യുദ്ധവും അധിനിവേശവും ലോകസമാധാനവും

സുഫ്‌യാൻ അബ്ദുസ്സലാം

2022 മാർച്ച് 5, 1442 ശഅബാൻ 2
ഓരോ യുദ്ധവും തകര്‍ത്തെറിയുന്നത് അനേകായിരങ്ങളുടെ  പ്രതീക്ഷകളെയും ജീവിതത്തെയുമാണ്. ലോകം മുഴുവന്‍ കോവിഡ് മഹാമാരിയുടെ തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും യാതൊരു തത്ത്വദീക്ഷയുമില്ലാതെ യുദ്ധത്തിെൻറ നരകവാതിൽ തുറന്നിട്ടിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. ഭിന്നവീക്ഷണങ്ങള്‍ പുലര്‍ത്തുന്ന ലോകരാജ്യങ്ങള്‍ക്കിടയില്‍ ഈ യുദ്ധത്തിന്റെ അനന്തരഫലമെന്താവും?

യുക്രെയ്‌ൻ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനുമേല്‍ റഷ്യ നടത്തിയ അധിനിവേശവും യുദ്ധവുമാണ് വര്‍ത്തമാനലോകം ഇന്നേറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കുമെതിരെ കടന്നുകയറ്റം നടത്തുന്നത് എന്തുകൊണ്ടും അപലപനീയമാണ്. ലോകവും മനുഷ്യരും പുരോഗമിച്ചുവെന്ന് അഭിമാനിക്കുമ്പോഴാണ് ശിലായുഗങ്ങളെപ്പോലും നാണിപ്പിക്കുന്ന ‘കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന വിധത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത്. ലോകസമാധാനത്തിനായി അന്താരാഷ്ട്രസമൂഹം കെട്ടിപ്പടുത്ത ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗമാണ് ഇപ്പോള്‍ യുദ്ധത്തിന് നേതൃത്വം നല്‍കുന്ന റഷ്യ. യുദ്ധവും അശാന്തിയും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യങ്ങളില്‍ ലോകത്തിന് സുരക്ഷ ഒരുക്കാനുള്ള ഉത്തരവാദിത്തമുള്ള രാജ്യങ്ങളാണ് റഷ്യ അടക്കമുള്ള രക്ഷാസമിതി അംഗങ്ങള്‍. അതേ റഷ്യയാണ് ഒട്ടേറെ മനുഷ്യരെ കൊന്നൊടുക്കിയും ഭൂമിയെയും പരിസ്ഥിതിയെയും നശിപ്പിച്ചും യുദ്ധതാണ്ഡവമാടിക്കൊണ്ടിരിക്കുന്നത്. യുക്രെയ്‌നെതിരെയുള്ള യുദ്ധത്തെ അപലപിക്കാന്‍ ചേര്‍ന്ന രക്ഷാസമിതി യോഗത്തില്‍ യുദ്ധത്തെ അപലപിച്ചുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തെ വീറ്റോ ചെയ്തതും റഷ്യയാണ് എന്നറിയുമ്പോള്‍ എത്രമാത്രം പരിഹാസ്യവും ദുര്‍ബലവുമാണ് ലോകസമാധാനത്തിനായി രൂപംകൊണ്ട ഐക്യരാഷ്ട്രസഭയുടെ അവസ്ഥ എന്ന് ഒന്നുകൂടി ബോധ്യപ്പെടുകയാണ്.

ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും യുദ്ധം അതിന്റെ എല്ലാ ബീഭത്സമായ മുഖങ്ങളും അവതരിപ്പിച്ചുകൊണ്ടാണ് മുമ്പോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ചേരിതിരിവുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഒരു മൂന്നാംലോക യുദ്ധത്തിലേക്ക് ഈ യുദ്ധം മാറാനും സാധ്യതയുണ്ടെന്നുമാണ് നിരീക്ഷിക്കപ്പെടുന്നത്.

യുദ്ധം മനുഷ്യന്റെ ദൗര്‍ബല്യം

യുദ്ധങ്ങള്‍ മാനവരാശിക്ക് നഷ്ടങ്ങള്‍ മാത്രമാണ് വരുത്തിവെച്ചിട്ടുള്ളത്. സാമ്രാജ്യത്വമോഹികളുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ മാത്രമാണ് യുദ്ധങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍. ലോകചരിത്രത്തില്‍ സംഭവിച്ച ഒട്ടനവധി യുദ്ധങ്ങളെ പരിശോധിച്ചാല്‍ ഈ വസ്തുത ബോധ്യപ്പെടും. മനുഷ്യന്‍ പിറന്ന നാളുതൊട്ട് പരസ്പരം പോരടിച്ച് കഴിയുകയാണ് മനുഷ്യസമൂഹങ്ങള്‍. ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധ്യമില്ലാതെ പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായി രക്തച്ചൊരിച്ചിലുകള്‍ സൃഷ്ടിച്ചും കൊന്നൊടുക്കിയും എല്ലാം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടമാണ് മനുഷ്യര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യസമൂഹത്തെ സൃഷ്ടിക്കുന്നതിന് മുമ്പായി സ്വര്‍ഗലോകത്തുവച്ച് മലക്കുകള്‍ സ്രഷ്ടാവിന്റെ മുമ്പില്‍ സമര്‍പ്പിച്ച ആശങ്കകള്‍ ഇതുതന്നെയായിരുന്നല്ലോ. ‘ഭൂമിയില്‍ രക്തച്ചൊരിച്ചിലുകള്‍ സൃഷ്ടിക്കുകയും കുഴപ്പങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ നിയമിക്കുകയാണോ’ (ക്വുര്‍ആന്‍ 2:30) എന്നായിരുന്നല്ലോ മലക്കുകളുടെ ചോദ്യം. ഭൂലോകത്തേക്ക് കടന്നുവന്ന മനുഷ്യര്‍ അന്നുതുടങ്ങിയ യുദ്ധങ്ങളും അധിനിവേശവും വെട്ടിപ്പിടിക്കലും കൊല്ലും കൊലയുമെല്ലാം ഇന്നും അനുസ്യൂതം തുടരുകയാണ്.

ക്വുര്‍ആന്‍ സാമ്രാജ്യത്വ യുദ്ധങ്ങള്‍ക്കെതിരെ

സാമ്രാജ്യത്വ മോഹികളുടെ അധിനിവേശത്തിന്റെ സ്വഭാവവും അതുണ്ടാക്കുന്ന നഷ്ടങ്ങളും ക്വുര്‍ആന്‍ നേരത്തെ മനുഷ്യരോട് പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും ഹനിച്ചും അധികാരകേന്ദ്രങ്ങളെ കടന്നാക്രമിച്ചും സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വവാദികള്‍ ഒരു പ്രദേശത്ത് അധിനിവേശം നടത്തിയാല്‍ ആ പ്രദേശത്തെ നശിപ്പിക്കുമെന്നും അവിടങ്ങളില്‍ ഐശ്വര്യത്തോടെ ജീവിച്ചുവന്നിരുന്നവര്‍ക്ക് മേല്‍ നിന്ദ്യതയും ദൈന്യതയും അടിച്ചേല്‍പിക്കുമെന്നും ക്വുര്‍ആന്‍ (27:34) വ്യക്തമാക്കിയിട്ടുണ്ട്. സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ അഭീഷ്ടങ്ങള്‍ നടപ്പാക്കുന്നതിനായി ജനങ്ങളെ വിവിധ കക്ഷികളും ഗ്രൂപ്പുകളുമാക്കി പരസ്പരം തല്ലിക്കുമെന്നും ദുര്‍ബലവിഭാഗങ്ങളെ അവര്‍ ഉന്മൂലനം ചെയ്യുമെന്നും ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുകയും  അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരികയും അവരെ നാടിന്റെ അവകാശികളാക്കുകയുമാണ് ദൈവികനിശ്ചയമെന്നും ക്വുര്‍ആന്‍ (28:45) അറിയിച്ചിട്ടുണ്ട്.

മഹാമാരികളെക്കാള്‍ ആപത്കരം

യുദ്ധങ്ങള്‍ മഹാമാരികളെക്കാള്‍ നാശകരമാണ്. കോവിഡ് മഹാമാരിയില്‍ ഇതുവരെ മരണപ്പെട്ടത് 60 ലക്ഷത്തോളം മനുഷ്യരാണെങ്കില്‍ ഒന്നാം ലോകയുദ്ധത്തില്‍ മാത്രം ഒരു കോടിയോളം മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തില്‍ എട്ടര കോടിയോളം മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം  കൊറിയന്‍ യുദ്ധം (19501953), ക്യൂബന്‍ യുദ്ധം (1961), 12 വര്‍ഷം നീണ്ടുനിന്ന വിയറ്റ്‌നാം യുദ്ധം (1961-1973), ഡൊമിനിക്കന്‍ റിപ്പബ്ലിക് യുദ്ധം (1965), ലെബനോന്‍ (1982), ഗ്രെനേഡ (1983), പനാമ (1989), ഇറാഖ്-കുവൈത്ത് ഗള്‍ഫ് യുദ്ധം (1991), സൊമാലിയ (1993), ഹെയ്‌ത്തി (1994), ബോസ്‌നിയ ഹെര്‍സഗോവിന  (1994-1995), കൊസോവോ (1999), അഫ്ഗാനിസ്താന്‍ (2001), 7 വര്‍ഷം നീണ്ടുനിന്ന ഇറാഖ് യുദ്ധം (2003-2010), ലിബിയ (2011), ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന സിറിയന്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടങ്ങി എത്രയെത്ര യുദ്ധങ്ങള്‍ പിന്നീടുണ്ടായി. എത്രകോടി ജനങ്ങള്‍ കൊല്ലപ്പെട്ടു! 1948 മുതല്‍ ഫലസ്തീന്‍ ജനതക്കുനേരെ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനും അതിക്രമങ്ങള്‍ക്കും കൂട്ടക്കുരുതികള്‍ക്കും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇനിയും ഒരറുതി ഉണ്ടായിട്ടില്ല.

യുക്രെയ്‌ൻ  ഭൂമിശാസ്ത്രം

യുക്രെയ്‌ൻ എന്ന രാജ്യത്തിനുമേലുള്ള റഷ്യയുടെ അധിനിവേശത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ അന്വേഷിക്കുന്നതിന് മുമ്പ് യുക്രെയ്‌നിന്റെ ഭൂമിശാസ്ത്രവും ചരിത്രവും അറിയുക അനിവാര്യമാണ്. സൗദി അറേബ്യയുടെ വടക്കുള്ള സിറിയയുടെയും വടക്കാണ് തുര്‍ക്കി സ്ഥിതിചെയ്യുന്നത്. തുര്‍ക്കിയുടെ വടക്ക് ഭാഗം കരിങ്കടലാണ്. കരിങ്കടലിനും വടക്കാണ് യുക്രെയ്‌ൻ എന്ന രാജ്യം. യുക്രെയ്‌നിന്റെ പടിഞ്ഞാറെ അതിര്‍ത്തിയാണ് റഷ്യ പങ്കിടുന്നത്. കിഴക്കന്‍ അതിര്‍ത്തി ഹംഗറി, സ്ലോവാക്യ, പോളണ്ട് എന്നീ രാജ്യങ്ങള്‍ പങ്കിടുമ്പോള്‍ വടക്കുഭാഗത്ത് ബെലാറസ് ആണ്. തെക്കുഭാഗത്ത് കരിങ്കടലും റൊമാനിയ, മൊള്‍ഡോവ എന്നീ രാജ്യങ്ങളുമാണ്. ഈ ഒരു ഭൂമിശാസ്ത്രം തന്നെ യുക്രെയ്‌നെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി ഉളവാക്കിയിട്ടുണ്ട്. ഏഷ്യന്‍ വന്‍കരയെയും യൂറോപ്പിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖ ഇപ്പോഴും അവ്യക്തമായി തുടരുന്നു. റഷ്യക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പല രാജ്യങ്ങളും റഷ്യയുടെ തന്നെ ചില ഭാഗങ്ങളും യൂറോപ്പിലാണോ ഏഷ്യയിലാണോ എന്ന് തീരുമാനിക്കാന്‍ സാധിക്കുന്നില്ല.

പൂര്‍ണമായും യൂറോപ്യന്‍ സാംസ്‌കാരിക സ്വഭാവങ്ങളാണ് യുക്രെയ്‌നില്‍ ഉള്ളതെങ്കിലും വളരെക്കാലമായി റഷ്യയുടെ ഭാഗമായിരുന്ന യുക്രെയ്‌നെ യൂറോപ്പിന് വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത മനോഭാവം അവര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ചുരുക്കത്തില്‍ യുക്രെയ്‌നിന്റെ ഈ ഭൂമിശാസ്ത്ര സവിശേഷത ആ പ്രദേശത്തിന് എന്നും അസ്വസ്ഥതകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

യുക്രെയ്‌ൻ ചരിത്രത്തിലൂടെ

ബി.സി ആറാം നൂറ്റാണ്ട് മുതല്‍ എ.ഡി ആറാം നൂറ്റാണ്ട് വരെ ഗ്രീക്ക്, റോമന്‍, ബൈസന്റൈന്‍ സാമ്രാജ്യങ്ങളുടെ കീഴിലായിരുന്ന യുക്രെയ്‌ൻ പ്രദേശം ഹുന്നിക്, ഗോഥിക് വിഭാഗങ്ങളും ഭരിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ഇന്നത്തെ തലസ്ഥാനമായ കീവിനെ കേന്ദ്രമാക്കി സ്ലാവിക് ഭരണകൂടം നിലവില്‍ വന്നത്. പിന്നീട് ഏഴാം നൂറ്റാണ്ടില്‍ ബള്‍ഗാറുകളും എട്ടാം നൂറ്റാണ്ടോടെ ഖസാറുകളും പ്രദേശത്തെ അടക്കിവാണു. ഒമ്പതാം നൂറ്റാണ്ട് മുതല്‍ പതിമൂന്നാം നൂറ്റാണ്ട് വരെ ആധുനിക യുക്രെയ്‌നിന്റെ മധ്യ, പടിഞ്ഞാറന്‍, വടക്കന്‍ ഭാഗങ്ങള്‍, ബെലാറസ്, പോളണ്ടിന്റെ കിഴക്കന്‍ സ്ട്രിപ്പ്, ഇന്നത്തെ റഷ്യയുടെ പടിഞ്ഞാറന്‍ ഭാഗം എന്നീ പ്രദേശങ്ങളെല്ലാം ഉള്‍കൊണ്ട കീവന്‍ റസിന്റെ ഭാഗമായിരുന്നു യുക്രെയ്‌ൻ. പിന്നീട് പതിനേഴാം നൂറ്റാണ്ട് വരെ റഷ്യയിലെ റൂറിക് രാജവംശത്തിന്റെ കീഴിലായി. അതിന് ശേഷം അല്‍പകാലം പോളണ്ട് രാജഭരണത്തിന് കീഴിലായെങ്കിലും വീണ്ടും റഷ്യന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമാകുകയായിരുന്നു.

യുക്രെയ്‌നിലെ മതസമൂഹങ്ങള്‍

യുക്രെയ്‌ൻ എന്ന രാജ്യത്തിന് ഏകദേശം നമ്മുടെ മഹാരാഷ്ട്രയോളം വലിപ്പം മാത്രമാണുള്ളത്. ജനങ്ങളില്‍ മഹാഭൂരിപക്ഷവും വിവിധ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവരാണ്. ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്ള്‍സ് (67.3), ഗ്രീക്ക് കത്തോലിക്ക (9.4), പ്രൊട്ടസ്റ്റന്റ് (2.2), ലാറ്റിന്‍ കത്തോലിക്ക (0.8), മറ്റു ക്രിസ്ത്യാനികള്‍ (7.7), മതമില്ലാത്തവര്‍ (11), ഇസ്‌ലാം (1), മറ്റുള്ളവര്‍ (0.6).

റഷ്യയും യുക്രെയ്‌നും ഇണങ്ങിയും പിണങ്ങിയും

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ യൂറോപ്യന്‍ വിഭാഗങ്ങളില്‍ പൊതുവില്‍ ഉയര്‍ന്നുവന്ന ദേശീയവികാരങ്ങള്‍ യുക്രെയ്‌ൻ  ജനതയിലും ഉടലെടുത്തു. ഇത് റഷ്യക്ക് തലവേദന സൃഷ്ടിച്ചു. എങ്ങനെയെങ്കിലും യുക്രെയ്‌ൻ  ജനതയില്‍ ഉയര്‍ന്നുവന്ന ദേശീയവികാരത്തെ അടിച്ചൊതുക്കാന്‍ അവര്‍ ശ്രമിച്ചു. യുക്രെയ്‌ൻ ഭാഷയെ അവര്‍ നിരോധിച്ചു. സാംസ്‌കാരിക ചിഹ്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അതിന്റെ പേരില്‍ കുറേപേര്‍ പടിഞ്ഞാറന്‍ യുക്രെയ്‌നിലേക്ക് പലായനം ചെയ്തുവെങ്കിലും ചിലര്‍ റഷ്യന്‍ സ്വത്വത്തെ അംഗീകരിച്ച് ജീവിച്ചു. ലോകം ഇരുപതാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുകയും റഷ്യന്‍ ബോള്‍ഷെവിക് വിപ്ലവം ആരംഭിക്കുകയും ചെയ്തതോടെ യുക്രെയ്‌ൻ ജനതയില്‍ ഉരുണ്ടുകൂടിയിരുന്ന സ്വതന്ത്ര യുക്രെയ്‌ൻ എന്ന വികാരം ശക്തമായി.

സ്വതന്ത്ര യുക്രെയ്‌ൻ എന്ന വികാരം

1917നും 1920നും ഇടയില്‍ സ്വതന്ത്ര യുക്രെയ്‌ൻ രാജ്യത്തിന് വേണ്ടി ആഗ്രഹിച്ച നിരവധി വിഭാഗങ്ങള്‍ ഉണ്ടായെങ്കിലും അരാജകത്വമായിരുന്നു ഫലം. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഏകോപനമില്ലായ്മ, ആഭ്യന്തര കലഹങ്ങള്‍, ഒരു കേന്ദ്രീയ അധികാരത്തിന്റെ അഭാവം എന്നിവ യുക്രെയ്‌ൻ ജനതയെ അരാജകത്വത്തിലേക്ക് തള്ളിനീക്കി. ഓരോ വിഭാഗവും അധികാരത്തിനായി യത്‌നിച്ചപ്പോള്‍ ആര്‍ക്കും അധികാരം ലഭിക്കാത്ത അവസ്ഥയിലേക്ക് യുക്രയ്‌നിന്റെ രാഷ്ട്രീയം ദുര്‍ബലമായി. അതുകൊണ്ടുതന്നെ യുക്രെയ്‌ൻ സ്വാതന്ത്ര്യം എന്ന ആശയം ഹ്രസ്വകാലത്തില്‍ ഒതുങ്ങി. അങ്ങനെ ഭൂരിഭാഗം യുക്രെയ്‌നിയന്‍ ഭൂപ്രദേശങ്ങളും സോവിയറ്റ് യൂണിയനില്‍ ചേക്കേറുകയും അവശേഷിക്കുന്നവ പടിഞ്ഞാറന്‍ മേഖലയിലെ പോളണ്ട്, ചെക്കോസ്ലോവാക്യ, റൊമാനിയ എന്നിങ്ങനെയുള്ള രാജ്യങ്ങളുടെ ഭാഗമാവുകയും ചെയ്തു.

യുക്രെയ്‌ൻ  സോവിയറ്റ് യൂണിയനില്‍

ചുരുക്കത്തില്‍ റഷ്യന്‍ സാമ്രാജ്യം നിലനിന്നിരുന്ന കാലങ്ങളിലെല്ലാം യുക്രെയ്‌ൻ  റഷ്യയുടെ ഭാഗമായിരുന്നു എന്നതാണ് ചരിത്രം. റഷ്യന്‍ സാമ്രാജ്യത്തിലെ അവസാന ഭരണാധികാരിയായ സാര്‍ നിക്കോളാസ് രണ്ടാമന്‍ ചക്രവര്‍ത്തിയെ  അട്ടിമറിച്ച് വ്‌ളാഡ്മിര്‍ ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ റഷ്യയുടെ അധികാരം പിടിച്ചെടുക്കുന്നത് 1918ലാണ്. ഈ സന്ദര്‍ഭത്തില്‍യുക്രെയ്‌ൻ  റഷ്യയില്‍നിന്ന് താത്കാലികമായി സ്വാതന്ത്ര്യം നേടിയെങ്കിലും 1922ല്‍ റഷ്യയുടെ നേതൃത്വത്തില്‍ അയല്‍രാജ്യങ്ങളെയെല്ലാം ചേര്‍ത്തുകൊണ്ട് യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്‌സ് (യു.എസ്.എസ്.ആര്‍) എന്നപേരില്‍ ഒരൊറ്റ രാഷ്ട്രം രൂപീകരിച്ചപ്പോള്‍ യുക്രെയ്‌നും അതില്‍ ചേര്‍ന്നു. യുക്രെയ്‌നിനും റഷ്യക്കും പുറമെ എസ്‌റ്റോണിയ, ലിത്വാനിയ, ലാത്‌വിയ, അസര്‍ബൈജാന്‍, ഉസ്ബകിസ്താന്‍, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, താജികിസ്താന്‍, തുര്‍ക്‌മെനിസ്താന്‍, മോള്‍ഡോവിയ, ജോര്‍ജിയ, ബെലാറസ്, അര്‍മേനിയ എന്നീ പ്രദേശങ്ങളായിരുന്നു യു.എസ്.എസ്.ആറിന്റെ ഭാഗമായി ചേര്‍ന്നത്. ഇവ ഓരോന്നും അതാത് പ്രദേശങ്ങളുടെ പേരില്‍ എസ്.എസ്.ആര്‍ എന്ന് ചേര്‍ത്തുകൊണ്ടായിരുന്നു അറിയപ്പെട്ടിരുന്നത്. അതായത് യുക്രെയ്‌ൻ  അന്ന് അറിയപ്പെട്ടിരുന്നത് യുക്രെയ്‌ൻ  സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്നായിരുന്നു.

ക്രീമിയ എന്ന തുറുപ്പ്ഷീട്ട്

യുക്രെയ്‌നിന്റെ തെക്കുഭാഗത്ത് കരിങ്കടലിലേക്ക് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് ക്രീമിയ. ക്രീമിയന്‍ പെനിന്‍സുല എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ പ്രദേശം സാംസ്‌കാരികമായും ഭാഷാപരമായും സാമ്പത്തികമായും യുക്രെയ്‌നിനോടാണ് ബന്ധപ്പെട്ട് കിടക്കുന്നത്. എന്നാല്‍ 1922ല്‍ യു.എസ്.എസ്.ആര്‍ രൂപം കൊണ്ടപ്പോള്‍ ക്രീമിയയെ റഷ്യന്‍ എസ്.എസ്.ആറില്‍ ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ യുക്രെയിന് വലിയ അമര്‍ഷമുണ്ടായിരുന്നു. ഒടുവില്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം 1954 ഫെബ്രുവരിയില്‍ ക്രീമിയയെ യുക്രെയ്‌ൻ എസ്.എസ്.ആറിന്റെ ഭാഗമാക്കി സോവിയറ്റ് അധികാരികള്‍ ഉത്തരവിറക്കി. അങ്ങനെ ക്രീമിയ യുക്രെയ്‌ന്റെ ഭാഗമായി. എന്നാല്‍ ഈ ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പ് ജനഹിത പരിശോധന നടത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ യുക്രെയിനിലേക്ക് ക്രീമിയയെ ലയിപ്പിച്ചതിനെതിരെ അന്നുതന്നെ വിമര്‍ശനമുണ്ടായിരുന്നു.

സോവിയറ്റ് യൂണിയന്‍ ചിന്നിച്ചിതറിയപ്പോള്‍

1990ല്‍ യു.എസ്.എസ്.ആര്‍ ഛിന്നഭിന്നമായതിനെ തുടര്‍ന്ന് യുക്രെയ്‌ൻ 1991 ആഗസ്ത് 24ന് റഷ്യന്‍ നിയന്ത്രണത്തില്‍ ിന്നും പൂര്‍ണമായും വേര്‍പെട്ടു സ്വതന്ത്ര രാഷ്ട്രമായി. യുക്രെയ്‌നില്‍ 77 ശതമാനം ജനങ്ങള്‍ യുക്രെയ്‌ൻ ഭാഷ സംസാരിക്കുന്നവരായിരുന്നെങ്കിലും 17 ശതമാനം ജനങ്ങള്‍ റഷ്യന്‍ ഭാഷ സംസാരിക്കുന്നവരായിരുന്നു. ഇവര്‍ ജീവിച്ചിരുന്നത് യുക്രെയ്‌നിന്റെ റഷ്യയോട് ചേര്‍ന്നിരിക്കുന്ന കിഴക്കന്‍ ഭാഗത്തായിരുന്നു. ഇവര്‍ക്ക് റഷ്യയോട് ചേരാനായിരുന്നു താല്‍പര്യം. റഷ്യയില്‍നിന്നും പിരിഞ്ഞശേഷവും ജനതയില്‍ ഒരു വിഭാഗത്തിന് റഷ്യന്‍ ആഭിമുഖ്യമുണ്ടായത് ആഭ്യന്തര ഭിന്നതയ്ക്ക് വഴിയൊരുക്കി.

യൂറോപ്യന്‍ യൂണിയന യുക്രെയ്‌നും

ഈ കാലഘട്ടത്തില്‍ തന്നെയാണ് യൂറോപ്പിലെ രാജ്യങ്ങള്‍ ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ രൂപീകരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ കമ്പോളം, നാണയം, കാര്‍ഷികം, വ്യാപാരം, മത്സ്യബന്ധനം  തുടങ്ങിയ വിഷയങ്ങളില്‍ ഏകീകൃതമായ നയം രൂപീകരിക്കുന്നതിന് വേണ്ടിയാണ് ഇതുണ്ടാക്കിയത്. 1991 നവംബറിലാണ്  ഇത് രൂപംകൊണ്ടത്. 1991ലാണ് സോവിയറ്റില്‍നിന്നും വേര്‍പെട്ട യുക്രെയ്‌ൻ രാഷ്ട്രം ഉണ്ടായതും. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള താല്പര്യം യുക്രെയ്‌ൻ  എന്ന സ്വതന്ത്ര രാഷ്ട്രത്തിന് ഉണ്ടാവുക സ്വാഭാവികമാണ്. സോവിയറ്റ് യൂണിയനിലെ അംഗങ്ങളായിരുന്ന ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ എന്നീ രാജ്യങ്ങള്‍ 2007ല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായി. അതോടൊപ്പം യു.എസ്.എസ്.ആറിന്റെ നിയന്ത്രണത്തിലായിരുന്ന ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായി.

നാറ്റോ അംഗത്വവും യുക്രെയ്‌നും

സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് ലോകമാകമാനം സോവിയറ്റ് ആശയങ്ങളും സോഷ്യലിസവും പിടിമുറുക്കുമോ എന്ന ആശങ്ക കാരണം അമേരിക്കയുടെ നേതൃത്വത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങളെ കൂട്ടുപിടിച്ച് അതിനെ തടയാനുള്ള ശ്രമം തുടങ്ങി. അങ്ങനെയാണ് ക്യാപിറ്റലിസവും സോഷ്യലിസവും തമ്മിലുള്ള ആശയ യുദ്ധത്തിന്റെ ഭാഗമായി ‘നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍‘ (നാറ്റോ) എന്ന സംഘടന പിറന്നത്. അംഗരാജ്യങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളെ കൂട്ടായ മിലിട്ടറി ഓപ്പറേഷനിലൂടെ നേരിടുക എന്നതാണ് നാറ്റോയുടെ പ്രധാന ലക്ഷ്യം. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന, നേരത്തെ സോവിയറ്റിന്റെ ഭാഗമായിരുന്ന ബാള്‍ട്ടിക് രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ എന്നീ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയലിലും നാറ്റോയിലും അംഗത്വം നേടിയത് റഷ്യയില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. യുക്രെയ്‌ൻ കൂടി ഇ.യു.വിലും നാറ്റോയിലും അംഗത്വം ആവശ്യപ്പെട്ടതോടെ റഷ്യയുടെ അങ്കലാപ്പ് വര്‍ധിച്ചു. അവര്‍ അതിനെതിരെ ശക്തമായ നിലപാടെടുത്തു.

പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു

2013ല്‍ യൂറോപ്യന്‍ യൂണിയന്‍ ജനാധിപത്യം ഉറപ്പുവരുത്തുക തുടങ്ങിയ ഏതാനും ഉപാധികള്‍ യുക്രെയ്‌ന്റെ മുന്നില്‍ അവതരിപ്പിച്ചു. എങ്കില്‍ മാത്രമെ അംഗത്വം നല്‍കാന്‍ സാധിക്കൂ എന്ന് അവര്‍ യുക്രെയ്‌നെ അറിയിച്ചു. തദടിസ്ഥാനത്തില്‍ പാര്‍ലമെന്റ് വിളിച്ചുചേര്‍ത്ത് യൂറോപ്യന്‍ യൂണിയന്റെ ഉപാധികള്‍ അംഗീകരിക്കുന്നതായി യുക്രെയ്‌ൻ പ്രമേയം പാസാക്കുകയും ചെയ്തു. പ്രമേയം പാസാക്കിയതോടെ റഷ്യയുടെ ശത്രുത വര്‍ധിച്ചു. അവര്‍ യുക്രെയ്‌നെതിരെ ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ അന്നത്തെ യുക്രെയ്‌ൻ പ്രസിഡന്റ് വിക്റ്റര്‍ യാനുക്കോവിച്ചിനെ റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ സ്വാധീനിക്കുകയും യൂറോപ്യന്‍ യൂണിയനുമായുള്ള ഉടമ്പടി ഒപ്പുവെക്കുന്നതില്‍നിന്നും യുക്രെയ്‌ൻ പിന്തിരിയുകയും ചെയ്തു. യുക്രെയ്‌ൻ ജനതയുടെ താല്‍പര്യത്തിന് വിരുദ്ധമായായിരുന്നു പ്രസിഡന്റിന്റെ നടപടി. അതോടെ ജനങ്ങള്‍ ഇളകി. ജനങ്ങള്‍ പ്രത്യക്ഷ പ്രക്ഷോഭങ്ങളുടെ തെരുവിലിറങ്ങി. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് കൂടുതല്‍ ശക്തമാകുകയായിരുന്നു. 2014ല്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് പുറത്താക്കുകയും ചെയ്തു. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പെട്രോ പൊറോഷെങ്കോയെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മൃഗീയ ഭൂരിപക്ഷത്തിന് അധികാരത്തിലേറ്റി. പുതിയ പ്രസിഡന്റ് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിച്ചു. റഷ്യ അദ്ദേഹത്തെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

ക്രീമിയ വീണ്ടും രാഷ്ട്രീയ ഭൂപടത്തില്‍

റഷ്യയുടെ അത്തരം ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കൂടുതല്‍ കടുത്ത നടപടിയിലേക്ക് അവര്‍ നീങ്ങി. അവര്‍ ലക്ഷ്യംവച്ചത് നേരത്തെ സോവിയറ്റ് കാലത്ത് അവര്‍ കൈവശം വെച്ചിരുന്ന ക്രീമിയയെ ആയിരുന്നു. ക്രീമിയ ഒരു ഉപദ്വീപ് ആയതുകൊണ്ടുതന്നെ യുക്രെയിന്റെ പ്രധാന തുറമുഖങ്ങള്‍ അവിടെയായിരുന്നു. അത് കൈവശപ്പെടുത്തിയാല്‍ യുക്രെയ്ന്‍ അവരുടെ യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹങ്ങള്‍ ഉപേക്ഷിച്ച് റഷ്യയുടെ വരുതിക്ക് വരുമെന്നായിരുന്നു റഷ്യ പ്രതീക്ഷിച്ചത്. ലോകരാഷ്ട്രങ്ങള്‍ റഷ്യക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ റഷ്യ ക്രീമിയയില്‍ ഒരു ഹിതപരിശോധന സംഘടിപ്പിച്ചു. പൂര്‍ണമായും റഷ്യന്‍ നിയന്ത്രണത്തില്‍ നടന്ന റഫറണ്ടം സ്വാഭാവികമായും റഷ്യന്‍ അനുകൂലമായിട്ടാണ് സമാപിച്ചത്. അന്താരാഷ്ട്ര നിയമങ്ങളൊന്നും പാലിക്കാതെ വളരെ കൃത്രിമമായ രൂപത്തില്‍ സംഘടിപ്പിച്ച ഈ ഹിതപരിശോധനക്ക് അന്താരാഷ്ട്രസമൂഹം വില കല്‍പിച്ചിട്ടില്ല.

റഷ്യ ജി8ല്‍നിന്ന് പുറത്തേക്ക്

ക്രീമിയക്ക് നേരെ നടത്തിയ അധിനിവേശത്തിന്റെ ഫലമായി ലോക സമ്പന്ന രാജ്യങ്ങളുടെ സംഘടനയായ ജി8ല്‍നിന്നും റഷ്യ പുറത്താക്കപ്പെട്ടു. ഇപ്പോള്‍ അത് ജി7 എന്നാണ് അറിയപ്പെടുന്നത്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.കെ, യു.എസ്, കാനഡ എന്നിവയാണ് ജി7 അംഗരാജ്യങ്ങള്‍. എന്നാല്‍ പുറത്താക്കല്‍ നടപടി റഷ്യയെ അനുനയിപ്പിച്ചില്ല. ലോകസമൂഹവും യുക്രെയ്‌നിയന്‍ ജനതയും അത് അംഗീകരിച്ചിട്ടില്ലെങ്കിലും ക്രീമിയ ഇപ്പോഴും റഷ്യയുടെ നിയന്ത്രണത്തിലാണ്.

റഷ്യയുടെ നയതന്ത്ര അടവുകള്‍ പരാജയപ്പെട്ടപ്പോള്‍

ബാള്‍ട്ടിക് രാജ്യങ്ങളടക്കം റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ചില രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെയും നാറ്റോയുടെയും ഭാഗമായതിന് ശേഷം യുക്രെയ്‌നും അതേവഴി പിന്തുടരുന്നതിലുള്ള അമര്‍ഷമാണ് റഷ്യ പ്രകടിപ്പിക്കുന്നത്. നയതന്ത്രതലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. യു.എസ് പ്രസിഡന്റുമാരുമായും മറ്റു ലോക രാഷ്ട്രത്തലവന്മാരുമായും പുട്ടിന്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം ഏതെങ്കിലും രാഷ്ട്ര സഖ്യങ്ങളില്‍ ചേരുന്നതിനെ വിലക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ലോകരാജ്യങ്ങള്‍ സ്വീകരിച്ചത്. നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ട റഷ്യ ഇപ്പോള്‍ അതിക്രമത്തിന്റെയും അധിനിവേശത്തിന്റെയും മാര്‍ഗമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

യുദ്ധവും അധിനിവേശവും ഇന്ത്യന്‍ നിലപാടുകളും

യുദ്ധം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്രസമൂഹത്തില്‍നിന്നും ഉണ്ടാവേണ്ടതുണ്ട്. ലോകരാജ്യങ്ങള്‍ ചേരിതിരിയുകയും വിവിധ സംഘങ്ങളായി സംഘടിക്കുകയും ചെയ്യുന്നത് ലോകസമാധാനത്തിന് ഭീഷണിയാവാന്‍ പാടില്ല. ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രസക്തി ഇതാണ് വിളിച്ചറിയിക്കുന്നത്. ലോകയുദ്ധങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ നേതൃത്വത്തിലാണ് ചേരിചേരാ പ്രസ്ഥാനം ശക്തിപ്പെട്ടത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു, യൂഗോസ്ലാവ്യന്‍ പ്രസിഡന്റ് മാര്‍ഷല്‍ ടിറ്റോ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസര്‍ എന്നീ നേതാക്കളുടെ ശ്രമഫലമായാണ് ചേരിചേരാ പ്രസ്ഥാനം രൂപംകൊണ്ടത്. എന്നാല്‍ ഇന്ത്യ അടുത്തകാലത്തായി തങ്ങളുടെ പ്രഖ്യാപിത നയം മറന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നതായി ലോകരാജ്യങ്ങള്‍ തന്നെ ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്നുണ്ട്. റോഹിങ്ക്യന്‍ പ്രശ്‌നം കൈകാര്യം ചെയ്തതും ഫലസ്തീനെ ഉപേക്ഷിച്ച് ഇസ്രായേലിനെ അമിതമായി പ്രീതിപ്പെടുത്തിയതും അയല്‍രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെത്തുന്ന ജനങ്ങള്‍ക്കിടയില്‍ മതപരമായ ചേരിതിരിവ് ഉണ്ടാക്കുന്ന വിധത്തില്‍ പൗരത്വ നയം പ്രഖ്യാപിച്ചതുമെല്ലാം ഇന്ത്യയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സംഭവങ്ങളാണ്.

യുദ്ധവും അറബ് മുസ്‌ലിം രാജ്യങ്ങളും

റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനെതിരെയാണ് പൊതുവില്‍ ലോകത്തെ അറബ് മുസ്‌ലിം രാജ്യങ്ങളുടെ വികാരമെങ്കിലും അത് പ്രതിഫലിപ്പിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് വേണ്ടത്ര വിജയിക്കാനിയിട്ടില്ല. സിറിയ അധിനിവേശത്തെ പിന്തുണക്കുകയാണ് ചെയ്തതെങ്കില്‍ ലെബനോന്‍ അപലപിക്കുകയുണ്ടായി. യു.എന്‍ രക്ഷാസമിതി അംഗം കൂടിയായ യു.എ.ഇ വിഷയത്തില്‍ മൗനമവലംബിച്ചിരിക്കുകയാണ്. മാത്രവുമല്ല, റഷ്യക്കെതിരെ രക്ഷാസമിതിയില്‍ വന്ന പ്രമേയത്തില്‍ അനുകൂലമോ പ്രതികൂലമോ വോട്ടുചെയ്യാതെ മാറി നില്‍ക്കുകയാണ് യു.എ.ഇയും മറ്റൊരു അംഗമായ ഇന്ത്യയും ചെയ്തത്. അറബ് ലീഗ് ഉടന്‍ തന്നെ യോഗം ചേര്‍ന്ന് വിഷയത്തില്‍ പ്രതികരിക്കണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

1991ല്‍ ഇറാഖ് കുവൈത്തിനെ ആക്രമിക്കുകയും പിടിച്ചടക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അക്രമിയായ ഇറാഖിനെതിരെ യോജിച്ചുനിന്നവരാണ് അറബ് മുസ്‌ലിം രാജ്യങ്ങള്‍. അക്രമത്തിനെതിരെ നിലപാട് സ്വീകരിച്ച പാരമ്പര്യമുള്ള അറബ് മുസ്‌ലിം രാജ്യങ്ങള്‍ യുദ്ധംകൊണ്ടുള്ള കെടുതികളെ മാത്രം അപലപിച്ചാല്‍ പോരാ, അക്രമം നടത്തിയ റഷ്യയുടെ അധിനിവേശത്തെയും അപലപിക്കേണ്ടതുണ്ട്. അക്രമത്തെ അപലപിക്കുകയും അക്രമിയെ തിരുത്തുകയും സമാധാനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഒരു മുസ്‌ലിമിനുണ്ടാവേണ്ട നിലപാട്. സംഘര്‍ഷങ്ങളുണ്ടായാല്‍ സമാധാനമുണ്ടാക്കാന്‍ ശ്രമിക്കുകയും സമാധാനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ, അവര്‍ സുഹൃത്തുക്കളാണെങ്കിലും പോലും, ശക്തമായ നിലപാട് സ്വീകരിക്കുകയുമാണ് വേണ്ടത് എന്നാണ് ക്വുര്‍ആന്‍ (49:9) വ്യക്തമാക്കുന്നത്.

യുദ്ധവും ഇസ്‌ലാമിന്റെ നയവും

യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നയമമല്ല ഇസ്‌ലാമിന്റെത്. പ്രവാചകന്റെ ﷺ കാലത്ത് യുദ്ധസാഹചര്യങ്ങള്‍ ഉരുണ്ടുകൂടിയ പല സന്ദര്‍ഭങ്ങളിലും യുദ്ധം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നിലപാടുകളായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. ശത്രുത വച്ചുപുലര്‍ത്തുന്നവരോട് പോലും സന്ധിയുണ്ടാക്കി അദ്ദേഹം സമാധാനത്തിനായി യത്‌നിച്ചു. നാല് ഭാഗത്തുനിന്നും അധിനിവേശത്തിന്റെയും ഉന്മൂലനത്തിന്റെയും ഭീഷണികള്‍ ഉയര്‍ത്തിക്കൊണ്ട് യുദ്ധക്കൊതിയന്മാര്‍ വന്നപ്പോള്‍ അദ്ദേഹം പ്രതിരോധത്തിന്റെ മാര്‍ഗം മാത്രം സ്വീകരിച്ചു. അതുകൊണ്ടാണ് ലോകത്തെ അറിയപ്പെടുന്ന യുദ്ധങ്ങളില്‍ കോടിക്കണക്കിന് മനുഷ്യര്‍ മരിച്ചുവീണപ്പോള്‍ പ്രവാചകന്‍ യുദ്ധങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോയപ്പോള്‍ ആയിരത്തോളം ആളുകള്‍ക്ക് മാത്രം ജീവന്‍ നഷ്ടപ്പെട്ടത്.

ഇസ്‌ലാം ഒരു സാമ്രാജ്യശക്തിയല്ല. വെട്ടിപ്പിടിക്കലും അധിനിവേശം നടത്തലുമല്ല അതിന്റെ ദൗത്യം. ലോകസമൂഹത്തില്‍ ശാന്തി പ്രചരിപ്പിച്ച് അവര്‍ക്ക് ഏറ്റവും നല്ല ഭൗതികജീവിതവും മരണശേഷം അതിലേറെ ഉദാത്തമായ പാരത്രികജീവിതവും ലഭിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ പ്രബോധനം ചെയ്യുക മാത്രമാണ് ഇസ്‌ലാം ചെയ്യുന്നത്. ഏതെങ്കിലും രാജ്യം വെട്ടിപ്പിടിച്ച് അവിടെ ബലപ്രയോഗത്തിലൂടെ ഇസ്‌ലാം സ്ഥാപിക്കുക വിശുദ്ധ ക്വുര്‍ആനോ മുഹമ്മദ് നബി ﷺ യോ പഠിപ്പിച്ച മാതൃകയിലില്ല. എന്നാല്‍ ചരിത്രത്തില്‍ ഇസ്‌ലാമിനെ വികലമാക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ പലരില്‍നിന്നായി ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിനെ യഥാവിധി മനസ്സിലാക്കാതെ ചിലരുടെ സാമ്രാജ്യതാല്പര്യങ്ങള്‍ ഇസ്‌ലാമിലൂടെ നേടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ മാത്രമായിരുന്നു അത്. യുദ്ധങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രയത്‌നങ്ങള്‍ സംഘടിപ്പിക്കാന്‍ ഇസ്‌ലാമിക സമൂഹത്തിനും രാഷ്ട്രനായകര്‍ക്കും പണ്ഡിതന്മാര്‍ക്കും ബാധ്യതയുണ്ട്. ലോകരാജ്യങ്ങളില്‍ മാനവികതയുടെയും മനുഷ്യസൗഹാര്‍ദത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇസ്‌ലാമിക സമൂഹം മുമ്പോട്ട് വരേണ്ടതുണ്ട്.