രോഗം: വിശ്വാസികൾ അറിയേണ്ടത്

ഹുസൈന്‍ സലഫി

2022 ഒക്ടോബർ 29, 1444 റബീഉൽ ആഖിർ 03
രോഗങ്ങൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പരീക്ഷണം മാത്രമല്ല അനുഗ്രഹം കൂടിയാണ്. ക്ഷമിക്കാനും സ്രഷ്ടാവിനെ സ്മരിക്കാനുമുള്ള സന്മനസ്സ് കാണിക്കുന്നവർക്ക് നാളേക്കുവേണ്ടിയുള്ള ഈടുവയ്പുകളായി അസുഖവും വേദനയും മാറുമെന്നാണ് പ്രവാചകാധ്യാപനം. രോഗം നൽകുന്നതും ശമനമേകുന്നതും സ്രഷ്ടാവാണ്. രോഗത്തോടുള്ള ഒരു വിശ്വാസിയുടെ സമീപനം എന്തായിരിക്കണം? ചികിത്സ എങ്ങനെയാകണം; എങ്ങനെയായിക്കൂടാ? ഒരു വിശദ പഠനം.

ജീവിച്ചിരിക്കുന്ന കാലമത്രയും പൂർണമായ ആരോഗ്യത്തോടെയും സൗഖ്യത്തോടെയും കഴിയുക എന്നത് മനുഷ്യന്റെ മോഹമാണ്. എന്നാൽ അത് ഒരിക്കലും സംഭവ്യമല്ല. പലവിധ രോഗങ്ങളും നമ്മെ ബാധിച്ചേക്കാം. അത്തരം സന്ദർഭങ്ങളിൽ ഒരു മുസ്‌ലിം പാലിക്കേണ്ട മര്യാദകൾ എന്തായിരിക്കണം, അതിനോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ഐഹിക ജീവിതവും അതിലെ അനുഭവങ്ങളും ശാശ്വതമല്ല. ഇന്ന് നമ്മെ ചിരിപ്പിക്കുന്ന ദുൻയാവ് നാളെ നമ്മെ കരയിപ്പിക്കുന്നതായേക്കാം. ഇന്ന് നമുക്ക് സന്തോഷമാണെങ്കിൽ നാളെ നമുക്ക് ദുഃഖമായേക്കാം. അങ്ങനെ രാവും പകലും മാറി മാറി വരുന്നത് പോലെ, കാലാവസ്ഥകൾ മാറി മാറി വരുന്നത് പോലെ സുഖവും ദുഃഖവും സന്തോഷവും സങ്കടവുമൊക്കെ മാറിമാറി വന്ന് കൊണ്ടിരിക്കുന്ന പ്രത്യേകമായ ഒരവസ്ഥയിലാണ് മനുഷ്യന്റെ ഭൗതിക ജീവിതം അല്ലാഹു ക്രമീകരിച്ചിട്ടുള്ളത്. ഏതെങ്കിലും ഒന്നിന്റെ പേരിൽ വളരെയേറെ സന്തോഷിക്കുന്നുെണ്ടങ്കിൽ കുറച്ച് കഴിയുമ്പോൾ അതിന്റെ പേരിൽ തന്നെ വിലപിക്കേണ്ടി വരുന്ന അവസ്ഥയും നാം കണ്ടുകൊണ്ടിരിക്കുന്നു.

ഐഹിക ജീവിതത്തെക്കുറിച്ച് നബി ﷺ  പറഞ്ഞത് ശ്രദ്ധേയമാണ്: “നീ ഈ ദുൻയാവിൽ ജീവിക്കേണ്ടത് ഒരു വിദേശിയെ പോലെയാണ്. അതല്ലെങ്കിൽ ഒരു വഴിയാത്രക്കാരനെ പോലെയാണ്’’(ബുഖാരി).

അൽപനേരം വിശ്രമിച്ച് ഒഴിവാക്കിപ്പോകുന്ന മരത്തണൽ, അല്ലെങ്കിൽ താൽക്കാലികമായ ചില ആവശ്യങ്ങൾക്ക് ചെന്നെത്തിയ, ആവശ്യം നിറവേറിയാൽ ഉടനെ വിട്ടേച്ചുപോരുന്ന അന്യരാജ്യം... അത്രയേ ഇഹലോകത്തിന് സ്ഥാനമുള്ളൂ. ഇത് മനസ്സിലാക്കുകയാണ് ഒരു രോഗി അവന്റെ രോഗാവസ്ഥയിൽ ശാന്തി ലഭിക്കാൻ വേണ്ടി ചെയ്യേണ്ട ഒന്നാമത്തെ കാര്യം.

പ്രവാചകൻ(സ)യുടെ പ്രഭാത, പ്രദോഷ പ്രാർഥനകളിൽ അല്ലാഹുവോട് സൗഖ്യത്തിന് വേണ്ടിയുള്ള തേട്ടം കാണാം:

“അല്ലാഹുവേ, ഇഹത്തിലും പരത്തിലും നിന്നോട് ഞാൻ സൗഖ്യം ചോദിക്കുന്നു’’ (അബൂദാവൂദ്).

‘എനിക്ക് ആരോഗ്യം തരണേ’ എന്ന് നാം അല്ലാഹുവിനോട് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നു. നമസ്‌കാരത്തിൽതന്നെ രണ്ടു സുജൂദുകൾക്കിടയിൽ ഈ കാര്യം നാം അല്ലാഹുവിനോട് ചോദിക്കുന്നുണ്ട് എന്നത് ഓർക്കുക. ‘വ ആഫിനീ’ എന്നതിന്റെ അർഥം ‘എനിക്ക് സൗഖ്യം നൽകണേ’ എന്നാണ് എന്നത് പലരും അറിയാതെ പോകുന്നു.

ഇങ്ങനെയൊക്കൊയാണെങ്കിലും ഒരു പരീക്ഷണം എന്ന നിലക്കും ചില ഘട്ടങ്ങളിൽ നമ്മിൽനിന്നുണ്ടാവുന്ന തിന്മകൾക്കുള്ള ശിക്ഷ എന്ന നിലക്കും നമ്മെ രോഗം പിടികൂടിയേക്കാം. രോഗം ബാധിച്ചാൽ അത് പരീക്ഷണമാണോ അതോ തന്നിൽ സംഭവിച്ചുപോയിട്ടുള്ള തിന്മയുടെ പരിണിതഫലമാണോ എന്നൊന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല.

അതിനെക്കുറിച്ച് ആകുലപ്പെട്ട് ഇരിക്കുകയല്ല നമ്മൾ ചെയ്യേണ്ടത്. രോഗാവസ്ഥയിൽ മാനസികമായ ൈധര്യമാണ് ആദ്യം വേണ്ടത്. രോഗം എന്താണെന്നും രോഗം തരുന്നത് ആരാണെന്നും ആരാണ് അത് സുഖപ്പെടുത്തുന്നതുമൊക്കെ നാം നമ്മുടെ മനസ്സിനെ ബോധ്യപ്പെടുത്തണം.

തനിക്ക് കാര്യമായ ആരോഗ്യപ്രശ്‌നം ഒന്നുമില്ലായെന്ന് വിചാരിച്ച് നടക്കുന്നതിനിടയിലായിരിക്കും മറഞ്ഞുകിടക്കുകയായിരുന്ന രോഗം പുറത്തുചാടുന്നത്. ചിലപ്പോൾ രക്തമോ മൂത്രമോ മറ്റോ പരിശോധിക്കുമ്പോഴാകും ഗുരുതരമായ രോഗം ഒളിഞ്ഞിരിക്കുന്നത് തിരിച്ചറിയുക. അവിടം മുതൽ അയാൾ അറിയുന്നു താൻ ഒരു രോഗിയാണെന്ന്.

ഒരാൾ താൻ രോഗിയാണെന്ന് അറിഞ്ഞാൽ തന്റെ മനസ്സിനെ പഠിപ്പിക്കേണ്ടുന്ന ചില പരമപ്രധാനമായ കാര്യങ്ങളുണ്ട്. അതിലേക്കാണ് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

അല്ലാഹു ഒരു സത്യവിശ്വാസിയോട് ഇഷ്ടം വെക്കുമ്പോൾ അവനെ കൂടുതൽ പരീക്ഷണത്തിന് വിധേയനാക്കും. പലപ്പോഴും രോഗം വന്നുകഴിഞ്ഞാൽ, താൻ രോഗിയാണെന്ന് അറിയുമ്പോൾ മനസ്സ് നിരാശപ്പെട്ട്, വളരേയേറെ ദേഷ്യപ്പെട്ട്, ക്ഷമകേടിന്റെയും സഹികേടിന്റെയും വാക്കുകൾ പറഞ്ഞ് പരീക്ഷണം മുഖേന ലഭിക്കാവുന്ന പുണ്യങ്ങൾ നഷ്ടപ്പെടുത്തുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും.

അനസി(റ)ൽനിന്നുള്ള ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം, അല്ലാഹുവിന്റെ റസൂൽ ﷺ  പറയുന്നു: “ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്നത് ഏറ്റവും വലിയ പരീക്ഷണങ്ങളുടെ കൂെടയാണ്.’’

ഏറ്റവും വലിയ പരീക്ഷണം ആർക്കുണ്ടോ, അവർക്കാണ് ഏറ്റവും വലിയ പ്രതിഫലം അല്ലാഹു നൽകുന്നത് എന്ന് ഈ ഹദീഥിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

“അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ അവരെ കടുത്ത പരീക്ഷണങ്ങൾക്ക് വിധേയരാക്കും. ആർ അല്ലാഹുവിന്റെ വിധിയിൽ തൃപ്തിപ്പെട്ടുവോ അവന് അല്ലാഹുവിന്റെ തൃപ്തി ലഭിക്കും. ആ വിധിയിൽ ക്ഷമകേട് കാണിച്ച് ആര് കോപിക്കുന്നുവോ അവന് അല്ലാഹുവിന്റെ കോപമാണ് അതുമുഖേന ഉണ്ടായിത്തീരുന്നത്’’ (തുർമുദി).

അതിനാൽ, പരീക്ഷണങ്ങളിൽ സഹിക്കാനും ക്ഷമിക്കാനുമുള്ള കരുത്ത് നേടിയെടുക്കാൻ വേണ്ടിയാണ് നബി ﷺ  പഠിപ്പിക്കുന്നത്. ഈ വിഷയത്തിൽ ഇനിയും ധാരാളം ഹദീഥുകൾ നമുക്ക് കാണാൻ സാധിക്കും:

“അല്ലാഹു തന്റെ അടിമയെക്കൊണ്ട് നന്മ ഉദ്ദേശിക്കുന്നതായാൽ ഇഹലോകത്തുവെച്ച് തന്നെ ശിക്ഷ ധൃതി കൂട്ടി കൊടുക്കും. പരലോകത്തിലേക്ക് മാറ്റിവെക്കാതെ ശിക്ഷകൊടുക്കും. അവന്റെ പല തിന്മകൾക്കും ശിക്ഷ ഇവിടെവെച്ച് കൊടുത്തുതീർക്കും. പരലോകത്ത് അവന് ശിക്ഷയുണ്ടാവില്ല. ഒരു അടിമയെക്കൊണ്ട് തിന്മ ഉദ്ദേശിക്കുമ്പോൾ അവന്റെ പാപങ്ങൾ പിടിച്ചുവെച്ച് അവന് ഇഹലോകത്തിൽ ഒന്നും ബാധിപ്പിക്കാതിരിക്കുന്നു; പരലോകത്തിലെത്തുമ്പോൾ കടുത്തനിലക്കുള്ള ശിക്ഷ അതുകാരണത്താൽ അവന് ലഭിക്കുന്നു’’ (തുർമുദി).

ഈ ഹദീസുകളിൽനിന്നെല്ലാം നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്, അല്ലാഹുവിന്റെ അടുക്കൽനിന്നുള്ള പരീക്ഷണങ്ങൾ ഒരുവേള നമ്മുടെ കുറ്റങ്ങൾ കാരണമായി സംഭവിക്കുന്നതാണെങ്കിൽ അതുകൊണ്ടുള്ള പ്രയാസം ഇവിടെവെച്ച് തന്നെ തീരുന്നതാണ്. വിശ്വാസിയെ സംബന്ധിച്ച് അത് ഗുണകരമാണല്ലോ.

പരലോകത്ത് അല്ലാഹുവിന്റെ അടുക്കൽനിന്നുള്ള പ്രതിഫലമാണ് കിട്ടുന്നതെങ്കിൽ അതും അവന് ഗുണകരമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതാനും കാലം മാത്രമുള്ള ഈ ലോകത്തുവെച്ച് ശിക്ഷ അനുഭവിക്കുന്നതാണല്ലോ ശാശ്വതമായ പരലോകത്ത് അനന്തമായ ശിക്ഷ അനുഭവിക്കന്നതിനെക്കാൾ നല്ലത്. പരലോകരക്ഷയാണല്ലോ പ്രധാനം. ഈ നിലക്കുള്ള ചിന്തയാണ് പരീക്ഷണഘട്ടത്തിൽ വിശ്വാസിയിൽ ഉണ്ടാകേണ്ടതെന്ന് റസൂൽ ﷺ  നമ്മെ ബോധ്യപ്പെടുത്തുകയാണ് ഈ വചനത്തിലൂടെ.

മനുഷ്യരിൽ ഏറ്റവും കൂടുതൽ പരീക്ഷണത്തിന് വിധേയരായവർ നബിമാരാണ്.

സഅ്ദ്(റ) ഒരിക്കൽ പറയുകയുണ്ടായി: “ഞാൻ റസൂലി ﷺ നോട് ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ജനങ്ങളിൽ ഏറ്റവും കടുത്ത പരീക്ഷണങ്ങൾക്ക് വിധേയരാകുന്നവർ ആരാണ്?’ ‘നബിമാരാണ് ജനങ്ങളിൽ ഏറ്റവും കടുത്ത പരീക്ഷണങ്ങൾക്ക് വിധേയരാകുന്നവർ. പിന്നെ അതിനോടടുത്ത ശ്രേഷ്ഠന്മാർ. പിന്നീട് അതിനോടടുത്ത ശ്രേഷ്ഠന്മാർ.’’

നബി ﷺ  ഇത് വിശദീകരിക്കുന്നത് ഇപ്രകാരമാണ്: “അതിനാൽ ഒരാൾ തന്റെ മതബോധത്തിന്റെ തോതനുസരിച്ച് പരീക്ഷിക്കപ്പെടുന്നതാണ്. അവന്റെ മതവിശ്വാസം കടുത്തതാണെങ്കിൽ പരീക്ഷണം അതികഠിനമായിരിക്കും. അവന്റെ മതം അൽപം ലോലമാണെങ്കിൽ അവനുള്ള പരീക്ഷണവും കാഠിന്യം കുറഞ്ഞതായിരിക്കും. ഒരു അടിമക്ക് ബാധിച്ച വിപത്തുകൾ കാരണം അവന്റെ ജീവിതത്തിലെ എല്ലാ പാപങ്ങളും അവനിൽനിന്നും കൊഴിഞ്ഞുപോകുന്നതുവരെ അവൻ ഭൂമിയിലൂടെ നടന്നുകൊണ്ടിരിക്കും’’ (അഹ്‌മദ്).

അല്ലാഹു അയാളെ അതുമൂലം സ്ഫുടം ചെയ്‌തെടുത്തിട്ടുണ്ടാവും. അതിനാൽ നമുക്കാർക്കും പരീക്ഷണം വരുകയില്ലെന്ന്, ശാരീരികമായി മാനസികമായി പരീക്ഷണങ്ങൾ ഉണ്ടാകില്ലെന്ന് നമ്മൾ വിചാരിക്കേണ്ടതില്ല. കാരണം, അല്ലാഹു വളരെ ശക്തമായി പറയുന്നു:

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക’’ (അൽബക്വറ:155).

“തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) പറയുന്നത്; ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും...’’ (അൽബക്വറ:156).

എന്ത് ആപത്ത് വന്നാലും ക്ഷമകേടിന്റെ വർത്തമാനം പറയാതെ, ഞങ്ങൾ അല്ലാഹുവിന്റെ സൃഷ്ടികളാണ്, അവന്റെ അടിമകളാണ്. ഞങ്ങളിൽ എന്ത് തീരുമാനമെടുക്കാനും അല്ലാഹുവിന് അർഹതയും അവകാശവുമുണ്ട്. അതിനെ ചോദ്യം ചെയ്യാൻ തങ്ങൾക്ക് അവകാശമില്ല. റബ്ബ് വിധിക്കുന്നതെന്തും നന്മയായിരിക്കും. ഞങ്ങൾ അവനിലേക്ക് മടങ്ങിപ്പോകേണ്ടവരാണ് എന്ന വിചാരമാണ് വിശ്വാസികളിൽ ഉണ്ടാകേണ്ടത്.

“അവർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സൻമാർഗം പ്രാപിച്ചവർ’’ (അൽബക്വറ:156).

“തീർച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങൾ പരീക്ഷിക്കപ്പെടുന്നതാണ്...’’ (ആലുഇംറാൻ:186).

ദേഹങ്ങൾകൊണ്ടുള്ള പരീക്ഷണമാണ് രോഗങ്ങൾ. ഒരു വിശ്വാസി അക്ഷമനാകാൻ പാടില്ല. വേദന സഹിക്കുമ്പോൾ ക്ഷമകേടിന്റെ വാക്കുകൾ അറിയാതെ പറഞ്ഞുപോയേക്കും. പക്ഷേ, പറയാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീഥിൽ ഇങ്ങനെ കാണാം: “അല്ലാഹു ഒരാളെക്കൊണ്ട് ഖൈർ (നന്മ) ഉദ്ദേശിച്ചാൽ ആ മനുഷ്യന് അല്ലാഹു വല്ല ആപത്തുകളും കൊടുക്കും’’ (ബുഖാരി).

അല്ലാഹു നമുക്കൊരു നന്മ ഉദ്ദേശിക്കുമ്പോഴാണ് പരീക്ഷണങ്ങൾ വരുന്നതെന്ന് നമ്മൾ നമ്മുടെ മനസ്സിനെ പഠിപ്പിക്കണം.

മഹാനായ ഇബ്‌നുമസ്ഊദ്(റ) പറയുന്നു; അദ്ദേഹം ഒരിക്കൽ പ്രവാചകൻ ﷺ യുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവിടുന്ന് പനിച്ച്, വേദനിച്ച് കിടന്ന് പ്രയാസപ്പെടുകയാണ്. അപ്പോൾ ഇബ്‌നുമസ്ഊദ് (റ) ചോദിച്ചു: “നബിയേ, താങ്കൾക്ക് വല്ലാത്ത വേദനയുണ്ടല്ലേ? വല്ലാത്ത പനിയും പ്രയാസവും താങ്കൾക്കുണ്ടല്ലൊ! കഠിനമായ പ്രയാസം താങ്കൾ അനുഭവിക്കുന്നുണ്ട് അല്ലേ?’’ നബി ﷺ  മറുപടി പറഞ്ഞു: “അതെ, നിങ്ങളിൽ രണ്ടു പേർക്കുണ്ടാകുന്ന വേദന ഞാൻ അനുഭവിക്കുന്നുണ്ട്.’’ അന്നേരം ഇബ്‌നുമസ്ഊദ്(റ) ചോദിച്ചു: “അപ്പോൾ നബിയേ, താങ്കൾക്ക് രണ്ടാളുടെ പ്രതിഫലവുമുണ്ടാവുമല്ലേ?’’ നബി ﷺ  പറഞ്ഞു: “അതെ. എനിക്ക് രണ്ടാളുടെ വേദനയുണ്ടെങ്കിൽ എനിക്ക് രണ്ടാളുടെ കൂലിയും കിട്ടുന്നതാണ്’’ (ബുഖാരി, മുസ്‌ലിം).

വേദന സഹിക്കുകയും ക്ഷമിക്കുകയും ചെയ്ത്, ക്ഷമകേടിന്റെ വാക്കുകൾ പറയാതെ ജീവിക്കുന്നിടത്തോളം കാലം നമുക്ക് അതിലൂടെ അല്ലാഹു ധാരാളം പ്രതിഫലം തരുമെന്ന് ഈ നബിവചനം നമ്മെ പഠിപ്പിക്കുന്നു.

രോഗമാകുന്ന പരീഷണഘട്ടങ്ങളിൽ അല്ലാഹുവിന്റെ തീരുമാനത്തിൽ വെറുപ്പ് കാണിക്കാതെ, അനുവദനീയമായ മാർഗത്തിലൂടെ രോഗശമനത്തിന് ശ്രമിച്ച്, ഹറാമിലേക്കും കുഫ്‌റിലേക്കും ശിർക്കിലേക്കും വഴുതിവീഴാതെ മുന്നോട്ടുപോയാൽ പരലോകത്ത് വമ്പിച്ച പ്രതിഫലമാണ് ലഭിക്കുക.

ഇമാം തുർമുദി റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം: “ഇഹലോകത്ത് കടുത്ത പരീക്ഷണങ്ങൾ നേരിട്ടവർക്കുള്ള പ്രതിഫലം നൽകപ്പെടുമ്പോൾ അന്ത്യനാളിൽ (ദുനിയാവിൽ) ആരോഗ്യമുള്ള ആളുകൾ കൊതിച്ചുപോകും; ദുനിയാവിൽവെച്ച് ഞങ്ങളുടെ തൊലിയുടെ ഓരോ ഭാഗവും കത്രികകൊണ്ട് കത്രിക്കപ്പെട്ടിരുന്നുവെങ്കിൽ എത്രനന്നായിരുന്നു എന്ന്.’’

വേദനയുടെ ഘട്ടത്തിൽ ക്ഷമയവലംബിച്ച്, കുഫ്‌റിലേക്കും ശിർക്കിലേക്കും പോകാതെ റബ്ബിന്റെ തീരുമാനത്തിൽ തൃപ്തിപ്പെട്ട് ജീവിച്ചവർക്ക്, തങ്ങൾക്ക് പരലോകത്ത് ലഭിക്കുന്ന വമ്പിച്ച പ്രതിഫലം കാണുമ്പോൾ തോന്നുന്ന മോഹമാണിത്.

ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീഥ് ഇപ്രകാരമാണ്: “ഒരു മുസ്‌ലിമിന് രോഗപീഡയോ അതുപോലുള്ളതോ ബാധിക്കുമ്പോൾ വൃക്ഷത്തിൽനിന്നും ഇലകൾ പൊഴിയുന്നതുപോലെ അവന്റെ പാപങ്ങൾ കൊഴിഞ്ഞുപോകുന്നു.’’

അബൂഹുറയ്‌റ(റ)യിൽനിന്ന്; പ്രവാചകൻ ﷺ  പറഞ്ഞു: “സത്യവിശ്വാസിയുടെയും സത്യവിശ്വാസിനിയുടെയും ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണങ്ങൽ സംഭവിച്ചുകൊണ്ടേയിരിക്കും. അവസാനം, പാപരഹിതമായ അവസ്ഥയിൽ അയാൾ അല്ലാഹുവിനെ അഭിമുഖീകരിക്കുന്നതുവരേക്കും’’ (തുർമുദി: 2401).

സ്വന്തം കാലിൽ ഒരു മുള്ളുതറച്ചാൽപോലും അയാളുടെ പാപങ്ങൾ കൊഴിഞ്ഞുപോകുമെന്ന് പ്രവാചകൻ ﷺ  പഠിപ്പിക്കുന്നുണ്ട്. ഒരു നബിവചനം ഇങ്ങനെയാണ്:

“സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണകരമാണ്. ഇത് സത്യവിശ്വാസികൾക്കല്ലാതെ മറ്റാർക്കുമില്ല. സന്തോഷം ഉണ്ടാകുമ്പോൾ അവൻ നന്ദി കാണിക്കുന്നു. അങ്ങനെ അത് അവന് നന്മയാകുന്നു. അവന് തിന്മ ബാധിക്കുമ്പോൾ ക്ഷമിക്കുകയും ചെയ്യുന്നു. അതും അവന് നന്മയാകുന്നു’’ (മുസ്‌ലിം).

അല്ലാഹു പറയുന്നു: “ക്ഷമാശീലർക്കുതന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്’’ (അസ്സുമർ:10).

സഹനത്തിന് സ്വർഗമാണ് പ്രതിഫലമെന്ന് നമ്മെ ക്വുർആനും തിരുസുന്നത്തും ബോധ്യപ്പെടുത്തുന്നു എന്ന് വ്യക്തം. പ്രവാചക സന്നിധിയിൽ വന്ന് തനിക്ക് ബാധിച്ച വിഷമത്തെക്കുറിച്ച് പരാതി പറഞ്ഞ ഒരു സ്ത്രീയുടെ സംഭവം ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്തതായി കാണാം. ആ സംഭവം അത്വാഅ്(റ) വിവരിക്കുന്നത് ഇപ്രകാരമാണ്:

“ഇബ്‌നു അബ്ബാസ്(റ) എന്നോട് ചോദിച്ചു: ‘സ്വർഗവാസികളിൽപെട്ട ഒരു സ്ത്രീയെ ഞാൻ നിങ്ങൾക്ക് കാണിച്ചുതരട്ടെ?’ ഞാൻ പറഞ്ഞു: ‘അതെ.’ അദ്ദേഹം പറഞ്ഞു: ‘ഈ കറുത്ത സ്ത്രീ; അവർ പ്രവാചകന്റെ അടുക്കൽ വന്നു പറഞ്ഞു: ‘എനിക്ക് അപസ്മാരം പിടിപെടുന്നു. അതുമൂലം എന്റെ നഗ്നത വെളിപ്പെടുന്നു. അതുകൊണ്ട് താങ്കൾ എനിക്കുവേണ്ടി പ്രാർഥിക്കണം.’ പ്രവാചകൻ ﷺ  പറഞ്ഞു: ‘നീ ഉദ്ദേശിക്കുന്നുവെങ്കിൽ ക്ഷമിച്ചാൽ നിനക്കു സ്വർഗമുണ്ട്. അതല്ല, നീ അഗ്രഹിക്കുന്നുവെങ്കിൽ നിന്റെ സൗഖ്യത്തിനുവേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കാം.’ അവർ പറഞ്ഞു: ‘ഞാൻ ക്ഷമിക്കാം. എന്നാൽ എന്റെ നഗ്നത വെളിപ്പെടാതിരിക്കാൻ താങ്കൾ അല്ലാഹുവിനോട് പ്രാർഥിച്ചാലും.’ അങ്ങനെ പ്രവാചകൻ ﷺ  അതിനുവേണ്ടി പ്രാർഥിച്ചു’’(ബുഖാരി, മുസ്‌ലിം).

ഈ ഹദീസിൽനിന്ന് രണ്ട് കാര്യങ്ങൾ മനസ്സിലാക്കാം:

ഒന്ന്) ഏത് അസുഖം ബാധിച്ചാലും നമ്മൾ സഹനവും ക്ഷമയും പാലിക്കുന്നുവെങ്കിൽ നമുക്ക് സ്വർഗമാണ് പ്രതിഫലമുള്ളത്.

രണ്ട്) തനിക്കു ബാധിച്ച രോഗത്താൽ ബോധക്ഷയം സംഭവിക്കുകയും തന്റെ ശരീരത്തിൽനിന്നും വസ്ത്രം നീങ്ങിപ്പോകുകയും ചെയ്യുന്നുവെന്ന് അവർ അറിയിക്കുന്നു; തന്റെ നഗ്‌നത വെളിപ്പെടാതിരിക്കാൻ പ്രാർഥിക്കണമെന്ന് അവർ അപേക്ഷിക്കുകയും ചെയ്യുന്നു. കാരണം നബി ﷺ  പ്രാർഥിച്ചാൽ ഉത്തരം കിട്ടുമെന്ന ഉറച്ചവിശ്വാസം അവർക്കുണ്ട്.

താൻ അറിയാതെ, തന്റെ കഴിവിൽപെടാത്ത കാര്യങ്ങൾകൊണ്ട് പോലും തന്റെ നഗ്നത വെളിവാകുന്നുവെന്ന മനഃപ്രയാസമാണ് ആ സ്വഹാബി മഹതിയുടെ പരാതി. വസ്ത്രമുണ്ടായിട്ടും തന്റെ മേനിയഴക് പ്രദർശിപ്പിച്ച് നടക്കുന്ന സ്ത്രീകളുടെ കാര്യം എത്ര ഗൗരവമുള്ളതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലൊ. നഗ്നത പ്രദർശിപ്പിക്കുന്നവർക്ക് സ്വർഗത്തിന്റെ പരിമളം പോലും ലഭിക്കുകയില്ലെന്ന് പ്രവാചകൻ  ﷺ  പഠിപ്പിക്കുന്നു:

“സ്വർഗത്തിൽ അവർ പ്രവേശിക്കുന്നില്ല. സ്വർഗത്തിന്റെ പരിമളം പോലും ലഭിക്കുകയില്ല’’ (ബുഖാരി, മുസ്‌ലിം).

രോഗമുണ്ടാകുമ്പോൾ അസ്വസ്ഥത കാണിച്ച് ആ രോഗത്തെ ചീത്തപറയുന്ന സ്വഭാവത്തെ നബി ﷺ  ഗൗരവത്തോടെ വിലക്കുകയാണ് ചെയ്തിട്ടുള്ളത്. രോഗിയായി കിടക്കുന്ന ഒരു സ്ത്രീയെ പ്രവാചകൻ ﷺ  സന്ദർശിക്കുകയും അവരോട് ഇപ്രകാരം ചോദിക്കുകയും ചെയ്തു:

“ഉമ്മു സാബിബ് -അല്ലെങ്കിൽ ഉമ്മു മുസ്വയ്യിബ്-നിനക്കെന്തു പറ്റി? നീ എന്താണു വിറയ്ക്കുന്നത്?’’ അവർ പറഞ്ഞു: “പനിയാണ്. അതിൽ അല്ലാഹു അനുഗ്രഹിക്കാതിരിക്കട്ടെ.’’ അപ്പോൾ പ്രവാചകൻ  ﷺ  പറഞ്ഞു: “നീ പനിയെ ശപിക്കരുത്. കാരണം അത് ആദമിന്റെ സന്തതികളുടെ പാപങ്ങൾ ഇല്ലാതാക്കും; ഉല ഇരുമ്പിന്റെ മാലിന്യങ്ങൾ ഇല്ലാതാക്കുന്നതുപോലെ’’ (മുസ്‌ലിം).

നമ്മുടെ വീട്ടുകാരെയും കുടുംബങ്ങളെയും പഠിപ്പിക്കേണ്ട മഹത്തായ സന്ദേശമാണ് പ്രവാചകൻ  ﷺ  ആ സ്ത്രീക്ക് പകർന്നുനൽകിയത്. പ്രശ്‌നങ്ങളിലും പരീക്ഷണങ്ങളിലും അവിശ്വാസത്തിന്റെ വാക്കുകൾ ഉരുവിടാതെ, മനസ്സിനെ ഈമാനിൽ നിലനിർത്തി ക്ഷമിക്കാനും സഹിക്കാനും സത്യവിശ്വാസിക്ക് സാധിക്കേണ്ടതുണ്ട്.

മഹാനായ പ്രവാചകൻ അയ്യൂബ് നബി(അ) രോഗംകൊണ്ട് കഷ്ടപ്പെട്ടപ്പോൾ അങ്ങേയറ്റം ക്ഷമിച്ച് പ്രാർഥനയിൽ കഴിഞ്ഞുകൂടിയതിന്റെ ചരിത്രം വിശുദ്ധ ക്വുർആനിൽ കാണാം:

“അയ്യൂബിനെയും (ഓർക്കുക). തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാർഥിച്ച സന്ദർഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരിൽവെച്ച് ഏറ്റവും കരുണയുള്ളവ നാണല്ലോ’’ (അൽഅമ്പിയാഅ്:83).

ക്വുർആനിലൂടെ അല്ലാഹു അയ്യൂബ് നബി(അ)യെ പ്രത്യേകം പ്രശംസിച്ചുപറഞ്ഞത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. കഠിനമായ പരീക്ഷണങ്ങൾക്ക് വിധേയനായിട്ടും അയ്യൂബ് നബി(അ) പതറിയിട്ടില്ല. അക്ഷമയുടെവാക്ക് ഉരുവിട്ടില്ല.

അല്ലാഹു പറയുന്നു: “തീർച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസൻ! തീർച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു’’ (സൂറതുസ്സ്വാദ്:44).

ആരോഗ്യവും സൗഖ്യവുമുള്ളപ്പോൾ ഒരുവേള സ്രഷ്ടാവിനെ മറക്കുകയും കഷ്ടപ്പൊടുണ്ടാകുമ്പോൾ അവനെ വിളിച്ച് വിലപിക്കുകയും ചെയ്യുന്ന മനുഷ്യർ ധാരാളമുണ്ട്. ജീവിതത്തിലെ നേട്ടങ്ങളുടെ ലഹരിയിൽ അഹങ്കാരത്തോടെ ജീവിക്കുന്നവവരുടെ അഹങ്കാരത്തിന് കുറവു വരാൻ അവരെ ബാധിക്കുന്ന വലിയ രോഗങ്ങൾ കാരണമാകാറുണ്ട്. എനിക്ക് ആരുടെയും സഹായമാവശ്യമില്ല; ഞാൻ വലിയവനാണെന്ന ദുഷിച്ചചിന്ത മനുഷ്യനെ അഹങ്കാരിയാക്കുകയും ഈ മാനസികാവസ്ഥ അവനെ ദൈവനിഷേധത്തിലേക്ക് നയിക്കുകയും ചെയ്യാം.

അല്ലാഹു പറയുന്നു: “നിസ്സംശയം; മനുഷ്യൻ തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാൽ ധിക്കാരിയായിത്തീരുന്നു’’ (അൽഅലക്വ്: 6,7).

ഒരു തലവേദന വന്നാൽപോലും ഇബാദത്തുകൾ ഒഴിവാക്കി അസ്വസ്ഥത കാണിക്കുന്നവരുമുണ്ട്. നബി ﷺ  പറഞ്ഞിട്ടുള്ളത് നല്ല ആരോഗ്യമുള്ള അവസ്ഥയിൽ നന്നായി ഇബാദത്തുകളിൽ ശ്രദ്ധിക്കുവാനാണ്.

രോഗാവസ്ഥയിലും പ്രതിഫലമുണ്ട്

ആരോഗ്യാവസ്ഥയിൽ മനുഷ്യൻ ചെയ്തിരുന്ന സൽകർമങ്ങളുടെ അതേ പ്രതിഫലംതന്നെ രോഗാവസ്ഥയിലും അവന് ലഭിക്കുമെന്ന് പ്രവാചകൻ ﷺ  പ്രസ്താവിച്ചതായി കാണാം:

“അടിമ രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ താൻ ആരോഗ്യാവസ്ഥയിൽ കഴിഞ്ഞിരുന്നപ്പോഴുള്ള പ്രതിഫലം അവന് നൽകപ്പെടുന്നതാണ്’’ (ബുഖാരി, മുസ്‌ലിം).

രണ്ടു കാര്യങ്ങൾ ഈ ഹദീസിൽനിന്ന് ഗ്രഹിക്കാം:

1) ആരോഗ്യസമയത്ത് സൽകർമങ്ങളിൽ നിരതനായാൽ അത് മനുഷ്യന് നന്മയാണ്.

2) രോഗാവസ്ഥയോ യാത്രയോ അവന് ഉണ്ടായാൽ അവന്റെ മുമ്പുള്ള ജീവിതത്തിലെ നന്മകൾക്ക് അനുയോജ്യമായ പ്രതിഫലം ഈ അവസ്ഥകളിലും അല്ലാഹു നൽകുന്നതാണ്.

മറ്റൊരു ഹദീഥിൽ ഇപ്രകാരം കാണാം: “ജനങ്ങളിൽ ഒരാൾക്ക് ശാരീരികമായി വല്ലതും ബാധിച്ചാൽ അവനെ സംരക്ഷിക്കുന്ന മലക്കുകളോട് അല്ലാഹു കൽപിക്കുന്നതാണ്: ആരോഗ്യമുണ്ടായിരുന്ന സമയത്ത് സൽകർമങ്ങൾ ചെയ്തതുപോലെയുള്ള പ്രതിഫലം എല്ലാ ദിനരാത്രങ്ങളിലും എന്റെ അടിമക്ക് നിങ്ങൾ രേഖപ്പെടുത്തിക്കൊള്ളുക’’ (മുസ്‌നദ് അഹ്‌മദ്).

അഞ്ചുനേരം കൃത്യമായി ജമാഅത്ത് നമസ്‌കാരത്തിൽ പങ്കെടുക്കുന്ന ഒരു വ്യക്തി രോഗിയാവുകയും ആഗ്രഹമുണ്ടെങ്കിലും പള്ളിയിൽ പോകുവാൻ സാധിക്കാതിരിക്കുകയും ചെയ്താൽ ആ വിശ്വാസിക്ക് പതിവായുള്ള സൽകർമങ്ങൾക്ക് ലഭിക്കുന്ന അതേപ്രതിഫലംതന്നെ കാരുണ്യവാനായ അല്ലാഹു നൽകുന്നതാണെന്ന് ഈ നബിവചനങ്ങളിൽനിന്നും ഗ്രഹിക്കുവാൻ കഴിയുന്നു. സത്യവിശ്വാസിക്ക് രോഗാവസ്ഥയും പ്രതിഫലം ലഭിക്കപ്പെടുന്ന സുവർണാവസരമാണെന്നർഥം!

തനിക്ക് നഷ്ടപ്പെടുന്ന ജമാഅത്ത് നമസ്‌കാരങ്ങൾ ഓർത്ത് ദുഃഖിക്കുന്ന സത്യവിശ്വാസിക്ക് വലിയ പ്രതിഫലം ഉണ്ടായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിസ്സാര രോഗങ്ങളുടെ പേരിൽ അമലുകൾക്ക് മുടക്കം വരുത്തുന്നവരുടെ എണ്ണം കൂടുകയും കിട്ടിയ സമയങ്ങളിൽ സൽകർമനിരതരായി കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യുന്ന ഇക്കാലത്ത് മുകളിൽ സൂചിപ്പിക്കപ്പെട്ട നബിവചനങ്ങൾ വളരെ പ്രസക്തമാണ്. ഏത് രോഗമായാലും ക്ഷമിക്കാനും സഹിക്കാനും അല്ലാഹുവിനെ കുറിച്ചുള്ള സദ്‌വിചാരം നിലനിർത്താനും യഥാർഥ വിശ്വാസിക്ക് മാത്രമെ സാധിക്കുകയുള്ളൂ.

താങ്ങാൻ കഴിയാത്ത പരീക്ഷണങ്ങൾ വിശ്വാസിക്ക് പ്രതിഫലത്തിന്റെ പർവതങ്ങളാണ് സമ്മാനിക്കുന്നതെന്നും പരലോകത്ത് അവന്റെ പദവികൾ ഉയരാൻ രോഗങ്ങളും പ്രയാസങ്ങളും കാരണമാകുമെന്നും വിശ്വാസി മനസ്സിലാക്കുമ്പോൾ അവന്റെ മനസ്സ് അനുഭവിക്കുന്ന സന്തോഷം അനിർവചനീയമായിരിക്കും.

പരീക്ഷണങ്ങളിൽ ക്ഷമയവലംബിക്കുക

എത്ര വലിയ പരീക്ഷണത്തിൽ അകപ്പെട്ടാലും ഇസ്‌ലാം ഒരു മനുഷ്യനോട് പറയുന്നത്, മരണത്തിനു തിടക്കം കൂട്ടരുതെന്നാണ്. റസൂൽ  ﷺ  പറഞ്ഞു: “തനിക്ക് ബാധിച്ച വിഷമം നിമിത്തം നിങ്ങളിലാരും തന്നെ മരണത്തെ കൊതിക്കരുത്. അവന് വല്ലതും പ്രാർഥിക്കണമെന്നുണ്ടെങ്കിൽ അവൻ പറയേണ്ടത് ഇപ്രകാരമാണ്: അല്ലാഹുവേ, ജീവിതമാണ് എനിക്ക് നന്മയെങ്കിൽ എന്നെ നീ ജീവിപ്പിക്കേണമേ. മരണമാണ് എനിക്ക് നന്മയെങ്കിൽ എന്നെ നീ മരിപ്പിക്കുകയും ചെയ്യേണമേ’’ (ബുഖാരി).

വിഷമഘട്ടത്തിൽ ‘എന്നെ മരിപ്പിക്കേണമേ’ എന്ന് പ്രാർഥിക്കുവാൻ പാടില്ല. കാരണം, നമ്മെ പിടികൂടിയ ദുരിതം കുറച്ച് കഴിഞ്ഞാൽ നീങ്ങിക്കൂടായ്കയില്ല. നമുക്കറിയില്ലല്ലോ, എന്താണ് നമ്മുടെ ഭാവി എന്ന്. എത്രയോ രോഗികൾ മരണത്തിന്റെ വക്കിലെത്തിയ അവസ്ഥയിൽനിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്നതായി നമുക്കറിയാം. ഇനി രക്ഷയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ എത്രയോ രോഗികൾ രോഗം പൂർണമായും മാറി ജീവിതം നയിക്കുന്നുണ്ട്. അത്‌കൊണ്ട് ഇത്തരം ഘട്ടങ്ങളിൽ അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് മനസ്സറിഞ്ഞ് പ്രാർഥിക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. അല്ലാതെ മരിപ്പിക്കുവാൻ പ്രാർഥിക്കുകയല്ല. ഏതാണ് ഉത്തമമെന്ന് നന്നായി അറിയുന്നവൻ അല്ലാഹുവാണല്ലോ.

“...എന്നാൽ ഒരു കാര്യം നിങ്ങൾ വെറുക്കുകയും (യഥാർഥത്തിൽ) അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാർഥത്തിൽ) നിങ്ങൾക്കത് ദോഷകരമായിരിക്കുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല’’ (അൽബക്വറ: 216).

തൊട്ടടുത്ത നിമിഷംപോലും എന്താണ് നമുക്ക് സംഭവിക്കുക എന്ന് നമുക്കറിയില്ല. അതുകൊണ്ട് തന്നെ ഏത് വിഷമഘട്ടത്തിലും നാം മരണം കൊതിക്കാൻ പാടില്ല. അല്ലാഹുവിൽ നാം ഭരമേൽപിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇതിലൂടെ നബി(സ) നമ്മെ പഠിപ്പിക്കുന്നത്.

അല്ലാഹു പറയുന്നു: “നിങ്ങൾക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകൾ പ്രവർത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവൻ മാപ്പാക്കുകയും ചെയ്യുന്നു’’ (സൂറതുശ്ശൂറാ:30).

മനുഷ്യരുടെ തിന്മകൾ കാരണമായി അല്ലാഹു അവരെ ശിക്ഷിക്കുവാൻ തീരുമാനിക്കുകയാണെങ്കിൽ ഈ ഭൂമുഖത്ത് ആരും തന്നെ അവശേഷിക്കുകയില്ല. എന്നാൽ ദയാലുവും കാരുണ്യവാനുമായ അല്ലാഹു അത് ചെയ്യുന്നില്ല. ദൈവിക ശിക്ഷകളും പരീക്ഷണങ്ങളും മനുഷ്യന്റെ കരങ്ങൾ പ്രവർത്തിച്ചതിന്റെ അനന്തരഫലങ്ങളാണ് എന്നത് ഏതൊരു വ്യക്തിയെയും തന്റെ ഇന്നലകളിലെ വഴിവിട്ട ജീവിതത്തെ കുറിച്ചും അല്ലാഹുവിനെ മറന്ന് താന്തോന്നിയായി ഇവിടെ വിഹരിച്ചതിനെ കുറിച്ചും പുനർവിചിന്തനം നടത്തുവാനും ജീവിതം നന്നാക്കുവാനും സഹായമാകുന്നു.

തന്റെ റബ്ബ്, തന്റെ ദുഷ്‌ചെയ്തികൾ നിമിത്തം ഈ ലോകത്ത് വെച്ചും തന്നെ ശിക്ഷിക്കുമെന്ന് ഓരോ വ്യക്തിയും മനസ്സിലാക്കിയാൽ തിൻമകളിൽ നിന്നും മുക്തമാകുവാനും നൻമകളിൽ ജീവിതം കെട്ടിപ്പടുക്കുവാനും അവന് സാധിക്കും. ഇതാണ് സത്യവിശ്വാസിയുടെ സൽഗുണം. കാരണം, അവൻ വിനയാന്വിതനായി അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്നു. വിനയാന്വിതനായ ഒരു സത്യവിശ്വാസി ആത്മാർഥമായി പൊറുക്കലിനെ തേടുന്നവനായിരിക്കും.

ക്വുർആൻ പറയുന്നു: “അതിന് (അവിശ്വാസത്തിനു) ശേഷം പശ്ചാത്തപിക്കുകയും ജീവിതം നന്നാക്കിത്തീർക്കുകയും ചെയ്തവരൊഴികെ. അപ്പോൾ അല്ലാഹു ഏറെ പൊറുക്കുന്നവനും അത്യധികം കരുണ കാണിക്കുന്നവനുമാകുന്നു’’ (ആലുഇംറാൻ: 89).

(തുടരും)