ഏകീകൃത സിവിൽകോഡ്; ലക്ഷ്യം അത്ര നിഷ്‌കളങ്കമല്ല

ഉസ്മാന്‍ പാലക്കാഴി

2022 ഡിസംബർ 24, 1444 ജുമാദുൽ ഊല 29
ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന ആവശ്യം രാജ്യസഭയിലും ഭൂരിപക്ഷം നേടിയിരിക്കുകയാണ്‌. നീതിയുടെയും സമത്വത്തിന്റെയും വർണക്കടലാസിൽ പൊതിഞ്ഞ് രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന ഹിന്ദുത്വ അജണ്ടയുടെ അവസാനം പുറത്തുവന്ന ഉദാഹരണം മാത്രമാണ്‌ ഏകീകൃത സിവിൽകോഡ്. കൃത്യമായ കർമപദ്ധതികൾ രൂപീകരിച്ച് ഇത്തരം നീക്കങ്ങൾ പ്രതിരോധിച്ചെങ്കിൽ മാത്രമെ മതേതരരാജ്യമെന്ന ഇന്ത്യയുടെ മഹിത പാരമ്പര്യം നിലനിർത്താൻ നമുക്ക് സാധിക്കൂ.

ഏകീകൃത സിവികോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ബി.ജെ.പി എം.പി അവതരിപ്പിച്ച സ്വകാര്യ ബിൽ 23ന് എതിരെ 63 വോട്ടുകൾ നേടി അവതരിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനിൽനിന്നുള്ള എംപി കിരോഡി ലാൽ മീണയാണ് ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിൽ അവതരിപ്പിച്ചത്. മുസ്‌ലിം ലീഗ്, സിപിഎം അംഗങ്ങളുടെ എതിർപ്പുകൾ ഉയർന്നപ്പോഴാണ് വോട്ടെടുപ്പു നടന്നത്.

2000ൽ എൻ.ഡി.എ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ ലക്‌നൗവിൽ ചേർന്ന സന്ന്യാസി സംസദ്, സംവരണം റദ്ദ് ചെയ്യാൻ ഭരണഘടനയെ മനുസ്മൃതിയുടെ നിർദേശങ്ങൾക്കനുസൃതമായി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഭരണഘടന ഭേദഗതി ചെയ്യാനും ഹിന്ദു രാഷ്ട്ര സങ്കൽപമനുസരിച്ച് ഭരണഘടനയെ മാറ്റിമറിക്കാനും ശ്രമമുണ്ടായി. ഈ ശ്രമത്തിനെതിരെ 2000 ജനുവരിയിൽ കാൻഷിറാം ഡൽഹിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ‘ഏതുഭാഗമാണ് പരിഷ്‌കരണം ആവശ്യപ്പെടുന്നതെന്നും എന്തുകൊണ്ടാണത് അനിവാര്യമാകുന്നതെന്നും’ പ്രധാനമന്ത്രിയായ വാജ്‌പേയിയോട് ചോദിച്ചു. മാത്രമല്ല, സംഘപരിവാർ നീക്കത്തിനെതിരെ 2000 മാർച്ച് 15ന് ഒരേസമയം അഞ്ച് പ്രചാരണ ജാഥകൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, കാശ്മീർ, മധ്യപ്രദേശ്, ഒറീസ എന്നിവിടങ്ങളിൽനിന്നും വാഹനപ്രചാരണ ജാഥകൾ സംഘടിപ്പിക്കപ്പെട്ടു. ഭരണഘടനാ പുനരവലോകനത്തിലെ ഫാസിസ്റ്റു ഗൂഢാലോചനകൾ തുറന്നുകാട്ടിയ ജാഥകൾ ഡിസംബറിൽ ഡൽഹിയിൽ സംഗമിച്ചു. അന്നേദിവസം പാർലമെന്റിലെ ബി.എസ്.പി അംഗങ്ങൾ ഭരണഘടനാ പുനരവലോകനത്തെ ചോദ്യം ചെയ്തുകൊണ്ട് പാർലമെന്റ് നടപടികൾ സ്തംഭിപ്പിച്ചു. തുടർന്ന് ഏഴു ലക്ഷം പേർ പങ്കെടുത്ത റാലിക്ക് ഡൽഹി സാക്ഷ്യം വഹിച്ചു. ഒടുവിൽ ഭരണഘടനാ പുനരവലോകന തീരുമാനം ഗവൺമെന്റിന് ഉപേക്ഷിക്കേണ്ടിവന്നു. ഇത് ദലിത് മുന്നേറ്റത്തിന്റെ വിജയമായിരുന്നു. മനുസ്മൃതിയുടെ നിയമങ്ങളും നിർദേശങ്ങളും നടപ്പിലാക്കിയാൽ തങ്ങൾക്ക് വരാൻ പോകുന്ന ഭവിഷത്ത് ഭയാനകമായിരിക്കുമെന്ന തിരിച്ചറിവാണ് ഈ ദലിത് മുന്നേറ്റത്തിന്റെ പ്രേരകം.

ഇപ്പോഴിതാ സംഘപരിവാർ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയിരിക്കുന്നു. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നാൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുമെന്ന് പ്രകടനപത്രികയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ഭരണഘടനയെ മനുസ്മൃതിയുടെ നിർദേശങ്ങൾക്കനുസൃതമായി ഭേദഗതി ചെയ്യണമെന്ന ആശയുമായി നടക്കുന്ന ആർ.എസ്.എസ്, ബി.ജെ.പി പോലുള്ള സംഘടനകൾക്ക് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്ന് പറയുമ്പോഴും ആ ലക്ഷ്യം തന്നെയാണുള്ളത് എന്നതാണ് വാസ്തവം.

ഒരു ഏകീകൃത ഹിന്ദു ദേശീയതയുടെ രൂപീകരണത്തിലൂടെയുള്ള ഹിന്ദു രാഷ്ട്ര നിർമിതിയാണ് ഏകീകൃത സിവിൽകോഡിലൂടെ അവർ ലക്ഷ്യമാക്കുന്നത്. അതിനായി ക്രൈസ്തവ, മുസ്‌ലിം സമുദായങ്ങളെ ഭാരതവത്കരിക്കണം അഥവാ ഹൈന്ദവവത്കരിക്കണം! തുല്യ നീതി, തുല്യ പരിഗണന, വ്യക്തി സ്വാതന്ത്ര്യം എന്നൊക്കെയുള്ള വർണക്കടലാസുകൾക്കുള്ളിൽ ഇവർ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ഈ ലക്ഷ്യം തന്നെയാണ്. ശരീഅത്ത് അനുശാസിക്കുന്ന നിയമങ്ങളെല്ലാം മുസ്‌ലിംകൾ കയ്യൊഴിയണമെന്നത് അവരുടെ എക്കാലത്തയും ആഗ്രഹവും ആവശ്യവുമാണ്.

തീവ്ര ഹിന്ദുത്വ അജണ്ട

ന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണ് മൗലികാവകാശങ്ങൾ. ഈ മൗലികാവകാശങ്ങളുടെ ധ്വംസനമാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ സംഭവിക്കുക. അതിനുവേണ്ടി മുറവിളി കൂട്ടുന്ന ആർ.എസ്.എസ്സിന്റെ ആചാര്യന്മാർ ഇന്ത്യയിൽ ഏതു നിയമമാണ് നടപ്പിലാക്കേണ്ടതെന്നും ന്യൂനപക്ഷങ്ങൾക്ക് ഇവിടെ ജീവിക്കണമെങ്കിൽ അവർ എന്തൊക്കെ ചെയ്യണമെന്നും പറഞ്ഞുവച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ കാണുക:

“....ഈ ദേശം ഹിന്ദുക്കളുടെതാകയാൽ, ഇവിടെ ഹിന്ദുക്കൾ ചെയ്യുന്നതെന്തോ അതേ പ്രമാണമായിത്തീരൂ എന്ന് സംഘം അംഗീകരിക്കുന്നു. ഈ ഒരു കാര്യമേ സംഘത്തിനറിയൂ..’’ (ഹെഡ്‌ഗെവാർ, പ്രസംഗങ്ങൾ- കത്തുകൾ, പേജ് 50).

“ഹിന്ദുസ്ഥാനം ഹിന്ദുക്കളുടെതാണ്; ഹിന്ദുവാണ് ഇതിന്റെ ഉടമസ്ഥൻ എന്നുള്ളത് ഒരു സത്യം തന്നെയാണ്. എന്നാൽ അതോടൊപ്പം ഈ തത്ത്വത്തെ കാര്യരൂപത്തിലാക്കിത്തീർക്കുന്നതിനുള്ള ഉത്തരവാദിത്തം നമ്മുടെ മേലില്ലേ? ഇത് പ്രത്യക്ഷരൂപത്തിൽ ആചരിക്കുവാനുള്ള പ്രയത്‌നം നാം ചെയ്യേണ്ടതല്ലേ?...’’ (പ്രസംഗങ്ങൾ- കത്തുകൾ, പേജ് 66).

“മുസ്‌ലിംകൾ രാമനെ തങ്ങളുടെ വീരപുരുഷനായി അംഗീകരിക്കാൻ തയ്യാറായാൽ അതോടെ എല്ലാ വർഗീയ പ്രശ്‌നങ്ങളും അവസാനിക്കും’’(ഒാർഗനൈസർ 1971. ജൂൺ 20).

“ഹിന്ദുസ്ഥാനിലെ വിദേശ വംശജർ ഒന്നുകിൽ ഹൈന്ദവ സംസ്‌കാരവും ഭാഷയും സ്വീകരിക്കുകയും ഹിന്ദുമതത്തെ ആദരിക്കാനും അതിനു ശ്രേഷ്ഠസ്ഥാനം നൽകാനും പഠിക്കുകയും ഹിന്ദുത്വത്തെയും സംസ്‌കാരത്തെയും അതായത് ഹിന്ദുരാഷ്ട്രത്തെ വാഴ്ത്തുന്നതൊഴികെ മറ്റൊരാശയവും വെച്ചുപുലർത്താതിരിക്കുകയും വ്യത്യസ്തമായ അസ്തിത്വം കൈവെടിഞ്ഞ് ഹിന്ദുവംശത്തിൽ ലയിക്കുകയും ചെയ്യണം’’ (ഗോൾവാൽക്കർ., വിചാരധാര).

ഇന്ത്യൻ ഭരണഘടനയുടെ പതിനാല് മാർഗനിർേദശക തത്ത്വങ്ങളിൽ 44ാം ഖണ്ഡികയാണ് ഏകസിവിൽകോഡിനുവേണ്ടി വാദിക്കുന്നവർ എടുത്തുകാണിക്കുന്നത്. ‘പൗരന്മാർക്ക് ഏകരൂപമായ സിവിൽ നിയമസംഹിത പ്രാപ്തമാക്കാൻ സ്‌റ്റേറ്റ് യത്‌നിക്കേണ്ടതാണ്’ എന്നാണ് അതിൽ നിർദേശിച്ചിരിക്കുന്നത്. ഭരണഘടനാനിർമാണ സഭയിൽ ഏകസിവിൽകോഡ് നിർദേശിക്കുന്ന 44ാം ഖണ്ഡിക ചർച്ചക്ക് വന്നപ്പോൾ മുസ്‌ലിം അംഗങ്ങൾ തങ്ങളുടെ ആശങ്കയറിയിക്കുകയും ഭേദഗതി നിർദേശിക്കുകയും ചെയ്തതായാണ് ചരിത്രം.

“പൊതുവിലുള്ള സമാധാനം, സദാചാരം, ആരോഗ്യം, എന്നിവക്ക് വിധേയമായിക്കൊണ്ട് അന്തഃകരണ സ്വാതന്ത്ര്യത്തിനും മതം സ്വതന്ത്രമായി വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തിനും എല്ലാവരും ഒരുപോലെ അർഹരാണ്’’ എന്ന് ഇന്ത്യൻ ഭരണഘടന 25(1)ൽ പറയുന്നുണ്ട്.

ഏകീകൃത സിവൽകോഡ് നടപ്പിലാകുമ്പോൾ വിവാഹം, വിവാഹ മോചനം, അനന്തരസ്വത്തവകാശം തുടങ്ങിയ പല കാര്യങ്ങളിലും മതത്തിന്റെ നിയമങ്ങൾ പാലിക്കുവാൻ മുസ്‌ലിംകൾക്കാവില്ല. ‘ശരീഅത്ത് നിയമങ്ങളിലൂന്നിയ ക്രിമിനൽ ശിക്ഷാക്രമം ഉേപക്ഷിച്ച് ഇന്ത്യൻ ശിക്ഷാനിയമവും മറ്റും പിന്തുടരുന്നവർ എന്തേ പൊതു സിവിൽകോഡിന്റെപേരിൽ വിവാദങ്ങൾക്ക് വഴിമരുന്നിടുന്നു’ എന്ന ചിലരുടെ ചോദ്യം ബാലിശമാണ്. ഒരു വ്യക്തിക്ക് മുസ്‌ലിമായി ജീവിക്കുവാൻ അനിവാര്യമായ കാര്യങ്ങളിൽ, ദൈനംദിന കാര്യങ്ങളിൽ ശിക്ഷാനിയമത്തിന് പങ്കില്ല. ഇസ്‌ലാമിക ഭരണകൂടത്തിൽ നിക്ഷിപ്തമാണ് ശിക്ഷാവിധികൾ ശരീഅത്തനുസരിച്ച് നടപ്പിലാക്കൽ. എന്നാൽ ഇസ്‌ലാമിക നിയമമനുസരിച്ച് വിവാഹം നടത്തൽ പോലുള്ള കാര്യങ്ങൾ നിഷേധിക്കെപ്പടുമ്പോൾ അത് വ്യക്തികളുടെ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതത്തെ ബാധിക്കുന്നതാണ്. ഇതാകട്ടെ ഭരണഘടന നൽകുന്ന മൗലികാവകാശത്തിനു വിരുദ്ധമാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്ക് എതിരുമാണ്.

മൗലികാവകാശ ലംഘനം

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രമാണങ്ങൾ മാനവരാശിയിലെ ഓരോ അംഗത്തിന്റെയും പൊതുവായ അവകാശങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നുണ്ട്. പുറമെ ന്യൂനപക്ഷങ്ങൾ തുടങ്ങിയ സവിശേഷ വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് നിലവാരനിർണയം നടത്തുകയും ചെയ്യുന്നു. തുല്യപരിഗണനയും വിവേചനരാഹിത്യവും സാമൂഹിക പെരുമാറ്റ മാതൃകകളുടെ അനിഷേധ്യനിയമങ്ങളായി യു.എൻ ചാർട്ടറും ആഗോള മനുഷ്യാവകാശ പ്രഖ്യാപനവും ഉയർത്തിക്കാട്ടുമ്പോൾ മുഖ്യ അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങൾ-സിവിൽ, രാഷ്ട്രീയ അവകാശ ഉടമ്പടിയും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക അവകാശ ഉടമ്പടിയും-ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന വ്യവസ്ഥ ചെയ്തിരിക്കുന്നു.

“മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന രാഷ്ട്രങ്ങളിൽ അവർക്ക് മറ്റംഗങ്ങൾെക്കാപ്പം തങ്ങളുടെ സാംസ്‌കാരിക സമ്പത്ത് അനുഭവിക്കുന്നതിനും മതവിശ്വാസ പ്രഖ്യാപനത്തിനും അനുഷ്ഠാനങ്ങൾക്കും സ്വന്തം ഭാഷ ഉപയോഗിക്കുന്നതിനുമുള്ള അവകാശം നിേഷധിക്കരുത്’’ എന്ന വ്യവസ്ഥ സിവിൽ, രാഷ്ട്രീയ അവകാശ ഉടമ്പടിയുടെ 21ാം അനുഛേദത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകീകൃത സിവിൽകോഡ് നടപ്പിലാക്കൽ ഈ വ്യവസ്ഥക്കുമെതിരാണ്.

ഹിന്ദുക്കൾ, മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, സിക്കുകാർ, ബുദ്ധ-ജൈന മതവിഭാഗക്കാർ, ഒരു മതത്തിലും ഉൾപ്പെടാത്തവർ എന്നിങ്ങനെ വിഭിന്ന മതവിഭാഗങ്ങളുടെയും വ്യത്യസ്ത ഭാഷ, സംസ്‌കൃതികളുടെയും സഹവർത്തിത്വവും അവയുടെ സ്വരച്ചേർച്ചയുള്ള സങ്കലനവുമാണ് ഇന്ത്യൻ ദേശീയതയുടെ സവിശേഷത.

ഇവരിൽ പട്ടികജാതികൾ, പട്ടികവർഗക്കാർ, പിന്നാക്ക വിഭാഗങ്ങൾ, മത-ഭാഷാ ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്ക് ഭരണഘടന പ്രത്യേക പരിഗണന നൽകുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് എന്തിനാണീ പ്രത്യേക പരിഗണന? ജനസംഖ്യയുടെ മഹാഭൂരിപക്ഷംവരുന്ന ഹിന്ദുക്കൾ ജനപ്രതിനിധി സ്ഥാപനങ്ങളിൽ ഒരു മതവിഭാഗമായി പ്രവർത്തിക്കുകയാണെങ്കിൽ ഹിതാനുസരണം ഏതു നിയമവും നിർമിക്കാനും ഭരണകൂടത്തിന്റെ സകല പ്രവർത്തനങ്ങളിലും യഥേഷ്ടം നിയന്ത്രണം ചെലുത്താനും കഴിയും. ഈ സന്ദിഗ്ധാവസ്ഥ ഒഴിവാക്കാനുള്ള ഉപാധിയാണ് മൗലികാവകാശങ്ങൾ; വിശിഷ്യാ ന്യൂനപക്ഷാവകാശങ്ങൾ. മതന്യൂനപക്ഷങ്ങളിൽ വിശ്വാസം ജനിപ്പിക്കുന്നതിന് ഭരണഘടനാശിൽപികൾ മതസ്വാതന്ത്ര്യം പ്രതിപാദിക്കുന്ന വകുപ്പുകളുടെ ഒരു വിഭാഗം തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. 25 മുതൽ 28 വരെയുള്ള അനുഛേദങ്ങൾ ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്ന രൂപത്തിലാകും ഏകീകൃത സിവിൽകോഡിന്റെ വരവ് എന്നതിൽ സംശയമില്ല.

വർത്തമാനകാല ഇന്ത്യൻ സാമൂഹികാവസ്ഥ ഏകീകൃത സിവിൽകോഡിന് സഹായകമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അന്ന് അംബേദ്കർ പറഞ്ഞു: “നമ്മുടെ പഴയ ശത്രുക്കളായ ജാതി, വംശം എന്നിവയോടൊപ്പം വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിരവധി രാഷ്ട്രീയ കക്ഷികളും ഇപ്പോഴുണ്ട് എന്ന വസ്തുതയാണ് എന്റെ ഉത്കണ്ഠകളെ ആഴമുള്ളതാക്കുന്നത്. തങ്ങളുടെ ജാതിവ്യവസ്ഥക്കുമേൽ രാഷ്ട്രത്തെ വെക്കുവാൻ ഇന്ത്യൻ ജനത തയ്യാറാകുമോ? അതോ മറിച്ച് സംഭവിക്കുമോ? എനിക്കറിയില്ല. ജാതിബോധത്തെ രാഷ്ട്രത്തിനുമേൽ പ്രതിഷ്ഠിക്കാൻ രാഷ്ട്രീയ കക്ഷികൾ ശ്രമിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം രണ്ടാംവട്ടം, ഒരുപക്ഷേ, എന്നെന്നേക്കുമായിത്തന്നെ നഷ്ടപ്പെടുമെന്ന കാര്യം തീർച്ചയാണ്. ഇതിനെതിരെ നാമെല്ലാം ജാഗ്രതയോടെ കരുതിയിരിക്കണം. അവസാനത്തുള്ളി രക്തം നൽകിയാലും സ്വാതന്ത്ര്യം സംരക്ഷിക്കാൻ നാം തയ്യാറാകണം.’’

ഹിന്ദുത്വവാദികളുടെ റോൾമോഡലായ മോഡിയുടെ നേതൃത്വത്തിൽ ഏകീകൃത സിവിൽകോഡിന്റെ മറവിൽ അംബേദ്കർ ഭയപ്പെട്ടത് സംഭവിച്ചേക്കാം. ഹിന്ദുവെന്ന പേരിൽ ഒരു ന്യൂനപക്ഷ ജാതി(ബ്രാഹ്‌മണർ)യുടെ സാമൂഹ്യാവബോധത്തെ രാഷ്ട്രത്തിനുമേൽ പ്രതിഷ്ഠിച്ചുകൊണ്ടാണ് ആർ.എസ്.എസ്് ഏകീകൃത സിവിൽകോഡിനു വേണ്ടി വാദിക്കുന്നത്. തികച്ചും വംശീയാധിപത്യ ചിന്തയാണവർക്കുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ചരിത്രത്തെ കാവിവത്കരിച്ചും ഇതിഹാസങ്ങളെ പാഠ്യപദ്ധതിയിലുൾപ്പെടുത്തിയും വർഗീയതയുടെ തുറുപ്പുശീട്ടെറിഞ്ഞുമുള്ള അവരുടെ മുന്നോട്ടുപോക്ക്.

ദേശീയ പാരമ്പര്യം ചോദ്യം ചെയ്യപ്പെടുമ്പോൾ

വർഷങ്ങൾക്കു മുമ്പ് ദേശീയതയെക്കുറിച്ചുള്ള ഒരു പ്രഭാഷണ പരമ്പരയിൽ പ്രൊഫ.എം.ജി.എസ് നാരായണൻ പറഞ്ഞ ചില കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. അതിന്റെ ചുരുക്കം ഇതാണ്: “ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുന്നതിനു മുമ്പ് ഇവിടെ ദേശീയതയുണ്ടായിരുന്നുവെന്നത് മിഥ്യാബോധമാണ്. അവരെ എതിർക്കാൻ തുടങ്ങിയപ്പോഴാണ് ദേശീയതയുണ്ടായത്. ബ്രിട്ടുഷുകാരുടെ വരവിനു മുമ്പ് ഇന്ത്യയെന്നൊരു രാജ്യമില്ലായിരുന്നു. ഇന്ത്യ എന്ന സാംസ്‌കാരിക സങ്കൽപം ഉണ്ടായിരുന്നു. പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ് ചരിത്രം എഴുതേണ്ടത് എങ്കിൽ ഭാരതത്തിന് പണ്ടൊരു ദേശീയതയുണ്ടായിരുന്നു; അത് ബ്രിട്ടീഷുകാർ നശിപ്പിച്ചു എന്നു എന്നു പറയുന്നതിൽ വാസ്തവമില്ല.

ദേശീയതക്ക് രണ്ടു ഘടകങ്ങൾ അത്യാവശ്യമാണ്. ആദ്യമായി ശത്രു വേണം. പിന്നെ വേണ്ടത് അഭിമാനബോധമുണർത്തുന്ന ഒരു സുവർണ ഭൂതകാലത്തെ പറ്റിയുള്ള ധാരണ. അങ്ങനെ ബ്രിട്ടീഷുകാർ ശത്രുക്കളും ഗുപ്തകാലം ഇന്ത്യയുടെ സുവർണയുഗവുമായി കണ്ടാണ് ദേശീയ ബോധം വളർന്നത്. ബ്രിട്ടീഷുകാർ ചരിത്രമെഴുതിയപ്പോൾ വിദേശ ആക്രമണങ്ങളുടെ ഒരു പരമ്പരയാണ് ഇന്ത്യാചരിത്രം എന്നു വരുത്തി. അതിനെ പ്രതിരോധിക്കാൻ ഇന്ത്യൻ ചരിത്രകാരന്മാർ ദേശീയ ചരിത്രമുണ്ടാക്കുകയായിരുന്നു. ബ്രിട്ടീഷുകാരെ എതിർക്കാൻ തുടങ്ങിയപ്പോൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇന്ത്യയിൽ ദേശീയത രൂപപ്പെടുന്നത്. ആർഷഭാരതത്തിൽ ആത്മീയ സംസ്‌കാരവും ആത്മീയമായ ദേശീയതയും ഉണ്ടായിരുന്നു എന്നു ധരിക്കുന്നത് വിഡ്ഢിത്തമാണ്. സങ്കീർണമായ ആ സമൂഹ വ്യവസ്ഥയിൽ ദേശീയതയ്ക്ക് സാധ്യതയില്ലായിരുന്നു. ഇന്നത്തെ രാഷ്ട്രത്തെപ്പോലൊരു മൗര്യസാമ്രാജ്യത്തെയോ ഗുപ്തസാമ്രാജ്യത്തെയോ ഒന്നും കണക്കാക്കാൻ പറ്റില്ല. പുതിയ ദേശീയത കൊണ്ടുനടക്കുന്നവർ വാൽമീകി രാമായണം ശ്രീരാമന്റെ ചരിത്രമാണെന്നു പറഞ്ഞുനടക്കുകയാണ്. നമ്മുടെ പൂർവികർക്ക് അങ്ങനെയൊരു ധാരണയില്ലായിരുന്നു. ആദികവി എന്നാണ് വാൽമീകിയെ വിളിച്ചത്. ആദി ചരിത്രകാരൻ എന്നല്ല. ശ്രീരാമൻ യഥാർഥ ചരിത്ര പുരുഷനാണെന്ന് സമർഥിക്കാനുള്ള ശ്രമമാണ് പത്തു മുപ്പതു വർഷമായി നടക്കുന്നത്...’’

1985 ഏപ്രിൽ 23ന് ഷാബാനു ബീഗം കേസിലെ അന്തിമവിധി പ്രസ്താവിക്കുന്നതിനിടയിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന നിർദേശം സുപ്രീം കോടതിയിൽ നിന്നുമുണ്ടായപ്പോൾ ഈ നിർദേശം സ്വാഭാവികമായും ഹിന്ദുത്വവാദികൾ ഏറ്റെടുത്തു. ഇസ്‌ലാമിക വ്യക്തിനിയമങ്ങളിൽ ലിംഗ സമത്വമില്ല, ഇന്ത്യൻ മുസ്‌ലിംകൾ ദേശീയതയിൽനിന്ന് അകന്നുകഴിയുന്നവരാണ് എന്നെല്ലാം പ്രചരിപ്പിക്കാൻ തുടങ്ങി.

അങ്ങനെ കടുത്ത ദേശീയവാദിക്കുള്ളിലെ സാധാരണ മനസ്സ് ചലിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് ഇസ്‌ലാമിനോടുള്ള ഭീതിയുടെ പ്രേരണകൊണ്ടായി മാറി. ഹിന്ദുത്വവാദത്തോട് ഇന്ത്യൻ ദേശീയതയുടെ തീവ്രതയെ ബന്ധിപ്പിച്ച് നിർത്തുന്നവർ ഇസ്‌ലാംഭീതിയുടെ തത്ത്വശാസ്ത്രത്തെ അവലംബിക്കാൻ തുടങ്ങി.

“നിങ്ങൾ ദേശീയവാദിയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഹിന്ദുവാകാതിരിക്കാനോ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഹിംസിക്കാതിരിക്കാനോ കഴിയില്ല’’ എന്ന ഒരാശയം നേരത്തെ തന്നെ സംഘപരിവാർ ഇവിടെ പ്രചരിപ്പിച്ചിട്ടുണ്ട്. ഈ പ്രചാരണം ഇന്ത്യൻ സമൂഹത്തെ ചില ഘട്ടങ്ങളിലെങ്കിലും സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മതനിരപേക്ഷമായ ദേശീയതയുടെ യഥാർഥ ധാരയോട് ആശയപരമായി സംവദിക്കാനാവാതെ ഭീതിയുടെ ബീജങ്ങൾ പേറുന്ന കപടദേശീയത ചില ഘട്ടങ്ങളിൽ പിന്തിരിഞ്ഞ് പോയിട്ടുമുണ്ട്.

ദേശീയതയും ‘ഹിന്ദുത്വ ദേശീയത’യും

ഹിന്ദുത്വവാദികൾ വിഭാവനം ചെയ്‌തെടുത്ത ദേശീയത യഥാർഥ ദേശീയതയുമായി പ്രതിവർത്തിക്കുന്ന ചില തലങ്ങളുണ്ട.് ഒന്നാമതായി ഹിന്ദുത്വ ദേശീയത ഇസ്‌ലാം മതത്തോടും മുസ്‌ലിം സാമൂഹികതയോടുമുള്ള വിദ്വേഷത്തെ താത്വികവൽകരിക്കുന്നു. രണ്ടാമതായി ഹിന്ദുത്വ ദേശീയത ദുർബലമായ വൈകാരികതയെ അവലംബിക്കുന്നു. മൂന്നാമതായി അത് സമൂഹത്തിന്റെ ശാക്തീകരണത്തിനുപകരം ശിഥിലീകരണം സാധിക്കുന്നു. മറുവശത്ത് യഥാർഥമായ ദേശീയതയാവട്ടെ ഒരു മതത്തോടുമുള്ള ആഭിമുഖ്യമോ വിയോജിപ്പോ താത്വികമായി എടുക്കുന്നില്ല. തന്നെയുമല്ല ശക്തമായ യാഥാർഥ്യബോധത്തോടെ ദുർബല വൈകാരികതകളെ തീർത്തും മാറ്റിവെച്ചുകൊണ്ട് സമൂഹത്തെ കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. അതോടുകൂടിത്തന്നെ സമൂഹത്തെ എല്ലാതരം ശിഥിലീകരണ ചിന്തകൾക്കുമതീതമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു.

ഏതു കാലഘട്ടത്തിലും ഇസ്‌ലാമിനെക്കുറിച്ചുള്ള ഭീതി വ്യാപിപ്പിക്കുന്നതിൽ തെറ്റായ ചരിത്രം സുപ്രധാന ഉപാധിയായി വിനിയോഗിക്കപ്പെട്ടിട്ടുണ്ട്. വിഭജനാനന്തര ഘട്ടത്തിൽ ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കെട്ടഴിച്ചുവിട്ട ചരിത്രത്തിന്റെ മുഖംമൂടിയണിയിക്കപ്പെട്ട നുണകൾ പ്രധാനമായും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറ്റാരോപണ വിധേയമാക്കുന്നവയായിരുന്നു. അത്തരം കുറ്റാരോപണങ്ങളിൽ കഴിഞ്ഞ നൂറ്റാണ്ടുകളിലെ മുസ്‌ലിം ഭരണകർത്താക്കൾ, സുൽത്താന്മാർ, വിവിധ നാട്ടുരാജ്യങ്ങളിൽ ഭരണം നടത്തിയ മുസ്‌ലിം ഭരണാധികാരികൾ എന്നിവരുമായൊക്കെ ബന്ധപ്പെടുത്തിയുള്ള പല കഥകളും ഉണ്ടായിരുന്നു. ഇന്ത്യയിൽ വിവിധ നൂറ്റാണ്ടുകളിലായി വിവിധയിടങ്ങളിൽ ഭരണം നടത്തിയ എല്ലാ മുസ്‌ലിം നാമധാരികളും പൊതുവായി ചെയ്ത ഒരേയൊരു കാര്യം ഇവിടുത്തെ ഹിന്ദുക്കളെ കൊന്നൊടുക്കുകയും ക്ഷേത്രങ്ങൾ തകർക്കുകയും ഈ നാടിന്റെ പാരമ്പര്യ ശേഷിപ്പുകളെ നാമാവശേഷമാക്കുകയുമാണ് എന്ന് ചിലർ പ്രചരിപ്പിച്ചു. സവർണ ഹിന്ദുക്കളുടെ സാമൂഹ്യഭീതിയിൽനിന്നാവിർഭവിച്ച പ്രത്യേകതരം വിദ്വേഷം പിൽക്കാലത്ത് കൃത്രിമമായ ചരിത്രനിർമാണത്തോളം വികസിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ ദേശീയതയുടെ മറപിടിച്ചു വളർന്നുവന്ന മതവിദ്വേഷം കൃത്രിമ കഥകളുടെയും ഊഹാപോഹങ്ങളുടെയും വിതരണത്തിന് സുഗമമായ പശ്ചാത്തലമായിത്തീർന്നു. അതിന് തൊട്ടുമുമ്പ് 18, 17,16 നൂറ്റാണ്ടുകളില ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിലവിൽവന്ന ഹിന്ദുത്വത്തിലൂന്നിയ പ്രചാരണങ്ങൾ മുസ്‌ലിം- ഇസ്‌ലാം വിദ്വേഷത്തിനു താത്വികമായ പരിവേഷവും പശ്ചാത്തലവും ഒരുക്കിവെച്ചിരുന്നു.

ദേശീയവാദത്തിന്റെ മറപിടിച്ചാണ് വിഭജനം എന്ന ആശയം ചർച്ച ചെയ്യപ്പെട്ടു തുടങ്ങുന്നത്. പിൽക്കാലത്ത് കടുത്ത ദേശീയവാദികൾ കടുത്തവിഭജന വിരോധികളായി വേഷപ്പകർച്ചനേടുന്നത് ഇന്ത്യാചരിത്രത്തിൽ കാണാനിടയായെങ്കിലും യഥാർഥത്തിൽ വിഭജനവാദത്തിന്റെ ഉൽഭവം കടുത്ത ദേശീയവാദികളുടെ അഥവാ സാംസ്‌കാരിക ദേശീയവാദികളുടെ തലച്ചോറിൽ നിന്നുമായിരുന്നുവെന്നതും വസ്തുത മാത്രം.

ഹിന്ദുത്വരാഷ്ട്രീയം അതിന്റെ തുറുപ്പുചീട്ടായി കണ്ടെത്തിയ വിഭജനവാദം ഇസ്‌ലാം ഭീതിയുടെ ഊർജമാണ് ഉപയോഗപ്പെടുത്തിയത്. 1920കളിൽ പ്രചരിപ്പിച്ചിരുന്ന ചില കാര്യങ്ങൾ ഇപ്രകാരമായിരുന്നു: ‘പതിനായിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള ഇന്ത്യയുടെ സംസ്‌കാരത്തെയും അതിന്റെ ശേഷിപ്പുകളെയും തകർത്തത് 1000 വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിലെത്തിയ മുസ്‌ലിംകളായിരുന്നു. മുസ്‌ലിംകൾ ഇവിടെ വാളും ഭീഷണിയും ഉപയോഗിച്ചാണ് ഭരണം നേടിയതും സവർണർ ഉൾപ്പെടുന്ന ഇന്ത്യക്കാരെ ഒതുക്കി നിർത്തിയിരുന്നതും. അത്യധികം അപകടകരവും ഭീതിയുണർത്തുന്നതുമായ ഒരു തത്ത്വശാസ്ത്രമാണ് ഇസ്‌ലാം. അത് കടുത്ത അക്രമവാസനയും ഹിംസയും വളർത്തുന്ന മതമാണ്. ഇന്ത്യയിൽ നിന്ന് മുസ്‌ലിംകളെ നാടുകടത്താതെ ഇവിടെ ആർക്കും സ്വസ്ഥജീവിതം സാധ്യമേയല്ല.’

ഇന്ത്യൻ ദേശീയത എന്നു പറഞ്ഞാൽ അത് ഹിന്ദു ദേശീയതയാണെന്നും അതിന് പതിനായിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുണ്ടെന്നും പറയുന്നവരുടെ വാദത്തെയാണ് എം.ജി.എസ് നാരായണൻ ഖണ്ഡിച്ചിട്ടുള്ളത്.

സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന സാമൂഹ്യവിഭജനങ്ങളും ചാതുർവർണ്യ- ജാതിവ്യവസ്ഥയും ജനങ്ങൾക്കിടയിൽ ആഴമേറിയ ഭിന്നിപ്പുണ്ടാക്കി എന്നതല്ലാതെ ഹിന്ദുക്കളെ ഒരു ദേശീയതയുടെ കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല എന്നതാണ് ചരിത്രം പറയുന്നത്. ഈ അനൈക്യമാണ് നിരന്തരമായ വൈദേശികാക്രമണങ്ങൾക്ക് നിമിത്തമായത്. ഇത്തരം ആക്രമണങ്ങളെ ‘പതിനായിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള’ ദേശീയ ചിന്തക്ക് പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ടോ? ഇല്ല, എന്നു മാത്രമല്ല രാജ്യത്തിനകത്തുനിന്നും ആക്രമണകാരികൾക്ക് പിന്തുണയും സഹായവും നൽകാൻ ആളുണ്ടായി എന്നതാണ് വസ്തുത. രജപുത്ര രാജാവായ പൃഥിരാജിനെതിരെ യുദ്ധം ചെയ്യാൻ മുഹമ്മദ് ഗോറിയെ ക്ഷണിച്ചുവരുത്തിയത് മറ്റൊരു ഹിന്ദുരാജാവായ ജയചന്ദ് ആയിരുന്നു! ‘ഹിന്ദുക്കളുടെ മോചന’ത്തിനുവേണ്ടി ശിവജി യുദ്ധം ചെയ്തപ്പോൾ മുഗൾ ചക്രവർത്തിമാരുടെ പക്ഷത്താണ് മഹാരാഷ്ട്രയിലെ രജപുത്രരാജാക്കന്മാർ നിലകൊണ്ടത്! ഇത്തരം ചരിത്ര സത്യങ്ങൾ ഹിന്ദു ദേശീയതയെ പ്രതിക്കൂട്ടിൽ നിർത്തുന്നുവെന്നതിൽ സംശയമില്ല.

ഇന്ത്യയിലെ വർഗീയവാദത്തിന്റെ വക്താക്കൾ സൃഷ്ടിച്ചുവിടുന്ന പ്രശ്‌നങ്ങൾ ഇന്ത്യയുടെ മുറിപ്പാടുകളെ അവയുടെ പൊള്ളുന്ന വേദനകളോടെ നിലനിർത്തുവാനുള്ള കുൽസിത യത്‌നങ്ങളുടെ ഭാഗമാണ്. മുസ്‌ലിം ജനസമൂഹത്തെ എക്കാലത്തും സംശയത്തിന്റെ കുന്തമുനകളിൽ തറപ്പിച്ചുനിർത്തി നാടിന്റെ ശാന്തിയെയും സമാധാനത്തെയും തുരങ്കംവെക്കുവാൻ ചില ദുശ്ശക്തികൾ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം. മുസ്‌ലിംകൾ ക്രൂരമാം വിധത്തിൽ ആരോപണങ്ങൾകൊണ്ട് ആക്രമിക്കപ്പെടുന്നു.

“വേട്ടയാടപ്പെടുന്ന ഒരു സമൂഹമെന്ന നിലയിൽ ഇസ്‌ലാമിന്റെ പക്ഷത്തു നിൽക്കേണ്ട ഒരു ആവശ്യം നിശ്ചയമായും ഉണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. അത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. അതേസമയം ഇസ്‌ലാമിലെ ഒരു ന്യൂനപക്ഷം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ നാം ഊന്നിപ്പറയുകയും വേണം’’ (ബെന്യാമീൻ, പച്ചക്കുതിര, 2022 സെപ്റ്റംബർ).

ഇന്ത്യയുടെ സൗന്ദര്യവും സൗരഭ്യവും നിലനിൽക്കുന്നത് നാനാത്വത്തിലുള്ള ഏകത്വം, ജനാധിപത്യം, മതനിരപേക്ഷ തുടങ്ങിയവയിലാണ്. ഇവയെ ഇല്ലായ്മ ചെയ്ത് രാജ്യത്തെ ഏകശിലാത്മകമാക്കാനുള്ള ശ്രമങ്ങളെ എതിർത്തു തോൽപിക്കേണ്ടത് ഓരോ രാജ്യസ്‌നേഹിയുടെയും കടമയാണ്.