മലയാളികൾ: വളരുന്ന ആസക്തി തളരുന്ന മനഃശക്തി

ഉസ്മാന്‍ പാലക്കാഴി

2022 ഡിസംബർ 17, 1444 ജുമാദുൽ ഊല 22
ഭൗതികതയോടുള്ള മനുഷ്യന്റെ ആർത്തി സകല സീമകളും ലംഘിച്ചിരിക്കുന്നു. തിന്നും കുടിച്ചും രമിച്ചും രസിച്ചും ആസക്തിയുടെ പരകോടിയിലേക്ക് കയറിപ്പോവാനാണ് മനുഷ്യരിൽ ഭൂരിഭാഗവും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ആസ്വാദനത്തിന്റെ മാർഗത്തിൽ മൂല്യങ്ങൾക്കും അപരവികാരങ്ങൾക്കും അവർ നൽകുന്ന വില പൂജ്യത്തിന് താഴെയാണ്. എവിടെ ചെന്നാണിത് അവസാനിക്കുക, ആരാണിവർക്ക് നേർവഴി കാണിക്കുക?!

വർത്തമാനകാല മനുഷ്യർ വല്ലാതെ ആസക്തികൾക്ക് അടിമപ്പെട്ടുപോകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സമ്പത്ത്, ലൈംഗികത, മൊബൈൽ ഫോൺ, ലഹരി വസ്തുക്കൾ, ലോട്ടറി, ടിവി സീരിയലുകൾ, ഫാസ്റ്റ് ഫുഡ്... അങ്ങനെയങ്ങനെ പലതിനോടും!

സാമ്പത്തികാഭിവൃദ്ധിക്കായി രണ്ടു സ്ത്രീകളെ വെട്ടിനുറുക്കിയ കൊടുംക്രൂരതയുടെ ഞെട്ടലിൽനിന്നും കേരളം ഇപ്പോഴും മുക്തമായിട്ടില്ല. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിത്യേന സ്വർണക്കടത്തു കേസിൽ എത്രയോ പേർ പിടിക്കപ്പെടുന്നു. സ്വർണം നാട്ടിൽ തങ്ങളുടെ ഏജന്റിന്റെ കൈകളിൽ ഭദ്രമായി ഏൽപിച്ചാൽ കിട്ടുന്ന പണം മോഹിച്ചാണ് ഈ ഭാഗ്യപരീക്ഷണത്തിന് ആളുകൾ മുതിരുന്നത്. നിത്യേന പലരും പിടിക്കപ്പെടുന്നതിന്റെ വാർത്തകൾ കേട്ടിട്ടും പണത്തോടുള്ള ആർത്തിയിൽ താൻ പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തോടെ ഇവർ ഇറങ്ങിത്തിരിക്കുകയാണ്.

ഭാഗ്യപരീക്ഷണങ്ങൾ

സമ്പത്തിനോടുള്ള മലയാളിയുടെ അത്യാർത്തിയുടെ മകുടോദാഹരണമാണ് ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളോടുള്ള ആസക്തി. ദിനേന ആയിരക്കണക്കിനു രൂപയുടെ ലോട്ടറി ടിക്കറ്റെടുത്ത് ഒടുവിൽ കിടപ്പാടം വിൽക്കേണ്ടിവന്നവരുണ്ട്. കടം പെരുകി ആത്മഹത്യയിൽ അഭയം പ്രാപിച്ചവരുണ്ട്. ഇടയ്ക്ക് ചെറിയ തുകകൾ സമ്മാനമായി ലഭിക്കുമ്പോൾ ഇവരുടെ താൽപര്യം വർധിച്ചുകൊണ്ടിരിക്കും. നാളെ എന്തായാലും എനിക്ക് ബംബറടിക്കും എന്ന പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകുമ്പോൾ അരി വാങ്ങാനുള്ള കാശെടുത്തും ലോട്ടറി ടിക്കറ്റെടുത്ത് പോക്കറ്റിലിടും.

കേന്ദ്രസർക്കാർ ലോട്ടറിയുടെ വിഷയത്തിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നതാണ്. എന്നാൽ ഇക്കാര്യം പരിഗണിക്കാതെയാണ് കേരള സർക്കാർ ലോട്ടറി വിൽപനഔദ്യോഗികമായി നടത്തിവരുന്നത്. തന്മൂലം സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ നികുതിയിതര വരുമാനമായി ലോട്ടറി മാറിയിട്ടുണ്ട്.

മദ്യവും ഭാഗ്യക്കുറിയും വഴിയുള്ള വരുമാനമാനത്തിലൂടെയാണ് സംസ്ഥാനം നിലനിന്നു പോകുന്നത് എന്ന ആരോപണം തിരുത്താൻ ധനമന്ത്രി ഏതാനും ദിവസം മുമ്പ് നിയമസഭയിൽ ചില കണക്കുകൾ ഉദ്ധരിക്കുകയുണ്ടായി. ലോട്ടറിയിൽനിന്നുള്ള വരുമാനം 2021-22 ൽ 559.64 കോടി മാത്രമെയുള്ളൂ എന്ന കണക്കും അദ്ദേഹം അവതരിപ്പിച്ചു. എന്നാൽ അദ്ദേഹം തന്നെ 2022 മാർച്ച് മാസത്തെ ബജറ്റിനോടൊപ്പം നിയമസഭയിൽ വെച്ച ബഡ്ജറ്റ് ബ്രീഫ് 2022-2023 എന്ന രേഖയിൽState’s Own Non- Tax Revenue എന്നതിൽ Lottaries 2021-22(RE) ആയി കാണിച്ചിരിക്കുന്നത് 6974 കോടി എന്നാണ്. അദ്ദേഹം പറയുന്ന മൊത്ത വരുമാനമായ 1,16,640.24 കോടി എന്നത് ലോട്ടറിയുടെ 6974 കോടികൂടി ചേർന്നതാണ്. അദ്ദേഹം പറയുന്നതുപോലെ ലോട്ടറിയിൽനിന്നുള്ള വരുമാനം 559.64 കോടിയാണെങ്കിൽ മൊത്തം വരുമാനം 1,10,225.88 കോടി മാത്രമെ ഉണ്ടാവുകയുള്ളൂ. അങ്ങനെവരുമ്പോൾ താൻ തന്നെ നിയമസഭയിൽ വെച്ച രേഖകൾ തെറ്റാണെന്നുവരുന്നു.

ലോട്ടറിയോടുള്ള ആസക്തി കാരണം വിഷാദമോ മറ്റു മാനസിക അസ്വസ്ഥതകേളാ പ്രകടിപ്പിക്കുന്ന ആളുകൾ ഇടയ്ക്ക് മാനസികരോഗ വിദഗ്ധരെ തേടിയെത്താറുണ്ടെന്ന് തിരുവനന്തപുരം ഗവ. മാനസികരോഗാശുപത്രിയിലെ സീനിയർ സൈക്യാട്രിസ്റ്റ് ഡോ. ആർ.എസ് ദിനേഷ് പറയുന്നു. സമൂഹത്തിന്റെ പൊതുവായ ആസക്തിയുടെ ഭാഗമായാണ് ലോട്ടറി ഭ്രാന്തിനെ കാണേണ്ടതെന്നും അദ്ദേഹം പറയുന്നു.

ഇന്റർനെറ്റ് ഉപയോഗിച്ചുള്ള ചൂതാട്ടരീതികളും സമീപകാലത്തായി വ്യാപകമാകുന്നുണ്ട്. റമ്മി കളിയുടെ മോഹിപ്പിക്കുന്ന പരസ്യം എഫ്ബിയിൽ നിറഞ്ഞു നിൽക്കുകയാണ്. അനിയന്ത്രിതമായി ലോട്ടറി ടിക്കറ്റുകൾ എടുത്തുകൂട്ടുക, ഷെയർ മാർക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുക തുടങ്ങിയ, യുക്തി ചിന്തയ്ക്ക് പ്രാധാന്യം നൽകാതെയുള്ള ഇത്തരം ആസക്തികളുടെ പിന്നാലെ പായുന്ന മലയാളികൾ ദുരന്തം സ്വയം വിളിച്ചുവരുത്തുകയാണ്.

സ്മാർട്ട് ഫോൺ

ദൈനംദിന ജീവിതത്തിലേക്കുള്ള സ്മാർട്ട്‌ഫോണിന്റെ കടന്നുവരവ് പല വിപ്ലവകരമായ മാറ്റങ്ങൾക്കുമിടയാക്കിയിട്ടുണ്ട്. അതുകൊണ്ട് ഒട്ടേറെ ഉപകാരങ്ങളുണ്ട്. അതോടൊപ്പം വൻവിപത്തുകളുമുണ്ട്. സ്മാർട്ട് ഫോണുകൾക്ക് പുരുഷന്മാരെക്കാൾ സ്ത്രീകളാണ് അടിമകളായിട്ടുള്ളതെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. സ്ത്രീകൾ പ്രതിദിനം നാല് മണിക്കൂർ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ പ്രവേശിക്കാനാണ് സ്ത്രീകൾ ഏറെസമയവും സ്മാർട്ട് ഫോണു കളുപയോഗിക്കുന്നത്. ഇതിനുപുറമെ ഫോൺ വിളിക്കാനും ഗെയിമുകൾ കളിക്കുന്നതിനും സെർച്ച് ചെയ്യുന്നതിനുമാണ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത്. പുരുഷൻമാർക്കിടയിൽ ഇടവേളകളിലാണ് സ്മാർട്ട് ഫോണിന്റെ ഉപയോഗം ക്രമാതീതമായി വർധിക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാതിരിക്കുമ്പോൾ തങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നതായി ഇരുപതുശതമാനം സ്ത്രീകൾ സാക്ഷ്യപ്പെടുത്തുമ്പോൾ എട്ടുശതമാനത്തോളം പുരുഷന്മാരും ഇതേ പ്രശ്‌നം അനുഭവിക്കുന്നവരാണ്.

കൗമാരക്കാരുടെ മൊബൈൽ ഫോൺ ആസക്തി

മൊബൈൽ ഫോണുകളുടെ ഉപയോഗം കൗമാരക്കാരുടെ ആസക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ജോൺസൺ എഴുതിയ ‘ആരോഗ്യത്തിന് ഹാനികരം’ എന്ന പുസ്തകത്തിൽ കൊടുത്ത ഒരു ഉദാഹരണം കാണാം: “വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ ഏകമകളായിരുന്നു അവൾ. ഫുൾ എ പ്ലസ് വാങ്ങി പ്ലസ്ടു പാസ്സായ അവളെ സയൻസ് ഗ്രൂപ്പെടൂത്ത് കോളേജിൽ ചേർത്തു. പഞ്ചായത്തിലെ ഹയർ സെക്കന്ററി സ്‌കൂളുകളിൽനിന്ന് പ്ലസ് ടു പാസ്സായവരിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ അവൾക്ക് അനുമോദനവും ആശംസകളും അർപ്പിച്ച് ഫ്‌ളെക്‌സ് ബോർഡുകളുയർന്നു. അനുമോദനയോഗങ്ങൾ നാട്ടിലെമ്പാടുമുണ്ടായി. കൂലിപ്പണിക്കാരനായ അച്ഛൻ നാട്ടുമ്പൂറത്ത് നാലാളറിയുന്ന ഒരാളായി. ചെറിയ വീട്ടിലെ അടച്ചുറപ്പുള്ള മുറി അവൾക്കുമാത്രമായി ഒഴിഞ്ഞുകൊടുത്തു. ‘അവളെ ഒരു ഡോക്ടറാക്കണം’ പലരോടും അച്ഛൻ തന്റെ അതിയായ ആഗ്രഹം പങ്കുവച്ചു. നാട്ടിൽനിന്നും ഒരു ഡോക്ടറുണ്ടാകുന്നതിനെ എല്ലാവരും സ്വാഗതം ചെയ്തു.

പക്ഷേ, കാര്യങ്ങളെല്ലാം രണ്ടുമാസംകൊണ്ട് അവതാളത്തിലായി. പെൺകുട്ടിക്ക് കലശലായ വയറുവേദന. പ്രായപൂർത്തിയാകുന്നതിനോടനുബന്ധിച്ചുള്ള പ്രശ്‌നമാകുമെന്നു കരുതി ഗൈനക്കോളജിസ്റ്റിനെ കാണിച്ചു. മരുന്നുകഴിച്ചു. ഫലമില്ല! കൂട്ടി വീട്ടിലുള്ളപ്പോൾ ഏതുസമയത്തും പൊടുന്നനെയുണ്ടാകുന്ന വയറുവേദനയെത്തുടർന്ന് കക്കൂസിലേക്കോടും. പത്തും പതിനഞ്ചും മിനിറ്റു കഴിഞ്ഞാൽ നേരിയ ഒരു ശമനം ഉണ്ടാകുമെന്ന് കണ്ടതോടെ വയറ് സംബന്ധിച്ചുള്ള എന്തോ രോഗമായിരിക്കാം എന്ന നിഗമനത്തിൽ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റിനെ കാണിക്കാൻ സമീപത്തെ ഹെൽത്ത് സെന്ററിലെ ഡോക്ടർ മെഡിക്കൽ കോേളജിലേക്ക് റഫർ ചെയ്തു. എന്നിട്ടും ഫലമില്ലാതായതോടെ മന്ത്രവാദമടക്കമുള്ള പലവഴികളും തേടി. ‘ഇല്ലാത്ത കാശുവാങ്ങി ചികിത്സയ്ക്കു കൊണ്ടുപോകേണ്ട’ എന്നു മകൾ പലവട്ടം പറഞ്ഞുനോക്കി. ഒരേയൊരു മകളുള്ള ആരെങ്കിലുമത് ചെവിക്കൊള്ളുമോ? മരുന്നും മന്ത്രവും ചെയ്യുന്നതിനിടയിലും കോേളജിൽ പോകാൻ ഉത്സാഹം കാണിച്ചിരുന്ന മകൾ നാലഞ്ചു മാസങ്ങൾക്കുശേഷം അതേ കോളേജിലെ ഒരു ഫ്രീക്ക് പയ്യനോടൊപ്പം ഒളിച്ചോടിപ്പോയി. അതിനുശേഷമാണ് അവളുടെ അമ്മയ്ക്ക് അവളുടെ വയറുവേദനയുടെ കാരണം മനസ്സിലായത്. ഫ്രീക്ക് പയ്യൻ അവൾക്ക് സമ്മാനിച്ച മൊബൈൽ ഫോണാണ് എല്ലാത്തിനും കാരണം. അച്ഛനും അമ്മയും അറിയാതെ വൈബ്രേഷനിലിട്ട് പാന്റീസിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ഫോണിലേക്ക് അവന്റെ വിളിവരുന്ന നേരത്താണ് അവൾക്ക് വയറുവേദന ഉണ്ടായിരുന്നത്!’’

മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിനാലും ഏതുനേരവും മൊബൈലിൽ കളിക്കുന്നതുകൊണ്ട് വീട്ടുകാർ ചീത്ത പറഞ്ഞതിനാലുമൊക്കെ ആത്മഹത്യ ചെയ്ത കൗമാരക്കാർ നമ്മുടെ നാട്ടിലുണ്ട്.

സാമൂഹ്യമാധ്യമങ്ങൾ

കൗമാരക്കാരും യുവതിയുവാക്കളും മാത്രമല്ല മക്കളും പേരമക്കളുമുള്ള വീട്ടമ്മമാർ പോലും അമിതമായ ആസക്തി വച്ചുപുലർത്തുന്ന ഫ്‌ളാറ്റ്‌ഫോമാണ് സാമൂഹ്യ മാധ്യമങ്ങൾ. ഫേസ്ബുക്കും വാട്‌സാപ്പും നവമാധ്യമ രംഗത്തെ തിളങ്ങുന്ന താരങ്ങളാണ്. കയ്യിൽ ഇന്റർനെറ്റ് കണക്ഷനുള്ള ഒരു മൊബൈൽ ഫോണുണ്ടെങ്കിൽ ലോകം കൈവെള്ളയിലായ അവസ്ഥയാണ്. ഗൂഗിളിലൂടെ അന്വേഷിച്ചാൽ കിട്ടാത്ത വിവരങ്ങളില്ല. ഫേസ്ബുക്ക്, വാട്‌സാപ്പ് എക്കൗണ്ടുണ്ടെങ്കിൽ ഭൂഖണ്ഡങ്ങൾ മറികടന്ന് സൗഹൃദങ്ങൾ സ്ഥാപിക്കാം. വിവരങ്ങൾ വോയ്‌സായും വീഡിയോ ആയും ഫോട്ടോകളായും നിമിഷങ്ങൾക്കകം കൈമാറാം. ഇവയുടെ ഗുണാത്മക സ്വാധീനവും ഇവകൊണ്ടുള്ള ഗുണഫലങ്ങളും വിശദീകരിക്കേണ്ടാത്തവിധം എല്ലാവരുമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

എന്നാൽ ഇവയുടെ ദോഷഫലങ്ങളും ദുഃസ്വാധീനങ്ങളും സമൂഹത്തിലുണ്ടാക്കുന്ന അരാജകത്വം കണ്ടില്ലെന്നു നടിക്കാനാവില്ല. ഗുണപരമായ സംവാദങ്ങളും ചർച്ചകളും നടത്തുന്നതിനെക്കാൾ വ്യക്തിപരമായി ചാറ്റിംഗ് നടത്തുന്നതിനാണ് പലരും ഇവ ഉപയോഗിക്കുന്നത്. എത്രയോ ദാമ്പത്യബന്ധങ്ങളുടെ തകർച്ചക്കും പെൺകുട്ടികളുടെ ചാരിത്രനഷ്ടത്തിനും മറ്റനേകം നാശനഷ്ടങ്ങൾക്കും കുറഞ്ഞ കാലയളവിനുള്ളിൽ ഇവ കാരണമായിട്ടുണ്ടെന്നതിൽ സംശയമില്ല.

ഒരു പരിചയപ്പെടൽ, പ്രായഭേദമില്ലാതെ ഫോൺ നമ്പർ കൈമാറൽ, പിന്നീട് കുറച്ചു ദിവസങ്ങൾ കുശലാന്വേഷണം. പിന്നീട് ‘ഗുഡ്‌മോണിങ്’ കാർഡുകളും പൂവുകളും. പിന്നെ നന്മനിറഞ്ഞ വാക്കുകൾ. ഭക്ഷണം കഴിച്ചോ? യാത്രയിലാണെങ്കിൽ ‘എങ്ങനെ പോകുന്നു, ഒറ്റക്കാണോ’ എന്ന കരുതലുകൾ. പിന്നെ രാത്രിയിലുള്ള ഫോൺവിളികൾ. പെട്ടെന്നുതന്നെ അത് ഫോൺ സെക്‌സിലേക്കെത്തുന്നു. പിന്നെ കണ്ടുമുട്ടലുകൾ. വൈകാതെ സൗകര്യമുളള ഏതെങ്കിലും വീട്ടിലോ റൂമിലോ കൂട്ടിക്കൊണ്ടുപോകൽ. ഒരു പെണ്ണിന് നഷ്ടപ്പെടാൻ പാടില്ലാത്തതെല്ലാം അതോടെ നഷ്ടപ്പെടുന്നു. പിന്നെ ഫോൺവിളികളും ചാറ്റിംഗും കുറഞ്ഞുതുടങ്ങും. ക്രമേണ അതും ഇല്ലാതാകും. എത്രയോ ഭാര്യമാർ ഭർത്താക്കന്മാരെയും മക്കളെയും വേണ്ടെന്നുവെച്ച് ചാറ്റിംഗ് വീരന്മാരുടെ കൂടെ ഇറങ്ങിപ്പോയിട്ടുണ്ട്, ഒടുവിൽ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ മനോരോഗികളായി മാറുകയോ ചെയ്തിട്ടുമുണ്ട്; നമ്മുടെ നാട്ടിൽതന്നെ.

രാപകൽ വ്യത്യാസമില്ലാതെ ഒഴൂകിയെത്തുന്ന ‘ഹായ്’കളിൽ ഒന്നിന് മറുപടി കൊടുത്തുപോയാൽ പിന്നെ ചോദ്യശരങ്ങളായി. മറ്റുള്ളവരെ പിണക്കാൻ സ്വതവേ മടിയുള്ള സ്ത്രീകൾ ഈ മെസേജുകളുടെ അപകടം അറിയാതെ അകപ്പെടുകയാണ് ചെയ്യുന്നത്. കുടുംബത്തിൽ ഒറ്റപ്പെടുകയും വിഷമം അനുഭവിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് ഈ മെസേജുകളിലൂടെ ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും തങ്ങൾക്ക് മാത്രം ലഭിക്കുന്നതായി അവർ നെഞ്ചേറ്റുന്നു. ‘എത്ര സ്ത്രീകൾ വേറെയുണ്ട്, എന്നിട്ടും എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തു’ എന്ന ചോദ്യം അവർ സ്വയം ചോദിക്കുകയും അതിൽ ആശ്വാസവും സംതൃപ്തിയും കണ്ടെത്തുകയും ചെയ്യും.“

അജ്ഞാതനായ ആ വ്യക്തിയുടെ വാക്കുകൾ പെണ്ണിന്റെ ജീവിതത്തെ നിയന്ത്രിച്ചുതുടങ്ങും. ഭർത്താവിനോടും കുട്ടികളോടും കളളം പറഞ്ഞും വാസ്തവങ്ങൾ ഒളിച്ചുവെച്ചും ഇവർ അവരുടെ കയ്യിലെ പാവകളാകും. ചോദിക്കുന്നതെന്തും നൽകുന്ന പരുവത്തിലേക്ക് അവരെത്തും. ‘പറ്റില്ല’ എന്ന് പറയാൻ ഇവർക്കാവില്ല. പലതവണ ‘പ്ലീസ്’ പറഞ്ഞാൽ അലിയുന്ന മനസ്സാണ് പെണ്ണിന്റേത് എന്ന് മെസഞ്ചർ ജാരനറിയാം. ഈ സൗഹൃദത്തിന്റെ സുഖത്തിൽ തകർന്ന വിവാഹ ബന്ധങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. മൊബൈൽ കമ്പനിയുടെ ഓഫീസിൽ കയറി ഭാര്യയുടെ കോൾ ലിസ്റ്റ് കണ്ട് മനസ്സ് തകർന്ന് ബാറുകൾ കയറിയിറങ്ങുന്ന ഭർത്താക്കന്മാരുടെ എണ്ണവും കുറവല്ലെന്നത് വസ്തുതയാണ്.

പുരുഷന്മാരെ മാറ്റിനിർത്തിയല്ല ഇപ്പറയുന്നത്. തനിക്ക് ഭാര്യയെ ചതിക്കാം, എന്നാൽ ഭാര്യ ചെയ്യുന്ന തെറ്റ് പൊറുപ്പിക്കില്ല എന്ന ചിന്തയിൽനിന്ന് പുരുഷന്മാർ മുക്തരാവേണ്ടതുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും മൊബൈലും ഇന്റർനെറ്റ് കണക്ഷനുമൊക്കെ നൽകുന്നവർ ജാഗ്രത പാലിക്കൽ അനിവാര്യമാണ്. രഹസ്യ പരസ്യങ്ങൾ ഒരുപോലെയറിയുന്ന അല്ലാഹുവിനെക്കുറിച്ചുള്ള ബോധം മനസ്സിൽ നട്ടുപിടിപ്പിക്കുക മാത്രമാണ് ഏത് തെറ്റിൽനിന്നും അകന്ന് നിൽക്കാനുള്ള മാർഗം.

അശ്ലീല വീഡിയോകളും ലൈംഗിക ചർച്ചകളും ഇന്ന് സർവസാധാരണമായിരിക്കുന്നു. വിനോദത്തിനും വിജ്ഞാനത്തിനും ആശയ വിനിമയത്തിനുമെല്ലാം ഇന്റർനെറ്റ് തുറന്നിടുന്ന സാധ്യതകൾ അനന്തമാണ്. എന്നാൽ അധികമായാൽ അമൃതും വിഷം എന്നാണല്ലോ.

ടിവി സീരിയലുകൾ

മലയാള ദൃശ്യമാധ്യമങ്ങൾ കേരളത്തിലെ അനിഷേധ്യ സാന്നിധ്യമായി തീർന്നതോടുകൂടി പലരുടെയും കുടുംബജീവിതംതന്നെ താറുമാറാകാനിടയായിട്ടുണ്ട്. സ്ത്രീപ്രേക്ഷകരെ ആകർഷിക്കുവാനായി തട്ടിക്കൂട്ടിയുണ്ടാക്കാറുള്ള മന്നൂറും നാനൂറും എപ്പിസോഡുകളുള്ള സീരിയലുകൾക്കു മുന്നിലിരുന്ന് അതിലെ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ച് നിലവിളിക്കുകയും കണ്ണീരൊഴുക്കുകയും വികാരംകൊള്ളുകയും അടുത്ത എപ്പിസോഡിനായി ആകാംക്ഷാഭരിതരായി കാത്തിരിക്കുകയും ചെയ്യുന്ന കുടുംബിനികൾ, അവരറിയാതെ പുതിയൊരു ലഹരിയിൽ ആമഗ്‌നരായിക്കൊണ്ടിരിക്കുകയാണ്. അതൊരു ആസക്തിയുടെ തലത്തിലേക്കുയരുന്നതോടെ ജോലികഴിഞ്ഞ് വൈകിട്ട് ക്ഷീണിതനായി തിരിച്ചെത്തുന്ന ഭർത്താവും സ്‌കൂൾ വിട്ടുവരുന്ന മക്കളും അവർക്ക് അലോസരമാകുന്നു. കുടുംബ ബന്ധങ്ങളുടെ കൂട്ടായ്മയും ഊഷ്മളഭാവങ്ങളും കെടുത്തിക്കളയുന്ന, വഞ്ചനയുടെയും ക്രൂരതയുടെയും പുതിയ പാഠങ്ങൾ പകർന്നുനൽകുന്ന ഇത്തരം സീരിയലുകളുടെ ലഹരിയിൽ ജീവിക്കുന്നവരുടെ സ്ത്രീകളുടെ എണ്ണം ചെറുതല്ല.

റിയാലിറ്റി ഷോകൾ

മറ്റൊരു പ്രധാന ലഹരിയായി മാറിയ ടി.വി. പ്രോഗ്രാമാണ് റിയാലിറ്റി ഷോകൾ. ഒരു കോടിയുടെ ഫ്‌ളാറ്റുമുതൽ പലതരം സമ്മാനങ്ങൾ ഓഫർ ചെയ്യുന്നു ഇവ. ഏതെങ്കിലും പരിപാടിയിൽ മുഖം കാണിക്കുവാൻ വ്യഗ്രത കാണിക്കുന്നവർ മക്കളോടു ചെയ്യുന്നത് കൊടും ക്രൂരതയാണ്. ‘എലിമിനേഷൻ റൗണ്ടെ’ന്ന ക്രൂരമായ അന്ത്യത്തിലൂടെ അതിൽ പങ്കെടുക്കുന്ന കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങൾ ആരും കാര്യമായെടുക്കാറില്ല. ഒരുവശത്ത് വിഡ്ഢിപ്പെട്ടിയെന്ന് വിളിച്ചാക്ഷേപിക്കുന്ന ടെലിവിഷന്റെ മിനിസ്‌ക്രീനിൽ ഒരുതവണയെങ്കിലും മുഖം കാണിക്കുവാൻ ഏത് കുത്സിതമാർഗവും സ്വീകരിക്കുവാൻ തയ്യാറാകുന്ന മലയാളികൾ തങ്ങൾ മറ്റൊരു ആസക്തിക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന കാര്യം വിസ്മരിക്കുകയാണ്.

ലഹരി വസ്തുക്കൾ

കേരളത്തിലെ യുവാക്കളിലും കൗമാരക്കാരിലും കഞ്ചാവിനോടും മറ്റു ലഹരിയുത്പന്നങ്ങളോടുമുള്ള ആസക്തി നാൾക്കുനാൾ വർധിച്ചുവരുന്നുണ്ട് എന്നതൊരു സത്യമാണ്. വൃത്തികെട്ട മണം പരത്തുന്ന മദ്യത്തിന് പകരം കുറഞ്ഞ വിലയ്ക്കു ലഭിക്കുന്നതും രഹസ്യമായി കൊണ്ടുനടന്ന് ഉപയോഗിക്കാവുന്നതും മണത്തിലൂടെ പെട്ടെന്ന് തിരിച്ചറിയാനാകാത്തതുമായ ലഹരിയന്വേഷിച്ചു തുടങ്ങിയ മലയാളികൾക്കു മുമ്പിൽ ഇന്ന് വ്യത്യസ്ത ലഹരിവസ്തുക്കളുടെ ലോകംതന്നെ തുറന്നുകിടക്കുകയാണ്.

കേരളത്തിലെ വിദ്യാർഥികളിന്ന് ലഹരികളുടെ സ്വാധീനവലയത്തിലാണ്. ലഹരിമിഠായികളും ഐസ്‌ക്രീമുകളും മുതൽ വ്യത്യസ്ത തരത്തിലും വിലയിലുമുള്ള ലഹരിഗുളികകൾവരെ സ്‌കൂൾ കുട്ടികൾക്കുപോലും അനായാസം ലഭ്യമാക്കാൻ കഴിയുന്ന ഒരു വിതരണശൃംഖല രൂപപ്പെടുത്തിയെടുക്കാൻ ലഹരിമാഫിയകൾക്കു കഴിഞ്ഞിട്ടുണ്ട്. പത്രത്തിൽ വായിച്ചറിയുകയും ടിവിയിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന കഞ്ചാവുൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ ഉപയോഗിച്ച് പരീക്ഷിച്ചു നോക്കണമെന്ന മോഹമുദിക്കുന്ന കൗമാരപ്രായത്തിൽ, ആവശ്യക്കാർക്ക് അത് ലഭ്യമാക്കാൻ സദാ ജാഗരൂകരായി സ്‌കൂളുകൾക്കും കോളേജുകൾക്കും ചുറ്റും കാത്തിരിക്കുന്ന ഏജന്റുമാർ ഫ്രീയായി നൽകുന്ന ലഹരിയുത്പന്നങ്ങളുടെ ഉപയോഗത്തിലൂടെയാണ് പലരും ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെടുന്നത്.

അവരിൽ ചിലരെങ്കിലും ഏജന്റുമാരായി മാറുന്നു. ക്ലാസ്സ്മുറികളിൽ ലഹരിവസ്തുക്കൾ എത്തിച്ചുകൊടുക്കുന്നു. സമ്പന്നരായ മാതാപിതാക്കൾ നൽകുന്ന ‘പോക്കറ്റുമണി’ തികയാതെ വരുമ്പോൾ കൊച്ചുകൊച്ചു മോഷണങ്ങളിൽ ഏർപ്പെടുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ക്രിമിനലുകളായി പോലീസിന്റെ പിടിയിലകപ്പെടുന്നു. അപ്പോഴും അവരുടെ മാതാപിതാക്കൾ മക്കൾ ലഹരിക്കടിമകളായ വസ്തുത അംഗീകരിക്കാൻ മടിക്കുന്നവരും അവരെ ചതിയിൽപ്പെടുത്തിയവർ ആരാണെന്ന അന്വേഷണത്തിൽ മുഴുകുന്നവരുമായി മാറുന്ന കാഴ്ചയാണ് കേരളത്തിലിന്ന് പൊതുവെ കാണപ്പെടുന്നത്.

സാമ്പത്തികമായ ഞെരുക്കം മൂലം അവർ ലഹരി ലഭ്യമാക്കാൻ പുതുവഴികൾ തേടും. പ്രയാസപ്പെടുന്ന വേളകളിൽ ‘കണ്ടുപിടുത്തങ്ങളുടെ മാതാവായ അത്യാവശ്യം’ അവരെ പുതിയ പരീക്ഷണങ്ങളിലേക്കും ഉപയോഗത്തിലേക്കും നയിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ന്യൂജനറേഷന്റെ കണ്ടെത്തലുകളിൽ പലതും. പെട്രോളും ഫെവിക്കോളും മുതൽ അലക്കുപൊടിയും മണ്ണെണ്ണയും ചേർത്തുണ്ടാക്കുന്ന മിശ്രിതത്തിൽ നിന്നുയരുന്ന വാതകം പോലും ലഹരിയുളവാക്കുന്നവയാണെന്ന്ക ണ്ടുപിടിക്കാൻ പ്രാപ്തിയുള്ള നമ്മുടെ ന്യൂജനറേഷൻ, ലഹരിയുടെ ആസക്തരായിത്തീരാൻ ഇടയാക്കിയ സാമൂഹികാവസ്ഥയെന്താണ്? എതെങ്കിലും ലഹരിയുപയോഗിച്ച് രാത്രി വീട്ടിൽ വന്നുകയറുന്ന മകന് അത്താഴം വിളമ്പിക്കൊടുത്ത് തിന്നാൻ നിർബന്ധിക്കുന്ന മാതാവ്, ഇതിന് കാരണമന്വേഷിക്കേണ്ടതുണ്ട്.

കുട്ടികളെ എങ്ങനെ വളർത്തണമെന്നറിയാത്തവരായി മാറിയിരിക്കുന്നു രക്ഷിതാക്കൾ. തന്റെ ബാല്യത്തിൽ തനിക്ക് ലഭിക്കാതെപോയ സൗഭാഗ്യങ്ങളെല്ലാം മക്കൾക്കു നൽകണമെന്ന് ആഗ്രഹിക്കുന്ന ഇത്തരക്കാർ സ്വന്തം ഇച്ഛകൾക്കനുസൃതമായി കുട്ടികളെ വളർത്താൻ വെമ്പൽകൊള്ളുമ്പോൾ അവന്റെ/അവളുടെ ഐ.ക്യു പരിശോധിക്കാനോ, താത്പര്യങ്ങളേതെന്നറിയാനോ ശ്രമിക്കാറില്ല. കൃത്യമായ അജണ്ടയിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ മക്കളെ നിർബന്ധിക്കുന്ന മാതാപിതാക്കൾ അവരുടെ മനസ്സിലേൽപിക്കുന്ന സമ്മർദ്ദങ്ങൾ ഒരിക്കലും തിരിച്ചറിയാറില്ല. ഒടുവിൽ അവർ എല്ലാ നിയന്ത്രണങ്ങളും വിലക്കുകളും ലംഘിക്കുവാൻ കിട്ടുന്ന അവസരം വിനിയോഗിക്കുമ്പോൾ മാതാപിതാക്കൾ അതിനു കാരണം ആരൊക്കെയാണെന്ന് തിരിച്ചറിയാൻ ശ്രമിക്കാതെ കൂട്ടുകാരെ പഴിചാരുകയും അവരോടുള്ള സൗഹൃദം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുക. അതോടെ കുട്ടികൾ അവരെ ശത്രുക്കളായിക്കാണും.

ലഹരിയുടെ പ്രത്യാഘാതം മാനസികം, ശാരീരികം, സാമൂഹികം, സാമ്പത്തികം, ആത്മീയം എന്നീ തലങ്ങളിലെല്ലാം വ്യാപകമാണ്. എല്ലാ ലഹരിവസ്തുക്കളും ഹാനികരങ്ങളാണ്. ഇവ മനുഷ്യനിൽ ശക്തമായ ആസക്തി ജനിപ്പിക്കുന്നു. ക്രമേണ മാനസികവും ശാരീരികവുമായ നാശത്തിലേക്ക് നയിക്കുന്നു. സാമ്പത്തികത്തകർച്ച, കുടുംബ പ്രശ്‌നങ്ങൾ, തൊഴിൽ പ്രശ്‌നങ്ങൾ എന്നിവ അഭിമുഖീകരിക്കുന്ന മനുഷ്യൻ ലഹരികൂടി ഉപയോഗിച്ചാൽ അത് റോഡപകടങ്ങൾ, കുറ്റകൃത്യങ്ങൾ, കൊലപാതകം, ആത്മഹത്യ എന്നിവയിലേക്ക് നയിച്ചേക്കാം.

രാജ്യത്തെ ജനങ്ങളിൽ ഭൂരിപക്ഷം ലഹരികൾക്കടിമകളായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന വസ്തുത തിരിച്ചറിയുവാനോ ഫലപ്രദമായരീതിയിൽ ബോധവത്കരണത്തിലൂടെ തടയുവാനോ ഉള്ള ഭരണകൂട ശ്രമങ്ങൾ കൊട്ടിഘോഷിക്കലോടെ ആരംഭിക്കുകയും അനതിവിദൂരമല്ലാതെ കൊട്ടിക്കലാശമില്ലാതെ അവസാനിക്കുകയുമാണു ചെയ്യുന്നത്.

ലഹരി പദാർഥങ്ങൾ ഉപയോഗിക്കുവാൻ പുതുതലമുറയെ പ്രേരിപ്പിക്കുന്ന പശ്ചാത്തലങ്ങളന്വേഷിച്ച് അതിന്റെ കാരണം കണ്ടെത്തുന്നതിലൂടെയും ബോധവൽക്കരണത്തിലൂടെയും നിയമപരമായ നടപടികളിലൂടെയും ശാശ്വതപരിഹാരം തേടുകയാണ് ഭരണകൂടം ചെയ്യേണ്ടത്.

വാഹനങ്ങളോടുള്ള ആസക്തി

ചില ചെറുപ്പക്കാരെ ബാധിച്ചിരിക്കുന്ന മറ്റൊരു ലഹരിയും ആസക്തിയുമാണ് മോട്ടോർ ബൈക്കുകളും ആഡംബ കാറുകളും. എങ്ങനെയും ഏറ്റവും മുന്തിയ ഇനത്തിൽപ്പെട്ട ഒരു ഇഷ്ടവാഹനം സ്വന്തമാക്കുന്നത് ജീവിതത്തിന്റെ പരമമായ ലക്ഷ്യമായി കരുതുന്ന ന്യൂജനറേഷൻ മലയാളി, ആൾട്രേഷൻ വരുത്തിയ വാഹനത്തിൽ അമിതവേഗതയിൽ അമിതശബ്ദം പുറപ്പെടുവിച്ച് പറന്നുപോകുമ്പോൾ അനുഭവിക്കുന്ന ലഹരി ഒന്നുവേറെത്തന്നെയാണ്! സാമൂഹിക പ്രതിബദ്ധത കുറഞ്ഞ അളവിൽ മാത്രമുള്ള ഇത്തരം മനുഷ്യരെ ആഹ്‌ളാദത്തോടും ഭയത്തോടും വീക്ഷിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ കണ്ണുകൾ തന്റെമേൽ പതിക്കുന്നുണ്ടെന്ന വിശ്വാസമാണ് ഈ ലഹരിയുടെ അടിസ്ഥാനം.

ഈ ലഹരിയോടു ചേർന്ന് മറ്റുചില ലഹരികൾകൂടി ഉപയോഗിച്ചാൽ ‘സ്വപ്നതുല്യമായ’ അവസ്ഥയിൽ അപ്പൂപ്പൻ താടിപോലെ ആകാശത്തിന്റെ അനന്തതയിലൂടെ പ്രിയ വാഹനമോടിക്കാം എന്ന് കരുതുന്ന പലരും പെരുവഴിയിൽ പിടഞ്ഞുമരിക്കുന്ന ദാരുണമായ ചിത്രം നമ്മളെന്നും കണ്ടുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഈ ലഹരിയിൽ മുഴുകുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്.

ഏതാനും ചില കാര്യങ്ങളിലുള്ള ആസക്തി മാത്രമാണ് സൂചിപ്പിച്ചത്. എണ്ണിപ്പറയുകയാണെങ്കിൽ ഇനിയും ധാരാളമുണ്ട്.

പലതരം ആസക്തികളും വിവിധയിനം ലഹരികളുമായി നെട്ടോട്ടമോടുന്നവർ സന്തോഷപൂർവം മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടും വിധം ജീവിക്കുന്നതിനു പകരം സ്വാർഥതയിലൂടെ, ആർത്തികളിലൂടെ പരക്കം പാഞ്ഞ് ഒടുവിൽ വിഫലതയിലൊടുങ്ങുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

മനുഷ്യനെന്ന നിലയിൽ, ‘മനുഷ്യത്വം’ എന്ന ഗുണേത്താടുകൂടി ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാളും വിനാശകരമായ ലഹരിയും ആസക്തിയും ഒഴിവാക്കിയേ മതിയാകൂ. ഏതെങ്കിലും തരത്തിലുള്ള ആസക്തിയിൽനിന്ന് മുക്തി നേടുന്നതിന് ഒന്നാമതായി ശക്തമായ ഇച്ഛാശക്തി ആവശ്യമാണ്. ഡീഅഡിക്ഷൻ സെന്റർ വഴിയും മറ്റും മയക്കുമരുന്ന് ആസക്തി ഉപേക്ഷിക്കാൻ കഴിയും.

വിഷാദ രോഗികളുടെ എണ്ണവും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും നമ്മുടെ നാട്ടിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ സഹിക്കാനും ക്ഷമിക്കാനും പലർക്കും കഴിയുന്നില്ല.

പരിഹാരമെന്ത്?

“അതിസമ്പന്നനും അത്രത്തോളംതന്നെ അൽപനും അഹങ്കാരിയുമായ ഒരു സുഹൃത്തിന് സംഭവിച്ച ദുരന്തം ഇത്തരുണത്തിൽ പരാമർശിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. തന്റെ സാമ്പത്തിക മേൽക്കോയ്മ സ്വന്തം നാട്ടുകാരെ ബോധ്യപ്പെടുത്തുവാനായി കോടികൾ മുടക്കി അദ്ദേഹം ഒരു ആഡംബരകാർ വിദേശത്തുനിന്ന് വാങ്ങി, എറണാകുളം എയർപോർട്ടിലേക്ക് ബുക്ക് ചെയ്തു. കാറിനു മുൻപ് നാട്ടിലെത്തിയ കണ്ണൂർക്കാരന്റെ വാഹനം എറണാകുളത്തെത്തിയിട്ടുണ്ടെന്ന് വിവരമറിഞ്ഞു. സ്വന്തം കാറിൽ ഡ്രൈവറെയും കൂട്ടി മംഗലാപുരത്തെത്തിയ അദ്ദേഹം വിമാന ടിക്കറ്റെടുത്ത് എറണാകുളത്ത് പറന്നിറങ്ങി. വാഹനം റിലീസ് ചെയ്തുവാങ്ങി സ്വയം ഓടിച്ച് കണ്ണൂരിലേക്കു പോരുമ്പോൾ കൂടെ ഡ്രൈവറുമുണ്ടായിരുന്നു. തൃശൂരടുക്കാറായപ്പോൾ അദ്ദേഹത്തിന് ചെറിയൊരു നെഞ്ചുവേദന തോന്നിത്തുടങ്ങി. ഏതായാലുമൊരു ഡോക്ടറെ കണ്ടുകളയാമെന്ന ഡ്രൈവറുടെ അഭിപ്രായം മാനിച്ച്, തൃശൂരിലെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ കയറി ഇ.സി.ജി പരിശോധിച്ചപ്പോൾ അഡ്മിറ്റാകാൻ നിർദേശിച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം ഹൃദയസ്തംഭനംമൂലം ആശുപത്രിയിലെ ഐ.സി.യുവിൽ കിടന്നു മരിച്ചു. ഇനിയേതു വാഹനത്തിലായിരിക്കും അദ്ദേഹത്തിന്റെ മൃതശരീരം കണ്ണൂർക്കു കൊണ്ടുപോവുക?’’ (ആരോഗ്യത്തിനു ഹാനികരം-ജോൺസൺ).

ഇഹലോക ജീവിതം ശാശ്വതമല്ല എന്ന തിരിച്ചറിവും തന്നെ സൃഷ്ടിച്ച രക്ഷിതാവിനെക്കുറിച്ചുള്ള ഭയവും മരണാനന്തര ജീവിതത്തിലുള്ള വിശ്വാസവുമാണ് ആസക്തികളിൽനിന്ന് അകന്നുനിൽക്കാനുള്ള യഥാർഥ വഴി. ഇഹലോകത്തിന്റെ നൈമിഷികതയെക്കുറിച്ച് ബോധമുള്ള ഒരു മനുഷ്യൻ ആസക്തികൾക്കു പിന്നാലെ പാഞ്ഞ് താന്തോന്നിയായി ജീവിക്കാൻ തരമില്ല. സകലവിധ അധർമത്തിന്റെയും ആൾരൂപങ്ങളായിരുന്ന ഒരു ജനതയെ നിഷ്‌കളങ്കരും സദാചാരനിഷ്ഠരുമാക്കിത്തീർക്കുവാൻ നബി ﷺ ക്ക് സാധിച്ചതിന്റെ പിന്നിൽ അവരിൽ ഭൗതിക ജീവിതത്തോടുള്ള അമിതകാമന ഇല്ലായ്മ ചെയ്യുവാനും പരലോക വിജയത്തിനായുള്ള അഭിനിവേശം സന്നിവേശിപ്പിക്കുവാനും കഴിഞ്ഞു എന്നുള്ളതാണ്.

മരണമെന്ന യാഥാർഥ്യം മറന്നുകൊണ്ട് ഇവിടെ ശാശ്വതനെന്നമട്ടിൽ ജീവിക്കരുത്. നമ്മൾ വെറും വഴിയാത്രക്കാരാണ്. ഇന്നല്ലെങ്കിൽ നാളെ മടങ്ങേണ്ടിവരും. നമുക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നിർബന്ധമായ മടക്കം. നമുക്ക് ഇഷ്ടമുള്ള സമയവും ദിവസവും നോക്കാതെയുള്ള മടക്കം. കാരണം, ആ മടക്കദിവസവും സമയവും തീരുമാനിക്കുന്നത് നമ്മളല്ല; സ്രഷ്ടാവാണ്. ദൈവവിശ്വാസികളും ദൈവനിഷേധികളുമൊക്കെ അവനവന് നിശ്ചയിക്കപ്പെട്ട സമയംവരുമ്പോൾ മടങ്ങിപ്പോയേ തീരൂ.

അല്ലാഹു പറയുന്നു: “ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമെ നിങ്ങൾക്ക് പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽനിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’(ക്വുർആൻ 3:185).

നബി ﷺ  പറഞ്ഞു: “ആരെങ്കിലും ഇഹലോകത്തെ സ്‌നേഹിച്ചാൽ പരലോകത്ത് അത് നഷ്ടമുണ്ടാക്കും. ആരെങ്കിലും പരലോകത്തെ സ്‌നേഹിച്ചാൽ ഇഹലോകത്ത് അത് നഷ്ടമുണ്ടാക്കും. അതുകൊണ്ട് നശിക്കുന്നതിനെക്കാൾ ശേഷിക്കുന്നതിന് നിങ്ങൾ പ്രാധാന്യം നൽകുക’’ (അഹ്‌മദ്, ബൈഹക്വി).