക്കുറിച്ച് പോലീസിനോടുള്ള ചോദ്യത്തിന് തൃപ്തികരമായി മറുപടി നൽകാൻ സാധിക്കാത്ത ചാനൽദൃശ്യം കണ്ടപ്പോൾ നാടിന്റെ ക്രമസമാധാനം സംരക്ഷിക്കേണ്ടവർ കാണിക്കുന്ന ഉത്തരവാദിത്ത നിർവഹണത്തിലെ വീഴ്ചയുടെ ആഴം നമ്മെ വല്ലാതെ പ്രയാസപ്പെടുത്തുന്നതാണ്. കഴിഞ്ഞദിവസം മയക്കുമരുന്നുമായി അറസ്റ്റിലായത് പോലീസ് ഓഫീസറും സുഹൃത്തുമാണ്. മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ നിയമക്കുരുക്കുകളിൽനിന്നും രക്ഷപ്പെട്ട് പലതവണ പിടിക്കപ്പെട്ട സാഹചര്യവും നിയമ പാലനരംഗത്ത് ഉണ്ടാവുന്ന വീഴ്ചയുടെ നേർചിത്രങ്ങളാണ്.

നിസ്സാരമായ നിയമലംഘനത്തിന് പോലും വലവിരിച്ച് സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ട് നിയമം നടപ്പിലാക്കുന്നവർ നാടിന്റെ നാളെയുടെ വാഗ്ദാനങ്ങളെ ഇല്ലായ്മ ചെയ്യുന്ന മാഫിയകൾക്കെതിരെ വേണ്ടത്ര രീതിയിൽ നടപടികൾ സ്വീകരിക്കാതെ പോകുന്നത് ഒരു നാടിനെ ദുരന്തത്തിലേക്ക് തള്ളിയിടുന്നതിന് തുല്യമാണ്. ഈ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉണർന്ന് പ്രവർത്തിച്ചേ മതിയാവൂ.

തൊഴിലില്ലായ്മയും ക്രമസമാധാന പ്രശ്‌നങ്ങളും

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തിൽ ഈ വർഷം ആദ്യപാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 13.2 ശതമാനമാണ്. രാജ്യത്ത് മൂന്നാം സ്ഥാനത്ത് കേരളമാണ്. ജമ്മു കശ്മീരും (15.6%) ഹരിയാനയുമാണ് (13.5%) പട്ടികയിൽ ഒന്നാമതും രണ്ടാമതും. നമ്മുടെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്(8.3%), കർണാടക(4.9%), ആന്ധ്രപ്രദേശ്(8.3%) എന്നിവ തൊഴിൽ ലഭ്യമാക്കുന്ന കാര്യത്തിൽ നമ്മെക്കാൾ ബഹുദൂരം മുന്നിലാണ് എന്നതും അതിനായി അവർ എന്താണ് ചെയ്യുന്നതെന്നും സംസ്ഥാന സർക്കാർ ഗൗരവപൂർവം പരിശോധിക്കേണ്ടിയിരിക്കുന്നു. മയക്കുമരുന്ന് മാഫിയകളുടെ വലയിൽ പെടുന്നവർ സാമ്പത്തികലാഭം ലാക്കാക്കിയാണ് പ്രവർത്തിക്കുന്നത്. പണം കണ്ടെത്തുവാനുള്ള എളുപ്പവഴിയാണ് ഇത്തരം വ്യാപാരങ്ങൾ. പിടിക്കപ്പെട്ട പലരും ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ നടത്തുന്നത് നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല. തൊഴിൽ ലഭ്യമാക്കാൻ ആവശ്യമായ ഫലപ്രദമായ ഇടപെടലുകൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം.

മുമ്പൊക്കെ കേരളത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരായിരുന്നു ജോലികൾ മിക്കതും ചെയ്തിരുന്നത്. എന്നാൽ ഇന്ന് അവരെ കാണാൻകിട്ടാത്ത സാഹചര്യമാണ്. അവരുടെ സ്ഥാനത്ത് ഇന്ന് ഉത്തരരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ലക്ഷണക്കിന് ഉത്തരേന്ത്യക്കാർ ഇന്ന് കേരളത്തിൽ ജോലിചെയ്യുന്നു. അവരില്ലാത്ത നഗരങ്ങളും ഗ്രാമങ്ങളുമില്ല. അവർക്കിടയിലെ വ്യാപകമായ ലഹരിയുപയോഗവും ഉത്തരേന്ത്യയിൽനിന്നുള്ള ലഹരിക്കടത്തും കർശനമായി നേരിടേണ്ടത് തന്നെയാണ്.

തമിഴ്‌നാട്ടിലെ പുതുതലമുറക്ക് ആ നാട്ടിൽ ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടു. അതോടെ തൊഴിൽമേഖല മെച്ചപ്പെട്ടു. അന്യസംസ്ഥാനത്ത് ജോലിക്ക് പോകേണ്ടാത്തവിധം അവർ വളർന്നു. കേരളത്തിലുള്ളതിന്റെ ഇരട്ടി ജനസംഖ്യയാണ് തമിഴ്‌നാട്ടിലുള്ളതെന്നുകൂടി ചേർത്ത് വായിക്കുമ്പോഴാണ് നമ്മുടെ അയൽസംസ്ഥാനം സ്വന്തം ജനതക്ക് ഒരുക്കിയ തൊഴിൽ സാഹചര്യത്തിന്റെ വലിപ്പം മനസ്സിലാവുക. തൊഴിലില്ലായ്മയും വിലക്കയറ്റവും നാണയപ്പെരുപ്പവുമെല്ലാം അന്യായമായ മാർഗത്തിൽ പണം സമ്പാദിക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ജനങ്ങളെ പ്രേരിപ്പിക്കും. അത് ക്രമസമാധാന പ്രശ്‌നങ്ങൾക്കുകൂടി കാരണമാകും എന്നത് ഭരണാധികാരികൾക്ക് വേണ്ട അടിസ്ഥാനപരമായ തിരിച്ചറിവാണ്.

എല്ലാവർക്കും സർക്കാർ കിറ്റ് കൊടുക്കുക എന്നത് നല്ല പ്രവണതയല്ല എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. അത് പിആർ വർക്കിന്റെ ഭാഗമായിരിക്കാം. നമ്മുടെ സംസ്ഥാനം ഓണക്കിറ്റ് വിതരണത്തിന് ആയിരം കോടി രൂപയാണ് കടമെടുത്തത്! അത് നാട്ടിലെ അർഹർക്കും അനർഹർക്കും കിറ്റ് കൊടുക്കാൻ ഉപയോഗിക്കുക എന്നുള്ളത് സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനപാഠങ്ങൾ മറന്നുകൊണ്ടുള്ള നീക്കമാണ്. സമൂഹത്തിലെ അർഹരായ ആളുകൾക്ക് ബോണസ് നൽകുകയാണ് വേണ്ടത്. അവർ ആ പണം വിപണിയിലേക്ക് ഇറക്കും. അത് ലാഭവും തൊഴിലും നൽകും. പണവിനിമയം നടക്കുമ്പോൾ നിരവധിയാളുകളുടെ തൊഴിൽ സാധ്യതകൂടിയാണ് സാക്ഷാത്കരിക്കപ്പെടുന്നത്.

നമ്മുടെ നാട് നേരിടുന്ന പ്രശ്‌നങ്ങളെ ഗൗരവത്തിൽ കണ്ട് പ്രായോഗിക പരിഹാരങ്ങളിലേക്ക് ഉത്തരവാദപ്പെട്ടവർ മാറേണ്ടിയിരിക്കുന്നു. ഉത്സവകാലത്ത് സാധാരണക്കാരന് പണം നേരിട്ട് നൽകുന്നതിലൂടെ ചിലപ്പോൾ കിറ്റ് നൽകുന്നതിനെക്കാൾ സർക്കാരിന് അംഗീകാരം ലഭിച്ചേക്കാം. എന്നിട്ടും ആ വഴി തിരഞ്ഞെടുക്കാത്തതെന്താണ് ? കിറ്റിലാക്കി സാധനങ്ങൾ കൊടുക്കുമ്പോൾ അതിനു പിന്നിൽ കടുത്ത അഴിമതി നടക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

തൊഴിലവസരങ്ങൾ സൃഷ്ടിക്കാവുന്ന ഇടപെടൽ ഉണ്ടാവുക എന്നത് ക്രമസമാധാന സാഹചര്യം മെച്ചപ്പെടാനുള്ള കാരണംകൂടിയാണ്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കുന്ന സ്വദേശി വൽക്കരണ പദ്ധതികളുടെ പിന്നിൽ ഈ തിരിച്ചറിവാണ് എന്നത് നമ്മുടെ ഭരണകർത്താക്കളും രാഷ്ട്രീയ നേതൃത്വവും മനസ്സിലാക്കേണ്ടതുണ്ട്.

അധ്യാപകർ ജാഗ്രത പാലിക്കണം

ഭാവിതലമുറയെ നന്മയുടെ വഴിലേക്ക് നയിക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണ്. വിദ്യാർഥികൾ സുപ്രധാനമായ സമയങ്ങളിൽ വിദ്യാലയത്തിലാണുണ്ടാവുക എന്നതുകൊണ്ട് തന്നെ അവരുടെ ‘ആക്റ്റീവ് ഹവേർസ്’ കൈകാര്യം ചെയ്യുന്നത് അധ്യാപകരാണ്. താൻ പഠിപ്പിക്കുന്ന കുട്ടികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഓടിച്ചെന്ന് ആവശ്യമായ ശുശ്രൂഷകൾ നൽകാനും രക്ഷിതാക്കളുടെ ദൗത്യം നിർവഹിക്കാനും ആത്മാർഥമായി ഇടപെടുന്നവരായിരുന്നു നമ്മുടെയൊക്കെ അധ്യാപകർ. (ഇപ്പോൾ അങ്ങനെയുള്ളവർ ഇല്ല എന്നല്ല പറയുന്നത്). കുട്ടിക്ക് അപകടം പറ്റിയതുമുതൽ അവരെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുന്നതുവരെ കൈമെയ് മറന്ന് കർമനിരതരാവുന്ന അധ്യാപകസമൂഹം കേവലം ഒരു ജോലി എന്നതിനപ്പുറം, സംസ്‌കാരസമ്പന്നമായ നാടിന് വിളക്കാവുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുന്നവർ കൂടിയാണ്. ‘ടീച്ചർ ഈസ് എ സോഷ്യൽ എഞ്ചിനിയർ’ എന്നത് വെറും വാക്കല്ല; കാലങ്ങളായി നമ്മുടെ നേർസാക്ഷ്യം കൂടിയാണ്. അതുകൊണ്ട്തന്നെയാണ് ഒരു വ്യക്തി എത്ര വലിയനിലയിൽ എത്തിയാലും -രാജ്യത്തെ പ്രഥമ പൗരനായാൽ പോലും- അയാളുടെ അധ്യാപകനു മുമ്പിൽ വിനയത്തോടെയും ആദരവോടെയും നിൽക്കുന്നത്.

എന്നാൽ, ഇന്ന് അധ്യാപനം എന്നത് കേവലം ജോലി മാത്രമായോ എന്ന് സംശയിക്കേണ്ട നിലയിലേക്ക് വിദ്യാലയങ്ങളിൽനിന്നും വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. മാറിയ സാമൂഹിക സാഹചര്യത്തിൽ അധ്യാപകർക്ക് പേടിയാണ്. എന്തെങ്കിലും നല്ലത് പറഞ്ഞാൽ അതിനെ ദുർവ്യാഖ്യാനിച്ച് തനിക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും തിരിഞ്ഞാലോ എന്ന ഭയമാണ് പലരെയും പിൻവലിയാൻ പ്രേരിപ്പിക്കുന്നത്. അധ്യാപകൻ അറിവുനൽകുന്ന യന്ത്രയും വിദ്യാർഥി അറിവ് വാങ്ങുന്ന കസ്റ്റമറും ആയി മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അറിവ് പകർന്നുനൽകുകയെന്ന വലിയ ദൗത്യത്തോടൊപ്പം നന്മകളുടെ കൈമാറ്റം നടക്കേണ്ടത് കൂടി ഇല്ലാതായിപ്പോകുന്നതാണ് നാടിനെ ഇത്രവലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് തിരിച്ചറിയാൻ ഇനിയും വൈകരുത്. ആരെങ്കിലും അധർമകാരിയോ ലഹരിക്കടിമയോ ആവണമെന്ന് മനുഷ്യത്വമുള്ള ഒരാളും ആഗ്രഹിക്കുകയില്ല. അപ്പോൾ കുഞ്ഞു ഹൃദയങ്ങളിൽ അറിവിന്റെ അമൃത് കോരിയൊഴിക്കുന്ന അധ്യാപകർക്ക് അതിനൊട്ടും സാധിക്കുകയില്ലല്ലോ.

സമൂഹത്തിലെ സാംസ്‌കാരിക മൂല്യങ്ങളുടെ അതിർവരമ്പുകളെ തല്ലിത്തകർത്ത് സ്വതന്ത്രവാദത്തിന്റെ മേമ്പൊടിചേർത്ത് സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് പലരും. അത് ഒറ്റയ്ക്കും കൂട്ടമായും ഒക്കെ നടക്കുന്നുണ്ട്. അവരാണ് പൊതുബോധത്തെ നിയന്ത്രിക്കുന്നതും. അവർ ഉണ്ടാക്കുന്ന സമ്മർദം നന്മയുടെ വക്താക്കളെ വല്ലാതെ ഉൾവലിപ്പിക്കുന്നു. മൗനം ഭേദിച്ച് ശക്തമായ ഇടപെടലുകൾക്ക് അധ്യാപക സമൂഹം മുന്നോട്ട് വരേണ്ടതുണ്ട്. അതിന് സർവപിന്തുണയും പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. വഴിതെറ്റുന്നവരെ ഉപദേശിക്കുവാനും ശിക്ഷണ നടപടികൾ സ്വീകരിക്കുവാനും ഉറച്ചശബ്ദത്തിൽ നന്മയുടെ വക്താക്കളായി നിലകൊള്ളുവാനും അധ്യാപകസമൂഹം ആർജവം കാണിക്കാൻ മടിക്കരുത്. താൻ അറിവ് പകർന്നുനൽകിയ ഒരു കുട്ടിയും അധാർമികവും സംസ്‌കാര ശൂന്യവുമായ ദുരന്തവഴിയിലേക്ക് എത്തിപ്പെടരുതെന്ന ആത്മാർഥമായ ആഗ്രഹവും തീരുമാനവും ബോധ്യവുമാണ് നിലപാടുകൾ രൂപപ്പെടുത്തേണ്ടത്. രക്ഷിതാക്കളുടെ പൂർണമായ പിന്തുണ ഇതിന് അധ്യാപകർക്ക് ആവശ്യമാണ്. ‘എന്റെ കുട്ടിയെ ഉപദേശിക്കാൻ നീയാരാണ്? നിന്റെ ജോലി പഠിപ്പിക്കലാണ്; അതു ചെയ്താൽ മതി’ എന്ന നിലപാട് സ്വീകരിക്കുന്ന രക്ഷിതാക്കളുള്ള കാലത്തോളം അധ്യാപകർ കുട്ടികളെ ‘നന്നാക്കുക’ എന്ന സാഹസത്തിന് മുതിരാൻ സാധ്യതയില്ല. മക്കൾ നന്നാകാനും പോകുന്നില്ല!

കുട്ടികൾ ചെറിയ തെറ്റുകൾ ചെയ്താണ് വലിയ ദുരന്തങ്ങളിലേക്ക് എത്തിപ്പെടുന്നത്. ‘നിങ്ങളാരാ ഞങ്ങളെ ഉപദേശിക്കാൻ’ എന്ന് അധ്യാപകരുടെ മുഖത്തുനോക്കി ചോദിക്കുന്ന കുട്ടികളും ഇല്ലാതില്ല. രക്ഷിതാക്കളുടെ പിന്തുണ കിട്ടുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് അവരതിന് മുതിരുന്നത്. ഇതും അധ്യാപകരെ, പഠിപ്പിക്കുക എന്നതിനപ്പുറം മൂല്യബോധം പകർന്നുനൽകുക എന്ന കടമയിൽനിന്ന് പിൻവലിയാൻ പ്രേരിപ്പിക്കുന്നു.

സംസ്‌കാരത്തിന്റെ ചട്ടക്കൂടുകൾ തകർത്തെറിഞ്ഞാൽ നടക്കുക തിന്മയുടെ കുത്തൊഴുക്കാണ്. അത് തടുക്കാൻ പറ്റിയെന്ന് വരില്ല. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരിലായാലും സ്വതന്ത്രവാദമെന്ന ഓമനപ്പേരിട്ടായാലും നാം കാത്തുസൂക്ഷിച്ചുപോന്ന സാംസ്‌കാരിക, ധാർമിക മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുത്ത് തോൽപിക്കേണ്ടതുണ്ട്. നമ്മൾ ചിലപ്പോഴെങ്കിലും പാലിച്ച മൗനത്തിന്റെദുരന്തമാണ് കാതുകളിൽ അലയടിക്കുന്ന പല ദീനരോദനങ്ങളും ഹൃദയം തകർക്കുന്ന കാഴ്ചകളും. ആലോചിക്കാൻ പോലും പറ്റാത്ത ദുരന്തങ്ങളാണ് സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നത്. മൗനം വെടിഞ്ഞ് ഉണർന്ന് പ്രവർത്തിക്കാൻ ഇനിയും മടികാണിക്കരുത്. അധ്യാപകർ മാത്രമല്ല; സന്മനസ്സുള്ള എല്ലാവരും ഈ ദൗത്യനിർവഹണരംഗത്ത് തങ്ങളുടേതായ ഭാഗധേയം നിർവഹിക്കണം. ആരെന്ത് പറഞ്ഞാലും നമ്മുടെ ഇളംതലമുറയെ ദുരന്തങ്ങളുടെ കയത്തിലേക്ക് വലിച്ചെറിയാൻ മനസ്സില്ലെന്ന് പറഞ്ഞേ തീരൂ.